This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏറ്റെറിഗോട്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏറ്റെറിഗോട്ട
Apterygota
ഇന്‍സെക്‌റ്റുകളുടെ ഒരു ഉപവര്‍ഗം; ജീവിതചക്രത്തില്‍ കായാന്തരണം (metamorphosis) സംഭവിക്കാത്തതും പൂര്‍ണ വളര്‍ച്ചയെത്തിയ ജീവിയില്‍ ചിറകുകള്‍ ഇല്ലാത്തതുമായ ഇന്‍സെക്‌റ്റുകളാണ് ഇതിലെ അംഗങ്ങള്‍. ഇന്‍സെക്‌റ്റാവര്‍ഗത്തിന് രണ്ടുപവര്‍ഗങ്ങളാണുള്ളത്: ഏറ്റെറിഗോട്ടയും റെറ്റിഗോട്ടയും. ഇതില്‍ പരിണാമപരമായി താഴത്തെപടിയിലാണ് ഏറ്റെറിഗോട്ട. കരയില്‍ കാണുന്നതും ചിറകില്ലാത്തതുമായ ഏത് ഇന്‍സെക്‌റ്റിനെയും വിവരിക്കുന്നതിന് "എറ്റെറ' (Aptera) എന്ന പദം വളരെ പണ്ടു മുതല്‍ക്കുതന്നെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത് "ഏറ്റെറിഗോട്ട'യില്‍ നിന്ന് ഭിന്നമാണ്. ചിറകുകളില്ലാതിരുന്നതും പ്രാകൃതാവസ്ഥയിലായിരുന്നതുമായ പൂര്‍വികരില്‍ നിന്ന്, ചിറകുകളുണ്ടാകുന്നതിനു മുമ്പുതന്നെ, ഉരുത്തിരിഞ്ഞവയാണ് ഏറ്റെറിഗോട്ട ഉപവര്‍ഗത്തിലെ ഇന്‍സെക്‌റ്റുകള്‍. ഇവ ലോകമെങ്ങും കാണപ്പെടുന്നു. നാമമാത്രമായ ഉദരോപാംഗങ്ങള്‍ ഇവയുടെ പ്രത്യേകതയാണ്.
തൈസനൂറ, പ്രാട്യൂറ, കോളംബോള ഇങ്ങനെ മൂന്ന് ഗോത്രങ്ങളായി ഏറ്റെറിഗോട്ടയെ വിഭജിച്ചിരിക്കുന്നു.
1. തൈസനൂറ. ഉദരത്തില്‍ പതിനൊന്നു ഖണ്ഡങ്ങളുള്ള ഈ ഇന്‍സെക്‌റ്റുകള്‍ക്ക് മിക്ക ഉദരഖണ്ഡങ്ങളിലും ഉപാംഗങ്ങളുണ്ടായിരിക്കും. ഗുദഖണ്ഡത്തില്‍ നേര്‍ത്തതും പല ഖണ്ഡങ്ങള്‍ ചേര്‍ന്നതുമായ രണ്ടോ മൂന്നോ സെഴ്‌സൈയും (cerci) കാണപ്പെടുന്നു. സങ്കീര്‍ണനേത്രങ്ങള്‍ ഈ ഇനത്തിലെ ചില ഇന്‍സെക്‌റ്റുകളില്‍ ഉണ്ടാവുകയില്ല. ഇരട്ടവാലന്‍ (Lepisma-'Silverfish') ഈ ഗോത്രത്തിലെ ഒരു അംഗമാണ്. ജേപ്പിക്‌സ്, മാക്കിലിസ്, കാംപോഡിയ എന്നിവയാണ് മറ്റു ജീനസുകള്‍. നോ. ഇരട്ടവാലന്‍
2. പ്രാട്യൂറ. പന്ത്രണ്ട് ഉദരഖണ്ഡങ്ങളുള്ളതും വളരെ ചെറുതുമായ ഏറ്റെറിഗോട്ടകള്‍. ആദ്യത്തെ മൂന്നു ഖണ്ഡങ്ങളിലും ഓരോ ജോടി ഉപാംഗങ്ങള്‍ കാണപ്പെടുന്നു. ആന്റെനകളോ സങ്കീര്‍ണനേത്രങ്ങളോ ഇവയില്‍ കാണുകയില്ല. തുരക്കുന്നതിനു പറ്റിയതാണ് ഇവയുടെ വദനഭാഗങ്ങള്‍. ജീവിതചക്രത്തില്‍ കായാന്തരണത്തിന്റെ നേരിയ ലാഞ്‌ഛന കണ്ടെത്താം.
ഏസെറന്റോമിഡേ, ഇയോസെന്റോമിഡേ എന്നിങ്ങനെ രണ്ടു കുടുംബങ്ങള്‍ ഇതിലുള്‍പ്പെടുന്നു.
3. കോളംബോള. ആറോ അതില്‍ കുറവോ ഉദരഖണ്ഡങ്ങളുള്ള ഏറ്റെറിഗോട്ടകളാണ് ഈ ഗോത്രത്തില്‍പ്പെടുന്നത്. ജോടിയായുള്ള ഉപാംഗങ്ങള്‍ ഇവയില്‍ കാണപ്പെടുന്നില്ല. എന്നാല്‍ അവസാനത്തെയോ അതിനു തൊട്ടുമുമ്പോ ഉള്ള ഉദരഖണ്ഡത്തില്‍ ചാടുന്നതിനു സഹായകമായ ഒരു പ്രത്യേകാവയവം (appendage) കാണാം. സങ്കീര്‍ണനേത്രങ്ങള്‍ ഇവയില്‍ കാണുകയേയില്ല. സ്‌പ്രിങ്‌ടെയ്‌ലുകള്‍ (Orchesella) എന്നറിയപ്പെടുന്ന ചെറുജീവികളാണ് ഈ ഗോത്രത്തിലെ പ്രധാനാംഗങ്ങള്‍.