This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഗ്‌, അഗസ്റ്റസ്‌ ലിയോ പോള്‍ഡ്‌ (1816 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:49, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏഗ്‌, അഗസ്റ്റസ്‌ ലിയോ പോള്‍ഡ്‌ (1816 - 63)

Egg, Augustus Leo Pold

അഗസ്റ്റസ്‌ ലിയോ പോള്‍ഡ്‌ ഏഗ്‌

ബ്രിട്ടീഷ്‌ ചിത്രകാരന്‍. 1816 മേയ്‌ 2-ന്‌ ലണ്ടനില്‍ ജനിച്ചു. ഹെന്‌റിസാസ്സിന്റെ ചുമതലയില്‍ നടത്തിവന്ന സാസ്സ്‌ കലാശാലയില്‍നിന്നു പ്രാരംഭശിക്ഷണം നേടിയശേഷം 1838-ല്‍ റോയല്‍ അക്കാദമിയില്‍ ഒരു ചിത്രകാരനായി ചേര്‍ന്നു. നിത്യജീവിത സംഭവങ്ങളും ചരിത്രസംഭവങ്ങളുമായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രധാന പ്രതിപാദ്യം. റോയല്‍ അക്കാദമിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവന്നതും "ക്ലിക്‌' എന്ന പേരിലറിയപ്പെട്ടിരുന്നതുമായ ചിത്രകാരസംഘത്തില്‍ 1837-ല്‍ അംഗമായി. 1853-ല്‍ ചാള്‍സ്‌ഡിക്കന്‍സും വില്‍കോളിന്‍സുമൊത്ത്‌ ഇറ്റലിയില്‍ പര്യടനം നടത്തി; അവിടെവച്ച്‌ ഡിക്കന്‍സിന്റെ അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. കോളിന്‍സിന്റെ ഫ്രാസണ്‍ ഡീപ്‌ (Frozen Deep) എന്ന നാടകത്തിലെ ജോണ്‍വാണ്‍ടിന്റെ ഭാഗം, ഏഗ്‌ ഭംഗിയായി രംഗത്ത്‌ അവതരിപ്പിച്ചു.

ഏഗിന്റെ പ്രാരംഭരചനകളെല്ലാം സുപ്രസിദ്ധകവികളുടെ കാവ്യവിഷയങ്ങളെ ആസ്‌പദമാക്കിയുള്ളവയായിരുന്നു. എന്നാല്‍ ക്രമേണ ഇദ്ദേഹം നവീനാശയങ്ങളും ആധുനിക ജീവിതസംഭവങ്ങളും തന്റെ ചിത്രരചനയ്‌ക്കുള്ള വിഷയങ്ങളായി സ്വീകരിച്ചുതുടങ്ങി. ഈ പരിവര്‍ത്തനദശയില്‍ രചിക്കപ്പെട്ടതും പില്‌ക്കാലത്ത്‌ വളരെ പ്രസിദ്ധിയാര്‍ജിച്ചതുമായ ദ്‌ പാസ്റ്റ്‌ ആന്‍ഡ്‌ ദ്‌ പ്രസന്റ്‌ എന്ന ചിത്രം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഇത്‌ 1858-ല്‍ റോയല്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

"ക്വീന്‍ എലിസബത്ത്‌ ഡിസ്‌കവേര്‍സ്‌ ഷീ ഈസ്‌ നോ ലോങ്ങര്‍ യങ്‌' (1848), "പീറ്റര്‍ ദ്‌ ഗ്രറ്റ്‌ സീസ്‌ കാതറിന്‍ ഫോര്‍ ദ്‌ ഫസ്റ്റ്‌ ടൈം' (1850), "ദ്‌ നൈറ്റ്‌ ബിഫോര്‍ നേസ്‌ബി' (1859), "ബക്കിങ്‌ഹാം റീബഫ്‌ഡ്‌' തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്‌തരചനകളാണ്‌. 1863 മാ. 20-ന്‌ അല്‍ജിയേഴ്‌സില്‍ ഏഗ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍