This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐക്യയൂറോപ്യന് പ്രസ്ഥാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഐക്യയൂറോപ്യന് പ്രസ്ഥാനം
European Unification Movement
യൂറോപ്പിലെ ജനങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും ഏകീകരിക്കുവാനായി രൂപവത്കൃതമായ പ്രസ്ഥാനം. ഇതിനുള്ള നിരവധി നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകളായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തിനുശേഷം ഫ്രഞ്ചുധനകാര്യമന്ത്രി അരിസ്റ്റെഡ് ബ്രിയാന്‍ഡ്, ഒരു "യൂറോപ്യന്‍ ഐക്യനാടുകള്‍' രൂപവത്കരിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. 1923-ല്‍ കൗണ്ട് റിച്ചാര്‍ഡ് കൗഡന്ഹോവ് കലേര്ജി എന്ന ആസ്ട്രിയക്കാരന്‍ ഒരു സാര്വയൂറോപ്യന് യൂണിയനു(Pan-European Union)വേണ്ടി വാദിച്ചു. ഈ ശ്രമങ്ങളൊന്നും ഫലവത്തായില്ല.
രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലെ രാജ്യങ്ങള്‍ കമ്യൂണിസ്റ്റ്, കമ്യൂണിസ്റ്റിതരം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. തുടര്‍ന്ന് പശ്ചിമയൂറോപ്യന്‍ ഏകീകരണത്തിനു ശക്തമായ നീക്കങ്ങളുണ്ടായി. ലോക രാഷ്ട്രീയത്തില്‍ യു.എസ്സിനോടും യു.എസ്.എസ്.ആറിനോടും കിടനില്ക്കത്തക്കവിധം യൂറോപ്പിന്റെ നില ഭദ്രമാക്കുവാനുള്ള അഭിലാഷം, ഒരു ഏകീകൃതസമ്പദ്വ്യവസ്ഥയുടെ ഗുണം ലഭിക്കണമെന്ന ആഗ്രഹം ഇവയായിരുന്നു ഐക്യപ്രസ്ഥാനത്തിന്റെ പ്രരകോപാധികള്. പശ്ചിമയൂറോപ്യന്‍ സംഘടനകള്‍. 1944-ല്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളുടെ "ഒളി' ഗവണ്മെന്റുകള് ലണ്ടനില്ച്ചേര്ന്ന് ആഭ്യന്തരതടസ്സങ്ങള് നീക്കി ഇതരരാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഒരു "പൊതുതീരുവ' ഏര്‍പ്പെടുത്തിക്കൊണ്ട് ഒരു കസ്റ്റംസ് യൂണിയന് രൂപവത്കരിക്കുവാന്‍ തീരുമാനിച്ചു. വിമോചനത്തിനുശേഷം 1946-ല്‍ ഒരു സമ്പൂര്‍ണ സാമ്പത്തികയൂണിയന് സൃഷ്ടിക്കുന്നതിന് അവര്‍ സമ്മതിച്ചു. "ബെനെലക്സ്' (Benelux- ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ് ഇവയെ സൂചിപ്പിക്കുന്ന പേര്) വളരെ പുരോഗതി നേടിയെങ്കിലും സാമ്പത്തികലയനത്തെ മന്ദീഭവിപ്പിച്ച പല ബുദ്ധിമുട്ടുകളും ഇതിന് നേരിടേണ്ടിവന്നു.
1947-ല്‍ യു.എസ്. സഹായ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പുനരുദ്ധാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് മിക്ക പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളും ഒത്തുചേര്‍ന്നു. 1948-ല്‍ അവര്‍ "ഓര്ഗനൈസേഷന് ഫോര്‍ യൂറോപ്യന്‍ ഇക്കണോമിക് കോ-ഓപ്പറേഷന് (യൂറോപ്യന്‍ സാമ്പത്തിക സഹകരണസംഘടന-ഒ.ഇ.ഇ.സി.) സംഘടിപ്പിച്ചു. ഒ.ഇ.ഇ.സി.-ക്ക് ദേശീയ സാമ്പത്തിക നയങ്ങളിന്മേല് ഒരളവുവരെ സ്വാധീനതയുണ്ടായിരുന്നു. 1950-ല്‍ ഇതിലെ അംഗരാജ്യങ്ങള്‍ യൂറോപ്യന്‍ പേമെന്റ്സ് യൂണിയന് (ഇ.പി.യു.) രൂപവത്കരിച്ചു. ഇ.പി.യു. അന്തര്യൂറോപ്യന്വ്യാപാരത്തെയും "പണമൊടുക്കി'(Payment)നെയും അനായാസമാക്കി. 1958 അവസാനത്തില്‍ മിക്ക യൂറോപ്യന്‍ നാണയങ്ങളുടെയും വിദേശവിനിമയക്ഷമത (external-convertibility)
പുനഃസ്ഥാപിക്കപ്പെട്ടതോടെ ഇ.പി.യു.വിനു പകരം യൂറോപ്യന്‍ മോണിറ്ററി എഗ്രിമെന്റ് സംസ്ഥാപിതമായി.
ഇതിനിടയ്ക്ക് 1948-ല്‍ "ബെനെലക്സ്' രാജ്യങ്ങളും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് "ബ്രസ്സല്‍സ് ട്രീറ്റി ഓര്ഗനൈസേഷന്' രൂപവത്കരിച്ചു. ആക്രമണകാലത്ത് പരസ്പരസഹായം നല്‍കുക, സാമൂഹിക-സാമ്പത്തിക-സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. 1954-ല്‍ പശ്ചിമജര്മനിയെയും ഇറ്റലിയെയും അംഗങ്ങളായി ചേര്‍ത്തുകൊണ്ട് ഇതിനെ വെസ്റ്റേണ്‍ യൂറോപ്യന്‍ യൂണിയന് (ഡബ്ല്യു.ഇ.യു.) എന്ന പേരില്‍ പുനഃസംഘടിപ്പിച്ചു. 1940 ആരംഭത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉന്നയിച്ച നിര്‍ദേശങ്ങളെ മുഖ്യമായും ആധാരമാക്കി ഒരു അനൗദ്യോഗികസംഘടനയായ "യൂറോപ്യന്‍ മൂവ്മെന്റ്' നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1949 മേയ് 5-ന് "കൗണ്‍സില്‍ ഒഫ് യൂറോപ്പ്' രൂപവത്കരിക്കപ്പെട്ടു. "പൊതുതാത്പര്യമുള്ള പ്രശ്നങ്ങളെ സംബന്ധിച്ച ചര്‍ച്ചകളിലൂടെയും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക-ശാസ്ത്രീയനിയമ ഭരണപരകാര്യങ്ങളില് സമാന പ്രവര്‍ത്തനത്തിലുള്ള യോജിപ്പിലൂടെയും' യൂറോപ്യന്‍ ഐക്യം ഊട്ടിവളര്ത്തുകയായിരുന്നു ഇതിന്റെ ഉന്നം. ടര്‍ക്കി, ആസ്ട്രിയ, ബെല്‍ജിയം, സൈപ്രസ്, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ഐസ്ലന്ഡ്, പശ്ചിമജര്‍മനി, ഗ്രീസ്, അയര്‍ലണ്ട്, ഇറ്റലി, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്വീഡന്, സ്വിറ്റ്സര്‍ലണ്ട്, ബ്രിട്ടന് എന്നീ 18 രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍. ഈ കൗണ്‍സില്‍ ആരംഭിച്ച വളരെ കുറച്ചു പരിപാടികളില്‍ പ്രധാനമായത് "മനുഷ്യാവകാശങ്ങളും മൗലികസ്വാതന്ത്യ്രങ്ങളും സംരക്ഷിക്കുന്നതിനുള്ള കണ്വെന്ഷന്' ആയിരുന്നു. എന്നാല്‍ യൂറോപ്പിന്റെ രാഷ്ട്രീയ ഏകീകരണത്തിന്റെ കേന്ദ്രബിന്ദുവായിത്തീരാന് ഈ സംഘടനയ്ക്ക് സാധിച്ചില്ല.
ചെറിയ യൂറോപ്പ് (Little Europe). ഒ.ഇ.ഇ.സി.-യുടെയും കൗണ്‍സില്‍ ഒഫ് യൂറോപ്പിന്റെയും പൊതുസ്വഭാവം അവയുടെ രണ്ടിന്റെയും മിക്ക നടപടികള്‍ക്കും എല്ലാ തത്പരരാഷ്ട്രങ്ങളുടെയും അംഗീകാരം ആവശ്യമായിരുന്നു എന്നതാണ്. കാര്യങ്ങള്‍ കുറേക്കൂടെ ശീഘ്രമായി നടക്കണമെന്നാഗ്രഹിച്ച ആറു രാഷ്ട്രങ്ങള്‍ ഫ്രാന്‍സ്, പശ്ചിമജര്‍മനി, ഇറ്റലി, ബെനെലക്സ് രാജ്യങ്ങള്‍-ചേര്‍ന്ന്, തങ്ങളുടെ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം ദൃഢതരമാക്കുന്നതിന് പല നടപടികളുമെടുത്തു. ഈ ആറു രാജ്യങ്ങളും ചേര്‍ന്ന "ലിറ്റില്‍ യൂറോപ്പ്' 1950-മേയില്‍ ആരംഭിച്ചു. യൂറോപ്യന്‍ കോള്‍ ആന്‍ഡ് സ്റ്റീല്‍ കമ്യൂണിറ്റി (ഇ.സി.എസ്.സി.-1952), യൂറോപ്യന്‍ ഡിഫെന്‍സ് കമ്യൂണിറ്റി (ഇ.ഡി.സി.), യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്യൂണിറ്റി (ഇ.പി.സി.) എന്നീ സംഘടനകളുടെ രൂപവത്കരണം ചെറിയ യൂറോപ്പ് പ്രസ്ഥാനത്തിന്റെ ഫലമാണ്. 1957-ല്‍ റോമില്‍വച്ച് ഒപ്പുവച്ച രണ്ടു കരാറുകളനുസരിച്ച് യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റി (ഇ.ഇ.സി.), യൂറോപ്യന്‍ അറ്റോമിക് എനര്ജികമ്യൂണിറ്റി (യുറാറ്റം-EURATOM) എന്നീ രണ്ടു സംഘടനകള്‍ക്കുകൂടി രൂപംനല്കി.
ബ്രിട്ടനും ഏഴ് പുറംരാജ്യങ്ങളും. ഒ.ഇ.ഇ.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടന് ക്രിയാത്മകമായി പങ്കെടുത്തിരുന്നുവെങ്കിലും ഇ.സി.എസ്.സി., ഇ.ഇ.സി., "യുറാറ്റം' എന്നീ സംഘടനകളില്‍നിന്നും അകന്നുനിന്നു. കാരണം, ഈ സംഘടനകളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ദേശീയപരമാധികാരം ഭാഗികമായി ഉപേക്ഷിക്കുകയും യൂറോപ്യന്‍ ഫെഡറേഷന് എന്ന ലക്ഷ്യം അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ബ്രിട്ടന് ഇതിന് തയ്യാറായിരുന്നില്ല. ബ്രിട്ടന്, സ്വീഡന്, ഡെന്മാര്ക്ക്, നോര്‍വേ, സ്വിറ്റ്സര്‍ലണ്ട്, ആസ്ട്രിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ 1959-ല്‍ ഇ.ഇ.സി.ക്കു പുറത്തു തങ്ങളുടേതായ ഒരു സ്വതന്ത്രവ്യാപാരമേഖല രൂപവത്കരിച്ചു. ഇ.ഇ.സി.യുമായി, ഒരു പുതിയ വിദേശവ്യാപാരക്രമത്തെ സംബന്ധിച്ച് കൂടിയാലോചിക്കുന്നതിനായി ഈ രാജ്യങ്ങള്‍ ചേര്‍ന്ന് 1960 മേയ് 3-ന് ഒരു യൂറോപ്യന്‍ ഫ്രീട്രഡ് അസോസിയേഷന് (ഇ.എഫ്.റ്റി.എ.-എഫ്റ്റാ) രൂപം നല്കി.
യൂറോപ്യന്‍ കമ്യൂണിറ്റികള്‍. യൂറോപ്യന്‍ കോള്‍ ആന്ഡ്സ്റ്റീല് കമ്യൂണിറ്റി, യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റി (കോമണ്‍ മാര്‍ക്കറ്റ്), യൂറോപ്യന്‍ അറ്റോമിക് എനര്ജികമ്യൂണിറ്റി എന്നിവ കൂടിച്ചേര്‍ന്ന കൂട്ടായ സംജ്ഞയാണ് യൂറോപ്യന്‍ കമ്യൂണിറ്റികള്‍. 1967 ജൂല. 1-ന് നിലവില്‍വന്ന ഈ സംഘടനയുടെ ആസ്ഥാനം ബെല്‍ജിയത്തിലെ ബ്രസ്സല്‍സ് ആണ്. ബെല്‍ജിയം, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ഫെഡറല്‍ റിപ്പബ്ലിക്ക് ഒഫ് ജര്‍മനി, അയര്‍ലണ്ട്, ഇറ്റലി, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, ബ്രിട്ടന് എന്നിങ്ങനെ ഒമ്പതു യൂറോപ്യന്‍ രാഷ്ട്രങ്ങളാണ് ഇതിലുള്ളത്.
ഏകീകരണം കിഴക്കന്‍യൂറോപ്പില്‍. കമ്യൂണിസ്റ്റ് നിയന്ത്രണവും യു.എസ്.എസ്.ആറിന്റെ പ്രാമുഖ്യവും കിഴക്ക് യൂറോപ്പിന്റെ ഐക്യത്തെ പടിഞ്ഞാറന്‍ യൂറോപ്പിന്റേതില്നിന്നും രാഷ്ട്രീയമായി വളരെ വ്യത്യസ്തമാക്കിയിരുന്നു. ദേശീയ സമ്പദ്വ്യവസ്ഥയിന്മേലുള്ള കര്‍ശനമായ ഗവണ്മെന്റ് നിയന്ത്രണവും സമഗ്രമായ ദേശീയ പദ്ധതികളും ഈ വ്യത്യാസത്തിന് കാരണമായി. ഈ രാജ്യങ്ങളിലെ സാമ്പത്തിക കരാറുകളില്‍ മിക്കവയും ദ്വിപക്ഷ കൂട്ടുകെട്ടുകളിലൂടെ സൃഷ്ടിച്ചവയായിരുന്നു. 1949 ആരംഭത്തില്‍ ഒ.ഇ.ഇ.സി.-ക്കു പകരമെന്ന നിലയില്‍ യു.എസ്.എസ്.ആര്., പോളണ്ട്, ചെക്ക്സ്ലോവാക്കിയ, പൂര്‍വജര്‍മനി, ബള്‍ഗേറിയ, റുമാനിയ, ഹംഗറി, അല്‍ബേനിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് കൗണ്‍സില്‍ ഒഫ് മ്യൂച്വല്‍ ഇക്കണോമിക് എയ്ഡ് (സി.എം.ഇ.എ.) എന്നൊരു സംഘടന ഉണ്ടാക്കി. ഇതിന്റെ സ്ഥിരം സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം നടത്തിയിരുന്നത് മോസ്കോയില്‍ സമ്മേളിക്കുന്ന അംഗരാജ്യപ്രതിനിധിസഭയുടെ നിര്‍ദേശപ്രകാരമായിരുന്നു.
യൂറോപ്യന്‍ യൂണിയന്. യൂറോപ്യന്‍ യൂണിയന്റെ നാഴികക്കല്ലുകളായ മൂന്ന് ഉടമ്പടികളാണ് മാസ്ട്രിച്ചന്റ് ഉടമ്പടി (1992 - 93), ആംസ്റ്റര്‍ഡാം ഉടമ്പടി (1997 - 99), നൈസ് ഉടമ്പടി (2001-03) എന്നിവ. യൂറോപ്യന്‍ യൂണിയന് 2009-ല്‍ ഒപ്പുവച്ച ലിസ്ബണ്‍ ഉടമ്പടി നവീകരണ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു. യൂറോപ്പിലെ 27 രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഇതില്‍ അംഗങ്ങളാണ്. അംഗത്വം ലഭിക്കുന്നതിനായി ആറുരാജ്യങ്ങള് അപേക്ഷ നല്കി കാത്തിരിക്കുന്നുണ്ട്. അംഗരാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക, രാഷ്ട്രീയ കൂട്ടായ്മകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സാമ്പത്തിക സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെ പരസ്പരാശ്രയത്വം വര്‍ധിക്കുകയും സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. യൂണിയനാകമാനം ഒറ്റമാര്ക്കറ്റും അതിന്റെ വിനിമയത്തിനായി യൂറോയും (പൊതുനാണയം) ഏര്‍പ്പെടുത്തി.
അരനൂറ്റാണ്ടിലേറെയായി സമാധാനവും സുസ്ഥിരതയും വികസനവും ഉയര്‍ന്ന ജീവിതനിലവാരവും നിലനിര്‍ത്തുന്നതില്‍ ഈ പ്രസ്ഥാനം വിജയിച്ചിട്ടുണ്ട്. അംഗരാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഇല്ലാതാകുകയാല് ഇതില്‍ ഏതു രാജ്യത്തേക്കു പോകുന്നതിനും ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനും സാധ്യമായിരിക്കുന്നു. എല്ലാ അംഗരാജ്യവുമംഗീകരിച്ചിട്ടുള്ള നിയമവ്യവസ്ഥയിലധിഷ്ഠിതമാണ് ഭരണസംവിധാനം.
ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക, അഭിമാനം, സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. 2009-ലെ ലിബ്സന്‍ ഉടമ്പടിയോടെ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാര്‍ട്ടര്‍ ഒഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് നിയമപരമായി അനുസരിക്കാന്‍ അംഗരാജ്യങ്ങള്‍ ബാധ്യസ്ഥരാവുകയായിരുന്നു.
അംഗരാജ്യങ്ങളിലെ പാര്‍ലമെന്റുകളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ യൂറോപ്യന്‍ പാര്‍ലമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ബ്രസല്‍സ്, ലക്സംബര്‍ഗ്, സ്റ്റ്രാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് ഇതിന്റെ ആസ്ഥാനങ്ങള്‍. ജനാധിപത്യരീതിയില്‍ ഇലക്ഷന് സംവിധാനത്തിലൂടെയാണ് അംഗങ്ങളെ (മെമ്പര്‍ ഒഫ് യൂറോപ്യന്‍ പാര്‍ലമെന്റ്) തിരഞ്ഞെടുക്കുന്നത്. അംഗരാജ്യങ്ങളിലെ ഗവണ്മെന്റുകളെ പ്രതിനിധീകരിക്കുന്ന അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് കൗണ്‍സില്‍ ഒഫ് യൂറോപ്യന്‍ യൂണിയന്. ഇതിന്റെ ആസ്ഥാനം ബ്രസല്‍സില്‍ ആണ്. റൊട്ടേഷന്‍ വ്യവസ്ഥയില്‍ അംഗരാജ്യങ്ങളില്‍നിന്ന് ഇതിന്റെ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നു. എല്ലാ അംഗരാജ്യങ്ങളുമുള്പ്പെടുന്നതാണ് യൂറോപ്യന്‍ കമ്മിഷന്. ബ്രസല്‍സ്, ലക്സംബര്‍ഗ് എന്നിവിടങ്ങളിലാണ് ഇതിന്റെ ആസ്ഥാനങ്ങള്‍. ഈ മൂന്നുവിഭാഗങ്ങളും (യൂറോപ്യന്‍ പാര്‍ലമെന്റ്, കൗണ്‍സില്‍ ഒഫ് യൂറോപ്യന്‍ യൂണിയന്, യൂറോപ്യന്‍ കമ്മിഷന്) ചേര്‍ന്നാണ് രാഷ്ട്രീയകാര്യങ്ങള്‍, നിയമനിര്‍മാണം, ഭരണനിര്‍വഹണം എന്നിവ പ്രാവര്‍ത്തികമാക്കുന്നത്.
ബ്രസല്‍സ് ആസ്ഥാനമായ യൂറോപ്യന്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസും കോര്‍ട്ട് ഒഫ് ഓഡിറ്റേഴ്സും ആണ് മറ്റു പ്രധാനപ്പെട്ട രണ്ടു സ്ഥാപനങ്ങള്‍. ഇത് കൂടാതെ യൂറോപ്യന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിറ്റി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ ഓംബുഡ്സ്മാന്, യൂറോപ്യന്‍ സ്കൂള്‍ ഒഫ് അഡ്മിനിസ്ട്രഷന്, യൂറോപ്യന്‍ എക്സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസ്, യൂറോപ്യന്‍ പെഴ്സണല്‍ സെലക്ഷന് ഓഫീസ് തുടങ്ങിയവയാണ് മറ്റു പ്രധാന ഏജന്‍സികള്‍. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളില്‍ നിന്നായി 4,000 ജീവനക്കാര്‍ യൂറോപ്യന്‍ യൂണിയന്റെ വിവിധ ഓഫീസുകളിലായി ജോലിചെയ്യുന്നു. യൂറോപ്യന്‍ പെഴ്സണല്‍ സെലക്ഷന് (EPSO) ഓഫീസാണ് പൊതുമത്സരപരീക്ഷകളിലൂടെ നിയമനച്ചുമതലകള് നിര്‍വഹിക്കുന്നത്. അംഗരാജ്യങ്ങളിലെ വ്യക്തികള്‍ക്ക് ഇതിനപേക്ഷിക്കാവുന്നതാണ്.
നീലപശ്ചാത്തലത്തില്‍ പന്ത്രണ്ട് നക്ഷത്രങ്ങളെ ഉള്‍ക്കൊള്ളുന്ന വൃത്തമാണ് യൂറോപ്യന്‍ യൂണിയന്റെ ഔദേ്യാഗിക ചിഹ്നം. ബിഥോവന് (Beethovan)1823-ല്‍ കമ്പോസ് ചെയ്ത "നയന്ത് സിംഫണിയാണ്' യൂറോപ്യന്‍ ദേശീയഗാനം. മേയ് 9 ആണ് യൂറോപ്യന്‍ ഡേ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. 1950 മേയ് 9-ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രിയായിരുന്ന റോബര്‍ട്ട് ഷൂമാന് ആണ് ഇത്തരമൊരാശയം ആദ്യമായി മുന്നോട്ടുവച്ചത്.
നാനാത്വത്തിലും ഒന്നിച്ചുനില്‍ക്കുക (യുണൈറ്റഡ് ഇന്ഡൈവേഴ്സിറ്റി) എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ മോട്ടോ.