This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്കിയൂറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എക്കിയൂറ
Echiura
സ്‌പൂണ്‍വിരകള്‍ എന്നറിയപ്പെടുന്ന സമുദ്രജലജീവികളുടെ ഒരു ചെറിയ വര്‍ഗം. ആദ്യം പയറുമണികള്‍ക്കൊപ്പവും (സൈപന്‍കുലിഡുകള്‍) പിന്നീട് അനെലിഡ് വിരകള്‍ക്കൊപ്പവും ചേര്‍ക്കപ്പെട്ടു. ഭ്രൂണകോശ പഠനത്തിന്റെ വെളിച്ചത്തില്‍ 1940-ല്‍ ന്യൂബി (Newby) ഇവയ്‌ക്ക് ഒരു പ്രത്യേക ഫൈലത്തിന്റെ പദവി നല്‍കി. 1990-കളില്‍ നടത്തിയ തന്മാത്രാപഠനം, അനെലിഡുകളും സ്‌പൂണ്‍ വിരകളും ഒരേ മുന്‍ഗാമിയില്‍ നിന്ന് ഉദയം ചെയ്‌തതാണെന്ന് വെളിവാക്കി. എന്നാല്‍ അനെലിഡുകളെപ്പോലെ അറകളായി തിരിച്ച ശരീരഭാഗങ്ങള്‍ ഇവയ്‌ക്കില്ല. ശൂകങ്ങളുടെ എണ്ണവും കുറവാണ്. അതിനാല്‍ ചില ശാസ്‌ത്രജ്ഞര്‍ ഫൈലം അനെലിഡയില്‍പ്പെടുന്ന ഒരു പ്രത്യേകവര്‍ഗമായി സ്‌പൂണ്‍വിരകളെ പരിഗണിക്കുന്നു. ഒട്ടുമിക്ക സമുദ്രങ്ങളിലും സ്‌പൂണ്‍വിരകളെ കാണാനാകും. ചില സ്‌പീഷിസുകള്‍ പാറയിടുക്കുകളില്‍ വസിക്കുന്നു. ഓരുവെള്ളത്തില്‍ ജീവിക്കുന്നവയും ഉണ്ട്. ജലാശയങ്ങളുടെ അടിത്തട്ടില്‍ U ആകൃതിയിലുള്ള കുഴികളിലാണ് വാസം. ശരീരത്തിന്റെ അനുതരംഗചലനത്തിലൂടെ കുഴിക്കുള്ളിലേക്ക് ജലം കടത്തുന്നു.
കോവല്‍ക്കായുടെ ആകൃതിയിലുള്ള ഉരുണ്ട ഉടലാണ് ഇവയ്‌ക്ക്. ഉടലിനു മുന്നിലുള്ള പരന്ന ഭാഗം വശങ്ങളില്‍ നിന്ന് ഉള്ളിലേക്ക് വളഞ്ഞ് കുഴല്‍പോലെ, നീണ്ട തുമ്പികൈ(probocis) യായി മാറിയിരിക്കുന്നു. ഇതിന്റെ ആധാരത്തിലുള്ള സുഷിരമാണ് വായ. തുമ്പികൈയുടെ അഗ്രഭാഗത്താണ് തലച്ചോറി. ആഹാരസമ്പാദനമാണ് തുമ്പികൈയുടെ ധര്‍മം. യൂറെക്കിസി(urechis)ല്‍ ഉടലിനെ അപേക്ഷിച്ച് തുമ്പികൈ വളരെ ചെറുതാണ്. എന്നാല്‍ ഐക്കഡ(ikeda)യില്‍ ഉടലിന്റെ പത്തിരട്ടി നീളമുണ്ട്. സഞ്ചി പോലെയാണ് ഉടല്‍. ശരീരഭിത്തിക്ക് പേശീനിര്‍മിതമായ മൂന്നു പാളികളുണ്ട്. വായ്‌ക്കു പിന്നിലായി ഒരു ജോഡി ശൂക(seta)മുണ്ട്. എക്കിയൂറസ്, യൂറെക്കിസ് എന്നിവയില്‍ പിന്‍ഭാഗത്തെ ഗുദത്തിനു ചുറ്റുമായി ഒന്നില്‍ക്കൂടുതല്‍ ശൂകവലയങ്ങള്‍ കാണാം. മാളം നിര്‍മിക്കുകയും വൃത്തിയാക്കുകയുമാണ് ഇവയുടെ ധര്‍മം.
വായ, ഉടലിന്റെ മുഴുനീളത്തിലുള്ള ആഹാരനാളിയിലേക്ക് തുറന്നിരിക്കുന്നു. നാളിയുടെ പിന്നറ്റത്താണ് ഗുദം. ആഹാരനാളിക്ക് ഒട്ടേറെ ചുളിവുകളുണ്ട്. ശരീരത്തിനുള്ളില്‍ മുന്‍ഭാഗത്തായി നെഫ്രിഡിയകള്‍ കാണാം. കുടലിന്റെ ഒടുവിലായി ഗുദത്തോട് ചേര്‍ന്ന് ശാഖിതമായ ഒരു ജോഡി കുമിളകളുണ്ട്. വിസര്‍ജനാവയവങ്ങളാണിവ.
സിരാവ്യൂഹം അനെലിഡ് വിരകളിലേതിനു സമാനമാണ്. രക്തത്തിന് നിറമില്ലെങ്കിലും ഹീമോഗ്ലോബിന്‍ അടങ്ങിയ കോശങ്ങള്‍ ഉണ്ട്. ഇവ ശരീരദര(body cavity)ത്തിലെ സീലോമിക് ദ്രവ(coelomic fluid)ത്തില്‍ കാണപ്പെടുന്നു. ശരീരഭിത്തിയിലൂടെ നേരിട്ടാണ് ഓക്‌സിജന്‍ ആഗിരണം നടക്കുന്നത്.
സ്‌പൂണ്‍വിരകള്‍ പ്ലവകഭോജികളാണ്. കുഴിയുടെ കവാടത്തില്‍ അടിയുന്ന ഭക്ഷ്യവസ്‌തുക്കളെ തുമ്പികൈ ചലിപ്പിച്ച് ശേഖരിക്കുന്നു. ശ്ലേഷ്‌മദ്രവമാണ് ആഹാരത്തെ വായിലെത്തിക്കുന്നത്. യൂറെച്ചിസിനെപ്പോലെ കുറിയ തുമ്പികൈയുള്ളവ കുഴിയുടെ കവാടത്തില്‍ ത്രികോണാകൃതിയില്‍ ശ്ലേഷ്‌മവലയൊരുക്കിയാണ് ആഹാരം ശേഖരിക്കുന്നത്.
സ്‌പൂണ്‍വിരകളില്‍ പ്രകടമായ ലിംഗഭേദമില്ല. അനെലിഡ് വിരകളിലേതുപോലെ വികാസം പ്രാപിച്ച ബീജഗ്രന്ഥിയും കാണാനാവില്ല. ശരീരദരത്തിനുചുറ്റുമുള്ള പെരിറ്റോണിയല്‍ പാളിയിലെ കോശങ്ങളില്‍നിന്നാണ് അണ്ഡവും ബീജവും ഉണ്ടാകുന്നത്. ശരീരദരത്തിലേക്ക് സ്വതന്ത്രമാക്കപ്പെടുന്ന ബീജകോശങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതുവരെ അവിടെ കഴിയുന്നു. തുടര്‍ന്ന് അവ നെഫ്രിഡിയകള്‍ വഴി പുറത്തെത്തുന്നു. ബീജസങ്കലനം ബാഹ്യമാണ്. ബോണലിയ വിറിഡിസില്‍ ലിംഗവ്യത്യാസം സ്‌പഷ്‌ടമാണ്. ഇണയെ അപേക്ഷിച്ച് വളരെ ചെറിയ ആണ്‍ജീവികള്‍, പെണ്‍ജീവിയുടെ ലൈഗിംകാവയവങ്ങളില്‍ പറ്റിപ്പിടിച്ചുകഴിയുന്നു. എക്കിയൂറ വര്‍ഗത്തില്‍ 23 സ്‌പീഷിസുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
(ബി. പ്രസാദ്)