This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പരേറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:51, 11 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കമ്പരേറ്റർ

Comparator

ലോബിങ് കണ്ടുപിടിക്കാന്‍ വാതക കമ്പരേറ്റര്‍ ഉപയോഗിക്കുന്നു: A - വായു ജെറ്റ്
ശരാശരി വ്യാസം കണ്ടുപിടിക്കാന്‍: A - വായു ജെറ്റ്
അക്ഷീയമായ തെറ്റുകള്‍ കണ്ടുപിടിക്കാന്‍: A - വായു ജെറ്റ്

1. നിശ്ചിത അളവില്‍ നിര്‍മിച്ച ഒരു യന്ത്രഭാഗത്തിന്റെ യഥാര്‍ഥ അളവ്‌ നിര്‍ദിഷ്ട അളവില്‍ നിന്ന്‌ എത്ര വ്യതിചലിച്ചിരിക്കുന്നു എന്ന്‌ താരതമ്യപ്പെടുത്തി നിശ്ചയിക്കാനുള്ള ഉപകരണം. ഈ അളവ്‌ കമ്പരേറ്ററില്‍ മുന്‍കൂട്ടി ക്രമീകരിച്ചു വച്ചിരിക്കും.

പ്രധാനമായ രണ്ടുതരം കമ്പരേറ്ററുകള്‍ ഉണ്ട്‌: (i) സ്‌പര്‍ശന കമ്പരേറ്റര്‍ (contact comparator); (ii) പ്രാകാശിക കമ്പരേറ്റര്‍ (optical comparator). പ്രവര്‍ത്തന തത്ത്വത്തെ ആസ്‌പദമാക്കി സ്‌പര്‍ശന കമ്പരേറ്ററിനെ യാന്ത്രിക കമ്പരേറ്റര്‍, വൈദ്യുത കമ്പരേറ്റര്‍, വാതക കമ്പരേറ്റര്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. അനുവദനീയ പിശകിനുള്ളില്‍ (specified tolerance) പെടാത്ത യന്ത്രഭാഗങ്ങളെ, നിര്‍മാണഘട്ടത്തില്‍ത്തന്നെ വേര്‍തിരിക്കുന്ന ഓട്ടൊമാറ്റിക്‌ കമ്പരേറ്ററുകള്‍ (automatic comparators) സ്പര്‍ശനതത്ത്വമാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌.

സ്‌പര്‍ശന കമ്പരേറ്റര്‍. ഇത്തരം കമ്പരേറ്ററുകളില്‍ പ്രധാനമായും ഒരു നിശ്ചിത സ്‌പര്‍ശന ബിന്ദു അഥവാ ഒരു സ്‌പര്‍ശന പ്രതലം (contact point or contact surface), ഒരു സൂചകം അഥവാ അളവ്‌ കാണിക്കാനുള്ള ഒരു ഉപാധി (measuring head), ഇവയ്‌ക്കിടയിലായി ദൂരം ക്രമീകരിക്കാനുള്ള ഒരു ഉപാധി എന്നിവ ഉണ്ടായിരിക്കും. സൂചകത്തിന്റെ ചലനം അഥവാ ഭ്രംശം യാന്ത്രികമോ, പ്രാകാശികമോ, വൈദ്യുതമോ ആയ ഉപാധികളുപയോഗിച്ച്‌ വളരെ വലുതാക്കി ദൃശ്യമാക്കുന്നു.

യാന്ത്രിക കമ്പരേറ്റര്‍. ചലനങ്ങളെ വലുതാക്കി കാണിക്കുവാന്‍ ഇവയില്‍ സാധാരണയായി ഒരു റാക്ക്‌-പിനിയന്‍ ക്രമീകരണമോ (rack and pinian), ഒരു ഉത്തോലകമോ (lever) ഉപയോഗിക്കുന്നു. ഒരു ഉത്തോലക കമ്പരേറ്റര്‍ 0.5 മൈക്രാണ്‍ (1 മൈക്രാണ്‍ - 10-3 മി.മീ.) വരെ കൃത്യമായി സൂചിപ്പിക്കുന്നു. ഇവ ഉപയോഗിക്കുമ്പോള്‍ നിയന്ത്രിത താപനിലയുള്ള മുറികള്‍ ഉപയോഗിക്കണം. സാമ്പിളുകള്‍ സശ്രദ്ധം വൃത്തിയാക്കുകയും വേണം. സാധാരണ വര്‍ക്ക്‌ഷോപ്പുകളില്‍ 10 മൈക്രാണ്‍ വരെയുള്ള കൃത്യതയേ ആവശ്യമുള്ളു.

വൈദ്യുത കമ്പരേറ്റര്‍. വൈദ്യുത കമ്പരേറ്ററില്‍ ചലനം(movement) വലുതാക്കി കാണിക്കുവാന്‍ പല മാര്‍ഗങ്ങളുമുണ്ട്‌. ഒരു മാര്‍ഗം ഇതാണ്‌: സ്‌പര്‍ശന ബിന്ദുവിനോട്‌ ഒരു സ്‌തൂപിക (cone) ഉറപ്പിച്ചിരിക്കും. സ്‌പര്‍ശന ബിന്ദുവിന്റെ ചലനം മൂലം അത്‌ ഒരു സോളിനോയ്‌ഡി(solenoid)നുള്ളില്‍ നീങ്ങുന്നു. തന്മൂലം സോളിനോയ്‌ഡിന്റെ ലംബരോധ(reactance)ത്തിലുണ്ടാകുന്ന മാറ്റം വലുതാക്കി കാണിക്കുന്നു. മറ്റൊരു മാര്‍ഗം ഒരു ഉത്തോലക മെക്കാനിസം (lever mechanism) ഉപയോഗിച്ച്‌ ഒരു എ.സി. വീറ്റ്‌സ്‌റ്റണ്‍ ബ്രിജിനെ (A.C. Wheat-stone bridge) അസന്തുലിതമാക്കുക ആണ്‌. 0.2 മൈക്രാണ്‍വരെ കൃത്യമായ അളവുകള്‍ സൂചിപ്പിക്കാന്‍ ഇവയ്‌ക്കു കഴിയും.

വാതക കമ്പരേറ്റര്‍. ഇവയില്‍ യന്ത്രഭാഗത്തിലെ പ്രതലത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഒരു വായുപ്രവാഹം ഉപയോഗിക്കുന്നു. അളക്കേണ്ട പ്രതലത്തിന്‌ വളരെ അടുത്ത്‌ കൃത്യമായി നിര്‍മിച്ച ഒരു സുഷിരം (orifice) കൊണ്ടുവരുന്നു. അതിലൂടെയുള്ള വായുപ്രവാഹത്തിന്‌ പ്രതലത്തോട്‌ അടുക്കുന്തോറും തടസ്സം ഏറി വരുന്നതായി കാണാം. പ്രവാഹത്തിലുള്ള വ്യത്യാസം അഥവാ പ്രവാഹത്തിന്റെ പിന്‍മര്‍ദ(back pressure)ത്തിലുള്ള അളവ്‌ പ്രതലത്തിന്റെ മാനത്തെ (dimension) സൂചിപ്പിക്കുന്നു.

പിന്‍മര്‍ദം വളരെ കൃത്യതയുള്ള ഒരു സാധാരണ മര്‍ദമാപിനി ഉപയോഗിച്ചാണ്‌ അളക്കുന്നത്‌; വായു പ്രവാഹമാകട്ടെ, ഒരു റോട്ടാമീറ്റര്‍ (Rotameter) ഉപയോഗിച്ചും.

റോട്ടാമീറ്റര്‍. വളരെ ഏകരൂപമായി (uniform) നിര്‍മിച്ച ഒരു റ്റ്യൂബില്‍ ഒരു ബോബര്‍ (bobber) ഉണ്ടായിരിക്കും. ബോബര്‍ സ്വതന്ത്രമായി ട്യൂബിനകത്ത്‌ ചലിക്കുന്നു. ട്യൂബിലൂടെ വായു പ്രവഹിക്കുമ്പോള്‍ ബോബര്‍ വായുവില്‍ പൊങ്ങിക്കിടക്കുന്നു. ബോബറിന്റെ ഉയരം പ്രവാഹത്തിന്റെ അളവ്‌ സൂചിപ്പിക്കുന്നു.വാതകകമ്പരേറ്റര്‍ ഒരു മൈക്രാണ്‍ വരെ കൃത്യമായി കാണിക്കുന്നു.

വാതകകമ്പരേറ്റര്‍ ഉപയോഗിച്ച്‌ ലോബിങ്‌, ശരാശരി വ്യാസം, ഒരു ദ്വാരത്തിന്റെ വക്രതയിലുള്ള പിശകുകള്‍ എന്നിവ കണ്ടുപിടിക്കാം. തുല്യദൂരത്തിലുള്ള ഒന്നിലധികം വായു ജെറ്റുകള്‍(air jets) ഉപയോഗിച്ചാണ്‌ ഈ ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്‌ (ചിത്രം നോക്കുക).

പ്രാകാശിക കമ്പരേറ്റര്‍. ഒരു സാധാരണ പ്രാകാശികകമ്പരേറ്ററില്‍ പ്രകാശത്തിന്റെ ഒരു സ്രാതസ്സ്‌ (source), പരിശോധിക്കേണ്ട വസ്‌തു വയ്‌ക്കാനുള്ള ഒരു പീഠം (stage), ലെന്‍സ്‌, കണ്ണാടികള്‍ മുതലായവ, ഒരു സ്‌ക്രീന്‍ എന്നിവ ഉണ്ടായിരിക്കും. വസ്‌തുവിന്റെ യഥാര്‍ഥരൂപം കണ്ണാടികള്‍, ലെന്‍സുകള്‍ എന്നിവ ഉപയോഗിച്ച്‌ സ്‌ക്രീനിലേക്ക്‌ പ്രതിഫലിപ്പിക്കുന്നു. സ്‌ക്രീനില്‍ വസ്‌തുവിന്റെ കൃത്യമായ ഒരു രേഖാചിത്രം മുമ്പേ വരച്ചിരിക്കും. അതിനാല്‍ താരതമ്യപഠനം എളുപ്പമാണ്‌.

സാധാരണയായി സങ്കീര്‍ണരൂപങ്ങള്‍ പരിശോധിക്കാനോ, ഒന്നോ അതിലധികമോ പ്രതലങ്ങളുടെ ബന്ധം അപഗ്രഥിക്കാനോ ആണ്‌ ഇത്തരം കമ്പരേറ്ററുകള്‍ ഉപയോഗിക്കാറുള്ളത്‌. 10 മൈക്രാണിലധികം കൃത്യത ഇതില്‍ ലഭ്യമല്ല.

ഓട്ടൊമാറ്റിക്‌ പരിശോധന. ഓട്ടൊമാറ്റിക്‌ ഉത്‌പാദനോപകരണങ്ങളും (production equipments), പരിശോധനോപകരണങ്ങളും (inspection equipments) പരസ്‌പര പൂരകങ്ങളാണ്‌. ഓട്ടൊമാറ്റിക്‌ യൂണിറ്റുകള്‍ സ്‌പര്‍ശന കമ്പരേറ്റര്‍ ആണ്‌ ഉപയോഗിക്കുന്നത്‌. ഓരോ ഭാഗവും പരിശോധിക്കാനുള്ള സ്‌പര്‍ശനോപാധി (contact head) ഉത്‌പാദനോപകരണത്തില്‍ത്തന്നെ ഉറപ്പിച്ചിരിക്കും. മറ്റു ചിലപ്പോള്‍ പരിശോധനയ്‌ക്കുള്ള കമ്പരേറ്റര്‍ ക്രമീകരണം ഉത്‌പാദനനിര(production line)യില്‍ത്തന്നെ സ്ഥാപിക്കുന്നു.

ഇത്തരം യന്ത്രങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ഭാഗങ്ങളെ അപ്പപ്പോള്‍ പരിശോധിച്ച്‌ അനുയോജ്യമല്ലാത്തവയെ സ്വമേധയാ പുറംതള്ളാനുള്ള സംവിധാനം ഒരുക്കിയിരിക്കും.

(ഡോ.കെ.എന്‍. കൃഷ്‌ണന്‍)

2. ആകാശത്ത്‌ സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന വസ്‌തുക്കളെ; പ്രത്യേകിച്ച്‌ വിദൂരഗ്രഹങ്ങളെയും ധൂമകേതുക്കളെയും മറ്റും കണ്ടെത്താനുപകരിക്കുന്ന ഒരു ജ്യോതിശ്ശാസ്‌ത്ര ഉപകരണം. ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഒരാകാശഭാഗത്തിന്റെ രണ്ടു ചിത്രങ്ങള്‍ ഒരു നിശ്ചിതസമയം ഇടവിട്ട്‌ എടുക്കുന്നു എന്നിരിക്കട്ടെ. ഈ ചിത്രങ്ങള്‍ ഒരു കമ്പരേറ്ററില്‍ വെച്ച്‌ "ക്ലിക്ക്‌' ചെയ്‌തുകൊണ്ടിരുന്നാല്‍ ഓരോ ചിത്രവും മാറിമാറി നിരീക്ഷകന്‌ ദൃശ്യമാകുന്നു. രണ്ടിലെയും പരഭാഗനക്ഷത്രങ്ങള്‍ (Back ground stars)ഒന്നുതന്നെയായതുകൊണ്ട്‌ സാധാരണഗതിയില്‍ ചിത്രങ്ങള്‍ മാറിമാറി ദൃശ്യമാകുന്നത്‌ അയാള്‍ അറിയില്ല. എന്നാല്‍ പ്രസ്‌തുത ആകാശഭാഗത്ത്‌ സഞ്ചരിക്കുന്ന ഒരു വസ്‌തുവുണ്ടെങ്കില്‍ അതിന്റെ സ്ഥാനം അങ്ങോട്ടുമിങ്ങോട്ടും ചാടിക്കൊണ്ടിരിക്കുന്നതായി അയാള്‍ക്കനുഭവപ്പെടും.

1930ല്‍ ക്ലൈഡ്‌ ടോംബോ (Clyde Tombough) എന്ന യുവ അമേരിക്കന്‍ വാനനിരീക്ഷകന്‍ പ്ലൂട്ടോയെ കണ്ടെത്തിയത്‌ ഈ മാര്‍ഗമുപയോഗിച്ചാണ്‌. ആ വര്‍ഷം ജനു. 23,29 തീയതികളില്‍ അദ്ദേഹം എടുത്ത രണ്ടു ആകാശചിത്രങ്ങളില്‍ തീര്‍ത്തും മങ്ങിയ ഒരു വസ്‌തു കമ്പരേറ്ററില്‍ ചാടിക്കളിക്കുന്നതായി ദൃഷ്ടിയില്‍പ്പെട്ടു. പിന്നീട്‌ അതിന്‌ പ്ലൂട്ടോ എന്ന പേരു നിര്‍ദ്ദേശിച്ചത്‌ 11 വയസ്സുകാരിയായ ഒരു ഇംഗ്ലീഷ്‌ പെണ്‍കുട്ടിയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍