This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്‌സൈസ് നികുതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എക്‌സൈസ് നികുതി
ഒരു രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനോ സുഖഭോഗവസ്‌തുക്കളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനോ വിഭവവിതരണത്തെ സ്വാധീനിക്കുന്നതിനോവേണ്ടി സാധനങ്ങളുടെ ഉത്‌പാദനം, വില്‌പന, ഉപഭോഗം എന്നിവയിന്മേല്‍ ഗവണ്‍മെന്റ് ചുമത്തുന്ന ഒരു പ്രത്യേക നികുതി. ഡച്ചുഭാഷയിലെ ഒരു പദ(assijust)ത്തില്‍ നിന്നാണ് "എക്‌സൈസ്' എന്ന പദം നിഷ്‌പന്നമായത്. ചില കായികവിനോദങ്ങള്‍, വ്യാപാരങ്ങള്‍, തൊഴിലുകള്‍ തുടങ്ങിയവയിന്മേല്‍ ലൈസന്‍സ് ഫീസ് എന്ന ഇനത്തില്‍ ഈടാക്കുന്ന നികുതിയും എക്‌സൈസ് എന്നറിയപ്പെടുന്നു. എക്‌സൈസ് ഒരു പരോക്ഷനികുതിയാണ്. നികുതിഭാരം അന്തിമമായി ഉപഭോക്താവിന്റെ ചുമലിലാണു പതിക്കുന്നത്.
ചരിത്രം. എക്‌സൈസ് നികുതിക്ക് നീണ്ടകാലത്തെ ചരിത്രമുണ്ട്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി എക്‌സൈസ് നികുതിക്ക് ഉള്ളടക്കത്തിലും സ്വഭാവത്തിലും അനവധി മാറ്റങ്ങളുണ്ടായി. വാണിജ്യകാലഘട്ടത്തില്‍ (Mercantalist Period) ചില നിര്‍ദിഷ്‌ട ചരക്കുകളിന്മേല്‍ നികുതി ചുമത്തുന്നതിനുള്ള അധികാരം സ്വകാര്യ കുത്തകകള്‍ക്കു നല്‌കിയിരുന്നു. ഇതിനു പകരമായി സ്വകാര്യകുത്തകക്കാര്‍ ഒരു നിശ്ചിതതുക ഖജനാവില്‍ ഒടുക്കണമെന്ന് വ്യവസ്ഥ ചെയ്‌തിരുന്നു. രാജഭരണത്തിന്റെ ഹിതാനുവര്‍ത്തികളെ സഹായിക്കുന്നതിനുള്ള അഭിവാഞ്‌ഛ, നികുതി പിരിവു സംവിധാനത്തിലെ അപര്യാപ്‌തത എന്നിവയായിരുന്നു ഈ കുത്തകാവകാശം നിലനിര്‍ത്തുന്നതിനു പ്രരകമായ പരിഗണനകള്‍. ഈ വ്യവസ്ഥിതിയെ ആഡംസ്‌മിത്ത് വെല്‍ത്ത് ഒഫ് നേഷന്‍സ് എന്ന ഗ്രന്ഥത്തില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
എക്‌സൈസ് നികുതി ചുമത്തുന്ന സമ്പ്രദായം ആദ്യമായി ഏര്‍പ്പെടുത്തിയത് ബ്രിട്ടനിലാണ്. 1643 മുതല്‍ തന്നെ ബ്രിട്ടനില്‍ എക്‌സൈസ് നികുതി ഈടാക്കിവന്നു. യു.എസ്സില്‍ 1791-ല്‍ സ്‌പിരിറ്റിനു നികുതി ഏര്‍പ്പെടുത്തിയതോടെ എക്‌സൈസ് നികുതിയുടെ തുടക്കം കുറിച്ചു. 1794-ല്‍ ഈ നികുതി മറ്റു ചരക്കുകള്‍ക്കും ബാധകമാക്കി. വ്യാവസായിക വിപ്ലവത്തിനും ഒന്നാം ലോകയുദ്ധത്തിനും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ ചില ഉത്‌പന്നങ്ങള്‍ക്കു ചുമത്തിയിരുന്ന കരമായിരുന്നു എക്‌സൈസ്. മദ്യം, പുകയില എന്നിവയിലാണ് ആദ്യകാലങ്ങളില്‍ എക്‌സൈസ് നികുതി കൂടുതലായി ചുമത്തിവന്നത്. പിന്നീട് എക്‌സൈസ് നികുതിക്കു വിധേയമാക്കിയ ചരക്കുകളുടെ പട്ടിക വിപുലമായി. പഞ്ചസാര, സോപ്പ്, ഉപ്പ്, തുകല്‍, തീപ്പെട്ടി, സുഗന്ധദ്രവ്യങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയിന്മേലും ഇതു വ്യാപിപ്പിച്ചു. യുദ്ധകാലങ്ങളിലും സാമ്പത്തികപ്രതിസന്ധികള്‍ നേരിടുമ്പോഴും നികുതി ചുമത്തപ്പെടേണ്ട വസ്‌തുക്കളുടെ എണ്ണവും നികുതിനിരക്കും വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.
ഇന്ത്യ. പ്രാചീനകാലം മുതല്‌ക്കേ ഇന്ത്യയില്‍ കരമായോ ചുങ്കമായോ എക്‌സൈസ് നികുതി ഈടാക്കിയിരുന്നു. കൗടല്യന്റെ അര്‍ഥശാസ്‌ത്രത്തില്‍ ചാരായത്തിന് അഞ്ച് ശതമാനം എക്‌സൈസ് നികുതി ഈടാക്കിയിരുന്നതായി പരാമര്‍ശമുണ്ട്. മൗര്യസാമ്രാജ്യകാലത്ത് രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി മദ്യത്തിനും ഉപ്പിനും എക്‌സൈസ് നികുതി ഈടാക്കിയിരുന്നു. അക്കാലത്ത് ഉപ്പ് നിര്‍മിക്കുന്നതിന് ഒരു നിശ്ചിത തുകയടച്ച് ലൈസന്‍സ് എടുക്കേണ്ടിയിരുന്നു. പിന്നീടുള്ള കാലഘട്ടങ്ങളില്‍ എക്‌സൈസ് നികുതി കൂടുതല്‍ വ്യാപകമായി. ഫിറൂസ് തുഗ്ലക്കിന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ (ഫത്തുഹാത്-ഇഎറൂസ്) സുഗന്ധദ്രവ്യങ്ങള്‍, നീലം, സോപ്പുകള്‍, ഭക്ഷ്യഎണ്ണകള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെ പല സാധനങ്ങളിന്മേല്‍ നികുതി ചുമത്തിയിരുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ക്ഷീരോത്‌പന്നങ്ങള്‍, കൈത്തറിവസ്‌ത്രങ്ങള്‍, ഇരുമ്പുരുക്കുകള്‍, പഞ്ചസാര, തുണിത്തരങ്ങള്‍, തുകല്‍, തുകല്‍ നിര്‍മിത വസ്‌തുക്കള്‍ എന്നിവയിന്മേല്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നു. രമേഷ് ദത്തിന്റെ എക്കണോമിക് ഹിസ്റ്ററി ഒഫ് ഇന്ത്യ അണ്ടര്‍ ഏര്‍ലി ബ്രിട്ടീഷ് റൂള്‍ എന്ന ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് ഭരണകാലത്തെ എക്‌സൈസ് നികുതി ഘടനയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ഉപ്പിന്റെ നികുതിയോടെയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ എക്‌സൈസ് നികുതി തുടങ്ങുന്നത്. ഉപ്പിന്മേലുള്ള നികുതി വിവിധസ്ഥലങ്ങളില്‍ വിവിധരീതികളിലായിരുന്നു. ഇക്കാര്യത്തില്‍ ഒരു ഐകരൂപ്യം ഉണ്ടായത് 1870-ല്‍ മാത്രമാണ്; ഉപ്പുണ്ടാക്കുന്ന സംസ്ഥാനങ്ങളൊഴികെ ഇന്ത്യ മുഴുവനും ഒരു മന്ന് ഉപ്പിന് രണ്ടര രൂപ എന്ന നിരക്കില്‍ എക്‌സൈസ് നികുതി ബാധകമാക്കി. 1894-ല്‍ മേന്മയേറിയ പരുത്തിനൂല്‍ ഉത്‌പന്നങ്ങള്‍ക്ക് എക്‌സൈസ് നികുതി ചുമത്തുകയുണ്ടായി. 1896-ല്‍ അതു മേല്‍ത്തരം വസ്‌ത്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. 1925-ല്‍ നൂലിനും വസ്‌ത്രത്തിനും ഏര്‍പ്പെടുത്തിയിരുന്ന നികുതി പിന്‍വലിച്ചു. 1917-ല്‍ മോട്ടോര്‍ സ്‌പിരിറ്റിനും 1922-ല്‍ മണ്ണെണ്ണയ്‌ക്കും എക്‌സൈസ് നികുതി ഏര്‍പ്പെടുത്തി. 1930-ല്‍ വെള്ളിക്കു നികുതി ചുമത്തിയതൊഴിച്ചാല്‍ പിന്നീട് ഒരു ദശാബ്‌ദത്തിലേറെ കാലത്തേക്കു പുതിയ നികുതികളൊന്നും ഉണ്ടായില്ല. 1934-ല്‍ എക്‌സൈസ് നികുതികള്‍ രാജ്യവ്യാപകമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും നികുതി പിരിവിന്റെ മേഖലകള്‍ വിപുലമാക്കുകയും ചെയ്‌തു. രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പഞ്ചസാര, തീപ്പെട്ടി, ഉരുക്കുകട്ടികള്‍, യന്ത്രവിളക്കുകള്‍ മുതലായവയിന്മേല്‍ നികുതി ചുമത്തിത്തുടങ്ങി ശൈശവദശയിലായിരുന്ന തീപ്പെട്ടി വ്യവസായത്തെ സംരക്ഷിക്കുവാനാണ് യന്ത്രവിളക്കുകളിന്മേല്‍ നികുതി ഏര്‍പ്പെടുത്തിയത്. 1941-ല്‍ ടയറുകള്‍ക്കും ട്യൂബുകള്‍ക്കും 1943-ല്‍ സസ്യോത്‌പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തി. 1924-25-ല്‍ എര്‍പ്പെടുത്തിയ നികുതി-അന്വേഷണ സമിതി (Taxation Enquiry Committee) പുകയിലയ്‌ക്കു നികുതി ചുമത്തണമെന്നു നിര്‍ദേശിച്ചുവെങ്കിലും വ്യവസ്ഥാപിതമായ തോതില്‍ വളരാത്ത പുകയിലവ്യവസായത്തെ നികുതി വിധേയമാക്കിയാലുണ്ടാകാവുന്ന ഭരണപരമായ വൈഷമ്യങ്ങളാലോചിച്ച് തത്‌കാലം അതുവേണ്ടെന്നു വയ്‌ക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ വരുമാനം വര്‍ധിച്ചേ മതിയാകൂ എന്നു വന്നപ്പോള്‍ 1943-ല്‍ പുകയിലയ്‌ക്ക് എക്‌സൈസ് ഏര്‍പ്പെടുത്തുകതന്നെ ചെയ്‌തു. 1944-ല്‍ കാപ്പി, തേയില, അടയ്‌ക്ക എന്നീ പ്രകൃത്യുത്‌പന്നങ്ങളുടെ മേലും എക്‌സൈസ് നികുതി വ്യാപിപ്പിച്ചു. ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് അടയ്‌ക്ക ഉത്‌പാദിപ്പിക്കുന്ന മിക്ക പ്രദേശങ്ങളും ഇന്ത്യയ്‌ക്കു നഷ്‌ടപ്പെട്ടു. നികുതിപിരിവിന്റെ ഭരണപരമായ ബുദ്ധിമുട്ടുകളും അധികമായി. തുടര്‍ന്ന് 1948-ല്‍ അടയ്‌ക്കയുടെ മേലുള്ളതു നിര്‍ത്തലാക്കി.
നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഉപ്പിന്മേലുള്ള നികുതി നിര്‍ത്തലാക്കുന്നതിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്‌തു (നോ. ഉപ്പുസത്യഗ്രഹം). പിന്നീട് സ്വാതന്ത്യ്രപ്രാപ്‌തിക്കു തൊട്ടുമുമ്പായി ഉപ്പുനികുതി നിര്‍ത്തലാക്കി. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം പുകയിലയിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതിക്കു പുറമേ സിഗററ്റിനും നികുതി ചുമത്തി. 1949-ല്‍ മില്‍ നിര്‍മിത പരുത്തിത്തുണികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി. 1954-ല്‍ ആണ് സിമന്റ്, പാദരക്ഷകള്‍, റയോണ്‍, കലാമേന്മയുള്ള പട്ടുനൂല്‍വസ്‌ത്രങ്ങള്‍, ഫാക്‌ടറികളില്‍ നിര്‍മിക്കുന്ന സോപ്പുകള്‍ എന്നിവ എക്‌സൈസ് നികുതിയുടെ പരിധിയിലാക്കിയത്. 1955-ല്‍ കമ്പിളിവസ്‌ത്രങ്ങള്‍, ഫാന്‍, ബള്‍ബ്, ബാറ്ററി, പെയിന്റ്, വാര്‍ണീഷ് തുടങ്ങിയവയ്‌ക്കും എക്‌സൈസ് നികുതി ചുമത്തി. 1971-72-ല്‍ വര്‍ത്തമാനപത്രങ്ങള്‍ക്കുമേല്‍ രണ്ടുപൈസ നികുതി ഏര്‍പ്പെടുത്തിയതും ഓര്‍ക്കുക. അതുവരെയും എക്‌സൈസിന്റെ പരിധിയില്‍പ്പെടാത്ത മറ്റെല്ലാ സാധനങ്ങള്‍ക്കും വിലയുടെ അടിസ്ഥാനത്തില്‍ ഒരു ശതമാനം എക്‌സൈസ് ഈടാക്കണമെന്ന് 1975-ല്‍ തീരുമാനിക്കപ്പെട്ടു. 1979-ല്‍ പുകയിലയുടെ മേലുള്ള നികുതി പിന്‍വലിക്കപ്പെട്ടു. ഇപ്പോള്‍ ഏകദേശം 130 ഇനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയ്‌ക്കു പുറത്തുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു തന്നെ ആയിരുന്നു. സ്വാതന്ത്യ്രലബ്‌ധിയോടെ നിലവിലിരുന്ന എക്‌സൈസ് നികുതി വ്യവസ്ഥകള്‍ ഏകീകരിക്കപ്പെട്ടു. 1950-ലെ സംസ്ഥാന-സാമ്പത്തിക-സംയോജനത്തോടെയും പിന്നിട്ട ഫ്രഞ്ചു-പോര്‍ച്ചുഗീസ് അധിനിവേശപ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെയുമാണ് ഈ ഏകീകരണം പൂര്‍ത്തിയായത്.
എക്‌സൈസ് നികുതി ചുമത്തല്‍, നികുതി പിരിവ്, വിഭവ വിതരണം എന്നിവയെ സംബന്ധിച്ച് നമ്മുടെ ഭരണഘടനയില്‍തന്നെ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ഭരണഘടനയുടെ 268, 272 എന്നീ അനുച്ഛേദങ്ങളിലാണ് ഇതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. കേന്ദ്ര എക്‌സൈസ് നികുതികള്‍ കേന്ദ്രഗവണ്‍മെന്റിനാല്‍ തന്നെ ചുമത്തപ്പെടുകയും പിരിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍നിന്നുള്ള വരുമാനം ഇന്ത്യന്‍ സഞ്ചിത നിധിയുടെ ഭാഗമായിത്തീരുന്നു. ചില ഇനങ്ങള്‍ക്കു നികുതി ചുമത്തുന്നത് കേന്ദ്രഗവണ്‍മെന്റാണെങ്കിലും സംസ്ഥാനങ്ങളാണ് അവ ശേഖരിക്കുന്നത്. ഇതില്‍നിന്നുള്ള വരുമാനം സംസ്ഥാനങ്ങള്‍ക്കുതന്നെയാണ്. എക്‌സൈസ് ഇനത്തില്‍നിന്നു ലഭിക്കുന്ന നികുതിവരവ് ധനകാര്യകമ്മിഷന്റെ ശിപാര്‍ശയനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമായി വീതിക്കേണ്ടതുണ്ട്.
1950-51 മുതല്‍ 2009-2010 വരെ കേന്ദ്ര എക്‌സൈസ് നികുതിയിനത്തില്‍ നിന്നുള്ള വരുമാനമാണ് പട്ടിക 1-ല്‍ കൊടുത്തിരിക്കുന്നത്. അതോടൊപ്പം വളര്‍ച്ചയുടെ തോതും. ഈ പട്ടിക വളര്‍ച്ചാനിരക്കിലെ വമ്പിച്ച വര്‍ധന വ്യക്തമാക്കുന്നു. മാത്രവുമല്ല, 2007-08 വര്‍ഷം വരെയും ഇന്ത്യയിലേറ്റവും കൂടുതല്‍ പരോക്ഷനികുതി വരുമാനം കേന്ദ്ര എക്‌സൈസില്‍ നിന്നായിരുന്നു.
നികുതിയുടെ സ്വഭാവം. പ്രധാനമായും ഉത്‌പാദിക്കപ്പെടുന്ന ചരക്കിനെ അടിസ്ഥാനമാക്കി നിര്‍മാതാവിന്റെയോ ഉപഭോക്താവിന്റെയോ പേരിലാണ് എക്‌സൈസ് നികുതി ചുമത്താറുള്ളത്. ഇത് ഉത്‌പന്നങ്ങളുടെ മേലുള്ള നികുതിയാണ്; അല്ലാതെ വില്‌പനയിന്മേലോ വില്‌പനയില്‍ നിന്നുലഭിക്കുന്ന ആദായത്തിന്മേലോ ഉള്ളതല്ല. നിര്‍മാണത്തിന്റെയോ ഉത്‌പാദനത്തിന്റെയോ അടിസ്ഥാനത്തില്‍ ചുമത്തുന്നതാണ് എക്‌സൈസ് നികുതി. സാധനം വിലയ്‌ക്കുവാങ്ങുന്നയാള്‍ തന്നെ ഉപഭോക്താവാകുമെന്നതു കൊണ്ടോ ഉത്‌പാദനത്തിനു ശേഷമുള്ള ഒരു ഘട്ടത്തിലാണു നികുതി ചുമത്തിയതെന്നതുകൊണ്ടോ ഉത്‌പന്നങ്ങളിന്മേല്‍ ചുമത്തപ്പെട്ട എക്‌സൈസ് നികുതി ഒഴിവാകുന്നില്ല.
1943 വരെ എക്‌സൈസ് നികുതി ഒരു പ്രത്യേക രീതിയിലായിരുന്നു ഈടാക്കിയിരുന്നത്. ഒരു സാധനത്തിന്മേല്‍ നികുതി ഈടാക്കണമെന്നു തീരുമാനിക്കുന്നതോടെ നികുതിപിരിവിനുള്ള ചട്ടങ്ങളും നിരക്കുകളും വ്യവസ്ഥ ചെയ്‌തുകൊണ്ടുള്ള നിയമം പാസാക്കുകയാണ് ചെയ്‌തിരുന്നത്. 1944-ല്‍ വിവിധ സാധനങ്ങളിന്മേല്‍ ചുമത്തിയിരുന്ന നികുതി വ്യവസ്ഥകള്‍ ക്രാഡീകരിച്ചതോടെ "സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് സാള്‍ട്ട് ആക്‌റ്റ്, 1944' നിലവില്‍ വന്നു. പ്രസ്‌തുത നിയമം ഉണ്ടാക്കിയപ്പോള്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ എല്ലാ ഉത്‌പന്നങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കി. എന്നാല്‍ ചില ചരക്കുകളെ സംബന്ധിച്ചിടത്തോളം സവിശേഷ ഉപാധികള്‍ നിലനിര്‍ത്തി. പുകയില, കാപ്പി, തേയില തുടങ്ങി പ്രകൃത്യുത്‌പന്നങ്ങളുടെ മേലുള്ള നികുതിക്കായിരുന്നു ഈ ഉപാധികള്‍ നികുതി വെട്ടിക്കുന്നതിനുള്ള സാധ്യതകള്‍ അവിടെ കൂടുതലായിരുന്നതാണ് ഈ വ്യത്യസ്‌തതയ്‌ക്കു കാരണം.
കേന്ദ്ര എക്‌സൈസ് നിയന്ത്രണത്തിലെ പ്രധാന വ്യവസ്ഥകള്‍ ഇപ്രകാരമാണ്: (1) നിര്‍ദിഷ്‌ടമായ കണക്കുകള്‍ സൂക്ഷിക്കുകയും അധികാരസ്ഥാനങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്യുക; ഉത്‌പാദകര്‍ തങ്ങളുടെ ഉത്‌പന്നങ്ങളിന്മേലുള്ള നികുതികള്‍ യഥാവസരം നല്‌കിക്കൊള്ളാമെന്ന് ബോധ്യപ്പെടുത്തുന്ന തരത്തില്‍ ഉടമ്പടി ഉണ്ടാക്കുക എന്നീ വ്യവസ്ഥകള്‍ക്കു വിധേയമായി ലൈസന്‍സ് ഏര്‍പ്പെടുത്തുക; (2) ഉത്‌പന്നങ്ങളുടെ അളവ് കൃത്യമായി തിട്ടപ്പെടുത്തുക; (3) ക്രയവിക്രയങ്ങള്‍ നടത്തുന്നതിനു മുമ്പുതന്നെ ഉത്‌പന്നങ്ങളുടെ എക്‌സൈസ് നികുതി കണക്കാക്കുകയും പിരിക്കുകയും ചെയ്യുക. ക്രയവിക്രയ സൗകര്യങ്ങള്‍ പരിഗണിച്ച് കഴിയുന്നിടത്തോളം വിപണനകേന്ദ്രത്തിനടുത്തുവച്ചുതന്നെ നികുതി ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എക്‌സൈസ് നികുതി ഒടുക്കുന്നതിനും പ്രത്യേകം വ്യവസ്ഥകളുണ്ട്.
1968 ജൂണ്‍ മുതല്‍ നിര്‍മാണവസ്‌തുക്കളുടെ നിയന്ത്രണത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. കേന്ദ്ര എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഫാക്‌ടറിയില്‍ എത്തി എക്‌സൈസ് നികുതി തിട്ടപ്പെടുത്തുകയും അത് ഈടാക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തതിനുശേഷമാണ് മുന്‍കാലങ്ങളില്‍ സാധനങ്ങള്‍ പുറത്തുകൊണ്ടുപോകുന്നതിന് അനുവദിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ സാധനങ്ങള്‍ ഫാക്‌ടറിക്കു പുറത്തു കടത്തുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യം ആവശ്യമില്ല. നിര്‍മാതാവു തന്നെ നികുതിത്തുക കണക്കാക്കുകയും ആവശ്യമായ കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. നിശ്ചിതകാലയളവുകളില്‍ ഉത്‌പാദകന്‍ കണക്കുകള്‍ ഹാജരാക്കേണ്ടതുണ്ട്. സെന്‍ട്രല്‍ എക്‌സൈസ് ഓഫീസര്‍ ഈ കണക്കുകള്‍ പരിശോധിച്ച് നികുതി ചുമത്തലിന് അവസാനരൂപം നല്‌കുന്നു.
ചില നിര്‍ദിഷ്‌ട ഉത്‌പന്നങ്ങളുടെ കാര്യത്തില്‍ എക്‌സൈസ് നികുതി മുന്‍കൂറായി അടയ്‌ക്കുകയും ചെയ്യാം. ഫാക്‌ടറികളിലെ ഉത്‌പാദനശേഷിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ നികുതി മുന്‍കൂറായി അടയ്‌ക്കുന്നത്. യന്ത്രത്തറികളുടെ എണ്ണം കണക്കാക്കി നികുതി അടയ്‌ക്കുന്നത് ഇതിനുദാഹരണമാണ്. ചെറുകിടവ്യവസായസംരംഭങ്ങളുടെ സംരക്ഷണാര്‍ഥം 1976 മാര്‍ച്ചു മുതല്‍ എക്‌സൈസ് നികുതി വ്യവസ്ഥകള്‍ ലളിതമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് അഞ്ചുലക്ഷം രൂപയില്‍ കവിയാത്ത ഉത്‌പാദനശേഷിയുള്ള യൂണിറ്റുകള്‍ക്ക് മൂന്നുവര്‍ഷക്കാലത്തേക്കു അടയ്‌ക്കേണ്ടിവരുന്ന നികുതിബാധ്യത തിട്ടപ്പെടുത്തി മാസന്തോറും മുന്‍കൂറായി അടയ്‌ക്കാം. നികുതിനിരക്കില്‍ വ്യതിയാനം വരുകയോ ഉത്‌പാദന വര്‍ധനവ് 50 ശതമാനത്തില്‍ കൂടുതല്‍ ആകുകയോ ചെയ്യുകയാണെങ്കില്‍ മാസത്തവണകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. കേന്ദ്ര എക്‌സൈസ് നിയമത്തില്‍ ചില സൗജന്യങ്ങളും ഇളവുകളും ഇല്ലാതില്ല. കയറ്റുമതിയുടെ വര്‍ധനവ്, ഉത്‌പാദന വര്‍ധനവ്, വിഭവങ്ങളുടെ സംരക്ഷണം, ഭരണപരമായ സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമാക്കി എക്‌സൈസ് വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമായിട്ടുണ്ട്.
കേന്ദ്ര എക്‌സൈസ് നികുതി ഭരണത്തില്‍ ഉന്നതാധികാരം കൈയാളുന്നത് ധനമന്ത്രാലയത്തിലെ സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് എന്ന സമിതിയാണ്. കേന്ദ്രസര്‍ക്കാരില്‍ സ്‌പെഷ്യല്‍ സെക്രട്ടറി പദവിയുള്ളവരാണ് സമിതിയുടെ അധ്യക്ഷനും മറ്റംഗങ്ങളും. ബോര്‍ഡിനെ സാങ്കേതികവിഷയങ്ങളില്‍ സഹായിക്കാനും ഉപദേശിക്കാനുമായി പത്തോളം ഡയറക്‌ടര്‍ ജനറല്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൊരാള്‍ക്കാണ് എകൈസസ് നികുതി വെട്ടിപ്പിനെപ്പറ്റിയുള്ള സൂചനകളും വിവരങ്ങളും ശേഖരിച്ച് കമ്മിഷണര്‍മാരെ അറിയിക്കുകയും അതുസംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് ഡയറക്‌ടറേറ്റിന്റെ ചുമതല. രാജ്യമൊട്ടാകെയായി ഇന്ന് നാല്‌പതോളം ചീഫ് കമ്മിഷണര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ കീഴില്‍ കമ്മിഷണര്‍മാര്‍, അഡീഷണല്‍ കമ്മിഷണര്‍മാര്‍, ജോയിന്റ് കമ്മിഷണര്‍മാര്‍ എന്നിവരുമുണ്ട്. അവര്‍ക്കും താഴെയായി പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍/അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ എന്നിവര്‍ നിയന്ത്രിക്കുന്ന ഡിവിഷനുകളും അവര്‍ക്കു കീഴില്‍ സൂപ്രണ്ടുമാര്‍ ചുമതല വഹിക്കുന്ന റേഞ്ചുകളും ആയാണ് നികുതിദായകരുമായി നേരിട്ടുബന്ധപ്പെടുന്നത്. 1995-ലാണ് കളക്‌ടര്‍ എന്ന പദവിയുടെ പേര് കമ്മിഷണര്‍ എന്നാക്കിയത്.
1986 വരെ എക്‌സൈസ് നികുതി ചുമത്തിയിരുന്നത് കൂടുതലും (മൂല്യം) വിലയുടെ അടിസ്ഥാനത്തിലും (ad Valovrem) ചില ഉത്‌പന്നങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിലും സവിശേഷമായും (Specific) ആയിരുന്നു. 1986-ല്‍ അതിനു മാറ്റംവന്നു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള എച്ച്.എസ്.എന്‍ (Haromised System of Nomenclature) മായി എക്‌സൈസിനു വിധേയമായ ഉത്‌പന്നങ്ങളെ വര്‍ഗീകരിച്ച് അവയ്‌ക്കു മൂല്യാധിഷ്‌ഠിതമായി നികുതിയുടെ നിരക്കു നിശ്ചയിക്കുകയുണ്ടായി. ഇന്ന് അതാണ് നാം പിന്തുടരുന്നത്.
എക്‌സൈസ് നികുതി വെട്ടിക്കുന്നതു തടയുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ത്തന്നെയുണ്ട്. ഫാക്‌ടറികള്‍ പരിശോധിക്കുക, നികുതി കൊടുക്കാത്തവയെന്നു ശങ്കിക്കുന്ന ഉത്‌പന്നങ്ങള്‍ ഫാക്‌ടറിയില്‍നിന്നോ പുറത്തുനിന്നോ പിടിച്ചെടുക്കുക ഉത്‌പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവ കണ്ടുകെട്ടുക, മനഃപൂര്‍വമായി നികുതി വെട്ടിച്ചു എന്നു കണ്ടാല്‍ വെട്ടിച്ച നികുതി ഈടാക്കുന്നതിനുപുറമേ അതിന്റെയിരട്ടി പിഴയടിക്കുക എന്നിവയ്‌ക്കു പുറമേ പ്രാസിക്യൂഷന്‍ നടപടികളും കൈക്കൊള്ളാന്‍ നിയമം അനുശാസിക്കുന്നുണ്ട്. അവയ്‌ക്കുമുമ്പ് ശരിയായി അന്വേഷണം നടത്തി നികുതി വെട്ടിച്ചവരെന്നു കരുതപ്പെടുന്നവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അവരുടെ വാദം വ്യക്തിഗതമായി കേള്‍ക്കുകയും ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു. എക്‌സൈസ് അധികാരികളുടെ തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ കമ്മിഷണര്‍ക്കോ കസ്റ്റംസ് എക്‌സൈസ് സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനോ നല്‍കിയാല്‍ മതിയാകുന്നതാണ്. ട്രിബ്യൂണലിന്റെ തീരുമാനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുന്നതിനും നിയമം അനുവദിക്കുന്നുണ്ട്.
2012-ല്‍ ചരക്കു സേവനനികുതി (Goods and Services Tax) നടപ്പിലാക്കുമ്പോള്‍ എക്‌സൈസ് നികുതി അതില്‍ ലയിക്കും. മൂല്യത്തിന്റെ 16-18 ശതമാനം ആയിരിക്കും ചരക്കുസേവന നികുതിയുടെ നിരക്ക് എന്നാണ് കണക്കാക്കപ്പെടുന്നത്.
(എസ്. വെങ്കടരാമയ്യര്‍)