This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒനാഗ്രസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:46, 8 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒനാഗ്രസീ

Onagraceae

ദ്വിബീജ പത്രകവിഭാഗത്തിലെ ഒരു സസ്യകുടുംബം. ഈ കുടുംബത്തിലെ ചെടികള്‍ മുഖ്യമായും ഓഷധി(herb)കളാണ്‌. ഏകദേശം 38 ജീനസുകളും 500 സ്‌പീഷീസുകളുമുള്ള ഇതിലെ മിക്ക സസങ്ങളും സമശീതോഷ്‌ണമേഖലയില്‍ കണ്ടുവരുന്നു. എപിലോബിയം (Epilobium), ക്‌ളാര്‍ക്കിയ (Clarkia) മുതലായ ചില സ്‌പീഷീ സുകള്‍ ഏകവര്‍ഷി(annual)കളാണ്‌; ഈനോത്തീറ ബയനിസ്‌ (Oenothera biennis) പോലുള്ള ചിലത്‌ ദ്വിവര്‍ഷി (biennial)കളും.

ചിരസ്ഥായിക(perennials)കളാണ്‌ ഭൂരിപക്ഷം സ്‌പീഷീസുകള്‍. ചില ജീനസുകളില്‍ കുറ്റിച്ചെടികളും ചെറുവൃക്ഷങ്ങളും കാണാറുണ്ട്‌. (ഉദാ. ഫ്യൂഷിയ). കട്ടിയുള്ള കാണ്ഡത്തോടുകൂടിയ ഫ്യൂഷിയാ എപ്പെറ്റാല (Fushia apetala) എന്നയിനം സസ്യം പടര്‍ന്നുവളരുന്നു. ചതുപ്പുനിലങ്ങളിലും വെള്ളത്തിലും വളരുന്ന ജസിയ (Jussieua), ലഡ്‌വിജിയ(Ludwigia)എന്നിവയ്‌ക്ക്‌ വേരിലെ കോര്‍ട്ടക്‌സി (cortex)ല്‍ വായുഅറകളുണ്ട്‌. ചിലപ്പോള്‍ വെള്ളത്തിനടിയിലുള്ള കാണ്ഡങ്ങളില്‍നിന്ന്‌ ശ്വസനവേരുകള്‍ (respiratory roots) രൂപം പ്രാപിച്ച്‌ ജലനിരപ്പിനുമുകളില്‍ കാണപ്പെടാറുണ്ട്‌. വെള്ളത്തില്‍ ഒഴുകിനടക്കുന്ന ട്രാപാ (Trapa) എന്ന ചെടിയുടെ ഇലകള്‍ ഒരു പ്രത്യേകരീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ജലനിരപ്പില്‍ കാണപ്പെടുന്ന ഇലകളുടെ ഞെട്ട്‌ വീര്‍ത്തതാണ്‌. ഇത്‌ വെള്ളത്തില്‍ ഒഴുകി നടക്കാന്‍ ചെടിയെ സഹായിക്കുന്നു. ഈ ചെടിക്ക്‌ പല അസാധാരണ സ്വഭാവങ്ങളുമുണ്ട്‌. വിത്തുകള്‍ വലുതാണ്‌. ഉള്ളില്‍ വലുപ്പവ്യത്യാസമുള്ള രണ്ടു ബീജപത്രങ്ങള്‍ (cotyledons)കൊണാം. ധാരാളം അന്നജമുള്ള വലിയ ബീജപത്രംകൊണ്ട്‌ വിത്തിന്റെ ഭൂരിഭാഗവും നിറഞ്ഞിരിക്കും.

ഫ്യൂഷിയ

ഒനാഗ്രസീ കുടുംബത്തിലെ ചെടികളുടെ ഇലകള്‍ ലഘുവും പിച്ഛാകാര(pinnate)സിരാവിന്യാസമുള്ളവയുമാണ്‌. ഉള്ളില്‍ റാഫൈഡ്‌ ബണ്ടിലുകള്‍ (Raphide bundles)ഉണ്ട്‌. ഇലകള്‍ ഏകാന്തര(alternate)മായോ സമ്മുഖ(opposite)മായോ വൃത്താകാരത്തിലോ ക്രമീകരിച്ചിരിക്കുന്നു. ഫ്യൂഷിയ ജീനസ്സിലും ക്‌ളാര്‍ക്കിയയിലും പൂക്കള്‍ ഒറ്റയായിട്ടാണ്‌ കാണപ്പെടുന്നത്‌; എപ്പിലോബിയം, ഈനോത്തീറ മുതലായ ചെടികളിലേതുപോലെ ചിലപ്പോള്‍ വര്‍ണശബളിമയുള്ള പൂങ്കുലകളായും കാണാറുണ്ട്‌. പുഷ്‌പം സമമിത(regular)മാണ്‌. പുഷ്‌പഭാഗങ്ങള്‍ നാലോ അതിന്റെ ഗുണിതമോ ആയിരിക്കും (നാല്‌ ബാഹ്യദളങ്ങള്‍, നാല്‌ ദളങ്ങള്‍, എട്ട്‌ കേസരങ്ങള്‍). ബാഹ്യദളങ്ങളും കേസരങ്ങളും സ്വതന്ത്രങ്ങളാണ്‌. ബാഹ്യദളങ്ങള്‍ക്ക്‌ വര്‍ണഭംഗിയുണ്ട്‌. ചില ചെടികളില്‍ ദളങ്ങള്‍ തീരെ ചെറുതായിരിക്കും. ഫ്യൂഷിയ എപ്പെറ്റാല എന്ന സ്‌പീഷീസിന്റെ പൂവിന്‌ ദളങ്ങളില്ല. കേസരങ്ങള്‍ സ്വതന്ത്രങ്ങളാണ്‌. ആന്തരികവൃതിയിലെ കേസരങ്ങള്‍ക്ക്‌ പുറമേയുള്ളവയെക്കാള്‍ നീളം കുറവാണ്‌. ലൊപീസിയ (Lopezia) ജീനസ്സില്‍ ഒരു കേസരം മാത്രമേയുള്ളൂ; പരാഗരേണുക്കള്‍ (pollen grains) വലുതും ഉരുണ്ടതുമാണ്‌. നാല്‌ അറകളുള്ള അണ്ഡാശയത്തില്‍ ധാരാളം ബീജാണ്ഡങ്ങളുണ്ട്‌.

സാധാരണയായി പ്രാണികള്‍മൂലമാണ്‌ പരാഗണം സംഭവിക്കുന്നത്‌. എന്നാല്‍ ചില ഫ്യൂഷിയാ സ്‌പീഷീസുകളിലെ തൂങ്ങിക്കിടക്കുന്ന പൂക്കളില്‍ വായുമൂലം പരാഗണം നടക്കുന്നു. സന്ധ്യാസമയത്തുവിടരുന്ന പുഷ്‌പങ്ങളില്‍ നിശാശലഭങ്ങള്‍ പരാഗണം നടത്തുന്നു. ഈനോത്തീറാ എപ്പിലോബിയം എന്നിവയില്‍ സമ്പുടഫലമാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌; ഫ്യൂഷിയായില്‍ മാംസളഫലവും.

200 സ്‌പീഷീസുകള്‍ ഉള്‍ക്കൊള്ളുന്ന എപ്പിലോബിയം ജീനസാണ്‌ ധാരാളമായി കണ്ടുവരുന്നത്‌. വിത്തിന്റെ അഗ്രഭാഗത്ത്‌ "കുടുമ'പോലെ കാണുന്ന രോമങ്ങള്‍ വിത്തുവിതരണത്തിന്‌ സഹായിക്കുന്നു. നിരവധി സങ്കരയിനങ്ങള്‍ ഉദ്യാനങ്ങളില്‍ നട്ടുവളര്‍ത്തുന്നുണ്ട്‌. ഈനോത്തീറാജീനസ്സില്‍ 100 സ്‌പീഷീസുകളുണ്ട്‌. പുഷ്‌പങ്ങള്‍ മഞ്ഞയോ വെളുപ്പോ ആയിരിക്കും. ജനിതകപഠനത്തില്‍ ഈ ജീനസ്സിന്‌ പ്രമുഖമായ സ്ഥാനമുണ്ട്‌. ഡീ വ്രീസിന്റെ മ്യൂട്ടേഷന്‍ (mutation)പഠനവുമായുള്ള ബന്ധംമൂലം ഈനോത്തീറ ലാമാര്‍ക്കിയാന (Oenothera lamarckiana)എന്ന സസ്യം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഫ്യൂഷിയ ജീനസ്സിലെ നിരവധി സങ്കരയിനങ്ങള്‍ പൂന്തോട്ടങ്ങളില്‍ ചട്ടികളില്‍ നട്ടുവളര്‍ത്തുന്നു. "നര്‍ത്തകി'(dancing girl)യെന്ന അപരനാമമുള്ള ഫ്യൂഷിയാ ഫുള്‍ജെന്‍സിന്റെ പൂക്കള്‍ അതിമനോഹരങ്ങളാണ്‌. ചിലതിന്റെ മാംസങ്ങളായ കായ്‌കള്‍ ഭക്ഷ്യയോഗ്യമാകുന്നു. ഈനോത്തീറ, ക്‌ളാര്‍ക്കിയ, ഗോഡെലിയ എന്നിവ വേലിച്ചെടികളായി വച്ചുപിടിപ്പിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍