This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒനിക്കോഫൊറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒനിക്കോഫൊറ
Onychophora
ഭൂമിയിലെ ഏറ്റവും പുരാതനജീവികളുടെ കൂട്ടത്തില്‍പ്പെട്ട ഒരു വിഭാഗം. ആര്‍ത്രാപ്പോഡ ഫൈലത്തിലെ ഒരു വര്‍ഗമായും, ഒരു സ്വതന്ത്രഫൈലമായും ഇതിന് സ്ഥാനം നല്‌കുന്ന ജന്തുശാസ്‌ത്രജ്ഞരുണ്ട്. പട്ടുപോലെ മൃദുവും നീണ്ടതുമായ ശരീരത്തോടുകൂടിയ ഈ ചെറുപുഴുക്കള്‍ക്ക് കാഴ്‌ചയില്‍ "കാറ്റര്‍പില്ലറി'നോടാണ് സാദൃശ്യം. ആദിമ ആര്‍ത്രാപ്പോഡുകളുടെ പൂര്‍വികര്‍, "വെല്‍വെറ്റ് പുഴുക്കള്‍' എന്നു പേരുള്ള ഒനിക്കോ ഫൊറകളെപ്പോലെ ആയിരുന്നിരിക്കണം എന്നു കരുതപ്പെടുന്നു. കരയില്‍ കാണുന്ന ആര്‍ത്രാപ്പോഡുകളില്‍ ഏറ്റവും പ്രാകൃതജീവികളാണിവ.
ഒനിക്കോസ് (Onychos: claw), ഫെറിന്‍ (pherein: bearing)എന്നീ ഗ്രീക് പദങ്ങളില്‍ നിന്നാണ് ഒനിക്കോഫൊറയുടെ ഉദ്‌ഭവം. ഇതിലെ അംഗങ്ങള്‍ക്ക് ഉദ്ദേശം 20 സെ.മീ. നീളമുണ്ടായിരിക്കും. ശരീരത്തില്‍നിന്നു വ്യതിരിക്തമായ തല ഇവയിലൊന്നിനുപോലും ഉണ്ടായിരിക്കില്ല. എന്നാല്‍ ഒരു ജോടി ലളിതനേത്രങ്ങള്‍; നീളം കുറഞ്ഞ് പല ഖണ്ഡങ്ങള്‍ ചേര്‍ന്ന സ്‌പര്‍ശിനികള്‍ (antennae); ബോധേന്ദ്രിയമായി വര്‍ത്തിക്കുന്ന ഒരു ജോടി "ഓറല്‍ പാപ്പില'കള്‍ എന്നിവ ഈ പുഴുക്കളില്‍ വ്യക്തമായി കാണാന്‍ കഴിയും. "സ്ലൈം'- ഗ്രന്ഥികള്‍ (slime glands) ഓറല്‍ പാപ്പിലകളിലേക്കു തുറക്കുന്നു. 15 മുതല്‍ 43 വരെ ജോടി കുറുകിയ കാലുകളും ഉണ്ടായിരിക്കും. ഈ കാലുകള്‍ ഖണ്ഡങ്ങള്‍ ചേര്‍ന്നുണ്ടായവയല്ല. രണ്ടായി തിരിഞ്ഞിട്ടുള്ള "നഖ'ങ്ങളില്‍ അവസാനിക്കുന്ന ഈ കാലുകളാണ് ഈ പുഴുക്കള്‍ക്ക് "ഒനിക്കോഫൊറ' (claw-bearing)എന്ന പേര് നേടിക്കൊടുത്തത്. മുറിയുന്ന വായ്‌ത്തലയുള്ള ഒരു ജോടി ഹനുക്കള്‍ (jaws), "ഹീമോസീല്‍' എന്നറിയപ്പെടുന്ന ശരീരകുഹരം, ട്രക്കിയല്‍ ട്യൂബുകള്‍ ഉപയോഗിക്കുന്ന ശ്വസനവ്യൂഹം, നെഫ്രിഡിയകള്‍ പ്രവര്‍ത്തിക്കുന്ന വിസര്‍ജനവ്യൂഹം എന്നിവ ഈ പുഴുക്കളുടെ മറ്റു സവിശേഷതകളാകുന്നു. ലിംഗഭേദം ദൃശ്യമായ ഇവയില്‍ ഉത്‌പാദനാവയവങ്ങള്‍ ജോടിയായാണ് കാണപ്പെടുന്നത്.
അനലിഡുകളുടെയും ആര്‍ത്രാപ്പോഡുകളുടെയും പല സ്വഭാവവിശേഷങ്ങളും പ്രദര്‍ശിപ്പിക്കുന്ന വെല്‍വെറ്റ് പുഴുക്കള്‍ക്ക് താഴെപ്പറയുന്ന പ്രത്യേകതകളാല്‍ ഒരു സ്വതന്ത്രഫൈലത്തിന്റെ സ്ഥാനം നല്‌കാന്‍ ചില ശാസ്‌ത്രജ്ഞര്‍ തയ്യാറായി. ഒരേയൊരു ജോടി ഹനുക്കള്‍; ഖണ്ഡങ്ങളായി വേര്‍തിരിഞ്ഞിട്ടില്ലാത്ത ശരീരം; ഗാങ്‌ഗ്ലിയകളില്ലാത്തതും വേര്‍തിരിച്ചുള്ളതുമായ നാഡീതന്ത്രികള്‍ എന്നിവ ഒനിക്കോഫൊറുകളുടെ തനതായ സവിശേഷതകളാകുന്നു. ഉപാംഗങ്ങളില്‍ നിന്നു രൂപംകൊണ്ട ഹനുക്കള്‍; ഹീമോസീല്‍; ചുരുങ്ങിയ സീലോം എന്നിവയാണ് ഈ പുഴുക്കളില്‍ ദൃശ്യമാകുന്ന ആര്‍ത്രാപ്പോഡ് സ്വഭാവങ്ങള്‍. കണ്ണുകളുടെ ഘടന, നെഫ്രിഡിയകളുടെ സാന്നിധ്യം, സങ്കീര്‍ണമല്ലാത്ത കുടല്‍ എന്നിവ അനലിഡന്‍-സ്വഭാവങ്ങളാകുന്നു. മേല്‌പറഞ്ഞ പ്രത്യേകതകളാല്‍, അനലിഡുകളെയും ആര്‍ത്രാപ്പോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ കണ്ണിയായാണ് കൂടുതല്‍ ജന്തുശാസ്‌ത്രജ്ഞരും ഈ വിഭാഗത്തെ കരുതുന്നത്.
ഒനിക്കോഫൊറാന്‍ പുഴുക്കളുടെ വിതരണത്തിലെ പ്രത്യേകത ഇന്നും ഉത്തരം കണ്ടെത്താനാവാത്ത ഒരു പ്രശ്‌നമായവശേഷിക്കുന്നു. മധ്യ-അമേരിക്ക, ആസ്റ്റ്രലിയ, കോംഗോ തുടങ്ങി ഭൂമിശാസ്‌ത്രപരമായി വളരെയധികം വേര്‍പെട്ടുകിടക്കുന്ന രാജ്യങ്ങളിലും തിബത്തിലും ഇവയെ കണ്ടെത്തിയിട്ടുള്ളത്. ഇരുണ്ടതും ഈര്‍പ്പം നിറഞ്ഞതുമായ സ്ഥലങ്ങളിലെ മണ്ണില്‍ ഇവ ജീവിക്കുന്നു. ഈ പ്രദേശങ്ങളില്‍ത്തന്നെ ഇവ എണ്ണത്തില്‍ വളരെ കുറവാണുതാനും. ഇക്കൂട്ടത്തില്‍ ഏറ്റവും അറിയപ്പെടുന്ന ജീനസ്സിന്റെ പേരാണ് പെരിപാറ്റസ്. ഇതില്‍ 70 സ്‌പീഷീസുകള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.