This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌ പക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:21, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓക്‌ പക്ഷി

Great Auk

ആല്‍സിഡേ പക്ഷികുടുംബത്തിലെ ആല്‍കാ ജീനസ്സില്‍പ്പെട്ട കടല്‍പ്പക്ഷികള്‍. ആര്‍ട്ടിക്‌ സമുദ്രം, അത്‌ലാന്തിക്‌-പസിഫിക്‌ സമുദ്രങ്ങളുടെ ഉത്തരഭാഗങ്ങള്‍ എന്നിവിടങ്ങളാണ്‌ ഇവയുടെ വാസസ്ഥാനം. "കത്തിക്കൊക്കന്‍' എന്നു പേരുപറയാവുന്ന "റേസര്‍ബില്‍' (Alca torda), ഇന്ന്‌ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്ന "ഗ്രറ്റ്‌ ഓക്‌' (Alca Pinguinus-impennis)എന്നിവയാണ്‌ ആല്‍കാ ജീനസ്സിലെ പ്രധാനാംഗങ്ങള്‍. ഉദ്ദേശം മുക്കാല്‍ മീറ്റര്‍ നീളമുണ്ടായിരുന്ന ഗ്രറ്റ്‌ ഓക്‌ നേരെ നിവര്‍ന്നു നില്‌ക്കുന്നതും, പറക്കാന്‍ കഴിവില്ലാത്തതുമായിരുന്നു. ചിറകുകള്‍ ചുരുങ്ങി "തുഴ' (paddle) പോലെയായിത്തീര്‍ന്നിരുന്നതാണ്‌ ഇതിനുകാരണം. ഈ ചിറകുകള്‍ വെള്ളത്തില്‍ നീന്തുന്നതിന്‌ സഹായകമായിരുന്നു.

കാഴ്‌ചയില്‍ പെന്‍ഗ്വിനുകളോട്‌ സാദൃശ്യമുണ്ടായിരുന്ന ഈ പക്ഷി ആദ്യകാലങ്ങളില്‍ ഉത്തരാര്‍ധഗോളത്തില്‍ ധാരാളമായി കാണപ്പെട്ടിരുന്നു. എന്നാല്‍, പറക്കാന്‍ കഴിവില്ലാതിരുന്ന ഈ പക്ഷികളെ സഞ്ചാരികളും മീന്‍ പിടിത്തക്കാരും തൂവലിനും മറ്റും വേണ്ടി ധാരാളമായി പിടികൂടി കൊന്നൊടുക്കിയതിന്റെ ഫലമായി 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇവ നാമാവശേഷമായിത്തീര്‍ന്നു. ഇന്നു ജീവിച്ചിരിക്കുന്ന ആല്‍കാ സ്‌പീഷീസുകളെല്ലാം തന്നെ ലഘുദൂരത്തില്‍ പറക്കാന്‍ കഴിവുള്ളവയാണെങ്കിലും, പറക്കുന്നതിനുള്ള കഴിവ്‌ പരിമിതമാകുന്നു. വീതികുറഞ്ഞ്‌, കുറുകിയ ചിറകുകളാണ്‌ ഇതിനുകാരണം. ഇവയുടെ ശരീരഘടന പൊതുവേ വെള്ളത്തില്‍ മുങ്ങുന്നതിനും നീന്തുന്നതിനും പറ്റിയ വിധത്തിലുള്ളതാണ്‌. ചിറകുകള്‍ ഈ സമയത്ത്‌ ഏറെ സഹായകമാകുന്നു.

ഡവ്‌കൈ

ഒരു കുരുവിയെക്കാള്‍ അല്‌പം മാത്രം വലുപ്പക്കൂടുതലുള്ള "ഡവ്‌കൈ' (Plautus alle)മറ്റൊരിനം ഓക്‌ പക്ഷിയാണ്‌. ഉത്തരപസിഫിക്കില്‍ "ഓക്‌ലെറ്റ്‌' എന്നറിയപ്പെടുന്ന അഞ്ചിനങ്ങളുണ്ട്‌. ഇവയില്‍ ചിലത്‌ ഡവ്‌കൈയെക്കാളും ചെറുതായിരിക്കും. ഇവയെല്ലാം സമൂഹജീവികളാണ്‌. ഇണചേരലും അടയിരിക്കലും എല്ലാം കൂട്ടമായിത്തന്നെ. ചെറിയ "പ്ലവക'(plankton)ങ്ങളെയും ക്രസ്റ്റേഷ്യകളെയും ഭക്ഷണമാക്കുന്ന ഡവ്‌കൈയും ഓക്‌ലെറ്റുകളും അവയുടെ മുട്ടകളും എസ്‌കിമോകളുടെ ആഹാരത്തിന്റെ ഒരു പ്രധാനഭാഗമാണ്‌. നോ. കത്തിക്കൊക്കന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍