This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡേനാ മണ്‍കൂന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഡേനാ മണ്‍കൂ
അഡേനാ മണ്‍കൂ അറലിമ ാീൌിറ
വടക്കേ അമേരിക്കയിലെ അഡേനാ എന്ന സ്ഥലത്തുള്ള വിസ്തൃതമായ ഒരു മണ്‍കൂന. 20-ാം ശ.-ത്തിന്റെ ആരംഭകാലത്ത് ഇവിടെ നടത്തിയ ഭൂഖനനത്തിന്റെ ഫലമായി എ.ഡി. 4-5 ശ.-ങ്ങളില്‍ ഈ പ്രദേശത്തു നിലനിന്നിരുന്ന സംസ്കാരത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായി. 1901-ല്‍ വില്യം ചാള്‍സ് എന്ന പുരാവസ്തു ഗവേഷകന്‍ ഈ മണ്‍കൂന ഉത്ഖനനം ചെയ്ത് അതുള്‍ക്കൊണ്ടിരുന്ന സാംസ്കാരികാവശിഷ്ടങ്ങള്‍ പുറത്തു കൊണ്ടുവന്നു. ഈ മണ്‍കൂനയ്ക്കും സാംസ്കാരികാവശിഷ്ടങ്ങള്‍ക്കും സ്ഥലനാമത്തിന്റെ അടിസ്ഥാനത്തില്‍ അഡേനാ എന്നു പേരു ലഭിച്ചു.
ഉത്ഖനനം ആരംഭിക്കുമ്പോള്‍ മണ്‍കൂനയ്ക്ക് 8 മീ. ഉയരവും ചുവട്ടില്‍ 136 മീ. ചുറ്റളവും ഉണ്ടായിരുന്നു. രണ്ടു ഭിന്നഘട്ടങ്ങളായിട്ടാണ് ഇതു രൂപം പൂണ്ടത് എന്നൂഹിക്കുവാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂനയുടെ ആദ്യഘട്ടത്തിന് 6 മീ. ഉയരവും 27.5 മീ. വ്യാസവും ഉണ്ടായിരുന്നുവെന്നു കണക്കാക്കപ്പെടുന്നു. ഇതില്‍ കറുത്ത പശിമരാശിമണ്ണ് നിറഞ്ഞിരുന്നു. രണ്ടാംഘട്ടം ആദ്യഘട്ടത്തിനു മുകളില്‍ അല്പം വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതില്‍ ചുറ്റുപാടുമുള്ള തറയിലെ ഇളം നിറത്തിലുള്ള പുറമണ്ണാണ് കാണപ്പെട്ടത്.
ഈ രണ്ടു ഘട്ടങ്ങളിലും മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നു. രണ്ടിലേയും സംസ്കരണരീതി ഭിന്നമാണ്. മൃതദേഹങ്ങള്‍ പരുപരുത്ത വസ്ത്രംകൊണ്ടോ മരവുരികൊണ്ടോ പൊതിഞ്ഞ് ദീര്‍ഘചതുരാകൃതിയില്‍ മരക്കഷണങ്ങള്‍ പടുത്തുണ്ടാക്കിയ ശവക്കല്ലറകളിലാക്കി മരക്കഷണങ്ങള്‍തന്നെ അട്ടിയായി അടുക്കി മൂടുന്നതാണ് ഒന്നാം ഘട്ടത്തിലെ സമ്പ്രദായം. രണ്ടാം ഘട്ടത്തില്‍ മൃതശരീരങ്ങള്‍ മരവുരിയിലോ മരപ്പെട്ടിയിലോ വച്ച് മരപ്പട്ടകൊണ്ടു മൂടി മണ്ണില്‍ കുഴിച്ചിടുന്നു. ഇവിടെ കണ്ടെത്തുവാന്‍ കഴിഞ്ഞ 23 ശവക്കല്ലറകളിലൊന്നില്‍ ശവത്തിന്റെ ഇടതുവശത്ത് സു. 20 സെ.മീ. ഉയരമുള്ള ഒരു കല്‍ക്കുഴല്‍ (അഡേനാ പൈപ്) കണ്ടുകിട്ടി. ഗവേഷണഫലമായി ലഭിച്ച നിക്ഷേപങ്ങളില്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. ഈ കുഴലിന് ഒരു മനുഷ്യന്റെ ആകൃതിയാണുള്ളത്. ഹ്രസ്വകായനായ ഒരാളിന്റെ രൂപം പുറത്തു ചുറ്റുമായി കൊത്തിവച്ചിരിക്കുന്നു. താഴെ പാദങ്ങളുടെ നടുക്ക് പുകയ്ക്കുവാനുള്ള പദാര്‍ഥം വയ്ക്കുവാനുള്ള ഒരു അറ കുഴല്‍ തുരന്നുണ്ടാക്കിയിട്ടുണ്ട്. അവിടെനിന്ന് ഈ അറ കുഴലിന്റെ ഉള്ളിലൂടെ മുകളിലേയ്ക്ക് ക്രമേണ വ്യാസം കുറഞ്ഞ് അഗ്രഭാഗത്ത് ഒരു ചെറിയ ദ്വാരത്തില്‍ ചെന്നവസാനിക്കുന്നു.
വടക്കേ അമേരിക്കയില്‍ പ്രാചീനകാലത്തു നിലനിന്നിരുന്ന സംസ്കാരത്തിലേക്കു വെളിച്ചം വീശുന്ന അതിപ്രധാനമായ ഒരു കണ്ടെത്തലായിട്ടാണ് അഡേനാ മണ്‍കൂനയും അവിടെ നടന്ന ഭൂഗര്‍ഭഗവേഷണങ്ങളുടെ ഫലങ്ങളും പരിഗണിക്കപ്പെട്ടു വരുന്നത്.