This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റണി, മാർക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:44, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്റണി, മാർക്ക്‌

Anthony, Mark

മാര്‍ക്ക്‌ ആന്റണി

റോമന്‍ വാഗ്മിയും യോദ്ധാവും. ബി.സി. 83-നോടടുപ്പിച്ച്‌ ജനിച്ചു. പിതാവിന്റെയും പിതാമഹന്റെയും പേര്‌ മാര്‍ക്ക്‌ ആന്റണി എന്നുതന്നെയായിരുന്നു. അന്റോണിയസ്‌ മാര്‍ക്കസ്‌ എന്ന പേരിലും അറിയപ്പെടുന്ന അദ്ദേഹം ഈജിപ്‌ത്‌, സിറിയ എന്നീ രാജ്യങ്ങളിലെ സൈന്യസേവനത്തിലൂടെ പ്രശസ്‌തനായിത്തീര്‍ന്നു. കുറച്ചുകാലം ജൂലിയസ്‌ സീസറുമായി അഭിപ്രായഭിന്നതയിലായിരുന്നു; എങ്കിലും പിന്നീട്‌ അവര്‍ ഉറ്റമിത്രങ്ങളായിത്തീര്‍ന്നു. ബി.സി. 44-ല്‍ ആന്റണി കോണ്‍സലായി. ജൂലിയസ്‌ സീസറെ ബ്രൂട്ടസ്‌ പ്രഭൃതികള്‍ വധിച്ചപ്പോള്‍ ഘാതകന്മാര്‍ക്കെതിരെ റോമന്‍ജനതയെ അണിനിരത്താന്‍ ആന്റണിക്കു കഴിഞ്ഞത്‌ തന്റെ പ്രഭാഷണചാതുരികൊണ്ടായിരുന്നു. സീസറിന്റെ വധത്തെത്തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന അഗസ്റ്റസിനെ (ഒക്‌ടേവിയന്‍) ആദ്യകാലങ്ങളില്‍ ആന്റണി ഇഷ്‌ടപ്പെട്ടിരുന്നില്ല. സെനറ്റംഗങ്ങളുടെ സഹായത്തോടെ ബി.സി. 43-ല്‍ മ്യൂട്ടിനയില്‍ വച്ച്‌ അഗസ്റ്റസ്‌ ആന്റണിയെ തോല്‌പിച്ചു; അതിനെത്തുടര്‍ന്ന്‌ അവര്‍ രഞ്‌ജിപ്പിലെത്തി. അഗസ്റ്റസും ആന്റണിയും ലെപ്പിഡസും കൂടിച്ചേര്‍ന്ന ത്രിനായകനേതൃത്വം റോം ഭരിക്കാന്‍ തുടങ്ങി. ലെപ്പിഡസിന്റെ നിര്യാണാനന്തരം റോമന്‍ഭരണം ആന്റണിയുടെയും അഗസ്റ്റസിന്റെയും കരങ്ങളിലായി. ബി.സി. 43 മുതല്‍ 33 വരെ ഈ ഭരണം നിര്‍വിഘ്‌നം നിലനിന്നു. ആന്റണിയും അഗസ്റ്റസും കൂടി ഫിലിപ്പിയുദ്ധത്തില്‍ (ബി.സി. 42) ബ്രൂട്ടസിനെയും കാഷ്യസിനെയും തോല്‌പിച്ചു. ആന്റണി റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളും അഗസ്റ്റസ്‌ പടിഞ്ഞാറന്‍ പ്രദേശങ്ങളുമാണ്‌ ഭരിച്ചിരുന്നത്‌. ഈ കാലഘട്ടത്തിലാണ്‌ ആന്റണി വിശ്വസുന്ദരിയായ ക്ലിയോപാട്രയെ കണ്ടെത്തിയതും പ്രേമിച്ചതും.

മാര്‍ക്ക്‌ ആന്റണിയുടെ ആദ്യഭാര്യയായ ഫാല്‍വിയ അന്തരിച്ചതിനെത്തുടര്‍ന്ന്‌ അഗസ്റ്റസിന്റെ സഹോദരിയായ ഒക്‌ടോവിയയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ വിവാഹം മൂലം ആന്റണിയും അഗസ്റ്റസും (ഒക്‌ടേവിയനും) തമ്മിലുള്ള ബന്ധം സുദൃഢമാവുകയും ആന്റണി കിഴക്കന്‍ പ്രാവിന്‍സുകളിലെ യഥാര്‍ഥഭരണാധികാരിയായിത്തീരുകയും ചെയ്‌തു. മെസപ്പൊട്ടേമിയയിലെ പാര്‍ഥിയന്മാരുമായി ആന്റണി യുദ്ധത്തിലേര്‍പ്പെട്ടെങ്കിലും വിജയിച്ചില്ല. അധികം താമസിയാതെ ആന്റണിയും അഗസ്റ്റസും തമ്മില്‍ മത്സരിക്കാനിടയായി; ബി.സി. 37-ല്‍ സെനറ്റ്‌ വീണ്ടും ആന്റണിക്കു കിഴക്കന്‍ പ്രദേശങ്ങള്‍ ഭരിക്കാന്‍ അവകാശം നല്‌കി. പക്ഷേ, ക്ലിയോപാട്രയുമായുള്ള സമ്പര്‍ക്കവും അഗസ്റ്റസുമായുള്ള അകല്‍ച്ചയും മൂലം സെനറ്റ്‌ പിന്നീട്‌ ആന്റണിക്കെതിരായി തിരിഞ്ഞു. ആന്റണി ക്ലിയോപാട്രയ്‌ക്ക്‌ ചില ഭൂഭാഗങ്ങള്‍ കാഴ്‌ചവച്ചത്‌ സെനറ്റിനെ കൂടുതല്‍ ചൊടിപ്പിച്ചു. ഇതിനെത്തുടര്‍ന്ന്‌ സെനറ്റ്‌ ക്ലിയോപാട്രയ്‌ക്കും ആന്റണിക്കും എതിരായി യുദ്ധം പ്രഖ്യാപിച്ചു. ആന്റണിയും ക്ലിയോപാട്രയും വമ്പിച്ച സൈന്യസന്നാഹത്തോടെ ഗ്രീസിന്റെ പശ്ചിമഭാഗത്തുള്ള ആക്‌റ്റിയത്തില്‍ നിലയുറപ്പിച്ചു. ഇറ്റലി ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഒക്‌ടേവിയനും അഗ്രിപ്പയും കൂടി ആക്‌റ്റിയത്തില്‍ വച്ചുതന്നെ ആന്റണി-ക്ലിയോപാട്രമാരുടെ സൈന്യത്തെ തടഞ്ഞുനിറുത്തി. ബി.സി. 31-ലെ നാവിക യുദ്ധത്തെത്തുടര്‍ന്ന്‌ ആന്റണിയും ക്ലിയോപാട്രയും ഈജിപ്‌തിലേക്കു കടന്നു. അഗസ്റ്റസ്‌ അവരെ പിന്തുടര്‍ന്ന്‌ ഈജിപ്‌തിലെത്തി (ബി.സി. 30). ക്ലിയോപാട്ര മരിച്ചുപോയി എന്ന കിംവദന്തിയെത്തുടര്‍ന്ന്‌ ആന്റണി ആങ്ങഹത്യ ചെയ്‌തു. ആന്റണിയുടെ വീരസാഹസികകൃത്യങ്ങളെ ആസ്‌പദമാക്കി ആന്റണിയും ക്‌ളിയോപാട്രയും, ജൂലിയസ്‌ സീസര്‍ എന്നീ കൃതികള്‍ ഷെയ്‌ക്‌സ്‌പിയറും, എല്ലാം പ്രമത്തിനുവേണ്ടി (All For Love) എന്ന കാവ്യം ഡ്രഡനും രചിച്ചിട്ടുണ്ട്‌. നോ: അഗസ്റ്റസ്‌; അഗ്രിപ്പ്‌: ക്‌ളിയോപാട്ര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍