This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏജന്‍സി ഫ്രാന്‍സ്‌ പ്രസ്സെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:50, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏജന്‍സി ഫ്രാന്‍സ്‌ പ്രസ്സെ

Agence France Presse

ഫ്രാന്‍സിലെ പ്രമുഖ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സി. അന്താരാഷ്‌ട്രപ്രചാരം സിദ്ധിച്ചിട്ടുള്ള കാലിക പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകള്‍ ഫ്രഞ്ചു പത്രങ്ങള്‍ക്കു പരിഭാഷപ്പെടുത്തി നല്‌കുന്നതിനുവേണ്ടി ചാള്‍സ്‌ ആവാസ്‌ 1835-ല്‍ പാരിസില്‍ ഒരു സ്ഥാപനം തുടങ്ങി. ഇദ്ദേഹം പിന്നീട്‌ തന്റെ സ്ഥാപനത്തെ ബ്രസീല്‍, ലണ്ടന്‍ എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുകയുണ്ടായി. അതോടെ ആവാസ്‌-സ്ഥാപനം വിദേശങ്ങളിലും അറിയപ്പെട്ടുതുടങ്ങി. കമ്പിത്തപാല്‍ സൗകര്യങ്ങള്‍ വികസിപ്പിച്ചതോടൊപ്പം ആവാസ്‌ സ്ഥാപനവും വളര്‍ന്നു. 1856-ല്‍ ആവാസ്‌-"ബുള്ളിയെ അഡ്വര്‍ടൈസിങ്‌ കമ്പനി'യുമായി സംയോജിപ്പിക്കുകയും യൂറോപ്പിലെയും അമേരിക്കയിലെയും നഗരങ്ങളില്‍ ഏജന്‍സികള്‍ ആരംഭിക്കുകയും ചെയ്‌തു. അന്താരാഷ്‌ട്ര പ്രാധാന്യം നേടിയ റോയിട്ടര്‍, വോള്‍ഫ്‌, അസോസിയേറ്റ്‌ഡ്‌ പ്രസ്‌ എന്നീ വാര്‍ത്താ ഏജന്‍സികളുമായി കരാറില്‍ ഏര്‍പ്പെട്ടതോടെ പ്രമുഖ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായി ഇതുവളര്‍ന്നു; 1879-ല്‍ ഒരു കൂട്ടുമുതല്‍ കമ്പനിയായി രൂപാന്തരപ്പെട്ടു; നൂറു ഡോളര്‍ വിലയുള്ള 1700 ഓഹരികളാണ്‌ അന്നുണ്ടായിരുന്നത്‌. ആദ്യമായി ഒരു കേന്ദ്ര വാര്‍ത്താ ബ്യൂറോ ആരംഭിച്ചതും പ്രത്യേകതരത്തിലുള്ള ന്യൂസ്‌ഫീച്ചറുകള്‍ നല്‌കിത്തുടങ്ങിയതും ഈ ഏജന്‍സിയാണ്‌. രാഷ്‌ട്രീയ-സാമ്പത്തിക-വാണിജ്യ-കായിക രംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‌കുന്നതില്‍ ഈ ഏജന്‍സി വളരെയേറെ വിജയിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ ആവാസ്‌ ജര്‍മനിയുടെ ഒരു പ്രചരണോപാധിയായി വര്‍ത്തിച്ചിട്ടുണ്ട്‌. 1944-ല്‍ ആവാസ്‌ ഏജന്‍സി, ഏജന്‍സി ഫ്രാന്‍സ്‌ പ്രസ്സെയായി രൂപവത്‌കരിക്കപ്പെട്ടു. ഇന്ന്‌ ലോകത്തിലെ പല ഭാഗങ്ങളിലായി 100-ലധികം ശാഖാ ഏജന്‍സികളും 1500-ലധികം പ്രതിനിധികളും പ്രവര്‍ത്തിക്കുന്നു. ഈ വാര്‍ത്താ ഏജന്‍സി എ.എഫ്‌.പി. എന്ന ചുരുക്കപ്പേരില്‍ പ്രഖ്യാതമാണ്‌.

1957 ജനു. 10-ന്‌ ഫ്രഞ്ച്‌ പാര്‍ലമെന്റ്‌ ഈ വാര്‍ത്താ ഏജന്‍സിക്ക്‌ സ്വതന്ത്രപദവി നല്‌കി. രാജ്യാന്തര പത്രപ്രവര്‍ത്തനമേഖലയെ പ്രാത്സാഹിപ്പിക്കുന്നതിനായി 2007-ല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിച്ചു. ഏജന്‍സിയുടെ ഭാവിപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനായി 2009-ല്‍ ഫ്രഞ്ച്‌ സാംസ്‌കാരിക മന്ത്രി ഒരു വിദഗ്‌ധ കമ്മിറ്റി രൂപീകരിച്ചു. 110 രാജ്യങ്ങളില്‍ ബ്യൂറോകള്‍ ഉളള ഈ ഏജന്‍സി ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, അറബിക്‌, സ്‌പാനിഷ്‌, ജര്‍മന്‍, പോര്‍ച്ചുഗീസ്‌ ഭാഷകളില്‍ വാര്‍ത്താപ്രസിദ്ധീകരണം നടത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍