This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓയ്‌, കെന്‍സാബുറോ (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:27, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓയ്‌, കെന്‍സാബുറോ (1935 - )

Oe, Kenzaburo

കെന്‍സാബുറോ ഓയ്‌

നോബല്‍ സമ്മാനാര്‍ഹനായ ജാപ്പനീസ്‌ നോവലിസ്റ്റും ചെറുകഥാകൃത്തും ഉപന്യാസകാരനും. ജപ്പാനിലെ നാലുപ്രധാന ദ്വീപുകളില്‍ ഏറ്റവും ചെറുതായ ഷികോകൂവിലെ എഹിമെ പ്രവിശ്യയില്‍ സാമുറായ്‌ യോദ്ധാക്കളുടെ കുടുംബത്തില്‍ 1935 ജനു. 31-ന്‌ ജനിച്ചു. 1941-ല്‍ ദേശീയ പ്രമറി വിദ്യാലയത്തില്‍ ചേര്‍ന്നു. 1947-ല്‍ മിഡില്‍ സ്‌കൂളിലും 1950-ല്‍ ഹൈസ്‌കൂളിലും പ്രവേശിച്ചു. 1954-ല്‍ ടോക്കിയോ സര്‍വകലാശാലയിലെ ഫ്രഞ്ചുസാഹിത്യവകുപ്പില്‍ ബിരുദപഠനം ആരംഭിച്ചു. ഫ്രഞ്ചുസാഹിത്യകാരനായ ഴാങ്‌പോള്‍ സാര്‍ത്രിന്റെ കൃതികള്‍ ഇദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു.

1957-ല്‍ ബുങ്കാകുകൈ (Bungakukai)എന്ന സാഹിത്യമാസികയില്‍ ഷിഷാനോ ഒഗോരി എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടെ ഇദ്ദേഹം സാഹിത്യലോകത്തു പ്രവേശിച്ചു. തുടര്‍ന്ന്‌ നിരവധി ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു. ചെറുകഥകളില്‍ ഏറ്റവും പ്രശസ്‌തമായ ഷീകു 1958-ലെ അകുതാഗാവ സമ്മാനം കരസ്ഥമാക്കി.

1958-ല്‍ പ്രസിദ്ധീകരിച്ച മെമുഷിരി കൗചി ഇദ്ദേഹത്തിന്റെ ആദ്യത്തെ ദീര്‍ഘനോവലാണ്‌. ശ്രദ്ധേയനായ ഒരു നോവലിസ്റ്റെന്ന ഖ്യാതി ഈ നോവലിന്റെ പ്രസിദ്ധീകരണത്തോടെ ലഭിച്ചു. എന്നാല്‍ സാമൂഹിക രാഷ്‌ട്രീയസ്ഥിതിഗതികളെ നിശിതമായി വിമര്‍ശിച്ച ഇദ്ദേഹത്തിന്റെ നോവലുകള്‍ സമകാലീന സാഹിത്യകാരന്മാര്‍ അംഗീകരിച്ചില്ല. 1959-ല്‍ പ്രസിദ്ധീകരിച്ച വരേര നോജിഡായ്‌ എന്ന കൃതി തീവ്രവിമര്‍ശനത്തിനു പാത്രമായി. അക്കാലത്തെ യുവജനങ്ങളുടെ പരിഷ്‌കൃത ജീവിതരീതിയെ പരിഹസിച്ച യോറു യോ യുറുയാക നി അയുമെ എന്ന കൃതിയെയും നിരൂപകര്‍ വെറുതെ വിട്ടില്ല.

തുടര്‍ന്ന്‌ കെന്‍സാബുറോ ഇടതുപക്ഷ ചിന്താഗതിക്കാരായ യുവജനങ്ങളുടെ വക്താവായി. ഈ നിലയില്‍ ചൈനയില്‍ പര്യടനം നടത്തുന്നതിനുള്ള അവസരം ലഭിച്ചു. 1960-ല്‍ വിവാഹിതനായി. ആ വര്‍ഷംതന്നെ ചെറുകഥാസമാഹാരമായ കൊഡൊകു നാ സെയ്‌നെന്‍ നോ ക്യൂക-യും നോവലായ സെയ്‌നെന്‍ നോ ഒമെയ്‌-യും പ്രസിദ്ധീകരിച്ചു. ജപ്പാന്‍ സോഷ്യലിസ്റ്റു പാര്‍ട്ടി ചെയര്‍മാനായ അസാനുമാ ഇനേജിറോ ഒരു യുവവലതുപക്ഷ പാര്‍ട്ടിക്കാരനാല്‍ വധിക്കപ്പെട്ട സംഭവത്തെ അധികരിച്ച്‌ ഇദ്ദേഹം "സെബുന്‌തീന്‍' (Seventeen), "സെയ്‌ജി ഷോനെന്‍ ഷിസു' എന്നീ ചെറുകഥകള്‍ രചിച്ചു. ഇതേത്തുടര്‍ന്ന്‌ വലതുപക്ഷ സംഘടനകള്‍ ഇദ്ദേഹത്തെ ദുര്‍വൃത്തനെന്നു മുദ്രകുത്തി.

1962-ല്‍ പ്രസിദ്ധീകരിച്ച രണ്ട്‌ ഉപന്യാസ സമാഹാരങ്ങള്‍, ടോക്കിയോ ആഫ്രാ ഏഷ്യന്‍ റൈറ്റേഴ്‌സ്‌ കോണ്‍ഫ്രന്‍സിലെ പങ്കാളിത്തവും യൂറോപ്യന്‍ റഷ്യന്‍ പര്യടനങ്ങളും വിവരിക്കുന്നു. 1962-ല്‍ ഒകുരെതെ കിതാസെയ്‌നെന്‍ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. 1963-ല്‍ സാകെബിഗോ എന്ന നോവലും സെയ്‌തെകി നിന്‍ഗെന്‍ എന്ന ചെറുകഥാസമാഹാരവും പുറത്തിറങ്ങി. 1964-ല്‍ നിചിജോ സെയ്‌കാത്സുനോബോകെന്‍ എന്ന കൃതി പ്രസിദ്ധീകരിച്ചു. 1963-ല്‍ ജന്മനാ മസ്‌തിഷ്‌കവൈകല്യമുണ്ടായിരുന്ന ഒരു മകന്റെ ജനനവും യുദ്ധാനന്തരകെടുതികള്‍ അനുഭവിക്കുന്ന ഹിരോഷിമാ പ്രദേശം സന്ദര്‍ശിക്കലും കെന്‍സാബുറോയുടെ ഹൃദയത്തില്‍ അഗാധമായ മുറിവുണ്ടാക്കി. 1964-ല്‍ പ്രസിദ്ധീകരിച്ച "സൊറാ നോ കൈബുത്സു അഗ്വി' എന്ന ചെറുകഥ ഈ സന്ദര്‍ഭത്തില്‍ രചിച്ചതാണ്‌. ഇതേവര്‍ഷംതന്നെ പ്രസിദ്ധീകരിച്ച കോജിന്‍ തെകിനതൈകെന്‍ എന്ന നോവല്‍ ഷിന്‍ചോ സമ്മാനം നേടി. ഉപന്യാസ സമാഹാരമായ ഗെന്‍ഷുകു നാ ത്സുനാവാതാരി 1965-66 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ചു. 1967-ല്‍ പ്രസിദ്ധീകരിച്ച മാനെന്‍ ഗാന്നെന്‍ നോ ഫൂത്തോ ബോറു എന്ന നോവല്‍ വടക്കേഅമേരിക്കന്‍ പര്യടനങ്ങളെ ആധാരമാക്കി രചിച്ചതാണ്‌. ഈ കൃതി "താനിസാകി ജൂനിച്ചിറോ' സമ്മാനത്തിന്‌ അര്‍ഹനായി. കെന്‍സാ ബുറോയുടെ വകേറ നോ ക്യോകി ഓ ഇകിനോ ബിറു മിചി ഒ ഒഷിയേയോ, കൊവാരെമോണോ തെഷിതെ നോ നിന്‍ഗെന്‍ എന്നീ കൃതികള്‍ യഥാക്രമം 1969-ലും 70-ലും പ്രസിദ്ധീകരിക്കപ്പെട്ടു. 1973-ല്‍ ഇദ്ദേഹത്തിന്റെ കൊസുയി വാ വാഗ തമാഷി നി ഒയോബി എന്ന നോവല്‍ പുറത്തിറങ്ങി. പിഞ്ചി റാന്നാ ചോഷോ (1977), ഡോ ജിഡാ ഗെമു (1989), കമ്പനി കമരേരു (1985), ഓയിനരുഹിനി (1995), ഉരിഗാവോനൊ ഡോജി (2002), സുയിഷി (2009) എന്നിവയാണ്‌ ശ്രദ്ധേയമായ മറ്റു കൃതികള്‍. 1994-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ കെന്‍സാബുറോ അര്‍ഹനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍