This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്‌സ്‌പ്രഷനിസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എക്‌സ്‌പ്രഷനിസം
Expressionism
കലാസൃഷ്‌ടികളില്‍ ഭാവാവിഷ്‌കരണ ക്ഷമത അതിന്റെ പരമകാഷ്‌ഠയില്‍ എത്തിക്കുവാന്‍ 20-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ വടക്കന്‍ യൂറോപ്പിലെ നോര്‍ഡിക് രാജ്യങ്ങളില്‍ ആരംഭിക്കുകയും ക്രമേണ മറ്റു ദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‌ത ഒരു പ്രസ്ഥാനം. ഇതിനെ മലയാളത്തില്‍ "അഭിവ്യഞ്‌ജനാവാദം' എന്നോ "അഭിവ്യക്തിവാദം' എന്നോ പറയാം.
ആമുഖം
20-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ വടക്കന്‍ യൂറോപ്പില്‍, വിശേഷിച്ചും, ജര്‍മനിയിലും, ഫ്രാന്‍സിലും നവോത്ഥാനകാലം (1300-1600) മുതല്‍ സമൂഹത്തില്‍ കടന്നുവന്ന കലാസൗന്ദര്യചിന്തകളില്‍ വിപ്ലവകരമായ പരിവര്‍ത്തനം വരുത്തിയ റിയലിസം, ഇംപ്രഷനിസം, സിംബലിസം, പോസ്റ്റ് ഇംപ്രഷനിസം, ക്യൂബിസം എന്നിങ്ങനെ ഒന്നിനൊന്നായി ആവിര്‍ഭിച്ച-നൂതന കലാപ്രസ്ഥാനങ്ങളുടെ ആവിഷ്‌കാരസമ്പ്രദായങ്ങള്‍ക്കൊക്കെ എതിരെ ഉയര്‍ന്നുവന്ന ഒരു ആധുനിക കലാ-സാംസ്‌കാരിക പ്രസ്ഥാനമാണ് എക്‌സ്‌പ്രഷനിസം. "അഭിവ്യഞ്‌ജനാവാദം' അഥവാ "അഭിവ്യക്തിവാദം' എന്നും പറയാവുന്ന "എക്‌സ്‌പ്രഷനിസം' സ്വന്തം വികാര വിചാരങ്ങളെ സ്വതന്ത്രമായി ആവിഷ്‌കരിക്കുവാന്‍ ഒരു കലാകാരന് മൗലികാവകാശം ഉണ്ടെന്ന് വാദിക്കുകയും സമര്‍ഥിക്കുകയും ചെയ്‌ത ഒരു സിദ്ധാന്തമാണ്. മനുഷ്യന് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നതും നിരീക്ഷണ വിധേയവുമായ പ്രതിഭാസങ്ങള്‍ക്കു മാത്രമേ നിലനില്‌പുള്ളൂ എന്നു വാദിക്കുന്ന "പോസിറ്റിവിസം' അഥവാ "പ്രത്യക്ഷവാദ'ത്തിന് ശക്തമായൊരു വെല്ലുവിളിയായിരുന്നു ഈ ചിന്താഗതി. ജര്‍മനി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയ ഈ പ്രസ്ഥാനം യൂറോപ്പിലെങ്ങും അമേരിക്കയില്‍ പലയിടത്തും പിന്നീട് പടര്‍ന്ന്, സംഗീതം, സാഹിത്യം നാടകം, (തിയെറ്റര്‍) ചിത്രകല, ശില്‌പകല, വാസ്‌തുശില്‌പം, സിനിമ തുടങ്ങിയ കലകളിലെല്ലാം അതിവേഗം വ്യാപിച്ചു.
ഇതിന്റെ പ്രാരംഭം 1905-ല്‍ വടക്കുകിഴക്കന്‍ ജര്‍മനിയിലെ ഡ്രസ്‌ഡന്‍ നഗരത്തില്‍ കൂടിയ ഒരു വിഭാഗം വാസ്‌തുശില്‌പശാസ്‌ത്രവിദ്യാര്‍ഥികളായ കെര്‍ച്‌നര്‍, ബ്ലെയില്‍-പെഗ്ഗല്‍, സിമീട്-റോഡ്ര്‌ലര്‍ എന്നിവര്‍ സ്ഥാപിച്ച "ദിയ ബ്രൂക്ക്' (ദി ബ്രിഡ്‌ജ്) എന്ന സംഘടനയിലൂടെയായിരുന്നു. ഇവരില്‍ ആര്‍ക്കുംതന്നെ ചിത്രരചനയില്‍ വേണ്ടത്ര പ്രാഗല്‌ഭ്യം ഉണ്ടായിരുന്നില്ലെങ്കിലും അക്കാലത്ത് സമൂഹമനസ്സിന്റെ അഗാധതലങ്ങളില്‍ നടന്നുവന്നിരുന്ന ആശയപരവും, വികാരപരവുമായ ഗതിവിഗതികളെക്കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. ഇവര്‍ സ്വയം ഏറ്റുപറഞ്ഞതുപോലെ "കലയെയും ആശയലോകത്തെയും പരീക്ഷണാത്മകമായ രീതിയില്‍ തങ്ങളുടെ ഇച്ഛയുടെയും വിശ്വാസങ്ങളുടെയും ഒരു പൊട്ടിത്തെറിക്കു വിധേയമാക്കുകയായിരുന്നത്ര' പ്രതീകാത്മകമായി ഈ പ്രസ്ഥാനത്തിന് അവര്‍ നല്‌കിയ പേര്-ദി ബ്രിഡ്‌ജ്-(പാലം) എന്നത് കലാസൗന്ദര്യ വീക്ഷണങ്ങളെ സംബന്ധിച്ചിടത്തോളം ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നായിത്തീരുമെന്ന് അവര്‍ക്ക് തീര്‍ച്ചയില്ലായിരുന്നു. യൂറോപ്പും ലോകവും കണ്ടിട്ടുള്ള ചില കലാസാംസ്‌കാരിക-സൈദ്ധാന്തിക പ്രസ്ഥാനങ്ങള്‍ ചെയ്‌തിട്ടുള്ളതുപോലെ നിയതമായൊരു മാനിഫെസ്റ്റോയും എക്‌സ്‌പ്രഷനിസ്റ്റുകള്‍ക്കുണ്ടായിരുന്നില്ല.
ഇതിന് "എക്‌സ്‌പ്രഷനിസം' എന്ന പേര് നല്‌കിയത് അക്കാലത്തെ മികച്ച കലാസാംസ്‌കാരിക നിരൂപകന്മാരായിരുന്നു. കാരണം എക്‌സ്‌പ്രഷനിസ്റ്റു പ്രവണതകള്‍ ആദ്യം പ്രകടമായ ചിത്രകലയില്‍ അത് ശക്തവും അപ്രതിഹതവുമായ പ്രഭാവം സൃഷ്‌ടിച്ചു. തങ്ങള്‍ക്കു മുമ്പില്‍ ചിത്രകലാമാധ്യമം തുറന്നിട്ടുകൊടുത്തിട്ടുള്ള സാധ്യതകളെയൊക്കെ വിനിയോഗിച്ചുകൊണ്ടു കലാകാരന്മാര്‍ സ്വാനുഭവങ്ങളെയും വികാരങ്ങളെയും സ്വതന്ത്രമായി ആവിഷ്‌കരിക്കുന്ന സാങ്കേതികവും തന്ത്രപരവുമായ ഒരു സമീപനമായിരുന്നു, ഇതു മുന്നോട്ട് വച്ചത്. വര്‍ണങ്ങള്‍ പ്രയോഗിക്കുന്നതില്‍ ധൂര്‍ത്തും ശബളിമയും പ്രകടമാക്കിയ എക്‌സ്‌പ്രഷനിസ്റ്റുകള്‍ ശ്രദ്ധവച്ചത് ആത്മാവിഷ്‌കാരം സാധിക്കുന്ന കാര്യത്തിലായിരുന്നു. അതിനാല്‍ വൈകാരികാനുഭവങ്ങളെ അവയുടെ പരമാവധി തീവ്രതയില്‍ ആവിഷ്‌കരിക്കാനിവര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍-അതിവേഗം ചായം തേയ്‌ക്കുക, (ബ്രഷ്‌സ്‌ട്രാക്കുകള്‍ വ്യക്തമാക്കുന്നതുപോലെ), ധാരാളം മുറിഞ്ഞുപോകുന്ന രേഖകള്‍ ഉണ്ടാക്കുക, പരുപരുത്ത ചിത്രപ്രതലം സൃഷ്‌ടിക്കുക, അപൂര്‍വ വര്‍ണങ്ങള്‍ സ്വീകരിക്കുക, ചിത്രം ശബളാഭമാക്കുക, കൂര്‍ത്തുമൂര്‍ത്ത കോണുകള്‍കൊണ്ട് വികാരങ്ങളുടെ തീക്ഷ്‌ണത സൂചിപ്പിക്കുക ഇങ്ങനെയുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുന്‍ ചിത്രകലാപ്രസ്ഥാനങ്ങളെ പിന്നിലാക്കിക്കൊണ്ടാണ് എക്‌സ്‌പ്രഷനിസം 1905-ല്‍ കടന്നുവന്നത്. എക്‌സ്‌പ്രഷനിസ്റ്റ് ചിത്രകലയെ മറ്റുകലകളും അനുധാവനം ചെയ്‌ത്, ആധുനിക കലാഭാവുകത്വത്തെ പ്രകമ്പനം കൊള്ളിച്ചു എന്നുപറയാം.
ഒന്നിനു പുറമേ മറ്റൊന്ന് എന്ന രീതിയില്‍ ആവിര്‍ഭവിച്ച രണ്ടു സ്രാതസ്സുകളാല്‍ എക്‌സ്‌പ്രഷനിസം സമ്പന്നമായി. ഒന്ന് 1905-ല്‍ ആരംഭിച്ച "ദി ബ്രിഡ്‌ജി'ന്റെ ആശയങ്ങളോടും ആവിഷ്‌കരണ തന്ത്രങ്ങളോടും യോജിക്കുന്ന ഒരു അനുപൂരകധാരയായിരുന്നു. 1911-ല്‍ ആരംഭിച്ച പ്രസ്ഥാനവും "ദെ ബ്ലൗ റയ്‌ഡര്‍' (ദി ബ്ലൂ റൈഡര്‍) എന്ന പേരില്‍ പടിഞ്ഞാറേ ജര്‍മനിയിലെ മ്യൂനിച്ചില്‍ ചിത്രകലാപ്രദര്‍ശനോത്സുകരായ മറ്റൊരു കൂട്ടം അതികായന്മാരായ ജര്‍മന്‍ ചിത്രകാരന്മാര്‍-ഫ്രാങ്ക്‌മാര്‍ക്കും, ഗബ്രിയേല്‍ മുള്ളറും സമശീര്‍ഷനായ റഷ്യന്‍ ചിത്രകാരന്‍ വാസ്സിലി കാന്റിന്‍സ്‌കിയും ആണ് ഈ പുതിയ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഇവരാകട്ടെ, ഇവരുടെ "മറുപകുതി'യെന്നു പറയാവുന്ന "ഫോവുകള്‍' (Fauvs)എന്ന ഫ്രഞ്ച് ചിത്രകാരന്മാരുടെ രചനാരീതികള്‍ക്ക് സദൃശമായ സമ്പ്രദായങ്ങളാണ് സ്വീകരിച്ചത്. "ഫോവു'കള്‍ തീവ്രവും തീക്ഷ്‌ണവുമായ രീതിയില്‍ വര്‍ണങ്ങള്‍ വിനിയോഗിച്ചു. ഒരുതരം വന്യമായ സ്വഭാവമുള്ള ചിത്രണം നടത്തിയ ചിത്രകാരന്മാര്‍ക്ക് ഈ പേര് അനുയോജ്യമായിരുന്നു. ഫോവുകള്‍ എന്നാല്‍ വന്യപ്രകൃതക്കാര്‍ എന്നു തന്നെ അര്‍ഥം. എന്നാല്‍ ഫോവുകളുടെയും എക്‌സ്‌പ്രഷനിസ്റ്റുകളുടെയും വര്‍ണങ്ങളോടുള്ള ഈ അഭിനിവേശത്തിന് കാരണം ഏതാണ്ട് ഒരു തലമുറയ്‌ക്കുമുമ്പ് രചന നടത്തിയ വിശ്വപ്രസിദ്ധരും വിസ്‌മയകരമായ സിദ്ധികളുള്ളവരുമായ വിന്‍സന്റ് വാന്‍ഗോഗ്, പോള്‍ ഗൊഗാന്‍ എന്നിവരുടെ ചിത്രങ്ങളിലെ വര്‍ണസമൃദ്ധിയും സമുചിതത്വവും ആയിരുന്നു.
പ്രതിപാദ്യവിഷയത്തെപ്പോലെയോ, ഒരു പക്ഷേ, അതിലേറെയോ പ്രാധാന്യം ഇവര്‍ നിറങ്ങള്‍ക്ക് നല്‍കി. നിറങ്ങളുടെ നിറവില്‍ വികാരാനുഭൂതികള്‍ ചാരുതയോടെ അലിയിച്ചുചേര്‍ത്ത് ചിത്രകലാസ്വാദകരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്‌ഠനേടിയ വാന്‍ഗോഗും, ഗൊഗാനും എക്‌സ്‌പ്രഷനിസ്റ്റുകള്‍ക്ക് റോള്‍മോഡലുകളായിത്തീര്‍ന്നു. എക്‌സ്‌പ്രഷനിസ്റ്റുചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് ഏറെയും ഗ്രാമീണ-നഗര ബിംബങ്ങള്‍, പ്രതീകങ്ങള്‍, ജീവജാലങ്ങള്‍ എന്നിവയായിരുന്നു. ഒപ്പം മിത്തുകളും, നാടോടിക്കഥകളുടെ വിചിത്രമായ അന്തരീക്ഷവുമായിരുന്നു. അതിനാല്‍, റിയലിസത്തിനും സിംബലിസത്തിനും ഇംപ്രഷനിസത്തിനും പോസ്റ്റ് ഇംപ്രഷനിസത്തിനും എതിരായ ഒരു പ്രസ്ഥാനമാണിത് എന്ന് പറയപ്പെടുമ്പോള്‍ത്തന്നെയും, നമുക്ക് പെട്ടെന്ന് ലളിതമായി വ്യാഖ്യാനിക്കാനാവാത്ത രീതിയില്‍ ഈ പ്രസ്ഥാനങ്ങളിലെല്ലൊം ഉള്ളതായ ഗുണപരമായ നിരവധി സ്വഭാവവിശേഷങ്ങളെയൊക്കെ എക്‌സ്‌പ്രഷനിസ്റ്റുകളുടെ കാന്‍വാസുകള്‍ സമന്വയിപ്പിക്കുകയായിരുന്നു എന്നു കാണാം.
വിശ്വചിത്രകലയില്‍ പ്രകടമായ മുഖ്യ പ്രവണതകളില്‍ ഒന്നായ എക്‌സ്‌പ്രഷനിസം മൂന്നര ദശവര്‍ഷക്കാലം ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രകലയെ ഗണ്യമായി സ്വാധീനിച്ചു. ചിത്രകലാസ്വാദകരുടെയും ചിത്രകലാ ചരിത്രവിദ്യാര്‍ഥികളുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ചിത്രം നോര്‍വീജിയന്‍ ചിത്രകാരനായ ഡേവിഡ് മൂങ്കിന്റെ "ദി സ്‌ക്രീം' എന്ന ചിത്രമാണ്. വാസ്‌തവത്തില്‍ "ദി ക്ര' എന്നും കൂടി അറിയപ്പെടുന്ന (1893) ഈ ചിത്രം "ദി ബ്രിഡ്‌ജ്' രൂപമെടുക്കുന്നതിന് മുമ്പ് രചിക്കപ്പെട്ട, ഒരു അളവുവരെ എക്‌സ്‌പ്രഷനിസ്റ്റ് കലാകാരന്മാര്‍ക്ക് പ്രചോദനമായിത്തീര്‍ന്ന ഈ ചിത്രം എക്‌സ്‌പ്രഷനിസത്തിന്റെ കലാപരമായ ഒരു പ്രതീകവും ബിംബവുമായിമാറാന്‍ ഒരു കാരണം, ആ ചെറിയ ചിത്രം ആവിഷ്‌കരിക്കുന്ന ആശയലോകമാണ്; അതിന്റെ വൈപുല്യവും, വികാര തീവ്രതയുമാണ്. വിദുരതയില്‍ നോക്കി തുറിച്ചുനില്‍ക്കുന്ന കണ്ണുകളും തുറന്നവായും ചെവി രണ്ടും പൊത്തി നില്‍ക്കുന്ന ഒരു കുമാരന്റെ ദൈന്യമായ നില്‌പും നിലവിളിയും ഒരു കാലഘട്ടത്തിന്റെ ആകുലതകളുടെയും ആതുരതയുടെയും (angst) അശാന്തിയുടെയും പ്രതിഫലനമാണ്. ഒരു നിരൂപകന്‍ രേഖപ്പെടുത്തിയത് ലിംഗനിര്‍ണയം ചെയ്യപ്പെടാത്ത അതിലെ ചെറിയ ആണ്‍കുട്ടിയുടെ മുഖ്യരൂപം ചിത്രകാരന്റേത് തന്നെയെന്നാണ്. ചിത്രത്തിലെ വര്‍ണങ്ങളും വരകളും രൂപങ്ങളും എല്ലാം ആധുനിക മനുഷ്യമനസ്സിന്റെ വിഹ്വലതകള്‍ക്ക് സാര്‍വത്രികമാനം നല്‍കുന്നു. വാസ്‌തവത്തില്‍ ദുരന്തപൂര്‍ണമായിത്തീര്‍ന്ന, ഒന്നാം ലോകയുദ്ധത്തിനുമുമ്പ് തന്നെ, അന്യവത്‌കരിക്കപ്പെട്ട മനുഷ്യമനസ്സിന്റെ ഭീതിയും ദൈന്യതയും വന്യവും ക്രൂരവുമായ ലോകവ്യവസ്ഥിതിക്കെതിരെയുള്ള അമര്‍ഷവും ആത്മവിലാപവും, ചെറുത്തുനില്‍പ്പും തന്നെയാണ് എക്‌സ്‌പ്രഷനിസ്റ്റ് സംവേദനത്തിന്റെ അന്തഃസത്ത. ചൂഷണംകൊണ്ടും ദാരിദ്യ്രവും മറ്റു അപര്യാപ്‌തതകള്‍ കൊണ്ടും സ്വരലയമില്ലാതെ മനുഷ്യന്‍ വിമാനവീകരിക്കപ്പെടുകയും ഹിംസയുടെ ഭീഷണിയില്‍ വിറകൊള്ളുകയും ചെയ്യുന്ന ഒരു ലോക പരിസ്ഥിതിയിലാണ് എക്‌സ്‌പ്രഷനിസം കാലിക പ്രസക്തിയോടെ കലാലോകത്ത് കടന്നുവരുന്നത്.
സാഹിത്യത്തിലും എക്‌സ്‌പ്രഷനിസം അതിന്റെ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങിയ മുഹൂര്‍ത്തത്തില്‍ത്തന്നെ ഓട്ടേഫ്‌ളൈക്ക് എന്ന ജര്‍മന്‍ സാഹിത്യകാരന്‍ എക്‌സ്‌പ്രഷനിസംഅക്കാലത്തെ സാഹിത്യത്തിന്റെ യഥാര്‍ഥ സ്വഭാവം തന്നെയാണ് പ്രകടമാക്കുന്നതെന്ന് 1915-ല്‍ പ്രസ്‌താവിച്ചപ്പോള്‍ മറ്റൊരു ജര്‍മന്‍ പണ്ഡിതന്‍ കുര്‍ട് പില്‍തസ്-എക്‌സ്‌പ്രഷനിസത്തെ "മനുഷ്യവര്‍ഗത്തിന്റെ സാന്ധ്യപ്രകാശം' എന്നാണ് വിശേഷിപ്പിച്ചത് (The twilight of mankind). എക്‌സ്‌പ്രഷനിസ്റ്റു സംഗീതജ്ഞന്മാര്‍ സംഗീതത്തില്‍ പല പരീക്ഷണങ്ങളും നടത്തി. നാനാമേഖലകളിലും സ്വാധീനം നടത്തിയ എക്‌സ്‌പ്രഷനിസത്തിന് എന്തെങ്കിലും പ്രത്യേകലക്ഷ്യമൊന്നുംതന്നെ ഇല്ലായിരുന്നു. എന്നാലും അതൊരു അനിവാര്യമായ പരിണാമദശയായിരുന്നു. അതിനാല്‍ ഒരു നിയോഗംപോലെ എക്‌സ്‌പ്രഷനിസം 19-ാം ശതകത്തിലെ റിയലിസത്തെയും നാച്വറലിസത്തെയും അനുകരണപരമായ കലാപ്രവണതകളെയും എല്ലാം മൗലികതയില്ലാത്തവയെന്ന് മുദ്രകുത്തി ശക്തമായി എതിര്‍ത്തു. നമുക്കു ചുറ്റുമുള്ള ഭൗതിക ലോകത്തെ വെറുതെ അനുകരിക്കുകയോ, അതിനെ കലയില്‍ പുനര്‍നിര്‍മിക്കുകയോ അല്ല സര്‍ഗാത്മക പ്രതിഭയുള്ളവര്‍ ചെയ്യേണ്ടത്. അതുപോലെ ആത്മനിഷ്‌ഠാനുഭൂതികളെ വസ്‌തുനിഷ്‌ഠതയില്‍ ലയിപ്പിക്കുകയും അതിലൂടെ ശാശ്വതമൂല്യങ്ങളെ സാക്ഷാത്‌കരിക്കുന്നതിന് ദൃശ്യവസ്‌തുക്കളെ പുനരാവിഷ്‌കരിക്കുകയുമല്ല വേണ്ടത്. പിന്നെയോ, സാങ്കല്‌പികമായ പരീക്ഷണങ്ങളിലൂടെ തികച്ചും നൂതനമായൊരു നിര്‍മിതിയാണുണ്ടാകേണ്ടത്. അതിനുള്ള മൗലികമായ സ്വാതന്ത്യ്രമാണ് എക്‌സ്‌പ്രഷനിസ്റ്റുകള്‍ നമ്മോട് ചോദിച്ചുവാങ്ങിയത്.
എക്‌സ്‌പ്രഷനിസത്തിന് നിരവധി നിരൂപകന്മാരുടെയും മുക്തകണ്‌ഠമായ പിന്തുണയും ലഭിച്ചു. പ്രശസ്‌ത ബ്രിട്ടീഷ് കലാനിരൂപകനായ ഹെര്‍ബര്‍ട്ട് റീഡ് (1893-1968) "ദി ഫിലോസഫി ഒഫ് മോഡേണ്‍ ആര്‍ട്ട്' എന്ന പ്രബന്ധത്തില്‍ ഈ പ്രസ്ഥാനത്തിന് സാധൂകരണം നടത്തിയതിങ്ങനെ: "ലോകത്തിന്റെ വസ്‌തുനിഷ്‌ഠമായ യാഥാര്‍ഥ്യമല്ല, വസ്‌തുതകളും, സംഭവങ്ങളും നമ്മുടെ മനസ്സില്‍ ഉണര്‍ത്തുന്ന വികാരത്തിന്റെ ആത്മനിഷ്‌ഠമായ യാഥാര്‍ഥ്യമാണ്' എക്‌സ്‌പ്രഷനിസം കലയില്‍ കാഴ്‌ച വയ്‌ക്കുന്നത്.
ജോണ്‍ഗാള്‍സ്‌വര്‍ത്തി പറയുകയുണ്ടായി-""പുറമേ കാണുന്നതിനെ വര്‍ണിക്കാതെ ഒരു പ്രതിഭാസത്തിന്റെ അന്തഃസത്തയെ പ്രകാശിപ്പിക്കുകയാണ് എക്‌സ്‌പ്രഷനിസം.... അങ്ങനെ നോക്കിയാല്‍, സര്‍റിയലിസത്തിനെന്നപോലെ എക്‌സ്‌പ്രഷനിസത്തിനുമുണ്ട് വ്യക്തമായൊരു അധ്യാത്മികതലം. എങ്കിലും എക്‌സ്‌പ്രഷനിസത്തിന് മറ്റു പ്രസ്ഥാനങ്ങളില്‍നിന്നും വ്യതിരിക്തമായൊരു വ്യക്തിത്വം നിലനിര്‍ത്തുവാന്‍ കഴിഞ്ഞു. എക്‌സ്‌പ്രഷനിസത്തിന്റെ ആദ്യപ്രണേതാവായ ജര്‍മന്‍ പണ്ഡിതന്‍ വില്‍ഹെം വോറിഞ്‌ജര്‍ കലാകാരന്മാരോട് ആഹ്വാനം ചെയ്‌തത്: ""പാരമ്പര്യത്തിനെ തകര്‍ത്തെറിയുക എന്നായിരുന്നു. അദ്ദേഹം തന്റെ അമൂര്‍ത്തതയും തന്മയീഭാവശക്തിയും (Abstraction and Empathy, 1908) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കി-"പരമ്പരാഗതമായി സുന്ദരമെന്ന് കരുതപ്പെടുന്നവയെല്ലാം സംത്യജിച്ചാല്‍ മാത്രമേ നമുക്ക് ആന്തരിക സൗന്ദര്യത്തെ ദര്‍ശിക്കാനാവൂ.... ഈ ഗ്രന്ഥം പിന്നീട് എക്‌സ്‌പ്രഷനിസ്റ്റുകളുടെ ഒരു പ്രാമാണിക ഗ്രന്ഥമായതില്‍ അദ്‌ഭുതമില്ല. എറിക്ക് ഹെക്കല്‍ എന്ന ജര്‍മന്‍ ചിത്രകാരന്റെ സ്റ്റുഡിയോയില്‍വച്ച് 1905-ല്‍ രൂപം നല്‌കപ്പെട്ട (1883-1970) ഈ പ്രസ്ഥാനത്തിലെ പ്രമുഖരായ ചിത്രകാരന്മാര്‍ ഏണസ്റ്റ് ലുഡ്‌വിക്ക് കിര്‍ഷ്‌നര്‍ (1880-1938), മാര്‍ക്‌സ് പെഷ്‌സ്റ്റൈന്‍ (1881-1955) എമില്‍ നോള്‍ഡേ (1867-1956), കുനോ ആമീയ്‌ക്ക (1868-1961) എന്നീ യൂറോപ്യന്മാരായിരുന്നു. ഈ പ്രസ്ഥാനവുമായി ചേര്‍ന്ന എഡ്വേഡ് മൂങ്ക് (1863-1944) തന്റെ ആത്മ സംഘര്‍ഷങ്ങളും വിഹ്വലതകളും പ്രതീകാത്മകമായി ചിത്രീകരിച്ചു നേരത്തേതന്നെ ശ്രദ്ധേനായി. മൂങ്ക് ഉള്‍പ്പെടെയുള്ള എല്ലാ എക്‌സ്‌പ്രഷനിസ്റ്റുകളെയും ഒരു നല്ല അളവുവരെ സ്വാധീനിച്ചവരായിരുന്നു പോള്‍ഗോഗി(1848-1903)ന്റെ രൂക്ഷമായ സാമൂഹിക വിരുദ്ധ രചനകളും, ജയിംസ് എല്‍സോറിന്റെ (1860-1949) ആക്ഷേപഹാസ്യം (satire) നിറഞ്ഞ ചിത്രങ്ങളും.
എക്‌സ്‌പ്രഷനിസ്റ്റ് ചിത്രകലയും പ്രധാനചിത്രകാരന്മാരും
ഈ പ്രസ്ഥാനം ഏറ്റവും പ്രകടമായത് ചിത്രകലയിലും ശില്‌പവിദ്യയിലുമാണ്. ചിത്രകലയില്‍ "എക്‌സ്‌പ്രഷനിസം' (അഭിവ്യഞ്‌ജനാവാദം/അഭിവ്യക്തിവാദം) എന്ന പേര് കടന്നുവന്നത് 1911-ല്‍ മാത്രമാണ്. പക്ഷേ, സ്വതന്ത്രമായ രീതിയില്‍ കലാകാരന്മാര്‍ വികാരാവിഷ്‌കാരം ആത്മനിഷ്‌ഠമായി കലാമാധ്യമങ്ങളിലൂടെ നിര്‍വഹിക്കുന്ന കാര്യം പല രാജ്യങ്ങളിലും പല കാലത്തും മുമ്പ് ഉണ്ടായിട്ടുണ്ട്. ചൈനയിലും ജപ്പാനിലും ചിത്രകലയില്‍ ബാഹ്യമായ രൂപകല്‌പനയ്‌ക്കോ, വര്‍ണവിന്യാസങ്ങള്‍ക്കോ പ്രാമുഖ്യം നല്‌കാതെ പ്രതിപാദ്യ-പ്രചോദക വിഷയത്തിനും അതിന്റെ വൈകാരികമായ ആവിഷ്‌കാരത്തിനും ആയിരുന്നു ഏറിയ വട്ടവും ഊന്നല്‍നല്‌കിയിരുന്നത്. മധ്യകാല യൂറോപ്പിലെ രോമാനസ്‌ക്, ഗോഥിക്ക് കത്തീഡ്രലുകളിലെ രചനകളില്‍ ആത്മീയതയുടെ എക്‌സ്‌പ്രഷനിസ്റ്റിക്കായ ആവിഷ്‌കാരം ഉണ്ടായിരുന്നു എന്ന് നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 16-ാം ശതകത്തിലെ സ്‌പാനിഷ് ചിത്രകാരനായ എല്‍ഗ്രാക്കാ (1451-1614)യുടെ "ദി ബറിയില്‍ ഒഫ് കൗണ്ട് ഓര്‍ഗാസ്' (1586-86) പോലുള്ള രൂപങ്ങളുടെ നീളം കൂട്ടി വികലമാക്കുകയും വര്‍ണങ്ങളെ നാടകീയമായി വിനിയോഗിക്കുകയും ചെയ്‌തിരുന്ന ചിത്രങ്ങളും, ജര്‍മന്‍ ചിത്രകാരന്‍ മത്ത്യാസ് ഗ്രൂണ്‍വാള്‍ഡി(1470-1528)ന്റെ ജീസസ്സിന്റെ ക്രൂശീകരണ ചിത്രങ്ങളും തീക്ഷ്‌ണമായ മത വികാരങ്ങള്‍ പ്രകടിപ്പിക്കുവാനായി വക്രീകരണ തന്ത്രം പ്രയോഗിച്ചവയായിരുന്നതിനാല്‍ എക്‌സ്‌പ്രഷനിസ്റ്റ് എന്ന വിശേഷണം അവയ്‌ക്കു നല്‌കപ്പെടുന്നു. എന്നാല്‍ 19-ാം ശതകാന്ത്യത്തിലും 20-ാം ശതകാരംഭത്തിലും കടന്നുവന്ന ഹതഭാഗ്യനായ 800-ല്‍പ്പരം എണ്ണച്ചായാചിത്രങ്ങള്‍ വരച്ച് വിശ്രുതനായ ഡച്ച് കലാകാരന്‍ വിന്‍സെന്റ വാന്‍ഗോഗും (1853-1890), ഫ്രഞ്ച് മാസ്റ്റര്‍ പോള്‍ ഗോഗി (1848-1903)നും, നോര്‍വീജല്‍ എഡ്‌വേഡ്‌മൂങ്കും (1860-1944) അപൂര്‍വവും തീഷ്‌ണതയുള്ളവയുമായ വര്‍ണസങ്കരങ്ങള്‍കൊണ്ടും, വക്രീകൃതവരകള്‍ കൊണ്ടും വികാരാവിഷ്‌കാരം നടത്തിയത് എല്ലാ എക്‌സ്‌പ്രഷനിസ്റ്റുകള്‍ക്കും പ്രചോദനമായിരുന്നു.
ആദ്യഘട്ടത്തിലെ "ദി ബ്രിഡ്‌ജ്' (1905) കലാകാരന്മാരായ കിര്‍ച്ച്‌നര്‍, ഹെക്കല്‍, കാറല്‍ ഷിമ്‌ട്-റോട്ട്‌ലഫ് എന്നിവരുടെ കൂടെ 1906-ല്‍ എമില്‍ നോള്‍ഡും (1867-1956) ചേര്‍ന്നതു കൂടാതെ 1910-ല്‍ ഓട്ടോമുള്ളറും, 1912-ല്‍ ബ്ലൂറൈഡറിലെ ഫ്രാങ്ക് മാര്‍ക്ക് (1880-1916) ഓഗസ്റ്റ് മാര്‍ക്ക്, ഗബ്രിയല്‍ മുണ്ടര്‍, ഹെന്‍റിച്ച് കാമ്പെല്‍ ഡോങ്ക് (ഒക്കെയും ജര്‍മന്‍) എന്നിവരും ബ്ലൂറൈഡറിന്റെ സ്ഥാപകനായ സ്വിറ്റ്‌സര്‍ലണ്ടിലെ പോള്‍ ക്ലീ(1879-1940), ആധുനിക ചിത്രകലയില്‍ വപ്ലവം സൃഷ്‌ടിച്ച റഷ്യക്കാരനായ വാസിലി കാന്റിന്‍സ്‌കി (1866-1944) എന്നിവരും അണിനിരന്നപ്പോള്‍ ഈ രാജ്യാന്തര പ്രസ്ഥാനം (1921) ശക്തവും ധന്യവുമായി. എന്നാല്‍ 1913-ഓടെ എക്‌സ്‌പ്രഷനിസത്തിന്റെ തരംഗം ദുര്‍ബലമാകുവാന്‍ കാരണമായത് ഒന്നാം ലോകയുദ്ധകാലം (1914-18) കലാകാരന്മാരുടെ കൂട്ടായ്‌മയും സമാഗമമാര്‍ഗങ്ങളും ദുഷ്‌കരമാക്കിയതാണ്. മറ്റൊരു കാരണം, വര്‍ണങ്ങള്‍ വാരിവിതറി ചിത്രപ്രതലങ്ങളില്‍ വിസ്‌മയങ്ങള്‍ വിടര്‍ത്തിയ "കളറിസ്റ്റുകളായ' വന്യരെന്നു വിളിക്കപ്പെട്ട ഫ്രഞ്ച് ഫോവുകളുടെ സ്വാധീനവുമായിരുന്നു. ഫോവിസം ചരിത്രപരമായി പറഞ്ഞാല്‍ 1903 മുതല്‍ 1907 വരെ ഫ്രാന്‍സില്‍ ശക്തമായിരുന്ന ഒരു ചിത്രകലാപ്രസ്ഥാനമായിരുന്നെങ്കിലും അതിന്റെ സ്ഥാപകനായ ആന്ദ്ര ദെറൈനും (1880-1954) റാവോള്‍ ഡുഫിയും, മോറിസ് ഡെ വ്‌ളാമിങ്കും (1876-1958) ജോര്‍ജ് മവോ (1877-1953) ഹെന്‌റി മത്തീസ് (1869-1954) എന്നിവരുടെയും തുടര്‍ന്നുള്ള പ്രചാരണവും ആയിരുന്നു. ഫോവിസ്റ്റുകളായ ഇവരും എക്‌സ്‌പ്രഷനിസ്റ്റുകളെപോലെതന്നെ 1880-കളിലും 1990-കളിലും ആധുനിക യൂറോപ്യന്‍ ചിത്രകലയെ ലോക കലാരംഗത്തെ സമ്പന്നസാന്നിധ്യമാക്കിയ പോസ്റ്റ് ഇംപ്രഷനിസ്റ്റും ക്യൂബിസത്തിന് പ്രചോദനം നല്‌കിയതുമായ പോള്‍ സസാനും 1839-1906 ഇവിടെ വിസ്‌മരിക്കരുത്. -(ഇദ്ദേഹത്തിന്റെ "ദിബാത്തേഴ്‌സ്' പ്രസിദ്ധമാണ്) വാന്‍ഗോഗിന്റെ സുഹൃത്തും ജീവിതാന്ത്യത്തില്‍ താഹിതിയില്‍ കഴിയുമ്പോള്‍ പ്രിമീറ്റീവു (പ്രാകൃതജനതയുടെ) കലയാല്‍ ആകൃഷ്‌ടനാകുകയും ചെയ്‌തു. പോള്‍ ഗൊഗാന്‍ (1894-1903), പോയിന്റിലിസമെന്ന രചനാസങ്കേതത്തിന്റെ ഉപജ്ഞാതാവായ ഷോഷ സിയോറാ (1859-1991), വിന്‍സെന്റ് വാന്‍ഗോഗ് എന്നിവരുടെ രചനാസമ്പ്രാദയം ഇന്നും ചിത്രകാരന്മാരെ ലോകമെമ്പാടും സ്വാധീനിച്ചു വരുന്നുണ്ട്. മുമ്പുതന്നെ ഫ്രഞ്ച് ജോര്‍ജ് ബ്രാക്കും (1881-1961) ആധുനിക ചിത്രകലയുടെ പ്രതീകമായി വാഴ്‌ത്തപ്പെട്ട ഐതിഹാസിക സ്‌പാനിഷ് ചിത്രകാരനും ശില്‌പിയും ആയ പാബ്ലോപിക്കാസോ (1881-1973) യും എക്‌സ്‌പ്രഷ്‌നിസ്റ്റ് സ്വാധീനത്തിന് വിധേയരായി.
ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു പ്രസ്ഥാനമായ "ദി ന്യൂ ഒബ്‌ജക്‌ടിവിറ്റി' (നവ വസ്‌തുനിഷ്‌ഠത) ഉദയം ചെയ്‌തത് ഒന്നാം ലോകയുദ്ധാനന്തര കാലം കെട്ടഴിച്ചുവിട്ട ദാരിദ്യ്രം, നൈരാശ്യം, മതവിഭ്രാന്തി എന്നിവയുടെ ഫലമായാണ് നവ വസ്‌തുനിഷ്‌ഠതാപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഓട്ടോഡിക്‌സും സുഹൃത്തായ ജോര്‍ജ് ഗ്രാസ്സും (1893-1959, ഇദ്ദേഹമാണ് സാഡായിസത്തിന്റെ ഉപജ്ഞാതാവ്) രചിച്ച ചിത്രങ്ങളില്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളോടുള്ള പ്രതിബദ്ധതയും ആക്ഷേപഹാസ്യവും നിന്ദയും നിര്‍വികാരതയും നൂതനമായൊരു സംവേദനതലവും പ്രകടമാവുകയുണ്ടായി. ഈ ഘട്ടത്തില്‍ എക്‌സ്‌പ്രഷനിസം ഒരു ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞിരുന്നു. ആസ്‌ട്രിയന്‍ ചിത്രകാരന്‍ ഓസ്‌കര്‍ കൊകോസ്‌ച്ചാ, ഫ്രഞ്ച് ചിത്രകാരന്‍ ജോര്‍ജ് റുവാള്‍ട്,
ലിത്വാനിയയില്‍ ജനിച്ച ഫ്രഞ്ച് ചിത്രകാരന്‍ ചെയിം സ്യൂടൈന്‍ എന്നിവരുടെയും രചനകളില്‍ എക്‌സ്‌പ്രഷനിസ്റ്റ് പ്രവണതകള്‍ നിറഞ്ഞുനില്‍ക്കുന്നു. അതേപോലെതന്നെ ജൂല്‍സ് പാസ്‌കിനും അമേരിക്കയിലെ മാക്‌സ്‌വെബറും എക്‌സ്‌പ്രഷനിസ്റ്റ് ചിത്രങ്ങളിലൂടെ ലോകശ്രദ്ധപിടിച്ചുപറ്റിയവരാണ്.
ആബ്‌സ്‌ട്രാക്‌ട് എക്‌സ്‌പ്രഷനിസവും വാസ്സിലീ കാന്റിന്‍സ്‌കിയും
1945-ഓടുകൂടിയാണ് അമേരിക്കയില്‍ ആബ്‌സ്‌ട്രാക്‌ട് എക്‌സ്‌പ്രഷനിസമെന്ന നൂതന പ്രസ്ഥാനം ആരംഭിച്ചത്; ഈ അമൂര്‍ത്ത അഭിവ്യക്തിപ്രസ്ഥാനത്തിന്റെ പ്രണേതാക്കളായിരുന്നു-മാര്‍ക്ക് റൊത്ത്‌കോ, വില്ലെം ഡികൂണിങ്, ഫ്രാന്‍സ്‌ക്ലൈല്‍, ജാക്‌സണ്‍ പൊള്ളോക്ക് എന്നിവര്‍. ഇവരുടെ അമൂര്‍ത്തചിത്രങ്ങള്‍ ഏറെയും കടുത്തവര്‍ണങ്ങളും, വളരെ ബോധപൂര്‍വം ധീരമായി വരയ്‌ക്കപ്പെടുന്ന വിചിത്ര രൂപങ്ങളും നിറഞ്ഞവയും, മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളുടെ പ്രത്യക്ഷവത്‌കരണവുമാണ്. കൂടാതെ നമുക്ക് തിരിച്ചറിയാന്‍ കഴിയാത്ത, ഏതെങ്കിലും വസ്‌തുവിന്റെയോ വിഷയത്തിന്റെയോ പുനഃസൃഷ്‌ടിയല്ലാത്ത, ഇതിലെ രൂപങ്ങള്‍ അപഗ്രഥിക്കാന്‍ മനഃശാസ്‌ത്രത്തെ കൂട്ടുപിടിക്കണം. ചായങ്ങള്‍ ഒലിച്ചിറക്കിയും ചിത്രപ്രതലം വെടിച്ചും വിണ്ടും കാണിക്കുകയും, ചിത്രകലയിലെ പാരമ്പര്യധാരണകളെ അട്ടിമറിക്കുകയും ചെയ്യുന്നതിനു കാരണം അവയില്‍ സര്‍ഗശക്തിയുടെ അനര്‍ഗളമായ പ്രവാഹമാണുള്ളത് എന്നു നാം കരുതേണ്ടിവരുന്നു. ചിത്രകലയില്‍ നവോത്ഥാനകാലത്ത് (1300 മു. 1600 വരെ) മിഴിവാര്‍ന്ന ത്രിമാന പരിപ്രക്ഷ്യവും റിയലിസവും മറ്റും ആധുനിക വ്യാവസായികയുഗ മനുഷ്യന്റെ സങ്കീര്‍ണമായ ചേതോവികാരങ്ങള്‍ ആവിഷ്‌കരിക്കാന്‍ അപര്യാപ്‌തമാണെന്ന് ബോധ്യപ്പെട്ട വിശ്രുത ചിത്രകാരന്‍ പിക്കാസോ ആധുനിക സംവേദനത്തോട് കൂറുപ്രഖ്യാപിച്ചതിങ്ങനെയാണ്. ""ശരിയാണ് തീര്‍ച്ചയായും ഞങ്ങള്‍ ഭൂതകാലവുമായി ആഴത്തില്‍ത്തന്നെ വേര്‍പെട്ടിരിക്കുന്നു. കാരണം ചിത്രകലയുടെ അടിസ്ഥാനപരികല്‌പനകളും നിയമങ്ങളും ഡ്രായിങ് (രേഖാരചന) കോമ്പസിഷന്‍ (സംരചന) വര്‍ണവിന്യാസം, ചിത്രപ്രതലത്തിന്റെ പൂര്‍ണത തുടങ്ങിയവയൊക്കെയും അടിമുടിമാറിയിരിക്കുന്നു. നവോത്ഥാനകല ചെയ്‌തതുപോലെ ബാഹ്യവസ്‌തുനിഷ്‌ഠ ലോകത്തെ അനുകരിച്ചും പുനഃസൃഷ്‌ടി ചെയ്‌തും നടത്തുന്ന രീതി ഒരു പരിമിതിയാണ്. അതിലൊതുങ്ങുക മൗഢ്യമാണ്. സര്‍ഗശക്തിയുള്ള പ്രതിഭാശാലിയായ ഒരു ചിത്രകാരന് (ഏതൊരു കലാകാരനും) സ്വതന്ത്രമായി കലയിലൂടെ ആത്മാവിഷ്‌കാരം നടത്താന്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ക്കപ്പുറം അനന്തസാധ്യതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അങ്ങനെയുണ്ടായ പുതിയ രചനകള്‍ കലാകാരനെയും കലാസ്വാദകനെയും ഒരുപോലെ സംതൃപ്‌തരാക്കുന്നു. ഈ ആവിഷ്‌കരണരീതി കലകളുടെ വികാസപരിണാമങ്ങളിലെ ഒരു അനിവാര്യമായ പരിണതി തന്നെയാണ്.
അതിനാല്‍ കാന്‍വാസുകളില്‍നിന്നും മുമ്പുകണ്ട പലരൂപങ്ങളും, കണ്ടവയോടൊക്കെയും വ്യക്തമായ സാദൃശ്യമുള്ള രൂപങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. അതിനാലാണ് നാം വാസ്സിലീ കാന്റിന്‍സ്‌കിയുടെ യെല്ലോ കോമ്പസിഷനില്‍ (1924) എത്തുമ്പോഴേക്കും നവോത്ഥാന സംവേദനത്തിനും നവോത്ഥാനം പരിചയപ്പെടുത്തിയ ഭാവുകത്വത്തിനും ഏറ്റതായ കഠിനമായ ആഘാതം തിരിച്ചറിയുന്നത്. കലാസൗന്ദര്യശാസ്‌ത്രസങ്കല്‌പങ്ങള്‍ തലകീഴ് മറിയുന്നതാണ് അബ്‌സ്‌ട്രാക്‌ട് എക്‌സ്‌പ്രഷനിസത്തിലൂടെ കാണുന്നത്. വികാരസംക്രമണത്തില്‍ വര്‍ണങ്ങളെ മനഃശാസ്‌ത്രപരമായി വിനിയോഗിക്കാമെന്നും, വരകള്‍ക്കും, ജാമിതീയ രൂപങ്ങള്‍ക്കും നിയതമായ, രൂപഭംഗിയൊന്നും കൂടാതെ ആധുനിക ഭാവുകത്വവുമുള്ള ചിത്രകലാകുതുകികളെ തൃപ്‌തിപ്പെടുത്താനാവുമെന്നും മികച്ച വിജ്ഞാനിയും പണ്ഡിതനുമായ കാന്റിന്‍സ്‌കി തന്റെ അമൂര്‍ത്ത എക്‌സ്‌പ്രഷനിസ്റ്റ് ചിത്രങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും വ്യക്തമാക്കി. തന്റെ ദൗത്യം എന്തെന്ന് തിരിച്ചറിഞ്ഞ കാന്റിന്‍സ്‌കി തന്റെ ശാസ്‌ത്രീയ ഗവേഷണ ബുദ്ധിയുപയോഗിച്ച് തന്റെ കലാസപര്യയെ കലാസൗന്ദര്യശാസ്‌ത്ര ദൃഷ്‌ടിയില്‍ കൂടുതല്‍ വിശദീകരിക്കുവാനായി രചിച്ച ഗ്രന്ഥമാണ് കണ്‍സേണിങ് ദ് സ്‌പിരിച്വല്‍ ഇന്‍ ആര്‍ട്ട് (1912)-കലയിലെ ആത്മീയതയുടെ സാന്നിധ്യത്തെക്കുറിച്ച് പര്യാലോചിക്കുന്ന ഇതിലൊരിടത്ത്-കാന്റിന്‍സ്‌കി പറയുന്നു. ""പ്രക്ഷകന്‍ ഒരു ചിത്രത്തില്‍ അതിന്റെ "അര്‍ഥം' എന്തെന്ന് തേടുന്നു. എന്നാല്‍ ഭൗതികലോകത്തിന്റെ തന്നെ സൃഷ്‌ടിയായ ഒരു ചിത്രത്തെ നോക്കി അതിന്റെ മുമ്പില്‍നിന്ന് ചിത്രം തന്നോട് സ്വയം സംവേദിക്കട്ടെ എന്ന് അയാള്‍ പറയുന്നില്ല. ആ ചിത്രത്തിന്റെ ആന്തരികമൂല്യം അയാളോട് മൗനവും വാചാലവുമായി സംസാരിക്കാന്‍ അയാള്‍ അനുവദിക്കാതെ ആ ചിത്രം എത്രമാത്രം പ്രകൃതിയോടും സ്വാഭാവികതയോടും അടുത്തിരുന്നു എന്നു നോക്കുകയാണ്. രചന നടത്തിയ കലാകാരന്റെ മനോഭാവം (temperament)എന്തായിരുന്നു? ചിത്രത്തിന്റെ പരിപ്രക്ഷ്യം ശരിയാണോ? ഇത്യാദികാര്യങ്ങള്‍ ഒരു മുന്‍വിധിയോടെ ചോദിച്ച് അയാള്‍ ഖിന്നനാകുന്നു. എന്നാല്‍ അയാളുടെ കണ്ണുകള്‍ക്ക് ചിത്രത്തിന്റെ-ബാഹ്യതല ആവിഷ്‌കൃതിയെ മുറിച്ച് കടന്നു, ചിത്രത്തിന്റെ ധ്വനികളിലേക്ക് അഥവാ ആന്തരാര്‍ഥങ്ങളിലേക്ക് ഒരു പര്യവേക്ഷണം നടത്താനുള്ള കഴിവില്ല. (കണ്‍സേണിങ് ദ് സ്‌പിരിച്വല്‍ ഇന്‍ ആര്‍ട്ട് VII, വാല്യം)
ഒരു വൃത്തത്തിനുള്ളില്‍ വരയ്‌ക്കപ്പെടുന്ന ഒരു ത്രികോണത്തിന്റെ പരിച്ഛേദ്യകോണ് മനുഷ്യമനസ്സില്‍ ചെന്നുകൊള്ളുമ്പോള്‍, അതിന്റെ ആഘാതത്തിന് ആദാമിന്റെ വിരലില്‍ തൊടുന്ന ദൈവത്തിന്റെ വിരലിന്റെ സപ്‌ര്‍ശന സ്വാധീനത്തിന്റെ അത്രയും തന്നെ ശക്തിയുണ്ട്. (ഇവിടെ മൈക്കലാഞ്‌ജലോയുടെ ചിത്രം-സിസ്റ്റൈന്‍ ചാപ്പലിന്റെ മേല്‍ത്തട്ടില്‍ വരച്ച ചിത്രം നാം അനുസ്‌മരിക്കണം.) ആ വിരലുകള്‍ക്ക് ജീവശാസ്‌ത്രപരമായ റിയലിസ്റ്റിക് രൂപം ഇല്ലായെങ്കില്‍ നാം ഗ്രഹിക്കേണ്ടതായ കലാരഹസ്യം അതില്‍ റിയലിസത്തിന് നല്‌കാന്‍ കഴിയുന്നതില്‍നിന്നും എന്തോ ഒന്നു കൂടി സൂചിപ്പിക്കാന്‍ കഴിയുന്നു എന്നാണ്. അതുപോലെ വൃത്തത്തിനുള്ളിലെ ത്രികോണത്തിന്റെ കോണുകള്‍ തീര്‍ച്ചയായും വെറും ജാമിതിക്കു പുറമേ മറ്റെന്തോ ഒക്കെ കൂടിയാണ് സൂചിപ്പിക്കുന്നത് എന്ന് നാമറിയണം-എന്നിങ്ങനെ കാന്റിന്‍സ്‌കി- "അമൂര്‍ത്തകലയെക്കുറിച്ചുള്ള പര്യാലോചനകള്‍' (1931) എന്ന ലേഖനത്തില്‍ വ്യക്തമാക്കി.
ഏതായാലും കാന്റിന്‍സ്‌കിയുടേതടക്കമുള്ള എല്ലാ എക്‌സ്‌പ്രഷനിസ്റ്റുകളുടെയും ചിത്രങ്ങള്‍ക്കൊക്കെയും ഒരു ആധ്യാത്മികതലവും പുതിയ മാനങ്ങളും തീര്‍ച്ചയായും ഉള്ളത് വിസ്‌മരിക്കുവാന്‍ ഗൗരവബുദ്ധികള്‍ക്ക് കഴിയുകയില്ല. എക്‌സ്‌പ്രഷനിസം പരമ്പരാഗത കലാസിദ്ധാന്തങ്ങളുടെ കാലഹരണാവസ്ഥയോട് കലഹം പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ് കലാലോകത്ത് കടന്നുവരുന്നത്. അതുകൊണ്ടുതന്നെയാണ് ഏണസ്റ്റ് ഖുഡ്‌വിഗകിര്‍ച്ചനറുടെ "ഫൈവ് വിമെന്‍ ഇന്‍ ദി സ്‌ട്രീറ്റ്' എന്ന ചിത്രം ശ്രദ്ധേയമാവുന്നത്. അതുപോലെ പിക്കാസോയുടെ "അവിശ്‌നോനിലെ സുന്ദരിമാര്‍' എന്ന ചിത്രവും; വിശ്രുതമായ ഗേര്‍ണിക്കയും. എക്‌സ്‌പ്രഷനിസത്തിന്റെ സൈദ്ധാന്തികാചാര്യനായ വില്‍ഹെം വൊരിഞ്‌ജര്‍ എന്ന ജര്‍മന്‍ പണ്ഡിതന്റെ പ്രസിദ്ധകൃതി-ആബ്‌സ്‌ട്രാക്ഷന്‍ ആന്‍ഡ് എമ്പതിയില്‍ പറയുകയുണ്ടായി; ""പാരമ്പര്യത്തിന്റെ തിരസ്‌കാരത്തില്‍ നിന്നു മാത്രമേ (1908) ലോകത്തിന്റെയും ജീവിതത്തിന്റെയും കലയുടെയും മറ്റും ആന്തരിക സൗന്ദര്യവും സത്തയും അറിയുവാനും ആസ്വദിക്കാനും ആവൂ. അതുകൊണ്ടാണ് എക്‌സ്‌പ്രഷനിസം മുന്‍ നവോത്ഥാനകലയുടെയും റൊമാന്റിക് കാല്‌പനികതയുടെയും മറ്റും അതിര്‍ത്തിവിടുകയും ഇംപ്രഷനിസം, ഫോവിസം, ക്യൂബിസം, ഫ്യൂച്ചറിസം, സര്‍റിയലിസം എന്നിവയില്‍ നിന്നും വ്യതിരിക്തതപുലര്‍ത്തി വഴിമാറി നടന്ന് അരങ്ങുതകര്‍ത്തത്. കുറച്ചുകാലം, ഒരു ദശകത്തോളം മാത്രമേ ശക്തിയായി ജ്വലിച്ചുനിന്നുള്ളൂ എങ്കിലും അതിന്റെ സ്വാധീനം ദൂരവ്യാപകമായിരുന്നു; വളരെക്കാലം നിലനില്‍ക്കുകയും ചെയ്‌തു. ഇന്നും ഒരു ദൂരം വരെ നിലനിന്നുവരുന്നു. എഡ്‌വേഡ് മൂങ്കിന്റെ "സ്‌ക്രീം' (1893) എന്ന ചിത്രത്തിലെ അനാഥബാല്യത്തിന്റെ രോദനം അവന്റെ സ്വകാര്യദുഃഖത്തിന്റെ ദാരുണത മാത്രമല്ല, ആധുനിക മനുഷ്യരുടെ മുഴുവന്‍ ഭൗതികവും ആത്മീയവുമായ വേദനകളുടെ പ്രതീകം തന്നെയായി. മൂങ്കിന്റെ മറ്റൊരു പ്രസിദ്ധിപെറ്റ ചിത്രമാണ് "ദി റെഡ് വൈന്‍' (1898). ഔപചാരികമായ പരിശീലനമോ, എക്‌സ്‌പ്രഷനിസ്റ്റ് ഗ്രൂപ്പില്‍ അംഗമോ ആകാതെ മൂങ്ക് മൗലികമായൊരു രചനാശൈലിയുടെ ഉടമയാകാന്‍ കാരണം സമകാലിക ഇംപ്രഷനിസ്റ്റ്, പോസ്റ്റ്‌ഇംപ്രഷനസ്റ്റുകളും ഇതരരുമായുള്ള മുങ്കിന്റെ നിരന്തര സമ്പര്‍ക്കംതന്നെ.
ആദ്യകാല ബ്രിഡ്‌ജ് എക്‌സ്‌പ്രഷനിസ്റ്റും ശില്‌പിയുമായ ഏണസ്റ്റ്‌ലുഡ് വീക് കീര്‍ഷ്‌നറുടെ "ബര്‍ലിന്‍ നഗരത്തിലെ തെരുവില്‍ നില്‍ക്കുന്ന അഞ്ചു സ്‌ത്രീകള്‍' (1913) സൃഷ്‌ടിക്കുന്ന ഭ്രമാത്മകമായ അന്തരീക്ഷം നമ്മെ അനുധാവനം ചെയ്യുന്നു, ഈ ചിത്രം ന്യൂയോര്‍ക്കിലെ "മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്‌സി'ലെ അമൂല്യശേഖരങ്ങളിലൊന്നായിരിക്കുന്നു. കീര്‍ഷ്‌നറെ സ്വാധീനിച്ചത് ഡ്യൂറര്‍, മൂങ്ക്, ആഫ്രാ-പോളിനീഷ്യന്‍ കലകള്‍ എന്നിവയാണ്. അദ്ദേഹത്തെ ആകര്‍ഷിച്ച ഘടകങ്ങള്‍ മനഃശാസ്‌ത്രപരമായ പിരിമുറുക്കവും ലൈംഗികതയും ആണ്. ഇതേകാലത്തു തന്നെയാണ് സിഗ്മണ്ട് ഫ്രായിഡ് (1856-1939) മനഃശാസ്‌ത്രാപഗ്രഥനപരമായ മനോരോഗ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായി രംഗത്തു വന്നതും ലോകത്തെ ശക്തിയോടെ പിടിച്ചുലച്ചതും. ഫ്രായിഡിനെപ്പോലെ ആസ്‌ട്രിയക്കാരനായ ഓസ്‌കര്‍ കൊക്കെയ്‌ചയും (1888-1980) ചിത്രരചനയിലൂടെയും നാടകത്തിലൂടെയും എക്‌സ്‌പ്രഷനിസ്റ്റുപ്രസ്ഥാനത്തെ സമ്പന്നമാക്കി. പില്‌ക്കാലത്ത് അദ്ദേഹം ആന്റിഫാസിസ്റ്റായി ആക്ഷേപഹാസ്യത്തെ തന്റെ ചിത്രവിഷയമാക്കി-കൊക്കെയ്‌ചക വരച്ച ഛായാചിത്രങ്ങള്‍ (portraits) ശക്തമായ വരകള്‍കൊണ്ടും വര്‍ണങ്ങള്‍കൊണ്ടും പ്രക്ഷകരെ വിസ്‌മയിപ്പിച്ചു. ഛായാചിത്രരചന വളരെയേറെ യാഥാസ്ഥിതികത പുലര്‍ത്തുന്ന ഒരു കലാവിഭാഗമാണ്. കൊക്കെയ്‌ചയെപ്പോലെ അബോധമനസ്സിന്റെ ഗഹനതതലത്തില്‍നിന്നും ബിംബങ്ങള്‍, വര്‍ണങ്ങള്‍ ഒക്കെ എടുത്ത് വിക്ഷോഭകരമായ ചിത്രാന്തരീക്ഷം സൃഷ്‌ടിച്ചയാളാണ്, ഒരു ഡിസൈനറും, പ്രിന്റ്‌നിര്‍മാതാവും കൂടിയായിരുന്ന മാര്‍ക് ഛഗല്‍ (1887-1985). 1914-ലും മറ്റും അവാന്ത്-ഗാര്‍ഡെ് ചിത്രകാരന്മാരുടെ മുന്‍നിരയില്‍ നിന്നയാളാണ് ഈ കലാകാരന്റെ വിചിത്രവും, വ്യത്യസ്‌തവുമായ അതികാല്‌പനികതയുടെ ഉറവിടം ബൈബിളും തന്റെനാടായ ബലാറസ്സിലെ നാടോടി, ഗോത്ര-ഗ്രാമ ജീവിതവുമായിരുന്നു. കൗതുകകരമായ ഒരു വസ്‌തുത ഛഗലിന്റെ ചിത്രങ്ങള്‍ തലകീഴാക്കി മറിച്ചായിരുന്നു പലപ്പോഴും പലരും നിരത്തിവച്ചിരുന്നത്. പേരെടുത്തു പറയേണ്ട നിരവധി എക്‌സ്‌പ്രഷനിസ്റ്റു ചിത്രകാരന്മാരുണ്ട്-എറിക്ക് ഹെക്കല്‍ 1883-1970- (ഇദ്ദേഹത്തിന്റെ പണിപ്പുരയിലായിരുന്നു "ബ്രിഡ്‌ജ്' എന്ന പ്രസ്ഥാന രൂപം കൊള്ളുന്നത്.) മാക്‌സ് പെപ്പ്‌സ്‌റൈന്‍ (1881-1955), എമില്‍ നോള്‍ഡേ (1867-1903) (ഇദ്ദേഹത്തിന്റേതാണ് അപൂര്‍വവും അതിനാല്‍ വിശ്രുതവുമായ-"ഡാന്‍സ് എറൗണ്ട് ദ ഗോള്‍ഡ്‌ന്‍ കാഫ' (1918) എന്ന ചിത്രം) കുനോ ആമീയതും (1868-1961) കാള്‍ ഷിവീഡ് റോട്‌ലഫും (1884-1976). ഇവരില്‍ പലരും പിന്നീട് പലവഴിക്കും പോയി എങ്കിലും ദൃഢമായി എക്‌സ്‌പ്രഷനിസ്റ്റ് ശൈലിയില്‍ ഉറച്ചുനിന്നത് മാക്‌സ് ബക്കുവാ-(1884-1950)നായിരുന്നു.
വാസ്‌തവത്തില്‍ വിപുലവും, വിശാലവും അഗാധവുമായ രീതിയില്‍ ചിത്രകലയിലെ ആവിഷ്‌കാര സമ്പ്രദായങ്ങളുടെ അതിരുകള്‍ മലര്‍ക്കെ തുറന്നിട്ടുകാണിച്ചുകൊണ്ട് കുതിച്ച എക്‌സ്‌പ്രഷനിസ്റ്റ് പ്രസ്ഥാനത്തില്‍ മറ്റു പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന "പാലം' (ദി ബ്രിഡ്‌ജ്) എന്ന പ്രയോഗം പലപ്പോഴും വിസ്‌മൃതമാകാറുണ്ട്. ജര്‍മനിയില്‍ എക്‌സ്‌പ്രഷനിസം മുമ്പുചൊന്ന ചിത്രകാരന്മാരുടെ ചടുലമായ രേഖകളും മേദുര വര്‍ണങ്ങളുടെ വിലാസലാസ്യങ്ങളോടുംകൂടി മുന്നേറുമ്പോള്‍ ഫ്രാന്‍സില്‍ ജോര്‍ജസ് റൂവോയും (1871-1958) മറ്റുമടങ്ങിയ ഫോവിസ്റ്റുകളുടെ അലങ്കാരഭ്രമവും ജര്‍മന്‍ എക്‌സ്‌പ്രഷനിസത്തിന്റെ പ്രതീകാത്മകതയും യോജിപ്പിക്കുകയായിരുന്നു തന്റെ കാന്‍വാസുകളില്‍. ഇതിനുകാരണം ഫോവിസ്റ്റുകളുടെ ഏറ്റവും ശക്തനായ ഫ്രഞ്ച് ചിത്രകാരന്‍, ഹെന്‌റി മത്തീസിരനൊപ്പം (1869-1954) ഗസ്‌താവ് മോറെയും ഉണ്ടായിരുന്നതാണ്. അക്കാദമിയില്‍ പരിശീലനം കഴിഞ്ഞ ചിത്രകാരനായിരുന്നതിനാല്‍ നാനാവര്‍ണങ്ങളുടെ വിനിയോഗത്തിലും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അവ വികാര തീവ്രതയോടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതിനാലും അദ്ദേഹം ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു എക്‌സ്‌പ്രഷനിസ്റ്റും ആണ്. അദ്ദേഹത്തിന്റേതായ ഫോവിസത്തെക്കുറിച്ച് നിരൂപകര്‍ പറഞ്ഞത് കറുത്ത കണ്ണാടി വച്ച ഫോവിസമെന്നായിരുന്നു. റൂവോ വളരെ ആഴത്തില്‍ വേരോട്ടമുള്ള മതവിശ്വാസമുള്ളയാളായിരുന്നു. വിഡ്‌ഢികളോടും ഭിക്ഷക്കാരോടും അഭിസാരികമാരോടും അദ്ദേഹത്തിനുണ്ടായിരുന്ന ദീനാനുകമ്പ "പ്രാസ്റ്റിറ്റ്യൂട്ട് അറ്റ് ഹെര്‍മിറര്‍' 1906 (കണ്ണാടിയില്‍ നോക്കി തന്റെ ശരീരത്തില്‍ കാലം വരുത്തുന്ന മാറ്റത്തെപ്പറ്റി പര്യാലോചിക്കുന്ന അഭിസാരിക) എന്ന ചിത്രത്തില്‍നിന്നും വ്യക്തമാണ്. ഈ ചിത്രം മതപരമല്ലായിരിക്കാം, പക്ഷേ തികച്ചും സാന്മാര്‍ഗിക ചിന്തയുണര്‍ത്തുന്ന ഒന്നാണ് ഇത് എന്ന കാര്യം തീര്‍ച്ച. ആ ചിത്രത്തിലെ പാപമോചനം കൊതിക്കുന്ന സ്‌ത്രീരൂപം ക്രിസ്‌തുവിന്റെ പീഡിത രൂപത്തിന്റെ സ്‌ത്രീപതിപ്പാണെന്നും അത് നിന്ദിതവും പരിഹാസ്യവുമായ മനുഷ്യത്വത്തിന്റെ പതനത്തിന്റെ ചിത്ര വ്യാഖ്യാനവുമാണത്ര.
രണ്ടാം ലോകയുദ്ധത്തിനു(1938-1946)ശേഷം എക്‌സ്‌പ്രഷനിസത്തിന്റെ നേരിട്ടുള്ള സ്വാധീനം കുറഞ്ഞുവെങ്കിലും അതുമായി ജൈവബന്ധമുള്ള, അതിന്റെ ഒരു പാര്‍ശ്വഫലം എന്നുപറയാവുന്ന ഒരനുബന്ധപ്രസ്ഥാനമായി. അബ്‌സ്‌ട്രാക്‌റ്റ് എക്‌സ്‌പ്രഷനിസം അമേരിക്കയിലാവിര്‍ഭവിക്കയും അതിലൂടെ ജാക്‌സണ്‍ പൊള്ളൊക്കി(1912-56)നെ പ്പോലുള്ള മൗലിക പ്രതിഭകള്‍ ഉയര്‍ന്നുവരികയും ചെയ്‌തത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. പൊള്ളൊക്ക് പരമ്പരാഗതമായ എല്ലാ രചനാസങ്കേതങ്ങളെയും സങ്കല്‌പങ്ങളെയും തൂത്തെറിഞ്ഞിട്ട് അമൂര്‍ത്ത ചിത്രകലയുടെ ചക്രവാളം വിപുലമാക്കിയത് ചരിത്രകാരന്മാര്‍ ശ്രദ്ധിക്കുകയുണ്ടായി.
ആബ്‌സ്‌ട്രാക്‌ട് എക്‌സ്‌പ്രഷനിസ്റ്റുകളും ഫിഗറെറ്റീവ് എക്‌സ്‌പ്രഷനിസ്റ്റുകളും
ആബ്‌സ്‌ട്രാക്‌ട് എക്‌സ്‌പ്രഷനിസത്തിന്റെ ദാര്‍ശനികാചാര്യനും പ്രയോക്താവും ആയിരുന്നു കാന്റിന്‍സ്‌കി. ജര്‍മനിയിലായിരിക്കുമ്പോള്‍ തന്നെയും ജര്‍മന്‍ എക്‌സ്‌പ്രഷനിസത്തെയും ആരാധിക്കുന്ന അമേരിക്കന്‍ ചിത്രകാരന്‍ മാര്‍സ്‌ഡണ്‍ ഹാര്‍ടിലി 1913-ല്‍ കാന്റിന്‍സ്‌കിയെ സന്ദര്‍ശിക്കുകയുണ്ടായി. ഒന്നാംലോകയുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ ലോകംനിന്ന 1913-ഉം യുദ്ധാവസാനവും കഴിഞ്ഞ് രണ്ടാംലോകയുദ്ധത്തിന്റെ ആരംഭകാലത്താണ് (1939) ന്യൂയോര്‍ക്ക് യൂറോപ്പിലെ പ്രസിദ്ധ ചിത്രകാരന്മാര്‍ക്ക് സ്വാഗതമരുളുന്നത് അമേരിക്കയായിരുന്നു. രണ്ടാംലോകയുദ്ധത്തിനുശേഷം നിരവധി അമേരിക്കന്‍ ചിത്രകാരന്മാരെ എക്‌സ്‌പ്രഷനിസം സ്വാധീനിച്ചു. 1947 ഓസ്‌കര്‍ കാക്കൊസ്‌ച്‌ക്കയുടെ കീഴില്‍ അഭ്യസിച്ച അമേരിക്കന്‍ ചിത്രകാരന്‍ നോറിസ്സ് എമ്പ്രി (1921-1981) അറിയപ്പെട്ടത് ആദ്യത്തെ അമേരിക്കന്‍-ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റ് എന്നായിരുന്നു. 20-ഉം 21-ഉം ശതകത്തിലെ മറ്റ് അമേരിക്കന്‍ ചിത്രകാരന്മാരില്‍ ഏറിയ കൂറും അമേരിക്കന്‍ എക്‌സ്‌പ്രഷനിസത്തിന്റെ സ്വാധീനത്തില്‍ വ്യത്യസ്‌തവും വ്യക്തിപരവുമായ വിവിധ ശൈലികളില്‍ രചന നടത്തി എക്‌സ്‌പ്രഷനിസത്തിന്റെ നാനാവിധ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. അതേസമയം ബോസ്റ്റണ്‍ കേന്ദ്രമാക്കി ഫിഗറെറ്റീവ് എക്‌സ്‌പ്രഷനിസമെന്ന മറ്റൊരു ശാഖയും വികസിക്കുകയുണ്ടായി. ചിത്രങ്ങളില്‍ വ്യക്തതയുള്ള രൂപങ്ങള്‍ ഉരുത്തിരിഞ്ഞുവന്നത് ചില വികാരങ്ങള്‍ കൂടുതല്‍ ശക്തമായി ആവിഷ്‌കരിക്കാന്‍ ഉപയുക്തമായതിനാണ് ഫിഗററ്റീവ് എക്‌സ്‌പ്രഷനിസം എന്നു പറയുന്നത്. അതാകട്ടെ ആധുനിക അമേരിക്കന്‍ ചിത്രകലയുടെ ഒരു ഭാഗമാകുകയും ചെയ്‌തു. ഈ ഫിഗററ്റീവ് ചിത്രകാരന്മാരില്‍ ശ്രദ്ധേയരായവര്‍ കാറല്‍ സെര്‍ബെ, ഹൈ മന്‍ബ്ലൂം, ജാക്ക്‌ലെവില്‍, ഡേവിഡ് ആരന്‍സണ്‍, ഫിലിപ്പ്, ഗസ്‌തണ്‍ എന്നിവര്‍ ഒക്കെയും മുഖ്യധാരയില്‍ നിന്നും വേറിട്ടു വരികയും, അവര്‍ക്ക് അമേരിക്കയിലും യൂറോപ്പിലാകെയും നിരവധി പിന്തുടര്‍ച്ചക്കാരുണ്ടാവുന്നതുമാണ് നാം 1950-കളില്‍ കാണുന്നത്. ഇവര്‍ ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഇവരെ ന്യൂയോര്‍ക്ക് ഫിഗറെറ്റീവ് എക്‌സ്‌പ്രഷനിസ്റ്റുകള്‍ എന്നുവിളിച്ചിരുന്നു. റോബര്‍ട്ട് ഭ്യൂച്ചാമ്പു, എലൈല്‍ ഡി കൂണിങ് എന്ന ചിത്രകാരി, റോബര്‍ട്ട് ഗുഡ്‌നഫ്, ഗ്രസ് ഹാട്ടിഗാന്‍, ലെസ്റ്റര്‍ ജോണ്‍സണ്‍, അലക്‌സ് കാറ്‌സ, ജോര്‍ജ് മക്‌നെയ്‌ല്‍, ഷാന്‍ മുള്ളര്‍, ഫെയര്‍ ഫീല്‍ഡ് പോര്‍ട്ടര്‍, ഗ്രഗോറിയോ പ്രസ്‌ടോപിതോ, ലാറി റീവേഴ്‌സ്, ബേന്‍ തോംസണ്‍ എന്ന മറ്റൊരുകൂട്ടം കലാകാരന്മാര്‍-1940 കള്‍ക്കും 1950-കള്‍ക്കും ഇടയില്‍ രംഗത്തെത്തി. -ജോര്‍ജസ് മാത്യു, ഹാന്‍സ് ഹാര്‍ട്ടങ്, തെകൊലസ് ഡി. സ്റ്റാല്‍ എന്നിവരുടെ ഒരു ഗ്രൂപ്പ് ചിത്രത്തില്‍ കവിതയുടെ ഭാവഗീതസ്വഭാവത്തോട് അടുക്കുന്ന ഒരു രൂപവര്‍ണ വിന്യാസരീതിയില്‍ ചിത്രങ്ങളെഴുതിയപ്പോള്‍ അവരെ ലിറിക്കല്‍ (lyrical) ആബ്‌സ്റ്റക്‌റ്റ് സ്‌കൂള്‍ എന്നുവിളിച്ചുവന്നു. ആദ്യകാലത്ത് ഫിഗറെറ്റീവ് എക്‌സ്‌പ്രഷനിസ്റ്റുകള്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്ത് താമസിച്ചു പ്രവര്‍ത്തിച്ചു വന്നതിനാല്‍ അവരെ ബേ ഏരിയാ ഫിഗറെറ്റീവ് മൂവ്‌മെന്റ് എന്നുവിളിച്ചു. എല്‍മല്‍ ബിഷ് ഹോഫ്, റിച്ചാര്‍ഡ് ഡൈബെങ്കോണ്‍, ഡേവിഡ് പാര്‍ക്ക് എന്നിവരുടെ നേതൃത്വത്തില്‍ 1950-1965 വരെ സജീവമായിരുന്ന ഈ പ്രസ്ഥാനത്തില്‍ തിയോഫിലസ് ബ്രൗണും, പാള്‍വര്‍ണറും, ജയിംസ് വീക്‌സുംഹ ഹാസല്‍ സ്‌മിത്തും, നാതന്‍ ഒലിവെര, ബ്രൂസ് മാക്‌ഗോ, ജോവല്‍ ബ്രൗണ്‍, മാനുവല്‍ നെറി, ജോണ്‍ സാവോ, റോളന്റ് ഫീറ്റേഴ്‌സണ്‍ എന്നീ ചിത്രകാരന്മാര്‍ സജീവസാന്നിധ്യങ്ങളായിരുന്നു.
1950-കളില്‍ ആബ്‌സ്‌ട്രാക്‌റ്റ് എക്‌സ്‌പ്രഷനിസ്റ്റുകളുടെ കൂട്ടത്തില്‍ ലൂയി ബൂര്‍ഷ്വാസി, ഹാല്‍സ് ബര്‍ക്ക്‌ഹാര്‍ഡ്, മേരികല്ലെറി, നിക്കൊളാസ് കരോണ്‍, വില്ലെം-ഡികൂണിങ്, ജാക്‌സണ്‍ പൊള്ളോക്ക് എന്നിവരില്‍ പലരും വികാരാവിഷ്‌കരണം സുകരമാക്കാനും മറ്റും ഫിഗറെറ്റീവ് എക്‌സ്‌പ്രഷനിസ്റ്റിക്ക് ചിത്രങ്ങളും വരയ്‌ക്കുകയുണ്ടായി.
വടക്കേഅമേരിക്കയിലും കാനഡയിലും ലിറിക്കല്‍ എക്‌സ്‌പ്രഷനിസം 1960-കളിലും 70-കളിലും, ഡാണ്‍ക്രീസ്റ്റല്‍സെന്‍, പീറ്റര്‍ യങ്, റോണി ലാന്‍ഡ് ഫീല്‍ഡ്, റൊണാള്‍ഡ് ഡേവിഡ്, ലാറിപൂണ്‍സ്, വാള്‍ടര്‍ ഡാര്‍ബി ബാര്‍ണാര്‍ഡ്, ചാര്‍ലസ് അര്‍ണോള്‍ഡി, പാറ്റ് ലിപ്‌സ്‌കൈ തുടങ്ങിയവര്‍ പ്രമുഖരായിരുന്നു. 1970 ആകുമ്പോഴേക്കും നവ അഭിവ്യഞ്‌ജനാപ്രസ്ഥാനം അഥവാ നിയോ-എക്‌സ്‌പ്രഷനിസം എന്ന ഒരു ആഗോള നവീകരണ പ്രസ്ഥാനം പരിണമിച്ചുണ്ടായപ്പോള്‍ പൊതുവില്‍ ഏറെക്കുറെ വ്യക്തികളുടെ ശൈലികള്‍ തമ്മില്‍ അടുത്ത സാദൃശ്യം പ്രകടിപ്പിച്ച ഒരു ശൈലി പ്രകടമായി, ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം കടന്ന് സര്‍ഗാത്മകത ഒരു പ്രത്യേക ശൈലിയില്‍ ഉരുത്തിരിഞ്ഞു. അപ്പോള്‍ അതില്‍ ജര്‍മന്‍കാരായ ആല്‍സെലം കെയ്‌ഫര്‍, ജോജ് ബേസ്‌ലിറ്റ്‌സ് തുടങ്ങിയവരും അമേരിക്കയില്‍ ഷാന്‍-മിഷല്‍ ബാസ്‌ക്വിയാത്ത്, എറിക്ക് ഫിഷല്‍, ഡേവിഡ് വാലെ, ജൂലിയന്‍ ഷ്‌നാബല്‍ എന്നിവരും ക്യൂബയില്‍നിന്നും പാബ്ലൊ കാരെനോയും ഫ്രാന്‍സില്‍ റെമി ബ്ലാഞ്ചാടും, ഹെര്‍ബി ഡി റോസയും മറ്റും, ഇറ്റലിയില്‍ ഫ്രാന്‍സെസ്‌ക്കോ ക്ലമന്റിയും, സാല്‍ഡ്രാ ചിയോയും, എന്‍സോ സുഛിയും, ഇംഗ്ലണ്ടില്‍ ഡേവിഡ് ഹോക്ക്‌നിയും, ഫ്രാങ്ക് ഓര്‍ബാക്കും, ലിയോണ്‍ കൊസ്സോഫും ബലാറസ്സില്‍നിന്നും നടാലിയ ചെര്‍നോഗൊലോവയും വളരെയധികം രചനകള്‍ നിര്‍വഹിച്ചു.
എക്‌സ്‌പ്രഷനിസം ഒരു ആധുനിക അന്തര്‍ദേശീയ കലാസാംസ്‌കാരിക പ്രവണതയാകയാല്‍ അത് നൃത്തം, ശില്‌പകല, സിനിമ, സാഹിത്യം, നാടകം (തിയെറ്റര്‍) എന്നീ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രകടമായ ഒരു പ്രതിഭാസമായിത്തീര്‍ന്നു. ഇവയില്‍ ഏതിനെയാണ് കൂടുതല്‍ എക്‌സ്‌പ്രഷനിസം സ്വാധീനിച്ചത് എന്നത് ഒരു വലിയ പ്രശ്‌നമായി കരുതേണ്ടതില്ല.
എക്‌സ്‌പ്രഷനിസ്റ്റ് സിനിമ
ഒരു ശതകത്തിലേറെ ചരിത്രമുള്ള ചലച്ചിത്രലോകത്തെ ശക്തമായ ഒരു സ്വാധീനമായി എക്‌സ്‌പ്രഷനിസം മാറിയതില്‍ അദ്‌ഭുതമില്ല. എക്‌സ്‌പ്രഷനിസത്തിന്റെ ചിത്രകലാരംഗത്തെ വികാസപരിണാമങ്ങള്‍ ശ്രദ്ധിച്ചാല്‍ അമേരിക്കയിലെ ചിത്രകാരന്മാര്‍ക്ക് കാന്‍വാസ്, എന്നാല്‍ ചിത്രം വരയ്‌ക്കാനുള്ള വെറും പ്രതലം മാത്രമല്ല എന്നായി. പിന്നെയോ ഒരു സംഭവത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ആത്മനിഷ്‌ഠപ്രതികരണം പ്രകടിപ്പിക്കാനുള്ള വേദി (Arena) എന്നായിത്തീര്‍ന്ന ഒരു ഘട്ടത്തില്‍ സിനിമയെപ്പോലുള്ള ഒരു മാധ്യമത്തില്‍ ആത്മാവിഷ്‌കാരം, ചലച്ചിത്രകാരന്റെ സമകാലിക ജീവിത പരിതഃസ്ഥിതിയെക്കുറിച്ചുള്ള പ്രതികരണം ഒക്കെയും അടയാളപ്പെടുത്താന്‍ കൂടുതല്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവുണ്ടായ ആദ്യകാല എക്‌സ്‌പ്രഷനിസ്റ്റ് ചലച്ചിത്രകാരന്മാര്‍ക്കാണ് റോബര്‍ട്ട് വെയില്‍ "ദി ക്യാബിനറ്റ് ഒഫ് ഡോക്‌ടര്‍ കാലിഗാരി' (1919) എന്ന നിശ്ശബ്‌ദ മൂവിയും ഹെന്‍ട്രിക്ക് ഗലീന്റെ നിശ്ശബ്‌ദചിത്രമായ "സ്റ്റുഡന്റ് ഒഫ് പ്രഗ്' (1926) പോള്‍ സംവിധാനം ചെയ്യുകയും പ്രധാന റോളില്‍ അഭിനയിക്കുകയും ചെയ്‌ത "ദി ശോലെ ഹൌ ഹി കെയിം ഇന്‍ ദി വേള്‍ഡ്' (1920), ഫ്രിക്‌സ് ലാങ്ങിന്റെ വിശ്രുത ബ്ലാക്ക് ആന്‍ഡ് വൈറ്റും സൈലന്റും ആയ മൂവി-"ഡെസ്റ്റിനി' (1921) തുടങ്ങിയ ചലച്ചിത്ര ക്ലാസ്സിക്കുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് ഒരു നല്ല തുടക്കമായിരുന്നു. എക്‌സ്‌പ്രഷനിസ്റ്റു സിനിമകളുടെ ലിസ്റ്റ് നീളുന്ന ഒന്നാണ്. അതുപോലെ ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റു സിനിമകളില്‍ ഒന്നാണ് ലോകസിനിമയിലെ തന്നെ നാഴികക്കല്ലായ നോസ്‌ഫെറാത്തു (1922) എന്ന എഫ്. ഡബ്ല്യൂ മുന്‍നൗ സംവിധാനം ചെയ്‌ത നിശ്ശബ്‌ദ ചിത്രവും; എലിയുടെ മുഖവും ശോഷിച്ച ശരീരവും നീണ്ടനഖങ്ങളുമുള്ള ഇതിലെ മുഖ്യകഥാപാത്രം നമ്മിലേക്ക് ചാടിക്കടന്നുവീണ് നമ്മുടെ ചിന്താലോകത്തെ അസ്വസ്ഥമാക്കുന്ന ഒരു "വാമ്പയര്‍' (Vampire) അഥവാ ദുര്‍ഭൂതം ആണ്. 1922-ല്‍ പുറത്തുവന്ന "ഫാന്റം', "ഷാറ്റെല്‍' (1923) "ദി ലാസ്റ്റ് ലാഫ്' 1924 - (ചരിത്രപരമായി ആദ്യത്തെ മൂവി ക്യാമറയില്‍ ചിത്രീകരിക്കപ്പെട്ട ചിത്രം കൂടിയാണിത്). ഇവയൊക്കെത്തന്നെയും ഒരേസമയം സിംബോളിക്കും ശൈലീകൃതവുമായ സിനിമകളായിരുന്നു.
ഇപ്രകാരം മുകളില്‍ പറഞ്ഞ അസാധാരണത്വം നിറഞ്ഞ കലാസൃഷ്‌ടികള്‍ ഉണ്ടാവാന്‍ കാരണം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതാണ്ട് 1920-കളില്‍ ജനഹൃദയങ്ങളില്‍ നടന്നതായ സാന്മാര്‍ഗിക വ്യതിയാനമാണ് (ethical change). ഇതിനു വഴിവച്ചതാകട്ടെ ഒന്നാം ലോകയുദ്ധവും ജനഹൃദയങ്ങള്‍ ഭാവിയിലേക്ക് ധീരവും നൂതനവുമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഉറ്റുനോക്കുവാന്‍ തുടങ്ങിയതാണ്. തന്മൂലം പുതിയ കലാപരമായ ശൈലികള്‍ ഉണ്ടാവുകയും ചെയ്‌തു. ആദ്യത്തെ എക്‌സ്‌പ്രഷനിസ്റ്റു ചലച്ചിത്രം പണത്തിന്റെ ദൗര്‍ലഭ്യത്തില്‍ ഔട്ട് ഡോറില്‍ പോകാനാകാതെ സെറ്റുകള്‍ സജ്ജമാക്കിയാണ് ഷൂട്ട് ചെയ്‌തത്. ഈ സെറ്റുകളാകട്ടെ ചുവരിലും നിലത്തും ചായം തേച്ചും കൃത്രിമമായി അസ്വാഭാവികതയുള്ള ജാമിതീയ രൂപങ്ങള്‍, വികൃതമായ കോലങ്ങള്‍ എന്നിവ വരച്ചും ആണ് ഒരുക്കിയത് പ്രകാശവും, ഇരുട്ടും, നിഴലുമെല്ലാം ആവിഷ്‌കരിച്ചത് കൃത്രിമമായിട്ടാണ്. കാരണം ഇവയുടെയൊക്കെ കഥയും ഇതിവൃത്തവും മതിഭ്രമം, ഭ്രാന്ത്, വഞ്ചന തുടങ്ങി ബൗദ്ധികമായ തലങ്ങള്‍ ഉള്ളവയും എല്ലാ കാല്‌പനിക സൗന്ദര്യത്തെയും ത്യജിച്ചുകൊണ്ടുള്ള ഒരു തരം നിഷേധത്തിന്റെ ചലച്ചിത്രാവിഷ്‌കാരവുമായിരുന്നു. ഇതിനുപുറമേ എടുത്തു പറയാവുന്ന ചിത്രങ്ങളാണ്-എക്‌സ്‌പ്രഷനിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ളവയായി ചൂണ്ടിക്കാട്ടാവുന്നവയാണ് മെട്രാപോളിസ് -1927 ഫ്രിസ്റ്റ്‌ലാങ് സംവിധാനം ചെയ്‌ത, (ഏറ്റവും സാഹസികമായി ക്യാമറ കൈകാര്യം ചെയ്യപ്പെട്ട ചിത്രവും കൂടിയാണിത്). 1931-ല്‍ ഇറങ്ങിയ "എം' എന്ന ചലച്ചിത്രവും (ഫ്രിസ്റ്റ്‌ലാങ്ങിന്റെ തന്നെ ചിത്രവും) വളരെയേറെ കാഴ്‌ചക്കാരെ വളരെ വിസ്‌മയിപ്പിച്ച ഒന്നായിരുന്നു. എന്നാല്‍ വിചിത്രമെന്നുതന്നെ പറയട്ടെ എക്‌സ്‌പ്രഷനിസ്റ്റ് ചലച്ചിത്രങ്ങളിലെ യഥാതഥത്വത്തിനെതിരെയുള്ള (realism) ഭ്രംശവും, വക്രീകരണവും വേഗം വിസ്‌മൃതമാവുകയുണ്ടായി. പശ്ചാത്തലത്തിലും കഥാകഥനത്തിലും കൂടുതല്‍ ചിട്ടയും അടുക്കും വേണമെന്ന ചിന്ത ശക്തമായി. ജര്‍മന്‍ ചലച്ചിത്രകലാകാരന്മാര്‍ നാസികളുടെ ജര്‍മനിവിട്ട് അമേരിക്കയിലെ ഹോളിവുഡിലേക്ക് ചേക്കേറി. അമേരിക്കന്‍ ഫിലിം സ്റ്റുഡിയോകള്‍ ഈ ജര്‍മന്‍ സംവിധായകരെയും ഛായാഗ്രാഹകരെയും ഹാര്‍ദമായി സ്വീകരിച്ചു. അങ്ങനെ ലോകചലച്ചിത്രാസ്വാദകരിലും ചലച്ചിത്രകലയിലാകമാനവും ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു സംഭരണ കേന്ദ്രം (റെപ്പട്‌വാര്‍-repertoire) ഹോളിവുഡിനുണ്ടായി. അമേരിക്കന്‍ നോവലിസ്റ്റായ ഹാരോള്‍ഡ് റോബിന്‍സിന്റെ ദി ഡ്രീം മെര്‍ച്ചന്‍സ് എന്ന നോവല്‍ ഹോളിവുഡിലെ ഫിലിം വ്യവസായത്തിന്റെ വളര്‍ച്ചയുടെ കഥ പറയുന്നത് ഓര്‍മിക്കുന്നതിവിടെ ഉചിതമാണ്.
ഇപ്രകാരം ശക്തിയാര്‍ജിച്ച ഹോളിവുഡ് ചലച്ചിത്ര ലോകത്തിന് എക്‌സ്‌പ്രഷനിസ്റ്റ് ആശയത്തിന്റെ സംഭാവന രണ്ടു ഷാനറുകളില്‍ പ്രകടമായി-ഹൊറര്‍ ചിത്രങ്ങളിലും നവസിനിമയിലും കാര്‍ല് (ഴാങമു) ലാമ്മല്‍-ഉം യൂണിവേഴ്‌സല്‍ സ്റ്റുഡിയോകളും അതിവേഗം പ്രശസ്‌തിയിലേക്കു കുതിച്ചുകയറിയത് പ്രശസ്‌ത ഹൊറര്‍ ചിത്രങ്ങള്‍ (സംത്രാസം സൃഷ്‌ടിക്കുന്ന അഥവാ ഉള്‍ക്കിടിലം കൊള്ളിക്കുന്ന) പുറത്തിറക്കിയതോടെയാണ്. ഉദാഹരണമായി ഭ്രമാകുലതകള്‍ സൃഷ്‌ടിച്ച ലോണ്‍ചാനിയുടെ "ദി ഫാന്റം ഒഫ് ദ് ഓപ്പറ' (1925) കാഴ്‌ചവച്ചത് ലോണ്‍ചാനിയുടെ തന്നെ "ആയിരം മുഖങ്ങള്‍' ആയിരുന്നു. ഇതുപോലെ സിരാകൂടത്തിലൂടെ വൈദ്യുതി കടത്തി വിടുന്നതിന് കഴിഞ്ഞ ഹൊറര്‍ ചലച്ചിത്രമായിരുന്നല്ലോ "ഡ്രാക്കുള' (1931). റ്റെഡ് ബ്രൗണിങ് സംവിധാനം ചെയ്‌ത ഈ ചിത്രം അനേകം ഡ്രാക്കുളമാര്‍ക്ക് വഴിമരുന്നിടുകയായിരുന്നു. ആ പേരില്‍ നിരവധി ഹൊറര്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി. 1930-കളില്‍ ഇരുണ്ട, ഭീതിപ്പെടുത്തുന്ന കറുകറുത്ത ഭീകര ദൃശ്യങ്ങളാല്‍ മനുഷ്യാസ്‌തിത്വത്തിന്റെ വന്യമായ തലങ്ങള്‍ അനാവരണം ചെയ്യുന്ന യൂണിവേഴ്‌സര്‍ മോണ്‍സ്റ്റര്‍ മൂവീസ് ഹോളിവുഡില്‍നിന്നും പുറത്തുവന്നു. ഫ്രിറ്റ്‌സ്‌ലാങ്, ബില്ലി വൈല്‍ഡര്‍, ഒട്ടോപ്രീമിങ്ങര്‍, ആല്‍ഫ്രഡ് ഹിച്ച് കോക്ക്, കരോള്‍റീഡ്, മൈക്കേല്‍ കുര്‍ട്ടിസ് എന്നിവര്‍ അവതരിപ്പിച്ച എക്‌സ്‌പ്രഷനിസ്റ്റ് സിനിമയുടെ സ്വാധീനം യൂറോപ്യന്‍-അമേരിക്കന്‍ നാടകങ്ങളിലും അലകളിളക്കി.
ഇതോടൊപ്പം ശ്രദ്ധിക്കേണ്ട ഒരു രംഗമുള്ളത് സിനിമയെക്കുറിച്ചുള്ള ഗ്രന്ഥരചനകളാണ്. 20-ാം ശതകത്തിന്റെ ഐതിഹാസികമായ കലാരൂപവും പ്രചാരമേറിയ വിനോദോപാധിയും എന്ന നിലയില്‍ സിനിമ അര്‍ഹിക്കുന്ന ഗൗരവത്തില്‍ അതേപ്പറ്റി രചിക്കപ്പെടുന്ന കൃതികള്‍ ശ്രദ്ധേയമാക്കുന്നു എന്നതിനുദാഹരണമായി, സിനിമാ നിരൂപകയായ ലോത്തി എയ്‌നറുടെ "ദ് ഹോന്റഡ് സ്‌ക്രീന്‍' (The Haunted Screen)ഉം, സിഗ്‌ഫ്രീഡ് ക്രാക്കറിന്റെ "ഫ്രം കലിഗാരി ടു ഹിറ്റ്‌ലറും'. രണ്ടാമത്തേത് ജര്‍മന്‍ സിനിമയുടെ നിശ്ശബ്‌ദ കാലഘട്ടം (ഇത് ഈ സിനിമയുടെ സുവര്‍ണകാലവുമായിരുന്നു) മുതല്‍ ഹിറ്റ്‌ലര്‍, ഭരണാധികാരം ഏറ്റെടുക്കുന്നതുവരെ(1933)യുള്ള സിനിമയെക്കുറിച്ചായിരുന്നെങ്കില്‍ ലോത്തി എയ്‌നറുടെ പഠനം ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റു സിനിമ, കാല്‌പനിക ആശയഗതികളുടെ ഒരു ദൃശ്യാവിഷ്‌കാരമാണ് എന്ന നിലയ്‌ക്കാണ്. എന്നാല്‍ ഒരു നല്ല അധ്യാപികയെപ്പോലെ സിനിമയുടെ സ്റ്റേജിങ്, സിനിമറ്റോഗ്രഫി (ക്യാമറയുടെ കൈകാര്യം ചെയ്യല്‍) അഭിനയം, തിരക്കഥ എന്നിവ എങ്ങനെയാണ് പാബ്‌സ്റ്റും, ലുബിറ്റ്‌ച്ചും, ഫ്രിറ്റ്‌സ് ലാങ് (ലോത്തയുടെ പ്രിയപ്പെട്ട സംവിധായകന്‍) റെയ്‌ഫെന്‍സ്റ്റാഹില്‍, ഹാര്‍ബോ, മുനൗറു എന്നിവര്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്‌തതെന്നു പരിശോധിക്കുന്നു. ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി പാണ്ഡിത്യമുള്ളവര്‍ ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റു സിനിമയുടെ രാഷ്‌ട്രീയം, സാമ്പത്തികശാസ്‌ത്രം എന്നിവയും മറ്റും പഠിച്ച് എഴുതിയ നിരവധി ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്.
എക്‌സ്‌പ്രഷനിസവും ഹിച്ച്‌കോക്കും. രസകരമായ ഒരു വിരോധാഭാസമായി കരുതാവുന്ന കാര്യമാണ്, ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റു ചലച്ചിത്രകാരന്മാര്‍ വികസിപ്പിച്ചുകൊണ്ടുവന്ന പല സങ്കേതങ്ങളും ആണ് ഹോളിവുഡിലും ലോകമെമ്പാടുമുള്ള ചലിച്ചിത്ര നിര്‍മാതാക്കളും സാങ്കേതികവിദഗ്‌ധരും പിന്നീട് സ്വീകരിക്കുകയും വികസിപ്പിക്കുകയും ചെയ്‌തത്. 1930-നുശേഷമുള്ള രാജ്യാന്തര സിനിമയില്‍ ഇതു വ്യക്തമാണ്. ആല്‍ഫ്രഡ് ഹിച്ച് കോക്ക് (1889-1980) 1924-ല്‍ അമേരിക്കയില്‍നിന്നും ജര്‍മനിയിലെ ഡഎഅ ബാബല്‍ബര്‍ഗ് സ്റ്റുഡിയോവിലേക്കു (ബര്‍ലിന്‍) അന്ന് അസി: ഡയറക്‌ടറായ ഹിച്ച്‌കോക്കിന്റെ ഫിലിം നിര്‍മാതാവ് ചില കാര്യങ്ങള്‍ പഠിപ്പിക്കുവാനായി അയച്ചു. അന്ന് ഹിച്ച് കോക്ക് ആര്‍ട്ട് ഡയറക്‌ടറായി നിര്‍മിച്ച "ദി ബ്ലാക്ക് ഗാര്‍ഡ്' എന്ന ചിത്രത്തിന്റെ സെറ്റുമുഴുവനും ഡിസൈന്‍ ചെയ്‌തത് എക്‌സ്‌പ്രഷനിസ്റ്റു സങ്കേതങ്ങള്‍ ഉപയോഗിച്ചായിരുന്നു. പിന്നീട് ഹിച്ച്‌കോക്കിന്റെ മൂന്നാമതൊരു ചിത്രമായ ദി ലോഡ്‌ജറില്‍ കൂടുതല്‍ ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റ് സ്വാധീനം അതിന്റെ സെറ്റ് ഡിസൈനിലും ലൈറ്റിങ് സങ്കേതങ്ങളിലും ക്യാമറ ട്രിക്ക് വര്‍ക്കിങ്ങില്‍പ്പോലും പ്രകടമാണ്. ഈ സ്വാധീനം ഹിച്ച്‌കോക്കിന്റെ സുദീര്‍ഘമായ ചലച്ചിത്ര ജീവിതത്തിലുടനീളം നിറഞ്ഞുനിന്നത് നമുക്ക് സസ്‌പെന്‍സും ത്രില്ലും കൊണ്ടു ശ്രദ്ധേയമായ "നൊട്ടോറിയസ്' (1946) "സൈക്കോ' (1960) "ദി ബേഡ്‌സ്' (1963) എന്നിവയിലൂടെ മനസ്സിലാക്കാം. സൈക്കോ എന്ന ഫിലിമിലെ നോര്‍മന്‍ ബെയ്‌റ്റ്‌സിന്റെ അവ്യക്തമായ പ്രതിച്ഛായ കുളിമുറിയിലെ ഷവറിന്റെ കര്‍ട്ടനിലൂടെ കാണുന്ന രംഗം വിശ്വസിനിമയിലെ തന്നെ ഒരു നാഴികക്കല്ലായി കരുതിവരുന്നു. വേര്‍നര്‍ ഹെര്‍സോഗിന്റെ ചിത്രമായ "നോസ് ഫെറാറ്റു' (1979) ചിത്രത്തില്‍ നിഴലിനെ വിനിയോഗിക്കുന്ന സങ്കേതത്തെ ഓര്‍മപ്പെടുത്തുന്നു. ഇതൊന്നും വെറും യാദൃച്ഛികതയല്ല മറിച്ച് എന്നും കഥാഖ്യാനരീതിയിലുണ്ടാകുന്ന പൂര്‍വാപര പരസ്‌പര സ്വാധീനങ്ങളുടെ നൈരന്തര്യമാണ്. അതാണ് ഹിച്ച്‌കോക്ക് ഒരിക്കല്‍ ഏറ്റുപറഞ്ഞ് താന്‍ ശക്തമായ രീതിയില്‍ ജര്‍മന്‍ എക്‌സ്‌പ്രഷനിസത്തിന് വിധേയനാണെന്ന്. ഹിച്ച്‌കോക്കിന്റെ ചലച്ചിത്രനിര്‍മാണരീതിയിലെ എക്‌സ്‌പ്രഷനിസ്റ്റുപ്രവണതകള്‍, ആധുനിക ജര്‍മന്‍ സിനിമയെയും തിരിച്ചും സ്വാധീനിച്ചിരിക്കുന്നു. 21-ാം ശതകത്തിലും സമകാലിക ലോകസിനിമയെ എക്‌സ്‌പ്രഷനിസം സ്വാധീനിക്കുന്നതിനുകാരണം എക്‌സ്‌പ്രഷനിസം പരിചയപ്പെടുത്തിത്തന്നതായ ശക്തമായ വൈരുധ്യം, വ്യത്യസ്‌തത, വഴക്കമില്ലാത്ത, അയവില്ലാത്ത ചലനങ്ങള്‍, യുക്തിക്കതീതമായ അദ്‌ഭുതകരമായ ദൃശ്യഘടകങ്ങള്‍ തുടങ്ങിയവയ്‌ക്കു സിനിമപോലുള്ള ഒരു ദൃശ്യ-ശ്രാവ്യകലയുടെ സൃഷ്‌ടിക്ക് എക്കാലവും സാന്ദര്‍ഭികമായി വിനിയോഗക്ഷമമാണെന്നതാണ്. ഹെര്‍സോഗിന്റെ "നോസ്‌ഫെറാറ്റ്' (1979) എന്ന ചിത്രം തന്നെ എഫ്. ഡബ്ല്യു. മുര്‍നൗ അതേപേരില്‍ 1922-ല്‍ ചെയ്‌തത് മുന്‍ ചിത്രത്തിനോടുള്ള കടപ്പാടിന്റെ ഔപചാരിക പ്രകടനമാണ്. കഥപറയുവാന്‍ രണ്ട് ചിത്രങ്ങളും ഉയര്‍ന്ന നിലവാരമുള്ള പ്രതീകാത്മകമായ അഭിനയവും സംഭവങ്ങളും വിനിയോഗിക്കുന്നത് എക്‌സ്‌പ്രഷനിസ്റ്റ് രീതിയാണ്. ശൈലീപരമായ പല സങ്കേതങ്ങള്‍ക്കും ആധുനിക ചലച്ചിത്രകലയ്‌ക്ക് ഇന്നും ആവശ്യമാണ് എന്നാണ് ടീം ബര്‍ട്ടനിന്റെ "ബാറ്റ്‌മാന്‍ റിട്ടേര്‍ണ്‍സ്' (1992) എന്ന ചിത്രം കാണിക്കുന്നത്. ജര്‍മന്‍ എക്‌സ്‌പ്രഷനിസത്തിന്റെ സത്തയെ വീണ്ടും ആവാഹിച്ചെടുക്കാനീ ചിത്രവും ശ്രമിക്കുന്നു. പാശ്ചാത്യ ചലച്ചിത്രങ്ങളില്‍ ഇപ്രകാരമുള്ള എക്‌സ്‌പ്രഷനിസ്റ്റു സ്വാധീനത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരവധി ഉദാഹരണങ്ങള്‍ ഒരാള്‍ക്ക് ശേഖരിച്ചെടുക്കാവുന്നതാണ്. സമകാലികനായ ടിംബര്‍ട്ടണിന്റെ ചിത്രങ്ങളില്‍, ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റ് സിനിമയുടെ പഴയ ശബ്‌ദരഹിതമായ കാലത്തെ രംഗങ്ങളോട് വിധേയത്വം കാണുന്നുണ്ട്.
എക്‌സ്‌പ്രഷനിസ്റ്റ് സിനിമയും വാസ്‌തുവിദ്യയും. ആധുനിക കാലത്ത് സിനിമയും വാസ്‌തുവിദ്യയുമായി വളരെ അടുത്ത ബന്ധവും അവ തമ്മില്‍ പരസ്‌പര സ്വാധീനവും ഉള്ളതായി ചലച്ചിത്ര നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്-കാരണം എക്‌സ്‌പ്രഷനിസ്റ്റ് ഫിലിമുകളുടെ രംഗസംവിധാനങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്ന കെട്ടിടങ്ങള്‍ ഒക്കെത്തന്നെ പ്രത്യേക കോണുകളില്‍ നിശിതവും കര്‍ക്കശവും ആയ കോണുകളില്‍ കാണിക്കപ്പെടുകയും നഗരകേന്ദ്രീകൃതമായിട്ടുള്ള വളരെ ഉയരമുള്ള ബഹുനില ആകാശചുംബികളായ കെട്ടിടങ്ങളെയും ജനലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ് ഒഴുകുന്ന വീഥികള്‍, പൊതുസ്ഥലങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവയൊക്കയും അസാധാരണ വീക്ഷണ കോണുകളില്‍ (angular perspective) അവതരിപ്പിക്കുന്നതും മറ്റും എക്‌സ്‌പ്രഷനിസ്റ്റ് പ്രവണതയുടെ പ്രത്യക്ഷ ലക്ഷണങ്ങളാണ്.
എക്‌സ്‌പ്രഷനിസ്റ്റ് സംഗീതം
സമൂഹമനസ്സിന്റെ ആഴങ്ങളില്‍ അലകളിളക്കാതെ ക്ലാന്തമായിക്കിടന്ന ശബ്‌ദ-നാദ-രാഗ ബോധത്തിന്റെ നാദോപാസനയിലൂടെയുള്ള ശബ്‌ദായമാനമായ ബഹിര്‍ഗമനമായിരുന്നു, യൂറോപ്പിലെയും അമേരിക്കയിലെയും എക്‌സ്‌പ്രഷനിസ്റ്റ് സംഗീതമായി പുറത്ത് വന്നതും ലോകം ആസ്വദിച്ചതും. ഒരു കടം വീട്ടാതെ കിടന്നത് കൊടുത്തുതീര്‍ത്ത ചാരിതാര്‍ഥതയോടെ, നിര്‍വൃതിയോടെ മനുഷ്യമനസ്സുണര്‍ന്നു പാടുകയായിരുന്നു. വാദ്യങ്ങള്‍ ശ്രുതി ചേര്‍ക്കുകയായിരുന്നു. അതിനാല്‍ സംഗീത ചരിത്രത്തിലെ എക്‌സ്‌പ്രഷനിസ്റ്റ് പ്രസ്ഥാനം ഏറ്റവും ശ്രദ്ധേയവും നിര്‍ണായകവുമായ ഒരു അധ്യായമായിത്തീര്‍ന്നു. കാരണം അമേരിക്ക കേന്ദ്രമാക്കി ഏതാണ്ട് സമശീര്‍ഷരായ മൂന്ന് മൗലിക സംഗീതപ്രതിഭകളെ ചുറ്റിപ്പറ്റിയാണത് വികസ്വരമാകുന്നത്.
ഷോവന്‍ ബര്‍ഗും എക്‌സ്‌പ്രഷനിസവും. രണ്ടാം വിയന്നീസ് സ്‌കൂള്‍ ഒഫ് മ്യൂസിക് എന്നറിയപ്പെടുന്ന-ഒരു ഗുരുവിന്റെയും അതായത് ഓസ്‌ട്രിയന്‍ കമ്പോസറായ ഷോവന്‍ബര്‍ഗിന്റെയും (1824-1951) അദ്ദേഹത്തിന്റെ ശിഷ്യന്മാരായ-രണ്ടാംലോകയുദ്ധത്തില്‍ ദിവംഗതനാകേണ്ടിവന്ന ആന്റണ്‍വെബണും (1883-1943), ആല്‍ബണ്‍ബര്‍ഗും (1885-1935) ആയിരുന്നു എക്‌സ്‌പ്രഷനിസ്റ്റു സംഗീതത്തിന്റെ മുഖ്യ പ്രണേതാക്കള്‍. ഷോവന്‍ബര്‍ഗിന്റെ ഫ്രീഅറ്റോണല്‍ സംഗീതമാണ് എക്‌സ്‌പ്രഷനിസ്റ്റ് സംഗീതത്തിന് രൂപം നല്‌കുന്നത്. ഫ്രീ അറ്റോണല്‍ മ്യൂസിക്കിന്റെ കാതല്‍ ശ്രുതിഭംഗം തന്നെ ഒരു ലക്ഷണമാക്കുന്നതാണ്. ഷൂവന്‍ ബര്‍ഗിന്റെ പോസ്റ്റ് ടോണലും-പന്ത്രണ്ടു സ്വരങ്ങള്‍ ഉപയോഗിച്ച് രചിക്കുന്ന സംഗീത നിര്‍മിതികള്‍ ആണ്, അതായത് 1908-നും 21-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിയുന്ന സംഗീതമുണ്ടാകുന്നത്. 1907-08-ല്‍ അദ്ദേഹം രചിച്ച രണ്ടാമത്തെ സ്‌ട്രിങ് ക്വാര്‍ട്ടറ്റ് (String Quartet)ഒരു പ്രധാന സൃഷ്‌ടിയാണ്. അതിലെ നാലു മൂവ്‌മെന്റസി(ഗതികളും)ല്‍ ഓരോന്നും ക്രമേണ ടോണല്‍ അല്ലാതെ (ശ്രുതിയില്‍നിന്നും ശ്രുതിമാറ്റ(String Quartet)ഭംഗത്തിലേക്കാണ് പരിണാമം പ്രാപിക്കുന്നത്) ആയിത്തീരുന്നു. മൂന്നാമത്തെ മൂവ്‌മെന്റ് ഏറെക്കുറെ അടോണന്‍-ഒരു പ്രത്യേക കീനോട്ടില്ലാതെ അതായത് - സ്വരകേന്ദ്രവിഹീനമായിട്ടാണ് അദ്ദേഹം വിഭാവനം ചെയ്‌തിട്ടുള്ളത്. അത് കണ്ടക്‌ട് (conduct) ചെയ്യുമ്പോള്‍ അതിന്റെ പരിസമാപ്‌തി (grand finale) ആകട്ടെ ക്രാമാറ്റിക്ക് ആകുകയും ചെയ്യുന്നു. ക്രാമാറ്റിക്ക് സംഗീതത്തില്‍ എല്ലാ ശബ്‌ദവും നോട്ടുകള്‍ അഥവാ സ്വരങ്ങള്‍ കേന്ദ്രീകരിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. അതിനൊരു ീേിമഹ രലിൃേലനാദ/സ്വര കേന്ദ്രവുമുണ്ടായിരിക്കും. സ്റ്റെഫാന്‍ ജോര്‍ജിയെന്ന ജര്‍മന്‍/ആസ്‌ട്രിയന്‍ കവി നാസികളെ ഭയന്ന് 1931 സ്വയം നാടുവിട്ട് പോകയും "ഞാന്‍ മറ്റൊരു ഗൃഹത്തിലെ സംഗീതം കേള്‍ക്കുന്നു' എന്ന വരി സംഗീതപ്പെടുത്തുന്നു. അത് "സൊപ്രാനോ' എന്ന പറയുന്ന സ്‌ത്രീ ശബ്‌ദത്തിന്റെ ഉച്ചസ്ഥായിയിലുള്ള ആലാപനമായിട്ടാണ് ഷോവല്‍ബര്‍ഗ് അവതരിപ്പിക്കുന്നത്. ഇതൊരു വഴിമാറിനടക്കലിന്റെ നാന്ദിയായിരുന്നു. പാശ്ചാത്യസംഗീത ലോകത്തെ ഒരു വലിയ വിപ്ലവമായിരുന്നു. 12 സ്വരങ്ങളെയും കൂടി തന്റേതായ ഒരു സംഗീത സമ്പ്രദായത്തിലൂടെ സംവിധാനം ചെയ്‌ത സംഗീതവുമായി പരമ്പരാഗത പാശ്ചാത്യ സംഗീതത്തിന്റെ ചരിത്രത്തെ വിപ്ലവകരമായി തിരുത്തിക്കുറിക്കുകയായിരുന്നു തന്റെ എക്‌സ്‌പ്രഷനിസ്റ്റിക്കു ലക്ഷ്യവുമായി കടന്നുവന്ന ഷോവന്‍ബര്‍ഗ് ചെയ്‌തത്. പാശ്ചാത്യ സംഗീതത്തില്‍ നാമിന്നു കാണുന്ന സമൃദ്ധിക്കും സമ്പന്നതയ്‌ക്കും (richness) അമ്പരിപ്പിക്കുന്ന വൈവിധ്യത്തിനും (variety) കാരണം 20-ാം ശതകത്തിന്റെ ഈ വലിയ സംഗീത പ്രതിഭയാണ്. തന്റേതായ ഒരു സ്വര വിനിയോഗപദ്ധതി സംഭാവന ചെയ്‌ത ഷോവല്‍ബര്‍ഗ്, ഒരേസമയം സംഗീത രചയിതാവും, സംവിധായകനും, ഗുരുവും, ദാര്‍ശനികനും, സൈദ്ധാന്തികാചാര്യനുമായിരുന്നു. അദ്ദേഹമില്ലായിരുന്നെങ്കില്‍ ആധുനിക പാശ്ചാത്യസംഗീതം ഇത്രമാത്രം സമ്പുഷ്‌ടമാകുമായിരുന്നില്ല. മനുഷ്യവികാരങ്ങളെയും ബുദ്ധിയെയും പ്രജ്ഞയെയും ശക്തമായി സ്വാധീനിക്കുവാനും പിടിച്ചുലയ്‌ക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ഷോവന്‍ബര്‍ഗ് സാഹസപ്പെട്ടു രചിച്ച സംഗീതം അറിഞ്ഞ് ആസ്വദിക്കുവാന്‍ നല്ല ഉയര്‍ന്നൊരു സഹൃദയത്വം ആവശ്യമാണ്. ഏകാഗ്രതയും തന്മീയഭാവന യോഗ്യതയും, ആനന്ദവര്‍ധനന്‍ ധ്വന്യാലോകത്തില്‍ സൂചിപ്പിക്കുന്നതുപോലുള്ള കാവ്യാനുശീലനവും അഭ്യാസവും ശ്രാവ്യകലയായ സംഗീതാസ്വാദനത്തിനും ആവശ്യമാണ്.
ഷോവന്‍ബര്‍ഗിന്റെ 12 സ്വരങ്ങളോടുകൂടിയ സംഗീതത്തിന് മുമ്പു അദ്ദേഹം രചിച്ച "ഗുറൈല്ലീസര്‍' (1900-1901) "ഏ വെല്‍ കാഫ്‌ത്ര നിച്ചറ്റ്' (1899) എന്നീ രചനകള്‍ ശ്രദ്ധാപൂര്‍വം കേട്ടാസ്വദിച്ചു കഴിഞ്ഞാല്‍ മാത്രമേ നമുക്ക് ഷോവന്‍ ബര്‍ഗിന്റെ സംഗീതാശയം എപ്രകാരമാണ് അനുക്രമം വികസിച്ചുവന്നത് എന്നും എക്‌സ്‌പ്രഷനിസ്റ്റ് വഴിത്തിരിവിന്റെ പ്രാധാന്യം എത്രമാത്രമെന്നും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഈ രണ്ടു നിര്‍മിതികളിലും (compositions) കൂടി അദ്ദേഹം ഫ്യൂഷന്‍ മ്യൂസിക്കിന്റെ (fusion music) പ്രണേതാവായ വാഗ്നറു(Wagner)ടെ (1813-1883) അര്‍ധസ്വരങ്ങള്‍ മാത്രം കൊണ്ട് കെട്ടിപ്പൊക്കിയ ക്രാമാറ്റിക് സംഗീതസൗധത്തിന്റെ സാധ്യതകളുടെ മറുതല വരെ ചെന്നെത്തുന്നു. ക്രാമാറ്റിക് സംഗീതത്തിന്റെ പരമാവധി സാധ്യതകള്‍ ആരാഞ്ഞു പോകുന്നതാണ് ആദ്യം പരാമര്‍ശിച്ച 1900-1901-ലെ കോമ്പസിഷന്‍. വാഗ്നീറിയന്‍ സംഗീത ഭാവുകത്വത്തിന്റെ ആര്‍ഭാടപൂര്‍ണമായ അനുകീര്‍ത്തനമായിരുന്നു അത്. എത്രയേറെ സാധൂകരിക്കാന്‍ പലരും ശ്രമിച്ചെങ്കിലും നിരവധി പേജുകള്‍ എഴുതപ്പെട്ടെങ്കിലും വാഗ്നറുടെ സ്വാധീനം ഷോവന്‍ബര്‍ഗിന്റെ നാദബ്രഹ്മത്തില്‍നിന്നും വിടപറഞ്ഞ് വിസ്‌തൃതിയില്‍ വീഴുകയായിരുന്നു. വാഗ്നീറിയന്‍ സംഗീതത്തിന്റെ നിയോഗം കഴിഞ്ഞിരുന്നു. വളരെ ഉയര്‍ന്ന എക്‌സ്‌പ്രഷനിസ്റ്റു സ്വഭാവവും നിലവാരവും നിലനിര്‍ത്തുന്ന ഒരു കൃതിയാണ് 1909-ല്‍ ഷോവന്‍ബര്‍ഗില്‍നിന്നും ഉണ്ടായത്-പ്രതീക്ഷ (Erwarting). 30 മിനിറ്റുനേരം ആലപിക്കേണ്ട ഒരങ്കം മാത്രമുള്ള ഈ സംഗീതനാടകശില്‌പത്തിലൂടെയാണ്, നിശ്ചിത സ്വരങ്ങള്‍, പരമ്പരാഗത സംഗീത വാര്‍പ്പുകള്‍ അനുശാസിക്കുന്ന സ്ഥാനങ്ങളില്‍ വിന്യസിക്കാത്ത അട്ടോണല്‍ സംഗീതം ഈ നാടകത്തിന്റെ പിന്നണിയില്‍ മുഴങ്ങിയത്. അതിവിചിത്രമായ വക്രഗതിയുള്ള (വക്രാക്തി അലങ്കാര ഗുണമുള്ള) ഒരു കഥയുള്ള ഈ നാടകത്തില്‍ പേരില്ലാത്ത ഒരു യുവതി തന്റെ കാമുകനെ തേടിത്തേടി ചെന്നെത്തുന്നത് മറ്റൊരു യുവതിയുടെ ഗൃഹത്തിനുസമീപം കിടക്കുന്ന കാമുകന്റെ മൃതശരീരത്തിനു മുന്നിലാണ്. ദുഃഖത്തിന്റെയും നിരാശയുടെയും പരമകാഷ്‌ഠയില്‍ തന്റെ കാമുകന്റെ മരണത്തിനുകാരണം ആ അന്യസ്‌ത്രീയല്ല, മറിച്ച് താന്‍ തന്നെയാണ് എന്ന് വിഭ്രാന്തയായി കരുതിവശായ പേരില്ലാത്ത നായികയുടെ അന്തഃസംഘര്‍ഷങ്ങളുടെ തീവ്രതയും ആത്മനിന്ദയുടെയും ആത്മനിവേദനത്തിന്റെയും ദാരുണതയും ആവിഷ്‌കരിക്കുവാനുള്ള ഷോവന്‍ബര്‍ഗ് സംഗീതത്തിന്റെ വര്‍ണശബളമായ എക്‌സ്‌പ്രഷനിസ്റ്റ് കുടമാറ്റമാണ് നാം പ്രതീക്ഷയില്‍ കേള്‍ക്കുന്നത്. അക്കാലത്ത് സംഭവിച്ച ഒരു യഥാര്‍ഥ സംഭവത്തിന്റെ പുനഃസൃഷ്‌ടിയായിരുന്ന ആ കഥയുടെ കാലമാകട്ടെ, മാനസികരോഗ ചികിത്സയില്‍ മാനസികാപഗ്രഥനം(psycho-analysis) പ്രയോഗിക്കുവാന്‍ വ്യാപകമായി തുനിയുന്ന കാലവും (ഫ്രായിഡിന്റെ) കലയും കാലവും കൂട്ടുചേരുന്ന ആ ഘട്ടത്തിലെ ഷോവന്‍ബര്‍ഗിന്റെ സംഗീതം അഗാധമായൊരു ആത്മീയാനുഭവം ആയി മാറുകയായിരുന്നു. 1909 ആകുമ്പോഴേക്കും അഞ്ചു ഓര്‍ക്കെസ്‌ട്രല്‍പീസുകള്‍ അദ്ദേഹം അഭിമാനപൂര്‍വം പൂര്‍ത്തിയാക്കി. അവയെല്ലാം തന്നെ അന്തരാത്മാവിന്റെ അഗാധതലങ്ങളില്‍ നിന്നും ജാഗ്രത്തായ ഒരു ഉപബോധമനസ്സിന്റെ തലത്തില്‍ ഇച്ഛകളായി, ത്വരകളായി രൂപംകൊള്ളുന്ന, ബോധമനസ്സിന്റെ നിഷ്‌കരുണമായ ഇടപെടലിന് വിധേയമാവാതെ ബഹിര്‍ഗമിക്കുന്ന വികാരങ്ങളുടെ സ്വതന്ത്രമായ നാദസ്വരലയ-ആവിഷ്‌കാരമായി മാറുകയായിരുന്നു. അഞ്ച് ഷോവന്‍ബര്‍ഗിയല്‍ ഓര്‍ക്‌സ്‌ട്രല്‍ നിര്‍മിതികള്‍ കേട്ട് അമൂര്‍ത്ത എക്‌സ്‌പ്രഷനിസ്റ്റ് ചിത്രകലയുടെ കുലപതിയായ വാസ്സിലികാന്റിന്‍സ്‌കിയുടെ സംവേദനക്ഷമത സംതൃപ്‌തമാക്കുകയും അങ്ങനെ ഒരു കാലഘട്ടത്തിന്റെ രണ്ടു പ്രതിഭകള്‍ ദൃശ്യ-ശ്രാവ്യകലകളിലെ പ്രതിഭാധനരായ രണ്ടുപേര്‍ തമ്മിലുള്ള ജനനാന്തര സൗഹൃദവും മാനവ സംസ്‌കൃതിയെ സമ്പന്നമാക്കുവാനായി സംജാതമായി. കാന്റിന്‍സ്‌കി വര്‍ണ-രേഖാ-വിസ്‌മയങ്ങളിലൂടെ വിരിയിച്ച ദൃശ്യ ലോകം-ഷോവന്‍ബര്‍ഗ് തന്നെ ശ്രാവ്യ സുഖം തരുന്ന സംഗീതത്തിലൂടെ ആവിഷ്‌കരിച്ചു. കേള്‍ക്കുമ്പോള്‍ സുഖത്തെക്കാള്‍ അസ്വസ്‌ഥത നല്‍കുന്ന-ആസുരവും, ശോകനിര്‍ഭരവും, ആത്മനിഷ്‌ഠവികാരങ്ങളും ഭഗ്നമോഹങ്ങളുടെ വിഭ്രമങ്ങളും വിഹ്വലതകളും ആവിഷ്‌കരിക്കുകയായിരുന്നു ഷോവന്‍ബര്‍ഗ് സംഗീതം ചെയ്‌തത്. വിക്ഷോഭകരമായവികാരങ്ങള്‍, വിക്ഷുബ്‌ധമായ മനസ് ഒക്കെയും എക്‌സ്‌പ്രഷനിസ്റ്റ് രീതിയില്‍ വിലങ്ങില്ലാതെ ആവിഷ്‌കരിക്കാന്‍ വ്യവസ്ഥാപിത സംഗീതവഴികള്‍ വിഘാതമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് എക്‌സ്‌പ്രഷനിസ്റ്റ് സംഗീതം തിടമ്പേറുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സമകാലികരുടെ ആലസ്യംമൂലം ഈ പ്രതിഭാശാലിയെ അടുത്തറിയാല്‍ അവര്‍ ഏറെ സമയമെടുത്തു. 1908-നും 1913-നുമിടയില്‍ അദ്ദേഹം അട്ടോണല്‍സംഗീത വഴിയിലൂടെ തന്നെ മറ്റൊരു സംഗീതനാടകശില്‌പം മെനഞ്ഞുണ്ടാക്കി. ആത്മകഥാപരമായിരുന്നു അതിന്റെ ഇതിവൃത്തം.
വേദിയില്‍ നാം കാണുന്നത് മുതുകില്‍ താങ്ങാനാവാത്ത ഒരു ഭാരവും പേറി (ഒരു വിചിത്ര ജന്തുവിന്റെ ശരീരം) വേച്ചുവേച്ചു നടന്നുവരുന്ന ഒരു മനുഷ്യന്റെ സ്ഥിതിയാണ്. ആ സാധു മനുഷ്യന്റെ മറ്റൊരു ഭാരമുള്ള വ്യഥ മറ്റൊരാളിന്റെ കൂടെ ഓടിപ്പോയ ഭാര്യനല്‌കിയ വിരഹമാണ്. എന്നാല്‍ പിന്നീട് കാമുകനാല്‍ പരിത്യക്തയായി മടങ്ങിവരുമ്പോള്‍ തന്റെ തീവ്രമായ മനോദുഃഖത്തിന്റെ തിമിരത്തില്‍ അയാള്‍ അവളെ കാണാതെപോകുന്നത് കഥയെ കൂടുതല്‍ പിരിമുറുക്കമുള്ളതാക്കുന്നു. വീണ്ടും പ്രത്യക്ഷയാകുന്ന ഭാര്യയോട് അയാള്‍ നിരുദ്ധ കണ്‌ഠനായി "പോകരുതേ, പോകരുതേ' എന്നഭ്യര്‍ഥിക്കുന്നു എങ്കിലും ഒരു പടുകൂറ്റന്‍ പാറ ഉരുട്ടി അയാളുടെ മേല്‍ എടുത്തിട്ടുകൊണ്ടവള്‍ തിരോധാനം ചെയ്യുന്നു. അടുത്തതായി രംഗത്ത് നാം കാണുന്നത് കൂടുതല്‍ പീഡിതനായി ദുഃഖത്തിന്റെ മൂര്‍ത്തിമദ് ഭാവമായി മൃഗത്തിനെ ചുമലിലേറ്റി ചിതറുന്ന ചുവടുകളോടെ നീങ്ങുന്ന പേരില്ലാത്ത മനുഷ്യനെയാണ്. അയാള്‍ പ്രതീകവത്‌കരിക്കുന്നതോ സ്വകാര്യജീവിതത്തില്‍ ഭാര്യ തന്നോടുകാണിച്ച നെറികേടില്‍ ഖിന്നനായിത്തീര്‍ന്ന ഷോവന്‍ബര്‍ഗിന്റെ അനുഭവവും, ജീവിതത്തിലെ അനുഭവവും കലയിലെ ആവിഷ്‌കാരതന്ത്രമായ എക്‌സ്‌പ്രഷനിസവും ഇവിടെ അവയുടെ സംഗമം പൂര്‍ത്തിയാക്കുന്നു.
അങ്ങനെ എക്‌സ്‌പ്രഷനിസം, വികാര-ആവിഷ്‌കാരത്തിന്റെ കാര്യത്തില്‍ കലയില്‍ കാലികവും, സാര്‍വകാലികവുമായ ഒരു അനിവാര്യതയാണെന്ന അനിഷേധ്യ സത്യം സാധൂകരിക്കുവാന്‍ വാസ്സിലീ കാന്റിന്‍സി എഴുതിയ കലാസൗന്ദര്യശാസ്‌ത്രഗ്രന്ഥമാണ് 1914 പുറത്തിറങ്ങിയ-കലയിലെ ആത്മീയതയെ സംബന്ധിച്ച് (Concerning the Spiritual in Art). ഷോവന്‍ബര്‍ഗിന്റെയും കാന്റിന്‍സ്‌കിയുടെയും കലാദര്‍ശനങ്ങളുടെ പാരസ്‌പര്യത്തിനും അവരുടെ കലകളുടെ അന്തര്‍ശിക്ഷണത്തിന്റെ അഭിലഷണീയതയ്‌ക്കും ഈ ഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു. അതുകൂടാതെ ഇരുവരുടെയും കലയുടെ ആത്മാവിന്റെ മാനിഫെസ്റ്റോയും ആയി ആ കൃതിമാറുകയുമുണ്ടായി; സൗന്ദര്യശാസ്‌ത്രവിജ്ഞാനശാഖയ്‌ക്കു ഒരു നല്ല സംഭാവനയും. ഷോവന്‍ബര്‍ഗിന്റെ എക്‌സ്‌പ്രഷനിസ്റ്റ് നവീനസംഗീതസംവേദനത്തിന്റെ ഭാവബന്ധുതയ്‌ക്കു കാന്റിന്‍സ്‌കിയുടെ വിചിത്രമായ വര്‍ണരേഖാവിന്യാസങ്ങള്‍ വിശ്വാസ്യത നേടിക്കൊടുത്തു. ഇവരുടെ സര്‍ഗാത്മകരംഗത്തെ കറയറ്റ, അപൂര്‍വമായ സൗഹൃദത്തിന്റെ ഒരു ഫലശ്രുതിയായിരുന്നു സംഗീതജ്ഞനായ ഷോവന്‍ബര്‍ഗിന്റെ ചിത്രരചനയും.
ഗുരുവും ശിഷ്യനും. ഷോവന്‍ബര്‍ഗിന്റെ ശിഷ്യന്‍ ആന്റന്‍ വെബേണ്‍ (1883-1945) തന്റെ രചനകളെ കുറച്ചുകാലംമാത്രമേ ഗുരുദക്ഷിണയായി നല്‌കിയുള്ളൂ. നാദലോകത്തിന്റെ അനന്തസാധ്യതകള്‍ അന്വേഷിച്ചുള്ള യാത്രയില്‍ വെബേണിന് തന്റെ ഗുരുവിന്റെ ശൈലിയില്‍നിന്നും മാറി സഞ്ചരിക്കേണ്ടതായിവന്നു. വെബേണിന്റെ ഓപ്പറ ണീ്വ്വലലസ (191425)യ്‌ക്ക് ശൈലീഭേദമുണ്ടെങ്കിലും, എക്‌സ്‌പ്രഷനിസത്തിന്റെ മുഖ്യധാരയില്‍നിന്നുകൊണ്ട്, വിഷയത്തിലും ആവിഷ്‌കരണതന്ത്രത്തിലും അത് വ്യക്തമാക്കിക്കൊണ്ട്, കഠിനമായ സ്വകാര്യ ദുഃഖത്തിന്റെയും യാതനയുടെയും ആത്മസംഗീതത്തിന്റെ അണമുറിഞ്ഞുള്ള പ്രവാഹമായിരുന്നു. കലാമര്‍മജ്ഞതയോടെയാണ് അദ്ദേഹം തന്റെ സംഗീതവ്യക്തിത്വവും (musical personality) അനന്യതയും അടയാളപ്പെടുത്തുന്ന ഈ സംഗീതശില്‌പം വാര്‍ത്തെടുത്തത്. മൂന്ന് അങ്കങ്ങളുള്ള ഈ സംഗീതനാടകം (opera) ഒരു (സാഹിത്യ) നാടകത്തിന്റെ രൂപശില്‌പം തന്നെ പിന്തുടര്‍ന്നുകൊണ്ട് ആദ്യഅങ്കത്തില്‍ ഉദീരണവും (exposition of characters and situation) രണ്ടാമത്തേതില്‍ കഥാവസ്‌തുവിന്റെ ക്രമാനുഗതമായ വളര്‍ച്ചയും (പരമകാഷ്‌ഠയിലേക്കുള്ള) മൂന്നാമത്തേതില്‍ ഇതിവൃത്തത്തിന്റെ അന്തിമമായ പരിണതഫലവും (denoncement) ആവിഷ്‌കരിക്കുന്നു. മൂന്നാമത്തെ അങ്കത്തില്‍ വിവിധ സംഗീത സങ്കേതങ്ങളിലൂടെ നമ്മെ വിസ്‌മയിപ്പിക്കുന്ന താളവൈവിധ്യത്തിലും, സ്വരസ്ഥായികളുടെ മന്ദ്ര, മധ്യ, താരസ്ഥായികളുടെ സുചിരമായ വിന്യാസത്തിലും വെബേണിനുള്ള പ്രാഗല്‌ഭ്യം തെളിയിക്കുന്നു.
മന്ദ്ര, മധ്യ, താരസ്ഥായികളില്‍ (pitch) മൂന്നിനെയും തന്റേതായ ഒരു രീതിയില്‍, തോന്ന്യാസത്തില്‍ എന്നുതന്നെ പറയാവുന്ന രീതിയില്‍, നിര്‍ലജ്ജവും നിര്‍ഭീതവുമായി പ്രയോഗിച്ച് വാദ്യോപകരണങ്ങള്‍ക്ക് വിവിധ സ്ഥായികളില്‍ നാദത്തിലൂടെ, സ്വാരസ്യവും അസ്വാരസ്യവും സമാന്തരമായി സൂചിപ്പിക്കാനുള്ള ശേഷിയെത്തേടുന്ന ഒരു കൂട്ടം വാദ്യമേളരചന(orchestral composition)യിലൂടെ അദ്ദേഹം സംഗീതത്തിനുള്ള വികാര(ഭാവരസനിര്‍മാണ)സംക്രമണത്തിനുള്ള അനിര്‍വചനീയമായ സിദ്ധികളിലേക്ക് ഒരു പര്യടനമാണ് നടത്തിയതെന്ന് ചുരുക്കം. 12 സ്വരങ്ങളുടെ സംഗീതപദ്ധതിയുടെ ഷോവന്‍ബര്‍ഗിന്റെ അരങ്ങേറ്റം എക്‌സ്‌പ്രഷനിസ്റ്റു സംഗീതത്തിന്റെ ഭരതവാക്യമായിരുന്നു. 1923 മുതല്‍ ഷോവന്‍ബര്‍ഗും സീരിയലിസം എന്ന 12 സ്വരങ്ങളെയും അടിസ്ഥാനസ്വരങ്ങളെയും അവയുടെ ശുദ്ധ, പ്രതിശുദ്ധ, വികൃതഭേദങ്ങളോടുകൂടി നിര്‍ദിഷ്‌ട ക്രമത്തില്‍ കര്‍ശനമായി സംയോജിപ്പിച്ച് ശബ്‌ദഘനത്തെയും (timbre) കാലപ്രമാണങ്ങളെയും ദൈര്‍ഘ്യത്തെയും മാര്‍ഗത്തെയും മറ്റും (tempi) ചിട്ടപ്പെടുത്തി ആരചിക്കുന്ന സംഗീതത്തിന്റെയും യാഥാസ്ഥിതിക വഴിയും തുടങ്ങുന്നത് ഷോവന്‍ബര്‍ഗ് തന്നെ എന്നത് ഒരു വിരോധാഭാസമായി തോന്നാം. പിന്നീടാണ് ഹംഗേറിയന്‍ സംഗീതകാരന്‍ ബേലാബാര്‍റ്റോക്ക് (1881-1945) ഒരു ദേശീയ നാദവുമായി 20-ാം ശതകത്തിലെ ഏറ്റവും വാചാലനായ എക്‌സ്‌പ്രഷനിസ്റ്റായി അരങ്ങേറിയത്. ബാര്‍റ്റോക്കിന്റെ ഹംഗേറിയന്‍ (റുമേനിയനും, സ്ലോവാക്കിയനും) നാടോടി സംഗീതത്തില്‍ നടത്തിയ ഗവേഷണം അദ്ദേഹത്തെ കൊണ്ടെത്തിച്ചത്, നാടോടി സംഗീതത്തിന്റെ മൂലസ്ഥാനം "റോമ' എന്ന വിളിപ്പേരുള്ള ഒരു കൂട്ടം ജിപ്‌സികളുടെ എക്‌സ്‌പ്രഷണിസ്റ്റ് ഭാവസംഗീതമായ ഫോക് സംഗീതമാണെന്നായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ പിയാനിസ്റ്റുകളില്‍ ഒരാളായ ബാര്‍ടോക്കിന്റെ മൗലിക സൃഷ്‌ടികളായ ഓപ്പറ ബ്ലൂ ബിയര്‍ഡ് ക്ലാസ്സിക്കി(1911)ലും പ്രശസ്‌തമായ സ്രിംങ് ക്വാര്‍ട്ടെറ്റ്‌സും (String quartets), പിയാനോ മുഖ്യവാദ്യമായി നിര്‍മിച്ച MICRO KOSMOS എന്ന മതപരമായ വാദ്യസംഗീതപരമ്പരയും, രണ്ടുപിയാനോയും ഏതാനും താളവാദ്യങ്ങളും (Percusstion instruments) മാത്രമായി കമ്പോസുചെയ്‌ത പൊതുസംഗീതക്കച്ചേരികള്‍ക്കായുള്ള (Concerts for Orchestra) കണ്‍സേര്‍ട്ടുകളും ഒരു വിധത്തില്‍ പാശ്ചാത്യലോകത്തെ സംഗീതത്തിലെ എക്‌സ്‌പ്രഷനിസ്റ്റു പ്രവണതകളുടെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. ശബ്‌ദനാദലോകത്തിന്റെ അജയ്യത വിളിച്ചറിയിച്ച ക്ലാഡ് ഡിബുസ്സി (1862 - 1918) പാശ്ചാത്യ എക്‌സ്‌പ്രഷണിസ്റ്റ് സംഗീതത്തിലെ മറ്റൊരു ശൈലിയുടെ ഉപജ്ഞാതാവായി എന്നുമാത്രമല്ല. ആ സംഗീതം ഫ്രഞ്ച് കവിതയ്‌ക്കും, ചിത്രകലയ്‌ക്കും സമാന്തരമായ ഒരു സജീവ സാന്നിധ്യമായി അവയെ പ്രചോദിപ്പിച്ച് ഒഴുക്കുകയായിരുന്നു. ഇന്ദ്രിയാനുഭവങ്ങളുടേതായ ഒരു മാനസികാവസ്ഥ (MOOD) ആന്തരികപ്രത്യക്ഷത്തിലൂടെ (intuition) സൃഷ്‌ടിച്ച് അത് നിലനിര്‍ത്തി (sustain) അതിന്റെ സംഗീതാവിഷ്‌കാരം നടത്താന്‍ പുതിയ സംഗീതസങ്കേതങ്ങള്‍ തിരയുകയായിരുന്നു ഡിബുസ്സി ചെയ്‌തത്. (ഷോവന്‍ബര്‍ഗിന്റെയും വാഗ്നറുടെയും സംഗീതശില്‌പങ്ങളെ തന്റെ ചിത്രകലയില്‍ സന്നിവേശിപ്പിക്കാന്‍ കാന്റിന്‍സ്‌കി ശ്രമിച്ചതുപോലെ) അതായിരുന്നു, ഒരിക്കലും അര്‍ധസ്വരങ്ങളെ ആശ്രയിക്കാതെ ടോണല്‍ സെക്‌യിലിലെ എല്ലാ സ്വരങ്ങളും ചേര്‍ത്ത് പുതിയ Orchestral symphony-കള്‍ വാദ്യവൃന്ദരചനകള്‍ ഡിബുസ്സി നടത്തിയത്.
റഷ്യന്‍ ബാസ്‌ഡ്രം വായനക്കാരന്റെ പുത്രനായ സംഗീതകാരന്‍ സ്‌ട്രാവില്‍സ്‌കി 20-ാം വയസ്സില്‍ ദി ഫയര്‍ ബേര്‍ഡ് ബാലറ്റ്‌സ് (1902) രചിച്ച് രംഗത്ത് വന്നയാളാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയ അദ്ദേഹത്തിന്റെ തീര്‍ത്തും വ്യക്തിഗതമായ ആവിഷ്‌കരണരീതി പെട്രാഷ്‌കാ (1911) ദി റൈറ്റ് ഒഫ് ദി സ്‌പ്രിങ് (1913) അദ്ദേഹത്തിന് ഒരു അന്താരാഷ്‌ട്ര കുപ്രസിദ്ധിതന്നെ നേടിക്കൊടുത്തു. പിന്നീട് എക്‌സ്‌പ്രഷണിസത്തിന്റെ അനുസരണയില്ലായ്‌മയില്‍നിന്നും മെല്ലെ നീങ്ങി മുഖ്യ നിയോക്ലാസ്സിക് സംഗീത നിര്‍മിതിയിലെത്തി -ഓഡിപ്പസ് റെക്‌സ് (1927), സിംഫണി ഒഫ് പാംസ് (1930), ദ് റേക്‌സ് പ്രാഗ്രസ് (1957), അഗണ്‍ (1957) എന്നീ രചനകളിലൂടെ സീരിയലിസം എന്ന സംഗീത ശാഖയെ കൂടുതല്‍ സമ്പന്നമാക്കി, ലോകത്തിന്റെ അംഗീകാരം നേടി. ഈ പ്രതിഭാധനന്മാരുടെ രചനകള്‍ സംഗീതത്തിലെ അവഗണിക്കാനാവാത്ത എക്‌സ്‌പ്രഷനിസം മാനവ സര്‍ഗ വ്യാപാരസ്വാതന്ത്യ്രത്തിന്റെ കാഹളമെന്ന പദവി ശക്തമായി അടയാളപ്പെടുത്തുകയുണ്ടായി.
എക്‌സ്‌പ്രഷനിസ്റ്റ് നാടകവും നാടകവേദിയും
സംഗീത ലോകത്തെ വികാരതരളിതമാക്കിയ മനുഷ്യമനസ്സിന്റെ കലാപരവും അപ്രതിഹതവുമായ ഒരു വേലിയേറ്റത്തിന്റെ പ്രതീകമായിരുന്ന എക്‌സ്‌പ്രഷനിസത്തിന്റെ മറ്റൊരു മുഖമാണ് നാം എക്‌സ്‌പ്രഷനിസ്റ്റ് നാടകത്തിലും തിയെറ്ററിലും കാണുന്നത്. 1920-കളിൽ ജർമനിയിൽ ആരംഭിച്ച് യൂറോപ്പിലെവിടെയും കൂടാതെ, അമേരിക്കയിലാകമാനവും പടർന്നു പന്തലിച്ച പ്രസ്ഥാനമാണ് എക്‌സ്‌പ്രഷനിസ്റ്റ് നാടകം. ഇതിനു തൊട്ടുമുമ്പ് അരങ്ങ് തകർത്താടിയ റിയലിസത്തിന്റെയും അതിന്റെ ഉപോത്‌പന്നമായ നാച്വറലിസത്തിന്റെയും മനം മടുപ്പിക്കുന്ന മുഷിപ്പിനും സാംസ്‌കാരികമായ മരവിപ്പിനും എതിരെയുയർന്ന ശക്തമായ വെല്ലുവിളിയായിരുന്നു എക്‌സ്‌പ്രഷനിസ്റ്റു നാടകം.ആശയങ്ങളുടെ ഒരു വന്‍വിസ്‌ഫോടനവും നാടകങ്ങളിൽ നാം കാണുന്നതിന് കാരണം മറ്റു കലകളിലുണ്ടായ (ചിത്രകല, സംഗീതം, സിനിമ, ശില്‌പവിദ്യ വാസ്‌തുവിദ്യ എന്നിവയിൽ) സമാന്തരവും സദൃശവും വിപ്ലവങ്ങളായിരുന്നു. വമ്പിച്ച ഒരു സാംസ്‌കാരിക പ്രക്ഷോഭത്തിന്റെ (cultural revolt) കൊടുങ്കാറ്റിനു കെട്ടഴിച്ചു വിട്ടുകൊണ്ടാണ് യൂറോപ്യന്‍ നാടകത്തിൽ എക്‌സ്‌പ്രഷനിസം കടന്നുവന്നത്. വിശ്രുതനായ ഒരു കലാ ചരിത്രകാരന്‍ സ്വീഡിഷ് നാടകകൃത്തും വിവിധ നാടകസമ്പ്രദായങ്ങളിൽപ്പെടുന്ന 50-ൽപ്പരം നാടകങ്ങളുടെ രചയിതാവും നോവലിസ്റ്റും, ചെറുകഥാകൃത്തും, ആത്മകഥാകാരനും, ഭാഷാശാസ്‌ത്രകാരനും കൂടിയ ജോഹന്‍ ആഗസ്റ്റ് സ്‌ട്രീന്‍ബർഗ് നിന്നാണ് പ്രാരംഭം-ദി ഫാദർ (1887), മിസ്സ് ജൂലിയ (1888) എന്നീ പ്രസിദ്ധ നാടകങ്ങള്‍ യൂറോപ്യന്‍ നാടകസാഹിത്യത്തിലും നാടകവേദിയിലും (theatre) നടത്തിയ പരീക്ഷണങ്ങള്‍ പിന്നീട് ബലിഷ്‌ഠമായ ആവിഷ്‌കാരതന്ത്രങ്ങളായി അംഗീകരിക്കപ്പെട്ടു. "ദി ഫാദർ' ഒരർഥത്തിൽ ഒരു നാച്വറലിസ്റ്റ് നാടകവും മിസ്സ് ജൂലിയ, സാമൂഹിക വിമർശനനാടകം ആണെങ്കിലും എക്‌സ്‌പ്രഷനിസത്തിന് അവ ശുഭോദർക്കമായ നാന്ദികുറിച്ചു. 1898 തന്റെ എക്‌സ്‌പ്രഷനിസ്റ്റ് നാടകത്രയം-ടു ദമാസ്‌ക്‌സ് ക, ദമാക്‌സസ് കക, ദമാസ്‌കസ് കകക (1904) പ്രസിദ്ധമായി. സ്വകാര്യജീവിതത്തിൽ രണ്ട് വിവാഹമോചനത്തിന്റെയും ക്ലേശപൂർണമായ ദാമ്പത്യത്തിന്റെയും കഥപറയുന്ന നാടകത്രയത്തിൽ സ്‌ട്രീന്‍ബർഗ് തന്നെ "അറിയപ്പെടാത്ത ഒരാള്‍' എന്ന കഥാപാത്രമായി അഭിനയിക്കയും ചെയ്‌തു. സ്വന്തം ജീവിതത്തിൽ ദീർഘകാലം അനുഭവിച്ച ആത്മീയ സംഘർഷങ്ങള്‍, വിപത്‌സന്ധികള്‍, സന്ദിഗ്‌ധതകള്‍, അശാന്തികള്‍ ഒക്കെയും സ്വപ്‌ന സദൃശമായ രംഗങ്ങളിലൂടെ നാടകത്തിന്റെ രൂപസംവിധാനത്തിൽ അവതരിപ്പിക്കാനുള്ള സാധ്യതകള്‍ അദ്ദേഹം കണ്ടെത്തി. ഇടയ്‌ക്കു ഈസ്റ്റർ (1901) എന്ന ഒരു പ്രതീകാത്മക നാടകത്തിനു ശേഷം വീണ്ടും സ്‌ട്രീൽബർഗ് എക്‌സ്‌പ്രഷനിസ്റ്റു രചനാ സങ്കേതത്തിലേക്ക് മടങ്ങിവന്നു. ഏ ഡ്രീം പ്ലേ (1902) എന്ന പുതിയ നാടകത്തിൽ ഭാരത പുരാണ കഥാപാത്രമായ ഇന്ദ്രന്റെ (ദേവേന്ദ്രന്റെ) പുത്രിയുടെ ജീവിതസുഖവും സന്തോഷവും തേടിയുള്ള (hedonistic) പുറപ്പാടാണ് ഇതിവൃത്തം. അനേകം കൊച്ചുകൊച്ചു രംഗങ്ങളിൽക്കൂടി നാടകകൃത്ത് ശക്തമായ ജീവിതാഖ്യാനം നടത്തുന്നു. എന്നാൽ ലോകനാടകവേദിയെ ശക്തമായി സ്വാധീനിച്ച പ്രഗല്‌ഭമായ നാടകമാണ്- സൊനാറ്റ (SONATA-1907). കാരണം, അതിലെ ശകലീകൃതമായ (fragmented) സംഭാഷണങ്ങള്‍, ആത്മീയ പരിവേഷമുള്ള ബിംബങ്ങള്‍, വക്രീകരിക്കപ്പെട്ടതും വികലമാക്കപ്പെട്ടതുമായ പാത്രസൃഷ്‌ടി. എന്നിവയിലെ നൂതനത്വം കൊണ്ടാണ് എക്‌സ്‌പ്രഷനിസത്തിന് മുതൽ കൂട്ടിയത്. മതം, ലൈംഗികത എന്നിവയും പിരിമുറുക്കമുള്ള സിരാപടലത്തോട് പ്രതികരിക്കുന്ന സ്‌ട്രീൽബർഗിന്റെ നാടകങ്ങള്‍ ഒരേ സമയം മനഃശാസ്‌ത്രപരവും, പ്രതീകാത്മകവുമാണ്.
സ്‌ട്രീന്‍ബർഗ് സ്വാധീനം. സ്‌ട്രീന്‍ബർഗ് സമാനപ്രകൃതികളായ യൂജിൽ ഓനെല്ലിനെയും (1888-1953) (അമേരിക്കന്‍ നാടകകൃത്ത്) "ദി തിയെറ്റർ ഒഫ് ദി അബ്‌സേർഡിസ്റ്റ്' നാടകവേദിയിലെ പ്രമുഖനാടകകൃത്തുക്കളെയും പ്രത്യേകിച്ചും 1950-കളിലെയും 1960-കളിലെയും അർഥശൂന്യതയുടെ (Absurdist) നാടകരചയിതാക്കളെയും സ്‌ട്രീന്‍ബർഗിന്റെ നാടകപരിചയം സ്വാധീനിച്ചു. സ്‌ട്രീൽബർഗിന്റെ നാടക പരിഭാഷകള്‍ യൂറോപ്പിലെങ്ങും പ്രചാരത്തിൽവന്നു. അവയെല്ലാം വായിച്ചുണ്ടായ വൈകാരികമായ ഒരു ജ്ഞാനോദയം ഉള്‍ക്കൊണ്ടവരാണ് അയനെസ്‌കോയും (1912-1994) സാമുവൽ ബക്കറ്റും (1906-1989) മറ്റും. ഇവർക്ക് ആധുനിക മനുഷ്യമനസ്സിന്റെ വിഹ്വലതകളും ജീവിതത്തിന്റെ വ്യർഥതകളും ഭയാശങ്കകളും ഒക്കെ വിജയകരമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു. ബക്കറ്റിന്റെ വെയിറ്റിങ് ഫോർ ഗോദോ (1955) പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം അരങ്ങേറി. ആധുനിക അമേരിക്കന്‍ മനസ്സിലെ അമർത്തിവയ്‌ക്കപ്പെട്ടതും പിന്നെ ക്രമരഹിതമായി ബഹിർഗമിച്ചതുമായ ലൈംഗികതയുടെ വിവിധ മുഖങ്ങള്‍ ചിത്രീകരിക്കുന്ന എഡ്‌വേഡ്‌ആൽബിയു(1928)ടെ നാടകങ്ങള്‍ ദി സൂ (The Zoo) "ഹു ഇസ് അഫ്രയ്‌ഡ് ഓഫ് വെർജീനിയാവുള്‍ഫ്' (1962), "ദി അമേരിക്കന്‍ ഡ്രീം' (1961) "എ ഡെലിക്കേറ്റ് ബാലന്‍സ്' (1966) എന്നിവ എക്‌സ്‌പ്രഷനിസ്റ്റു നാടകങ്ങള്‍ ആയി പരിഗണിക്കപ്പെടുന്നു. അതേ സമയം അവയെല്ലാം അബ്‌സേർഡ് നാടകങ്ങളുമാണ്. ഫ്രഞ്ചു നോവലിസ്റ്റും നാടകകൃത്തുമായ ആൽബേർട്ട് കമ്യൂ(1913-1960)വിനെയും സ്‌ട്രീൽബർഗ് ശക്തമായി സ്വാധീനിച്ചിട്ടുണ്ട് കമ്യൂവിന്റെ നോവലുകളായ ദി സ്‌ട്രയിഞ്ചർ (1942), ദി ഔട്ട് സൈഡർ (1946), ദി ഫാള്‍ (1957), ദി റെബൽ (1953) ഒക്കെ എക്‌സ്‌പ്രഷനിസ്റ്റു നോവലുകള്‍ തന്നെയാണ്. കൂടാതെ കാലിഗുള (1944) പോലെ നിരവധി നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. 1957-ൽ കമ്യൂ നോബൽ സമ്മാനാർഹനായി.
ഹാന്‍സ്. മറ്റൊരു ജർമന്‍ എക്‌സ്‌പ്രഷനിസ്റ്റ് നാടകകൃത്ത് ഹാന്‍സ് ഹെന്നി ജാഹന്‍, ഇദ്ദേഹം നോവലിസ്റ്റും സംഗീതോപകരണ (ഓർഗന്‍) നിർമാതാവും കൂടിയാണ്, തന്റെ ആദ്യനാടകമായ പാസ്റ്റർ എഫ്രയിം മാഗ്ന(1917)സ്സോടുകൂടിത്തന്നെ വിവാദപുരുഷനും, നാടകം സജീവ ചർച്ചാവിഷയവുമായി. വിശ്രുതമായ കാംബ്രിഡ്‌ജ് ഗൈഡ് ടു തിയെറ്റർ ഈ നാടകത്തെ സർവവിനാശകാരിയായ (nihilistic) സൃഷ്‌ടിയായി മുദ്രകുത്തി. പ്രകൃതി വൈകൃതങ്ങളും സാഡിസവും (sadism) ആത്മപീഡനപരമായ ലക്ഷ്യവുമുള്ള ഒരു നാടകം എന്ന് ചാപ്പകുത്തി ബഹിഷ്‌കരിച്ചു. 1992 ഹാന്‍സ് എഴുതിയ "കെറോനേഷന്‍ ഒഫ് റിച്ചേർഡ് ദി തേഡ്' എന്ന നാടകവും അപമാനത്തിനിരയായി. പൂർത്തിയാകാത്ത ഒരു നോവലിന്റെയും, തീരമില്ലാത്ത നദിയുടെയും ഗതി ഇതുതന്നെയായിരുന്നു. എന്നാൽ വൈകിയാണെങ്കിലും ഹാന്‍സിന്റെ തോമസ് ചാറ്റർടണ്‍ (1955) എന്ന നാടകവും 1961-ൽ എഴുതിയ ദി ഡസ്റ്റി റെയിന്‍ബോയും വളരെയേറെ പ്രശസ്‌തി നേടിയെടുക്കുകയുണ്ടായി.
ക്ലോവറിന്റെ ദുരന്തകഥ. ജർമന്‍ നാടകകൃത്തും കവിയുമായ വാള്‍ട്ടർ ഹാസന്‍ ക്ലേവർ (1890-1940) തന്റെ 20-ാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ച നഗരങ്ങള്‍, രാത്രികള്‍, ജനങ്ങള്‍ എന്ന കവിതാ സമാഹാരത്തിനെത്തുടർന്ന് 1914-ൽ പുറത്തിറക്കിയ മകന്‍ എന്ന എക്‌സ്‌പ്രഷനിസ്റ്റു നാടകത്തോടെ വന്‍വിജയം വരിച്ചു. മാനസിക രോഗിയെന്ന് പറഞ്ഞ് സൈന്യത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ഹാസൽക്ലേവർ 1918 ചിത്രകാരനായ ഓസ്‌കർ-കാക്കോസ്‌ച്‌കായുമായി സൗഹൃദം സ്ഥാപിച്ചത് ഒരു വഴിത്തിരിവായി. കാക്കോസ്‌ച്‌ക്കാ ഒരു ആബ്‌സ്‌ട്രാക്‌റ്റ് എക്‌സ്‌പ്രഷനിസ്റ്റ് ചിത്രകാരനായിരുന്നു. 1924-ൽ ചിത്രകാരനായ ഈ സുഹൃത്ത് വഴി ഹാസേൽക്ലേവർ മറ്റൊരു ചിത്രകാരായ കർട്ട് ടുച്ചോൽസ്‌കിയുമായി പരിചയത്തിലായി (ഹാസന്‍ ക്ലേവർ അക്കാലത്ത് പാരിസിൽ ഒരു ഫ്രീലാന്‍സ് ജേണലിസ്റ്റായിരുന്നു) ടുച്ചോൽ സ്‌കീയാണ് ഇദ്ദേഹത്തെ ഷീന്‍ ഗിറൗഡൗ എന്ന നാടകകൃത്തിനെ കണ്ടുമുട്ടാനിടയാക്കിയത്. ഇതൊരു നല്ല ജീവിത ഘട്ടമായിരുന്നു. 1926-ൽ ഹാസേൽക്ലേവർ ഒരു ശുഭാന്തനാടകം (Comedy) -ബറ്റർ ജന്റിൽമന്‍ എഴുതി വിഖ്യാതനായി. 1928-ൽ എഴുതിയ വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന നാടകവും വന്‍വിജയമായി. 1930-ൽ ഹോളിവുഡിലെ അന്നത്തെ ഹരമായിരുന്ന നായിക നടിയായ ഗ്രറ്റാ ഗാർബോയ്(1905)ക്കുവേണ്ടി, മെട്രാ ഗോഡ്‌വിന്‍ ചലച്ചിത്ര കമ്പനിയുടെ ആവശ്യപ്രകാരം തിരക്കഥയെഴുതി. പിന്നീട് ബർലിനിൽ താമസമാക്കിയ ഹേസൽക്ലേവറിന്റെ ശനിദശ ആരംഭിക്കുന്നത് 1933-ൽ നാസികള്‍ ഭരണാധികാരത്തിൽ വന്നപ്പോള്‍ മുതല്‌ക്കാണ്. അദ്ദേഹത്തെ ഫ്രാന്‍സിലെ നീസി(Nice)ലേക്ക് നാടുകടത്തി. സകല നാടകങ്ങളും ഗ്രന്ഥാലയവും നാസികള്‍ അഗ്നിക്കിരയാക്കി. രണ്ടാംലോകയുദ്ധകാലത്ത് ഫ്രഞ്ച് സർക്കാർ ഹേസൽക്ലേവർ ഒരു ജർമന്‍ ചാരനാണെന്ന ആരോപണത്തോടെ ജയിലാക്കി. നിരാശനായ ഈ എക്‌സ്‌പ്രഷനിസ്റ്റിന്റെ അന്ത്യം ശോചനീയമായിരുന്നു. 1940-ൽ വൈറോണൽ എന്ന മയക്കുമരുന്ന് അധിക ഡോസിൽ കഴിച്ച് അദ്ദേഹം ആത്മഹത്യചെയ്‌തു.
ജോർജ് കൈസറും ഒരു നവലോക സൃഷ്‌ടിയും. മറ്റൊരു ജർമന്‍ എക്‌സ്‌പ്രഷനിസ്റ്റു നാടകകൃത്ത് ജോർജ് കൈസർ രംഗത്ത് വരുന്നത് ഗെർഹാർട്ട് ഹാഫ്‌മാനെന്ന വെയ്‌മാർ റിപ്പബ്ലിക്കിലെ ഏറ്റവും പ്രശസ്‌തനായ കലാകാരനോടൊപ്പമാണ്. കൈസർ ദി കോറൽ (1917) ഗ്യാസ് I (1918), ഗ്യാസ് II (1920) എന്നീ (ട്രിലജി) നാടകത്രയത്തിലൂടെ വിഖ്യാതനായി. 1913-ൽ എഴുതിയ കലൈസിലെ ബർഗറന്മാർ എന്ന നാടകം ഭാഷയുടെ ദുർഗ്രാഹ്യതകൊണ്ടും, അപൂർവതയുള്ള സംഭാഷണങ്ങള്‍ കൊണ്ടും വികാരവിജൃംഭിതരായ ചില കഥാപാത്രങ്ങളുടെ സ്വഗതങ്ങള്‍ (sololoquies and monologues) കൊണ്ടും ബുദ്ധിജീവികളുടെ ഇടയിൽ മാത്രം പ്രചാരം നേടി. കൈസറിന്റെ ആധ്യാത്മിക ഗുരു ആഗസ്റ്റ് സ്‌ട്രാം എന്ന ഒരു ചിന്തകനായിരുന്നു. തന്മൂലം കൈസറിന് ഒരു പ്രത്യേക നാടകീയ സൗന്ദര്യശാസ്‌ത്രം തന്നെ രൂപം നല്‌കാന്‍ കഴിഞ്ഞു. അതിലുമുപരി കൈസർ ജർമന്‍ ദാർശനികനായ ഫ്രഡറിച്ച് നീത്‌ഷേയുടെ (1844-1900) ശക്തമായ സ്വാധീനത്തിൽ അമർന്നിരുന്നു.
പരമ്പരാഗത ക്രസ്‌തവ വിശ്വാസത്തെ തള്ളിക്കളയുകയും, മനുഷ്യജീവിതത്തിന്റെ ശരാശരിത്വങ്ങളെയും പരിചിന്തകളെയും അതിവർത്തിക്കുന്ന അതിമാനവന്‍ (overman) എന്ന പരികല്‌പന ആവിഷ്‌കരിക്കുകയും ചെയ്‌ത നീത്‌ഷേ 19-ാം ശതകത്തിലും തുടർന്നും വലിയ സ്വാധീനശക്തിയായിരുന്നല്ലോ. അതിസാഹസികമായ രീതിയിൽ പ്രവർത്തിച്ചും ജീവിച്ചും വിരസമായ സാമാന്യ ജീവിതത്തിന്റെ സീമകള്‍ക്കപ്പുറം പറന്നുയരാന്‍ ആഹ്വാനം ചെയ്യുന്ന നീത്‌ഷേവിയന്‍ കഥാപാത്രങ്ങള്‍ കൈസർ നാടകങ്ങളിൽ തലങ്ങും വിലങ്ങും കാണാം. 1920-ൽ കൈസറുടെ പ്രഭാതം മുതൽ അർധരാത്രിവരെ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമുണ്ടായി. ഈ നിശ്ശബ്‌ദ സിനിമയോടൊപ്പം തിയെറ്ററുകളിൽ കുറേവർഷം നിത്യവും അരങ്ങേറുന്ന ഒരു നാടകമായിത് തീരുകയും ചെയ്‌തതിനു കാരണം അതിന്റെ പ്രമേയവും നാടകീയതയുമാണ്. രണ്ടു ഘട്ടങ്ങളായി വിഭജിച്ച് അവലോകനം ചെയ്യപ്പെടാറുള്ള കൈസറുടെ സർഗാത്മക ജീവിതത്തിലെ ആദ്യഘട്ടത്തിലെ നാടകങ്ങള്‍ (ഒന്നാംലോകയുദ്ധത്തിനുമുമ്പുള്ളവ) ഭൂതകാലമായി മുറിഞ്ഞുമാറിനിൽക്കുന്നവയും ഒരു നവജനസമൂഹം ലോകത്ത് പടുത്തുയർത്താന്‍ ആഹ്വാനം ചെയ്യുന്നവയുമാണ്. അവയിൽ ഒന്നിലും പാത്രസൃഷ്‌ടിക്കു യാതൊരു ഊന്നുമില്ല. മറിച്ച് സംഭാഷണത്തിനാണ് പ്രാധാന്യം. ഇതിനൊരു കാരണം പാത്രങ്ങള്‍ മനഃശാസ്‌ത്രപരമായി വികാസം ലഭിക്കാതെപോയവരും മനുഷ്യ സാമൂഹിക മനസ്സിലെ സഞ്ചിത സമാഹൃത സ്‌മരണകളും ബോധവും ഉള്ളവരുമായ കുറേ ആർക്കിടൈപ്പൽ കഥാപാത്രങ്ങളെ കൈസർ ബോധപൂർവം സൃഷ്‌ടിച്ചതാണ്. മറ്റൊന്ന് നാച്വറലിസത്തോട് ഈ വഴിയിലൂടെ അദ്ദേഹം കലഹിക്കുകയായിരുന്നു. ഓരോ കഥാപാത്രവും സുദീർഘമായ "വാചകമേള'യാണ് നടത്തുന്നത്.
1923-ൽ എഴുതിയ സൈഡ് ബൈസൈഡും ഒരു ജനപ്രിയ നാടകമായിരുന്നു. ഇതിന്റെ രംഗാവതരണ കല കൈകാര്യം ചെയ്‌തത് പ്രസിദ്ധ ചിത്രകാരനായ ജോർജ് ഗ്രാസ്സും സംവിധായകനും പ്രസിദ്ധനും ആയ ബർട്ടോള്‍ഡ് വിയർറ്റെലും ആയിരുന്നു. ജർമനിയുടെ സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന ഈ നാടകം വരാന്‍പോകുന്ന ലോകസാമ്പത്തിക സ്ഥിതിയുടെ ദുരവസ്ഥയെയും ജർമനിയിലെ നാണയപെരുപ്പത്തെയും മറ്റും രസകരമായി കൈകാര്യം ചെയ്യുന്നു. പലതരത്തിലും ജർമന്‍ നാടകപ്രമികളുടെ ആരാധനാപാത്രമായ കൈസറിന്റെ ഈ നാടകത്തിലെ ഉള്‍ക്കാഴ്‌ചയും മറ്റു സ്വപ്‌നാടന നാടകങ്ങളിൽനിന്നും അതിനുള്ള വേറിട്ട നിലയും പരിഗണിച്ച് നിരൂപകർ വിളിച്ചുപറഞ്ഞത് ഇങ്ങനെ, ""ഇതാ കൈസർ മേഘപടലങ്ങള്‍ വകഞ്ഞുമാറ്റി പുറത്തുവന്ന് ഭൂമിയിൽ നിലയുറപ്പിച്ചിരിക്കുന്നു എന്നാണ്. ജനപ്രിയനും കൗതുകമുണർത്തുന്ന വ്യക്തിത്വമുള്ളവനുമായ കൈസറോടൊപ്പം തോളുരുമ്മി നിന്ന മറ്റു എക്‌സ്‌പ്രഷനിസ്റ്റ് നാടകകൃത്തുക്കള്‍ ഇവാന്‍ഗോള്‍, ഏണസ്റ്റ് ടോളർ എന്നിവരായിരുന്നു.
ബൃഹ്‌തിന്റെ അട്ടിമറി. ഇവരിൽനിന്നും വ്യത്യസ്‌തമെങ്കിലും സാദൃശ്യമുള്ള ജർമന്‍ നാടകകൃത്തായിരുന്ന ബർടോള്‍ഡ് ബൃഹ്‌ത് (1896-1956) തന്റെ പുതിയ അന്യവത്‌കരണ നാടകസിദ്ധാന്തവുമായി അതുവരെയുള്ള എല്ലാ നാടക പാരമ്പര്യത്തെയും കടപുഴക്കിയെറിഞ്ഞു. സ്വയം പര്യാപ്‌തമായ നിരവധി സംഭവങ്ങളുടെ നീണ്ട ഒരു ചിത്രീകരണസമ്പ്രദായത്തിലൂടെ കഥപറയുന്ന ബൃഹ്‌തിന്റെ നാടകങ്ങള്‍ കഥാർസിസ് എന്ന ഗ്രീക്ക് ദുരന്ത നാടകാസ്വാദനരീതിയെ നിരാകരിച്ച് അന്യവത്‌കരണ സിദ്ധാന്തം അവതരിപ്പിച്ചു. ബൃഹ്‌ത് തീർത്തും ഒരു എക്‌സ്‌പ്രഷനിസ്റ്റല്ല. കൈസറിലേക്ക് മടങ്ങിവന്നാൽ, പിന്നീട് പദ്യനാടകങ്ങളും കൂടി എഴുതി കൈസർ തന്റെ രചനാസാമ്രാജ്യം വിപുലമാക്കിയ മറ്റു ശ്രദ്ധേയ നാടകങ്ങള്‍ -തനാകയെന്ന യോദ്ധാവും (1940) ദി റാഫ്‌റ്റ് ഒഫ് ദി മെഡൂസവും (1943) ആണെങ്കിലും കൈസർ അപ്പോഴേക്കും എക്‌സ്‌പ്രഷനിസത്തിന്റെ ബാധയിൽ നിന്നും (hangover) നിന്നും മുക്തനായി കഴിഞ്ഞിരുന്നു.
മറ്റൊരു രക്തസാക്ഷി. ഏണസ്റ്റ് ബാർലാക്ക് (1870-1938) എന്ന ജർമന്‍ നാടകകൃത്ത് ഒരു എക്‌സ്‌പ്രഷനിസ്റ്റ് ശില്‌പികൂടിയായിരുന്നു. ആദ്യം യുദ്ധാഭിമുഖ്യം ഉണ്ടായിരുന്നെങ്കിലും ഒരു ഭടനെന്ന നിലയിൽ ലഭിച്ച അനുഭവങ്ങളെ അവലംബിച്ച് ശില്‌പങ്ങള്‍ രചിച്ച് അദ്ദേഹം തന്റെ യുദ്ധവിരുദ്ധ വികാരങ്ങള്‍ക്ക് കലാവിഷ്‌കാരം നല്‌കിയെങ്കിലും അവയെല്ലാം തരംതാണതും വിധ്വംസക ലക്ഷ്യമുള്ളവയെന്നും നാസികള്‍ മുദ്രകുത്തി അവയെല്ലാം പിടിച്ചെടുക്കപ്പെടുകയും നശിപ്പിക്കപ്പെടുകയുമുണ്ടായി. 1904-ൽ ആദ്യത്തെ ശില്‌പകലാ പ്രദർശനം നടത്തിയ ബാർലാക്ക് കണ്ണടച്ച് ഫ്രഞ്ച് ശില്‌പികളെ അനുകരിച്ച് ജർമന്‍ ശില്‌പികള്‍ക്കൊരു താക്കീത് നൽകി. 1904-ൽ റഷ്യയിൽ താമസിച്ചിരുന്ന സഹോദരന്‍ ഹാസിനെ സന്ദർശിച്ചു സഹോദരന്റെ സഹായം ലഭിച്ച ബാർലാക്ക് പിന്നീട് മര കാർവിങ്ങുകളും, വെങ്കലപ്രതിമകളും നിർമിച്ച് ശക്തമായ വികാരവിക്ഷോഭങ്ങള്‍ക്ക് മൂർത്തരൂപങ്ങള്‍ സൃഷ്‌ടിച്ചു. 1924-ൽ ബൈബിളിലെ നോവയുടെ പേടകകഥയെ അധികരിച്ച് ദി ഫ്‌ളഡ് എന്ന ഒരു മിസ്റ്റിക് നാടകവും ദി ബ്ലൂബോള്‍ എന്ന പ്രമ നാടകവും എഴുതി. വിവാദപരമായ ഒരു ശില്‌പം അദ്ദേഹത്തിന്റെ അവസാനകാല ജീവിതം നരകമാക്കി. വിവിധ വിധി വിഹിതങ്ങള്‍ക്കിരയായ ഒരു ശില്‌പം ജർമന്‍ ദേശീയതയുടെയും നാസിസത്തിന്റെ ക്രൂരതയുടെയും പ്രതീകാത്മക ആവിഷ്‌കാരമായി. ഈ ദ്വിമുഖത്വം (double face) ബാർലാക്കിന് അനശ്വരമായ കീർത്തിനേടിക്കൊടുത്തെങ്കിലും ഫാസിസം/നാസിസം അദ്ദേഹത്തിന്റെ സൃഷ്‌ടികളെ മുഴുവനും നശിപ്പിച്ചു. പിന്നീട് ബാർലാക്ക് തന്റെ ഒരു നാടകത്തിന്റെ വുഡ്‌കട്ടിലൂടെ നഷ്‌ടമായ പലതിന്റെയും പ്രതിധ്വനി തിരിച്ചുപിടിച്ചു. അവിസ്‌മരണീയമായൊരു ആത്മകഥയും ബാർലാക്ക് അവശേഷിപ്പിച്ചാണ് 1938-ൽ തിരോഭവിക്കുന്നത്.
കലയിൽനിന്നും ഭരണത്തിലേക്ക്. വിസ്‌മരിക്കാനാവാത്ത മറ്റൊരു എക്‌സ്‌പ്രഷനിസ്റ്റ് നാടകക്കാരനായ കാരൽ കാപ്പെക്ക് (1890-1938) 20-ാം ശതകത്തിലെ ചെക്ക് സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ ഏറ്റവും പ്രബലനായിരുന്ന ശാസ്‌ത്രനോവലിന്റെ രചയിതാവാണ്. എന്നാൽ പില്‌ക്കാലത്ത് ശാസ്‌ത്രവിഷയങ്ങളെ അധികരിച്ച് ആയിരക്കണക്കിന് നോവലുകളുണ്ടായി എങ്കിലും അവയ്‌ക്കുമുമ്പ് ഭൂമിയിൽ മനുഷ്യന്‍ തന്നെ ബുദ്ധിയും വിവേകവുംകൊണ്ട് നല്ലൊരു ഭാവി ലോകം പടുത്തുയർത്തുമെന്ന പ്രിയസ്വപ്‌നത്തിന്റെ പ്രതീകമായിരുന്ന കാപ്പെക്കിന്റെ നാടകങ്ങള്‍, കുറ്റാന്വേഷണ ചെറുകഥകള്‍, നോവലുകള്‍ അപ്‌സരകഥകള്‍, തിയെറ്റർനാടകങ്ങള്‍, പൂന്തോട്ടനിർമിതിയെക്കുറിച്ചുള്ള കൃതിയൊക്കെയും എക്‌സ്‌പ്രഷനിസ്റ്റുകളുടെ കൂട്ടത്തിൽനിന്നും കാപ്പെക്കിനെ മാറ്റി നിർത്തുന്നു.
1930-ൽ കാപ്പെക്‌സ് നാസികളുടെ ക്രൂരതകള്‍ക്കെതിരേ ആഞ്ഞടിച്ചു-ചെക്ക് രാജ്യസ്‌നേഹിയായ മാസാറിക് എന്ന ദേഹവുമായുള്ള സൗഹൃദം കാപ്പെക്കിനെ രാജ്യത്തെ മുഴുവന്‍ ബുദ്ധിജീവികളുടെയും ആരാധ്യനാക്കി. മാസാറിക് പിന്നീട് ചെക്ക് രാജ്യത്തിന്റെ പ്രസിഡന്റായപ്പോള്‍ ബുദ്ധിജീവികളുടെ നേതൃത്വം കാപ്പെക്കിനാണ് നല്‌കപ്പെട്ടത്. ഹ്രാഡ് എന്ന രാഷ്‌ട്രീയ ഗ്രൂപ്പിൽ അംഗത്വവും അതുല്യമായൊരു സ്ഥാനവുമാണ് ചെക്ക് രാഷ്‌ട്രീയ ഭരണ നേതൃത്വത്തിലദ്ദേഹത്തിന് ഉണ്ടായിരുന്നത്. കാപ്പെക്ക് പില്‌ക്കാലത്ത് പുരോഗമനവാദികളായ കവികള്‍, ഉപന്യാസകാരന്മാർ, നോവലിസ്റ്റുകള്‍ എന്നിവരുടെ സംഘടനയായ "പെന്‍' (PEN-Poets Essayists Novelists) ക്ലബ്ബിൽ അംഗമായി. എന്നാൽ ഹിറ്റ്‌ലർ ചെക്കോസ്ലോവാക്യയെ ആക്രമിച്ചകാലത്ത് അദ്ദേഹത്തെ ഗെസ്റ്റപ്പോ എന്ന രഹസ്യകുറ്റാന്വേഷകസംഘം രാജ്യദ്രാഹിയെന്ന മുദ്രകുത്തി. യുദ്ധം കഴിഞ്ഞ് കമ്യൂണിസ്റ്റ് സർക്കാർ ചെക്കോസ്ലോവാക്യയിൽ അധികാരത്തിൽ വന്നപ്പോഴും കാപ്പെക്കിന്റെ കൃതികള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. കാപ്പെക്കും കമ്യൂണിസ്റ്റ് സംവിധാനത്തെ അംഗീകരിച്ചില്ല. മാർക്‌സിസ്റ്റുകാരല്ലാത്ത എഴുത്തുകാരിൽ നിന്ന് ഭിന്നമായി എന്തുകൊണ്ട് ഞാനൊരു കമ്യൂണിസ്റ്റ് അല്ല എന്ന ലേഖനത്തിൽ എഴുതിയത് കാപ്പെക്ക് മാത്രം.
എടുത്തുപറയേണ്ട മറ്റൊരു നാടകകൃത്തും (ചലച്ചിത്ര) തിരക്കഥാകൃത്തുമായിരുന്നു, ഇംഗ്ലീഷുകാരനായ ചാർലസ് വുഡ് (1932-). റോയൽ സൊസൈറ്റി ഒഫ് ലിറ്ററെച്ചറിലെ ഫെലോ ആയിരുന്നു വുർഡിന്റെ മാതാപിതാക്കള്‍ നടീനടന്മാരായിരുന്നു. 1939-ൽ ഡെർബിഷയറിലെ ചെസ്റ്റർഫീൽഡിൽ താമസമാക്കിയ വുഡിനെ ചെസ്‌തർ ഫീള്‍ഡ് ഗ്രാമർസ്‌കൂളിൽ ചേർത്തു. പിന്നീട് അച്ഛന്‍ (ജാക്ക് വുഡ്) നടത്തി വന്ന തിയെറ്ററിൽ ജോലിചെയ്‌തു. തുടർന്ന് രംഗസജ്ജീകരണ സഹായിയും ഇലക്‌ട്രീഷ്യനുമായി. നിത്യവും അരങ്ങുമായുള്ള ഈ ബന്ധം ചെറിയവേഷങ്ങള്‍ ചെയ്യുന്നതിന് സഹായകമായി. അമ്മ അപ്പോഴേക്കും അച്ഛന്റെ നാടക സംഘത്തിലെ മുഖ്യനടിയായി വുഡ് ബർമിങ് ഹാം സ്‌കൂള്‍ ഒഫ് ആർട്ടിൽ തിയെറ്റർ ഡിസൈനും ലിത്തോഗ്രഫിയും പഠിക്കാന്‍പോയി; 1950-ൽ സൈന്യത്തിൽ ചേർന്ന് അഞ്ചുവർഷം സ്‌തുത്യർഹമായ സേവനമനുഷ്‌ഠിച്ചു. വലേറ ന്യൂമാന്‍ എന്ന നടിയെ 1954-ൽ വിവാഹം കഴിച്ചു-പിന്നീട് രംഗ സജ്ജീകരണ കലാകാരന്‍, ലേ ഔട്ട്, സ്റ്റേജ് മാനേജർ എന്നീ നിലകളിൽ യു.കെയിലും കാനഡയിലും ജോലി നോക്കി. വുഡിന്റെ നാടകം പ്രിസണർ ആന്‍ഡ് എസ്‌കോർട്ട് (1959) ടി.വിക്കായി എഴുതിയത്-റേഡിയോയിലാണാദ്യം വന്നത്. പിന്നീട് അരങ്ങിലും തുടർന്ന് ടി.വിയിലും പ്രത്യക്ഷമായി വിജയിച്ചു. പിന്നീട് കൊക്കേയ്‌ഡ് മൂന്ന് ഏകാങ്കങ്ങളും, പ്രിസണർ ആന്‍ഡ് എസ്‌കോർട്ട് ജോണ്‍തോമസ്, സ്‌പെയർ എന്നിവർ 1963-ൽ ആർട്ട്‌സ് തിയെറ്ററിലും മീൽസ് ഓണ്‍വീൽസ് 1965-ൽ റോയൽക്കോർട്ട് തിയെറ്ററിലും ഡോണ്‍മെയ്‌ക് മീ ലാഫ് ആന്‍ഡ് വിക്ക് തിയെറ്ററി(ഷെയ്‌ക്‌സ്‌പിയർ കമ്പനിയുടെ1966) -ലും (എന്നെ ചിരിപ്പിക്കരുത്) അരങ്ങിനെ സന്തോഷകരമായ മണിക്കൂറുകള്‍കൊണ്ട് നിറയ്‌ക്കുക (Fill the Stage with Happy Hours)എന്ന നാടകം വോഡവിൽ തിയെറ്ററിന്റെ നോട്ടിങ് ഹാം പ്ലേ ഹൗസി(1967)ലും "ഡുഗൊ' റോയൽക്കോട്ട് തിയെറ്ററിന്റെ ബ്രിസ്റ്റാള്‍ ആർട്‌സ് സെന്ററി(1967)ലും "ജിംഗോ' റോയൽഷെയ്‌ക്‌സ്‌പിയർ കമ്പനിയുടെ ആള്‍ഡ്‌വീക്ക് തിയെറ്ററി(1975)ലും അവസാനത്തെ നാടകം- എക്രാസ് ഫ്രം ദി ഗാർഡണ്‍ ഒഫ് അള്ളാഹ് കോമഡി തിയെറ്ററി(1986)ലും അവതരിപ്പിക്കപ്പെട്ടു. ടെലിവിഷനായി നിരവധി സൃഷ്‌ടികള്‍ ചെയ്‌തിട്ടുള്ള വുഡിന്റെ, റോബർട്ട് ലോറന്‍സിന്റെ ജീവിതത്തെ ആധാരമാക്കി രചിച്ച റ്റംബിള്‍ ഡൗണ്‍ (തല കുത്തി വീഴുക) എന്നത് ഒരു ചലച്ചിത്രമാക്കി- "വാഗ്നർ' എന്ന ഒരു മിനിസീരീസ് എഴുതി, അത് 1983-ൽ പ്രസിദ്ധനടനായ റിച്ചാർഡ് ബർട്ടന്‍, വാനെസ്സാ റൈഡ്‌ഗ്രവ് എന്നിവർ അതിൽ അഭിനയിക്കുകയും ചെയ്‌തു. "പുച്ചിനി' വേറൊരു സീരീസ് ആണ്.
നിരവധി സ്‌ക്രീന്‍ പ്ലേകള്‍ ഉണ്ട് വുഡിന്റേതായി. ദിനാക്ക് ആന്‍ ഹൗ ടു ഗെറ്റിറ്റ് (1965) സ്‌ക്രീൽ റൈറ്റേഴ്‌സ് ഗിൽഡ് അവാർഡ് നേടി. ഹെൽലു (1965) ബീറ്റിൽസിനുവേണ്ടി രചിച്ചു. "ഹൌ ഐവണ്‍ ദി വാർ' (1967), "ചാർജ് ഒഫ് ദി ലൈറ്റ് ബ്രിഗേഡ്' (1968) "അയറിസ്' (2001) എന്നിവയ്‌ക്കു ഹ്യൂമാനിറ്റാസ് അവാർഡ്, ക്രിസ്റ്റഫർ അവാർഡ് എന്നിവ ലഭിച്ചു. ഏറ്റവും നല്ല റേഡിയോനാടകത്തിനുള്ള അവാർഡ് (2007) WGGB നോമിനേഷന്‍ ഒക്കെയും വുഡിനു ലഭിച്ചു. വുഡിന്റെ നാടകങ്ങള്‍ കുറച്ചുമാത്രമേ വീണ്ടും വീണ്ടും അഭിനയിക്കപ്പെടുന്നുള്ളൂ. എന്നാൽ 2008-ൽ ജിംഗോ വീണ്ടും രംഗത്തെത്തി.
ടോലറുടെ ദുരന്തകഥ. എണ്‍സ്റ്റ് ടോലറെത്ത (1893-1939) മറ്റൊരു ജർമന്‍ എക്‌സ്‌പ്രഷനിസ്റ്റ്, നാടകകൃത്ത് എന്ന നിലയിലും ഒരു ഇടതുപക്ഷക്കാരന്‍ എന്ന നിലയിലും പ്രസിദ്ധനാണ്-കുറച്ചുകാലം മാത്രം ജീവിച്ച ബവോറിയന്‍ (Bavarian) റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ആറ് ദിവസം അധികാരത്തിൽ ഇരുന്ന എണ്‍സ്റ്റ് ടൊലർ ഒരു ജൂത കുടുംബത്തിൽ ജനിച്ചു. ഒന്നാം ലോകയുദ്ധത്തിൽ സൈനികനായി. ബവേറിയ സോവിയറ്റ് റിപ്പബ്ലിക്കുമായുള്ള ടോലറുടെ ബന്ധം ഇവിടെ അപഗ്രഥിക്കാനാവില്ലെങ്കിലും ബിട്രാവന്‍, ഗസ്‌താവ് ലാണ്ടോവർ എന്നീ അനാർക്കികളും കമ്യൂണിസ്റ്റുകളും ആയി അദ്ദേഹം അടുത്ത് സഹകരിച്ച്-അദ്ദേഹം നേതൃത്വം നൽകിയ ബവേറിയന്‍ റിപ്പബ്ലിക്കിനെ വലത്തുപക്ഷ ശക്തികള്‍ ആറ് ദിവസത്തിനുശേഷം തകർത്തു. ടോലർ തുറുങ്കിലായി. അക്കാലത്ത് ജയിലിൽവച്ചാണ് ട്രാന്‍സ്‌ഫോർമേഷന്‍സ് എന്ന നാടകം പൂർത്തിയാവുന്നത്. ബർലിനിൽ അരങ്ങേറിയ (1919-ൽ) ഈ നാടകം തന്റെ യുദ്ധകാലത്തെ ശാരീരികവും മാനസികവുമായ തകർച്ചയുടെയും തീവ്രാനുഭവങ്ങളുടെയും സാക്ഷിപത്രമാകയാൽ മൗലികമായ ഒന്നായിരുന്നു. കാള്‍ഹെയ്‌ന്‍സ് മാർട്ടിനാണിത് സംവിധാനം ചെയ്‌തത്. ഇതിന്റെ നൂറാമത് അവതരണകാലത്ത് പുതിയബവേറിയന്‍ സർക്കാർ ടോലർക്ക് മാപ്പ് നൽകിയെങ്കിലും അദ്ദേഹം മറ്റു രാഷ്‌ട്രീയ തടവുകാരോട് കൂറ് പ്രഖ്യാപിച്ച് ജയിലിൽ കഴിച്ചുകൂട്ടി. അങ്ങനെ ജയിലിൽ കിടന്നുകൊണ്ടാണ് തന്റെ ഏറ്റവും മികച്ച നാടകങ്ങളായ മാസ്സസ് മാന്‍ (ജനലക്ഷങ്ങളുടെ മനുഷ്യന്‍) യന്ത്രം തകർക്കുന്നവർ (The Machine Breakers) ഹിങ്കിമാന്‍, ദീ ജർമന്‍ എന്നിവയും നിരവധി കവിതകളും എഴുതിയത്. 1925 ജയിൽ വിമോചിതനായ അദ്ദേഹത്തിന് തന്റെ ഒരു നാടകം അഭിനയിച്ചു കാണണമെന്നാഗ്രഹമുണ്ടായി. ഏറ്റവും മികച്ചതും ഏറ്റവും അവസാനമെഴുതിയതുമായ ഹോപ്പ്‌ലാ, വീ ആർ എലൈവ് (ഹോപ്പ്‌ലാ, നാം ജീവിച്ചിരിക്കുന്നു) എന്ന നാടകം 1925 എർവിൽ പിസ്‌കേറ്റർ (Erwin Piscator) സംവിധാനം ചെയ്‌ത് ആദ്യമായി ബർലിനീൽ അരങ്ങിലവതരിപ്പിച്ചു-ഇതിന്റെ കഥ ജയിലടക്കപ്പെട്ട ധീരനായൊരു വിപ്ലവകാരി തന്റെ എട്ട് വർഷത്തെ തടവിനുശേഷം പുറത്തുവരുമ്പോള്‍ തന്റെ പ്രിയ സഖാക്കള്‍ എല്ലാം വിപ്ലവാവേശം വെടിഞ്ഞ് നിലവിലുള്ള വ്യവസ്ഥയുമായി സന്ധിചെയ്‌ത് രമ്യമായി കഴിയുന്നതുകണ്ട് തകർന്ന് ഒടുവിൽ നിരാശയാൽ ആത്മഹത്യ ചെയ്യുന്നതാണ്. താന്‍ പൊരുതിചെറുത്ത് നിന്ന നാസികള്‍ 1933-ൽ അധികാരത്തിൽ വന്നപ്പോള്‍ ടോലർ നാടുവിട്ടു-ലണ്ടനിലെത്തി തന്റെ റെയ്‌ക് ഔട്ട് ദി പിയർസ് (1935) എന്ന നാടകം മറ്റൊരാളുമായിച്ചേർന്ന് സംവിധാനം ചെയ്‌തു. 1936-37-ൽ അദ്ദേഹം യു.എസ്സിലും കാനഡയിലും പ്രസംഗപര്യടനം നടത്തി. പിന്നെ കാലിഫോർണിയയിൽ സ്ഥിരതാമസമാക്കി-ഇടയ്‌ക്ക് ന്യൂയോർക്ക് നഗരത്തിൽ (1936-ൽ കുറച്ചുകാലം) കഴിഞ്ഞപ്പോഴാണ് എക്‌സ്‌പ്രഷനിസ്റ്റ് ആവിഷ്‌കാരരീതിയോട് മാനസികമായി ഐക്യമുള്ളവരും പ്രവാസി എഴുത്തുകാരും കലാകാരന്മാരുമായ ക്ലോസ് മന്നന്‍, എറിക്കാ മന്നന്‍, തെരീസാ ജിയഹ്‌സേ തുടങ്ങിയവർ) സൗഹൃദം സ്ഥാപിക്കുന്നത്-തന്റെ സഹോദരിയും സഹോദരനും അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍സെന്‍ട്രഷന്‍ ക്യാമ്പുകളിലേക്കയയ്‌ക്കപ്പെട്ടതിന്റെയും മറ്റും വേദന സഹിക്കാനാവാതെ അഗാധമായ ഗ്ലാനിയിലേക്ക് വീണ ടോളർ, തന്റെ ധനം മുഴുവന്‍ സ്‌പാനിഷ് ആഭ്യന്തര യുദ്ധത്തിലെ അഭയാർഥികള്‍ക്കായി നീക്കിവച്ചു. 1939-ൽ താമസിച്ച ഹോട്ടൽ മുറിയിൽ (മെ ഫ്‌ളവർ ഹോട്ടൽ) അദ്ദേഹം തൂങ്ങിമരിച്ചു. എണ്‍സ്റ്റ് ടോളറുടെ സ്‌മരണ നിലനിർത്താന്‍ ഡബ്ല്യു.എച്ച്. ഓഡന്‍ ഒരു കവിത എഴുതിയത്-അനഥർ ടോം (Another Tome) എന്ന ജേർണലിൽ 1940-ൽ പുറത്തുവന്നു. അതോടൊപ്പം യേറ്റ്‌സ്, ഫ്രായിഡ് എന്നിവരെയും വിമർശിച്ചുകൊണ്ട് വിലാപസ്വരത്തിൽ ഓഡന്‍ വീണ്ടും കവിത എഴുതി. ഇപ്രകാരം ഫാസിസം തകർത്തെറിഞ്ഞ നിരവധി ജീവിതങ്ങളുടെ കഥകള്‍ പറയപ്പെടാതെ, എഴുതപ്പെടാതെ കിടക്കുന്നുണ്ട് എക്‌സ്‌പ്രഷണിസ്റ്റ് പർവത്തിൽ.
വെസ്‌കറും എക്‌സ്‌പ്രഷനിസ്റ്റ് നാടകവും. വളരെയേറെ എഴുതിക്കൂട്ടിയ (42 നാടകങ്ങള്‍) ഒരു ബ്രിട്ടീഷ് നാടകകൃത്തായിരുന്ന സർ അർണോള്‍ഡ് വെസ്‌കർ (1932-) നാടകം കൂടാതെ നാല് വാല്യം ചെറുകഥകള്‍, രണ്ട് വാല്യം ഉപന്യാസവും പത്രപ്രവർത്തനത്തെക്കുറിച്ച് ഒരു ഗ്രന്ഥവും എഴുതിയിട്ടുള്ള വെസ്‌കറുടെ നാടകങ്ങളുടെ തർജുമകള്‍ ഭാഷകളിൽ ഇന്ന് ലഭ്യമാണ്; അവ ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്. ആദ്യകാല നാടകം റൂട്‌സ്, ദി കിച്ചന്‍, ദയർ വെരി ഓണ്‍ അന്‍ ഗോള്‍ഡന്‍ സിറ്റി-ഇവ ഇംഗ്ലീഷ് സ്റ്റേജ് റോയൽക്കോട്ട് തിയെറ്ററിൽ ജോർഡ് ഡെവിനും പിന്നീട് വില്യം ഗാസ്‌ങ്കിയും അവതരിപ്പിച്ചു. നോർവിച്ച് ബെൽഹോട്ടലിൽ പണിചെയ്‌തിരുന്ന കാലത്തെ അനുഭവമാണ് ദ് കിച്ചന്റെ രചനയ്‌ക്കു പ്രചോദനം- റൂട്‌സ് നോർഫോക്കിന്റെ പശ്ചാത്തലത്തിലാണ് എഴുതിയത്.
"സെന്റർ 42' എന്ന ഒരു നാടക തിയെറ്റർ അദ്ദേഹം സ്ഥാപിച്ചു. റൗണ്ട് ഹൗസിലെ ആദ്യത്തെ നാടകവേദി-വെസ്‌കറുടെ "ദി മർച്ചന്റ്' ഷെയ്‌ക്‌സ്‌പിയറിന്റെ മർച്ചന്റ് ഒഫ് വെനീസിന്റെ കഥാനുകരണമാണ്-അതിൽ ഷൈലോക്കിന്റെ കാഴ്‌ചപ്പാടിനെ സാധൂകരിക്കുകയാണ് ചെയ്യുന്നത്. വെസ്‌കർ: ഷൈലോക്കും അന്റോണിയോയും പുസ്‌തകപ്രമത്തിൽ ഒന്നിക്കുന്നതായാണ് സങ്കല്‌പം. ഇരുവരും ജൂതവിരുദ്ധ നിലപാടെടുക്കുന്ന ക്രിസ്‌തീയസമുദായത്തിനെതിരെ പ്രതിഷേധിക്കുന്നു. അങ്ങനെ ഷെയ്‌ക്‌സ്‌പീരിയന്‍ സമീപനത്തെ അട്ടിമറിക്കുന്നു വെസ്‌കർ. 1977 ന്യൂയോർക്കിലെ പ്ലിമൂത്ത് തിയെറ്ററിൽ വിജയകരമായി അരങ്ങേറിയ "ദി മർച്ചന്റ്' ജോസഫ് ലിയോണ്‍ (ഷൈലോക്ക്) മേരിയൽ സെൽസെസ് (ഷൈലോക്കിന്റെ സഹോദരി-റിവ്‌ക്കാ) റോബർട്ട് മാക്‌സ്‌വെൽ (പേർഷ്യ). എന്നിവരായിരുന്നു അഭിനേതാക്കള്‍. പിന്നെ ഫിലാഡെൽഫിയായിലും അഭിനയിക്കപ്പെട്ട ഈ നാടകത്തിൽ ആദ്യം ഷൈലോക്കിന്റെ വേഷമിട്ട ബ്രാഡ്‌വേ താരമായ സീറോ മോസ്റ്റലിന്റെ മരണം- ഈ നാടകത്തിനു തടസ്സം നേരിട്ട് അത് ഒക്കെയും വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ദി ബേർത്ത് ഒഫ് ഷൈലോക്ക് അന്‍ദ ഡെത്ത് ഒഫ് സീറോ മോസ്റ്റൽ പുറത്തിറക്കി. 2006-ൽ "സർ' ബഹുമതിനൽകി ബ്രിട്ടന്‍ ആദരിച്ച വെസ്‌കറുടെ എല്ലാ നാടകങ്ങളുടെയും അടിത്തട്ടിൽ ഒരു രാഷ്‌ട്രീയ നിലപാടുണ്ട്. എക്‌സ്‌പ്രഷണിസ്റ്റായ വെസ്‌കർ അധ്വാനിക്കുന്ന നാനാവിധവിഭാഗങ്ങളോടും വർഗസമര വീക്ഷണത്തോടും കൂറുള്ള നിലപാട് മറച്ചുവച്ചിരുന്നില്ല. 1959-ൽ റോയൽ കോർട്ട് ഗ്രൂപ്പ് ആള്‍ഡ്‌മാസ്റ്റന്‍ എന്ന സ്ഥലത്തേക്ക് ഒരു മാർച്ച് സംഘടിപ്പിച്ചു. (ബർക്കുഷയറിലെ ഈ ഗ്രാമത്തിലാണ് യു.കെയുടെ അണ്വായുധ ഗവേഷണ സ്ഥാപനം സ്ഥിതിചെയ്യുന്നത്.) അപ്പോള്‍ വെസ്‌കർ അതിൽ പങ്കെടുത്തു. മറ്റൊരു റോയൽകോർട്ട് വിഭാഗം, ലിന്‍ഡ്‌സേ ആന്റേഴ്‌സണിന്റെ നേതൃത്വത്തിൽ ആൽഡർമാസ്റ്റണിലേക്ക് ഒരു മാർച്ച് എന്ന ഈ സംഭവത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രമെടുക്കുകയുണ്ടായി. അങ്ങനെ സ്റ്റീൽബർഗ്, ഹാന്‍സ് ജാഹന്‍, ഹാസന്‍ക്ലെവർ, ഏണസ്റ്റ് ബാർലാക്ക്, ജോർജ്‌കൈസർ, കാരൽകാപെക്ക്, ചാള്‍സ്‌വുഡ്, ഏണസ്റ്റ് ടോളർ, അർഡോള്‍ വെഡിക്കർ എന്നീ നാടകകൃത്തുക്കളാണ് എക്‌സ്‌പ്രഷനിസ്റ്റ് നാടകവേദിയിലെ പ്രമുഖർ.
ഉപസംഹാരം
കാലാതിവർത്തിയായ പ്രവണത. യൂറോപ്യന്‍ നാടകവേദിയിൽ അരിസ്റ്റോട്ടലിയന്‍ നാടകം, ബൃഹ്‌റ്റും അയനെസ്‌കോയും, ബ്രഹ്‌തിയന്‍ തിയെറ്റർ, സർറിയലിസ്റ്റിക്ക് നാടകം, ബ്ലാക്ക് കോമഡി, തിയെറ്റർ ഒഫ് ക്രൂവൽടി, നാച്വറലിസം നിയോ-റിയലിസം, സാറ്റിറിക്കൽ നാടകം, ദി സ്ലൈസ്-ഒഫ് ലൈഫ് നാടകം, ദി വെൽ മെയിഡ് പ്ലേ തുടങ്ങി വിവിധ ഷാനറുകളിൽപ്പെട്ട നാടകങ്ങളിൽനിന്നും വ്യത്യസ്‌തമായൊരു നാടകസമീപനവും ആവിഷ്‌കരണപദ്ധതിയും ഉള്ള ഒരു പ്രത്യേക വിഭാഗം നാടകങ്ങളെയാണ് നാം എക്‌സ്‌പ്രഷണിസ്റ്റ് നാടകങ്ങളായി കണക്കാക്കുന്നത്. മുമ്പ് നാം പരിഗണിച്ച ചിത്രകലയും, സിനിമയും, സംഗീതവും നാടകവും തിയെറ്ററുമെല്ലാം ആവിഷ്‌കാരസ്വാതന്ത്യ്രത്തിനുവേണ്ടി നിലകൊള്ളുന്നു. വികാരങ്ങളുടെ സത്യസന്ധമായ കലാവിഷ്‌കാരം കാലാതീതമായ ഒരു കലാരഹസ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കവിത ശക്തമായ വികാരങ്ങളുടെ അനർഗളമായ കരകവിഞ്ഞൊഴുകലാണ് എന്ന് നിർവചിച്ച കാല്‌പനിക (റൊമാന്റിക്) കവി വേഡ്‌സ്‌വർത്തിന്റെയും മറ്റും കാവ്യദർശനത്തിന്റെ കാല്‌പനികതയുടെ ധാരാളിത്തമില്ലാതെയും, എന്നാൽ സ്വതസിദ്ധമായൊരു മൗലികതയോടെയും പരമ്പരാഗത ആവിഷ്‌കാര തന്ത്രങ്ങളുടെ അപര്യാപ്‌തതയ്‌ക്കും ദിശാബോധമില്ലായ്‌മയ്‌ക്കും എതിരെ ചങ്കുറപ്പോടെ മുന്നോട്ടുവന്ന ചിത്രകാരന്മാരും സംഗീതകാരന്മാരും ശില്‌പികളും സിനിമാനിർമാതാക്കളും നാടകകൃത്തുക്കളും ഏറിയും കുറഞ്ഞും അവരവരുടെ ആവിഷ്‌കാര മാധ്യമങ്ങളുടെ സാധ്യതകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്‌തപ്പോഴാണ് എക്‌സ്‌പ്രഷനിസം ആവിർഭവിക്കുന്നത്. നാച്വറലിസത്തിനും റിയലിസത്തിനുമെതിരായ ഒരു റെബൽ പോലെയുള്ള എക്‌സ്‌പ്രഷണിസം പ്രസ്ഥാനം അക്രമാസക്തവും അന്ധവുമായ മുന്‍വിധികളോടുകൂടിയ ഒരു പ്രസ്ഥാനമായിരുന്നില്ല. ആവിഷ്‌കാരസ്വാതന്ത്യ്രം കലാകാരന്റെ അനിഷേധ്യമായ ജന്മാവകാശവും അത് കലാകാരന്റെ മൗലികമായ ആത്മ പ്രകാശനത്തിന് അനുപേക്ഷണീയമായ ഒരു മുന്‍ ഉപാധിയുമാണ് എന്ന് ഇത് സാക്ഷ്യപ്പെടുത്തി. കലാസൃഷ്‌ടിയുടെ രഹസ്യം എന്താണ്? കലാകാരന്‍ ഒരു സാധാരണ വ്യക്തിയെക്കാള്‍ കൂടുതൽ സംവേദനക്ഷമതയും സർഗശേഷിയുമുള്ള വ്യക്തിയാണെന്നതിനാൽ അയാള്‍ക്ക് തികച്ചും കലാപരമായും സനാതനമായും-തന്റെ ആത്മാവിനെ ആവിഷ്‌കരിക്കാന്‍ സാധിക്കണം. അതിനായി എക്‌സ്‌പ്രഷനിസ്റ്റ് കലാകാരന്‍ ഒട്ടേറെ ന്യായങ്ങള്‍ അണിനിരത്തി. അവയിൽ ബഹുഭൂരിപക്ഷവും കലാസൃഷ്‌ടിയുടെ നിർമിതിക്കു അനുപേക്ഷണീയമാണെന്നും അവർ കരുതി. ആദ്യത്തെ ആഘാതങ്ങള്‍ സ്വാഭാവികമായും ആസ്വാദകർക്ക് കടമ്പകള്‍ കടക്കുംപോലെ തോന്നി. പിന്നെ എക്‌സ്‌പ്രഷനിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാർശനികമായ അടിത്തറയും അവർക്ക് സ്വീകാര്യമായി. കലാകാരന്റെ അന്തർ ചോദനകളുടെ കലാപരമായ ആവിഷ്‌കാരത്തിന് മാമൂലുകളെ മറികടക്കേണ്ടത് ഒരു അനിവാര്യതയായി ലോകവും അംഗീകരിച്ചു. തികച്ചും കാലികവും അതേസമയം തന്നെ കാലദേശാതിവർത്തിയുമായി ഒരു സൗന്ദര്യശാസ്‌ത്രവും രൂപംകൊണ്ടു. അങ്ങനെ എക്‌സ്‌പ്രഷനിസത്തിന് ഒരു ആത്മീയപരിവേഷവും കൈവന്നു. അതിന്റെ സ്വാധീനത്തിൽ സാർവകാലികവും സാർവജനീനവുമായ ഒരു ആഹ്വാനമുണ്ടായിരുന്നു.
(പ്രാഫ.എം. ഭാസ്‌കരപ്രസാദ്)