This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏറ്റെറിജിഫോർമീസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏറ്റെറിജിഫോര്‍മീസ്
Apterygiformes
ന്യൂസിലന്‍ഡില്‍ മാത്രം കാണപ്പെടുന്നതും പറക്കാന്‍ കഴിവില്ലാത്തതുമായ പക്ഷികളുടെ ഒരു ഗോത്രം. "കീവി' എന്ന് സാധാരണ അറിയപ്പെടുന്ന ഈ പക്ഷികള്‍ ഏറ്റെ റിജിഫോര്‍മീസ് ഗോത്രത്തിലെ ഏക കുടുംബമായ ഏറ്റെ റിജിഡേയിലെ അംഗങ്ങളാണ്. "ചിറകുകള്‍ ഇല്ലാത്തത്' എന്നാണ് "ഏറ്റെറിക്‌സ്' എന്ന വാക്കിനര്‍ഥം.
പക്ഷിപരിണാമ(Evolution of Birds)ത്തിന്റെ താഴത്തെ പടികളില്‍മാത്രം സ്ഥാനം ലഭിച്ചിട്ടുള്ള റാറ്റെറ്റുകളില്‍ (വക്ഷോസ്ഥിയില്‍ "കീല്‍' എന്ന കേന്ദ്രഭാഗം ഇല്ലാത്തവ) ഇന്നു ജീവിച്ചിരിക്കുന്ന മറ്റു നാല് കുടുംബാംഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും വലുപ്പം കുറഞ്ഞ പക്ഷിയാണ് കീവി. വലുപ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റു പല ശരീരഘടനാസവിശേഷതകളിലും ഇവ തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. ഇക്കാരണത്താല്‍ ഖഗ പരിണാമവൃക്ഷത്തില്‍ (Evolutionary tree) കീവിയുടെ സ്ഥാനം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതാണ്ട് 700 വര്‍ഷം മുമ്പുവരെ ന്യൂസിലന്‍ഡില്‍ ഇവയോടൊപ്പം കഴിഞ്ഞിരുന്നതും ഇന്ന് നാമാവശേഷവുമായ മോവാപ്പക്ഷികള്‍ ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കളായിരുന്നു എന്നു പറയാം.
ജീവിച്ചിരിക്കുന്ന മൂന്നു സ്‌പീഷീസുകള്‍ മാത്രമാണ് കീവി കുടുംബത്തെയും ഗോത്രത്തെയും ഇന്നു പ്രതിനിധാനം ചെയ്യുന്നത്: കോമണ്‍ ബ്രൗണ്‍ കീവി (Apteryx australis), ഗ്രറ്റ്-സ്‌പോട്ടഡ് കീവി (Apteryx haastil), ലിറ്റില്‍ സ്‌പോട്ടഡ് കീവി (Apteryx oweni). മറ്റു രണ്ടു സ്‌പീഷീസുകളുടെ ഫോസിലുകള്‍ പ്ലീസ്റ്റോസീന്‍ ശേഖരങ്ങളില്‍ കാണപ്പെടുന്നു. ഇക്കഴിഞ്ഞ ശതാബ്‌ദത്തില്‍ കീവിപ്പക്ഷികളുടെ എണ്ണം നന്നേ ചുരുങ്ങിയിട്ടുണ്ട്. കൃഷിക്കായി ന്യൂസിലന്‍ഡിലെ കാടുകള്‍ വെട്ടിത്തെളിച്ചതാണ് ഇവയുടെ നാശത്തിനുള്ള ഒരു പ്രധാനകാരണം. എന്നാല്‍ ഇന്ന് ഇവ സംരക്ഷിതവര്‍ഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കാഴ്‌ചയില്‍ കീവിക്ക് മറ്റു പക്ഷികളോട് യാതൊരു ആകാരസാദൃശ്യവുമില്ല എന്നുതന്നെ പറയാം; ശരീരവും കാലും ചുണ്ടും മാത്രമുള്ള എന്തോ ഒരു ജീവി എന്നേ ആദ്യനോട്ടത്തില്‍ തോന്നൂ. കോഴിയോളം വലുപ്പം വരുന്ന കീവിയുടെ കാലുകള്‍ താരതമ്യേന ചെറുതാണെങ്കിലും ബലവത്താണ്. കാലില്‍ നാലു വിരലുകളുണ്ട്. കാലുകള്‍ തമ്മിലുള്ള അകലം കൂടുതലായതിനാല്‍ ഇവയുടെ ഓട്ടം കൗതുകകരമായ ഒരു കാഴ്‌ചയല്ല.
കഷ്‌ടിച്ച് അഞ്ച് സെ. മീ. വലുപ്പം വരുന്ന ചിറകുകള്‍ രോമസദൃശമായ തൂവലുകള്‍ക്കടിയില്‍ മറഞ്ഞിരിക്കുന്നു. ചിറകിലോ വാലിലോ തൂവലുകള്‍ കാണപ്പെടുന്നില്ല. ഇവയുടെ തവിട്ടുനിറവും ചാരനിറവുമുള്ള തൂവലുകളില്‍ "ഇന്റര്‍ലോക്കിങ് ബാര്‍ബ്യൂളുകള്‍' ഇല്ലാത്തതിനാല്‍ തൂവലുകള്‍ രോമത്തോട് സാദൃശ്യമുള്ളവയാണ്. ഈ തൂവലുകള്‍കൊണ്ട് ശരീരം മുഴുവന്‍ നല്ല കട്ടിയില്‍ പൊതിഞ്ഞിരിക്കുന്നു. ചിറകുകള്‍ക്കു തൊട്ടുതാഴെയായി വളരെ കുറച്ചുഭാഗം തൂവലുകളില്ലാതെയുണ്ട്. നിദ്രാവേളയില്‍ കീവി തലയും ചുണ്ടും കടത്തിവയ്‌ക്കുന്നത് ഈ ഭാഗത്താകുന്നു.
പക്ഷിയുടെ ആകെ നീളത്തിന്റെ മൂന്നിലൊന്നോളം വരുന്ന നീണ്ടു വളഞ്ഞു കൂര്‍ത്ത കൊക്കിന്റെ അറ്റത്താണ് നാസാരന്ധ്രങ്ങള്‍ കാണപ്പെടുന്നത്. ഇപ്രകാരം കൊക്കിന്റെ അറ്റത്തായി നാസാരന്ധ്രങ്ങളുള്ള മറ്റൊരു പക്ഷിയും പക്ഷിവര്‍ഗത്തിലില്ല. ഘ്രാണശക്തി ഇവയ്‌ക്ക് വളരെ കൂടുതലുണ്ട്. ഭക്ഷണം തേടുന്നതില്‍ കീവി ഘ്രാണശക്തിയെ മാത്രമേ ആശ്രയിക്കുന്നുള്ളൂവെന്നു പറയാം. മണ്ണിനടിയിലുള്ള ഇരയെപ്പോലും മണത്തറിയാന്‍ ഇവയ്‌ക്കു കഴിയും. രാത്രിഞ്ചരനായ കീവിയുടെ കണ്ണുകള്‍, മൂങ്ങ തുടങ്ങിയ മറ്റു രാപ്പക്ഷികളില്‍നിന്ന് വ്യത്യസ്‌തമായി, വളരെ ചെറുതാണ്. ഇതിന്റെ കാഴ്‌ചയും പരിമിതംതന്നെ. എന്നാല്‍ ഈ കുറവ് പരിഹരിക്കാന്‍പാകത്തില്‍ ഘ്രാണശക്തിയും സ്‌പര്‍ശനശക്തിയും വികസിതമായിരിക്കുന്നു. ഉദ്ദേശം 15 സെ.മീ. നീളമുള്ള കൊക്കിന്റെ അടിയറ്റത്തായി കാണപ്പെടുന്ന നീണ്ട് കട്ടിയുള്ള രോമങ്ങള്‍ സ്‌പര്‍ശനാവയവങ്ങളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മണ്ണിര, പുഴുക്കള്‍, കീടങ്ങള്‍, ലാര്‍വകള്‍, മറ്റു ചെറിയ അകശേരുകികള്‍, മൃദുഫലങ്ങള്‍, ഇലകള്‍ തുടങ്ങിയവയാണ് കീവിയുടെ പ്രധാന ഭക്ഷണസാധനങ്ങള്‍. ഇടതിങ്ങിയ ചതുപ്പുകാടുകളിലാണ് ഇവ ജീവിക്കുന്നത്. പരന്നുവളരുന്ന വേരുകള്‍ക്കടിയിലോ തറയില്‍ കുഴിക്കുന്ന മാളങ്ങളിലോ പകല്‍ സമയം കഴിച്ചുകൂട്ടുന്ന പക്ഷി രാത്രിയാകുന്നതോടെ ആഹാരസമ്പാദനാര്‍ഥം വെളിയിലിറങ്ങുന്നു. നിഷ്‌പ്രയാസം വളയ്‌ക്കാവുന്ന കൊക്കുകൊണ്ട് മണ്ണിളക്കി ഭക്ഷണം തേടുന്നതോടൊപ്പം "കീ-ീ-വി' എന്ന് നീട്ടിവിളിക്കുകയും ചെയ്യും. "കീവി' എന്ന് ഇതിന് പേരുവരാനുള്ള കാരണവും ഇതുതന്നെ.
തറയില്‍ കുഴിച്ചുണ്ടാക്കുന്ന കൂടിനുള്‍വശത്ത് ഇവ മുട്ടയിടുന്നു. ഒരു തവണ ഒരു മുട്ടയിടുക എന്നതാണ് സാധാരണ പതിവ്. എന്നാല്‍ അപൂര്‍വമായി രണ്ടും കാണാറുണ്ട്. മുട്ടയ്‌ക്ക് വെള്ളനിറമായിരിക്കും; പൂര്‍ണവളര്‍ച്ചയെത്തിയ ഒരു പെണ്‍പക്ഷിയുടെ കാല്‍ഭാഗം ഭാരവും ഉദ്ദേശം 13 സെ.മീ. നീളവുമുണ്ടാവും. പക്ഷിയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍, അറിയപ്പെടുന്നതില്‍ ഏറ്റവും വലിയ മുട്ട കീവിയുടേതുതന്നെ. ആണ്‍പക്ഷി മാത്രമേ അടയിരിക്കൂ. മുട്ട വിരിയുന്നതിന് 75-80 ദിവസം വേണ്ടിവരും.
എല്ലാ മേഖലകളിലും സ്വരാജ്യത്തിന്റെ ചിഹ്നമായി മാറിയിട്ടുള്ള ഏകപക്ഷിയാണ് കീവി. "പരമാധികാരചിഹ്ന'ത്തിലെ (Dominion Seal) പ്രധാന അടയാളം കൂടിയായ കീവി ന്യൂസിലന്‍ഡിലെ നാണയങ്ങളിലും തപാല്‍ സ്റ്റാമ്പുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.