This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓബ്രി മെനന്‍ (1912 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:24, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓബ്രി മെനന്‍ (1912 - 89)

Aubrey Menon

ഓബ്രി മെനന്‍

ഇന്ത്യന്‍ ഇംഗ്ലീഷ്‌ നോവലിസ്റ്റും ഗ്രന്ഥകാരനും. 1912 ഏ. 22-ന്‌ ലണ്ടനില്‍ ജനിച്ചു. പിതാവ്‌ ഇന്ത്യാക്കാരനും (പൊന്നാനിക്കാരനായ കാളിയപ്പുറത്ത്‌ നാരായണമേനോന്‍) മാതാവ്‌ അയര്‍ലണ്ടുകാരിയും (ആലിസ്‌ വയലറ്റ്‌ എവററ്റ്‌) ആണ്‌. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജില്‍ ആയിരുന്നു വിദ്യാഭ്യാസം. 1934-ല്‍ ലണ്ടനിലെ ബുക്‌മാനില്‍ നാടകനിരൂപകനും 1935-36 കാലയളവില്‍ ലണ്ടനിലെ എക്‌സ്‌പെരിമെന്റല്‍ തിയെറ്ററിന്റെ ഡയറക്‌ടറുമായി. നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹം 1940-ല്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ ഇംഗ്ലീഷ്‌ നാടകവിഭാഗത്തിന്റെ തലവനായി. 1943 മുതല്‍ 45 വരെ ഇന്ത്യാഗവണ്‍മെന്റിന്റെ കീഴില്‍ വിവരണാത്മക ചലച്ചിത്രങ്ങളുടെ സ്‌ക്രിപ്‌റ്റ്‌ എഡിറ്റര്‍ ആയി ജോലിനോക്കുകയുണ്ടായി. 1946-ല്‍ ഇന്ത്യന്‍ രാഷ്‌ട്രീയവകുപ്പില്‍ പിന്നാക്കഗോത്രക്കാര്‍ക്കായുള്ള വിദ്യാഭ്യാസ വിദഗ്‌ധനായി (Educational Officer)നിയമിതനായ ഇദ്ദേഹം 1947-ല്‍ റോമിലേക്കു താമസംമാറ്റി. 1984-ല്‍ വേരുകള്‍തേടി സ്വദേശമായ തൃശൂരിനടുത്ത്‌ പുന്നയൂര്‍ക്കുളത്തെത്തി.

ദ്‌ പ്രവലന്‍സ്‌ ഒഫ്‌ വിച്ചസ്‌ (1947), ദ്‌ സ്റ്റംബ്ലിങ്‌ സ്റ്റോണ്‍ (1949), ദ്‌ ബാക്‌വേഡ്‌ ബ്രഡ്‌: എ സിസിലിയന്‍ സ്‌കേറ്റ്‌സോ (The Backward Bride A Sicilian Schetzo, 1950), രാമ റീറ്റോള്‍ഡ്‌ (1954), ദി എബോഡ്‌ ഒഫ്‌ ലവ്‌ (1956), ഷീല: എ സറ്റയര്‍ (SheelaO A Satire, 1962) എന്നിവയാണ്‌ ഓബ്രി മെനന്റെ നോവലുകളില്‍ പ്രധാനം. ആക്ഷേപഹാസ്യമാണ്‌ മിക്ക നോവലുകളുടെയും മുഖമുദ്ര. മനുഷ്യപ്രകൃതി അടിസ്ഥാനപരമായി വികലമാണെന്നും എന്നാല്‍ ഇത്‌ ദുരന്തകാരിയോ വിഷാദാത്മകമോ ആകണമെന്നില്ലെന്നും ഇദ്ദേഹം ഒരിക്കല്‍ എഴുതുകയുണ്ടായി: ഇന്ത്യന്‍ പിതാവിന്റെയും ഐറിഷ്‌ മാതാവിന്റെയും പുത്രനായ പൈതൃകം മാനുഷിക ദൗര്‍ബല്യങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിക്കാനുള്ള അസാധാരണവൈഭവം ഇദ്ദേഹത്തിനു നല്‌കി. സ്വാഭാവികമായും സാമ്പ്രദായികമായ നോവല്‍ രൂപത്തില്‍ നിന്ന്‌ ഇദ്ദേഹത്തിനു വ്യതിചലിക്കേണ്ടിവന്നു. ഇദ്ദേഹത്തിന്റെ നോവലുകള്‍ക്കുള്ളില്‍ കാണുന്ന നര്‍മമധുരമായ ഉപന്യാസഭാഗങ്ങള്‍ തന്നെ ഉദാഹരണം.

ഓബ്രി മെനന്റെ ആക്ഷേപഹാസ്യത്തിനു ശരവ്യമാകുന്ന വിഷയങ്ങള്‍ അവയുടെ വൈവിധ്യം കൊണ്ടുതന്നെ ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. ആധുനിക ദേശീയവാദത്തിന്റെ രുഗ്‌ണാത്മകതയാണ്‌ മെനന്റെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ച ഒരു ഘടകം. അമേരിക്കന്‍ ഐക്യനാടുകള്‍ പോലെയുള്ള വികസിതരാഷ്‌ട്രങ്ങളുടെ നയവവൈകൃതങ്ങള്‍ മുതല്‍ പുതുതായി രൂപംകൊണ്ട ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളുടെ കപടനാട്യങ്ങള്‍ വരെ ഇദ്ദേഹത്തിന്റെ പരിഹാസത്തിനു വിധേയമായിട്ടുണ്ട്‌. ദ്‌ ബാക്‌വേഡ്‌ ബ്രഡ്‌ എന്ന നോവലില്‍ വ്യാജധൈഷണികതയാണു പരിഹാസവിഷയമെങ്കില്‍ വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ ഒരു അന്തഃപുരത്തിന്റെ കഥപറയുന്ന ദി എബോഡ്‌ ഒഫ്‌ ലവ്‌-ല്‍ സാമ്പ്രദായിക മതവിശ്വാസങ്ങളും സദാചാരബോധവുമാണ്‌ നോവലിസ്റ്റിന്റെ ശ്രദ്ധാകേന്ദ്രം. സാഹചര്യങ്ങളുടെ ബലിയാടുകളാകേണ്ടിവരുന്ന സ്വന്തം കഥാപാത്രങ്ങളോട്‌ മെനന്‍ പുലര്‍ത്തുന്ന അനുകമ്പാമനോഭാവം മറ്റു ഹാസ്യസാഹിത്യകാരന്മാരില്‍നിന്ന്‌ ഇദ്ദേഹത്തെ വേര്‍തിരിച്ചുനിര്‍ത്തുന്നു. ദ്‌ പ്രവലന്‍സ്‌ ഒഫ്‌ വിച്ചസ്‌ എന്ന ആദ്യ നോവലിലെ തദ്ദേശീയരായ ഇന്ത്യാക്കാര്‍ ബ്രിട്ടീഷ്‌ നിയമത്തിന്റെ മൂകസാക്ഷികളായാണു ചിത്രീകരിക്കപ്പെടുന്നത്‌. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ വന്‍ശക്തികളായ അമേരിക്കയും റഷ്യയും രണ്ടു നിഷ്‌കളങ്കരായ ദലൈലാമമാരെ കരുക്കളാക്കുന്നതിന്റെ ദയനീയതയില്‍ കുതിര്‍ന്ന ഹാസ്യമാണ്‌ ഷീലായില്‍ വ്യഞ്‌ജിക്കുന്നത്‌.

പകുതി ഇന്ത്യാക്കാരനോ മലയാളിയോ ആയ നോവലിസ്റ്റെന്ന്‌ ഓബ്രി മെനനെ വിശേഷിപ്പിക്കാം. ഉപനിഷത്തുകളുടെ സ്വാധീനം ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രകടമാണ്‌. ഈ മണ്ണില്‍ വേരൂന്നിയ സ്വപ്‌നങ്ങളായിരുന്നു ഇദ്ദേഹം എക്കാലവും താലോലിച്ചിരുന്നത്‌. ജീവിതത്തിന്റെ അന്ത്യയാമത്തില്‍ വേരുകള്‍തേടി ഇവിടെയെത്താന്‍ ഇദ്ദേഹത്തെ പ്രരിപ്പിച്ചതും മറ്റൊന്നല്ല. ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി ബ്രിട്ടണില്‍നടന്ന സുദീര്‍ഘമായ സമരത്തില്‍ വി.കെ. കൃഷ്‌ണമേനോനൊടൊപ്പം ഇദ്ദേഹവും പങ്കെടുത്തിരുന്നു. പന്ത്രണ്ടാംവയസ്സില്‍ പുന്നയൂര്‍ക്കുളത്തെ തറവാട്ടില്‍വച്ച്‌ മുത്തശ്ശിയുമായുണ്ടായ ആദ്യത്തെ കൂടിക്കാഴ്‌ചയെ വിഷയമാക്കി ഇദ്ദേഹമെഴുതിയ ലേഖനം മുപ്പതു ഭാഷകളിലേക്കു തര്‍ജുമ ചെയ്‌തിട്ടുണ്ട്‌. അമേരിക്കയിലെ കോളജുകളില്‍ അതു പഠനവിഷയമാണ്‌. മുംബൈയെക്കുറിച്ച്‌ ഒരു ഗ്രന്ഥം ഇദ്ദേഹം രചിച്ചെങ്കിലും പ്രസാധകരുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. രാമ റീറ്റോള്‍ഡ്‌ എന്ന നോവല്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്‌. ഇന്ത്യ (1969), ദ്‌ ന്യൂമിസ്റ്റിക്‌സ്‌ ആന്‍ഡ്‌ ദി ഇന്ത്യന്‍ ട്രഡിഷന്‍ (1974) എന്നിവയാണ്‌ ഇന്ത്യയെക്കുറിച്ച്‌ ഓബ്രി മെനന്‍ രചിച്ച മറ്റു ഗ്രന്ഥങ്ങള്‍.

ഓബ്രി മെനന്റെ ആത്മകഥ ദ്‌ സ്‌പെയ്‌സ്‌ വിഥിന്‍ ദ്‌ ഹാര്‍ട്‌ എന്ന പേരില്‍ 1970-ല്‍ പ്രസിദ്ധീകൃതമായി. റോം ഫോര്‍ അവര്‍ സെല്‍വ്‌സ്‌ (1960), സ്‌പീക്കിങ്‌ ദ്‌ ലാങ്‌ഗ്വേജ്‌ ലൈക്‌ എ നെയ്‌റ്റിവ്‌: ഓബ്രി മെനന്‍ ഓണ്‍ ഇറ്റലി (1962) തുടങ്ങി ഏതാനും ചില ഗ്രന്ഥങ്ങള്‍കൂടി ഇദ്ദേഹം രചിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പലതും ഫ്രഞ്ച്‌, സ്‌പാനിഷ്‌, ഇറ്റാലിയന്‍ തുടങ്ങിയ യൂറോപ്യന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1989 ഫെ. 13-ന്‌ തിരുവനന്തപുരത്ത്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍