This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒപ്‌നോർ, ഗിൽ-മാരി (1672 - 1742)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:52, 8 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒപ്‌നോർ, ഗിൽ-മാരി (1672 - 1742)

Opnor, Gill-Mari

ഫ്രാന്‍സിലെ വാസ്‌തുവിദ്യാവിദഗ്‌ധനും അലങ്കരണകലാവിദഗ്‌ധനും. 1672-ല്‍ പാരിസില്‍ ജനിച്ചു. പിതാവ്‌ മരപ്പണിക്കാരനായിരുന്നു. ഫ്രാന്‍സെസ്‌കോ ബൊറോചി എന്ന വാസ്‌തുവിദ്യാവിദഗ്‌ധന്റെ ആരാധകനായിരുന്ന ഒപ്‌നോര്‍, ബൊറോവി നിര്‍മിച്ച പല മന്ദിരങ്ങളുടെയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്‌. ഇവ ബര്‍ലിനിലെയും സ്റ്റോക്ക്‌ഹോമിലെയും ചിത്രശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഫ്രാന്‍സിലെ രാജാവിന്റെ വാസ്‌തുശില്‌പിയായി ഒപ്‌നോര്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. റൊക്കൊകോ ശൈലിയുടെ വളര്‍ച്ചയ്‌ക്ക്‌ വളരെയധികം യത്‌നിച്ച ഒരു വ്യക്തിയാണ്‌ ഇദ്ദേഹം. ഒപ്‌നോര്‍ നിര്‍മിച്ച അത്യുദാത്തങ്ങളായ പല മന്ദിരങ്ങളും നശിച്ചുപോയെങ്കിലും ഇദ്ദേഹം വരച്ചുവച്ചിട്ടുള്ള അവയുടെ രൂപരേഖകൊണ്ട്‌ അവ വീണ്ടും നിര്‍മിക്കുന്നതിനും അവയുടെ ശൈലി മനസ്സിലാക്കുന്നതിനും സാധിക്കുന്നു. എന്‍ഗ്രവിങ്‌ കലയിലും ഒപ്‌നോര്‍ വൈദഗ്‌ധ്യം നേടിയിരുന്നു. ഫ്രാന്‍സില്‍ ഇദ്ദേഹം നിര്‍മിച്ച "ഹോട്ടല്‍ ദെ പോമ്പോന്‍' (1714)യുടെ തനിപ്പകര്‍പ്പായി പാരിസിലെ യൂഗോസ്ലാവ്‌ എംബസിയില്‍ ഒരു മന്ദിരം നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ പാരിസിലെ ഡയറക്‌ടര്‍ ജനറല്‍ ഒഫ്‌ ആര്‍ക്കൈവ്‌സിന്റെ ഔദ്യോഗിക വസതിയായ "ഹോട്ടല്‍ ദെ അസ്സി' 1729-29 കാലങ്ങളില്‍ ഒപ്‌നോര്‍ നിര്‍മിച്ചതാണ്‌. ഇതിന്റെ കണ്ണാടികളുടെ ചുറ്റുപണികള്‍ അതിവിശിഷ്‌ടമാണ്‌. വക്രധനുസ്സുകള്‍ (cross bows), സിംഹത്തിന്റെ ശിരസ്സും ആടിന്റെ ഉടലും സര്‍പ്പത്തിന്റെ വാലുമുള്ളതും അഗ്നി വമിപ്പിക്കുന്നതുമായ ജന്തുരൂപങ്ങള്‍ എന്നിവകൊണ്ടാണ്‌ കണ്ണാടിയുടെ ചുറ്റും അലങ്കരിച്ചിട്ടുള്ളത്‌. പുറമേയുള്ള വാതിലുകള്‍ റെഡ്‌ ഇന്ത്യന്‍ മുഖാവരണങ്ങള്‍കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. 1719-20 കാലങ്ങളില്‍ ഇദ്ദേഹം നിര്‍മിച്ച "സലൂണ്‍ ദെ ഒപ്‌നോര്‍' സ്ഥലസംവിധാനത്തില്‍ ഇദ്ദേഹത്തിനുള്ള മികച്ച കഴിവ്‌ വ്യക്തമാക്കുന്നു. ഇത്‌ റൊക്കെകോ അലങ്കരണരീതിയുടെ വിശിഷ്‌ടമായ ഒരു മാതൃകയാണ്‌. ധാരാളം പള്ളികളും ഒപ്‌നോര്‍ നിര്‍മിച്ചിട്ടുണ്ട്‌. സെയ്‌ന്റ്‌ സള്‍പിസ്‌ ദേവാലയം (1725) ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

പെറ്റി, മൊയെന്‍, ഗ്രാന്‍ഡ്‌ ഒപ്‌നോര്‍ എന്നിങ്ങനെ മൂന്നു വാല്യങ്ങളിലായി ഒപ്‌നോറിന്റെ ഇന്‍ഗ്രവിങ്ങുകളുടെ രൂപരേഖകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌ (1748). ഫ്രാന്‍സ്വാ അന്റേവന്‍ വാസ്സെ (1681-1736) നിക്കോളാ പിനോമെയ്‌സോണിയെ, ഷീന്‍ ബാപ്‌റ്റിസ്റ്റ്‌ലെറൂ (1677-1746) എന്നിവരോട്‌ കിടപിടിക്കത്തക്കവിധമുള്ള ഒപ്‌നോറിന്റെ റെക്കൊകോശൈലി ഈ പുസ്‌തകം പ്രസിദ്ധം ചെയ്യുമ്പോഴേക്കും നാശോന്മുഖായിത്തീര്‍ന്നിരുന്നു. ഇദ്ദേഹം 1742-ല്‍ പാരിസില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍