This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്‌വാള്‍ഡ്‌, വിൽഹം (1853 - 1932)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:13, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓസ്‌വാള്‍ഡ്‌, വില്‍ഹം (1853 - 1932)

Oswald Wilhelm

വില്‍ഹം ഓസ്‌വാള്‍ഡ്‌

ഭൗതികരസതന്ത്ര(Physical Chemistry)ഗവേഷണത്തിന്‌ നോബല്‍ സമ്മാനം നേടിയ ജര്‍മന്‍ രസതന്ത്രജ്ഞന്‍. ഇദ്ദേഹം റിഗ(Riga)യില്‍ 1853 സെപ്‌. 2-ന്‌ ജനിച്ചു. 1878-ല്‍ ഡോര്‍പാറ്റ്‌ (Dorpat) സര്‍വകലാശാലയില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നേടി. 1887-ല്‍ ലൈപ്‌സിഗ്‌ സര്‍വകലാശാലയിലേക്കു പോകുന്നതുവരെ റിഗയില്‍ത്തന്നെ അധ്യാപകനായി ജോലിനോക്കി. ഭൗതികരസതന്ത്രത്തിന്‌ ശക്തമായ ഒരു അടിസ്ഥാനവും കെട്ടുറപ്പുമുണ്ടാക്കുന്നതിനു മുഖ്യമായി പ്രയത്‌നിച്ചിരുന്ന അരീനിയസ്‌, വാന്റ്‌ഹോഫ്‌ എന്നിവരുമായി ചേര്‍ന്ന്‌ അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ ഒരു ഗ്രന്ഥകാരന്‍, പ്രസാധകന്‍ (editor)എന്നീ നിലകളില്‍ ഇദ്ദേഹം അനുഷ്‌ഠിച്ച സേവനം ശാസ്‌ത്രപുരോഗതിക്ക്‌ വളരെ സഹായകമായിരുന്നു. ടെക്‌സ്റ്റ്‌ ബുക്ക്‌ ഒഫ്‌ ജനറല്‍ കെമിസ്‌ട്രി രണ്ടു വാല്യങ്ങളായി ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ജേണല്‍ ഒഫ്‌ ഫിസിക്കല്‍ കെമിസ്‌ട്രിയുടെ പ്രസാധകനായിരുന്ന്‌ അതിന്‌ ഏറ്റവുമധികം പ്രചാരവും സ്വാധീനതയും കൈവരുത്തിയത്‌ ഇദ്ദേഹമായിരുന്നു.

ലായനികളില്‍ രാസപ്രവര്‍ത്തനങ്ങളുടെ ഗതിവിജ്ഞാനത്തിന്റെ പഠനത്തില്‍നിന്നു തുടങ്ങിയ ഓസ്‌വാള്‍ഡിന്റെ ഗവേഷണം വൈദ്യുതരസതന്ത്രത്തിലേക്കും പിന്നീട്‌ രാസത്വരണപ്രക്രിയാപഠനത്തിലേക്കും തിരിഞ്ഞു. രാസത്വരകത്തിന്‌ നവീനമായ ഒരു നിര്‍വചനം ആദ്യമായി നല്‌കിയത്‌ ഇദ്ദേഹമായിരുന്നു. അമോണിയയില്‍നിന്നു നൈട്രിക്‌ അമ്ലം ഉത്‌പാദിപ്പിക്കുന്ന പ്രക്രിയയുടെ കണ്ടുപിടിത്തം ഇദ്ദേഹത്തെ അതിപ്രശസ്‌തനാക്കി. 1909-ല്‍ ഇദ്ദേഹത്തിന്‌ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

1906-ല്‍ ലൈപ്‌സിഗ്‌ സര്‍വകലാശാലയില്‍നിന്നു വിരമിച്ചശേഷം ശാസ്‌ത്രത്തിന്റെ ദര്‍ശനം എന്ന വിഷയത്തെക്കുറിച്ചും ചില മഹാന്മാരെക്കുറിച്ചും ഇദ്ദേഹം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി; 1926-27 കാലത്ത്‌ ആത്മകഥയും പ്രസിദ്ധീകരിച്ചു. പെയിന്റിങ്ങില്‍ തത്‌പരനായിരുന്ന ഇദ്ദേഹം വര്‍ണത്തെക്കുറിച്ച്‌ ഭൗതികവും മനഃശാസ്‌ത്രപരവുമായ വീക്ഷണകോണിലൂടെ ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌.

1932 ഏ. 4-ന്‌ വില്‍ഹം ഓസ്‌വാള്‍ഡ്‌ ലൈപ്‌സിഗില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍