This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഡീസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:37, 8 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒഡീസി

Odyssey

ഗ്രീക്ക്‌ വീരേതിഹാസ കാവ്യം. ക്രി.മു. 9-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഗ്രീക്കു കവി ഹോമറാണ്‌ ഇതിന്റെ കര്‍ത്താവ്‌. ട്രാജന്‍ യുദ്ധത്തെ അധികരിച്ച്‌ ഹോമര്‍ എഴുതിയ ഇലിയഡിന്റെ തുടര്‍ച്ചയാണ്‌ ഈ കഥ. ഒഡീസിയിലെ നായകനായ ഒഡീസിയൂസ്‌ യുദ്ധാനന്തരം നാട്ടില്‍ തിരിച്ചെത്താന്‍ സഹിക്കേണ്ടിവന്ന ക്ലേശങ്ങളാണ്‌ ഈ കൃതിയിലെ പ്രതിപാദ്യം. 24 പുസ്‌തകങ്ങളിലായിട്ടാണ്‌ ഇതു വര്‍ണിച്ചിരിക്കുന്നത്‌.

ട്രാജന്‍യുദ്ധം അവസാനിച്ചതിനുശേഷവും ഒഡീസിയൂസ്‌ നാട്ടില്‍ എത്തിയില്ല. സമുദ്രദേവനെതിരായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി പോസിഡോണ്‍ അയാളെ തടങ്കലില്‍ പാര്‍പ്പിച്ചു. സിയൂസിന്റെ ആജ്ഞപ്രകാരം ഒഡീസിയുസീനെ മോചിപ്പിക്കാനായി അഥീന ദേവതയെ ഇത്താക്കയിലേക്ക്‌ അയച്ചു. ഒഡീസിയൂസ്‌ ജീവിച്ചിരിപ്പുണ്ട്‌ എന്ന വിവരം പുത്രനായ ടെലിമാക്കസിനെ അറിയിച്ചു. ടെലിമാക്കസും അനുചരന്മാരും ഒഡീസിയൂസിനെ അന്വേഷിച്ച്‌ കപ്പലില്‍ പൈലോസില്‍ എത്തിച്ചേര്‍ന്നു. അന്വേഷണഫലമായി ഒഡീസിയൂസ്‌ മധ്യധരണ്യാഴിയിലെ ഒഗീഗിയ ദ്വീപില്‍ കാലിപ്‌സോ എന്ന ദേവകന്യകയുടെ തടവുകാരനായി കഴിയുന്നു എന്നു മനസ്സിലായി. ഇതിനിടയില്‍ ഒഡീസിയൂസിനെ മോചിപ്പിക്കാന്‍ സിയൂസ്‌, തന്റെ ദൂതനായ ഹെര്‍മസിലൂടെ കാലിപ്‌സോയ്‌ക്ക്‌ നിര്‍ദേശം നല്‌കിയിരുന്നു. ഒഡീസിയൂസ്‌ മോചിതനായി ഒരു നൗകയില്‍ യാത്രയായി. എന്നാല്‍ ഇദ്ദേഹത്തിന്റെ ശത്രുവായ പോസിഡോണ്‍ കൊടുങ്കാറ്റുമൂലം നൗകയെ ഫീഷ്യന്‍ തീരത്ത്‌ എത്തിച്ചു. അവിടത്തെ രാജാവായ ആല്‍സിനോസിന്റെ പുത്രിയായ നാസിക്ക ഒഡീസിയൂസിനെ കാണാനിടയായി. രാജകുമാരി ഇദ്ദേഹത്തെ കൊട്ടാരത്തില്‍ കൂട്ടിക്കൊണ്ടുപോയി സത്‌കരിച്ചു. സൗഹൃദസംഭാഷണത്തിനിടയില്‍ ഒഡീസിയൂസിനെ തിരിച്ചറിഞ്ഞ രാജാവ്‌ നാട്ടിലെത്താന്‍ സഹായിക്കാമെന്നു വാഗ്‌ദാനം ചെയ്‌തു. രാജാവിന്റെ നിര്‍ബന്ധപ്രകാരം ഒഡീസിയൂസ്‌ തന്റെ കഥ വിവരിച്ചു. അത്‌ ഇങ്ങനെയായിരുന്നു.

ട്രാജന്‍ യുദ്ധത്തിനുശേഷം ഇലിയത്തില്‍ നിന്നു യാത്ര തിരിച്ച ഒഡീസിയൂസ്‌ സിക്കോണ്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നു. പിന്നീട്‌ ഒരു കൊടുങ്കാറ്റില്‍പ്പെട്ട്‌ ഇദ്ദേഹം "സ്വപ്‌നജീവികളുടെ നാട്ടില്‍' ചെന്നെത്തി. അവിടെനിന്നും വീണ്ടും യാത്ര പുറപ്പെട്ട ഒഡീസിയൂസും സംഘവും ഒറ്റക്കണ്ണന്മാരായ രാക്ഷസന്മാരുടെ സങ്കേതത്തിലാണ്‌ ചെന്നുപെട്ടത്‌. അനുചരന്മാരില്‍ പന്ത്രണ്ടുപേര്‍ ഒരു രാക്ഷസന്‌ ആഹാരമായിത്തീര്‍ന്നുവെങ്കിലും ഇദ്ദേഹം തന്ത്രപൂര്‍വം രക്ഷപ്പെട്ടു. തന്നെ ആക്രമിക്കാനെത്തിയ രാക്ഷസന്റെ കണ്ണ്‌ കുത്തിപ്പൊട്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ഒഡീസിയൂസ്‌ തന്റെ പേരു വെളിപ്പെടുത്തിയത്‌ കൂടുതല്‍ അപകടത്തിനിടയാക്കി. തന്റെ ശത്രുവായ പോസിഡോണിന്റെ മകനായിരുന്നു ഈ രാക്ഷസന്‍.

കാറ്റിന്റെ അധിദേവതയായ എയിലസിന്റെ സങ്കേതമായ എയോലിയോ ദ്വീപിലാണ്‌ ഒഡീസിയൂസ്‌ പിന്നീട്‌ എത്തിച്ചേര്‍ന്നത്‌. എയ്‌ലസ്‌ ദയാപൂര്‍വം പെരുമാറുകയും അടച്ചുപൂട്ടിയ ഒരു സഞ്ചി നല്‌കുകയും ചെയ്‌തു. വിഷവാതകം നിറച്ച ഒരു മാന്ത്രികസഞ്ചിയായിരുന്നു അത്‌. കൊടുങ്കാറ്റുണ്ടായാല്‍ അതിനെതിരായി ഈ വിഷവാതകം തുറന്നുവിട്ട്‌ രക്ഷനേടാന്‍ സഹായകമായിരുന്ന ഈ സഞ്ചിയില്‍ വിലപ്പെട്ട നിധികള്‍ ആണെന്നു തെറ്റിദ്ധരിച്ച കപ്പല്‍ജോലിക്കാര്‍ സഞ്ചി തുറന്നു. ഉടന്‍തന്നെ ചീറിയടിച്ച കൊടുങ്കാറ്റില്‍പ്പെട്ട്‌ ഒഡീസിയൂസിന്റെ കപ്പല്‍ മറ്റൊരു ദ്വീപില്‍ ചെന്നെത്തി. അര്‍ധമനുഷ്യാകൃതി പൂണ്ട പിശാചുക്കളുടെ സങ്കേതമായിരുന്നു അത്‌. അനുചരന്മാരില്‍ പലരെയും പിശാചുക്കള്‍ പിടിച്ചുഭക്ഷിച്ചു. ഒഡീസിയൂസും അവശേഷിച്ച സംഘാംഗങ്ങളും വീണ്ടും യാത്ര പുറപ്പെട്ടു. പിന്നെ കപ്പല്‍ അടുത്തത്‌ ഒരു പറ്റം മന്ത്രവാദികളുടെ ദ്വീപിലാണ്‌. അവര്‍ കപ്പല്‍ ജോലിക്കാരെയെല്ലാം പന്നികളാക്കി മാറ്റി. എന്നാല്‍ ഒഡീസിയൂസ്‌ തനിക്കു ഹെര്‍മസില്‍ നിന്നു ലഭിച്ചിരുന്ന ഒരു ഓഷധിയുടെ സഹായത്താല്‍ മന്ത്രവാദശക്തിയെ അതിജീവിക്കുകയും സഹയാത്രികരെ തിരികെ മനുഷ്യരൂപത്തിലാക്കുകയും ചെയ്‌തു. ഒഡീസിയൂസിന്റെ കഴിവില്‍ മതിപ്പുതോന്നിയ മന്ത്രവാദികള്‍ അയാള്‍ക്ക്‌ ഒരു ഉപദേശം നല്‌കി. അന്ധനായ തീബന്‍ പ്രവാചകന്‍ തൈരീഷ്യസുമായി ആലോചിക്കാതെ യാത്ര തുടരാന്‍ പാടില്ല എന്നതായിരുന്നു ഉപദേശം. ഒഡീസിയൂസ്‌ കടല്‍പ്പുറത്ത്‌ ഒരു വലിയ കുഴിയുണ്ടാക്കി. അതില്‍ ആടുകളെ ബലിയര്‍പ്പിച്ചപ്പോള്‍ തൈരീഷ്യസ്‌ പ്രത്യക്ഷപ്പെട്ടു. സൂര്യദേവന്റെ നാട്ടിലൂടെ പോകുമ്പോള്‍ അപകടമുണ്ടാവുമെന്ന്‌ തൈരീഷ്യസ്‌ മുന്നറിയിപ്പു നല്‍കി.

യാത്ര തുടര്‍ന്ന ഒഡീസിയൂസ്‌ സിറന്‍സ്‌ എന്ന ദ്വീപിനു സമീപത്തുകൂടി കപ്പലോടിക്കുവാന്‍ നിര്‍ബന്ധിതനായി. ശബ്‌ദമാധുര്യംകൊണ്ട്‌ യാത്രക്കാരെ ആകര്‍ഷിക്കുകയും അങ്ങനെ അവര്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ പാറകളില്‍ തട്ടിത്തകര്‍ന്നു മരണത്തിനിടവരുത്തുകയും ചെയ്യുന്ന ഒരുപറ്റം അദ്‌ഭുതസ്‌ത്രീകളുടെ ആവാസകേന്ദ്രമായിരുന്നു ആ ദ്വീപ്‌. സഹയാത്രികരുടെ കാതുകള്‍ മെഴുകുകൊണ്ട്‌ അടയ്‌ക്കുകയും പായ്‌മരത്തില്‍ സ്വയം ബന്ധിച്ചുനിര്‍ത്തുകയും ചെയ്‌തതുകൊണ്ട്‌ ഒഡീസിയൂസ്‌ രക്ഷപ്പെട്ടു. തുടര്‍ന്നുള്ള യാത്ര ഒരു കടലിടുക്കിലൂടെയായിരുന്നു. സില്ല എന്ന ഭീകരജീവിയുടെയും കാരിബ്‌ഡിസ്‌ എന്ന ആപത്‌കരമായ കടല്‍ച്ചുഴിയുടെയും മധ്യേകൂടി കടന്നുപോയപ്പോള്‍ സംഘാംഗങ്ങളില്‍ ആറുപേര്‍ അപകടത്തിലായി. പക്ഷേ, യാത്ര പിന്നെയും തുടര്‍ന്ന്‌ സൂര്യദേവനായ ഹൈപ്പീറിയന്റെ നാട്ടില്‍ എത്തിച്ചേര്‍ന്നു. വിശന്നു തളര്‍ന്നിരുന്ന സംഘാംഗങ്ങള്‍ ഹൈപ്പീറിയന്റെ ഏതാനും പശുക്കളെ കശാപ്പുചെയ്‌തു. ഇതില്‍ കുപിതനായ ഹൈപ്പീറിയന്‍ ഒരു കൊടുങ്കാറ്റുയര്‍ത്തിവിട്ട്‌ ഒഡീസിയൂസിന്റെ കപ്പല്‍ തകര്‍ത്തുകളഞ്ഞു. അനുചരന്മാര്‍ എല്ലാം മുങ്ങിമരിച്ചു. തിരച്ചാര്‍ത്തിലൂടെ ഒഴുക്കപ്പെട്ട ഒഡീസിയൂസ്‌ മാത്രം കാലിപ്‌സോയുടെ ദ്വീപായ ഒഗീഗയയുടെ തീരത്തു ചെന്നടിഞ്ഞു.

കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ രാജാവ്‌ ഒഡീസിയൂസിനു നിരവധി സമ്മാനങ്ങള്‍ നല്‌കി. രാജാവ്‌ ഏര്‍പ്പെടുത്തിക്കൊടുത്ത ഒരു കപ്പലില്‍ ഇദ്ദേഹം ജന്മദേശമായ ഇത്താക്കയില്‍ തിരിച്ചെത്തി.

ഇതിനുശേഷം തന്റെ ഭാര്യയായ പെനിലോപ്പിയെ മോഹിച്ചെത്തിയവരോട്‌ അഥീനദേവതയുടെ സഹായത്താല്‍ ഒഡീസിയൂസ്‌ പകരം വീട്ടുന്നു. ഒഡീസിയൂസ്‌ വിവാഹാര്‍ഥികളെ നിഗ്രഹിക്കുകയും ദീര്‍ഘകാലത്തെ വിരഹത്തിനുശേഷം ഭാര്യയുമായി സന്ധിക്കുകയും ചെയ്യുന്നു.

"ധീരതയുടെ കാവ്യ'മായ ഇലിയഡും "വിവേകത്തിന്റെ വീരഗാഥ'യായ ഒഡീസിയും പില്‌ക്കാലത്തുള്ള സാഹിത്യകാന്മാരെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌. ഒഡീസി മലയാളത്തിലേക്ക്‌ അതേപേരില്‍ സി. മാധവന്‍പിള്ള വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

(ബി. രഘുനാഥനായര്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%A1%E0%B5%80%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍