This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏയ്പിയോർനിത്തിഡേ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏയ്പിയോര്നിത്തിഡേ
Aepyornithide
നാമാവശേഷമായിക്കഴിഞ്ഞ ഭീമാകാരങ്ങളായ പക്ഷികളുടെ കുടുംബം. ഈ ഒരു കുടുംബം മാത്രമേ ഏയ്പിയോര്നിത്തിഫോര്മീസ് പക്ഷിഗോത്രത്തില് ഉണ്ടായിരുന്നുള്ളൂ. ഓളിഗോസീന്‍ ശേഖരങ്ങളില്നിന്നും അതിനുശേഷമുള്ള ആഫ്രിക്കന്‍ ശേഖരങ്ങളില്നിന്നും കിട്ടിയിട്ടുള്ള പല പക്ഷിമുട്ടകളും ഈ കുടുംബാംഗങ്ങളുടേതായി കരുതപ്പെട്ടുവരുന്നു. മഡഗാസ്കറില്‍നിന്നു ലഭിച്ച പ്ലീസ്റ്റസീന്‍ ശേഖരങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത് (പ്ലീസ്റ്റസീന്‍ യുഗത്തിന്റെ ആരംഭം 25,00,000 വര്‍ഷം മുമ്പാണ്. 10,000 വര്‍ഷം മുമ്പ് അതവസാനിച്ചു). ഏയ്പിയോര്നിസ് എന്നറിയപ്പെടുന്ന പക്ഷികളാണ് ഈ കുടുംബത്തിന്റെ പ്രതിനിധികള്‍. ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലുപ്പമേറിയ പക്ഷിയാണിത്. വളരെ മുമ്പ് നാമാവശേഷമായിക്കഴിഞ്ഞിട്ടുള്ള ഈ പക്ഷിയുടെ ശരീരത്തിന് 438 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇന്നു ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലുതായ ഒട്ടകപ്പക്ഷിയുടെ തൂക്കം 100 കിലോഗ്രാം മാത്രമാണ്. ഭാരമേറിയ ശരീരത്തെ താങ്ങാന്പറ്റിയവിധം ബലിഷ്ഠങ്ങളായിരുന്നു ഏയ്പിയോര്നിസിന്റെ നാലുവിരലുള്ള കാലുകള്‍. എന്നാല്‍ ചിറകുകള് ഒട്ടുംതന്നെ വികസിതങ്ങളായിരുന്നില്ല; തല താരതമ്യേന ചെറുതും കഴുത്ത് നീണ്ടുമെലിഞ്ഞതുമായിരുന്നു.
ഇതില്‍ പല അംഗങ്ങളും ഭീമാകാരങ്ങളായിരുന്നു. ഏയ് പിയോര്നിസ് റ്റൈറ്റന്‍ എന്നയിനത്തിന് മൂന്നു മീറ്ററിലേറെ ഉയരമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇതിന്റെ മുട്ടകള്‍ ഫോസില്‍ ശേഖരങ്ങളില്‍ സുലഭമാണ്. വിലങ്ങനെ ഉദ്ദേശം ഒരു മീറ്ററും കുറുകേ 0.8 മീറ്ററും ഉള്ള മുട്ട ഇക്കൂട്ടത്തില്നിന്നും ലഭിച്ചിട്ടുണ്ട്. ഒമ്പതു ലിറ്റര്‍ ദ്രവപദാര്ഥം ഉള്‍ക്കൊള്ളാന്‍ ഇതിനു കഴിവുണ്ടെന്നു കണക്കാക്കപ്പെടുന്നു.
പറക്കാന്‍ കഴിവില്ലാത്ത "റാറ്റൈറ്റെ' പക്ഷിവര്ഗത്തിലാണ് ഉള്പ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിലും ഇവയുടെ പൂര്‍വികരെക്കുറിച്ച് വ്യക്തമായ അറിവില്ല. ന്യൂസിലന്‍ഡില്‍ കാണപ്പെടുന്ന ഒരിനം റാറ്റൈറ്റെ പക്ഷിയായ മോവാ (Dinornithiformes)കളോടൊപ്പം ഏയ്പിയോര്നിസിന് സ്ഥാനം നല്‍കാറുണ്ടെങ്കിലും തലയുടെ രൂപഘടനയിലും മറ്റും കാണുന്ന സാദൃശ്യത്താല്‍ ഇവയ്ക്ക് ഒട്ടകപ്പക്ഷികളോട് കൂടുതല്‍ ബന്ധമുള്ളതായിട്ടാണ് ഇപ്പോള്‍ കരുതിവരുന്നത്. നോ. റാറ്റൈറ്റെ