This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാര്‍ബോണിക് അന്‍ഹൈഡ്രസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാര്‍ബോണിക് അന്‍ഹൈഡ്രസ്
Carbonic anhydrase
പ്രധാനമായും രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കണ്ടുവരുന്ന ഒരു എന്‍സൈം. ശരീരകോശങ്ങളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് വാതകത്തെ ശരീരത്തില്‍നിന്നു പുറന്തള്ളാന്‍ പര്യാപ്‌തമായ വിധത്തില്‍ ശ്വാസകോശങ്ങളില്‍ എത്തിക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുകയെന്നതാണ് ഈ എന്‍സൈമിന്റെ മുഖ്യധര്‍മം.
സിങ്ക് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ മെറ്റാലോ എന്‍സൈം (Metallo enzyme) വിഭാഗത്തില്‍പ്പെടുന്നു. തന്മാത്രാഭാരം 30,000. തന്മാത്രാഭാരത്തിന്റെ 0.31-0.34 ശതമാനം സിങ്ക് ആയിരിക്കും. ശ്വസനപ്രക്രിയയുമായി സജീവബന്ധമുള്ള കോശങ്ങള്‍ (ഉദാ. ചുവന്ന രക്താണുക്കള്‍), ജഠരത്തിലെ ശ്ലേഷ്‌മകോശങ്ങള്‍ (Parietal cells of gastric mucosa), അഡ്രിനല്‍ കോര്‍ട്ടക്‌സ്, കിഡ്‌നി ട്യൂബ്യൂളുകള്‍, പാന്‍ക്രിയാസ് (അഗ്ന്യാശയം) എന്നിവിടങ്ങളില്‍ ഈ എന്‍സൈം പ്രവര്‍ത്തിക്കുന്നു. 10 മില്ലിലിറ്റര്‍ രക്തത്തില്‍ 14-18 യൂണിറ്റോളം കാര്‍ബോണിക് അന്‍ഹൈഡ്രസ് അടങ്ങിയിരിക്കും. കാര്‍ബോണിക് അന്‍ഹൈഡ്രഡുകളെ α β γ δ ε എന്നിങ്ങനെ അഞ്ചു കുടുംബങ്ങളായി തരംതിരിച്ചിരിക്കുന്നു. സസ്‌തനികളിലെ കാര്‍ബോണിക് അന്‍ഹൈഡ്രസ് കുടുംബത്തിലും സസ്യങ്ങളിലും പ്രാകാരിയോട്ടുകളിലും കാണപ്പെടുന്നവ കുടുംബത്തിലും പെടുന്നു. ചൂടുനീരുറവകളിലെ മീഥേല്‍ ഉത്‌പാദിത ബാക്‌റ്റീരിയകളിലേത് കുടുംബത്തിലും സമുദ്രാന്തര സയനോബാക്‌ടീരിയകളില്‍ കാണപ്പെടുന്നവ കുടുംബത്തിലുമാണ് ഉള്‍പ്പെടുന്നത്.
അതിസങ്കീര്‍ണമായ ഒരു ഘടനയാണ് ഈ എന്‍സൈമിനുള്ളത്. ഒരു തന്മാത്രയില്‍ ഏതാണ്ട് 260 അമിനോ അമ്ലങ്ങള്‍ ഉണ്ടായിരിക്കും. ഇവയ്‌ക്കിടയില്‍ ഒരു Zn2+ ഭദ്രമായി ബന്ധിച്ചിരിക്കും. എക്‌സ്‌റേ പഠനങ്ങളില്‍ നിന്ന് തന്മാത്രയ്‌ക്ക് അണ്ഡാകൃതിയാണ് ഉള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. തന്മാത്രയുടെ പ്രവര്‍ത്തനമുഖത്തിനു (active site) ഫണലാകൃതിയാണുള്ളത്. ഫണലിന്റെ പാദ (base) ത്തിലുള്ള Zn2+ നെ മൂന്നു ഹിസ്റ്റിഡിന്‍ ശൃംഖലകളും, ഒരു H2O, അല്ലെങ്കില്‍ ഒരു OH- എന്നിവയും വലയം ചെയ്‌തിരിക്കും. ഈ നാലു ലിഗാന്‍ഡുകളും (ligands)ഒരു ചതുഷ്‌ഫലകത്തിന് (tetrahedron) രൂപം നല്‌കുന്നു.
ശരീരത്തില്‍ അപദ്രവ്യമായി രൂപംകൊള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറന്തള്ളാന്‍ സഹായിക്കുകയാണ് ഈ എന്‍സൈമിന്റെ മുഖ്യചുമതല. കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ ബൈകാര്‍ബണേറ്റാക്കി മാറ്റുന്ന
അസറ്റാല്‍ഡിഹൈഡിന്റെ ജലാപഘടനത്തെയും നേരിയ അളവില്‍ ഈ എന്‍സൈം ഉത്തേജിപ്പിക്കുന്നു.
ചുവന്ന രക്താണുക്കളിലെ കാര്‍ബോണിക് അന്‍ഹൈഡ്രസ് ശരീരകലകളില്‍നിന്നുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ രക്തത്തിലേക്കും തുടര്‍ന്ന് ശ്വാസകോശങ്ങളിലേക്കും എത്തിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. വൃക്കകളില്‍ ഈ എന്‍സൈം മൂത്രത്തിലേക്ക് അമ്ലത്തെ പുറന്തള്ളാനും അങ്ങനെ ശരീരത്തിന്റെ ക്ഷാരശേഖരം നിലനിര്‍ത്താനും സഹായിക്കുന്നു. ആമാശയത്തിനുള്ളില്‍ ഹൈഡ്രാക്ലോറിക് അമ്ലത്തിന്റെ ഉത്‌പാദനത്തെ ഉത്‌പ്രരിപ്പിക്കുന്നു. നാഡീകോശങ്ങളില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവുനിയന്ത്രിക്കുന്നതിനും ഇരുമ്പിന്റെ ഉപാപചയം ക്രമീകരിക്കുന്നതിനും ഈ എന്‍സൈം ആവശ്യമാണ്. ശരീരത്തിലെ ഉപാപചയ പ്രക്രിയകളില്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍നിന്നു കാര്‍ബോണിക് അമ്ലം ഉണ്ടാക്കാനും കാര്‍ബോണിക് അമ്ലത്തില്‍നിന്നും ഉണ്ടാകുന്ന H+നെ Na+ ഉം ആയി വിനിമയം നടത്താനും അങ്ങനെ Na+ നെ രക്തപ്ലാസ്‌മയിലേക്കു തള്ളാനും കിഡ്‌നി ട്യൂബ്യൂളുകളിലെ എന്‍സൈം ഉപകരിക്കുന്നുണ്ട്.
മഞ്ഞപ്പിത്തം, ചിലതരം ഹൃദയസ്‌തംഭനങ്ങള്‍ (ഉദാ. cyanosis ഓടുകൂടിയ ഹൃദയസ്‌തംഭനങ്ങള്‍), ചുവന്ന രക്താണുക്കളുടെ അമിതമായ വര്‍ധന (polycythemia vera) എന്നീ അവസ്ഥകളില്‍ കാര്‍ബോണിക് അന്‍ഹൈഡ്രസ് കൂടിയ അളവില്‍ ശരീരത്തില്‍ കാണപ്പെടുന്നു. ഇവയുടെ പ്രവര്‍ത്തനം മിതപ്പെടുത്തുന്ന ഔഷധങ്ങള്‍ "കാര്‍ബോണിക് അന്‍ഹൈഡ്രഡ് ഇന്‍ഹിബിറ്റുകള്‍' എന്നറിയപ്പെടുന്നു. ഇവ പ്രധാനമായും മൂത്രസംവര്‍ധകങ്ങള്‍ (diuretics), ഗ്ലോക്കോമ വിരുദ്ധ ഔഷധങ്ങള്‍, അപസ്‌മാര വിരുദ്ധ ഔഷധങ്ങള്‍ (antiepileptics)എന്നിവയിലാണ് ഉപയോഗിക്കുന്നത്. അസെറ്റാസോളമൈഡ്, മെതസോളമൈഡ്, ഡോര്‍സോളമൈഡ് എന്നിവ ഉദാഹരണങ്ങളാണ്.
(ചുനക്കര ഗോപാലകൃഷ്‌ണന്‍)