This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡൽമാന്‍, ജെറാള്‍ഡ്‌ മോറിസ്‌ (1929- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:24, 13 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എഡല്‍മാന്‍, ജെറാള്‍ഡ്‌ മോറിസ്‌ (1929- )

Edelman, Gerald Maurice

ജെറാള്‍ഡ് മോറിസ് എഡല്‍മാന്‍

1972-ലെ നോബല്‍ സമ്മാനജേതാവായ അമേരിക്കന്‍ നാഡീജീവശാസ്‌ത്രജ്ഞന്‍. ന്യൂയോര്‍ക്കിലെ ഓസോണ്‍ പാര്‍ക്ക്‌, ക്വീന്‍സ്‌ പ്രദേശത്ത്‌ 1929 ജൂല. 1-ന്‌ ജനിച്ചു. ജൂതമതവിശ്വാസികളായിരുന്നു മാതാപിതാക്കള്‍. പിതാവായ എഡ്‌വേര്‍ഡ്‌ എഡല്‍മാന്‍ ഭിഷഗ്വരനും മാതാവായ അന്നാഫ്‌റീഡ്‌മാന്‍ എഡല്‍മാന്‍ ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ ജീവനക്കാരിയുമായിരുന്നു. ന്യൂയോര്‍ക്കില്‍ വളര്‍ന്ന ഇദ്ദേഹം പെന്‍സില്‍വാനിയയിലായിരുന്നു കോളജ്‌ വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. 1950-ല്‍ ഉര്‍സിനസ്‌ കോളജില്‍ നിന്നു ബിരുദവും, 1954-ല്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍നിന്ന്‌ എം.ഡി. ബിരുദവും കരസ്ഥമാക്കി.

ഒരു വര്‍ഷത്തോളം ജോണ്‍സണ്‍ ഫൗണ്ടേഷന്‍ ഫോര്‍ മെഡിക്കല്‍ ഫിസിക്‌സില്‍ സേവനമനുഷ്‌ഠിച്ചശേഷം മസാച്യുസെറ്റ്‌സ്‌ ജനറല്‍ ഹോസ്‌പിറ്റലില്‍ ഹൗസ്‌ ഓഫീസറായി പ്രവര്‍ത്തിച്ചു. പിന്നീട്‌ അമേരിക്കന്‍ ആര്‍മി മെഡിക്കല്‍ കോറില്‍ ചേരുകയും ഫ്രാന്‍സില്‍ വൈദ്യശാസ്‌ത്രപരിശീലനം നടത്തുകയും ചെയ്‌തു. 1957-ല്‍ എഡല്‍മാന്‍ ഒരു ഗ്രാജ്വേറ്റ്‌ ഫെലോ ആയി റോക്ക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രവേശനം നേടി. പിന്നീട്‌ ഹെന്‌റി കുങ്കലിന്റെ കീഴില്‍ ഗവേഷണത്തിലേര്‍പ്പെട്ട്‌ 1960-ല്‍ പിഎച്ച്‌.ഡി. ബിരുദം നേടുകയും ചെയ്‌തു. റോക്ക്‌ഫെല്ലര്‍ ഇദ്ദേഹത്തിന്‌ ഗ്രാജ്വേറ്റ്‌ സ്റ്റഡീസിന്റെ ഡീന്‍പദവി സമ്മാനിക്കുകയുണ്ടായി. 1966-ല്‍ എഡല്‍മാന്‌ പ്രാഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 1992-ല്‍ കാലിഫോര്‍ണിയയിലേക്കു നീങ്ങിയ എഡല്‍മാന്‍, സ്‌ക്രിപ്‌സ്‌ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ന്യൂറോബയോളജി പ്രാഫസര്‍ ആയി സേവനമനുഷ്‌ഠിച്ചു.

എഡല്‍മാന്‍, സാന്റിയാഗോയിലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന "ന്യൂറോസയന്‍സ്‌ ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റെ സ്ഥാപകനും ഡയറക്‌ടറുമായിരുന്നു. മനുഷ്യമസ്‌തിഷ്‌കത്തിന്റെ ഉയര്‍ന്നതല പ്രവര്‍ത്തനത്തിന്റെ ജീവശാസ്‌ത്രാടിസ്ഥാനം പഠനവിധേയമാക്കുക എന്നതാണ്‌ സ്ഥാപനത്തിന്റെ പ്രധാന കര്‍മപരിപാടി. ഇദ്ദേഹം, ലോകവിജ്ഞാനവിനിമയ പദ്ധതിയുടെ ശാസ്‌ത്രവിഭാഗത്തിലെ പ്രമുഖാംഗവുമായിരുന്നു. അമേരിക്കയിലെ സയന്‍സ്‌-എന്‍ജിനീയറിങ്‌ ഫെസ്റ്റിവലിന്റെ ഉപദേശകസമിതിയംഗവുമായി പ്രവര്‍ത്തിച്ചു.

പ്രാട്ടീന്‍ സബ്‌യൂണിറ്റുകളെ ഡൈസള്‍ഫൈഡ്‌ ബോണ്ടുകള്‍ സംയോജിപ്പിക്കുന്നുവെന്നതായിരുന്നു എഡല്‍മാന്റെ ഗവേഷണഫലം തെളിയിച്ചത്‌. സ്വന്തം ഗവേഷണകണ്ടെത്തലുകളും മറ്റുള്ളവരുടെ നിഗമനങ്ങളും അടിസ്ഥാനമാക്കിക്കൊണ്ട്‌ എഡല്‍മാന്‍ ആന്റിബോഡി പ്രാട്ടീനുകളുടെ തന്മാത്രാ മാതൃകകള്‍ വികസിപ്പിച്ചെടുത്തു. 1969-ല്‍ പ്രഥമ ആന്റിബോഡി ശ്രണി നിര്‍ണയിക്കപ്പെട്ടതോടെ നാളിതുവരെ നിരൂപിക്കപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും പൂര്‍ണതയാര്‍ന്നതാണിതെന്ന്‌ കണ്ടെത്തി. ടോപ്പോബയോളജി സങ്കേതം, എഡല്‍മാന്‍ തത്ത്വത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണ്‌. "സചേതന തത്ത്വ'ത്തിന്റെ പേരിലും എഡല്‍മാന്‍ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്‌. തെളിച്ചമുള്ള വായു, തിളക്കമാര്‍ന്ന അഗ്നി, (Bright Air, Brilliant Fire, 1992), ബോധത്തിന്റെ പ്രപഞ്ചം (A Universe of Consciousness, 2001), ആകാശത്തെക്കാള്‍ വിസ്‌തൃതി (Wider than Sky, 2004), രണ്ടാം പ്രകൃതം (Second Nature), മസ്‌തിഷ്‌കശാസ്‌ത്രവും മാനവികവിജ്ഞാനവും (Brain Science & Human Knowledge; 2007) എന്നിവ എഡല്‍മാന്‍ രചിച്ച ഗ്രന്ഥങ്ങളാണ്‌.

1987-ല്‍ പ്രസിദ്ധീകരിച്ച പ്രഥമ സാങ്കേതികതത്ത്വഗ്രന്ഥമായ ന്യൂറല്‍ഡാര്‍വിനിസം, എഡല്‍മാന്റെ "ഓര്‍മ'യെക്കുറിച്ചുള്ള സിദ്ധാന്തം വിവരിക്കുന്നു. 1988-ലെ ടോപ്പോബയോളജി, 1990-ലെ ദി റിമെംബേര്‍ഡ്‌ പ്രസന്റ്‌ എന്നിവ പ്രജ്ഞയെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്‌ത്രതത്ത്വശാഖയില്‍ തന്നെ ശ്രദ്ധേയമായ പഠനകൃതികളാണ്‌.

1972-ല്‍ ശരീരശാസ്‌ത്ര-വൈദ്യശാസ്‌ത്രശാഖയിലെ നോബല്‍ പുരസ്‌കാരം ഇദ്ദേഹം നേടിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍