This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എങ്‌ഗ്ലർ, അഡോള്‍ഫ് (1844-1930)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എങ്‌ഗ്ലർ, അഡോള്‍ഫ് (1844-1930)
Adolf Engler
ജര്‍മന്‍ സസ്യശാസ്‌ത്രജ്ഞന്‍. 1844 മാ. 25-നു സാഗനില്‍ ജനിച്ച ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര് ഹൈന്‌റിച്ച് ഗുസ്‌താവ് അഡോള്‍ഫ് എങ്‌ഗ്ലര്‍ എന്നാണ്. ബ്രസ്‌ലായില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചശേഷം 1878-84 കാലത്ത് കീലിലേയും അതിനുശേഷം (1884-89) ബ്രസ്‌ലായിലെയും സസ്യശാസ്‌ത്രവിഭാഗത്തിന്റെ അധ്യക്ഷനായി. 1890-ല്‍ ബര്‍ലിനില്‍ സസ്യശാസ്‌ത്ര പ്രാഫസറായി നിയമിതനായതോടൊപ്പം അവിടത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളുടെ ഡയറക്‌ടറാവുകയും ചെയ്‌തു. സസ്യവര്‍ഗീകരണ ശാസ്‌ത്രവും (taxonomy) സസ്യ-ഭൂമിശാസ്‌ത്രവുമായിരുന്നു ഇദ്ദേഹത്തിന് ഏറ്റവും താത്‌പര്യമുള്ള വിഷയങ്ങള്‍. ഇദ്ദേഹം ആവിഷ്‌കരിച്ച വര്‍ഗീകരണ സമ്പ്രദായം (system of classification) ലോകത്തെല്ലായിടത്തും സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ മിക്കവാറും എല്ലാ സസ്യശാസ്‌ത്രഗ്രന്ഥ(manual)ങ്ങളിലും സ്വീകരിച്ചു കാണുന്നത് "എങ്‌ഗ്ലര്‍ സീക്വെന്‍സ്' എന്ന് അറിയപ്പെടുന്ന ഈ രീതിയാണ്. സസ്യശാസ്‌ത്ര ജേര്‍ണലുകളില്‍ അതിപ്രധാനമായ ഒരു സ്ഥാനം വഹിക്കുന്ന ബോട്ടാണിഷേ യാര്‍ബൂഹേര്‍ 1881-ല്‍ ഇദ്ദേഹം എഡിറ്റു ചെയ്യുകയുണ്ടായി. ദ വെജിറ്റേഷന്‍ ഒഫ് ദ എര്‍ത്ത് (1896), ദ് നാച്വറല്‍ പ്ലാന്റ് ഫാമിലീസ് (1888), എ സിലബസ് ഒഫ് പ്ലാന്റ് ഫാമിലീസ് (1923) എന്നിവ എങ്‌ഗ്ലറുടെ കൃതികളില്‍ പ്രധാനപ്പെട്ടവയാണ്. 1930 ഒ. 10-ന് ഇദ്ദേഹം അന്തരിച്ചു.