This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എട്രൂസ്‌കർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എട്രൂസ്‌കര്‍
Etruscer
ക്രി.മു. എട്ടാം ശതകത്തിൽ ഉത്തരമധ്യഇറ്റലിയിൽ അധിവസിച്ച ഒരു ജനവർഗം. അവർ "റസ്‌ന' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഗ്രീക്കുകാർ ഇവരെ "ടർസെനോയ്', എന്നാണ് വിളിച്ചിരുന്നത്. ഏഴാം ശതകത്തിന്റെ മധ്യത്തോടെ അവർ പശ്ചിമ മധ്യഇറ്റലിയിൽ കിഴക്ക് ടൈബർ നദിയുടെയും വടക്ക് സെസിന നദിയുടെയും ഇടയ്‌ക്കുള്ള ഒരു പ്രദേശം കൈവശപ്പെടുത്തി. ഈ എട്രൂറിയ പ്രദേശത്താണ് ബി.സി. ആറാം ശതകത്തിൽ എട്രൂസ്‌കന്‍ നാഗരികത അതിന്റെ ഔന്നത്യത്തിലെത്തിയത്.
ഇവരുടെ ഉദ്‌ഭവത്തെപ്പറ്റി മൂന്നഭിപ്രായങ്ങള്‍ ഇന്ന് ലഭ്യമാണ്. ലിഡിയയിൽ നിന്നോ ഏഷ്യാമൈനറിലെ ഗ്രീക്കു പ്രദേശങ്ങളിൽനിന്നോ കുടിയേറിയവരാണ് ഇവർ എന്നാണ് ഹെറഡോട്ടസ് കരുതുന്നത്. എട്രൂസ്‌കർ കൈവശപ്പെടുത്തിയ പ്രദേശത്തെ ഒരു ഇറ്റാലിക് ജനതയെന്നാണ് ഹെലികാർണസസ്സിലെ ദിയോണനൈസിയുസ് കരുതുന്നത്. ആൽപ്‌സിന്റെ ഉത്തരപ്രദേശത്തുനിന്നുവന്നവരാണ് എട്രൂസ്‌കർ എന്ന മൂന്നാമതൊരു അഭിപ്രായഗതിയുമുണ്ട്. പക്ഷേ ഇതിന് വലിയ പിന്തുണ ലഭിച്ചിട്ടില്ല.
എട്രൂസ്‌കന്‍ സംസ്‌കാരത്തിന്റെ വളർച്ചയ്‌ക്കിടയാക്കിയ സാഹചര്യങ്ങളുടെ പഠനങ്ങള്‍ക്കാണ് ഇന്ന് കൂടുതൽ പ്രാധാന്യം. ഇന്തോ-യൂറോപ്യന്‍ അല്ലാത്ത ഒരു ഭാഷയാണ് ഇവർ സംസാരിച്ചിരുന്നത്. ഈ ഭാഷയുടെ ഉദ്‌ഭവത്തെപ്പറ്റിയും വ്യക്തമായ അറിവില്ല. 1200 ബി.സി.-യോടെ ഏഷ്യാമൈനറിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ തടത്തിലും അധിവാസം ഉറപ്പിച്ച "കടൽ ജനത'യിലെ ചില വർഗങ്ങളുടെ ഭാഷയ്‌ക്കു പശ്ചിമ മെഡിറ്ററേനിയന്‍ കടൽ ത്തീരങ്ങളിൽ അധിവസിക്കുന്ന ജനതയുടെ ഭാഷയുമായി ബന്ധം കാണുന്നുണ്ട്. ഷെക്കലേഷ്, ഷെർഡെന്‍, ടെറേഷ് എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ആദ്യത്തെ രണ്ടു വർഗങ്ങള്‍ക്ക് സിസിലിയിലെ "സികുളി' സാർഡിനിയയിലെ "സാർഡെസ്' എന്നിവരുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ടെറേഷ് എന്ന വർഗം ഉള്‍ക്കൊള്ളുന്നതുകൊണ്ടാവണം ഗ്രീക്കുകാർ എട്രൂസ്‌കരെ "ടർസെനോയ്' എന്നു വിളിച്ചിരുന്നത്. എട്രൂസ്‌കരുടെ മുന്‍ഗാമികള്‍ ക്രി.മു. എട്ടാം ശതകത്തിൽ ഏഷ്യാമൈനറിൽനിന്നു പ്രവസിച്ചവരാണോ എന്നതിന് പുരാവസ്‌തുപരമായ തെളിവുകളില്ല.
ഇറ്റലിക്കു പുറത്ത് എട്രൂസ്‌കർ ഉണ്ടായിരുന്നുവെന്നതിന് ഒരേയൊരു തെളിവ് ലെംനോസ് ദ്വീപിലെ കമിനിയായിലെ ഒരു ശവകുടിരം മാത്രമാണ്. ഈ ശവകുടീരത്തിൽ ഹെൽമറ്റ് ധരിച്ച ഒരു യോദ്ധാവിന്റെ രൂപം എന്‍ഗ്രവ് ചെയ്‌തിട്ടുണ്ട്. ഈ രൂപത്തിനു ചുറ്റും ഏഴാം ശതകത്തിൽ നിലവിലിരുന്ന ഗ്രീക്കുലിപിയോട് സമാനമായി ലിപിയിൽ ചില ലിഖിതങ്ങള്‍ ഉണ്ട്; ഇതു ഗ്രീക്കല്ലതാനും. ഈ ലിഖിതങ്ങള്‍ എട്രൂസ്‌കരുടെ അയോണിയന്‍ ഉദ്‌ഭവത്തിലേക്കു വിരൽചൂണ്ടുന്നു. എട്രൂസ്‌കർ ഏഷ്യാമൈനറിൽനിന്ന് എത്തിയതാണെന്ന ഹെറഡോട്ടസ്സിന്റെ നിഗമനത്തിന് ബലം കൊടുക്കാന്‍ പര്യാപ്‌തമാണ് ഈ ലിഖിതങ്ങള്‍. എട്രൂസ്‌കന്‍ഭാഷയും ഏഷ്യാമൈനറിലെ ലിഡിയന്‍ ഭാഷയും ഏതാണ്ട് സദൃശമാണ്. പക്ഷേ ശവകുടീരത്തിലെ ശിലാലിഖിതങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്. അയോണിയ, ഗ്രീസ് എന്നിവിടങ്ങളുമായുള്ള അടുത്ത സമ്പർക്കം കൊണ്ടാണ് എട്രൂസ്‌കന്‍ സംസ്‌കാരം വികസിച്ചത്.
ക്രി.മു. എട്ടാം ശതകത്തിന്റെ ഉത്തരാർധത്തിൽ ഉത്തരമധ്യ ഇറ്റലിയിലെ അയോയുഗസംസ്‌കാരങ്ങളിൽ ചില പുതിയ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വില്ലനോവന്‍ സംസ്‌കാരത്തിന്റെ ഉദ്‌ഭവവും ഏതാണ്ടിക്കാലത്തുതന്നെയാണ്; ഈ സംസ്‌കാരം വടക്ക് ജൂലിയന്‍ ആൽപ്‌സ് വരെയും തെക്ക് കമ്പാനിയ വരെയും പടർന്നു. ഇറ്റലിയുടെ വടക്കുപടിഞ്ഞാറന്‍ തീരങ്ങളിലാണ് പുതിയ സംസ്‌കാരം ആദ്യമായി ദൃശ്യമായത്. കല്ലറകളുടെ പ്രത്യേകതകളാണ് ഇവിടെ പ്രാധാന്യമർഹിക്കുന്നത്. ശവസംസ്‌കാരത്തിനുപയോഗിക്കുന്ന കിണറുകളുടെ വശങ്ങളിൽ വർത്തുളാകൃതിയിലുള്ള കല്ലുകള്‍ പാകിയിരുന്നു. ചിതാഭസ്‌മം ശേഖരിക്കുന്നതിന് കളിമണ്ണുകൊണ്ടുള്ള പാത്രങ്ങള്‍ ലാറ്റിയത്തിലെ ശവക്കുഴികളിൽ വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശവക്കല്ലറകളിൽ ഉണ്ടായിരുന്ന വെങ്കല-ആയുധങ്ങളും ബക്കിളുകളും മറ്റും കാലനിർണയനത്തിന് ഉപകരിച്ചിട്ടുണ്ട്.
ലാറ്റിയത്തിലും എട്രൂസ്‌കന്‍ പ്രദേശങ്ങളിലും അടിച്ചുപതംവരുത്തിയ വെങ്കലം ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നു കാണാം. ടർക്വീനിയായിലും വെയിലിലും അസ്ഥികൂടങ്ങള്‍ക്കുമീതെ ഇരട്ടമകുടങ്ങളുള്ള ഹെൽമറ്റുകള്‍ വച്ചിരുന്നു. ഇവർ ലോഹങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളും സ്വസ്‌തികയും ജ്യാമീതീയരൂപങ്ങളും മറ്റും പാത്രങ്ങള്‍ അലങ്കരിക്കുന്നതിന് ഉപയോഗിച്ചിരുന്നു. വൈന്‍പാത്രങ്ങള്‍ അലങ്കരിക്കുന്നതിന് ഒരു പ്രത്യേക സമ്പ്രദായംതന്നെ ഉണ്ടായിരുന്നുവെന്നു കാണാം.
ലാറ്റിയത്തിൽ നിലവിലുണ്ടായിരുന്ന ശവസംസ്‌കാരരീതികള്‍ ബിസെന്‍ഷ്യോ, വെറ്റുലോണിയ, പോപുലോണിയ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. എട്രൂസ്‌കർ കിഴക്കുനിന്നു വന്നവരാണെന്നതിന് തെളിവുകള്‍ പൂർണമല്ലെങ്കിലും എട്രൂറിയയ്‌ക്കും കിഴക്കന്‍ പ്രദേശങ്ങള്‍ക്കുമിടയ്‌ക്കുള്ള മതം, കല, കല്ലറനിർമാണം, കപ്പൽ നിർമാണം എന്നിവയെ സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നത് കിഴക്കന്‍ മെഡിറ്ററേനിയന്‍ സമ്പന്നതയുടെ സന്തതിയാണ് എട്രൂസ്‌കന്‍ സംസ്‌കാരം എന്നാണ്. പുരാവസ്‌തുശാസ്‌ത്രത്തെക്കാളേറെ എട്രൂസ്‌കന്‍ ഭാഷയെപ്പറ്റിയുള്ള ഗവേഷണങ്ങളാണ് എട്രൂസ്‌കന്‍ ജനതയുടെ ഉദ്‌ഭവത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാന്‍ സഹായിക്കുന്നത്.
ക്രി.മു. ഏഴാം ശതകത്തിന്റെ മധ്യത്തോടെ പ്രധാന എട്രൂസ്‌കന്‍ നഗരങ്ങള്‍ സ്ഥാപിതമായി. വടക്ക് ആർണോനദീതീരത്തെത്തി ടസ്‌കനി കൈവശപ്പെടുത്തുന്നതിനുമുമ്പുതന്നെ മറ്റു പലപ്രദേശങ്ങളും ഇവർ കീഴടക്കിയിരുന്നു. കോർസിക്കയിൽ ആധിപത്യം സ്ഥാപിച്ചതിനുശേഷം സിസിലി, ദക്ഷിണ ഇറ്റലി, വടക്കുപടിഞ്ഞാറന്‍ ഇറ്റലി, ദക്ഷിണ ഫ്രാന്‍സ് എന്നിവിടങ്ങളും പിടിച്ചടക്കി. തെക്കോട്ടും കിഴക്കോട്ടുമുള്ള എട്രൂസ്‌കന്‍ പ്രവാസത്തെ ഉംബ്രിയന്‍ ജനതയും കിഴക്കന്‍ പ്രദേശത്തെ പിസെനെകളും ചെറുത്തു. എട്രൂസ്‌കർക്ക് വടക്കുകിഴക്കന്‍ പ്രദേശങ്ങളിൽ യാതൊരു എതിർപ്പുകളും നേരിടേണ്ടിവന്നില്ല. ആറാം ശതകമായപ്പോഴേക്ക് പോ തടം വരെ എത്തി. വടക്കോട്ടുള്ള പ്രദേശത്തെ തലസ്ഥാനമായി ബൊളോഞ്ഞയിലും റെനോയുടെ തീരത്തുള്ള മർസാബോട്ടോയിലും നഗരങ്ങള്‍ സ്ഥാപിച്ച് ആറാം ശതകത്തിലെ റോമിന്റെ ചരിത്രത്തിൽ എട്രൂസ്‌കർ ഒരു സ്ഥാനം കരസ്ഥമാക്കി. ടർക്വിന്‍സിലെ എട്രൂസ്‌കന്‍ രാജവംശം ക്രി.മു. 616 മുതൽ 510 വരെ റോം ഭരിച്ചു. എട്രൂസ്‌കന്‍ ഭരണകാലത്താണ് റോമിൽ മരാമത്തുപണികള്‍ ആരംഭിച്ചത്. കപിറ്റോളൈന്‍, ക്ലോക്കോ മാക്‌സിമാ എന്നീ കോട്ടകള്‍ പണികഴിപ്പിച്ചത് എട്രൂസ്‌കരാണ്. ആറാം ശതകത്തിന്റെ ആരംഭത്തിൽ എട്രൂസ്‌കർ ഫിസോള്‍, വോള്‍ട്ടെറ എന്നീ പ്രദേശങ്ങളും പിടിച്ചടക്കി. തെക്കോട്ട് കമ്പാനിയ വരെ നീങ്ങി. കപുവാ, നോള എന്നീ പ്രദേശങ്ങളും എട്രൂസ്‌കരുടെ അധീനതയിലായി. സമുദ്രതീരപ്രദേശങ്ങള്‍ ഗ്രീക്കുകാരുടെ കൈവശത്തിലായിരുന്നു. ക്രി.മു. 524-ൽ എട്രൂസ്‌കർ ഗ്രീക്കു പ്രദേശമായ കുമേ കീഴടക്കന്‍ ശ്രമിച്ചുവെങ്കിലും അരിസ്റ്റോഡെമസ് അവരെ പരാജയപ്പെടുത്തുകയാണുണ്ടായത്. ഗ്രീക്കുകാരും എട്രൂസ്‌കരും തമ്മിലുള്ള വാണിജ്യത്തർക്കങ്ങള്‍ 535-ൽ അമാലിയ യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഗ്രീക്കുകാർ വിജയിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കോർസിക്ക ഇംഗ്ലീഷുകാർക്കു വിട്ടുകൊടുക്കുവാന്‍ ഗ്രീക്കുകാർ നിർബന്ധിതരായി.
ക്രി.മു. ആറാം ശതകത്തിന്റെ അന്ത്യപാദത്തിൽ എട്രൂസ്‌കന്‍ ശക്തി അതിന്റെ ഔന്നത്യത്തിലെത്തി. പോ മുതൽ സാലെർണോ വരെ അവരുടെ അധീനതയിലായി. സ്‌പൊലെറ്റോയിൽ എട്രൂസ്‌കന്‍ ശക്തി നീണ്ടുനിന്നില്ല. കുമെയിൽ എട്രൂസ്‌കരെ ഗ്രീക്കുകാരും സാംനൈറ്റുകളും റോമാക്കാരും ഗൗളുകളും എതിർത്തു. 509-ൽ എട്രൂസ്‌കരെ റോമിൽനിന്നു തുരത്താന്‍ തുടങ്ങി. ലാറ്റിയം എട്രൂസ്‌കർക്ക് നഷ്‌ടപ്പെട്ടു. തുടർന്നുള്ള സംഘട്ടനങ്ങളിൽ റോം ശക്തമാവുകയാണുണ്ടായത്. 396 ആയപ്പോഴേക്ക് എട്രൂസ്‌കർക്ക് വെയി, കവേന, സുട്രി, നെവെറ്റ് എന്നീ നഗരങ്ങളും നഷ്‌ടമായി. അതോടെ ഇറ്റലിയുടെ ഏകീകരണത്തിനുവേണ്ടിയുള്ള എട്രൂസ്‌കന്‍ ശ്രമം അവസാനിച്ചു.
എട്രൂസ്‌കർ മിക്ക പ്രദേശങ്ങളുമായി വാണിജ്യബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പുരാവസ്‌തുഗവേഷണങ്ങള്‍ തെളിയിക്കുന്നു. തെക്ക് സിസിലി വരെ വിപണികള്‍ ഉണ്ടായിരുന്നു. ബുക്കാറോ പാത്രങ്ങള്‍, വീഞ്ഞ് എന്നിവയുടെ വിപണിയായിരുന്നു കാർതേജ്. അഞ്ചാം ശതകത്തിലാണ് എട്രൂസ്‌കരുടെ വാണിജ്യവികസനം ഏറ്റവും ഉയർച്ചയിലെത്തിയത്. ഇക്കാലത്ത് സ്‌പെയിനിലേക്ക് പല സാധനങ്ങളും കയറ്റി അയച്ചിരുന്നു. എട്രൂസ്‌കന്‍ വെങ്കലപാത്രങ്ങള്‍ ഫ്രാന്‍സ്, ജർമനി, സ്വിറ്റ്‌സർലണ്ട്, ബ്രിട്ടന്‍ എന്നിവിടങ്ങളിൽ ചെന്നെത്തി. ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്‌തിരുന്ന സാധനം വള്‍സിയിൽ നിർമിച്ചിരുന്ന "ഷ്‌നാബെൽകാന്നെന്‍' എന്ന പേരുള്ള ഒരു തരം ജഗ്ഗ് ആണ്. ഇസ്റ്റ്രിയക്കാർ എട്രൂസ്‌കന്‍ ലോഹപ്പാത്രങ്ങള്‍ ഇറക്കുമതി ചെയ്‌തിരുന്നു. എട്രൂസ്‌കന്‍ വ്യാപാരസംഘങ്ങള്‍ വിദേശങ്ങളിലുണ്ടായിരുന്നുവെങ്കിലും അവിടെ കോളനികള്‍ സ്ഥാപിക്കാന്‍ അവർ ശ്രമിച്ചിട്ടില്ല. ഇതിനൊരപവാദം എൽബായും കോർസിക്കയുടെ കിഴക്കേതീരവുമാണ്. സാർദീനിയക്കാരുമായി വാണിജ്യബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും സാർദീനിയയിൽ എട്രൂസ്‌കന്‍ കോളനികളില്ല.
മതവിശ്വാസത്തിൽ മറ്റേതൊരു ജനവർഗത്തെക്കാളും മുമ്പന്തിയിലായിരുന്നു എട്രൂസ്‌കർ. ദൈവഹിതം കണ്ടെത്താനായി ഇവർ പല മാർഗങ്ങളും സ്വീകരിച്ചിരുന്നു. ഭൂമിയിലും സ്വർഗത്തുമായി ഒരുകൂട്ടം ദേവതകള്‍ ഉണ്ടെന്ന് ഇവർ വിശ്വസിക്കുന്നു. ഈ ദേവതകളിൽ പ്രധാനി "ടിനിയ' ആണ്. ലത്തീന്‍ഗ്രന്ഥകാരന്മാരുടെ അഭിപ്രായത്തിൽ ഉന്നതനായ ദൈവം "വോള്‍ടുംന' ആണ് ടിനിയ, യൂണി, മിനർവാ എന്നീ ത്രിമൂർത്തികളും മറ്റു ഒമ്പതു ദേവതകളും അടങ്ങുന്നതാണ് ദേവതാസഭ. എട്രൂസ്‌കർ ആരാധിക്കുന്ന മറ്റു ദേവതകളാണ് "സെത്‌ലാന്‍സും' "ഫുഫ്‌ളന്‍സും' "ടാർകനും'. എട്രൂസ്‌കന്‍ സങ്കല്‌പമനുസരിച്ച് നരകത്തിലും പ്രത്യേകം ദേവതകളുണ്ട്. "ചരുണ്‍' എന്ന മരണദേവത ഇവരിൽപ്പെട്ടതാണ്. കല്ലുകള്‍കൊണ്ട് വശങ്ങള്‍ പാകിയിട്ടുള്ള കിണറുകളിലാണ് ദേവതകളെ പ്രതിഷ്‌ഠിച്ചിട്ടുള്ളത്. ഈ കിണറുകളുടെ മൂടികള്‍ മാറ്റി ആരാധന നടത്തുന്നു. ആകാശത്തിലെ ചില പ്രത്യേക കോണങ്ങളിലുണ്ടാകുന്ന മിന്നൽ, പക്ഷിപറക്കൽ എന്നിവയ്‌ക്ക് എട്രൂസ്‌കർ നിമിത്തം കല്‌പിക്കാറുണ്ട്. ഈ പ്രത്യേക കോണം ടെംപ്ലം എന്നറിയപ്പെടുന്നു. ടെമ്പിള്‍ (ക്ഷേത്രം)എന്ന ലത്തീന്‍പദം നിഷ്‌പന്നമായിട്ടുള്ളത് ടെംപ്ലത്തിൽനിന്നാണ്.
വണ്ടി, കിടക്ക, കിരീടം തുടങ്ങിയ എല്ലാ നിത്യോപയോഗവസ്‌തുക്കളും പരേതാത്മാക്കള്‍ക്കു കരുതിവയ്‌ക്കാന്‍ എട്രൂസ്‌കർ ശ്രദ്ധിച്ചിരുന്നു. മരണാനന്തരജീവിതത്തിലുള്ള വിശ്വാസമാണ് ഇങ്ങനെ ചെയ്യാന്‍ അവരെ പ്രരിപ്പിച്ചത്. രാഷ്‌ട്രീയമായി എട്രൂസ്‌കരെ ഒരുമിച്ചു നിർത്തിയിരുന്നത് മതങ്ങളും ആചാരങ്ങളുമാണ്. 12 ഗോത്രങ്ങള്‍ അടങ്ങിയ ഒരു സംയുക്ത ഭരണസമിതിയാണ് എട്രൂസ്‌കർക്കുള്ളത്. ഓരോ വർഷവും ബോള്‍സേനാ തടാകത്തിനുസമീപമുള്ള വൊള്‍ട്ട്‌മനായിൽ ഈ ഗോത്രങ്ങള്‍ സമ്മേളിച്ചു മതകാര്യങ്ങള്‍ ചർച്ചചെയ്യുകയും അതോടൊപ്പം ആ വർഷത്തേക്ക് ഒരു രാജാവിനെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. രാജാവിന് നാമമാത്രമായ അധികാരങ്ങളേയുള്ളൂ. വളരെ കുറഞ്ഞൊരു കാലഘട്ടത്തെ രാജവാഴ്‌ചയ്‌ക്കുശേഷം എട്രൂസ്‌കന്‍ സമൂഹം പ്രഭുജനാധിപത്യം സ്വീകരിച്ചു. സിലാത്, പുർത്‌നെ തുടങ്ങിയ സ്ഥാനപ്പേരോടുകൂടിയ അനേകം ഭരണകർത്താക്കള്‍ ഇവിടം ഭരിച്ചിരുന്നു; ഇവരെപ്പറ്റി കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.
എട്രൂസ്‌കന്‍ സമൂഹഘടനയുടെ ശരിയായ വിവരം അജ്ഞാതമെങ്കിലും വിദേശികളായ തൊഴിലാളികളെയും മറ്റ് ഇറ്റാലിയന്‍ വംശജരെയും സമൂഹത്തിന്റെ താഴേക്കിടയിലാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് ഊഹിക്കപ്പെടുന്നു. അടിമത്തം എട്രൂസ്‌കന്‍ സമൂഹത്തിൽ നിലവിലിരുന്നു എന്നതിനും തെളിവുകളുണ്ട്.