This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐക്യരാഷ്ട്ര സംഘടന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഐക്യരാഷ്ട്ര സംഘടന
United Nations Organisation
ലോകരാഷ്ട്രങ്ങളുടെ സഹകരണവും സമാധാനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രസംഘടനയാണ് ഐക്യരാഷ്ട്ര സംഘടന അഥവാ യുണൈറ്റഡ് നേഷന്‍സ് ഓര്ഗനൈസേഷന്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്ന മധ്യസ്ഥനായും പ്രാന്തവത്കരിക്കപ്പെട്ട ജനങ്ങളുടെയും അവികസിത സമൂഹങ്ങളുടെയും സാമ്പത്തിക- സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സ്ഥാപനമായും ആധുനിക ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന ഒരു സംഘടനയാണ് ഐക്യരാഷ്ട്ര സഭ.
ചരിത്രം
അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനും സാമ്പത്തിക-സാമൂഹിക വികസനത്തിനായി അന്താരാഷ്ട്ര സഹകരണം സാധ്യമാക്കാനുമുള്ള പതിറ്റാണ്ടുകള്‍ നീണ്ട ശ്രമങ്ങളുടെ പരിണത ഫലമാണ് 1945-ല്‍ സ്ഥാപിതമായ ഐക്യരാഷ്ട്ര സഭ. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ആഗോളതലത്തില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകത 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. 1865-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്, 1874-ല്‍ സ്ഥാപിതമായ യൂണിവേര്‍സല്‍ പോസ്റ്റല്‍ യൂണിയന് എന്നീ സ്ഥാപനങ്ങള്‍ ഈ അവബോധത്തിന്റെ ഫലമായി ഉണ്ടായതാണ്. 1899-ല്‍ ഹേഗില്‍ നടന്ന അന്തര്‍ദേശീയ സമാധാന സമ്മേളനത്തില്‍ അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള രീതികളും, യുദ്ധനിയമങ്ങള്‍ ചിട്ടപ്പെടുത്തുന്നതും യുദ്ധങ്ങള്‍ ഒഴിവാക്കുന്നതും മുഖ്യ ചര്‍ച്ചാവിഷയങ്ങളായിരുന്നു. ഇതിനെത്തുടര്‍ന്ന് അന്തര്‍ദേശീയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ആര്ബിട്രഷന് 1904-ല്‍ സ്ഥാപിച്ചു. എന്നാല്‍ ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംവിധാനങ്ങളുടെ പരിമിതികള്‍ പ്രകടമായിത്തീര്‍ന്നു. രാഷ്ട്രാന്തര സഹകരണം പ്രത്യേക മേഖലകളില്‍ ഒതുങ്ങി നില്ക്കേണ്ടതല്ലെന്നും സഹകരണത്തിന്റെയും ആശയവിനിമയത്തിന്റെയും ആഗോളവേദി ഇല്ലെങ്കില്‍ ലോകത്തിന്റെ നിലനില്പുതന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവ് ലോകമെമ്പാടും ഉണ്ടായി. തത്ഫലമായി 1919-ല്‍ രൂപം കൊണ്ട ലീഗ് ഒഫ് നേഷന്‍സ് ഐക്യരാഷ്ട്ര സഭയുടെ പൂര്‍വരൂപമായിരുന്നു. വെര്‍സെയില്‍സ് ഉടമ്പടിപ്രകാരം രൂപംകൊണ്ട ലീഗ് ഒഫ് നേഷന്‍സിന്റെ ലക്ഷ്യം അന്തര്‍ദേശീയ സഹകരണം, ലോകസമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധം ഒഴിവാക്കുന്നതില്‍ ലീഗ് ഒഫ് നേഷന്‍സ് പരാജയപ്പെടുകയാണുണ്ടായത്. എങ്കിലും ലീഗ് ഒഫ് നേഷന്‍സിന്റെ മാതൃകയില്‍ കൂടുതല്‍ ഫലപ്രദമായ ഒരു സംഘടന ആവശ്യമാണ് എന്ന അഭിപ്രായമാണ് അന്താരാഷ്ട്ര തലങ്ങളില്‍ ഉണ്ടായത്. അങ്ങനെയാണ് ഐക്യരാഷ്ട്ര സഭ എന്ന സംഘടന രൂപീകൃതമായത്.
ജര്‍മനി, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കെതിരെ ഒത്തുചേര്ന്നുപോരാടിയ സഖ്യരാജ്യങ്ങളെ സൂചിപ്പിക്കാനാണ് ഐക്യരാഷ്ട്രങ്ങള്‍ എന്ന പദം ആദ്യം ഉപയോഗിച്ചിരുന്നത്. 1941 ആഗസ്റ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന് ഡി റൂസ്വെല്‍റ്റും ഒപ്പിട്ട അത്ലാന്തിക് ചാര്‍ട്ടറില്‍ ആഗോള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു പുതിയ സമിതി രൂപീകരിക്കും എന്ന സഖ്യരാഷ്ട്രങ്ങളുടെ തീരുമാനം രേഖപ്പെടുത്തുകയുണ്ടായി. 1942 ജനു. 1-ന് 26 സഖ്യരാഷ്ട്രങ്ങള്‍ ചേര്‍ന്നു പ്രസിദ്ധീകരിച്ച യുദ്ധലക്ഷ്യങ്ങളുടെ വിശദീകരണത്തെ ഐക്യരാഷ്ട്രങ്ങളുടെ പ്രഖ്യാപനം എന്നാണ് വിശേഷിപ്പിച്ചത്. റൂസ്വെല്‍റ്റ് ഉപയോഗിച്ച ഐക്യരാഷ്ട്രങ്ങള്‍ എന്ന ഈ പേരാണ് പിന്നീടുണ്ടായ അന്താരാഷ്ട്ര സംഘടനയ്ക്ക് ലഭിച്ചത്. യു.എസ്.എ., യു.എസ്.എസ്.ആര്., യു.കെ എന്നീ രാഷ്ട്രങ്ങളാണ് ഐക്യരാഷ്ട്ര സഭ രൂപീകരിക്കാന്‍ മുന്‍കൈ എടുത്തതും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും. ഇവര്‍ തമ്മിലുള്ള പല അഭിപ്രായഭിന്നതകളൂം ആദ്യകാലഘട്ടത്തില്‍ ഐക്യരാഷ്ട്ര സഭാ രൂപീകരണത്തെ ബാധിച്ചു. മുന്‍ യു.എസ്.എസ്.ആറിലെ ഭാഗമായ രാജ്യങ്ങള്‍ക്ക് അംഗത്വം വേണമെന്ന ആവശ്യവും, ബ്രിട്ടിഷ് കോളനികളെ ഐക്യരാഷ്ട്ര സഭാനിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ബ്രിട്ടന്റെ ആവശ്യവും തര്‍ക്കങ്ങള്‍ക്കു കാരണമായി. വീറ്റോ അധികാരം ആര്ക്കൊക്കെയായിരിക്കണം എന്നതും തര്‍ക്കവിഷയമായിരുന്നു. 1944 ആഗ. 21 മുതല്‍ ഒ. 7 വരെ വാഷിങ്ടണ്‍ ഡി.സിയില്‍ ഡംബാര്‍ടണ്‍ ഓക്സ് എന്ന സ്ഥലത്തുനടന്ന സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ രൂപഘടനയ്ക്കും പ്രവര്ത്തനപദ്ധതികള്ക്കും പ്രാഥമികരൂപം നല്കാന് നയതന്ത്ര പ്രതിനിധികള്‍ക്കു കഴിഞ്ഞു. മൂന്നു വന്ശക്തികളെക്കൂടാതെ ചൈനയും ഇതില്‍ പങ്കെടുത്തു. അംഗത്വത്തെക്കുറിച്ചും വീറ്റോ അധികാരത്തെക്കുറിച്ചും തര്‍ക്കങ്ങള്‍ അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. 1945 ഫെബ്രുവരിയില്‍ നടന്ന യാള്ടാ സമ്മേളനത്തില്‍ റൂസ്വെല്‍റ്റും ചര്‍ച്ചിലും സ്റ്റാലിനും ഒത്തുചേര്‍ന്ന് ആദ്യ രൂപരേഖയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ഏതൊക്കെ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്ക് അംഗത്വം നല്‍കാം എന്നതില്‍ ധാരണ ഉണ്ടാക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ 1945 ഏ. 25-ന് നടന്ന യുണൈറ്റെഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ഓണ്‍ ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് (UNCIO)എന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിന്റെ (പ്രമാണ രേഖ) അന്തിമ രൂപം തയ്യാറാക്കപ്പെട്ടു. ഈ സമ്മേളനത്തില്‍ പങ്കെടുത്ത 50 രാജ്യങ്ങളാണ് സ്ഥാപകാംഗങ്ങള്. സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും സ്ഥാപകാംഗമായി പോളണ്ടിനെ പിന്നീടു ചേര്‍ത്തു. ജൂണ്‍ 25-ാം തീയതി ഐകകണ്ഠ്യേന അംഗീകരിച്ച് അംഗരാഷ്ട്ര പ്രതിനിധികള്‍ ഒപ്പുവെച്ച ചാര്‍ട്ടര്‍ 1945 ഒ. 24-ന് വിളംബരം ചെയ്തതോടെയാണ് ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നത്. ഈ ദിവസമാണ് ഐക്യരാഷ്ട്ര സംഘടനാ ദിനമായി ആചരിക്കുന്നത്.
ലക്ഷ്യവും അംഗത്വവും
ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം അതിന്റെ ചാര്‍ട്ടറാണ്. ഫീല്‍ഡ് മാര്‍ഷല്‍ സ്മട്സ് (1870-1950) എഴുതിയ ആമുഖവും രണ്ടു വകുപ്പുകളുമടങ്ങുന്ന ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എന്ന ഒന്നാമധ്യായം ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ചാര്‍ട്ടറിലെ ഒന്നും രണ്ടും വകുപ്പുകള്‍ സംഘടനയുടെ ലക്ഷ്യങ്ങളും അടിസ്ഥാന പ്രമാണങ്ങളും വ്യക്തമാക്കുന്നു. ഒന്നാം വകുപ്പു പ്രകാരം ഐക്യരാഷ്ട സഭയുടെ ലക്ഷ്യങ്ങള്‍ ഇവയാണ്;
1. അന്തര്‍ദേശീയ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയും അതിലേക്കായി ഒത്തുചേര്‍ന്നുള്ള നടപടികളിലൂടെ സമാധാനത്തിനുള്ള ഭീഷണികള്‍ അകറ്റുകയും ചെയ്യുക. ആക്രമണങ്ങളും സമാധാന ലംഘനങ്ങളും അമര്‍ച്ച ചെയ്യുക; അന്താരാഷ്ട്ര തര്‍ക്കങ്ങളും അസമാധാനത്തിലേക്കു നയിക്കാവുന്ന സ്ഥിതിഗതികളും സമാധാനപരമായ രീതികളിലൂടെയും അന്തര്‍ദേശീയ നിയമങ്ങള്‍ക്കും നീതിന്യായ തത്ത്വങ്ങള്ക്കനുസൃതമായും പരിഹരിക്കുക.
2. തുല്യാവകാശങ്ങള്‍, സ്വയം തീരുമാനമെടുക്കാനുള്ള ജനങ്ങളുടെ അവകാശം എന്നീ തത്ത്വങ്ങളിലധിഷ്ഠിതമായി രാഷ്ട്രങ്ങള്‍ തമ്മില്‍ സൗഹാര്‍ദപരമായ ബന്ധങ്ങള്‍ വളര്‍ത്തുക; ലോകസമാധാനം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള മറ്റു നടപടികള്‍ സ്വീകരിക്കുക.
3. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, മാനവിക പ്രശ്നങ്ങളുടെ പരിഹരണം, മനുഷ്യാവകാശങ്ങളോടുള്ള അനുകൂല മനോഭാവം വളര്‍ത്തുക, വംശം, ലിംഗം, ഭാഷ, മതം എന്നിവയ്ക്കുപരിയായി ഏവര്‍ക്കും അടിസ്ഥാന സ്വാതന്ത്യ്രം ഉറപ്പാക്കുക എന്നീ രംഗങ്ങളില്‍ അന്തര്‍ദേശീയ സഹകരണം ഉറപ്പാക്കുക.
4. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ലോകരാഷ്ട്രങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുന്നതിനുള്ള സ്ഥാപനമായിരിക്കുക.
ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ എട്ട് നിര്‍ദേശക തത്ത്വങ്ങള്ക്കനുസരിച്ചായിരിക്കും എന്ന് ചാര്‍ട്ടറിന്റെ രണ്ടാം വകുപ്പു വ്യക്തമാക്കുന്നു. ഈ നിര്‍ദേശകതത്ത്വങ്ങള്‍ (principles)ഇവയാണ്.
1. ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യമായ പരമാധികാരം ഉണ്ട്.
2. അംഗത്വം വഴി ലഭ്യമാകുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്താനായി എല്ലാ അംഗരാഷ്ട്രങ്ങളും ചാര്‍ട്ടര്‍ അനുശാസിക്കുന്ന കടമകള്‍ സദുദ്ദേശ്യത്തോടെ നിര്‍വഹിക്കുന്നതാണ്.
3. അന്തര്‍ദേശീയ സമാധാനം, സുരക്ഷ, നീതി എന്നിവയ്ക്കു ഭംഗം വരാത്ത രീതിയില്‍ തങ്ങളുടെ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ എല്ലാ അംഗരാഷ്ട്രങ്ങളും സമാധാനപരമായി പരിഹരിക്കുന്നതാണ്.
4. തങ്ങളൂടെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഭൂപ്രദേശപരമാധികാരം, രാഷ്ട്രീയസ്വാതന്ത്യ്രം എന്നിവയെ ധ്വംസിക്കുന്ന ഭീഷണിയും ബലപ്രയോഗവും, ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ഓരോ അംഗരാഷ്ട്രവും ഒഴിവാക്കുന്നതാണ്.
5. അംഗരാഷ്ട്രങ്ങളെല്ലാം ഈ ചാര്‍ട്ടര്‍ പ്രകാരം ഐക്യരാഷ്ട്ര സഭയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതാണ്; ഐക്യരാഷ്ട്ര സഭയുടെ നിരോധനത്തിനോ ബലപ്രയോഗത്തിനോ വിധേയമാകുന്ന രാഷ്ട്രങ്ങള്‍ക്ക് അംഗരാഷ്ട്രങ്ങള്‍ സഹായം ചെയ്യുന്നതല്ല.
6. ലോകസമാധാനവും സുരക്ഷയും സംരക്ഷിക്കാനായി, ഐക്യരാഷ്ട്ര സഭയുടെ അംഗങ്ങളല്ലാത്ത രാജ്യങ്ങളും ഈ തത്ത്വങ്ങളനുസരിച്ചു പെരുമാറുന്നു എന്ന് അംഗരാഷ്ട്രങ്ങള്‍ ഉറപ്പുവരുത്തുന്നതാണ്.
7. ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനോ, അത്തരം കാര്യങ്ങള്‍ക്ക് ഈ ചാര്‍ട്ടര്‍ പ്രകാരം പരിഹാരം കണ്ടെത്താനോ ഈ ചാര്‍ട്ടറില്‍ പറഞ്ഞിരിക്കുന്ന ഒന്നും തന്നെ അംഗരാഷ്ട്രങ്ങള്‍ക്ക് അധികാരം നല്‍കുന്നില്ല; അതേസമയം ചാര്‍ട്ടറില്‍ പറഞ്ഞിരിക്കുന്ന ബലപ്രയോഗ നടപടികള്‍ക്ക് മേല്‍പ്പറഞ്ഞത് വിഘാതവുമല്ല.
ഐക്യരാഷ്ട്ര സഭ എന്നത് ഒരു ആഗോള ഭരണകൂടമല്ല മറിച്ച്, ആഗോള സഹകരണത്തിന്റെ വേദിയും പ്രശ്നപരിഹരണത്തിനുള്ള ഒരു സംവിധാനവും ആണെന്ന് ഇവയില്‍ നിന്നു വ്യക്തമാകുന്നുണ്ട്. ബലപ്രയോഗം ആവശ്യമായ സന്ദര്‍ഭങ്ങളിലൊഴികെ, രാജ്യങ്ങളുടെ പരമാധികാരത്തിലും ആഭ്യന്തരകാര്യങ്ങളിലും ഐക്യരാഷ്ട്ര സഭ ഒരുവിധത്തിലും ഇടപെടുന്നില്ല. ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയ്ക്ക് 192 അംഗങ്ങളാണുള്ളത്. അതായത് വത്തിക്കാന്‍ ഒഴികെയുള്ള ലോകരാഷ്ട്രങ്ങളെല്ലാം സഭയില്‍ അംഗങ്ങളാണ്. അംഗമാകാനുള്ള അപേക്ഷ സുരക്ഷാ സമിതി ശിപാര്‍ശചെയ്യുകയും ജനറല്അസംബ്ലി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ചെയ്താല്‍ ഒരു രാജ്യത്തിന്് ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം ലഭിക്കും. ഒരു അംഗരാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗമോ ഉപരോധനടപടിയോ സ്വീകരിച്ചിട്ടുണ്ടെങ്കിലോ, സംഘടനയുടെ തത്ത്വങ്ങള്‍ സ്ഥിരമായി ലംഘിക്കുകയോ ചെയ്താല്‍, രക്ഷാസമിതിയുടെ ശിപാര്‍ശ അനുസരിച്ച് ആ രാജ്യത്തിന്റെ അംഗത്വം നിര്‍ത്തലാക്കാന്‍ ജനറല്‍ അസംബ്ലിക്ക് അവകാശമുണ്ട്. പലസ്തീന് നിരീക്ഷകരാഷ്ട്രപദവി നല്‍കിക്കൊണ്ടുള്ള പ്രമേയം 2012-ല്‍ പൊതുസഭ അംഗീകരിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസംഘടനയിലെ 192 അംഗരാഷ്ട്രങ്ങള്‍
രാഷ്ട്രം അംഗത്വം ലഭിച്ച തീയതി 1. അംഗോള (Angola) 1976 ഡി. 1 2. അന്‍ഡോറ(Andorra) 1993 ജൂല. 28 3. അഫ്ഗാനിസ്താന് (Afghsnistan) 1946 ന. 19 4. അമേരിക്കന്‍ ഐക്യനാടുകള്‍ (United states of America) 1945 ഒ. 24 5. അയര്‍ലണ്ട് (Ireland) 1955 ഡി. 14 6. അല്‍ജീരിയ (Algeria) 1962 ഒ. 8 7. അല്‍ബേനിയ(Albania) 1955 ഡി. 14 8. അസര്‍ബയ്ജാന്‍ (Azerbaijan) 1992 മാ. 2 9. ആന്റിഗ്വ & ബാര്‍ബുഡ (Antigua & Barbuda) 1981 ന. 11 10. അര്‍ജന്റീന (Argentina) 1945 ഒ. 24 11. അര്‍മീനിയ (Armenia) 1992 മാ. 2 12. ആസ്ട്രിയ(Austria) 1955 ഡി. 14 13. ആസ്റ്റ്രലിയ(Australia) 1945 ഡി. 14 14. ഇക്വറ്റോറിയല്‍ ഗിനി (Equatorieal Guinea) 1968 ന. 12 15. എത്യോപ്യ (Ethiopia) 1945 ന. 13 16. ഇന്തോനേഷ്യ (Indonesia) 1950 സെപ്. 28 17. ഇന്ത്യ (India) 1945 ഒ. 30 18. ഇസ്രയേല്‍ (Israel) 1949 മേയ് 11 19. ഇറ്റലി(Italy) 1955 ഡി. 14 20. ഇറാഖ് (Iraq) 1945 ഡി. 21 21. ഇറാന് (Iran Islamic Republic of) 1945 ഒ. 24 22. ഈജിപ്ത് (Egypt) 1945ഒ. 24 23. ഉക്രയ്ന് (Ukraine) 1945 ഒ. 24 24. ഉഗാണ്ട (Uganda) 1962 ഒ. 25 25. ഉത്തര കൊറിയ (Korea) (Democratic People's Republic of) 1991 സെപ്.17 26. ഉസ്ബെകിസ്താന്‍ (Uzbekistan) 1992 മാ. 2 27. എക്വഡോര്‍ (Ecuador) 1945 ഡി. 21 28. എല്‍ സാല്‍വഡോര്‍ (El Salvador) 1945 ഒ. 24 29. എസ്റ്റോണിയ (Estonia) 1991 സെപ്. 17 30. എറിത്രിയ (Eritrea) 1993 മേയ് 28 31. ഐവറികോസ്റ്റ് (Cote d'Ivoire/Ivory coast) 1960 സെപ്. 20 32. ഐസ്ലന്ഡ് (Iceland) 1946 ന. 19 33. ഒമാന്‍ (Oman) 1971 ഒ. 7 34. കംബോഡിയ Cambodia) 1955 ന. 1 35. കസാഖ്സ്താന് (Kazakhstan) 1992 മാ. 2 36. കാനഡ (Canada) 1945 ന. 9 37. കാമറൂണ്‍ (Cameroon) 1960 സെപ്. 20 38. കിരിബാസ് (Kiribati) 1999 സെപ്. 14 39. കിഴക്കന്‍ തിമോര്‍ (Timor-Leste) 2002 സെപ്. 27 40. കിര്ഗിസ്താന് (Kyrgyzstan) 1992 മാ. 2 41. കുവൈറ്റ് (Kuwait) 1963 മേയ് 14 42. കെനിയ(Kenya) 1963 ഡി. 16 43. കേപ് വെര്‍ദ് (Cape Verde) 1975 സെപ്. 16 44. കൊമറൂസ് (Comoros) 1975 നെ. 12 45. കൊളംബിയ (Colombia) 1945 ന. 5 46. കോങ്ഗോ ജനാധിപത്യ റിപ്പബ്ലിക് (Democratic Republic of the Congo )1960 സെപ്. 20 47. കോങ്ഗോ റിപ്പബ്ലിക് (Republic of the Congo) 1960 സെപ്. 20 48. കോസ്റ്റ റീക്ക (Costa Rica) 1945 ന. 2 49. ക്യൂബ (Cuba) 1945 ഒ. 24 50. ക്രായേഷ്യ(Croatia) 1992 മേയ് 22 51. ഖത്തര്‍(Qatar) 1971 സെപ്. 21 52. ഗയാന (Guyana) 1966 സെപ്. 20 53. ഗാംബിയ (Gambia) 1965 സെപ്. 21 54. ഗാബോണ്‍ (Gabon) 1960 സെപ്. 20 55. ഗിനി(Guinea) 1958 ഡി. 12 56. ഗിനി ബിസാവു(Guinea-Bissau) 1974 സെപ്. 17 57. ഗ്വാട്ടിമാല (Guatemala) 1945 ന. 21 58. ഗ്രനഡ(Grenada) 1974 സെപ്. 17 59. ഗ്രീസ് (Greece) 1945 ഒ. 25 60. ഘാന (Ghana) 1957 മാ. 8 61. ചാഡ് (Chad) 1960 സെപ്. 20 62. ചിലി(Chile) 1945 ഒ. 24 63. ചെക്ക് റിപ്പബ്ലിക്ക് (Czech Republic) 1993 ജനു. 19 64. ചൈന (China) 1945 ഒ. 24 65. ജപ്പാന് (Japan) 1956 ഡി. 18 66. ജര്‍മനി (Germany) 1973 സെപ്. 18 67. ജമൈക്ക (Jamaica) 1962 സെപ്. 18 68. ജിബൂട്ടി (Djibouti) 1977 സെപ്. 20 69. ജോര്‍ജിയ (Georgia) 1992 ജൂല. 31 70. ജോര്‍ദാന്‍ (Jordan) 1955 ഡി. 14 71. ടാന്‍സാനിയ (United Republic of Tanzania) 1961 ഡി. 14 72. ടുണീഷ്യ(Tunisia) 1956 ന. 12 73. ടോങ്ഗ (Tonga 1999 സെപ്. 14 74. ടോഗോ (Togo) 1960 സെപ്. 20 75. ട്രിനിഡാഡ് & ടൊബാഗോ (Trinidad and Tobago) 1962 സെപ്. 18 76. ഡെന്മാര്ക്ക് (Denmark) 1945 ഒ. 24 77. ഡൊമിനിക്ക (Dominica) 1978 ഡി. 18 78. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് (Dominican Republic) 1945 ഒ. 24 79. താജിക്കിസ്താന്‍ (Tajikistan) 1992 മാ. 2 80. തായ്ലന്ഡ് (Tailand) 1946 ഡി. 16 81. തുവാലു(Tuvalu) 2000 സെപ്. 5 82. തുര്‍ക്കി (Turkey) 1945 ഒ. 24 83. തുര്ക്മെനിസ്താന് (Turkmenistan) 1992 മാ. 2 84. ദക്ഷിണ കൊറിയ (Korea, Republic of) 1991 സെപ്. 17 85. ദക്ഷിണാഫ്രിക്ക(South Africa) 1945 ന. 7 86. നമീബിയ(Namibia) 1990 ഏ. 23 87. നിക്കരാഗ്വ(Nicaragua) 1945 ഒ. 24 88. ന്യൂസിലന്‍ഡ് (New Zealand) 1945 ഒ. 24 89. നെതര്‍ലന്‍ഡ്സ് (Netherlands) 1945 ഡെി. 10 90. നേപ്പാള്‍ (Nepal) 1955 ഡി. 14 91. നൈജീരിയ(Nigeria) 1960 ഒ. 7 92. നൈജര്‍ (Niger) 1960 സെപ്. 20 93. നോര്‍വെ(Norway) 1945 ന. 27 94. നൗറു (Nauru) 1999 സെപ്. 14 95. പലാവു (Palau) 1994 ഡി. 15 96. പാകിസ്താന് (Pakistan) 1947 സെപ്. 30 97. പനാമ (Panama) 1945 ന. 13 98. പാപ്പുവ ന്യൂഗിനി(Papua New Guinea) 1975 ഒ. 10 99. പരാഗ്വായ് (Paraguay) 1945 ഒ. 24 100. പെറു(Peru) 1945 ഒ. 13 101. പോളണ്ട് (Poland) 1945 ഒ. 24 102. പോര്‍ച്ചുഗല്‍ (Portugal) 1955 ഡി. 14 103. ഫിജി(Fiji) 1970 ഒ. 13 104. ഫിന്‍ലന്‍ഡ് (Finland) 1955 ഡി. 14 105. ഫിലിപ്പീന്‍സ് (Philippines) 1974 ഒ. 24 106. ഫ്രാന്‍സ് (France) 1945 ഒ. 24 107. ബാംഗ്ലദേശ് (Bangladesh) 1974 സെപ്. 17 108. ബഹാമാസ് (Bahamas) 1973 സെപ്. 18 109. ബഹ്റൈന്‍ (Bahrain) 1971 സെപ്. 21 110. ബള്‍ഗേറിയ (Bulgaria) 1955 ഡി. 14 111. ബര്‍ക്കിന ഫാസോ (Burkina Faso) 1960 സെപ്. 20 112. ബാര്‍ബഡോസ് (Barbados) 1966 ഡെി. 9 113. ബുറണ്‍ഡി(Burundi) 1962 സെപ്. 18 114. ബെനിന്‍ (Benin) 1960 സെപ്. 20 115. ബെലാറസ് (Belarus) 1945 ഒ. 24 116. ബെലീസ് (Belize) 1981 സെപ്. 25 117. ബെല്‍ജിയം(Belgium) 1945 ഡി. 27 118. ബൊളീവിയ(Bolivia) 1945 ന. 14 119. ബോട്സ്വാന(Botswana) 1966 ഒ. 17 120. ബോസ്നിയ & ഹെര്‍സഗോവിന (Bosnia and Herzegovina) 1992 മേയ് 22 121. ബ്രസീല്‍ (Brazil) 1945 ഒ. 24 122. ബ്രൂണൈ (Brunei Darussalam) 1984 സെപ്. 21 123. ഭൂട്ടാന് (Bhutan) 1971 സെപ്. 21 124. മംഗോളിയ(Mangolia) 1961 ഒ. 27 125. മഡഗാസ്കര്‍ (Madagascar) 1960 സെപ്. 20 126. മധ്യാഫ്രിക്കന്‍ റിപ്പബ്ലിക് (Central African Republic) 1960 സെപ്.20 127. മലാവി (Malawi) 1964 ഡി. 1 128. മലേഷ്യ(Malaysia) 1957 സെപ്. 17 129. മാലദ്വീപുകള്‍ (Maldives) 1965 സെപ്. 21 130. മാലി (Mali) 1960 സെപ്. 28 131. മാസിഡോണിയ (The Former Yugoslav Republic of Macedonia) 1993 ഏ. 8 132. മാള്‍ട്ട (Malta) 1964 ഡി. 1 133. മാര്‍ഷല്‍ ദ്വീപുകള്‍ (Marshall Islands) 1991 സെപ്. 17 134. മെക്സിക്കോ (Mexico) 1945 ന. 7 135. മൈക്രാനീഷ്യ (Federated States of Micronesia) 1991 സെപ്. 17 136. മൊണാക്കോ(Monaco) 1993 മേയ് 28 137. മൊസാംബിക്ക് (Mozambique) 1975 സെപ്. 16 138. മൊറോക്കോ(Morocco) 1956 ന. 12 139. മോണ്ടിനെഗ്രാ (Montenegro) 2006 ജൂണ്‍. 28 140. മോള്‍ഡോവ(Moldova) 1992 മാ. 2 141. മൗറിറ്റാനിയ(Mauritania) 1961 ഒ. 27 142. മൗറിഷ്യസ് (Mauritius) 1968 ഏെ. 24 143. മ്യാന്മര് (Myanmar) 1948 ഏ. 19 144. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (United Arab Emirates) 1971 ഡെി. 9 145. യുണൈറ്റഡ് കിങ്ഡം (ബ്രിട്ടന്) (United Kingdom of Great Britain and Northern Ireland) 1945 ഒ. 24 146. യുറഗ്വായ് (Uruguay) 1945 ഡി. 18 147. യെമെന്‍ (Yemen) 1947 സെപ്. 30 148. ലക്സംബെര്‍ഗ് (Luxembourg) 1945 ഒ. 24 149. ലാത്വിയ(Latvia) 1991 സെപ്. 17 150. ലാവോസ് (Lao People's Democratic Republic) 1955 ഡി. 14 151. ലിക്റ്റെന്‍സ്റ്റൈന്‍ (Liechtenstein) 1990 സെപ്. 18 152. ലിത്വാനിയ(Lithuania) 1991 സെപ്. 17 153. ലിബിയ (Libyan Arab Jamahiriya) 1955 ഡി. 14 154. ലെബനന് (Lebanon) 945 ഒ. 24 155. ലെസൂത്തു (Lesotho) 1966 ഒ. 17 156. ലൈബീരിയ (Liberia) 1945 ന. 2 157. വനുവാതു(Vanuatu) 1981 സെപ്. 15 158. വിയറ്റ്നാം (VietNam) 1977 സെപ്. 20 159. വെനസ്വേല (Bolivarian Republic of Venezuela) 15 ന. 1945 160. ശ്രീലങ്ക(Srilanka) 1955 ഡി. 14 161. സമോവ (Samoa) 1976 ഡി. 15 162. സാംബിയ(Zambia) 1964 ഡി. 1 163. സാന്‍ മാരിനോ (San Marino) 1992 മാ. 2 164. സാവോ ടോം & പ്രിന്‍സിപ്പി (Sao Tome and Principe) 1975 സെപ്. 16 165. സിങ്കപ്പൂര്‍ (Singapore) 1965 സെപ്. 21 166. സിംബാബ്വേ (Zimbabwe) 1980 ആഗ. 25 167. സിയറ (Sierra Leone) 1961 സെപ്. 27 168. സിറിയ (Syrian Arab Republic) 1945 ഒ. 24 169. സുഡാന് (Sudan) 1956 ന. 12 170. സുരിനാം(Suriname) 1975 ഡി. 4 171. സെനിഗല്‍(Senegal) 1960 സെപ്. 28 172. സെന്റ് കിറ്റ്സ് നീവിസ്(Saint Kitts And Nevis) 1983 സെപ്. 23 173. സെന്റ് ലൂസിയ (St. Lucia) 1979 സെപ്. 18 174. സെന്റ് വിന്‍സന്റ് ഗ്രനഡൈന്‍സ് (St. Vincent and Grenadines) 1980 സെപ്. 16 175. സെയ്ഷെല്‍സ് (Seychelles) 1976 സെപ്. 21 176. സെര്‍ബിയ(Serbia) 2000 ന. 1 177. സൈപ്രസ് (Cyprus) 1060 സെപ്. 20 178. സോമാലിയ (Somalia) 1960 സെപ്. 20 179. സോളമന് ദ്വീപുക(Solomon Islands) 1978 സെപ്. 19 180. സൗദി അറേബ്യ (Saudi Arabia) 1945 ഒ. 24 181. സ്പെയിന് (Spain) 1955 ഡി. 14 182. സ്വാസിലന്‍ഡ് (Swaziland) 1968 സെപ്. 24 183. സ്വിറ്റ്സര്‍ലണ്ട് (Switzerland) 2002 സെപ്. 10 184. സ്വീഡന് (Sweden) 1946 ന. 19 185. സ്ലൊവാക്യ (Slovakia) 1993 ജനു. 19 186. സ്ലൊവീനിയ (Slovenia) 1992 മേയ് 22 187. ഹംഗറി(Hungary) 1955 ഡി. 14 188. ഹയ്തി (Haiti) 1945 ഒ. 24 189. ഹോണ്‍ഡൂറസ് (Honduras) 1945 ഡെി. 17 190. റഷ്യ(Russian Federation) 1945 ഒ. 24 191. റുവാന്‍ഡ(Rwanda) 1962 സെപ്. 18 192. റൊമാനിയ (Romania) 1955 ഡി. 14
മുഖ്യ ഭരണനിര്‍വഹണ ഘടകങ്ങള്‍
ഐക്യരാഷ്ട സഭയ്ക്ക് ആറ് ഭരണ നിര്‍വഹണ ഘടകങ്ങളാണുള്ളത്. ജനറല്‍ അസംബ്ലി, സെക്യൂരിറ്റി കൗണ്‍സില്‍, ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍, ട്രസ്റ്റിഷിപ് കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസ്, സെക്രട്ടേറിയറ്റ് എന്നിവ. ഇതില്‍ ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ 1994 മുതല്‍ പ്രവര്‍ത്തനരഹിതമായി.
ജനറല്‍ അസംബ്ലി
ഐക്യരാഷ്ട്ര സഭയില്‍ നടക്കുന്ന രാഷ്ട്രാന്തര ആശയ വിനിമയത്തിന്റെ മുഖ്യവേദിയാണ് ജനറല്‍ അസംബ്ലി. നയരൂപീകരണവും അന്തര്‍ദേശീയ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളൂം കൂടിയാലോചനകളും നടക്കുന്നത് ഇവിടെയാണ്. അന്തര്‍ദേശീയ നിയമങ്ങള്‍ നിര്‍മിക്കുന്നതിലും ജനറല്‍ അസംബ്ലിക്ക് സുപ്രധാന പങ്ക് ഉണ്ട്. ഐക്യരാഷ്ട്ര സഭയുടെ ബഡ്ജറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നതും സെക്യൂരിറ്റി കൗണ്‍സിലിലെ താത്കാലിക അംഗങ്ങളെ നിയമിക്കുന്നതും ജനറല്‍ അസംബ്ലിയാണ്. മറ്റ് അംഗ സ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ജനറല്‍ അസംബ്ലിയിലെത്തുന്നു. ഐക്യരാഷ്ട്ര സഭയുടെ രാഷ്ട്രീയകാര്യ മുഖം ജനറല്‍ അസംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലും ചേര്‍ന്നതാണ്. എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഘടകമാണിത്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ എല്ലാ വര്‍ഷവും ജനറല്‍ അസംബ്ലിയുടെ സ്ഥിരം സെഷന് ഉണ്ടായിരിക്കും. ഇതിനു ശേഷം ജനറല്‍ അസംബ്ലി ആവശ്യാനുസരണം സമ്മേളിക്കുന്നു. എല്ലാ അംഗ രാഷ്ട്രങ്ങളും ജനറല്‍ അസ്സംബ്ലിയിലെ അംഗങ്ങളാണ്. 192 അംഗങ്ങളാണ് ഇപ്പോഴുള്ളത്. വോട്ടെടുപ്പിലൂടെയാണ് ജനറല്‍ അസംബ്ലി തീരുമാനങ്ങള്‍ എടുക്കുന്നത്. ഓരോ അംഗത്തിനും ഓരോ വോട്ട് ഉണ്ട്. സമാധാനം, സുരക്ഷ, ഐക്യരാഷ്ട്രസഭയുടെ ബജറ്റ് തുടങ്ങിയ പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്ന് ചാര്‍ട്ടര്‍ അനുശാസിക്കുന്നു. മറ്റു വിഷയങ്ങളില്‍ സാധാരണ ഭൂരിപക്ഷം മതിയാകും. ജനറല്‍ അസ്സംബ്ലി തന്നെ അതിന്റെ നിയമങ്ങളും ചട്ടങ്ങളും ക്രാഡീകരിച്ചിട്ടുണ്ട്. ഒരോ സെഷന്റെയും പ്രസിഡന്റിനെ പ്രത്യേകമായി തിരഞ്ഞെടുക്കുന്നു. ഒരു അംഗരാജ്യത്തിന് ഒരു വോട്ട് മാത്രം ഉള്ളതിനാല്‍ വികസ്വര രാജ്യങ്ങള്‍ക്ക് ജനറല്‍ അസംബ്ലിയില്‍ ഏറെ സ്വാധീനമുണ്ട്. ഒരോ സമ്മേളനത്തിന്റെയും അജണ്ട മാസങ്ങള്‍ക്കു മുമ്പു തന്നെ ആസൂത്രണം ചെയ്തിരിക്കും. സമ്മേളനം തുടങ്ങുന്നതിന് 60 ദിവസം മുമ്പ് ഇതില്‍ നിന്നു തിരഞ്ഞെടുത്ത ഒരു താത്കാലിക അജന്‍ഡ തയ്യാറാക്കപ്പെടുന്നു.
സമ്മേളനാരംഭത്തോടനുബന്ധിച്ചു നടക്കുന്ന പ്ലീനറി യോഗത്തിലാണ് അജണ്ട അവസാനമായി നിശ്ചയിക്കപ്പെടുന്നത്. വിവിധ വിഷയങ്ങള്‍ക്കായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റികള്‍ക്ക് സമര്‍പ്പിക്കുന്ന അജണ്ടാ ഇനങ്ങള്‍ അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ സഹിതം അസംബ്ലിയില്‍ തിരിച്ചെത്തുന്നു. ഐകകണ്ഠ്യേനയോ വോട്ടെടുപ്പിനെ ആസ്പദമാക്കിയോ ഇവയില്‍ ജനറല്‍ അസംബ്ലി തീരുമാനമെടുക്കുന്നു. സമീപകാലത്ത്, വോട്ടെടുപ്പ് ഒഴിവാക്കി മിക്ക വിഷയങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടാക്കുന്ന സമീപനമാണ് ജനറല്‍ അസംബ്ലി സ്വീകരിച്ചുപോരുന്നത്. അസംബ്ലി പ്രസിഡന്റ് വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷം തീരുമാനം ഏകകണ്ഠമായി പാസ്സാക്കുന്നു. അസംബ്ലിയുടെ തീരുമാനങ്ങള്‍ നിയമാനുശാസനകള്‍ പോലെ അംഗരാഷ്ട്രങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കാന് സാധ്യമല്ല. ഒരു പ്രത്യേക വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായം എന്ന നിലയില്‍ അവയ്ക്ക് രാഷ്ട്രീയ നയതന്ത്ര വൃത്തങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയും. ആവശ്യമെങ്കില്‍ നിര്‍ബന്ധ നടപടി സ്വീകരിക്കാനായി ഒരു വിഷയം സെക്യൂരിറ്റി കൗണ്സിലിലേക്കയയ്ക്കാം. സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നത കാരണം ഏതെങ്കിലും പ്രശ്നത്തില്‍ അനുയോജ്യമായ നടപടി എടുക്കാന്‍ സെക്യൂരിറ്റി കൗണ്‍സിലിനു കഴിയാത്ത അവസ്ഥ സംജാതമായാല്‍ പ്രത്യേക സമ്മേളനം വിളിച്ച് ആവശ്യമായ നടപടി തീരുമാനം എടുക്കാനുള്ള അധികാരം ജനറല്‍ അസംബ്ലിക്കുണ്ട്. ബജറ്റ് പോലുള്ള ചില വിഷയങ്ങളില്‍ മാത്രം ജനറല്‍ അസംബ്ലിയുടെ തീരുമാനം അന്തിമമാണ്. ജനറല്‍ അസംബ്ലിയുടെ പ്രവര്‍ത്തനത്തെ സഹായിക്കാനായി ചില അനുബന്ധ സംവിധാനങ്ങള്‍ നിലവിലുണ്ട്... 30 കമ്മിറ്റികള്‍, ഏഴു കമ്മിഷനുകള്‍, ആറ് ബോര്‍ഡുകള്‍, അഞ്ച് കൗണ്‍സിലുകളും പാനലുകളും. കമ്മിറ്റികളില്‍ ആറ് എണ്ണം പ്രത്യേക പദവിയുള്ള പ്രധാന കമ്മിറ്റികളാണ്; നിരായുധീകരണത്തിനും അന്താരാഷ്ട്ര സുരക്ഷയ്ക്കുമുള്ള കമ്മിറ്റി, സാമ്പത്തിക കമ്മിറ്റി, സാമൂഹിക-സാംസ്കാരിക മാനവീയതാകമ്മിറ്റി, പ്രത്യേക രാഷ്ട്രീയകാര്യ ഡീകോളണൈസേഷന്‍ കമ്മിറ്റി, ഭരണ ബജറ്റ് കമ്മിറ്റി, നിയമകാര്യ കമ്മിറ്റി എന്നിവ.
സെക്യൂരിറ്റി കൗണ്‍സില്‍
അന്തര്‍ദേശീയ സമാധാനവും സുരക്ഷയും പാലിക്കുക എന്ന ഐക്യരാഷ്ട്ര സഭയുടെ മുഖ്യ ലക്ഷ്യം സാധിതമാക്കാനായി പ്രവര്‍ത്തിക്കുന്ന ഘടകമാണ് സെക്യൂരിറ്റി കൗണ്‍സില്‍ അഥവാ രക്ഷാസമിതി. ഐക്യരാഷ്ട്രസഭാ ചാര്‍ട്ടര്‍ പ്രകാരം സമാധാന സേനയെ നിയോഗിക്കുക, ഉപരോധ നടപടികള്‍ സ്വീകരിക്കുക, സൈനിക നടപടി തീരുമാനിക്കുക എന്നിങ്ങനെയുള്ള സുപ്രധാനമായ ഉത്തരവാദിത്തങ്ങള്‍ സുരക്ഷാസമിതിയില്‍ നിക്ഷിപ്തമാണ്. ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ അഞ്ചാം അധ്യായത്തില്‍ സുരക്ഷാസമിതിയുടെ ഘടനയും ധര്മങ്ങളൂം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സുരക്ഷാസമിതി നിശ്ചിതമായ ഒരു സ്ഥലത്തല്ല സമ്മേളിക്കുന്നത്. ലണ്ടനില്‍ 1946-ല്‍ നടന്ന ആദ്യ സമ്മേളനത്തിനു ശേഷം പല നഗരങ്ങളില്‍ മാറിമാറി സമ്മേളിച്ചുവരുന്നു. 15 അംഗങ്ങളാണ് സുരക്ഷാ സമിതിയിലുള്ളത്. ഇതില്‍ വീറ്റോ അവകാശമുള്ള അഞ്ച് സ്ഥിരാംഗങ്ങളും, രണ്ടു വര്‍ഷ കാലവധിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന 10 താത്കാലികാംഗങ്ങളുമുണ്ട്. ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ., യു.എസ്.എ എന്നിവയാണ് സ്ഥിരാംഗങ്ങള്‍. സുരക്ഷാസമിതി എപ്പോള്‍ വേണമെങ്കിലും യോഗം ചേരാം എന്നതുകൊണ്ട് സ്ഥിരാംഗങ്ങള്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് എല്ലായ്പോഴും ഉണ്ടായിരിക്കണം എന്ന് നിബന്ധനയുണ്ട്. സുരക്ഷാപ്രശ്നങ്ങളില്‍ പെട്ടെന്നു നടപടിയെടുക്കാന്വേണ്ടിയാണ് ഇത്.
താത്കാലികാംഗങ്ങളെ ജനറല്‍ അസംബ്ലിയാണ് തിരഞ്ഞെടുക്കുന്നത്. ഇതിനായി ജനറല്‍ അസംബ്ലിയില്‍ ചില പ്രാദേശിക രാഷ്ട്രമേഖലകള് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ തിരഞ്ഞെടുക്കുന്ന അംഗങ്ങളെ ജനറല്‍ അസംബ്ലി അംഗീകരിക്കുന്നു. ലാറ്റിന്‍ അമേരിക്ക കരീബിയന്‍, കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യയും അറബ് രാഷ്ട്രങ്ങളും, പശ്ചിമ യൂറോപ്പും മറ്റും രാഷ്ട്രങ്ങളും തുടങ്ങിയവയാണ് പ്രാദേശിക രാഷ്ട്രമേഖലകള്. ആഫ്രിക്കന്‍ മേഖലയില്‍ നിന്നു മൂന്നും, കിഴക്കന്‍ യൂറോപ്യന്‍ മേഖലയില്‍ നിന്ന് ഒന്നും മറ്റു മേഖലകളില്‍ നിന്നു രണ്ടും അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. 2010 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയും സുരക്ഷാ സമിതി അംഗമായിരുന്നു. ഹര്‍ദീപ് സിങ് പുരിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. സുരക്ഷാസമിതി പ്രസിഡന്റ് അംഗങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ മാസം തോറും മാറിക്കൊണ്ടിരിക്കും. സുരക്ഷാസമിതി അംഗമല്ലാത്ത രാജ്യങ്ങളെയും, ആ രാജ്യത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളുടെ ചര്‍ച്ച നടക്കുമ്പോള്‍ സുരക്ഷാസമിതിയിലേക്കു ക്ഷണിക്കാറുണ്ട്. 15 അംഗങ്ങളുള്ള സുരക്ഷാസമിതി ഒരു തീരുമാനമെടുക്കാന്‍ 9 അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണ്. അതേസമയം സ്ഥിരാംഗങ്ങള്‍ക്ക് ഏതു തീരുമാനം വേണമെങ്കിലും വീറ്റോ ചെയ്യാം.
സുരക്ഷാസമിതിക്ക് പലതരത്തിലുള്ള നടപടികള്‍ സ്വീകരിക്കാം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിശോധിച്ച്, ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി പ്രശ്നം വളരും എന്ന അവസ്ഥയില്‍ സംഘര്‍ഷ നിവാരണത്തിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന തീരുമാനം കൈക്കൊള്ളും. ഇത്തരം തീരുമാനങ്ങള്‍ അംഗങ്ങളുടെമേല്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്പിക്കാന് കഴിയുകയില്ല. എന്നാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള തിരുമാനം അംഗരാഷ്ട്രങ്ങള്‍ അനുസരിക്കേണ്ടതാണ്. സാമ്പത്തിക ഉപരോധ നടപടികളെക്കുറിച്ച് ഐക്യരാഷ്ട്ര സഭാ ചാര്‍ട്ടറിന്റെ ഏഴാം അധ്യായത്തില്‍ വിശദീകരിച്ചിരിക്കുന്നു. സമാധാനത്തകര്ച്ചയോ സായുധാക്രമണമോ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സൈനിക നടപടി ആരംഭിക്കാനുള്ള തീരുമാനവും സുരക്ഷാസമിതിക്കു കൈക്കൊള്ളാം. 1950-ല്‍ കൊറിയയിലും 1991-ല്‍ ഇറാക്കിലും കുവൈറ്റിലും, 2011-ല്‍ ലിബിയയിലും ഇത്തരം സൈനിക നടപടി നടത്തിയിട്ടുണ്ട്.
എക്കണോമിക്സ് ആന്റ് സോഷ്യല്‍ കൗണ്‍സില്‍
അന്തര്‍ദേശീയമായ സാമ്പത്തിക സാമൂഹികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഈ മേഖലകളിലെ നയരൂപീകരണത്തിനുമുള്ള വേദിയാണ് എക്കോസോക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സാമ്പത്തിക സമൂഹിക സമിതി. ഐക്യരാഷ്ട്ര സഭയുടെ 14 സവിശേഷ സമിതികളുടെ പ്രവര്‍ത്തനത്തിന്റെ ഏകോപനം, പ്രത്യേക ആവശ്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള കമ്മിഷനുകള്‍, പ്രാദേശിക കമ്മിഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനം എന്നിവയൊക്കെ എക്കോസോക്കിന്റെ പരിധിയില്‍ വരുന്നു. 54 അംഗങ്ങളാണ് എക്കോസോക്കിലുള്ളത്. എല്ലാ വര്‍ഷവും ജൂലായ് മാസത്തില്‍ ആണ് എക്കോസോക്കിന്റെ മുഖ്യ സമ്മേളനം നടക്കുന്നത്. ഇത് നാല് ആഴ്ചകള്‍ നീണ്ടു നില്ക്കും. ഐക്യരാഷ്ട്ര സഭാ കോണ്‍ഫറന്‍സ് കെട്ടിടത്തിലെ എക്കോസോക് ആസ്ഥാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ മേല്‍ത്തട്ടിന്റെ പണി പൂര്‍ണമായിട്ടില്ല എന്ന പ്രതീതി ജനിപ്പിക്കത്തക്ക വിധത്തില്‍ കുഴലുകളും മറ്റും മൂടാതെ നിലനിര്‍ത്തിയിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനം ഒരിക്കലും അവസാനിക്കുന്നില്ല എന്നും ലോകജനതയുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ടായിരിക്കും എന്നും ഏവരെയും ഓര്‍മപ്പെടുത്തുന്നതാണ് ഈ വാസ്തു ശില്പരീതി എന്നുകരുതപ്പെടുന്നു. മൂന്നുവര്‍ഷം കൂടുമ്പോള്‍ ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ എക്കോസോക്കിലെ 54 അംഗങ്ങളില്‍ ഒരു വിഭാഗം മാറിക്കൊണ്ടിരിക്കുന്നു. 54 അംഗരാഷ്ട്രങ്ങളില്‍ 14 എണ്ണം ആഫ്രിക്കന്‍ രാജ്യങ്ങളും, 11 എണ്ണം ഏഷ്യന്‍ രാഷ്ട്രങ്ങളും ആറു എണ്ണം കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളൂം 10 എണ്ണം ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ രാഷ്ട്രങ്ങളും 13 എണ്ണം പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളുമാണ്. എക്കോസോക്കിന്റെ ഏകോപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭാ സവിശേഷ സ്ഥാപനങ്ങള്‍ ആധുനിക ലോകത്തെ സാമൂഹിക- സാമ്പത്തിക വികാസത്തെ ഏറെ സ്വാധീനിച്ചവയാണ്. യുണെസ്കൊ, ലോകബാങ്ക്, ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്ഗനൈസേഷന്, അന്തര്‍ദേശീയ നാണ്യനിധി എന്നിങ്ങനെയുള്ള സവിശേഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ലോകമെമ്പാടും അറിയപ്പെടുന്നതാണ്. എന്നാല്‍ ഇവ കൂടാതെ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല സവിശേഷ സ്ഥാപനങ്ങളും ഐക്യരാഷ്ട്ര സഭ രൂപീകരിച്ചിട്ടുണ്ട്. 14 സവിശേഷ സ്ഥാപനങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള സാമൂഹിക വികസന കമ്മിഷന് പോലുള്ളവയും പ്രത്യേക പ്രദേശങ്ങള്‍ക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള ആഫ്രിക്കന്‍ സാമ്പത്തിക വികസന കമ്മിഷന് പോലുള്ളവയും പ്രവര്‍ത്തിച്ചു വരുന്നു.
ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍
1945-ല്‍ രൂപീകൃതമായ ട്രസ്റ്റിഷിപ്പ് കൗണ്‍സിലിന്റെ ലക്ഷ്യം ട്രസ്റ്റ് പ്രദേശങ്ങളുടെ ഭരണവും നിയമാനുസൃതമായ പരിപാലനവും ലക്ഷ്യമാക്കിയുള്ള നടപടികളാണ്. രണ്ടാം ലോകയുദ്ധത്തില്‍ തോല്പിക്കപ്പെട്ട ചില രാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റെടുത്ത പ്രദേശങ്ങളും ലീഗ് ഒഫ് നേഷന്‍സിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളും ട്രസ്റ്റ് ടെറിട്ടറികള്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഇത്തരം പ്രദേശങ്ങളില്‍ നിവസിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലും അന്തര്‍ദേശീയ സുരക്ഷയുടെയും സമാധാനത്തിന്റെയും തത്ത്വങ്ങള്‍ അനുസരിച്ചുമുള്ള ഭരണ നിര്‍വഹണം നടക്കുന്നു എന്നുറപ്പുവരുത്തുകയാണ് ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസമുന്നേറ്റത്തെയും സ്വയം ഭരണത്തിലേക്കോ സ്വാതന്ത്യ്രത്തിലേക്കോ ഉള്ള അവരുടെ പ്രയാണത്തെയും പ്രാത്സാഹിപ്പിക്കുക, വര്‍ണ ലിംഗ ഭാഷാ മത വിവേചനമെന്യേ യു.എന്നിലെ എല്ലാ അംഗങ്ങളോടും അവയിലെ ജനതകളോടും ഒരേ പെരുമാറ്റം ഉറപ്പു വരുത്തുക എന്നിവയാണ് ട്രസ്റ്റിഷിപ്പ് സംവിധാനത്തിലെ മൗലിക തത്ത്വങ്ങള്‍. ട്രസ്റ്റ് രാജ്യങ്ങളില്‍ നിരീക്ഷക സമിതികളെ അയക്കുക, പരാതികള്‍ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുക, ട്രസ്റ്റ് ഭരണാധികാരികള്‍ സമര്‍പ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുക, ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെല്ലാം ശിപാര്‍ശകള്‍ നല്‍കുക തുടങ്ങിയവയെല്ലാം ട്രസ്റ്റിഷിപ്പ് കൗണ്‍സിലിന്റെ ചുമതലയില്‍പെടുന്നു. ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ രൂപീകൃതമായതിനെത്തുടര്‍ന്ന് 11 പ്രദേശങ്ങളാണ് ട്രസ്റ്റ് ടെറിട്ടറികളായി പ്രഖ്യാപിക്കപ്പെട്ടത്. ഇവയില്‍ ഏഴും ആഫ്രിക്കയിലായിരുന്നു. ഇത്തരം പ്രദേശങ്ങളൊന്നും ഇന്നു നിലവിലില്ല. സമീപസ്ഥമായ സ്വതന്ത്ര രാജ്യങ്ങളില്‍ ലയിക്കുകയോ സ്വതന്ത്ര രാജ്യങ്ങളായി മാറുകയോ ചെയ്തിരിക്കയാണ് അവയെല്ലാം. ഏറ്റവും ഒടുവില്‍ നിലനിന്നിരുന്ന ട്രസ്റ്റ് ടെറിട്ടറിയായ പലാവു 1994-ല്‍ സ്വതന്ത്രരാജ്യമായി. ഇതോടെ ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ പ്രവര്‍ത്തനരഹിതമായി.
സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളോടൊപ്പം ട്രസ്റ്റ് പ്രദേശങ്ങള്‍ ഭരിക്കുന്ന അംഗങ്ങളും മറ്റ് അംഗങ്ങളും തുല്യ എണ്ണത്തിലും ഉള്ള ഒരു സമിതിയായിട്ടാണ് ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ യു.എന്‍. ചാര്‍ട്ടറില്‍ വിഭാവന ചെയ്തിരിക്കുന്നത്. ജനറല്‍ അസംബ്ലിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. മൂന്നു വര്‍ഷത്തെ കാലയളവിലാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ട്രസ്റ്റ് ടെറിട്ടറികള്‍ കുറഞ്ഞതോടെ ഭരണ നിര്‍വഹണ ചുമതലയുള്ള അംഗങ്ങളും കുറയുകയും സുരക്ഷാസമിതി അംഗങ്ങള്‍ മാത്രം ഉള്ളതായി മാറുകയും ചെയ്തു. ട്രസ്റ്റിഷിപ്പ് മേഖലകള്‍ക്കു പുറത്തുള്ള കോളനികളുടെ ഭരണകാര്യങ്ങള്‍ ട്രസ്റ്റിഷിപ്പ് കൗണ്‍സിലിനെ ഏല്പിച്ചിരുന്നില്ല. വര്‍ഷത്തില്‍ ഒരു തവണ സമ്മേളിച്ചിരുന്ന കൗണ്‍സില്‍ പിന്നീട് ആവശ്യാനുസരണം സമ്മേളിക്കുക എന്ന രീതി നടപ്പിലാക്കി. ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ 1994-ല്‍ പ്രവര്ത്തനരഹിതമായതില്പ്പിന്നെ അതിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ചുമതലകള്‍ പരിഷ്കരിച്ച് ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ തുടര്‍ന്നുകൊണ്ടു പോകണമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, മുന്‍ സെക്രട്ടറി ജനറലായ കോഫി അന്നന് ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുന്നു.
ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസ്
അംഗരാഷ്ട്രങ്ങള്‍ സമര്‍പ്പിക്കുന്ന പ്രശ്നങ്ങള്‍ അന്തര്‍ദേശീയ നിയമവും ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യപ്രമാണങ്ങള്‍ക്കും അനുസൃതമായി പരിശോധിച്ച് തീര്‍പ്പു കല്പിക്കുന്ന സംവിധാനമാണ് ലോകനീതിന്യായ കോടതി അഥവാ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസ്. ജനറല്‍ അസ്സംബ്ലിയോ മറ്റ് യു.എന്‍. ഏജന്‍സികളോ സമര്‍പ്പിക്കുന്ന പ്രശ്നങ്ങളില്‍ നിയമോപദേശം നല്‍കുന്നതും ഇതിന്റെ ചുമതലയില്‍പ്പെടുന്നു. നെതര്‍ലന്‍ഡിലെ ഹേഗിലാണ് അന്താരാഷ്ട്ര കോടതിയുടെ ആസ്ഥാനം. ലീഗ് ഒഫ് നേഷന്‍സ് സ്ഥാപിച്ച പെര്മനെന്റ് കോര്‍ട്ട് ഒഫ് ജസ്റ്റിസിന്റെ തുടര്‍ച്ചയാണ് അന്താരാഷ്ട്ര കോടതി. ഐക്യരാഷ്ട്ര സഭാ ചാര്‍ട്ടര്‍ പ്രകാരം 1945-ലാണ് നിലവില്‍ വന്നത്. നിക്കരാഗ്വയും അമേരിക്കന്‍ ഐക്യനാടുകളും തമ്മില്‍ ഉണ്ടായ നിയമവ്യവഹാരത്തില്‍, അമേരിക്ക നിക്കരാഗ്വയ്ക്കെതിരെ നടത്തിയ ഒളിയുദ്ധം അന്തര്‍ദേശീയ നിയമത്തിന്റെ ലംഘനമാണെന്ന് 1986-ല്‍ കോടതി വിധിച്ചു. അന്താരാഷ്ട്ര കോടതിയുടെ തീരുമാനങ്ങള്‍ എല്ലാം അംഗീകരിക്കുക എന്ന രീതി യു.എസ്.എ. ഉപേക്ഷിക്കുകയും തീരുമാനങ്ങള്‍ ഓരോന്നിനോടും പ്രത്യേകമായി പ്രതികരിക്കുക എന്ന രീതി ആരംഭിക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടര്‍ പ്രകാരം അന്താരാഷ്ട്ര കോടതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സുരക്ഷാസമിതിക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് സ്ഥിരാംഗങ്ങളുടെ വീറ്റോയ്ക്കു വിധേയമാണ്.
ഒന്‍പതുവര്‍ഷ കാലയളവിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന 15 ന്യായാധിപരാണ് അന്താരാഷ്ട്ര കോടതിയിലുള്ളത്. അംഗരാഷ്ട്രങ്ങള്‍ നല്കുന്ന നാമനിര്‍ദേശങ്ങളില്‍ നിന്ന്, ജനറല്‍ അസംബ്ലിയിലും സുരക്ഷാസമിതിയിലും നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് ന്യായാധിപര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മൂന്നിലൊന്നു ന്യായാധിപന്മാരുടെ കാലാവധി തീരുകയും തിരഞ്ഞെടുപ്പു നടക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം. ഒരു രാജ്യത്തുനിന്ന് ഒരു ന്യായാധിപനേ ഒരു സമയം നീതിന്യായകോടതിയില്‍ ഉണ്ടായിരിക്കുകയുള്ളൂ. ന്യായാധിപരെ രണ്ടുതവണ വീണ്ടും തിരഞ്ഞെടുക്കാം. സേവനത്തിലുള്ള ഒരു ന്യായാധിപന്റെ ദേഹവിയോഗം ഉണ്ടായാല്‍, അതേ രാജ്യത്തുനിന്നുള്ള മറ്റൊരു ന്യായാധിപനെ തിരഞ്ഞെടുക്കുന്ന കീഴ്വഴക്കം ഉണ്ട്. ഇന്ത്യയില്‍ നിന്നുള്ള ജസ്റ്റിസ് വി.എസ്. മളീമഠ് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടയാളാണ്.
തര്‍ക്കപ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര കോടതിയുടെ വിധി സ്വീകരിച്ചുകൊള്ളാം എന്ന നിബന്ധന അംഗീ കരിച്ചുകൊണ്ട് കോടതിക്കു മുന്നില്‍ സമര്‍പ്പിക്കുന്ന പ്രശ്നങ്ങളില്‍ മാത്രമേ ആജ്ഞാസ്വഭാവമുള്ള തീരുമാനം കൈക്കൊള്ളാന്‍ കോടതിക്ക് കഴിയുകയുള്ളൂ. രാഷ്ട്രങ്ങള്‍ക്കു മാത്രമേ പ്രശ്നങ്ങളുമായി കോടതിയെ സമീപിക്കാന്‍ കഴിയൂ. വ്യക്തികളുടെയോ സംഘടനകളുടെയോ പരാതികള്‍ സ്വീകരിക്കുന്നതല്ല. അതേസമയം അവരില്‍ നിന്ന് വിവരം സ്വീകരിക്കാം. പല അന്താരാഷ്ട്ര ഉടമ്പടികളിലും തര്‍ക്ക പ്രശ്നങ്ങള്‍ അന്താരാഷ്ട്ര കോടതിയുടെ തീരുമാനത്തിനു വിടുന്നതാണ് എന്ന വ്യവസ്ഥ ഉണ്ടായിരിക്കും. ഇത്തരം പ്രശ്നങ്ങളില്‍ അന്താരാഷ്ട്ര കോടതിക്ക് തീരുമാനം എടുക്കാമെങ്കിലും ആജ്ഞാസ്വഭാവമുള്ള ഇടപെടല്‍ എന്നത് പൊതുവേ ഫലപ്രദമാകാറില്ല.
സെക്രട്ടേറിയറ്റ്
ഐക്യരാഷ്ട്ര സഭയുടെ ഭരണ നിര്‍വാഹക വിഭാഗമാണ് സെക്രട്ടേറിയേറ്റ് എന്നു പറയാം. സെക്രട്ടറി ജനറലും വിവിധതലങ്ങളിലെ ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയേറ്റ്. സുരക്ഷാസമിതിയുടെ ശിപാര്‍ശയനുസരിച്ച് ജനറല്‍ അസംബ്ലിയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ മുഖ്യഭരണനിര്വഹണോദ്യോഗസ്ഥനായിട്ടാണ് സെക്രട്ടറിജനറലിനെ സഭയുടെ ചാര്‍ട്ടര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സെക്രട്ടറി ജനറല്‍ ഭരണോദ്യോഗസ്ഥന് എന്നതിലുപരി അന്താരാഷ്ട്ര തര്‍ക്കങ്ങളിലെ മുഖ്യ മധ്യസ്ഥനും ലോകത്തിന്റെ തന്നെ നയതന്ത്രപ്രതിനിധിയുമാണ്. ജനറല്‍ അസംബ്ലിയുടെയും രക്ഷാസമിതിയുടെയും എക്കോസോക്കിന്റെയും ട്രസ്റ്റിഷിപ്പ് കൗണ്‍സിലിന്റെയും എല്ലാ യോഗങ്ങളിലും അധ്യക്ഷത വഹിക്കുന്നത് സെക്രട്ടറി ജനറല്‍ ആണ്. ഈ സംഘടനകള്‍ ചുമതലപ്പെടുത്തുന്ന മറ്റെല്ലാ കര്‍ത്തവ്യങ്ങളും സെക്രട്ടറിജനറല്‍ നിര്‍വഹിക്കുകയും യു.എന്നിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനറല്‍ അസംബ്ലിക്ക് വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും അപകടപ്പെടുത്തുന്നുവെന്ന് തനിക്കുതോന്നുന്ന ഏതു പ്രശ്നവും സുരക്ഷാസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സെക്രട്ടറി ജനറലിന് അധികാരവും ഉത്തരവാദിത്തവുമുണ്ട്. അന്തര്‍ദേശീയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുക, സമാധാന സേനയുടെ പ്രവര്‍ത്തനത്തിന്റെ ഭരണ നിര്‍വഹണം നടത്തുക, സുരക്ഷാ സമിതിയുടെ തീരുമാനങ്ങളുടെ നിര്‍വഹണത്തെക്കുറിച്ച് വിവരം ശേഖരിക്കുക, അംഗരാഷ്ട്രങ്ങളുമായി കാതലായ മേഖലകളില്‍ ആശയവിനിമയം നടത്തുക എന്നിവയെല്ലാം സെക്രട്ടറി ജനറലിന്റെ ചുമതലകളാണ്. സെക്രട്ടറിജനറലോ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരോ യു.എന്നിനു പുറത്തുള്ള ആരില്‍നിന്നും നിര്ദേശങ്ങളാരായുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. സെക്രട്ടറിജനറലിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഉത്തരവാദിത്ത്വങ്ങളുടെ അന്താരാഷ്ട്ര സ്വഭാവത്തെ മാനിക്കുമെന്നും അവയുടെ നിര്‍വഹണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയില്ല എന്നും യു.എന്‍. അംഗങ്ങള്‍ ചാര്‍ട്ടറില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ജനറല്അസംബ്ലി അനുശാസിച്ചിട്ടുള്ള ചട്ടങ്ങളനുസരിച്ച് സെക്രട്ടറിജനറല്‍ ആണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. അഞ്ചു വര്‍ഷമാണ് സെക്രട്ടറിജനറലിന്റെ കാലാവധി. കാലാവധി ഒരു ടേം കൂടി നീട്ടാവുന്നതാണ്. രക്ഷാസമിതിയിലെ സ്ഥിരാംഗരാഷ്ട്രങ്ങളില് നിന്നുള്ള പ്രതിനിധികളെ സെക്രട്ടറി ജനറല്‍ ആക്കാറില്ല എന്ന കീഴ്വഴക്കമുണ്ട്. 1946-ല്‍ നടന്ന ജനറല്‍ അസംബ്ലിയുടെ ആദ്യ സമ്മേളനത്തില്‍ നോര്‍വെയുടെ ട്രിഗ്വേ ലീ ആദ്യത്തെ സെക്രട്ടറി ജനറല്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുമുമ്പ് ബ്രിട്ടനിലെ ഗ്ലോഡ്വിന്‍ ജെബ് താല്‍ക്കാലിക സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. കൊറിയയുടെ ബാന്‍കി മൂണ്‍ ഇപ്പോഴത്തെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിക്കുന്നു.
അന്താരാഷ്ട്രസമാധാനം, സുരക്ഷിതത്വപാലനം
തര്‍ക്കപരിഹാരം
"വരും തലമുറകളെ യുദ്ധത്തിന്റെ പ്രഹരത്തില്‍നിന്നു രക്ഷിക്കുകയാണ്' യു.എന്നിന്റെ പ്രഖ്യാപിതലക്ഷ്യം. ഈ പ്രാഥമികലക്ഷ്യം നേടുന്നതിനുള്ള ചുമതല രക്ഷാസമിതിക്കു നല്കപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്രപ്രശ്നങ്ങളില്‍ അഞ്ചു വന്‍ശക്തികള്‍ തമ്മില്‍ അടിസ്ഥാനപരമായ യോജിപ്പുണ്ടാക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്രസമാധാനം പാലിക്കുന്നതിനോ ആക്രമണകാരികള്‍ക്കെതിരായ വിലക്കുകള്‍ പ്രയോഗിക്കുന്നതിലോ അവയുടെ ഫലപ്രദമായ സഹകരണമുണ്ടാവുകയില്ലെന്ന് യു.എന്‍. സ്ഥാപകര്‍ മനസ്സിലാക്കിയിരുന്നു; തന്നിമിത്തമാണ് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ക്ക് രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെയും ഏകകണ്ഠ പിന്തുണയുണ്ടായിരിക്കണമെന്ന് യു.എന്‍. ചാര്‍ട്ടറില്‍ നിബന്ധന ചെയ്തത്.
ഏതു തര്‍ക്കത്തെയും അഥവാ സാഹചര്യത്തെയും കുറിച്ച് രക്ഷാസമിതിക്ക് അന്വേഷണം നടത്താവുന്നതാണ്. യു.എന്‍. സംഘടനാംഗമല്ലാത്ത രാജ്യത്തിനുപോലും അത്തരം തര്‍ക്കങ്ങള്‍ രക്ഷാസമിതിയുടെയോ ജനറല്‍ അസംബ്ലിയുടെയോ ശ്രദ്ധയില്‍പ്പെടുത്താന്‍ അവകാശമുണ്ട്. തര്‍ക്കത്തിന്റെ ഏതു ഘട്ടത്തിലും യുക്തമായ നടപടിക്രമമോ ക്രമീകരണ സമ്പ്രദായമോ നിര്ദേശിക്കുവാന് രക്ഷാസമിതിക്കവകാശമുണ്ട്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കുന്നതില്‍ തര്‍ക്കകക്ഷികള്‍ പരാജയപ്പെട്ടാല്‍ രക്ഷാസമിതി, ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നു.
ഐക്യരാഷ്ട്ര സഭാ ചാര്‍ട്ടറിന്റെ 7-ാം അധ്യായത്തിലെ വകുപ്പുകളനുസരിച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈനികനടപടിക്കുള്ള അധികാരം സഭയ്ക്കുണ്ട്. 1950-ല്‍ കൊറിയന്‍ യുദ്ധകാലത്ത് കൊറിയയിലും, 1991-ല്‍ ഇറാക്കിലും കുവൈറ്റിലും ഐക്യരാഷ്ട്രസഭ സൈനിക ഇടപെടല്‍ നടത്തിയിട്ടുണ്ട്. 2011-ല്‍ ലിബിയയിലെ ആഭ്യന്തരയുദ്ധത്തിലും ഐക്യരാഷ്ട്ര സഭയുടെ സൈനികനീക്കമുണ്ടായി. അന്താരാഷ്ട്ര കോടതിയുടെ പരിധിക്കു പുറത്തുനില്‍ക്കുന്ന പ്രശ്നങ്ങള്‍ കോടതിയുടെ പരിഗണനയ്ക്കയച്ച് തര്‍ക്കപരിഹാരം ഉണ്ടാക്കാനും സെക്യൂരിറ്റി കൗണ്‍സില്‍ ശ്രമിക്കാറുണ്ട്. 2005-ല്‍ സുഡാനിലെ ദാര്‍ഫുര്‍ മേഖലയിലെ പ്രശ്നമാണ് ആദ്യമായി ഇത്തരത്തില്‍ അന്താരാഷ്ട്ര കോടതിയിലേക്കയച്ചത്. 2011 ഫെബ്രുവരിയില്‍, എതിരാളികള്‍ക്കു നേരെ ലിബിയന്‍ ഭരണകൂടം നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണങ്ങളും ഇത്തരത്തില്‍ രക്ഷാസമിതി അന്താരാഷ്ട്രകോടതിയിലേക്കു വിട്ടു.
യു.എന്‍. സംഘടന രൂപവത്കരിക്കപ്പെട്ടതില്പ്പിന്നെയുള്ള കാലത്ത് രക്ഷാസമിതിയുടെയും ജനറല്‍ അസംബ്ലിയുടെയും മുന്നില്‍ സമാധാനപരിപാലനത്തെ ബാധിക്കുന്ന അനവധി തര്‍ക്കങ്ങളും സാഹചര്യങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്; മിക്കവയും പരിഹരിക്കുവാന്‍ അവയ്ക്കു കഴിഞ്ഞിട്ടുമുണ്ട്. ചില പ്രശ്നങ്ങള്‍ രക്ഷാസമിതിക്കും ജനറല്‍ അസംബ്ലിക്കും തലവേദനയായി ഇന്നും നിലനില്ക്കുന്നു.
യുദ്ധം നടന്ന സ്ഥലങ്ങളിലേക്കും സംഘര്‍ഷബാധിത പ്രദേശങ്ങളിലേക്കും ഐക്യരാഷ്ട്ര സഭ സമാധാനസേനയെ അയയ്ക്കുന്നു. സമാധാന ഉടമ്പടി നിലനിര്‍ത്താനും അക്രമങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടാതിരിക്കാനുമാണ് സമാധാനസേന പ്രധാനമായും ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസഭയ്ക്ക് സ്വന്തമായ സേന ഇല്ലാത്തതിനാല്‍ അംഗരാഷ്ട്രങ്ങളില്നിന്നു തിരഞ്ഞെടുക്കുന്ന സൈനികരാണ് സമാധാനസേനയില്‍ പ്രവര്‍ത്തിക്കുക. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയ്ക്ക് പൊതുവായി 1988-ലെ നോബല്‍ സമാധാനസമ്മാനം നല്കുകയുണ്ടായി. കൊസാവോ, ഹെയ്തി, പശ്ചിമസഹാറ, ലൈബീരിയ, സൈപ്രസ്, ഇസ്രയേല്‍-പലസ്തീന്, ലെബനോണ്, അഫ്ഗാനിസ്താന്, ജമ്മു-കാശ്മീര്‍, സുഡാന്, കൊറിയ, ഇറാഖ്, കോംഗോ എന്നിവിടങ്ങളില്‍ സമാധാനസേന പ്രവര്‍ത്തിച്ചിട്ടുണ്ട്. സമാധാനസേനയുടെ പ്രവര്‍ത്തനം ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ ഏറെ ഫലപ്രദമായിരുന്നു എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. 2005-ല്‍ നടന്ന ഒരു പഠനം കണ്ടെത്തിയത് സമാധാനസേന ഇടപെടുന്ന എട്ടു സംഘര്‍ഷങ്ങളില്‍ ഏഴിലും ഇടപെടല്‍ വിജയകരമായിരുന്നു എന്നാണ്. ശീതസമരത്തിനുശേഷം യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും എണ്ണം ഗണ്യമായി കുറയ്ക്കുന്നതിന് സമാധാനസേന കാരണമായിട്ടുണ്ട്. അതേസമയം നിരവധി സ്ഥലങ്ങളില്‍ യഥാസമയം ഇടപെടാത്തതിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. 1994-ലെ റുവാണ്ട വംശഹത്യത, രണ്ടാം കോംഗോയുദ്ധം, 1995-ലെ സെബ്രനിക്ക കൂട്ടക്കൊല എന്നിവ ഒഴിവാക്കാന്‍ കഴിയാത്തത് സമാധാനസേനയുടെ പരാജയങ്ങളായി വിലയിരുത്തപ്പെടുന്നു. സോമാലിയയിലെ യുദ്ധക്കെടുതിയിലെ അഭയാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കഴിയാത്തതും ഇസ്രയേല്‍-പലസ്തീന് മേഖലയിലെ സമീപനങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കോംഗോ, ഹയ്തി, ലൈബീരിയ, ദക്ഷിണ സുഡാന്, ബുറുണ്ടി എന്നിവിടങ്ങളില്‍ സമാധാനസേനാംഗങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതിനെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു. യു.എന്‍. സമാധാനസേനയ്ക്ക് ഏറ്റവും കൂടുതല്‍ പട്ടാളക്കാരെ നല്കുന്ന രാജ്യങ്ങള്‍ യഥാക്രമം ബാംഗ്ലദേശ്, പാകിസ്താന്, ഇന്ത്യ എന്നിവയാണ്. 16 പ്രദേശങ്ങളിലായി 1,22,000 സമാധാനസേനാംഗങ്ങള്‍ ഇപ്പോള്‍ ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടിസമാധാനപാലനം നടത്തുന്നു.
ആയുധനിയന്ത്രണം
ആയുധനിയന്ത്രണത്തിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുക രക്ഷാസമിതിയുടെ ചുമതലയാണ്. ജനറല്‍ അസംബ്ലിക്ക് നിരായുധീകരണത്തെയും ആയുധനിയന്ത്രണത്തെയും സംബന്ധിച്ചു ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാം.
ഇതിന്റെ ഫലമായി 1946 ജനുവരിയില്‍ ഒരു അറ്റോമിക് എനര്‍ജി, കമ്മിഷന് രൂപവത്കരിച്ചു. അണ്വായുധങ്ങള്‍ നിരോധിക്കുക, അണുശക്തി സമാധാനപരമായ കാര്യങ്ങള്‍ക്കുമാത്രം ഉപയോഗിക്കുക, ശാസ്ത്രീയമായ അറിവുകള്‍ കൈമാറ്റം ചെയ്യുക എന്നീ കാര്യങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുവാന്‍ കമ്മിഷനെ ചുമതലപ്പെടുത്തി. 1946 ഡിസംബറില്‍ അണ്വായുധങ്ങളും വിനാശകരമായ മറ്റ് ആയുധങ്ങളും നിയന്ത്രിക്കുക, എല്ലാ ആയുധങ്ങളും സൈന്യബലവും കുറയ്ക്കുക എന്നിവ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രമേയം പാസ്സാക്കി.
1946-ല്‍ അറ്റോമിക് എനര്‍ജി കമ്മിഷന് കൂടിയാലോചനകളാരംഭിച്ചു. കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങളും അറ്റോമിക് എനര്‍ജി സൗകര്യങ്ങളുടെമേല് അന്താരാഷ്ട്രനിയന്ത്രണം; ഒരു നിര്‍ദിഷ്ട അന്താരാഷ്ട്ര അറ്റോമിക് വികസനകേന്ദ്രം മുഖേന അവയുടെമേല്‍ അന്താരാഷ്ട്ര പരിശോധന; കരാറിലെ നിബന്ധനകള്‍ നടപ്പിലാക്കുന്നതില്‍ വീറ്റോ പ്രയോഗം ഒഴിവാക്കല്‍ എന്നീ ആവശ്യങ്ങളുന്നയിച്ചു. നീക്കിയിരിപ്പുള്ള ആറ്റംബോംബ് ശേഖരം നശിപ്പിക്കുന്നതിനുമുമ്പുതന്നെ നിയന്ത്രണസംവിധാനം പ്രവര്ത്തിച്ചുതുടങ്ങണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. കൂടിയാലോചനകള്‍ സ്തംഭനാവസ്ഥയിലാണെന്ന് ഈ കമ്മീഷന് അതിന്റെ 1948-ലെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. എന്നാല്‍ വിശദാംശങ്ങളില്‍ അംഗരാഷ്ട്രങ്ങള്‍ ചില ചില്ലറ ധാരണകളിലെത്തിച്ചേര്‍ന്നു.
സമൂലവിനാശികളല്ലാത്ത ആയുധങ്ങളെ സംബന്ധിച്ച ഇടപാടുകള്‍ക്കായി രക്ഷാസമിതി "കമ്മീഷന് ഫോര്‍ കണ്വെന്ഷണല് ആര്‍മമെന്റ്സ്' എന്നൊരു സംഘടന രൂപവത്കരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് വന്‍ശക്തികളുടെയും കൈവശമുള്ള ആയുധങ്ങളും സൈന്യസംഖ്യയും മൂന്നില്‍ ഒന്നായി കുറയ്ക്കണമെന്നും ആറ്റം ആയുധങ്ങള്‍ നിരോധിക്കണമെന്നും മുന്‍ യു.എസ്.എസ്.ആറും പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇത് യു.എസ്.എസ്.ആറും പാശ്ചാത്യശക്തികളും തമ്മില്‍ വിയോജിപ്പിനു കാരണമായി. 1949-ല്‍ ജനറല്‍ അസംബ്ലിയും അറ്റോമിക് എനര്‍ജി കമ്മിഷനും ചേര്‍ന്ന്, വിനാശകരങ്ങളല്ലാത്ത ആയുധങ്ങളെയും സൈനിക ബലത്തെയും സംബന്ധിക്കുന്ന വിവരങ്ങള്‍ യു.എന്നിനു നല്കുന്ന പദ്ധതി ആവിഷ്കരിച്ചു. എന്നാല്‍ യു.എസ്.എസ്.ആറിന്റെ വിയോജിപ്പുമൂലം അത് നടപ്പിലായില്ല. 1950 ആയപ്പോഴേക്കും ആയുധനിയന്ത്രണചര്ച്ചകള് ആശയ്ക്കു വകയില്ലാത്തവണ്ണം സ്തംഭിച്ചു. 1952-ല്‍ ജനറല്‍ അസംബ്ലി തീരുമാനമനുസരിച്ച് നിരായുധീകരണ കമ്മിഷന് (Disarmament Commission)രൂപവത്കരിച്ചു. രക്ഷാസമിതി അംഗങ്ങളും കാനഡയും അടങ്ങുന്നതായിരുന്നു ഇത്. ആയുധങ്ങളും സൈന്യബലവും നിയന്ത്രിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും സമീകൃതമായി കുറയ്ക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കുവാന്‍ കമ്മിഷനെ ചുമതലപ്പെടുത്തി.
1954-ല്‍ നിരായുധീകരണ കമ്മിഷന്റെ, ലണ്ടനില്‍ ചേര്‍ന്ന ഒരു ഉപസമിതിയോഗത്തില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരു നിരായുധീകരണപരിപാടി അവതരിപ്പിച്ചു. ഈ നിര്‍ദേശങ്ങള്‍ ഭാവി കൂടിയാലോചനയ്ക്ക് അടിസ്ഥാനമെന്നനിലയില് തങ്ങള്‍ സ്വീകരിക്കുന്നുവെന്ന് മുന്‍ യു.എസ്.എസ്.ആര്. പ്രതിനിധി 1954 സെപ്തംബറിലെ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം, നിരായുധീകരണ ചര്‍ച്ചയിലെ സ്തംഭനാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള ആദ്യത്തെ ചുവടുവയ്പായി പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ യു.എസ്.എസ്.ആര്. ആറ്റംബോംബും ഹൈഡ്രജന്‍ബോംബും വികസിപ്പിച്ചെടുത്തതോടെ പ്രശ്നത്തിന്റെ സ്വഭാവവും വിവിധരാജ്യങ്ങളുടെ ദേശീയ നിലപാടും മാറി.
1957 ആയതോടെ നിരായുധീകരണത്തിനായി ചില പുതിയ നീക്കങ്ങള്‍ നടന്നു. അപ്രതീക്ഷിതാക്രമണം ഇല്ലാതാക്കുക എന്നതിന് അധികം പ്രാധാന്യം നല്കപ്പെട്ടു. 1957 ജൂല. 29-ന് ആറ്റം ശക്തി സമാധാനപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി "ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി'(IAEA) രൂപവത്കരിക്കപ്പെട്ടു.
ജനറല്‍ അസംബ്ലിയില്‍ പ്രതിഫലിച്ച ലോകപൊതുജനാഭിപ്രായം നിരായുധീകരണത്തെക്കുറിച്ചുള്ള കൂടിയാലോചനകള്‍ പുനരാരംഭിക്കുവാന്‍ വന്‍ശക്തികളെ പ്രരിപ്പിച്ചു. 1961-ല്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്രനിയമത്തിനും യു.എന്‍. ചാര്‍ട്ടറിനും മാനവിക നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നു പ്രഖ്യാപിക്കുന്ന ഒരു പ്രമേയം ജനറല്‍ അസംബ്ലി അംഗീകരിച്ചു.
1963 ആഗ. 5-ന് മുന്‍ യു.എസ്.എസ്.ആറും യു.എസ്സും യു.കെ.യും ചേര്‍ന്ന് ഒപ്പുവച്ച "അണ്വായുധപരീക്ഷണനിരോധനക്കരാര്', നിരായുധീകരണത്തിലേക്കുള്ള ഒരു സുപ്രധാന കാല്‍വയ്പാണ്. പിന്നീട് നൂറിലധികം രാഷ്ട്രങ്ങള്‍ ഈ കരാര്‍ അംഗീകരിച്ചു. അന്തരീക്ഷത്തിലോ ബഹിരാകാശത്തോ വെള്ളത്തിനടിയിലോ ആറ്റം പരീക്ഷണമോ വിസ്ഫോടനമോ നടത്തുന്നത് ഈ കരാര്‍ നിരോധിച്ചു (എന്നാല്‍ ഭൂമിക്കടിയിലെ വിസ്ഫോടനം നിരോധിക്കപ്പെടുകയുണ്ടായില്ല). ആറ്റം ശക്തികളായ ചൈനയും ഫ്രാന്‍സും ഈ കരാറില്‍ ഒപ്പുവയ്ക്കാന്‍ കൂട്ടാക്കിയില്ല.
1968-ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആണവായുധ വ്യാപനനിരോധന ഉടമ്പടി (Treaty on the Non-Proliferation of Nuclear Weapons)ആണവ രാഷ്ട്രങ്ങളില്‍ നിന്ന് മറ്റ് രാഷ്ട്രങ്ങളിലേക്ക് ആണവായുധങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് 140 അംഗരാഷ്ട്രങ്ങള്‍ അംഗീകരിച്ച ഈ ഉടമ്പടി, പിന്നീട് പല രാജ്യങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ സഭയ്ക്കു കഴിഞ്ഞു. പിന്മാറി നിന്ന ദക്ഷിണാഫ്രിക്ക 1991-ലും ഫ്രാന്‍സും ചൈനയും 1992-ലും ഈ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇപ്പോള്‍ 185 രാഷ്ട്രങ്ങള്‍ ഉടമ്പടിയുടെ ഭാഗമാണ്.
1996-ല്‍ ജനറല്‍ അസംബ്ലി ആണവപരീക്ഷണ സമഗ്രനിരോധന ഉടമ്പടി (CTBT) പാസ്സാക്കി. ആണവായുധ നിരോധനത്തിലെ സുപ്രധാന കാല്‍വയ്പായിരുന്നു ഇത്. 1982-ല്‍ നിരായുധീകരണ നടപടികള്‍ ചര്‍ച്ചചെയ്യാനായി ചേര്‍ന്ന ജനറല്‍ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ച് നിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്ഥിരം സംവിധാനം ആരംഭിച്ചു. 1992-ല്‍ ഇതിനെ സെന്റര്‍ ഫോര്‍ ഡിസാര്‍മമെന്റ് ആയി പുനഃസംഘടിപ്പിച്ചു. 1998-ല്‍ ഇതിനെ പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് ആയി മാറ്റുകയും, 2007-ല്‍ യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ഡിസാര്‍മമെന്റ് അഫയേഴ്സ് (UNODA) എന്ന പേര് നല്‍കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ ശ്രമങ്ങളിലെ മുഖ്യകണ്ണിയാണ് ഇത്. ന്യൂക്ലിയര്‍ ആയുധങ്ങള്‍, രാസായുധങ്ങള്‍, ജൈവായുധങ്ങള്‍, സാമ്പ്രദായികായുധങ്ങള് എന്നിങ്ങനെ എല്ലാവിധ ആയുധങ്ങള്‍ നിയന്ത്രിക്കുന്നതിനും ക്രമേണ തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുണോഡ നടത്തുന്നു.
അന്താരാഷ്ട്ര നിയമത്തിന്റെ വികാസം
1947 നവംബറില്‍ യു.എന്‍. ജനറല്‍ അസംബ്ലി, അന്താരാഷ്ട്രനിയമത്തിന്റെ പുരോഗമനാത്മകമായ വികസനത്തിനും ക്രാഡീകരണത്തിനുംവേണ്ടി 15 അംഗങ്ങളടങ്ങുന്ന അന്താരാഷ്ട്രനിയമ കമ്മിഷന് (ഇന്റര്‍നാഷണല്‍ ലാ കമ്മിഷന്) രൂപവത്കരിച്ചു. രാഷ്ട്രങ്ങളുടെ അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച പ്രഖ്യാപനം എഴുതിയുണ്ടാക്കി; നാസി കുറ്റവാളികളുടെ "ന്യൂറംബര്‍ഗ്-വിചാരണയ്ക്ക്' തയ്യാറാക്കിയ "ന്യൂറംബര്‍ഗ് ട്രിബ്യൂണല്‍ ചാര്‍ട്ടറി'ല്‍ അംഗീകരിക്കപ്പെട്ട തത്ത്വങ്ങളെ ആവിഷ്കരിച്ചു. പരമ്പരാഗതമായ അന്താരാഷ്ട്രനിയമത്തിന്റെ തെളിവുകള്‍ എളുപ്പം ലഭ്യമാവുന്നതിനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും ശിപാര്‍ശചെയ്തു.
1950-ലാണ് അന്താരാഷ്ട്രനിയമ കമ്മിഷന് ന്യൂറംബര്‍ഗ് തത്ത്വങ്ങളാവിഷ്കരിച്ച് സമര്‍പ്പിച്ചത്. സമാധാനത്തിനെതിരെയും മനുഷ്യത്വത്തിനെതിരെയുമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു പ്രസ്തുത തത്ത്വങ്ങള്‍. 1951-ല്‍ അന്താരാഷ്ട്രനിയമ കമ്മിഷന് മാനവരാശിയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും എതിരെയുള്ള ആക്രമങ്ങളെ സംബന്ധിച്ച പ്രമാണത്തിന്റെ പകര്‍പ്പു സമര്‍പ്പിച്ചു. അന്താരാഷ്ട്രനിയമ കമ്മിഷന്റെ ആദ്യപദ്ധതികളിലൊന്നായ സമുദ്രനിയമക്രാഡീകരണം 1956-ല്‍ ഏറെക്കുറെ പൂര്‍ത്തിയായി. പ്രാദേശിക പരിധികളും ഒരു പ്രത്യേകരാഷ്ട്രത്തിന്റെയും പരമാധികാരത്തില്പ്പെടാത്ത സമുദ്രത്തിന്റെയും സമീപസ്ഥമേഖലയുടെയും ഭൂഖണ്ഡമണല്ത്തിട്ടകളു (continental shelf)ടെയും പൊതുഭരണവും പ്രതിപാദിക്കുന്ന നിര്‍ദിഷ്ട നിയമങ്ങളടങ്ങുന്ന ഒരു റിപ്പോര്‍ട്ട് അന്താരാഷ്ട്രനിയമ കമ്മിഷന് ജനറല്‍ അസംബ്ലിക്ക് സമര്‍പ്പിച്ചു.
1950-ല്‍ നിയമിക്കപ്പെട്ട, അന്താരാഷ്ട്ര ക്രിമിനല്‍ സമിതി, അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതി രൂപവത്കരിക്കുന്നതിനുള്ള കരടുനിയമം തയ്യാറാക്കി ജനറല്‍ അസംബ്ലിക്കു സമര്‍പ്പിച്ചു. കൂട്ടക്കൊലയെ സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രസ്തുത കോടതിക്ക് അധികാരം നല്കുന്ന ഒരു പെരുമാറ്റച്ചട്ടം ആവിഷ്കരിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. 1961-ലും 63-ലും വിയന്നയില്‍ ചേര്‍ന്ന സമ്മേളനങ്ങള്‍ ദേശീയതാസമ്പാദനത്തെയും തര്‍ക്കങ്ങളുടെ നിര്ബന്ധിതതീരുമാനത്തെയും സംബന്ധിച്ച ഐച്ഛിക പെരുമാറ്റച്ചട്ടങ്ങളും നയതന്ത്രബന്ധത്തെ സംബന്ധിച്ച കീഴ്വഴക്കങ്ങളും ആവിഷ്കരിച്ചു. അന്താരാഷ്ട്ര നിയമനിര്‍മാണത്തെ സഹായിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഐക്യരാഷ്ട്രസഭ നിരവധി കണ്‍വെന്‍ഷനുകള്‍ കാലാകാലങ്ങളില്‍ നടത്തിവരുന്നു. അവയില്‍ പ്രധാനപ്പെട്ട ചിലതു താഴെ ചേര്‍ത്തിരിക്കുന്നു.
- സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം തടയല്‍ (1979)
- അന്താരാഷ്ട്ര സമുദ്രനിയമം (1982)
- ന്യൂക്ലിയര്‍ പരീക്ഷണ നിരോധന ഉടമ്പടിനിയമം (1996)
- തീവ്രവാദം സംബന്ധിച്ച നിയമങ്ങള്‍ (1997, 1999, 2005)
- ശാരീരിക വൈകല്യങ്ങളുള്ളവരുടെ അവകാശങ്ങള്‍ (2000)
- സമുദ്രം വഴിയുള്ള ചരക്കുനീക്കത്തെ കുറിക്കുന്ന നിയമങ്ങള്‍ (2008)
സാമ്പത്തിക സഹകരണം
സാമ്പത്തിക പുനര്‍നിര്‍മാണം
രണ്ടാംലോകയുദ്ധം കാരണമായുണ്ടായ തകര്‍ച്ചയും നാശവും ആശ്വാസത്തിനും പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി അശ്രാന്തപരിശ്രമം നടത്തേണ്ടത് അടിയന്തിരാവശ്യമാക്കിത്തീര്ത്തു. 1943-ല്‍ സ്ഥാപിതമായ "യു.എന്‍. റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അഡ്മിനിസ്ട്രഷന്' (അണ്‍റാ - UNRRA) ഇക്കാര്യത്തില്‍ ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രാദേശികങ്ങളായ പുനര്‍നിര്‍മാണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എക്കോസോക് യൂറോപ്പ്, ഏഷ്യ, വിദൂരപൂര്‍വദേശം, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നീ പ്രദേശങ്ങള്‍ക്കുവേണ്ടി പ്രത്യേക മേഖലാസാമ്പത്തിക കമ്മിഷനുകള്‍ രൂപവത്കരിച്ചു. നോ. അണ്‍റാ; എക്കാഫെ
സാങ്കേതിക സഹായം
വികസനത്തില്‍ പ്രായേണ പിന്നില്‍ നില്ക്കുന്ന രാജ്യങ്ങള്‍ക്കു സാങ്കേതിക സഹായം നല്‍കുന്നതിനായി സെക്രട്ടറിയേറ്റില്‍ ഒരു പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തുന്നതിന് 1946-ല്‍ ജനറല്‍ അസംബ്ലി ഒരു പ്രമേയം പാസ്സാക്കി. 1949-ല്‍ ജനറല്‍ അസംബ്ലി സാമ്പത്തിക വികസനത്തിനായുള്ള "വിപുലമായ പരിപാടി' (ഇ.പി.ടി.എ.) അംഗീകരിച്ചു. യു.എന്നും ചില പ്രത്യേക ഏജന്‍സികളും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അവികസിത രാജ്യങ്ങള്‍ക്കു സാങ്കേതികസഹായം നല്‍കുന്നത്. ഈ പരിപാടികളുടെ സംയോജനവും മേല്‍നോട്ടവും "ടെക്നിക്കല്‍ അസിസ്റ്റന്‍സ് ബോര്‍ഡി'ന്റെ (ടി.എ.ബി.) ചുമതലയില്‍പ്പെടുന്നു.
ഗവണ്മെന്റുകളെ ഉപദേശിക്കുന്നതിനും പ്രാദേശിക-ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനും വിദഗ്ധരെ അയച്ചുകൊടുക്കുക, സഹായം ലഭിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് വിദേശത്തു പഠിക്കാന്‍ അവസരം നല്‍കുക, ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം ഉള്‍പ്പെടെ മേഖലാടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയാണ് സാങ്കേതിക സഹായത്തിന്റെ മൂന്ന് മുഖ്യരൂപങ്ങള്‍. യു.എന്‍. കൂടാതെ ഐ.എല്‍.ഒ., എഫ്.എ.ഒ., യുണെസ്കോ/ഐ.സി.എ.ഒ., ഡബ്ല്യൂ.എച്ച്.ഒ., ഐ.ടി.യു., ഡബ്ള്യൂ.എം.ഒ. എന്നിവ എക്കോസോക്കിന്റെ മേല്‍നോട്ടത്തില്‍ ഈ പരിപാടികളില്‍ പങ്കുചേരുന്നു.
സാമ്പത്തിക വികസന ധനസഹായം
സാങ്കേതിക സഹായപരിപാടികള്‍ കൂടാതെ, അവികസിത രാജ്യങ്ങളുടെ സാമ്പത്തികപ്രശ്നങ്ങളും യു.എന്നിന്റെ പരിഗണനയ്ക്ക് വിധേയമായിട്ടുണ്ട്. അന്താരാഷ്ട്ര സ്വകാര്യ മൂലധനത്തിന്റെ വരവ് വര്‍ധിപ്പിക്കുക, അവികസിതരാജ്യങ്ങളുടെ ഇറക്കുമതി വരുമാനം വര്‍ധിപ്പിക്കുകയും നിലനിര്‍ത്തുകയും അതിനെ മെച്ചമായ മാര്‍ഗത്തില്‍ ഉപയോഗിക്കുകയും ചെയ്യുക, ഒരു അന്താരാഷ്ട്രധനസഹായ കോര്പ്പറേഷന് രൂപവത്കരിക്കുക, ധനസഹായവും പലിശനിരക്കു കുറഞ്ഞ ദീര്‍ഘകാല വായ്പകളും നല്‍കുന്നതിന് ഒരു പ്രത്യേക യു.എന്‍. ഫണ്ടു രൂപവത്കരിക്കുക എന്നിവയാണ് ഇതിനുവേണ്ടി പരിഗണിക്കപ്പെട്ട മാര്‍ഗങ്ങള്‍. 1956 "ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പ്പറേഷന്' രൂപവത്കരിക്കപ്പെട്ടു. വികസനപദ്ധികള്ക്കു ധനസഹായം ചെയ്യുന്നതിനായി ഒരു സ്പെഷ്യല്‍ യു.എന്‍.ഫണ്ട് (എസ്.യു.എന്‍.എഫ്.ഇ.ഡി.) 1959-ല്‍ തുടങ്ങി. 1965-ല്‍ ഇ.പി.ടി.എ.യുടെയും സ്പെഷ്യല്‍ ഫണ്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ "യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രാഗ്രാം'(UNDP)എന്ന പേരില്‍ കൂട്ടിയോജിപ്പിക്കപ്പെട്ടു.
ഭൂപരിഷ്കരണ പരിപാടികള്‍, അന്താരാഷ്ട്രസാമ്പത്തികവാണിജ്യനയങ്ങള്, വിഭവശേഖരണവും ഉപയോഗവും തുടങ്ങിയ സാമ്പത്തികപ്രശ്നങ്ങള്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ പരിഗണിക്കുന്നു.
യു.എന്നിന്റെ പരിഗണനയ്ക്കു വരുന്ന മറ്റു സാമ്പത്തിക കാര്യങ്ങളാണ്, പൂര്‍ണതൊഴില്‍ ലഭ്യത നിലനിര്‍ത്തുന്നതിനും സാമ്പത്തികത്തകര്‍ച്ച ഒഴിവാക്കുന്നതിനും അന്താരാഷ്ട്രവും ദേശീയവുമായ നടപടികള്‍ സ്വീകരിക്കുക; ഗതാഗതവികസന പരിപാടികളാവിഷ്കരിക്കുക; നാണയപരവും നികുതിസംബന്ധവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക; പൊതുഭരണം ഒരു സ്ഥിരം അടിസ്ഥാനമെന്ന നിലയില്‍ വികസിപ്പിച്ചെടുക്കുക; അന്തര്ദേശീയമാനദണ്ഡങ്ങള് കരുപ്പിടിപ്പിക്കുക മുതലായവ. ബന്ധപ്പെട്ട മേഖലയിലെ രാജ്യങ്ങളെ സഹായിക്കുവാന്‍ യൂറോപ്പ്, ഏഷ്യയും വിദൂരപൂര്വദേശവും ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നീ മേഖലകള്‍ക്കുവേണ്ടി നാലു മേഖലാ സാമ്പത്തിക കമ്മിഷനുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
വ്യാപാരവും വികസനവും
അന്താരാഷ്ട്ര വ്യാപാരവ്യവസ്ഥകള്‍ തങ്ങള്‍ക്കെതിരാണെന്ന് അവികസിതരാജ്യങ്ങള്‍ വാദിച്ചു. തങ്ങള്‍ പങ്കാളികളായിരുന്നുവെങ്കില്‍ തന്നെയും "ജനറല്‍ എഗ്രിമെന്റ് ഓണ്‍ ടാരിഫ്സ് ആന്‍ഡ് ട്രഡ്' (GATT)നെ അവര്‍ വിമര്‍ശിച്ചു. വികസ്വരരാജ്യങ്ങളുടെ വ്യാപാരതടസ്സം നീക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിന് ഒരു സമ്മേളനം വിളിച്ചുകൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
1964 ആദ്യം യു.എന്നിന്റെ "വ്യാപാര-വികസന സമ്മേളനം'(UNCTAD-അണ്‍ക്റ്റാഡ്) ജനീവയില്‍ ചേര്‍ന്നു. തുടര്‍ന്ന്, സാമ്പത്തികവികസന പ്രക്രിയയെ ത്വിരിപ്പിക്കുന്നതിനായി അന്താരാഷ്ട്രവ്യാപാരം വര്‍ധിപ്പിക്കുന്നതിന് ഒരു സ്ഥിരം യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ ട്രഡ് ആന്‍ഡ് ഡെവലപ്മെന്റ് (ഐക്യരാഷ്ട്ര വ്യാപാര-വികസനസമ്മേളനം), കോണ്‍ഫറന്‍സ് തിരഞ്ഞെടുക്കുന്ന 55 അംഗങ്ങളടങ്ങിയ ഒരു "ട്രഡ് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡ്' (വ്യാപാര-വികസന ബോര്‍ഡ്), ഒരു സ്ഥിരം സെക്രട്ടറിയേറ്റ് എന്നിവ സ്ഥാപിക്കപ്പെട്ടു. അണ്‍ക്റ്റാഡിന്റെ സെക്രട്ടറി ജനറലിനെ ജനറല്‍ അസംബ്ലിയുടെ അംഗീകാരത്തിനു വിധേയമായി യു.എന്‍. സെക്രട്ടറി ജനറല്‍ നിയമിക്കുന്നു. നോ. അണ്‍ക്റ്റാഡ്
അവികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി രൂപംകൊണ്ട 77 രാഷ്ട്രങ്ങളുടെ സംഘം (Group of 77) അണ്ക്ടാഡിനോടു ചേര്‍ന്ന് അന്തര്‍ദേശീയ വാണിജ്യരീതികളും പദ്ധതികളും ചിട്ടപ്പെടുത്താന്‍ ശ്രമിച്ചുവരുന്നു.
സാമൂഹിക സഹകരണം
യു.എന്‍. സാമൂഹിക, മാനുഷിക, സാംസ്കാരിക പ്രശ്നങ്ങളെ സംബന്ധിച്ച വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സാധാരണയായി എക്കോസോക്കിലൂടെയും പ്രത്യേക ഏജന്‍സികളുമായി പങ്കുചേര്‍ന്നും അംഗരാജ്യങ്ങള്‍ മുഖാന്തിരവുമാണ് ഇവ നടത്തുന്നത്.
അഭയാര്‍ഥിപ്രശ്നം
അഭയാര്‍ഥികളുടെ അംഗസംഖ്യയെ സംബന്ധിച്ച ശാസ്ത്രീയമായ കണക്കെടുപ്പു നടന്നിട്ടില്ലെങ്കിലും 1945-നു ശേഷം 4,00,00,000 ജനങ്ങള്‍ തങ്ങളുടെ ഭവനങ്ങളില്‍നിന്നു പുറന്തള്ളപ്പെട്ടിരിക്കുന്നതായി മതിക്കപ്പെടുന്നു. അണ്‍റാ 1947-ല്‍ അതിന്റെ യൂറോപ്പിലെയും 1949-ല്‍ ചൈനയിലെയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു മുമ്പ് ഏതാണ്ട് 70,00,000 ആളുകളെ പുനരധിവസിപ്പിക്കുകയുണ്ടായി. 1946-ല്‍ രൂപവത്കൃതമായി 1951-ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന (ഇന്റര്‍ നാഷണല്‍ റെഫ്യൂജി ഓര്ഗനൈസേഷന്) അണ്റായുടെ പ്രവര്‍ത്തനം എറ്റെടുത്തു നടത്തി. 1948-ല്‍ അറബി-ഇസ്രയേല്‍ യുദ്ധത്തിന്റെ ഫലമായി ഭവനരഹിതരാക്കപ്പെട്ട 90,00,000 പലസ്തീന്-അറബികളുടെ പുനരധിവാസത്തിന് യു.എന്‍. റിലീഫ് ഫോര്‍ പലസ്തീന് റെഫ്യൂജിസ് എന്ന സംഘടന നിലവില്‍വന്നു. 1949-ല്‍ ഇതിന്റെ ആസ്തിബാധ്യതകളും പ്രവര്‍ത്തനവും "യു.എന്‍. റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ പലസ്തീന് റെഫ്യൂജിസ് ഇന്‍ ദ് നിയര്‍ ഈസ്റ്റ്' എന്ന സംഘടനയ്ക്കു വിട്ടുകൊടുത്തു.
ഒരു താത്കാലിക സംഘടനയായിരുന്ന അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന നിര്‍ത്തലാക്കി. 1952-ല്‍ അഭയാര്ഥിപ്രശ്നപരിഹാരത്തിന് ഒരു പുതിയ സംഘടനാരൂപം ഏര്‍പ്പെടുത്തി. എക്കോസോക്ക് തയ്യാറാക്കി 1951-ല്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച കണ്‍വന്‍ഷനു (കണ്വന്ഷന് റിലേറ്റിങ് റ്റു ദി സ്റ്റാറ്റസ് ഒഫ് റെഫ്യൂജീസ്) വിധേയമായി പ്രവര്‍ത്തിക്കുന്നതിനായി ഒരു യു.എന്‍. ഹൈക്കമ്മിഷണര്‍ നിയമിക്കപ്പെട്ടു; ഹൈക്കമ്മിഷണറെ സഹായിക്കുവാന്‍ ഒരു ഉപദേശകസമിതിയും.
മനുഷ്യാവകാശങ്ങള്‍
അന്താരാഷ്ട്ര-അവകാശപ്രഖ്യാപനം എഴുതിയുണ്ടാക്കുന്നതിന് എക്കോസോക്ക് 1947-ല്‍ ഒരു മനുഷ്യാവകാശകമ്മിഷനെ നിയമിക്കുകയുണ്ടായി. ഈ രേഖയുടെ മൂന്നു നിര്ദിഷ്ടഭാഗങ്ങള് ചേര്‍ന്നുള്ള സാര്‍വദേശീയ മനുഷ്യാവകാശപ്രഖ്യാപനം 1947 ഡി. 10-ന് ജനറല്‍ അസംബ്ലി ഏകകണ്ഠമായി അംഗീകരിച്ചു. ഈ ദിവസം അന്തര്‍ദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. 1948-ല്‍ മനുഷ്യാവകാശക്കമ്മിഷന് ഒരു മനുഷ്യാവകാശ ഉടമ്പടി എഴുതിയുണ്ടാക്കുവാനാരംഭിച്ചു. മനുഷ്യാവകാശക്കമ്മിഷന്റെ നിരന്തരശ്രമഫലമായി 1966-ല്‍ ജനറല്‍ അസംബ്ലി സിവില്‍-രാഷ്ട്രീയാവകാശങ്ങളെയും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക അവകാശങ്ങളെയും സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികളും സിവില്‍-രാഷ്ട്രീയ-അവകാശ ഉടമ്പടിയുടെ ഐച്ഛിക-പെരുമാറ്റച്ചട്ടവും അംഗീകരിക്കുകയുണ്ടായി. 1956-ല്‍ യു.എന്നിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒരു സമ്മേളനം അടിമത്വം അടിമവ്യാപാരവും അടിമവ്യാപാരത്തിനു സമമായ മറ്റ് ആചാരങ്ങളും നിര്‍ത്തലാക്കുന്നതിനുള്ള ഒരു കണ്വെന്ഷന് അംഗീകരിച്ചു.
1946-ല്‍ത്തന്നെ ജനറല്‍ അസംബ്ലി കൂട്ടക്കൊല (വംശമടക്കിയുള്ള നശീകരണം)യെ അന്താരാഷ്ട്രനിയമമനുസരിച്ച് കുറ്റകൃത്യം എന്നു മുദ്രകുത്തി. 1948-ല്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ കൂട്ടക്കൊലയ്ക്ക് "ഒരു ദേശീയമോ വംശപരമോ മതപരമോ ആയ ഗ്രൂപ്പിനെ നശിപ്പിക്കല്‍' എന്ന നിര്‍വചനം നല്കി. വംശവിച്ഛേദനം മാത്രമല്ല, ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കുകയോ നിര്‍ബന്ധിച്ച് ജനനനിയന്ത്രണം ഏര്‍പ്പെടുത്തുകയോ കുട്ടികളെ അകറ്റിക്കളയുകയോ ദ്രാഹകരമായ മറ്റു നടപടികളെടുക്കുകയോ ചെയ്യുന്നതെല്ലാം കുറ്റകരമാണെന്നന്ന് പ്രമേയം പ്രഖ്യാപിച്ചു. 1951 ജനുവരിയില്‍ പ്രമേയം നടപ്പില്‍ വന്നു.
സ്ത്രീകളുടെ പദവിയെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് എക്കോസോക്ക് നിയമിച്ച കമ്മിഷന് സ്ത്രീകളുടെ അവകാശങ്ങളെയും അവസരങ്ങളെയും നിയമപദവിയെയും സംബന്ധിക്കുന്ന ശിപാര്‍ശകള്‍ നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ രാഷ്ട്രീയും സാമ്പത്തികവുമായ പദവിയും വിദ്യാഭ്യാസ അവസരങ്ങളും യു.എന്‍ പരിഗണനകള്‍ക്കും ശിപാര്‍ശകള്‍ക്കും വിധേയമായിട്ടുണ്ട്.
മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന പൊതുപ്രശ്നങ്ങളിലും യു.എന്‍. ഇടപെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം, ഇന്ത്യന്‍ പൗരന്മാര്ക്കെതിരായ വിവേചനങ്ങള്‍, പൗരാവകാശത്തെ സംബന്ധിച്ച സമാധാനസന്ധി നിബന്ധനകളുടെ ലംഘനം എന്നിവയെല്ലാം ഐക്യരാഷ്ട്രസംഘടനയുടെ പരിഗണനയ്ക്കു പാത്രീഭവിച്ച പ്രശ്നങ്ങളാണ്. 1962-ല്‍ ജനറല്‍ അസംബ്ലി വര്ണവിവേചനപ്രശ്നം കൈകാര്യം ചെയ്യാന്‍ ഒരു "സ്പെഷ്യല്‍ കമ്മിറ്റി'യെ നിയമിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കുവാനും സാമ്പത്തിക വിലക്കുകള്‍ ഏര്‍പ്പെടുത്തുവാനും അംഗങ്ങളോടു ശിപാര്‍ശ ചെയ്യുകയുണ്ടായി. മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് പ്രത്യേകമേഖലകളെ കേന്ദ്രീകരിച്ച് കമ്മിറ്റികള്‍ കാലാകാലങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങള്‍, വംശീയ വിവേചനം നിര്‍മാര്‍ജനം ചെയ്യല്‍, സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം നിര്‍മാര്‍ജനം ചെയ്യല്‍, കുട്ടികളുടെ അവകാശങ്ങള്‍, കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളില്‍ ഇത്തരം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 1993-ല്‍ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരം ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന പദവി സൃഷ്ടിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ കാര്യാലയമാണ്. 2006-ല്‍ ഒരു പ്രത്യേക ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.
മയക്കുമരുന്നുകളുടെ നിയന്ത്രണം
കറുപ്പ് മുതലായ അപകടകരങ്ങളായ മയക്കുമരുന്നുകളുടെ മേല്‍ സര്‍വരാജ്യസഖ്യം ഏര്‍പ്പെടുത്തിയിരുന്ന ലോകവ്യാപകമായ നിയന്ത്രണസംവിധാനത്തിന്റെയും സ്ഥിരം കേന്ദ്ര ഓപിയം ബോര്‍ഡി (പെര്‍മനന്റ് സെന്‍ട്രല്‍ ഓപിയം ബോര്‍ഡ്)ന്റെയും ഔഷധപരിശോധനാസമിതി (ഡ്രഗ് സൂപ്പര്‍വൈസറി ബോര്‍ഡ്)യുടെയും പ്രവര്‍ത്തനം യു.എന്‍. ഏറ്റെടുത്തു. 1948-ല്‍ അംഗീകരിച്ച ഒരു പൊതു പെരുമാറ്റച്ചട്ടപ്രകാരം പുതിയ കൃത്രിമമരുന്നുകളെയും അന്താരാഷ്ട്രനിയന്ത്രണത്തിനു വിധേയമാക്കി. 1952-ലെ അന്താരാഷ്ട്രസമ്മേളനത്തിനു ശേഷം 1953-ല്‍ കറുപ്പുനിര്മാണം ശാസ്ത്രീയമായ ആവശ്യങ്ങള്‍ക്കും ഔഷധത്തിനും വേണ്ടിമാത്രമായി പരിമിതപ്പെടുത്തുന്നതിനുള്ള ഒരു പെരുമാറ്റച്ചട്ടം ആവിഷ്കരിച്ചു.
യു.എന്നിന്റെ "കമ്മിഷന് ഓണ്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ്' 1958-ല്‍ മയക്കുമരുന്നുകളെ സംബന്ധിച്ച എല്ലാ ഉഭയകക്ഷിക്കരാറുകള്ക്കും പകരമായി ഒരു കരടുരേഖ പൂര്‍ത്തിയാക്കി.
സവിശേഷ സമിതികള്‍
സവിശേഷ സമിതികള്‍ക്ക് ഒരു പൊതുവായ സംഘടനാരൂപമുണ്ട്; എല്ലാ അംഗങ്ങളുമടങ്ങുന്ന ജനറല്‍ കോണ്‍ഫറന്‍സ്, അതില്‍നിന്നു തെരഞ്ഞെടുക്കുന്ന ഒരു എക്സിക്യൂട്ടീവ് ഡയറക്ടറുടെ കീഴിലുള്ള ഒരു സ്ഥിരം സെക്രട്ടറിയേറ്റ്. നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും തീരുമാനങ്ങള്‍ നടപ്പിലാക്കുകയുമാണ് എക്സിക്യൂട്ടീവിന്റെ ചുമതല. മിക്ക ഏജന്‍സികള്‍ക്കും പ്രാദേശിക ഉപസമിതികളുണ്ട്. സവിശേഷസമിതികളില് ചിലത് രണ്ടാം ലോകയുദ്ധത്തിനു മുമ്പു നിലനിന്നിരുന്നു. ചിലതെല്ലാം യുദ്ധകാലത്തും മറ്റു ചിലത് യു.എന്നിന്റെ ആഭിമുഖ്യത്തില്‍ യുദ്ധശേഷവും രൂപവത്കരിക്കപ്പെട്ടതാണ്. കൂടാതെ യു.എന്‍. ചാര്‍ട്ടറനുസരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര അടിസ്ഥാനവും വ്യാപ്തിയുമുള്ള ഏറെക്കുറെ മുന്നൂറോളം ഗവണ്മെന്റിതര സംഘടനകളുമായി എക്കോസോക്കിന് ഉപദേശകബന്ധമുണ്ട്.
ആശ്രിത പ്രദേശങ്ങള്‍
സ്വയംഭരണ പ്രദേശങ്ങളല്ലാത്ത ഭൂവിഭാഗങ്ങളെയും അവിടത്തെ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളെ യു.എന്‍. കൈകാര്യം ചെയ്യുന്നത് രണ്ടു രീതിയിലാണ്. ഒന്നാമതായി, വിവിധ-അധീശരാജ്യങ്ങളുടെ അധീനതയിലുള്ള സ്വയംഭരണ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ കൂട്ടർ പാലിക്കേണ്ട തത്ത്വങ്ങളും നടപടിക്രമങ്ങളും യു.എന്‍. അനുശാസിക്കുന്നു; രണ്ടാമതായി, യു.എന്‍. അതിന്റെ കീഴിൽ രൂപവത്കരിച്ച ട്രസ്റ്റിഷിപ്പു സംവിധാനത്തിലൂടെ ചില പ്രദേശങ്ങളെ നേരിട്ടു ഭരിക്കുന്നു.
ഭരണം
സാമ്പത്തിക ഭരണം
സെക്രട്ടറി ജനറൽ യു.എന്‍. സംഘടനയുടെ വാർഷികബജറ്റ് അവതരിപ്പിക്കുന്നു. ബജറ്റ് ചർച്ച ചെയ്യുന്നതും അംഗീകരിക്കുന്നതും ജനറൽ അസംബ്ലിയാണ് (യു.എന്‍. ചാർട്ടർ വകുപ്പ് 17). ജനറൽ അസംബ്ലി നിശ്ചയിക്കുന്ന ഓഹരിക്രമത്തിൽ അംഗങ്ങള്‍ യു.എന്നിന്റെ ചെലവു വഹിക്കുന്നു. ഓരോ രാജ്യത്തിന്റെയും സാമ്പത്തികനിലയും കഴിവുമനുസരിച്ചാണ് അതതിന്റെ ഓഹരി നിശ്ചയിക്കുന്നത്. യു.എസ്. ആണ് ഏറ്റവുംവലിയ തുക സംഭാവന ചെയ്യുന്നത്.
യു.എന്നിന്റെ സാധാരണ പ്രവർത്തനച്ചെലവ് 1946-ൽ 1,90,00,000 യു.എസ്. ഡോളറായിരുന്നത് 2012 ആയപ്പോള്‍ 298,70,00,000 യു.എസ്. ഡോളറായി ഉയർന്നു. പ്രത്യേക പരിപാടികള്‍, സവിശേഷ ഏജന്‍സികള്‍, സമാധാനസംരക്ഷണ പ്രവർത്തനങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് ഉള്ക്കൊള്ളിക്കാതുള്ളതാണ് ഇത്. സവിശേഷ സമിതികള്‍ക്ക് പ്രത്യേക ബജറ്റുണ്ട്. പ്രത്യേകപരിപാടികള്‍ പ്രവർത്തിപ്പിക്കുന്നത് അംഗങ്ങളുടെ സ്വമേധയാ സംഭാവനകളിലൂടെയാണ്.
2011-ലെ കണക്കനുസരിച്ച് ഐക്യരാഷ്ട്രസഭയുടെ ബജറ്റിന്റെ 22 ശതമാനം യു.എസ്.എ.യും 12.53 ശതമാനം ജപ്പാനും, 8.01 ശതമാനം ജർമനിയും 6.6 ശതമാനം യു.കെ.യും 6.12 ശതമാനം ഫ്രാന്‍സും 4,99 ശതമാനം ഇറ്റലിയും 3.07 ശതമാനം കാനഡയും 3.18 ശതമാനം ചൈനയും 3.17 ശതമാനം സ്പെയിനും 2.35 ശതമാനം മെക്സിക്കോയും വഹിക്കുന്നു. മറ്റു രാഷ്ട്രങ്ങള്‍ ചേർന്ന് 27 ശതമാനം വിഹിതം നല്കുന്നു.
ഉദ്യോഗസ്ഥ സംവിധാനം
യു.എന്നിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സെക്രട്ടറിയേറ്റ് നിയന്ത്രിക്കുന്നു. സെക്രട്ടറിയേറ്റംഗങ്ങള്‍ വിദഗ്ധരായ സ്ഥിരം ഉദ്യോഗസ്ഥന്മാരാണ്. ഭൂമിശാസ്ത്രപരമായി നീതിപൂർവകമായ പ്രാതിനിധ്യത്തിനു പ്രാധാന്യം നൽകിക്കൊണ്ട് "അർഹത'യുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനിയമനം നടത്തുന്നത്. ഉദ്യോഗസ്ഥന്മാർ യു.എന്‍.നോട് കൂറുപുലർത്തുമെന്ന പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. അംഗരാജ്യങ്ങളുടെ നിർദേശം അവർ സ്വീകരിക്കുവാന്‍ പാടില്ല.
1949-ൽ യു.എന്‍. ജനറൽ അസംബ്ലി ഒരു "യു.എന്‍. ഫീൽഡ് സർവീസും' "ഫീൽഡ് ഒബ്സർവർ പാനലും' രൂപവത്കരിച്ചു. രണ്ടും സെക്രട്ടറി ജനറലിന്റെ മേൽനോട്ടത്തിലാണ്. ഫീൽഡ് സർവീസ്, ലോകത്തിലെ വിവിധഭാഗങ്ങളിലുള്ള യു.എന്‍. ദൗത്യസംഘങ്ങളുടെ സുരക്ഷിതത്വകാര്യങ്ങള് നോക്കുന്നു. പാനലിന്റെ ജോലി ഉടമ്പടികള്‍ക്കു മേൽനോട്ടം വഹിക്കുകയും ജനഹിതപരിശോധന നിരീക്ഷിക്കുകയുമാണ്.
യു.എന്‍. ആസ്ഥാനം
യു.എന്‍.ആസ്ഥാനം ന്യൂയോർക്ക് നഗരമായിരിക്കണമെന്ന് ജനറൽ അസംബ്ലി അതിന്റെ ആദ്യസമ്മേളനത്തിൽ തീരുമാനിച്ചു. ന്യൂയോർക്കിൽ, ലോങ് ഐലന്‍ഡിലുള്ള "ലേക്ക് സക്സസിൽ' ആയിരുന്നു താത്കാലിക ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. മാന്‍ഹാട്ടനിൽ ജോണ്‍ ഡി. റോക്ക് ഫെലർ ജൂനിയർ നല്കിയ സ്ഥലത്ത് 1951-ൽ സ്ഥിരം സെക്രട്ടേറിയറ്റു മന്ദിരം പൂർത്തിയാക്കി, ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഘടനയും പ്രവർത്തനരീതിയും നയങ്ങളും പരിഷ്കരിക്കണമെന്ന ആവശ്യം കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. സെക്യൂരിറ്റി കൗണ്‍സിൽ അംഗത്വം വർധിപ്പിക്കുക, സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന രീതി മാറ്റുക, ഐക്യരാഷ്ട്രസഭയുടെ പാർലമെന്റ് അസംബ്ലി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിലനിൽക്കുന്നു. 1997-ൽ കോഫി അന്നന് ചില പരിഷ്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 2005-ൽ പരിഷ്കരണ മാർഗനിർദേശങ്ങള്‍ തയ്യാറാക്കാനായി ഐക്യരാഷ്ട്രസഭ തന്നെ ഒരു അന്തർദേശീയ സമ്മേളനം വിളിച്ചുചേർത്തു. ഇതിന്റെ റിപ്പോർട്ട് ചർച്ചയ്ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.