This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒബ്സ്റ്റാൽ, ഗെറാർ വാന്‍ (1594-1668)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒബ്സ്റ്റാൽ, ഗെറാർ വാന്‍ (1594-1668)
Opstal, Gerard Van
ഫ്രഞ്ച് പ്രതിമാശില്പി. ഇദ്ദേഹം 1594-ല്‍ ആന്റ്വര്പ്പിലെ ഒരു ഫ്ളമിഷ് കുടുംബത്തില്‍ ജനിച്ചു. ഒപ്സ്റ്റെല് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഹാന്‍സ് ഫാന്‍ മില്‍ഡര്‍ (1638-ല്‍ ഇദ്ദേഹം മരിച്ചു) നല്കിയ പ്രാഥമിക പരിശീലനമാണ് ശില്പകലയില് ഒബ്സ്റ്റാലിന് ആന്റ്വര്‍പ്പില്‍ ലഭിച്ച ആദ്യകാലശിക്ഷണം. ചെറിയ ബാസ്-റിലീഫുകളും ദന്തത്തിലുള്ള ചെറിയ പ്രതിമകളും ഇദ്ദേഹം ആദ്യകാലത്തുനിര്മിച്ചു. 1630-ല്‍ കാര്‍ഡിനല്‍ റിച്ചീലുവിന്റെ ആവശ്യപ്രകാരം പാരിസിലും ലൂവ്രിലും ടുയിലറിയിലും പ്രതിമാശില്പനിര്മാണത്തില് ഏര്‍പ്പെട്ടു. ഇവിടെ പ്രശസ്തശില്പിയായ ജാക്വിസ് സാരസിന് തയ്യാറാക്കിയ രൂപരേഖകള്ക്കനുസൃതമായിട്ടാണ് ഈ ശില്പങ്ങള് തയ്യാറാക്കിയത്. അതോടൊപ്പം അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രതിമാശില്പനിര്മാണത്തില് കൂടുതല്‍ പരിശീലനം നേടുകയുണ്ടായി. ഇക്കാലത്ത് ഒബ്സ്റ്റാല് ഫ്രഞ്ചു പൗരത്വം നേടുകയും നിരവധി പ്രതിമാശില്പാലങ്കരണപ്പണികള് ഏറ്റെടുത്തു നിര്‍വഹിക്കുകയും ചെയ്തു. പ്രതേ്യകിച്ചും ഹോട്ടല്‍ കാര്നവാലെറ്റിന്റെ അങ്കണം അലങ്കരിക്കുന്നതില്‍ കാണിച്ച വൈദഗ്ധ്യം ഗൃഹാലങ്കരണകലയില് ഇദ്ദേഹത്തിനുള്ള അവഗാഹം വ്യജ്ഞിപ്പിക്കുന്നു. പാരിസ് നഗരത്തിലും അതിനുപുറത്തും ഇദ്ദേഹം നിര്‍മിച്ചിട്ടുള്ള ശില്പങ്ങള് അലങ്കരണപ്രാധാന്യമുള്ളവയായിരുന്നു. 1660-ല്‍ ലൂയി 14 ന്റെ വിവാഹകാലത്ത് പോര്‍ട്ടേ സെന്റ് ആന്റോയിന്‍ അലങ്കരിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം നിര്‍മിച്ച ലൂയിരാജാവിന്റെ പൂര്‍ണകായപ്രതിമയും മൂന്ന് അന്യാപദേശശില്പങ്ങളും 1778-ല്‍ നശിപ്പിക്കപ്പെട്ടു. എങ്കിലും ആ ശില്പങ്ങള് ഇദ്ദേഹത്തിന്റെ രചനാ സാമര്‍ഥ്യത്തിന്റെ നിദര്‍ശനങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളവയാണ്. 1668-ല്‍ പാരിസില്‍ ഇദ്ദേഹം നിര്യാതനായി.