This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓകാപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:10, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓകാപി

Okapi

ഓകാപി

ജിറാഫ്‌ കുടുംബത്തില്‍ (ജിറാഫിഡേ) പെടുന്നതും വളരെ അടുത്തകാലത്തുമാത്രം രേഖപ്പെടുത്തപ്പെട്ടതുമായ ഒരു സസ്‌തനി. ശാ.നാ. ഓകാപിയ ജോണ്‍സ്‌റ്റണി. എ.ഡി. 1900 വരെ ജിറാഫിഡേ കുടുംബത്തില്‍ അറിയപ്പെട്ടിരുന്ന ഏകസസ്‌തനി ജിറാഫ്‌ ആയിരുന്നു. ഉഗാണ്ടാ ഗവര്‍ണറായിരുന്ന സര്‍ ഹാരി ഹാമില്‍റ്റണ്‍ ജോണ്‍സ്റ്റണ്‍ 1900 (-01?) -മാണ്ട്‌ കോങ്‌ഗോയില്‍ നിന്നു കണ്ടെടുത്ത ഒരു ജന്തുവിന്റെ അപൂര്‍ണമായ തോല്‍ ഗവേഷണവിധേയമാക്കിയതോടെയാണ്‌ ഓകാപിയെ അറിയാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചത്‌. അത്‌ സീബ്രാവര്‍ഗത്തില്‍പ്പെട്ട ഏതോ ഒരിനം ജന്തുവിന്റേതാണ്‌ എന്ന നിഗമനത്തില്‍ ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറി മിസ്റ്റര്‍ സ്ലേറ്റര്‍ എത്തിച്ചേര്‍ന്നു. സര്‍ ജോണ്‍സ്റ്റണോടുള്ള ബഹുമാനസൂചകമായി അതിന്‌ ഇക്വസ്‌ ജോണ്‍സ്‌റ്റണി എന്ന്‌ നാമകരണവും ചെയ്‌തു. എന്നാല്‍ തുടര്‍ന്ന്‌ വേറെ ഒരു തോലും രണ്ടു തലയോടുകളും കൂടി വിദഗ്‌ധപഠനത്തിനു ലഭിച്ചതോടെ ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡയറക്‌ടര്‍ പ്രാഫ. റേ ലാങ്കസ്റ്റര്‍, ഈ ജന്തുവിന്‌ "അശ്വവംശ'വുമായി യാതൊരു ബന്ധവുമില്ലെന്ന്‌ തെളിയിച്ചു.

ആഫ്രിക്കയില്‍ എഡ്വേഡ്‌, ആല്‍ബര്‍ട്ട്‌ എന്നീ രണ്ടു തടാകങ്ങള്‍ക്കിടയില്‍, കോങ്‌ഗോതടത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിക്കടുത്തായി സെംലികി കാടുകളില്‍ ഇവ കഴിയുന്നു. ഒറ്റയ്‌ക്കു നടക്കാനിഷ്‌ടപ്പെടുന്ന ഇവ അപൂര്‍വമായി ഇണകളായും സഞ്ചരിക്കാറുണ്ട്‌. ആക്രമണഭീതിയുണ്ടാകുമ്പോള്‍ തല നേരെ മുന്നോട്ടു നീട്ടിപ്പിടിച്ച്‌ അതിവേഗം കുതിച്ചുചാടി അകലെ മറയാന്‍ ശ്രമിക്കും.

ചുമല്‍ഭാഗത്ത്‌ ഒന്നേമുക്കാല്‍ മീറ്ററോളം പൊക്കം വരുന്ന ഓകാപി, ഇതിന്റ ഏകബന്ധുവായ ജിറാഫിന്റെ പല സ്വഭാവവിശേഷങ്ങളും പ്രകടിപ്പിക്കുന്നു. ഒരേ ആകൃതിയുള്ള തലയോട്‌, താഴ്‌ന്ന പിന്‍ഭാഗം, നീളം കുറഞ്ഞതും "ശിഖ' (tufted) പോലെയുള്ളതുമായ വാല്‍ എന്നിവ ഇവ രണ്ടിന്റെയും പൊതുസ്വഭാവങ്ങളാണ്‌. എന്നാല്‍ ജിറാഫില്‍നിന്നു വ്യത്യസ്‌തമായി, ഓകാപിയുടെ കഴുത്തും മുന്‍കാലുകളും കുറുകിയതാകുന്നു. കഴുത്തില്‍ കുഞ്ചിരോമങ്ങള്‍ കാണുകയില്ല. ശരീരത്തിന്റെ ഏതുഭാഗത്തും നാവെത്തിക്കാന്‍ പാകത്തില്‍ തിരിക്കാവുന്നതാണ്‌ കഴുത്ത്‌. ആണ്‍-ഓകാപിയില്‍ കഠാരയുടെ ആകൃതിയുള്ള രണ്ടു ചെറിയ കൊമ്പുകള്‍ കാണാം. ഇവയുടെ മുന രോമജടിലമായ തൊലിയിലൂടെ പുറത്തേക്കു തള്ളിനില്‌ക്കുന്നു. പെണ്ണിന്‌ കൊമ്പുണ്ടായിരിക്കുകയില്ല. തല പൊതുവേ നീണ്ടുകൂര്‍ത്തതാണ്‌. വലിയ ചെവികളില്‍നിന്ന്‌ വളരെ അകന്നാണ്‌ കണ്ണുകള്‍ സ്ഥിതിചെയ്യുന്നത്‌. നീണ്ടതും അനക്കാവുന്നതുമായ ചുണ്ടുകള്‍ വൃക്ഷക്കൊമ്പുകളില്‍ നിന്നും ഇലകള്‍ പറിച്ചെടുക്കുന്നതിനു പറ്റിയ വിധത്തിലുള്ളതാണ്‌. തലയും കഴുത്തും ഉടലും ചുവന്ന തവിട്ടുനിറം മുതല്‍ കറുപ്പുവരെ ഏതുമാകാം; കവിള്‍ത്തടങ്ങള്‍ക്ക്‌ മഞ്ഞകലര്‍ന്ന വെള്ളനിറമായിരിക്കും. കാലുകളുടെ താഴത്തെ പകുതിക്ക്‌ കീമിന്റെ നിറവും മുകളിലത്തെ പകുതിയില്‍ കുറുകേ കറുപ്പും വെള്ളയും ഇടകലര്‍ന്ന വരകളുമാണുള്ളത്‌. ഈ വരകള്‍, ആദ്യകാലങ്ങളില്‍ ഇതിനെ വരയന്‍ കുതിരയുടെ ബന്ധുവായി സംശയിക്കാന്‍ പ്രരകമായി. പെണ്ണിന്‌ ആണിനെക്കാള്‍ വലുപ്പം അല്‌പം കൂടുതലാണ്‌. തൂക്കം ശരാശരി 230 കിലോഗ്രാം.

ഓകാപിയുടെ പ്രത്യേക സ്വഭാവങ്ങളെക്കുറിച്ച്‌ ഇന്നും വ്യക്തമായ അറിവില്ല. പ്രധാനഭക്ഷണം ചതുപ്പുകളില്‍ വളരുന്ന കുറ്റിച്ചെടികളാണ്‌. ചുറ്റുപാടുകളോടിണങ്ങിച്ചേരുന്ന "വര്‍ണമാതൃക'(colour pattern)ഇതിനെ പെട്ടെന്നു തിരിച്ചറിയാന്‍ പറ്റാത്തതാക്കുന്നു. ഇക്കാരണത്താല്‍ ഓകാപിയുടെ വര്‍ണമാതൃകയെ "സംരക്ഷക വര്‍ണത'(protective coloration)എന്ന വിഭാഗത്തില്‍പ്പെടുത്താം.

ഓകാപിയുടെ സ്വാദുള്ള ഇറച്ചിക്കും ഭംഗിയേറിയ തോലിനുമായി പിഗ്‌മികള്‍ ഇവയെ പതിവായി വേട്ടയാടിയിരുന്നു. പെട്ടെന്നുള്ള വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ ജീവി 1933-ലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രകാരം ഒരു "സംരക്ഷിതമൃഗ'മായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌.

പ്ലയോസീന്‍-മയോസീന്‍ യുഗങ്ങളില്‍ (എഴുപതു ലക്ഷം മുതല്‍ രണ്ടരക്കോടിവരെ വര്‍ഷം മുമ്പ്‌) ജീവിച്ചിരുന്നതും കുറുകിയ കഴുത്തുള്ളവയുമായ ആദിമ (primitive) ജിറാഫുകളുടെ ജീവിച്ചിരിക്കുന്ന പ്രതിനിധിയാണ്‌ ഓകാപി എന്ന്‌ ജന്തുശാസ്‌ത്രജ്ഞര്‍ കരുതുന്നു. ഇന്നത്തെ ഓകാപിക്ക്‌ ആ പൂര്‍വികനില്‍ നിന്ന്‌ വലിയ വ്യത്യാസങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ്‌ അവരുടെ വിശ്വാസം. നോ. ജിറാഫ്‌

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%95%E0%B4%BE%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍