This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഹരിവിപണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:13, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓഹരിവിപണി

Share Market

ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനികള്‍ മൂലധനസമാഹരണത്തിനുവേണ്ടി ഇറക്കുന്ന ഓഹരികളുടെ ക്രയവിക്രയം നടക്കുന്ന വേദിയാണ്‌ ഓഹരിവിപണി. ഒരു രാജ്യത്ത്‌ ധനവിഭവസമാഹരണം നടക്കുന്ന പ്രക്രിയയില്‍ നിക്ഷേപകരില്‍നിന്ന്‌ ധനം സമാഹരിക്കുന്ന വിപണിയെ പൊതുവായി ധനവിപണി(financial market) ) എന്നു പറയുന്നു. ധനവിപണിയെ നിക്ഷേപകാലയളവിനെ അടിസ്ഥാനമാക്കി മൂലധനവിപണി (capital market) എന്നും ഹ്രസ്വകാലവായ്‌പാ വിപണി (money market)എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹ്രസ്വകാലധനസമാഹരണവുമായി ബന്ധപ്പെട്ടത്‌ വായ്‌പാ വിപണിയും ദീര്‍ഘകാലധനസമാഹരണവുമായി ബന്ധപ്പെട്ടത്‌ മൂലധനവിപണിയുമാണ്‌. മൂലധനവിപണിയെ വീണ്ടും രണ്ടായി ഉപവിഭജനം നടത്താം. ഓഹരിവിപണി (share market)എന്നും ദീര്‍ഘകാലവായ്‌പാ വിപണി (debit market)എന്നുമാണ്‌ ഈ തരംതിരിക്കല്‍ നടത്തുക. എന്നാല്‍ പ്രായോഗികതലത്തില്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌ എന്നതിന്‌ ഓഹരിവിപണി എന്ന പ്രയോഗം സര്‍വസാധാരണമായിരിക്കുന്നു. ഇതുകൊണ്ടുതന്നെ ഓഹരികളും കമ്പനി കടപ്പത്രങ്ങളും സര്‍ക്കാര്‍ കടപ്പത്രങ്ങളും മ്യൂച്വല്‍ ഫണ്ടുകളും ഒക്കെ ഇപ്പോള്‍ വിശാലമായ തലത്തില്‍ ഓഹരിവിപണിയിലെ ക്രയവിക്രയ ഉപാധികളായി മാറിയിട്ടുണ്ട്‌. എങ്കിലും, ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനികളുടെ ഓഹരികളാണ്‌ ഓഹരിവിപണിയിലെ മുഖ്യഘടകം.

കൂട്ടുടമ സമ്പ്രദായത്തിലുള്ള ജോയിന്റ്‌സ്റ്റോക്ക്‌ കമ്പനിക്ക്‌ ഒരു സമ്പദ്‌വ്യവസ്ഥയുടെ വികസനവും പുരോഗതിയും നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താനാവും. ജനങ്ങളുടെ ഇടയില്‍നിന്നും അവരുടെ വലുതും ചെറുതുമായ സമ്പാദ്യം സമാഹരിച്ച്‌ വന്‍കിട വ്യവസായ-വാണിജ്യ-സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ട്‌ പോകുന്നതിനും കമ്പനികള്‍ക്ക്‌ കഴിയുന്നുവെന്നതാണ്‌ അതിനു കാരണം. സ്വാഭാവികമായും കൂട്ടുടമസമ്പ്രദായത്തിലുള്ള ജോയിന്റ്‌സ്റ്റോക്ക്‌ കമ്പനികളില്‍ നിരവധിപേര്‍ മൂലധനനിക്ഷേപകര്‍ എന്ന നിലയില്‍ ഉടമകളായി ഉണ്ടാകാം. കമ്പനിയുടെ മൊത്തം മൂലധനത്തുകയെ യൂണിറ്റുകളായി തിരിച്ച്‌ ഓരോ യൂണിറ്റിനെയും ഓഹരി(ഷെയര്‍) എന്നു വിളിക്കുന്നു. ഉദാഹരണമായി പത്തുലക്ഷം രൂപ മൂലധനമുള്ള ഒരു കമ്പനിയില്‍ പത്തുരൂപവിലയുള്ള ഒരു ലക്ഷം ഷെയറുകള്‍ ഉണ്ടാകും. ഇതുതന്നെ 100 രൂപ വിലയുള്ള 10,000 ഷെയറുകള്‍ എന്ന നിലയിലും ആകാം. കമ്പനികളില്‍ ഓഹരി നിക്ഷേപം നടത്തുന്നവര്‍ക്ക്‌, അംഗീകാരത്തിനു വിധേയമായി ഓഹരികള്‍ വിലകൂട്ടിയോ കുറച്ചോ വില്‌ക്കാനും ആകും.

ഓരോ ഓഹരി ഉടമയുടെയും ബാധ്യത അയാള്‍ എടുക്കുന്ന ഓഹരിത്തുകയില്‍ ക്ലിപ്‌തപ്പെടുത്തിയിരിക്കുന്നു. ഇതുകൊണ്ടാണ്‌ ജോയിന്റ്‌സ്റ്റോക്ക്‌ കമ്പനികളുടെ പേരിനൊപ്പം ലിമിറ്റഡ്‌ (ക്ലിപ്‌തം) എന്നു രേഖപ്പെടുത്താറുള്ളത്‌. ഇന്ത്യന്‍ കമ്പനി നിയമപ്രകാരം നിലവില്‍ വരുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ കമ്പനിക്ക്‌ അതിന്റെ അംഗങ്ങളായ ഓഹരിയുടമകളില്‍നിന്നും വ്യത്യസ്‌തമായ നിലനില്‌പുണ്ട്‌. അതായത്‌, ഓഹരിയുടമകള്‍ മാറുകയോ മരിക്കുകയോ പാപ്പരാവുകയോ ഉള്ള അവസ്ഥകള്‍ ഒന്നും ഒരു കമ്പനിയുടെ നിലനില്‍പ്പിനെയോ പ്രവര്‍ത്തനത്തെയോ ബാധിക്കുന്നില്ല. നിയമപ്രകാരം പിരിച്ചുവിടുന്നതുവരെ കമ്പനി നിലനില്‍ക്കുകതന്നെ ചെയ്യും.

ഇന്ത്യന്‍ കമ്പനി നിയമപ്രകാരം രണ്ടുതരം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാം. പൊതുക്ലിപ്‌ത(പബ്ലിക്‌ ലിമിറ്റഡ്‌) കമ്പനികളും സ്വകാര്യക്ലിപ്‌ത(പ്രവറ്റ്‌ ലിമിറ്റഡ്‌) കമ്പനികളുമാണവ. മൊത്തം അംഗസംഖ്യ അമ്പതില്‍ കവിയാത്തതും ഓഹരികള്‍ പുറത്തുനിന്നുള്ളവര്‍ക്ക്‌ കൈമാറ്റം ചെയ്യാനുള്ള അവകാശം ഓഹരിയുടമകള്‍ക്ക്‌ നല്‍കാത്തതുമായ കമ്പനികളാണ്‌ പ്രവറ്റ്‌ ലിമിറ്റഡ്‌ കമ്പനികള്‍. ഈ രണ്ടു നിയന്ത്രണങ്ങളും പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികള്‍ക്ക്‌ ബാധകമല്ല. ഇവ തമ്മിലുള്ള മറ്റൊരു വ്യത്യാസം പ്രവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയില്‍ കുറഞ്ഞ അംഗസംഖ്യ രണ്ടും പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയില്‍ കുറഞ്ഞ അംഗസംഖ്യ ഏഴും ആണ്‌. പ്രവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയില്‍ പേരിനൊപ്പം ലിമിറ്റഡ്‌ എന്നതിനുപുറമേ പ്രവറ്റ്‌ എന്നുകൂടി ചേര്‍ക്കേണ്ടതുണ്ട്‌.

ഒരു കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 51 ശതമാനത്തില്‍ കുറയാത്തഭാഗം കേന്ദ്രസര്‍ക്കാര്‍/സംസ്ഥാനസര്‍ക്കാര്‍/കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായോ ഒറ്റയ്‌ക്കോ ഉള്ള ഉടമസ്ഥതയില്‍ ആണെങ്കില്‍ ആ കമ്പനി സര്‍ക്കാര്‍ കമ്പനി എന്നാണ്‌ അറിയപ്പെടുക. രണ്ടുതരം ഓഹരികളാണ്‌ കമ്പനികള്‍ പുറപ്പെടുവിക്കാറുള്ളത്‌. സാധാരണ ഓഹരികള്‍ (ഇക്വിറ്റിഷെയറുകള്‍) മുന്‍ഗണനാ ഓഹരികള്‍ (പ്രിഫറന്‍സ്‌ ഷെയറുകള്‍) എന്നിവയാണവ. ഒരു നിശ്ചിതവരുമാനം ഇക്വറ്റി ഓഹരിയുടമകള്‍ക്ക്‌ ഉറപ്പില്ല. അതേസമയം, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന കമ്പനിയുടെ ഇക്വിറ്റിഷെയര്‍ ഉടമകള്‍ക്ക്‌ ഉയര്‍ന്ന നിരക്കിലുള്ള ലാഭവിഹിതം കിട്ടാം. ഇക്വിറ്റിഷെയറുകളുടെ വിലയെ സംബന്ധിച്ചിടത്തോളവും പ്രത്യേകതകളുണ്ട്‌. മുഖവില (ഫേസ്‌ വാല്യൂ) കമ്പനി വില്‍പ്പനവില (ഇഷ്യുപ്രസ്‌), കമ്പോളവില (മാര്‍ക്കറ്റ്‌ വാല്യൂ) എന്നുതുടങ്ങി പല സാങ്കേതികനാമങ്ങളും ഇതുമായി ബന്ധപ്പെട്ട്‌ പ്രയോഗത്തിലുണ്ട്‌. ഇക്വിറ്റി ഓഹരികള്‍ കമ്പനിയുടെ ഭരണഘടനയായ മെമ്മോറാണ്ടം ഒഫ്‌ അസോസിയേഷനില്‍ പറഞ്ഞിരിക്കുന്ന മുഖവിലയെക്കാള്‍ ഉയര്‍ന്ന വിലയ്‌ക്കോ (പ്രീമിയം) കുറഞ്ഞവിലയ്‌ക്കോ (ഡിസ്‌കൗണ്ട്‌) കമ്പനി ഇഷ്യുപ്രസ്‌ ആകാം. ലാഭം നേടാനുള്ള കമ്പനിയുടെ ശേഷി, ലാഭവിഹിതം, നഷ്‌ടസംഭാവ്യത, കമ്പനിയുടെ വലുപ്പം, യശസ്സ്‌, ഉത്‌പന്നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഓഹരിയുടെ കമ്പോളവില നിശ്ചയിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. തുടര്‍ച്ചയായി നഷ്‌ടം സംഭവിച്ചുകൊണ്ടിരിക്കുകയോ നഷ്‌ടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകുകയോ യശസ്സിന്‌ കോട്ടം തട്ടുകയോ ചെയ്‌താല്‍ ഓഹരിയുടെ കമ്പോളവില ഇടിയും എന്നു സാരം. ലാഭമുള്ള അവസരങ്ങളില്‍ മുന്‍കൂര്‍ നിശ്ചയിച്ച ശതമാനം ലാഭവിഹിതം ഇക്വിറ്റി ഓഹരികള്‍ ഉടമകളെക്കാള്‍ മുന്‍ഗണനയോടെ പ്രിഫറന്‍സ്‌ ഓഹരി ഉടമകള്‍ക്ക്‌ ലഭിക്കാം. എന്നാല്‍ തങ്ങളെ നേരിട്ട്‌ ബാധിക്കുന്ന വോട്ടെടുപ്പില്‍ മാത്രമേ പ്രിഫറന്‍സ്‌ ഓഹരിയുടമകള്‍ക്ക്‌ പങ്കെടുക്കാനാവൂ. ഇന്ത്യയില്‍ ഇപ്പോള്‍ പുതുതായി പ്രിഫറന്‍സ്‌ ഓഹരിക്കമ്പനികള്‍ പുറപ്പെടുവിക്കുന്നത്‌ അപൂര്‍വമായി മാറിയിട്ടുണ്ട്‌. ഇക്വിറ്റി ഓഹരിയുടമകളാണ്‌ കമ്പനിയുടെ വോട്ടവകാശമുള്ള ഉടമകള്‍ എന്നതുതന്നെ ഇതിന്‌ പ്രധാനകാരണം. വിപുലമായ മൂലധന സജ്ജീകരണം, ബാധ്യത ക്ലിപ്‌തപ്പെടുത്തല്‍, ഓഹരി കൈമാറ്റാവകാശം, നിയമസംരക്ഷണം, മെച്ചപ്പെട്ട ആദായം നേടാനുള്ള സാധ്യത, ജനാധിപത്യ വ്യവസ്ഥിതി തുടങ്ങിയ കമ്പനികളുടെ സവിശേഷതകള്‍ പൂര്‍ണമായ അളവില്‍ പ്രയോജനപ്പെടുത്താനാവുന്നതും ഇക്വിറ്റി ഓഹരിയുടമകള്‍ക്കാണ്‌.

പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികള്‍ക്ക്‌ മുടക്കുമുതല്‍ വര്‍ധിപ്പിക്കുന്നതിന്‌ ദീര്‍ഘകാല വായ്‌പയായി പൊതുജനങ്ങളില്‍ നിന്നും കടപ്പത്രം (ഡിബഞ്ചര്‍) ഇറക്കിയും, ഹ്രസ്വകാല-മധ്യകാല വായ്‌പയായി പൊതുനിക്ഷേപം (പബ്ലിക്‌ ഡെപ്പോസിറ്റ്‌) വഴിയും ധനസമാഹരണം നടത്താം.

ഓഹരികളുടെ വിപണനവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ തലത്തിലുള്ള വിപണികളുണ്ട്‌. കമ്പനികള്‍ മൂലധനം സ്വരൂപിക്കുന്നതിനുവേണ്ടി നേരിട്ട്‌ ഓഹരികള്‍ ഇറക്കുന്നതാണ്‌ ആദ്യവിപണി (പ്രമറി മാര്‍ക്കറ്റ്‌). ഈ വിപണിയില്‍ കമ്പനി, ബാങ്ക്‌, ദല്ലാളുകള്‍, നിക്ഷേപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ബാങ്കുകള്‍ വഴിയും ദല്ലാളുകള്‍ വഴിയുമാണ്‌ ആദ്യവിപണിയില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നത്‌. ആദ്യവിപണിയുടെ തുടര്‍ച്ചയാണ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഉള്‍പ്പെടുന്ന രണ്ടാം വിപണി (സെക്കണ്ടറി മാര്‍ക്കറ്റ്‌). ഓഹരിയുടമകള്‍ക്ക്‌ പണം ആവശ്യമായി വരുന്ന സാഹചര്യത്തിലോ, ലാഭം നേടാനുള്ള തരത്തില്‍ വില കൂടുതല്‍ അനുഭവപ്പെടുമ്പോഴോ, മറിച്ച്‌ സംഭവിക്കുമ്പോഴോ തന്റെ കൈവശമുള്ള ഓഹരികള്‍ ആവശ്യക്കാര്‍ക്ക്‌ വില്‍ക്കാനുള്ള വേദിയാണ്‌ രണ്ടാംവിപണി ഒരുക്കുന്നത്‌. കമ്പനി ഈ ക്രയവിക്രയത്തില്‍ നേരിട്ട്‌ ഇടപെടേണ്ടതില്ല. രണ്ടാംവിപണിയിലെ ശക്തികേന്ദ്രമായ സ്റ്റോക്ക്‌എക്‌സ്‌ചേഞ്ച്‌ ഓഹരിയുടമയ്‌ക്ക്‌ ഓഹരി വില്‍ക്കുവാനും ആവശ്യക്കാരന്‌ അത്‌ വാങ്ങുവാനുമുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു. ഒപ്പം, നിയമപരമായ സംരക്ഷണവും സുരക്ഷിതത്വവും ആ ഇടപാടുകളില്‍ ഉറപ്പുവരുത്തുന്ന സംവിധാനവുമാണ്‌ അംഗീകൃത സ്റ്റോക്ക്‌എക്‌സ്‌ചേഞ്ചുകള്‍.

ഓഹരിയുടമകളുടെ എണ്ണത്തില്‍ അമേരിക്കന്‍ ഐക്യനാടിനും ജപ്പാനും തൊട്ടുപിറകിലുള്ള സ്ഥാനം ഇന്ത്യയ്‌ക്കുണ്ട്‌. ഒരു വ്യക്തിതന്നെ ഒന്നിലധികം കമ്പനികളിലെ ഓഹരികള്‍ എടുത്തിട്ടുള്ളതുകൊണ്ട്‌ ഓഹരിയുടമകള്‍ ജനസംഖ്യയുടെ എത്രശതമാനം വരും എന്ന്‌ കൃത്യമായി പറയാന്‍ കഴിയുന്നില്ല. എന്നാല്‍, ഒരു ലക്ഷത്തില്‍ അധികം ഓഹരിയുടമകളുള്ള ധാരാളം കമ്പനികള്‍ ഇന്ത്യയിലുണ്ട്‌. മഹാരാഷ്‌ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട്‌, ഗുജറാത്ത്‌, ഡല്‍ഹി എന്നിവിടങ്ങളിലാണ്‌ രാജ്യത്തെ ഭൂരിപക്ഷം കമ്പനികളും കേന്ദ്രീകരിച്ചിട്ടുള്ളത്‌. ദേശീയതലത്തില്‍ കമ്പനികളുടെ മൊത്തം മൂലധനം നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ടുഭാഗം നിക്ഷേപവും ഈ സംസ്ഥാനങ്ങളിലെ കമ്പനികളിലാണ്‌ നടത്തിയിട്ടുള്ളത്‌.

ഓഹരികളില്‍ പണം നിക്ഷേപിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വാദഗതിയുണ്ട്‌. നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി ഓഹരികള്‍ക്ക്‌ ചില സവിശേഷതകളുണ്ടെന്നാണ്‌ ഈ വാദഗതിക്ക്‌ പിന്‍ബലം നല്‍കുന്നത്‌. സുരക്ഷിതത്വം, ഉയര്‍ന്ന വരുമാനം, എളുപ്പത്തില്‍ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന ഗുണം, മൂലധന മതിപ്പ്‌, ബോണസ്‌ ഷെയറുകള്‍, റൈറ്റ്‌ ഷെയറുകള്‍, വോട്ടിങ്ങിനുള്ള അവകാശം, ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഈടു നല്‍കി ലോണുകള്‍ എടുക്കാനുള്ള സൗകര്യം, കമ്പനികളില്‍നിന്നും ഓഹരിയുടമകള്‍ക്ക്‌ ലഭിക്കുന്ന സൗജന്യങ്ങള്‍ എന്നിവയാണ്‌ ഈ സവിശേഷതകള്‍. എന്നാല്‍, നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന ഈ സവിശേഷതകള്‍ എല്ലായ്‌പ്പോഴും ഒത്തുവന്നുവെന്നു വരില്ല. മാത്രമല്ല, മറ്റു നിക്ഷേപപദ്ധതികളില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടസംഭാവ്യതയുള്ളതും ഓഹരികള്‍ക്കുതന്നെ. സുരക്ഷിതത്വം, ഉയര്‍ന്നവരുമാനം, മൂലധനമതിപ്പ്‌ എന്നീ സങ്കല്‌പങ്ങള്‍ പാടെ തകിടം മറിഞ്ഞുവെന്നും വരാം.

സാമ്പത്തികനയം, നികുതിനിയമം, വിദേശവ്യാപാരനയം, വ്യവസായനയം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടയ്‌ക്കിടെ വരുത്തുന്ന മാറ്റങ്ങള്‍, ഉത്‌പന്നങ്ങളുടെ വിലയില്‍ വരുന്ന വ്യതിയാനങ്ങള്‍, കമ്പനി മാനേജ്‌മെന്റിലെ മാറ്റങ്ങള്‍, പുതിയ ഉത്‌പന്നങ്ങള്‍ വിപണിയില്‍ എത്തുന്നത്‌ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഓഹരിവില കുറയ്‌ക്കുന്നതിനും കൂട്ടുന്നതിനും പ്രത്യക്ഷത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌.

ഇതുകൊണ്ടുതന്നെ ഓഹരിവിപണിയില്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ ആഴത്തിലുള്ള വിശകലനങ്ങള്‍ നടക്കാറുണ്ട്‌. ബന്ധപ്പെട്ട കമ്പനിയുടെ പ്രവര്‍ത്തനം, വില്‌പന, ലാഭം, ലാഭവിഹിതം, ഉത്‌പന്നങ്ങളുടെ വിപണനസാധ്യത, ആസ്‌തികളുടെ വളര്‍ച്ച, മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യം തുടങ്ങിയ കാര്യങ്ങളാണ്‌ പ്രധാനമായും ശ്രദ്ധിക്കേണ്ടിവരിക. തുടര്‍ച്ചയായി വളര്‍ച്ച കാണിക്കുന്ന കമ്പനികളുടെ ഓഹരികള്‍ക്ക്‌ വന്‍പ്രിയം ഉണ്ടാകാറുണ്ട്‌. ഇന്ത്യയില്‍ ഓഹരിയുടമകള്‍ക്ക്‌ പരമാവധി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍തലത്തില്‍ നിന്നും പല നടപടികള്‍ എടുത്തിട്ടുണ്ട്‌. പല ഘട്ടങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പട്ടേല്‍ കമ്മിറ്റി, ദാവേകമ്മിറ്റി, ആബിദ്‌ ഹുസൈന്‍ കമ്മിറ്റി എന്നിവയുടെ റിപ്പോര്‍ട്ടുകളില്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ നിയമനടപടികള്‍ ഉണ്ടാകണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരികളും കടപ്പത്രങ്ങളും ഇറക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി നിലവിലുണ്ടായിരുന്ന സംവിധാനമായ കണ്‍ട്രാളര്‍ ഒഫ്‌ ക്യാപിറ്റല്‍ ഇഷ്യൂവിനെ നിര്‍ത്തലാക്കി 1988 ഏപ്രില്‍ മാസത്തില്‍ സെക്യുരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഒഫ്‌ ഇന്ത്യ (സെബി) സ്ഥാപിതമായി. കമ്പനി ഓഹരികളുടെ ഇഷ്യു, അലോട്ട്‌മെന്റ്‌, ലിസ്റ്റിങ്‌, ക്രയവിക്രയം തുടങ്ങി ഓഹരിവിപണിയിലെ ഇടപാടുകളുടെ മേല്‍നോട്ടം നടത്തുന്നതിനും നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുമാണ്‌ സെബി സ്ഥാപിക്കപ്പെട്ടത്‌. ഓഹരിവിപണയിലെ ഇടനിലക്കാരായ മര്‍ച്ചന്റ്‌ ബാങ്കുകള്‍, ബ്രാക്കര്‍മാര്‍ എന്നിവരുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു സെബിയെ ചുമതലപ്പെടുത്തി. 1992-ല്‍ സെബിക്ക്‌ കൂടുതല്‍ അധികാരം നല്‍കുകയും ഘടനയില്‍ ചില പുനക്രമീകരണങ്ങള്‍ നടത്തുകയും ചെയ്‌തു. ഇതനുസരിച്ച്‌ സെബിയുടെ പ്രവര്‍ത്തനങ്ങള്‍ അഞ്ചുവകുപ്പുകളിലായി തിരിക്കുകയുണ്ടായി.

ബാങ്കുകള്‍ വഴിയും ദല്ലാളുകള്‍ വഴിയും കമ്പനിയില്‍നിന്നും ഓഹരികളും കടപ്പത്രങ്ങളും വാങ്ങുന്ന പ്രാഥമിക വിപണിയിലെ ഇടപാടുകളെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ചുമതലയാണ്‌ ഒന്നാമത്‌ വിഭാഗത്തിന്റേത്‌. പ്രാഥമിക വിപണിയെക്കുറിച്ചുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കല്‍, രജിസ്‌ട്രഷന്‍, മര്‍ച്ചന്റ്‌ ബാങ്കുകള്‍, അണ്ടര്‍റൈറ്റര്‍മാര്‍, ഡിബഞ്ചര്‍ ട്രസ്റ്റികള്‍, സാമ്പത്തികോപദേഷ്‌ടാക്കള്‍ എന്നിവരെ നിയന്ത്രിക്കല്‍, നിക്ഷേപകരുടെ പരാതി പരിഹരിക്കല്‍, നിക്ഷേപകര്‍ക്ക്‌ ഉപദേശവും ബോധവത്‌കരണവും നല്‍കല്‍ തുടങ്ങിയവ ഈ വിഭാഗം കൈകാര്യം ചെയ്യുന്നു.

സെബിയുടെ രണ്ടാംവിഭാഗം കൈകാര്യം ചെയ്യുന്നത്‌ പബ്ലിക്‌ ഇഷ്യുവിലും റൈറ്റ്‌ ഇഷ്യൂവിലുമുള്ള പ്രാസ്‌പക്‌ടസ്സുകളുടെ പരിശോധന, ഓഹരികള്‍ പുറപ്പെടുവിക്കുന്നതിന്‌ ഇടനിലക്കാരായി നില്‍ക്കുന്ന ബാങ്കുള്‍പ്പെടെയുള്ളവയുടെ രജിസ്‌ട്രഷന്‍, നിയന്ത്രണം തുടങ്ങിയ കാര്യങ്ങളാണ്‌. മൂന്നാം വിഭാഗം ഓഹരിവിപണിയിലെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഉള്‍പ്പെടുന്ന രണ്ടാം വിപണിയുടെ നിയന്ത്രണമാണ്‌ നടത്തുന്നത്‌. സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളുടെ വിലനിലവാരമാറ്റങ്ങള്‍, ഇന്‍സൈഡര്‍ ട്രസിങ്‌ എന്നിവയിലെ നിയന്ത്രണം, അംഗങ്ങളുടെ രജിസ്‌ട്രഷന്‍, ഡേറ്റാബേസ്‌ തുടങ്ങിയ കാര്യങ്ങള്‍ ഈ വിഭാഗത്തിന്റെ ചുമതലയില്‍പ്പെട്ടതാണ്‌. ഓഹരിവിലയെ ഉയര്‍ത്തുവാനോ താഴ്‌ത്തുവാനോ കാരണമായേക്കാവുന്ന രഹസ്യവിവരങ്ങള്‍ കമ്പനിയില്‍നിന്നും ചോര്‍ത്തിയെടുത്ത്‌ തങ്ങളുടെ താത്‌കാലിക നേട്ടത്തിനുവേണ്ടി കമ്പനിയുടെ അടുത്ത ബന്ധമുള്ളവര്‍ നടത്തുന്ന ഓഹരി ഇടപാടുകളാണ്‌ ഇന്‍സൈഡര്‍ ട്രഡിങ്‌. കമ്പനിയുടെ താത്‌പര്യം സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഡയറക്‌ടര്‍മാര്‍, ആഡിറ്റര്‍മാര്‍, സാമ്പത്തികോപദേഷ്‌ടാക്കള്‍, ബാങ്കുകള്‍, ഓഫീസര്‍മാര്‍ തുടങ്ങിയ കമ്പനിയുടെ സാമ്പത്തികകാര്യങ്ങളെക്കുറിച്ച്‌ നന്നായി അറിയാവുന്നവരാണ്‌ ഇന്‍സൈഡര്‍ ട്രഡിങ്‌ എന്ന വിശ്വാസവഞ്ചന നടത്തുന്നത്‌.

സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളുടെ ഭരണം, പരിശോധന, അംഗങ്ങളല്ലാത്ത ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങളിലെ നിയന്ത്രണം എന്നിവയാണ്‌ നാലാംവിഭാഗത്തിന്റെ അധികാരപരിധിയില്‍ വരുന്നത്‌. വിദേശസ്ഥാപനങ്ങളുടെ നിക്ഷേപങ്ങളെ സംബന്ധിച്ച്‌ നയരൂപീകരണം, സ്വദേശ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനത്തിലെ നിയന്ത്രണം, ഗവേഷണം, പ്രസിദ്ധീകരണം തുടങ്ങിയ കാര്യങ്ങളാണ്‌ അഞ്ചാമത്‌ വിഭാഗത്തിന്റെ അധികാരപരിധിയിലുള്ളത്‌. സെബിക്ക്‌ സമാനമായി ജപ്പാന്‍, ജര്‍മനി, ഇംഗ്ലണ്ട്‌, ഹോങ്കോങ്‌, സിംഗപ്പൂര്‍, അമേരിക്ക തുടങ്ങി ഓഹരിവിപണി ശക്തമായ രാജ്യങ്ങളിലെല്ലാംതന്നെ സര്‍ക്കാര്‍തലനിയന്ത്രണ സംവിധാനങ്ങളുണ്ട്‌. അമേരിക്കയിലെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ കമ്മിഷന്‍ എന്ന സുപ്രീംകോടതിയുടെ അധികാരപദവിയിലുള്ള സ്ഥാപനത്തെ മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യയില്‍ സെക്യുരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ബോര്‍ഡ്‌ ഒഫ്‌ ഇന്ത്യ രൂപീകരിച്ചിട്ടുള്ളത്‌. എന്നാല്‍, ജുഡീഷ്യല്‍ അധികാരം അമേരിക്കയിലുള്ളതുപോലെ ഇന്ത്യയില്‍ സെബിക്ക്‌ നല്‍കിയിട്ടില്ല.

ഓഹരി വിപണിയില്‍ രണ്ടുവിഭാഗങ്ങളില്‍പ്പെട്ടവരെ സജീവമായിക്കാണാം. സാധാരണ ഓഹരിനിക്ഷേപകരാണ്‌ ഒന്നാംവിഭാഗങ്ങളില്‍പ്പെട്ടവര്‍. സുരക്ഷിതത്വം, മെച്ചപ്പെട്ട വരുമാനം, മൂലധനനിക്ഷേപം എന്നിവ ലക്ഷ്യമാക്കിയാണ്‌ ഇവര്‍ ഓഹരികളില്‍ പണം നിക്ഷേപിക്കുന്നത്‌. ഇതുകൊണ്ടുതന്നെ ഓഹരികള്‍ കുറച്ചുനാളെങ്കിലും കൈവശം വച്ചിരുന്നതിനുശേഷമാകും ഇവര്‍ വില്‌പനയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. ഊഹക്കച്ചവടക്കാരാണ്‌ രണ്ടാമത്‌ വിഭാഗത്തിലുള്ളത്‌. സാധാരണനിക്ഷേപകനും ഊഹക്കച്ചവടക്കാരനും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്‌. കുറഞ്ഞവിലയ്‌ക്ക്‌ ഓഹരികള്‍ വാങ്ങി ഹ്രസ്വകാലയളവിനുള്ളില്‍ ഉയര്‍ന്നവിലയ്‌ക്ക്‌ വിറ്റ്‌ ലാഭം നേടാമെന്ന ലക്ഷ്യത്തോടെ ഓഹരിവിപണിയില്‍ സജീവസാന്നിധ്യം അറിയിക്കുന്നവരാണ്‌ ഊഹക്കച്ചവടക്കാര്‍. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഇക്കൂട്ടരുടെ ഇടപാടുകളില്‍ യഥാര്‍ഥ ഓഹരിക്കൈമാറ്റവും പണം കൈമാറ്റവും ഉണ്ടാകണമെന്നില്ല. ഒരു ചെറിയ കാലയളവിനുള്ളില്‍ വന്നിട്ടുള്ള ഓഹരി വിലവ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഇക്കൂട്ടര്‍ ലാഭനഷ്‌ടം തിട്ടപ്പെടുത്തുന്നത്‌.

ഇപ്പോള്‍ ഓഹരിവിപണിയില്‍ ഓപ്‌ഷന്‍, ഫ്യൂച്ചര്‍ ഇടപാടുകള്‍ നടപ്പിലുണ്ട്‌. മുന്‍കൂര്‍ വില നിശ്ചയിച്ച്‌ ഒരു നിശ്ചിതതീയതിയില്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള അവകാശം നേടിയെടുക്കുന്നതാണ്‌ ഫ്യൂച്ചര്‍ ഇടപാടുകള്‍. ഇതനുസരിച്ച്‌ രൊക്കം പണം നല്‍കി ഓഹരികളുടെ ഡെലിവറി നടത്തും. അല്ലെങ്കില്‍ പരസ്‌പരം നടത്തുന്ന ക്രയവിക്രയങ്ങളിലെ വ്യത്യാസത്തുക കൈമാറി ഫ്യൂച്ചര്‍ ഇടപാടുകള്‍ ഒത്തുതീര്‍ക്കാം. വിലസൂചികയുടെ അടിസ്ഥാനത്തിലാണ്‌ ഫ്യൂച്ചര്‍ ഇടപാടുകളില്‍ വില നിശ്ചയിക്കപ്പെടുക. ഓപ്‌ഷന്‍ ഇടപാടുകളിലും ഓഹരികള്‍ ഒരു നിശ്ചിതരീതിയില്‍ മുന്‍കൂര്‍ നിശ്ചയിച്ച വിലയ്‌ക്ക്‌ വാങ്ങാനോ വില്‍ക്കാനോ ഉള്ള അവകാശം സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയാണുള്ളത്‌. എന്നാല്‍, ഈ അവകാശം സ്ഥാപിച്ചെടുക്കുന്ന വ്യക്തിക്ക്‌ അത്‌ നടപ്പിലാക്കുന്ന ബാധ്യതയില്‍നിന്നും ഒഴിഞ്ഞു മാറാനുമാകും. രണ്ടുതരം ഓപ്‌ഷനുകളുണ്ട്‌. കോള്‍ ഓപ്‌ഷനും പുട്ട്‌ ഓപ്‌ഷനും. കോള്‍ ഓപ്‌ഷനില്‍ ഓഹരികള്‍ വാങ്ങുന്നയാളിന്‌ ഒരു നിശ്ചിതദിവസം നിശ്ചിതവിലയ്‌ക്ക്‌ ഓഹരികള്‍ വാങ്ങാനുള്ള അവകാശം നല്‍കുന്നു. പുട്ട്‌ ഓപ്‌ഷന്‍ ആകുമ്പോള്‍ ഈ അവകാശം ഓഹരികള്‍ വില്‌ക്കുന്ന ആളിനാണ്‌ ലഭിക്കുക. ഈ രണ്ടുതരം ഓപ്‌ഷന്‍ ഇടപാടുകളിലും ഓഹരികള്‍ വാങ്ങുന്നയാള്‍ വില്‌ക്കുന്നയാളിന്‌ ഓപ്‌ഷന്‍ പ്രീമിയം നല്‍കിയാണ്‌ അവകാശം നേടിയെടുക്കുന്നത്‌. ഓപ്‌ഷന്‍ ഇടപാടുകള്‍ നടക്കാതെവരുമ്പോള്‍ അത്‌ ഊഹക്കച്ചവടമായി മാറുന്നു. ഊഹക്കച്ചവടത്തില്‍ പേരുദോഷം ഉണ്ടായ ബദ്‌ല ഇടപാടുകള്‍ക്ക്‌ ബദലായാണ്‌ ഫ്യൂച്ചര്‍, ഓപ്‌ഷന്‍ ഇടപാടുകള്‍ നടപ്പിലാക്കിയിട്ടുള്ളത്‌. ഇന്ത്യയില്‍ മാത്രം നിലവില്‍ ഉണ്ടായിരുന്ന ബദ്‌ല ഇടപാടുകള്‍ മാറ്റി ഫ്യൂച്ചര്‍, ഓപ്‌ഷന്‍ ഇടപാടുകളിലേക്ക്‌ നീങ്ങിയത്‌ ആഗോളവിപണിയുമായി ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയായിരുന്നു. 1991-ലെ പുത്തന്‍ സാമ്പത്തികനയങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ഓഹരിവിപണിയില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. ഇവയില്‍ ഏറ്റവും പ്രാധാന്യമാര്‍ന്ന മാറ്റങ്ങളെ ചുവടെ ചേര്‍ക്കുംവിധം സംഗ്രഹിക്കാം: ഹ സെബിയില്‍ പ്രാസ്‌പക്‌ടസ്‌ ഫയല്‍ചെയ്‌ത്‌ കമ്പനികള്‍ക്ക്‌ തങ്ങളുടെ ഓഹരികള്‍ യഥേഷ്‌ടം വിലകൂട്ടി (Free pricing) ഓഹരി മൂലധനം പ്രീമിയം ഉള്‍പ്പെടെ സമാഹരിക്കാം. അതായത്‌ 100 രൂപ മുഖവിലയുള്ള ഓഹരിയില്‍ യഥേഷ്‌ടം 500 രൂപ, 600 രൂപ ക്രമത്തില്‍ വേണമെങ്കില്‍ പ്രീമിയം ചുമത്തി മൂലധനസമാഹരണമാകാം. ഇതില്‍ ഓഹരിവിപണിയില്‍നിന്നും തിരിച്ചടി അനുഭവപ്പെട്ട കമ്പനികളുമുണ്ട്‌.

സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സുതാര്യമാക്കാനും നിക്ഷേപസൗഹൃദമാക്കാനുമുള്ള നിയന്ത്രണവും മേല്‍നോട്ടവും സെബിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രാഥമികവിപണിയില്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നിക്ഷേപകര്‍ക്ക്‌ ലഭ്യമാക്കുവാനും ഇടപാടുകളിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുവാനും സുതാര്യമാക്കുവാനും സെബി നടപടികള്‍ സ്വീകരിച്ചു.

സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളുടെ പ്രവര്‍ത്തനനേട്ടവും സാമ്പത്തികനിലയും ത്രമാസികാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക്‌ ലഭ്യമാക്കുവാനും വാഗ്‌ദാനവും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന്‌ താരതമ്യം ചെയ്യാനുമുള്ള സാഹചര്യം ഒരുക്കി.

പൊതുവിപണിയില്‍ കമ്പനികള്‍ ഓഹരികള്‍ ഇറക്കുമ്പോള്‍ നടത്തുന്ന പരസ്യങ്ങളില്‍ സത്യസന്ധവും, വിശ്വാസയോഗ്യവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിഷ്‌കര്‍ഷയുണ്ടായി. സ്ഥാപനങ്ങള്‍ക്ക്‌ ഓഹരിനിക്ഷേപം നടത്താന്‍ സഹായകമാവുംവിധം ബുക്ക്‌ ബില്‍ഡിങ്‌ (Book Building) എന്ന നടപടിക്രമം നടപ്പില്‍വരുത്തി.

സ്റ്റോക്ക്‌ബ്രാക്കര്‍മാര്‍ ആവശ്യമായ മുടക്കുമുതല്‍ നടത്തണമെന്ന നിബന്ധനയുണ്ടായി. 1964-ല്‍ തുടങ്ങി 87 വരെ യൂണിറ്റ്‌ ട്രസ്റ്റ്‌ ഒഫ്‌ ഇന്ത്യയ്‌ക്കും, 1987 മുതല്‍ ബാങ്കിങ്‌-ധനകാര്യ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും മാത്രം നടത്താന്‍ അവസരമുണ്ടായിരുന്ന മ്യൂച്വല്‍ഫണ്ട്‌ നിക്ഷേപസമാഹരണം സ്വകാര്യമേഖലയിലുള്ള സംരംഭകര്‍ക്കും നടത്താനാവുംവിധമുള്ള അനുവാദം നല്‍കി.

മൂലധനസമാഹരണത്തില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പിന്തുണയ്‌ക്കാനായി ദേശീയശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സംവിധാനംവഴി ഓവര്‍ ദി കൗണ്ടര്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഒഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനം തുടങ്ങി. രാജ്യത്ത്‌ എവിടെയുള്ളവര്‍ക്കും ബ്രാക്കര്‍മാരുടെ സഹായത്തോടെ ഓഹരികളുടെ ക്രയവിക്രയം നടത്താനുള്ള സാഹചര്യം ഈ സംവിധാനം ഒരുക്കി.

കംപ്യൂട്ടര്‍ സജ്ജീകരണങ്ങളിലൂടെ ഓഹരികളുടെ ക്രയവിക്രയം ദേശവ്യാപകമായി നടത്താനാവുംവിധം സ്‌ക്രീന്‍ ട്രഡിങ്‌ സംവിധാനവുമായി നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ സ്ഥാപിതമായി. ഓഹരികള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വിലപറയാനും കച്ചവടം ഉറപ്പിക്കാനുമുള്ള സൗകര്യം, വിലവിവരപ്പട്ടിക ഉള്‍പ്പെടെ മറ്റു വിവരങ്ങള്‍ സെറ്റില്‍മെന്റ്‌ തുടങ്ങിയ പ്രത്യേകതകള്‍ ഈ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനുണ്ട്‌.

ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചും തുടര്‍ന്ന്‌, മറ്റു സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളും സ്‌ക്രീന്‍ബേസ്‌സ്‌ ട്രഡിങ്ങിലേക്ക്‌ കടന്നു. ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്‌ മറ്റു കേന്ദ്രങ്ങളിലും ട്രഡിങ്‌ നെറ്റ്‌വര്‍ക്ക്‌ നടത്തുവാനുള്ള അനുവാദം നല്‍കി.

നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ സെക്യുരിറ്റീസ്‌ ക്ലിയറിങ്‌ കോര്‍പ്പറേഷന്‍ സ്ഥാപിതമായി.

സ്റ്റോക്ക്‌ ബ്രാക്കിങ്‌, അസ്സറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികള്‍, മര്‍ച്ചന്റ്‌ ബാങ്കിങ്‌, ധനകാര്യേതരസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ വിദേശമൂലധനനിക്ഷേപം അനുവദിച്ചു.

സെബിയുടെ അംഗീകാരത്തോടെ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ മൂലധനവിപണിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അപ്പപ്പോഴുള്ള കൈമാറ്റം കൂടാതെ ഇടപാടുകള്‍ സെറ്റില്‍ ചെയ്യുന്നതിനുള്ള സെന്‍ട്രല്‍ ഡെപ്പോസിറ്ററി സംവിധാനം നടപ്പില്‍വരുത്തി.കമ്പനികള്‍ക്ക്‌ ധനവിനിയോഗത്തിലുള്ള കഴിവ്‌, അനുകൂല സാഹചര്യങ്ങള്‍, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള കഴിവ്‌, പലിശയും മുതലും തിരിച്ചുനല്‍കാനുള്ള ശേഷി എന്നിവ വെളിപ്പെടുത്തുന്ന ക്രഡിറ്റ്‌ റേറ്റിങ്‌ സംവിധാനം ശക്തമാക്കി.

ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പേപ്പറില്‍ നല്‍കുന്ന രീതിമാറ്റി ഡീമെറ്റിരിയലൈസേഷന്‍ സംവിധാനം സുതാര്യവും വിശ്വാസയോഗ്യവുമാക്കി മാറ്റി.

(ഡോ. എം. ശാര്‍ങ്‌ധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍