This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഡിനന്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:06, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓഡിനന്‍സ്‌

Ordinance

നിയമനിര്‍മാണസഭകള്‍ സമ്മേളിക്കാത്ത അവസരങ്ങളില്‍ ഭരണത്തലവന്മാര്‍ പ്രഖ്യാപിക്കുന്ന അടിയന്തര നിയമങ്ങള്‍. ഓഡിനന്‍സ്‌ എന്ന പദത്തിന്റെ സാമാന്യമായ അര്‍ഥം, അധികാരസ്വഭാവമുള്ള കല്‌പന അല്ലെങ്കില്‍ നിര്‍ദേശം, ഒരു ഗവണ്‍മെന്റ്‌ അധികാരസ്ഥാനം പുറപ്പെടുവിക്കുന്ന ഒരു നിയമം എന്നൊക്കെയാണ്‌. ബ്രിട്ടന്റെ ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലായി, രാജാവിന്റെയോ പ്രഭുസഭയുടെയോ കോമണ്‍സ്‌ സഭയുടെയോ അനുമതി കൂടാതെ നിലവില്‍ കൊണ്ടുവന്നിരുന്ന നിയമങ്ങള്‍ക്ക്‌ ഈ പേര്‌ ഉപയോഗിച്ചിരുന്നു. രാജാധികാരത്തിനു താഴെയുള്ള ചില സ്ഥാനങ്ങള്‍ പുറപ്പെടുവിക്കുന്ന ചില ചട്ടങ്ങളെയും ഓഡിനന്‍സ്‌ എന്നു പറഞ്ഞിരുന്നു. അര്‍ഥവും വ്യാപ്‌തിയും. യു.എസ്‌. കോണ്‍ഗ്രസ്‌ അവിടത്തെ "ആര്‍ട്ടിക്കിള്‍സ്‌ ഒഫ്‌ കോണ്‍ഫെഡറേഷന്റെ' കീഴില്‍ പാസാക്കിയിരുന്ന ചില നിയമങ്ങള്‍ക്കും ഈ പേരു പറഞ്ഞിരുന്നു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്‌ രാഷ്‌ട്രപതിയോ ഗവര്‍ണറോ പുറപ്പെടുവിക്കുന്ന താല്‌ക്കാലിക നിയമത്തിനാണ്‌ ഇപ്പോള്‍ ഓഡിനന്‍സ്‌ എന്നു പറയുന്നത്‌.

ഇന്ത്യന്‍ നിയമം. ഇന്ത്യയുടെ രാഷ്‌ട്രപതിക്കുള്ള അധികാരങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായ ഒന്ന്‌, ഭരണഘടനയിലെ 123-ാം അനുച്ഛേദത്തിന്‍കീഴില്‍, പാര്‍ലമെന്റിന്റെ ഒഴിവുകാലത്ത്‌ ഓഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരമാണ്‌. പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളനത്തിലായിരിക്കുമ്പോള്‍ ഓഡിനന്‍സുകള്‍ പ്രഖ്യാപിക്കാന്‍ പാടുള്ളതല്ല. 123-ാം അനുച്ഛേദമനുസരിച്ച്‌ താന്‍ സത്വരനടപടി കൈക്കൊള്ളേണ്ട പരിതഃസ്ഥിതികള്‍ ഉണ്ടായിരുന്നാല്‍ രാഷ്‌ട്രപതിക്ക്‌ ഓഡിനന്‍സുകള്‍ പ്രഖ്യാപിക്കാം. അവയ്‌ക്ക്‌ പാര്‍ലമെന്റിന്റെ ഒരു ആക്‌റ്റിനുള്ള പ്രാബല്യവും പ്രഭാവവും ഉണ്ടായിരിക്കുന്നതാണ്‌. എന്നാല്‍ അങ്ങനെയുള്ള ഓരോ ഓഡിനന്‍സും പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ ഓരോന്നിന്റെയും മുമ്പാകെ വയ്‌ക്കേണ്ടതുണ്ട്‌. അത്‌ പാര്‍ലമെന്റിന്റെ പുനഃസമ്മേളനം മുതല്‍ ആറ്‌ ആഴ്‌ച അവസാനിക്കുമ്പോഴോ, ആ കാലാവധി അവസാനിക്കുന്നതിനു മുമ്പ്‌ അതിനെ നിരാകരിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ ഇരുസഭകളാലും പാസ്സാക്കപ്പെടുന്നുവെങ്കില്‍ ആ പ്രമേയങ്ങളില്‍ രണ്ടാമത്തേത്‌ പാസ്സാക്കപ്പെടുമ്പോഴോ പ്രവര്‍ത്തനരഹിതമാകുന്നതാണ്‌. രാഷ്‌ട്രപതിക്ക്‌, താന്‍ പ്രഖ്യാപിച്ച ഓഡിനന്‍സിനെ ഏതു സമയത്തും പിന്‍വലിക്കാം. പാര്‍ലമെന്റിന്റെ സഭകള്‍ വ്യത്യസ്‌ത തീയതികളില്‍ വീണ്ടും സമ്മേളിക്കാന്‍ വിളിച്ചുകൂട്ടുന്നുവെങ്കില്‍ ആറ്‌ ആഴ്‌ചക്കാലം എന്നത്‌ ആ തീയതികളിലെ ഒടുവിലത്തെ തീയതി മുതല്‍ക്കുള്ള ആറ്‌ ആഴ്‌ചക്കാലമായി കണക്കാക്കപ്പെടും. ഈ അനുച്ഛേദത്തിന്‍കീഴില്‍ പ്രഖ്യാപിക്കപ്പെടുന്ന ഒരു ഓഡിനന്‍സില്‍, പാര്‍ലമെന്റിന്‌, ഈ ഭരണഘടനയുടെ കീഴില്‍ അധിനിയമം ചെയ്യാന്‍ ക്ഷമതയില്ലാത്ത ഏതിനെയെങ്കിലും വ്യവസ്ഥ ചെയ്യുന്നുവെങ്കില്‍ അത്‌ ശൂന്യമായിരിക്കുന്നതാണ്‌. ഓഡിനന്‍സ്‌ പ്രഖ്യാപിക്കാനുള്ള ഈ വ്യവസ്ഥ, ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ ആക്‌റ്റ്‌ 1935-ലെ 42-ാം വകുപ്പിന്‍കീഴില്‍ ഗവര്‍ണര്‍ ജനറലിനു നല്‌കിയിരിക്കുന്ന അധികാരങ്ങള്‍ക്ക്‌ ഏറെക്കുറെ സദൃശമായതാണ്‌. ഈ അധികാരം രാഷ്‌ട്രപതി പ്രയോഗിക്കുന്നത്‌ മന്ത്രിസഭയുടെ ഉപദേശാനുസൃതമായിരിക്കണം.

രാഷ്‌ട്രപതിക്ക്‌ 123-ാം അനുച്ഛേദം നല്‌കുന്ന അധികാരത്തിനു സദൃശമായ അധികാരം, ഒരു സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഗവര്‍ണര്‍ക്കും പ്രയോഗിക്കാവുന്നതാണ്‌. ഗവര്‍ണറുടെ നിയമ നിര്‍മാണാധികാരത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്‌ 213-ാം അനുച്ഛേദത്തിലാണ്‌. ഈ അനുച്ഛേദമനുസരിച്ച്‌ ഒരു സ്റ്റേറ്റിലെ നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോളൊഴികെയോ, നിയമനിര്‍മാണ മണ്ഡലത്തിന്റെ ഇരുസഭകളും സമ്മേളനത്തിലായിരിക്കുമ്പോളൊഴികെയോ, ഏതെങ്കിലും സമയത്ത്‌, താന്‍ സത്വരനടപടിയെടുക്കുന്നതിനാവശ്യമാകുന്ന പരിതഃസ്ഥിതികളുണ്ടെന്നു ഗവര്‍ണര്‍ക്കു ബോധ്യമാകുന്നുണ്ടെങ്കിലോ, അപ്പോള്‍ ആവശ്യപ്പെടുന്നുവെന്നു തനിക്കു ബോധ്യമുള്ള ഓഡിനന്‍സുകള്‍ അദ്ദേഹത്തിന്‌ പ്രഖ്യാപിക്കാവുന്നതാണ്‌. എന്നാല്‍ അങ്ങനെയുള്ള ഓഡിനന്‍സുകള്‍ പ്രഖ്യാപിക്കുന്നതിന്‌ ചില പരിമിതികളുണ്ട്‌. അതിലെ വ്യവസ്ഥകള്‍ അടങ്ങിയ ഒരു ബില്ലിന്‌, അതു നിയമനിര്‍മാണ മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍, ഭരണഘടനയുടെ കീഴില്‍ രാഷ്‌ട്രപതിയുടെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെങ്കില്‍, അല്ലെങ്കില്‍ അതേ വ്യവസ്ഥകള്‍ അടങ്ങിയ ഒരു ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കു നീക്കിവയ്‌ക്കുന്നത്‌ ആവശ്യമാണെന്ന്‌ അദ്ദേഹം കരുതുന്നുവെങ്കില്‍, അല്ലെങ്കില്‍ അതേ വ്യവസ്ഥകള്‍ അടങ്ങിയ ആ സ്റ്റേറ്റിലെ നിയമനിര്‍മാണ മണ്ഡലത്തിന്റെ ഒരു ആക്‌റ്റ്‌ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി നീക്കിവയ്‌ക്കപ്പെട്ടിട്ട്‌ അതിന്‌ രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചിരുന്നില്ലെങ്കില്‍, ഈ ഭരണഘടനയുടെ കീഴില്‍ അത്‌ അസാധ്യമാകുമായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ക്ക്‌ രാഷ്‌ട്രപതിയുടെ ആദേശങ്ങള്‍കൂടാതെ ഏതെങ്കിലും ഓഡിനന്‍സ്‌ പ്രഖ്യാപിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള ഒരു ഓഡിനന്‍സിന്‌, ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുള്ള, സ്റ്റേറ്റിലെ നിയമനിര്‍മാണ മണ്ഡലത്തിന്റെ ഒരു ആക്‌റ്റിനുള്ള പ്രാബല്യവും പ്രഭാവവും തന്നെയുണ്ടായിരിക്കും. എന്നാല്‍ അങ്ങനെയുള്ള ഓരോ ഓഡിനന്‍സും ആ സ്റ്റേറ്റിലെ നിയമസഭയുടെ മുമ്പാകെയോ, അല്ലെങ്കില്‍ ആ സ്റ്റേറ്റില്‍ ഒരു നിയമസമിതിയുണ്ടെങ്കില്‍ ഇരു സഭകളുടെയും മുമ്പാകെയോ വയ്‌ക്കപ്പെടേണ്ടതും, നിയമനിര്‍മാണ മണ്ഡലത്തിന്റെ പുനഃസമ്മേളനം മുതല്‍ ആറ്‌ ആഴ്‌ച അവസാനിക്കുമ്പോഴോ, ആ കാലാവധി അവസാനിക്കുന്നതിന്‌ മുമ്പ്‌ അതിനെ നിരാകരിച്ചുകൊണ്ടുള്ള ഒരു പ്രമേയം ആ നിയമസഭയില്‍ പാസാക്കപ്പെടുകയും നിയമസമിതിയുണ്ടെങ്കില്‍ അതിനാല്‍ അനുകൂലിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍, അതാതു സംഗതിപോലെ, ആ പ്രമേയം പാസ്സാക്കപ്പെടുമ്പോഴോ നിയമസമിതിയാല്‍ ആ പ്രമേയം അനുകൂലിക്കപ്പെടുമ്പോഴോ പ്രവര്‍ത്തനരഹിതമാകുന്നതാണ്‌. ഗവര്‍ണര്‍ക്ക്‌ ഒരു ഓഡിനന്‍സ്‌ ഏതു സമയത്തും പിന്‍വലിക്കാവുന്നതാണ്‌. ഒരു നിയമസമിതിയുള്ള സ്റ്റേറ്റിന്റെ നിയമനിര്‍മാണ മണ്ഡലത്തിന്റെ സഭകള്‍ വ്യത്യസ്‌ത തീയതികളില്‍, വീണ്ടും സമ്മേളിക്കാന്‍ വിളിച്ചുകൂട്ടുന്നുവെങ്കില്‍ മേല്‌പറഞ്ഞ ആറാഴ്‌ചക്കാലം ആ തീയതികളില്‍ ഒടുവിലത്തേതുമുതല്‍ കണക്കാക്കപ്പെടും. ഇങ്ങനെയുള്ള ഒരു ഓഡിനന്‍സ്‌, ഗവര്‍ണറാല്‍ അനുമതി നല്‌കപ്പെട്ട, സ്റ്റേറ്റിലെ നിയമനിര്‍മാണമണ്ഡലത്തിന്റെ ഒരു ആക്‌റ്റില്‍ അധിനിയമം ചെയ്യപ്പെട്ടാല്‍ സാധുവാകാത്ത ഏതെങ്കിലും വ്യവസ്ഥ ചെയ്യുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നിടത്തോളം അതു ശൂന്യമായിരിക്കുന്നതാണ്‌. എന്നാല്‍ സമവര്‍ത്തിലിസ്റ്റില്‍(concurrent list)എണ്ണിപ്പറഞ്ഞിട്ടുള്ള ഒരു വിഷയം സംബന്ധിച്ച പാര്‍ലമെന്റിന്റെ ഒരു ആക്‌റ്റിനോ, നിലവിലുള്ള നിയമത്തിനോ വിരുദ്ധമായ, ഒരു സ്റ്റേറ്റിന്റെ നിയമനിര്‍മാണമണ്ഡലത്തിന്റെ ഒരു ആക്‌റ്റിന്റെ പ്രഭാവത്തെ സംബന്ധിക്കുന്ന ഈ ഭരണഘടനയിലുള്ള വ്യവസ്ഥകളുടെ ആവശ്യങ്ങള്‍ക്ക്‌, രാഷ്‌ട്രപതിയുടെ ആദേശങ്ങള്‍ക്ക്‌ അനുസൃതമായി ഈ അനുച്ഛേദത്തിന്‍ കീഴില്‍ പ്രഖ്യാപിക്കപ്പെടുന്ന ഒരു ഓഡിനന്‍സ്‌ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി നീക്കിവയ്‌ക്കപ്പെടുകയും അദ്ദേഹത്താല്‍ അനുമതി നല്‌കപ്പെടുകയും ചെയ്‌തിട്ടുള്ള, ആ സ്റ്റേറ്റിലെ നിയമനിര്‍മാണമണ്ഡലത്തിന്റെ ഒരു ആക്‌റ്റായി കരുതപ്പെടുന്നതാകുന്നു.

ഈ അനുച്ഛേദത്തിന്‍കീഴില്‍ ഗവര്‍ണര്‍ ഒരു ഓഡിനന്‍സ്‌ പ്രഖ്യാപിക്കുന്നത്‌ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചായിരിക്കുന്നതാണ്‌. ഗവര്‍ണറുടെ ഈ അധികാരം ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ ആക്‌റ്റ്‌, 1935-ലെ 88-ഉം വകുപ്പിന്‍കീഴില്‍ ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഒരു പ്രവിശ്യാഗവര്‍ണര്‍ക്കുണ്ടായിരുന്ന അധികാരത്തിന്‌ ഏതാണ്ട്‌ സദൃശമായതാണ്‌. ഏതെങ്കിലും ആവശ്യത്തിന്‌ ഓഡിനന്‍സ്‌ പ്രഖ്യാപിച്ചാല്‍ താമസിയാതെതന്നെ പാര്‍ലമെന്റോ നിയമനിര്‍മാണ മണ്ഡലമോ, അതാതു സംഗതിപോലെ ആ ഓഡിനന്‍സിലെ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ സാധാരണഗതിയിലുള്ള ആക്‌റ്റുകള്‍ പാസ്സാക്കുകയാണ്‌ ചെയ്യുന്നത്‌.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍