This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർമക്കുറിപ്പുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:30, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓര്‍മക്കുറിപ്പുകള്‍

Memoirs

വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികളെക്കുറിച്ചോ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള സുപ്രധാന സംഭവങ്ങളെക്കുറിച്ചോ സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തിഗതമായി എഴുതുന്നതാണ്‌ ഓർമക്കുറിപ്പുകള്‍ (Memoirs). സെ്‌മരണകള്‍, ഡയറിക്കുറിപ്പുകള്‍, കത്തുകള്‍ എന്നിവയെപ്പോലെ ആത്മകഥകളുമായി കൂട്ടിയിണക്കുന്ന കണ്ണികളാണ്‌ ഓർമക്കുറിപ്പുകളും. എല്ലാ ആത്മകഥകളിലും ഓർമക്കുറിപ്പുകളുടെ ഒരംശം ഉണ്ടായിരിക്കും. ആത്മകഥയിൽനിന്ന്‌ അതിനെ വേർതിരിക്കുന്ന ഘടകങ്ങള്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടുവാന്‍ എളുപ്പമല്ല.

"വ്യക്തികളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ സ്വന്തം അനുഭവം വച്ചുകൊണ്ട്‌ എഴുതുന്നത്‌, പൊതുകാര്യങ്ങളെക്കുറിച്ച്‌ സ്വന്തം നിലയിൽ രേഖപ്പെടുത്തുന്നത്‌' എന്നൊക്കെ ഓർമക്കുറിപ്പുകള്‍ക്ക്‌ നിർവചനം നല്‌കപ്പെട്ടിട്ടുണ്ട്‌. ഓർമക്കുറിപ്പുകളിലെ കേന്ദ്രബിന്ദു എഴുതുന്നയാളല്ല, സ്‌മരിക്കപ്പെടുന്നയാളോ സംഭവമോ ആയിരിക്കും.

എഴുത്തുകാരന്‍ സ്‌മരിക്കുന്ന ആളാകയാൽ അയാള്‍ക്കും അതിൽ ഒരു പ്രധാനസ്ഥാനം ലഭിക്കുന്നു. അയാളുടെ വ്യാപാരപരിധിയുടെ സ്വഭാവമനുസരിച്ച്‌ രാഷ്‌ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ അനേകം നിഗൂഢവസ്‌തുതകള്‍ അതിൽ പ്രതിഫലിക്കും. ജീവചരിത്രവും ചരിത്രവും രചിക്കുന്നതിനു സഹായിക്കുന്ന രേഖകളെന്ന നിലയ്‌ക്കും ഓർമക്കുറിപ്പുകള്‍ക്കു പ്രാധാന്യമുണ്ട്‌. പക്ഷേ, അതിലെ പക്ഷപാതപരമായ അഭിപ്രായങ്ങളും വിലയിരുത്തലുകളും വഴിതെറ്റിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം. പക്ഷപാതവും മുന്‍വിധിയും പാടെ ഒഴിവാക്കിക്കൊണ്ട്‌ ആത്മനിഷ്‌ഠമായി എഴുതാന്‍ കഴിയില്ല എന്നതും സത്യമാണ്‌. ഒരു പരിധിവരെ അതൊക്കെത്തന്നെയാണ്‌ ഓർമക്കുറിപ്പുകളെ ആസ്വാദ്യമാക്കുന്നതും. അവ്യക്തമായ ഓർമകളും സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങളും അത്യുക്തികൊണ്ടുള്ള നിറപ്പകിട്ടും ചരിത്രവസ്‌തുതകളായി പരിണമിച്ചുകൂടാ എന്നേയുള്ളൂ.

ആദ്യകാല മാതൃകകളും വികാസവും. ഗ്രീക്കുചരിത്രകാരനായ സെനെഫോണ്‍ (ക്രി.മു. 430-359) സോക്രട്ടീസിനെക്കുറിച്ച്‌ എഴുതിയിട്ടുള്ള മെമ്മോറാബിലിയ ആണ്‌ ആദ്യത്തെ ഓർമക്കുറിപ്പുകള്‍ എന്നു കണക്കാക്കുന്നു. പ്രശസ്‌ത റോമന്‍ വാഗ്മിയായിരുന്ന സിസെറൊ (ക്രി.മു. 106-43) സഹോദരനായ ക്വിന്റസിന്‌ അയച്ച എഴുത്തുകളും ജൂലിയസ്‌ സീസർ (ക്രി.മു. 100-44) തന്റെ സൈനിക പരാക്രമങ്ങളെക്കുറിച്ച്‌ എഴുതിയ കമെന്ററി (വ്യാഖ്യാനങ്ങള്‍)യും ഈ ശാഖയിൽപ്പെടുത്താവുന്ന ആദ്യകാലകൃതികളാണ്‌. ഇന്ത്യയെ ആക്രമിച്ച മധ്യേഷ്യന്‍ ജേതാവായ തിമൂറി (1336-1405)ന്റെ സ്‌മരണകള്‍ മൽഫുസാത്‌ എന്ന പേരിൽ പേർഷ്യന്‍ ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ മുഗള്‍വംശം സ്ഥാപിച്ച ബാബർ ചക്രവർത്തി (1483-1530) പേർഷ്യനിൽ എഴുതിയ സ്‌മരണകള്‍ (ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന കൈയെഴുത്തുപ്രതി) എഫ്‌.ജി. താൽബോട്ട്‌ 1974-ൽ പ്രസാധനം ചെയ്‌തു. ഇറ്റാലിയന്‍ ശില്‌പിയും ഗ്രന്ഥകാരനുമായ ബെന്‍വെനിറ്റൊ സെല്ലിനി(1500-71)യുടെ ഓർമക്കുറിപ്പുകള്‍ 1952-ൽ പുനഃപ്രകാശനം ചെയ്യുകയുണ്ടായി. ഫ്രഞ്ച്‌ ഭാഷയിൽ സേംസിമോം (1675-1755) എഴുതിയ ഓർമക്കുറിപ്പുകള്‍ ലൂയി തകഢ-ന്റെ അരമന രഹസ്യങ്ങളുടെ കണ്ണാടിയാണ്‌. അതേ കാലഘട്ടത്തിൽത്തന്നെ ആന്‍ദ്രത്രീഷ്‌ രാജ്ഞിയെ സംബന്ധിച്ച്‌ മദാം ദ്‌ മോത്ത്‌ വിന്‍ രചിച്ച സ്‌മരണകള്‍ ഫ്രാന്‍സിലെ അന്നത്തെ രാഷ്‌ട്രീയ, സാമൂഹിക സംഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഓർമക്കുറിപ്പുകള്‍ പ്രസ്ഥാനമെന്ന നിലയിൽ വികസിച്ചത്‌ 18-ാം ശതകത്തിലാണ്‌. നടനും എഴുത്തുകാരനുമായിരുന്ന റ്റോമസ്‌ ഹോള്‍ക്രാഫ്‌റ്റി (1745-1809)ന്റെ മെംവാസ്‌, വില്യം ഹിക്കി (1749-1830)യുടെ മെംവാസ്‌ ഒഫ്‌ എ ലായർ (നാലു ഭാഗങ്ങള്‍), ശില്‌പിയും കലാകാരനുമായിരുന്ന റ്റോമസ്‌ ബെവിക്കി (1753-1828)ന്റെ മെംവാർ, ജനോപകാരിയായിരുന്ന റ്റോമസ്‌ ബക്‌സ്റ്റനി (1786-1845) ന്റെ മെംവാസ്‌, ചാള്‍സ്‌ ലെസ്ലി (1794-1859)യുടെ മെംവാസ്‌ ഒഫ്‌ ദ്‌ ലൈഫ്‌ ഒഫ്‌ ജോണ്‍ കോണ്‍സ്റ്റബിള്‍ (ചിത്രകാരന്‍), ലിറ്റണ്‍ സ്റ്റ്രാച്ചി പ്രസാധനം ചെയ്‌ത ചാള്‍സ്‌ ഗ്രവിലി (1794-1865)യുടെ മെംവാസ്‌ (8 വാല്യം) എന്നിവ അക്കാലത്ത്‌ ഈയിനത്തിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയങ്ങളായ കൃതികളാണ്‌. വിശ്വസാഹിത്യത്തിൽ സ്ഥാനം കരസ്ഥമാക്കിയ ചില ഓർമക്കുറിപ്പുകളും ആ കാലഘട്ടത്തിൽ രചിക്കപ്പെടുകയുണ്ടായി. റ്റോമസ്‌ ഡിക്വിന്‍സി(1785-1865)യുടെ റെമിനിസെന്‍സസ്‌ ഒഫ്‌ ദി ഇംഗ്ലീഷ്‌ ലേക്ക്‌ പോയറ്റസ്‌, എഡ്‌വേർഡ്‌ ട്രലാണി (1792-1881)യുടെ റിക്കളക്ഷന്‍സ്‌ ഒഫ്‌ ദ്‌ ലാസ്റ്റ്‌ ഡെയ്‌സ്‌ ഒഫ്‌ ഷെല്ലി ആന്‍ഡ്‌ ബൈറന്‍, റ്റോമസ്‌ കാർലൈലി (1795-1859)ന്റെ റെമിനിസെന്‍സസ്‌-പെന്‍ പോർട്രയിറ്റ്‌സ്‌ ഒഫ്‌ ലിറ്റററി കോണ്‍ടംപററീസ്‌, ലെയ്‌ ആസ്റ്റി (1798-1874)ന്റെ എ മെംവാർ ഒഫ്‌ ഡെയ്‌ന്‍ ആസ്റ്റിന്‍ എന്നിവ അക്കൂട്ടത്തിൽപ്പെടുന്നു.

വിശ്രുതമായ ആത്മനിഷ്‌ഠാപര രചനകള്‍കൊണ്ട്‌ മറ്റു പാശ്ചാത്യഭാഷകളും അക്കാലത്ത്‌ ഫലപുഷ്‌കലമായിരുന്നു. ഫ്രഞ്ച്‌ സാഹിത്യത്തിലെ പ്രതിഭാശാലിയായിരുന്ന ഷാതോബ്രിയാങ്ങി(1768-1849)ന്റെ മെമ്മ്വ ദൂത്ര്‌-തോം, പ്രശസ്‌ത നാടകകൃത്തും നോവലിസ്റ്റുമായ അലക്‌സാണ്ടർ ഡ്യൂമാ (1803-70)യുടെ മൈ മെമ്മ്വ (22 വാല്യം), മറ്റൊരു നോവലിസ്റ്റായ ഗുസ്‌താവ്‌ ഫ്‌ളാബറി (1821-80)ന്റെ മെമ്മ്വ ദൂന്‍ ഫൂ എന്നിവ മികച്ച കലാസൃഷ്‌ടികളാണ്‌. അന്നത്തെ ചില കുറ്റാന്വേഷണങ്ങളെയും വിചാരണകളെയും അനുസ്‌മരിച്ചുകൊണ്ട്‌ ഇ.എഫ്‌. വിഡോക്ക്‌ (1775-1829) എഴുതിയ ഓർമക്കുറിപ്പുകള്‍ യൂഗോ, ബൽസാക്ക്‌, ഡിക്കന്‍സ്‌, എഡ്‌ഗാർ അല്ലന്‍ പോ, കോനന്‍ ഡോയിൽ തുടങ്ങിയ സാഹിത്യകാരന്മാരെ വളരെ സ്വാധീനിച്ചിട്ടുണ്ട്‌.

ദാർശനികമായ സങ്കീർണതകളുടെ പശ്ചാത്തലത്തിൽ 19-ാം ശതകം മുതൽ അറിയപ്പെട്ടവരും അല്ലാത്തവരുമായ അനേകം എഴുത്തുകാർ വ്യക്തികളെയും സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ചുള്ള സമീപനങ്ങളും പ്രതികരണങ്ങളും ആഖ്യാനം ചെയ്യാന്‍ തുടങ്ങി. അക്കൂട്ടത്തിൽ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചിലരുടെ ഓർമക്കുറിപ്പുകള്‍ ഈ സാഹിത്യശാഖയിലെ മുതൽക്കൂട്ടുകളായി പരിണമിച്ചിട്ടുണ്ട്‌. ആഗാഖാന്‍ മൂന്നാമന്റെ (സുൽത്താന്‍ മുഹമ്മദ്‌ ഷാ, 1877-1957) മെംവാസ്‌, അന്ധജനക്ഷേമത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഹെലന്‍ കെല്ലറുടെ (1880-1967) ദ്‌ സ്റ്റോറി ഒഫ്‌ മൈ ലൈഫ്‌, അമേരിക്കന്‍ വ്യവസായ പ്രമുഖനായ ഹെന്‌റി ഫോർഡിന്റെ മൈ ലൈഫ്‌ ആന്‍ഡ്‌ വർക്ക്‌ (1922), ടുഡെയ്‌ ആന്‍ഡ്‌ ടുമോറോ (1926), ചിന്തകനും ജീവശാസ്‌ത്രജ്ഞനുമായ ജൂലിയന്‍ ഹക്‌സിലിയുടെ മെമ്മറീസ്‌ (1970), സാമ്പത്തിക ശാസ്‌ത്രപണ്ഡിതനായ ജോണ്‍ മെയ്‌നാർഡ്‌ കെയ്‌ന്‍സിന്റെ ടൂ മെംവാസ്‌ (1946) എന്നിവ അവരുടെ പ്രവർത്തനമേഖലകളിലെ അനുഭവങ്ങള്‍ വിവരിക്കുന്നവയാണ്‌.

രാഷ്‌ട്രീയരംഗത്തെ ഓർമക്കുറിപ്പുകളിൽ മഹത്തരമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ്‌ വിപ്ലവാചാര്യനായ ലെനിനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സഹധർമിണി നദേഷ്‌ദാ കോണ്‍സ്റ്റാന്റിനോവ്‌ ക്രൂപ്‌സ്‌കായ (1869-1939) എഴുതിയ അനുസ്‌മരണങ്ങള്‍. ജർമന്‍ സാമ്രാജ്യസ്ഥാപകനായ ബിസ്‌മാർക്കിന്റെ (1815-98) തോട്ട്‌സ്‌ ആന്‍ഡ്‌ മെമ്മറീസിൽ അദ്ദേഹത്തെക്കുറിച്ചും അക്കാലത്തെ സംഭവങ്ങളെക്കുറിച്ചും നല്‌കിയിട്ടുള്ള വിവരങ്ങള്‍ മുഴുവന്‍ ചരിത്രവസ്‌തുതകളാണ്‌. ദാർശനികനും സോഷ്യലിസത്തിന്റെ ഉപജ്ഞാതാവുമായ കാറൽ മാർക്‌സി(1818-1883)ന്റെ അനുസ്‌മരണങ്ങളും ആധുനിക ജോർദാന്റെ ശില്‌പിയായ ഇബ്‌നു ഹുസൈന്‌ഡ അബ്‌ദുല്ല(1882-1951)യുടെ സ്‌മരണകളും ഇറ്റലിയിലെ കമ്യൂണിസ്റ്റ്‌ നേതാവ്‌ അന്തോണിയോ ഗ്രാംഷി (1891-1937)യുടെ തടവറക്കുറിപ്പുകളും അനുവാചകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. വിന്‍സ്റ്റന്‍ ചർച്ചിലിന്റെ മെമ്മറീസ്‌ ഒഫ്‌ ദ്‌ സെക്കന്റ്‌ വോള്‍ഡ്‌ വാർ (1958), ചെക്ക്‌സ്ലോവാക്യന്‍ കമ്യൂണിസ്റ്റ്‌ നേതാവായ ജൂലിയസ്‌ ഫ്യൂചിക്ക്‌ മരണം കാത്തുകൊണ്ട്‌ ജയിലിൽ കിടന്ന്‌ എഴുതിയ നോട്‌സ്‌ ഫ്രം ദ്‌ ഗാലോസ്‌ (1943), റഷ്യന്‍ സൈനികമേധാവിയായിരുന്ന ജോർജി ഷുക്കോവിന്റെ മെംവാസ്‌ (1924), ഫ്രാന്‍സിലെ പ്രസിഡന്റായിരുന്ന ചാള്‍സ്‌ ദെ ഗോളിന്റെ മെംവാസ്‌ ഒഫ്‌ ഹോപ്‌ (1971) മുതലായവ പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും മികച്ചു നില്‌ക്കുന്നു.

സാംസ്‌കാരികമണ്ഡലത്തിലെ പ്രഗല്‌ഭമതികളായ പലരും തങ്ങളുടെ ജീവിതസ്‌മരണകളിലൂടെ സാഹിത്യത്തിനു മഹത്തായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. മെംവാസ്‌ ഒഫ്‌ എ വിക്‌ടോറിയന്‍ ജെന്റിൽമാന്‍ (വില്യം മേയ്‌ക്‌പീസ്‌ താക്കറെ, 1811-63), കണ്‍സഷന്‍സ്‌ ഒഫ്‌ എ യങ്‌ മാന്‍ (ജോർജ്‌ മൂർ, 1852-1953), സംതിങ്‌ ഒഫ്‌ മൈസെൽഫ്‌ (റുഡ്യാർഡ്‌ കിപ്ലിങ്‌, 1865-1936), മെംവാസ്‌ ആന്‍ഡ്‌ അഡ്‌വെന്‍ചേഴ്‌സ്‌ (ആർതർ കോനന്‍ ഡോയിൽ, 1924), റെമിനിസെന്‍സസ്‌ ഒഫ്‌ ല്യെഫ്‌ തള്‍സ്‌തായ്‌ (മക്‌സീം ഗോർകി, 1927), മെംവാസ്‌ ഒഫ്‌ ആന്‍ ഇഗോട്ടിസ്റ്റ്‌ (സ്റ്റെന്‍താഴ്‌, 1949), മെംവാസ്‌ ഒഫ്‌ ദ്‌ ലൈഫ്‌ ആന്‍ഡ്‌ റൈറ്റിങ്‌സ്‌ ഒഫ്‌ ഡോ. ജോണ്‍സണ്‍ (വില്യം ഷാ, 1964) മുതലായവയിൽ തത്‌കർത്താക്കളുടെ പ്രതിഭ തെളിഞ്ഞുകാണാം. ജോർജ്‌ ഓർവെലിന്റെ (1903-50) ഡൗണ്‍ ആന്‍ഡ്‌ ഔട്ട്‌ ഇന്‍ പാരിസ്‌ ആന്‍ഡ്‌ ലണ്ടന്‍, റഷ്യന്‍ സാഹിത്യകാരനായ ഇലിയ എഹ്‌റന്‍ബർഗിന്റെ (1891-1969) സ്‌മരണകള്‍, നോബൽ സമ്മാനം നേടിയ ചിലിയന്‍ കവി പാബ്ലൊ നെരൂദ (1904-73)യുടെ മെംവാസ്‌ എന്നിവ അവരുടെ സാഹിത്യസൃഷ്‌ടികള്‍പോലെ തന്നെ ഉത്‌കൃഷ്‌ടങ്ങളാണ്‌.

ഭാരതത്തിൽ. ഇംഗ്ലീഷ്‌ ഭാഷയുമായുള്ള സമ്പർക്കത്തോടുകൂടിയാണ്‌ ആത്മകഥ തുടങ്ങിയ സാഹിത്യരൂപങ്ങളോടൊപ്പം ഓർമക്കുറിപ്പുകളും ഇന്ത്യയിൽ രൂപം കൊള്ളുന്നത്‌. പാശ്ചാത്യവിദ്യാഭ്യാസസമ്പ്രദായം അതിന്റെ വികാസത്തിനു പ്രരകമായി ഭവിക്കുകയും ചെയ്‌തു. ഹിന്ദി സാഹിത്യകാരനായ ജൂഗൽസിങ്‌ ഖിചിയുടെ സ്വർണമയ്‌ സംസ്‌മരണ്‍ 1895-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി രബീന്ദ്രനാഥ ടാഗൂറിന്റെ ജീബന്‍ സ്‌മൃതി (1911)യാണ്‌ ബംഗാളിസാഹിത്യത്തിൽ ഈയിനത്തിലെ മുഖ്യകൃതി. അതു പിന്നീട്‌ ഇംഗ്ലീഷിലേക്കും ഇതര ഭാരതീയഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. മഹാത്മാഗാന്ധിയുടെ ആത്മകഥയായ സത്യനൊപ്രയോഗൊ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, 1922) ഏറെക്കുറെ സ്‌മരണകളുടെ സഞ്ചയികയാണ്‌. ഗുജറാത്തിയിൽത്തന്നെ നരസിംഹറാവു ദ്വിവേടിയയുടെ സ്‌മാരകമുകുർ (ഓർമയുടെ കണ്ണാടി, 1926), ഹിന്ദിയിൽ ബേണിപുരിയുടെ മീൽ കെപന്ഥർ (നാഴികക്കല്ലുകള്‍, 1961), ഹരിവംശറായ്‌ ബച്ചന്റെ നയെപുരാനെ ഝരോഖേ (പുതിയതും പഴയതുമായ ജനലുകള്‍, 1962), സുമിത്രാനന്ദന്‍ പന്തിന്റെ സംസ്‌മരണ്‍ ഔർ ശ്രദ്ധാഞ്‌ജലി (സ്‌മരണകളും ആദരാഞ്‌ജലികളും, 1965), മഹാദേവി വർമയുടെ പഥ്‌ കെ സാഥി (സഹയാത്രികർ, 1965) അസമിയയിൽ നാസർ അലിയുടെ മോർ ജീവനാർ കിച്ചു കഥ (1969), ഒഡിയയിൽ കാളിന്ദിചരണ്‍ പാണിഗ്രാഹിയുടെ അംഗെ ജാനാ നിവായീച്‌ ഛി (ഞാന്‍ സ്വയം അനുഭവിച്ചറിഞ്ഞത്‌, 1973), ബംഗാളിയിൽ ജ്ഞാനാത്മനാനന്ദയുടെ പുണ്യസ്‌മൃതി (1980) തുടങ്ങി വിവിധ ഭാരതീയഭാഷകളിലായി അനേകം ഓർമക്കുറിപ്പുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. എം. വിശ്വേശ്വരയ്യ (മെംവാസ്‌ ഒഫ്‌ മൈ വർക്കിങ്‌ ലൈഫ്‌, 1951), എം.എന്‍. റോയ്‌ (മെംവാസ്‌, 1954), വിജയലക്ഷ്‌മി പണ്ഡിറ്റ്‌ (പ്രിസണ്‍ഡെയ്‌സ്‌, ഹൗ ഐ ബിക്കെയിം എ മിനിസ്റ്റർ, 1958), സി.എന്‍. ചന്ദ്രചൂഡ്‌ (മെമ്മറീസ്‌ ഒഫ്‌ ആന്‍ ഇന്ത്യന്‍ ഡോക്‌ടർ, 1970), അഹ്ലുവാലിയ (ഹയർ ദാന്‍ എവറസ്റ്റ്‌: മെമ്മറീസ്‌ ഒഫ്‌ എ മൗണ്ടനിയർ, 1975), ധർമവീര (മെംവാസ്‌ ഒഫ്‌ എ സിവിൽ സെർവന്റ്‌, 1975), കെ.പി.എസ്‌. മേനോന്‍ (മെമ്മറീസ്‌ ആന്‍ഡ്‌ മ്യൂസിങ്‌സ്‌, 1979), രംഗസ്വാമി പാർഥസാരഥി (മെംവാസ്‌ ഒഫ്‌ എ ന്യൂസ്‌ എഡിറ്റർ, 1980), ജഗജിത്‌ സിങ്‌ (മെംവാസ്‌ ഒഫ്‌ എ മാത്തമാറ്റിഷ്യന്‍, 1980) തുടങ്ങിയവർ ഇംഗ്ലണ്ടിൽവച്ചാണ്‌ അവരുടെ ഓർമക്കുറിപ്പുകള്‍ എഴുതിയത്‌.

പാശ്ചാത്യസാഹിത്യങ്ങളുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചതോടെയാണ്‌ മലയാളത്തിലും ഓർമക്കുറിപ്പുകള്‍ എന്ന പ്രസ്ഥാനം ഉടലെടുത്തത്‌. ഈ ശാഖയിലെ ആദ്യത്തെ പുസ്‌തകം ആത്മകഥയും സ്‌മരണകളും ഇടകലർത്തി സ്വദേശാഭിമാനി കെ. രാമകൃഷ്‌ണപിള്ള എഴുതിയ എന്റെ നാടുകടത്തൽ (1912) ആണെന്നു പറയാം. എന്നാൽ രാമകൃഷ്‌ണപിള്ളയുമൊത്ത്‌ താന്‍ പങ്കിട്ട ജീവിതാനുഭവങ്ങള്‍ അനുസ്‌മരിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ പത്‌നി ബി. കല്യാണിയമ്മ എഴുതിയ ഹൃദയാവർജകമായ വ്യാഴവട്ടസ്‌മരണകള്‍ (1916) ഒരു ഗദ്യകാവ്യംപോലെ അനന്യമായി പരിലസിക്കുന്നു. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയുടെ സ്‌മരണമണ്ഡലം (1938), ഉള്ളൂർ. എസ്‌. പരമേശ്വരയ്യരുടെ സ്‌മരണമാധുരി (1951), ചേലനാട്ട്‌ അച്യുതമേനോന്റെ സ്‌മരണാഞ്‌ജലി (1952), ഐ.സി. ചാക്കോയുടെ ജീവിതസ്‌മരണകള്‍ (1957) തുടങ്ങി ജീവിതാനുഭവങ്ങളുടെ ഭാഗികമായ പ്രകാശനം ഉള്‍ക്കൊള്ളുന്ന ചില കൃതികള്‍ തുടർന്നു പുറത്തുവന്നുവെങ്കിലും ഫലിതസമ്രാട്ടായ ഇ.വി. കൃഷ്‌ണപിള്ളയുടെ ജീവിതസ്‌മരണകള്‍ (രണ്ടു ഭാഗങ്ങള്‍-1938, 1941) ആണ്‌ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്‌. ഒളിവും മറവും കൂടാതെ സ്വാനുഭവങ്ങള്‍ ഒരു ആത്മമിത്രത്തോട്‌ സംവേദിക്കുന്ന രീതിയിലാണ്‌ ഇതിലെ പ്രതിപാദനം.

എന്‍. ശ്രീകണ്‌ഠന്‍നായർ (എന്റെ അമ്മ, 1948), കെ.പി. കേശവമേനോന്‍ (മലയയുദ്ധകാലസ്‌മരണകള്‍, 1949), സി.വി. കുഞ്ഞുരാമന്‍ (ആശാന്‍ സ്‌മരണകള്‍, 1951), കെ. കേശവമേനോന്‍ (ഒരു കുറ്റാന്വേഷകന്റെ ഓർമക്കുറിപ്പുകള്‍, 1952), വി.എ. കേശവന്‍ നായർ (ഇരുമ്പഴിക്കുള്ളിൽ, 1954), ആർ. ഈശ്വരപിള്ള (സ്‌മരണകള്‍, 1956) തുടങ്ങിയവരുടെ സ്‌മരണകള്‍ അതാതു പ്രവർത്തന മണ്ഡലങ്ങളിലെ സത്യസന്ധവും ആത്മാർഥവുമായ അനുഭവവിവരണങ്ങളാണ്‌. തങ്ങളുടെ കാലഘട്ടത്തിലെ വിവിധ സാമൂഹിക, രാഷ്‌ട്രീയ സംഭവങ്ങളോടും പ്രസ്ഥാനങ്ങളോടും ഓർമക്കുറിപ്പുകളിലൂടെ പ്രതികരിച്ചവരാണ്‌ മന്നത്തു പദ്‌മനാഭന്‍ (എന്റെ ജീവിതസ്‌മരണിക, 1957), വി.ടി. ഭട്ടതിരിപ്പാട്‌ (കണ്ണീരും കിനാവും, 1959), എ.കെ. ഗോപാലന്‍ (എന്റെ പൂർവകാലസ്‌മരണകള്‍, 1959; ജനസേവനത്തിന്റെ അഗ്നിപരീക്ഷകള്‍, 1965), തോപ്പിൽഭാസി (ഒളിവിലെ ഓർമകള്‍, 1960), സി. അച്യുതമേനോന്‍ (സ്‌മരണയുടെ ഏടുകള്‍, 1963) മുതലായവർ.

സാഹിത്യ, സാംസ്‌കാരികരംഗങ്ങളിലെ ചലനങ്ങളിൽ കൊണ്ടും കൊടുത്തും പങ്കുകൊള്ളുകയും സാക്ഷ്യം വഹിക്കുകയും ചെയ്‌ത പലരും സ്വാനുഭവങ്ങളിലൂടെ അവയെ വിലയിരുത്തിക്കൊണ്ട്‌ എഴുതിയ സ്‌മരണകള്‍ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. കെ. വാസുദേവന്‍ മൂസ്സതിന്റെ മായാത്ത സ്‌മരണകള്‍ (1954), കെ.കെ. രാജായുടെ സ്‌മൃതിമാധുര്യം (1956), മിസ്സിസ്‌ എം.പി.പോളിന്റെ എം.പി.പോള്‍ (1957), പി. കേശവദേവിന്റെ എതിർപ്പ്‌ (1959), ജോസഫ്‌ മുണ്ടശ്ശേരിയുടെ കൊഴിഞ്ഞ ഇലകള്‍ (1960), എസ്‌.കെ. പൊറ്റക്കാട്ടിന്റെ എന്റെ വഴിയമ്പലങ്ങള്‍ (1965), പി.ജെ. ആന്റണിയുടെ എന്റെ നാടകസ്‌മരണകള്‍ (1968), പി. കുഞ്ഞിരാമന്‍ നായരുടെ എന്നെ തിരയുന്ന ഞാന്‍ (1969), കുറ്റിപ്പുഴ കൃഷ്‌ണപിള്ളയുടെ സ്‌മരണമഞ്‌ജരി (1969), റോസി തോമസിന്റെ ഇവന്‍ എന്റെ പ്രിയ സി.ജെ. (1970), വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമയുടെ അറകള്‍ (1973), എന്‍.വി. കൃഷ്‌ണവാരിയരുടെ ആദരാഞ്‌ജലികള്‍ (1974), ജി. ശങ്കരക്കുറുപ്പിന്റെ ഓർമയുടെ ഓളങ്ങള്‍ (1978), തകഴി ശിവശങ്കരപ്പിള്ളയുടെ ഓർമയുടെ തീരങ്ങളിൽ (1985) എന്നിങ്ങനെ മികച്ച സാഹിത്യകൃതികളായിത്തീർന്നിട്ടുള്ള അനേകം ഓർമക്കുറിപ്പുകള്‍ മലയാളസാഹിത്യത്തിനു ലഭിച്ചിട്ടുണ്ട്‌. ഡി.സി. കിഴക്കേമുറി, മാധവിക്കുട്ടി,

എം.ടി. വാസുദേവന്‍നായർ, ബാബുപോള്‍, സുകുമാർ അഴിക്കോട്‌ മുതലായവരുടെ ഓർമക്കുറിപ്പുകളാണ്‌ പിൽക്കാലത്ത്‌ ശ്രദ്ധേയമായവ.

വ്യക്തികളുടെയും സംഭവങ്ങളുടെയും സാമീപ്യാനുഭൂതി വായനക്കാരിലേക്കു സംക്രമിപ്പിക്കാന്‍ സഹായിക്കുന്ന ഓർമക്കുറിപ്പുകള്‍ ഒരു പ്രസ്ഥാനമെന്ന നിലയിൽ എല്ലാ പ്രധാന ഭാഷകളിലും വളർന്നു കഴിഞ്ഞിരിക്കുന്നു. ജീവിതഗന്ധിയായ എന്തും അതിന്റെ പ്രമേയമായി സ്വീകരിക്കപ്പെടുന്നുമുണ്ട്‌. പ്രതിപാദ്യത്തിലെ ഈ വൈവിധ്യമാണ്‌ മറ്റേതൊരു സാഹിത്യശാഖയെയും പോലെ ഓർമക്കുറിപ്പുകളെയും രസനീയമാക്കുന്നത്‌.

(റ്റി.ആർ. ഭട്ടതിരിപ്പാട്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍