This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐന്‍സ്റ്റൈന്‍, ആൽബർട്ട്‌ (1879 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:51, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐന്‍സ്റ്റൈന്‍, ആല്‍ബര്‍ട്ട്‌ (1879 - 1955)

Einstein, Albert

ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍

ആപേക്ഷികതാസിദ്ധാന്തത്തിന്റെ അവതരണത്തിലൂടെ ആഗോളപ്രസിദ്ധി നേടിയ ജര്‍മന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. നിലവിലിരുന്ന ശാസ്‌ത്രദര്‍ശനതത്ത്വങ്ങള്‍ക്ക്‌ സമഗ്രമായ മാറ്റം വരുത്താന്‍ കഴിഞ്ഞ ആപേക്ഷികതാസിദ്ധാന്തത്തിലൂടെയാണ്‌ ദ്രവ്യമാനവും ഉര്‍ജവും പരസ്‌പരം മാറ്റാമെന്ന തത്ത്വം ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്‌. ന്യൂട്ടോണിയന്‍ ഭൗതികശാസ്‌ത്രത്തിന്‌ പരിവര്‍ത്തനം വരുത്തിയത്‌ ഐന്‍സ്റ്റൈന്‍ ആണ്‌. ഇതോടെ സ്ഥലം, കാലം, ഗുരുത്വാകര്‍ഷണം എന്നിവയ്‌ക്ക്‌ നൂതനമായ വ്യാഖ്യാനം നിലവില്‍ വന്നു.

1879 മാ. 14-ന്‌ ഉല്‌മ്‌ (Ulm)എന്ന ജര്‍മന്‍ നഗരത്തിലെ ഒരു യഹൂദകുടുംബത്തില്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ ജനിച്ചു. അടുത്ത വര്‍ഷത്തില്‍ ഐന്‍സ്റ്റൈന്‍ കുടുംബം മ്യൂനിക്കിലേക്കു താമസം മാറ്റി. അവിടെ പിതാവ്‌ ഹെര്‍മന്‍ ഐന്‍സ്റ്റൈനും പിതൃസഹോദരന്‍ യാക്കോബ്‌ ഐന്‍സ്റ്റെനും ഒരു ഇലക്‌ട്രിക്കല്‍ വ്യവസായശാല ആരംഭിച്ചു. മ്യൂനിക്കില്‍ വളരെ അച്ചടക്കത്തോടെയുള്ള വിദ്യാഭ്യാസമാണ്‌ ആല്‍ബര്‍ട്ടിനു ലഭിച്ചിരുന്നത്‌. പട്ടാളച്ചിട്ടയില്‍ ആസൂത്രണം ചെയ്യപ്പെട്ട ജര്‍മന്‍ വിദ്യാഭ്യാസരീതിയില്‍ ഇദ്ദേഹത്തിന്‌ ഒട്ടുംതന്നെ ശോഭിക്കാന്‍ കഴിഞ്ഞില്ല. മാതാവിന്റെ ആഗ്രഹപ്രകാരം ആല്‍ബര്‍ട്ട്‌ സംഗീതം അഭ്യസിച്ചു. വിനോദത്തിനുവേണ്ടി പഠിച്ചതാണെങ്കിലും ഇദ്ദേഹം നല്ലൊരു വയലിനിസ്റ്റായിത്തീര്‍ന്നു. ഇദ്ദേഹത്തിന്‌ യാക്കോബിന്റെ പ്രരണകൊണ്ട്‌ ഗണിതശാസ്‌ത്രത്തിലും മറ്റൊരു പിതൃസഹോദരനായ കെയ്‌സര്‍ കോക്കിന്റെ സ്വാധീനതകൊണ്ട്‌ ശാസ്‌ത്രത്തിലും അഭിരുചി വളര്‍ന്നു. സ്‌കൂളിലെ പഠനത്തില്‍ ഒട്ടും തൃപ്‌തി തോന്നാത്തതിനാല്‍ ആല്‍ബര്‍ട്ട്‌ ബോള്‍ട്ട്‌സ്‌മാന്‍, മാക്‌സ്‌വെല്‍ തുടങ്ങിയ ശാസ്‌ത്രജ്ഞന്മാരുടെ പ്രബന്ധങ്ങള്‍ വായിക്കുന്നതിന്‌ മിക്കസമയവും ചെലവഴിച്ചു. 12-ാം വയസ്സില്‍ത്തന്നെ ആല്‍ബര്‍ട്ട്‌ ഈ ബൃഹത്തായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ ആരായാനുള്ള തൃക്ഷ്‌ണ പ്രകടിപ്പിച്ചു തുടങ്ങി. ഇതിന്റെ ഫലമെന്നോണം ചരിത്രം, ഭൂമിശാസ്‌ത്രം, ഭാഷകള്‍ എന്നീ വിഷയങ്ങളില്‍ തൃപ്‌തികരമായ നിലവാരം പുലര്‍ത്താന്‍ സാധിക്കാതെ വന്നു. മൂന്നു വര്‍ഷത്തിനുശേഷം ഡിപ്ലോമയെടുക്കാതെ തന്നെ സ്‌കൂള്‍വിട്ട്‌ മിലാനിലേക്കു പോയി. ഇതിനകം വ്യവസായത്തില്‍ നേരിട്ട അധഃപതനം കാരണം, കുടുംബം മിലാനിലേക്കു മാറിയിരുന്നു. ആല്‍ബര്‍ട്ട്‌ സൂറിച്ചിലെ പോളിടെക്‌നിക്‌ അക്കാദമിയില്‍ രണ്ടുവര്‍ഷം ഭൗതികശാസ്ര്‌ത വിദ്യാഭ്യാസം ചെയ്‌തു.

1900-ല്‍ ബിരുദം സമ്പാദിച്ചതിനുശേഷം ആല്‍ബര്‍ട്ട്‌ സ്വിസ്‌പൗരത്വം സ്വീകരിച്ചു. അവിടെ രണ്ടുമാസക്കാലം ഒരു ടെക്‌നിക്കല്‍ സ്‌കൂളില്‍ ഗണിതശാസ്‌ത്രാധ്യപകനായും പിന്നീട്‌ ബേണില്‍ ഒരു സ്വിസ്‌പേറ്റന്റ്‌ ആഫീസിലെ പരിശോധകനായും ജോലി നിര്‍വ ഹിച്ചു. 1903-ല്‍ ഇദ്ദേഹം മിലേവ മറിക്കിനെ വിവാഹം കഴിച്ചു.

1905-ല്‍ ഐന്‍സ്റ്റൈന്‍ ജര്‍മന്‍ ഭൗതിക ശാസ്‌ത്രമാസിക (Annalen der Physik) യില്‍ "എ ന്യൂ ഡിറ്റര്‍മിനേഷന്‍ ഒഫ്‌ മോളിക്കുലാര്‍ ഡൈമെന്‍ഷന്‍സ്‌' എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിന്‌ സൂറിച്ച്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഇദ്ദേഹത്തിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം ലഭിച്ചു. പ്രപഞ്ചത്തെക്കുറിച്ചുള്ള വീക്ഷണത്തിനു സമഗ്രമായ മാറ്റം വരുത്തിയ മറ്റു നാലു ലേഖനങ്ങള്‍കൂടി അതേവര്‍ഷം പ്രസിദ്ധീകൃതമായി. "ബ്രൗണിയന്‍ ചലന'ത്തിന്റെ തത്ത്വം, പ്രകാശം തരംഗചലന സ്വഭാവത്തോടൊപ്പം ഖണ്ഡങ്ങളായി(quantam) സഞ്ചരിക്കുന്നുവെന്ന ആശയം എന്നിവയാണ്‌ രണ്ടു പ്രബന്ധങ്ങളിലെ പ്രതിപാദ്യം. മൂന്നാമത്തേതായ "വിശിഷ്‌ടാപേക്ഷികതാസിദ്ധാന്ത'( Special Theory of Relativity) ത്തിന്റെ തത്ത്വങ്ങള്‍ പതിനാറാമത്തെ വയസ്സില്‍ എഴുതിയ ഒരു ലേഖനത്തില്‍ അന്തര്‍ലീനമായിരുന്നു. ഈ പ്രബന്ധത്തിന്റെ അനുബന്ധമായി തയ്യാറാക്കിയ നാലാമത്തെ പ്രബന്ധത്തിലാണ്‌ ദ്രവ്യമാന(mass)വും ഊര്‍ജ(energy)വും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പ്രസിദ്ധസമവാക്യം(E=mc2) ചേര്‍ത്തിരിക്കുന്നത്‌.

1909-ല്‍ ഐന്‍സ്റ്റൈന്‍ സൂറിച്ച്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രപ്രാഫസറായി; 1910-ല്‍ ചെക്ക്‌േസ്ലാവാക്കിയയിലെ പ്രാഗ്‌ സര്‍വകലാശാലയിലും. 1912-ല്‍ സൂറിച്ചിലേക്കു തിരിച്ചുപോയ ഇദ്ദേഹം സ്വിസ്‌ഫെഡറല്‍ പോളിടെക്‌നിക്കില്‍ പ്രാഫസറായി ചേര്‍ന്നു. അവിടെവച്ച്‌ പ്രസിദ്ധ ആസ്റ്റ്രിയന്‍ ശാസ്‌ത്രജ്ഞനായ മാക്‌സ്‌പ്ലാങ്കിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം കൈസര്‍ വില്‍ഹെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടര്‍ (1913), പ്രഷ്യന്‍ സയന്‍സ്‌ അക്കാദമി അംഗം (1914) എന്നീ ഔദേ്യാഗിക പദവികള്‍ സ്വീകരിക്കുകയും ചെയ്‌തു.

ഐന്‍സ്റ്റൈന്‌ രണ്ട്‌ ആണ്‍മക്കള്‍ (ഹന്‍സ്‌ ആല്‍ബര്‍ട്ട്‌, എഡ്വേഡ്‌) ഉണ്ട്‌. ഒന്നാം ലോകയുദ്ധകാലത്ത്‌ സ്വിറ്റ്‌സര്‍ലണ്ടില്‍ ആയിരുന്ന ഭാര്യയെ വിവാഹമോചനം ചെയ്‌തു. ബര്‍ലിനില്‍ കഴിഞ്ഞുകൂടിയ കാലത്ത്‌ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക്‌ സൗകര്യമുണ്ടായിരുന്നു. ഇക്കാലത്താണ്‌ "സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിന്റെ അടിത്തറ' (The Foundation of General Theory of Relativity, 1916) പ്രസിദ്ധീകരിക്കപ്പെട്ടത്‌. ന്യൂട്ടണ്‍ പറഞ്ഞതുപോലെയുള്ള ഒരു ബലമല്ല "ആകര്‍ഷണം' എന്നും അത്‌ "സ്ഥലകാലവിച്ഛിന്നത' (space-time continuum)യിലെ ഒരു വക്രമേഖല (curved field) ആണെന്നും ഐന്‍സ്റ്റൈന്‍ ഇതില്‍ അവകാശപ്പെട്ടു.

സമാധാനവാദിയായിരുന്ന ഐന്‍സ്റ്റൈന്‍ ഈ പ്രസ്ഥാനത്തിനുവേണ്ടി ഏറെ സേവനം അനുഷ്‌ഠിക്കുകയുണ്ടായി. ഇതില്‍ റൊമെയിന്‍ റോളണ്ടിന്റെ സ്വാധീനതയുമുണ്ടായിരുന്നു. 1919-ല്‍ ഐന്‍സ്റ്റൈന്‍ എലീസ എന്നൊരു ബന്ധുവിനെ വിവാഹം ചെയ്‌തു. സ്വസ്ഥമായ കുടുംബജീവിതം നയിച്ചിരുന്നെങ്കിലും ബഹുകാര്യവ്യാപൃതനായിരുന്നു. ഐന്‍സ്റ്റൈന്‍ ഭൗതിക ശാസ്‌ത്രത്തില്‍ "ബോള്‍ഷെവിസം' കലര്‍ത്തുന്നു എന്ന്‌ പലരും ഇദ്ദേഹത്തെ കുറ്റപ്പെടുത്തി. ഇദ്ദേഹം വയലിന്‍ തൂക്കിപ്പിടിച്ച്‌ മൂന്നാംക്ലാസ്‌ തീവണ്ടിയില്‍ യാത്രചെയ്‌ത്‌ പലസ്ഥലങ്ങളിലും ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തിയിരുന്നു. 1921-ല്‍ പലസ്‌തീന്‍ ഫൗണ്ടേഷന്‍ ഫണ്ടിനുവേണ്ടി യു. എസ്സില്‍ സഞ്ചരിക്കുകയുണ്ടായി. അടുത്ത മൂന്നുവര്‍ഷക്കാലം യൂറോപ്പിലും പൗരസ്‌ത്യദേശങ്ങളിലും സഞ്ചരിച്ചു. ഷാങ്‌ഹായില്‍(Shanghai)വച്ചാണ്‌ (1922), "ഫോട്ടോ ഇലക്‌ട്രിക്‌ നിയമം' കണ്ടെത്തിയതിന്‌ 1921-ലെ നോബല്‍ സമ്മാനം ലഭിച്ചവിവരം ഐന്‍സ്റ്റൈന്‍ കമ്പിസന്ദേശം വഴി മനസ്സിലാക്കിയത്‌. 1933-ല്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ചാന്‍സലറായി അധികാരത്തില്‍ വന്നതോടെ ഐന്‍സ്റ്റൈന്‍ ജര്‍മന്‍പൗരത്വം ഉപേക്ഷിച്ച്‌ യു.എസ്‌. പൗരത്വം സ്വീകരിക്കുകയും പ്രിന്‍സ്‌റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ സ്റ്റഡിസിലെ ഗണിതശാസ്‌ത്രവകുപ്പില്‍ ചേരുകയും ചെയ്‌തു. നാസിസൈന്യം ബര്‍ലിനു സമീപമുള്ള ഇദ്ദേഹത്തിന്റെ സുഖവാസഗൃഹം കൈയേറിയതോടെ അവര്‍ യുദ്ധത്തിനു തയ്യാറാവുകയാണെന്ന്‌ ഐന്‍സ്റ്റൈനു ബോധ്യമായി. സമാധാനവാദം ഉപേക്ഷിച്ച്‌ യൂറോപ്പാകെ ആത്മരക്ഷയ്‌ക്കുള്ള സൈന്യസന്നാഹം ഒരുക്കണമെന്നുവരെ ഐന്‍സ്റ്റൈന്‍ ആഹ്വാനം നല്‌കി.

യൂ. എസ്സില്‍ ഇദ്ദേഹം 20 വര്‍ഷത്തിലേറെക്കാലം കഴിഞ്ഞുകൂടി. ഒന്നര കിലോമീറ്ററോളം ദൂരെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്‌ കാല്‍നടയായിട്ടാണ്‌ പോയിരുന്നത്‌. അവിടെ ഇദ്ദേഹം "ഏകീകൃതമേഖലാസിദ്ധാന്ത' (Unified field theory) ത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്നു. വിനോദത്തിനുവേണ്ടി പോലും യാത്രചെയ്യാറില്ല; വയലിന്‍ വായന ഇദ്ദേഹത്തിന്‌ ഇഷ്‌ടപ്പെട്ട വിനോദമായിരുന്നു. 1939-ല്‍ ലിസെ മൈറ്റ്‌നര്‍ ജര്‍മനിയില്‍ അണുവിഘടനം നടത്തിയിരിക്കുന്ന വാര്‍ത്ത നീല്‍സ്‌ ബോറില്‍ നിന്ന്‌ ഐന്‍സ്റ്റൈന്‍ അറിഞ്ഞതോടെ, യു. എസ്സില്‍ അണുബോംബ്‌ നിര്‍മിക്കാനുള്ള ഗവേഷണം ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഐന്‍സ്റ്റൈന്‌ കൂടുതല്‍ ബോധ്യമായി. അന്നത്തെ യു. എസ്‌. പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിനെ ഇക്കാര്യം ബോധ്യപ്പെടുത്തിയതിന്റെ ഫലമാണ്‌ "മന്‍ഹാട്ടന്‍ പദ്ധതി' (Manhattan Project)..എന്നാല്‍ 1945-ല്‍ ഹിരോഷിമയിലെ അണുബോംബ്‌ പരീക്ഷണത്തിന്റെ വാര്‍ത്ത അറിഞ്ഞതോടെ ഈ ഗവേഷണത്തിലൊന്നും പങ്കെടുക്കാത്ത ഐന്‍സ്റ്റെന്‍ അതിന്റെ കെടുതികള്‍ ഒഴിവാക്കാനുള്ള സമാധാന മാര്‍ഗങ്ങള്‍ ആരായുവാന്‍ തുടങ്ങി. ലോകഗവണ്‍മെന്റ്‌ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇദ്ദേഹം ഉന്നയിച്ചു. എന്നാല്‍ രാജ്യതന്ത്രജ്ഞന്‍മാര്‍ ഇതിനു വിലകല്‌പിച്ചില്ല. 1945-ല്‍ പ്രിന്‍സ്റ്റണില്‍നിന്നു വിരമിച്ചെങ്കിലും മരണം വരെ അവിടെ ഗവേഷണം തുടര്‍ന്നു പോയി. ഭൗതികശാസ്‌ത്രത്തില്‍ സ്ഥായിയായിരുന്ന ഇദ്ദേഹം ഏകീകൃതമേഖലാസിദ്ധാന്തത്തിന്റെ നൂതനവ്യാഖ്യാനം 1950-ല്‍ അവതരിപ്പിച്ചു. പ്രായംകൂടിയതോടെ ഏകാന്തപഥികനായി ലോകത്തില്‍ ഒരപരിചിതനെപ്പോലെ ഐന്‍സ്റ്റൈന്‍ കഴിഞ്ഞുകൂടി. വയലിന്‍ വായിക്കാനോ ബോട്ടുസവാരി നടത്താനോ കഴിയാതെയായി. ആമാശയത്തില്‍ സ്ഥിരമായി വേദനവന്നതോടെ പുകവലി തീരെ ഉപേക്ഷിക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്‌തു. 1955 ഏ. 18-ന്‌ പ്രിന്‍സ്റ്റണ്‍ ആസ്‌പത്രിയില്‍ ഐന്‍സ്റ്റൈന്‍ നിര്യാതനായി. പത്തുവാല്യങ്ങളിലുള്ള "ദ്‌ കളക്‌റ്റഡ്‌ പേപ്പേഴ്‌സ്‌ ഒഫ്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍' പില്‌ക്കാലത്ത്‌ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ (1987-2006) പ്രസിദ്ധീകരിച്ചു. 1999-ല്‍ ടൈംമാഗസിന്‍ ഐന്‍സ്റ്റൈനെ "പെഴ്‌സണ്‍ ഒഫ്‌ ദ്‌ സെഞ്ച്വറി' ആയി തിരഞ്ഞെടുത്തു.

ഐന്‍സ്റ്റൈന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന സ്റ്റാമ്പുകള്‍ അമേരിക്ക, റഷ്യ, ഇസ്രയേല്‍ മുതലായ രാജ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌. നോ. ആപേക്ഷികതാസിദ്ധാന്തം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍