This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌തെക്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:17, 5 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആസ്‌തെക്കുകള്‍

മധ്യമെക്‌സിക്കോയിലെ നൈവതല്‍ (nahuatl) ഭാഷസംസാരിക്കുന്ന വംശീയ വിഭാഗങ്ങള്‍. 14, 15, 16 നൂറ്റാണ്ടുകളില്‍ മെസോ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇവരുടെ ആധിപത്യത്തിലായിരുന്നു. 1519-ല്‍ സ്‌പാനിഷ്‌ ആക്രമണത്തോടെ അവരുടെ സാമ്രാജ്യം തകരുകയും സാംസ്‌കാരിക സവിശേഷതകള്‍ നാശോന്മുഖമാവുകയും ചെയ്‌തു. "ആസ്റ്റല'നില്‍ നിന്നുള്ളവര്‍ എന്നര്‍ഥംവരുന്ന നൈവതല്‍ വാക്കില്‍ നിന്നാണ്‌ ആസ്‌തെക്‌ എന്ന വാക്കിന്റെ നിഷ്‌പത്തി. ടെനോപ്‌ടിട്‌ലനി (ആധുനിക മെക്‌സിക്കോ നഗരം)ല്‍ വസിച്ചിരുന്ന ജനതയെ ആയിരുന്നു ഈ സംജ്ഞകൊണ്ട്‌ സൂചിപ്പിച്ചിരുന്നത്‌. മെക്‌സിക്കോ താഴ്‌വരയാണ്‌ ആസ്‌തെക്കുകളുടെ അധിവാസഭൂമി. അതിപ്രാചീനമായ മനുഷ്യ സംസ്‌കൃതിയുടെ പാരമ്പര്യമുണ്ട്‌ മെക്‌സിക്കന്‍ ഭൂപ്രദേശങ്ങള്‍ക്ക്‌. ടിയോട്ടിഹ്വാകന്‍ മെക്‌സിക്കോപട്ടണത്തിന്‌ 50 കി.മീ. വ.കി. സ്ഥിതിചെയ്യുന്ന ഈ സ്ഥലം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്‌. എ.ഡി. 200 മുതല്‍ 700 വരെ മെക്‌സിക്കന്‍ സംസ്‌കൃതിയുടെ കേന്ദ്രമായിരുന്നു ഇവിടം.


തിയോതിഹ്വാകന്‍ (Teotihuacan). ഇവിടെ നിന്ന്‌ നിരവധി പിരമിഡുകളുടെയും മൂന്നോ നാലോ മുറികളുള്ള കെട്ടിടങ്ങളുടെയും അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. സൂര്യചന്ദ്രന്‍മാരെ ആരാധിക്കാനുള്ള പിരമിഡുകളാണ്‌ അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. സൂര്യ പിരമിഡിന്റെ ഭാഗങ്ങള്‍ക്ക്‌ 50 മീ-ല്‍ കുറയാതെ നീളമുണ്ട്‌; ചാന്ദ്രപിരമിഡ്‌ ചെറുതാണെങ്കിലും അതിന്റെ നിര്‍മിതി വളരെ വിശിഷ്‌ടമാണ്‌. രാഷ്‌ട്രീയശക്തികളും പുരോഹിത-ഭരണാധികാരികളും നിരന്തരം പ്രയത്‌നിച്ചതിന്റെ ഫലമായിട്ടാണ്‌ തിയോതിഹ്വാകന്‍ ഉയര്‍ന്നുവന്നത്‌. വാഹാക (തെ. മെക്‌സിക്കോയിലെ ഒരു പ്രദേശം), ഗ്വാട്ടിമാല എന്നിവിടങ്ങള്‍ വരെ തിയോതിഹാകന്റെ പ്രഭാവം ചെന്നെത്തി. സൈനികാക്രമങ്ങളെക്കാള്‍ ഒരു സാംസ്‌കാരികമുന്നേറ്റമാകണം ഇത്‌ സൂചിപ്പിക്കുന്നത്‌. ഇവിടത്തെ ജനത ആരാധിച്ചിരുന്ന മൂര്‍ത്തികളെത്തന്നെ ആയിരം വര്‍ഷങ്ങള്‍ക്കുശേഷം ആസ്‌തെക്കുകളും ആരാധിച്ചുവന്നു;

മൂലനാഗരികത. മെക്‌സിക്കോസിറ്റിക്ക്‌ ഏകദേശം 80 കി.മീ. വടക്കുള്ള ഹിദാല്‍ ഗോയിലെ ടൂലയില്‍ തോല്‍ തെക്കുകളുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംസ്‌കാരധാര എ.ഡി. 800-ഓടുകൂടി ഉയര്‍ന്നുവന്നു. ഇത്‌ തിയോതിഹ്വാകന്‍ നാഗരികതയുമായി പല കാര്യങ്ങളിലും ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും അടിസ്ഥാനപരമായി ഇവ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാം. പുരോഹിത-ഭരണാധികാരികളായിരുന്നു തിയോതിഹാകനില്‍ ഭരിച്ചിരുന്നത്‌; നേരേമറിച്ച്‌ യോദ്ധാക്കളുടെ നിയന്ത്രണത്തിലായിരുന്നു തൂലയിലെ ഭരണം. ശിലയില്‍ ആലേഖനം ചെയ്‌തിട്ടുള്ള ഇവരുടെ രൂപങ്ങള്‍ തൂലയില്‍ എല്ലായിടത്തും കാണാം. തൂലയുടെ ദേവത കെത്‌സാല്‍ കോവാതല്‍ (Quetzalcoatl-തൂവലുള്ള സര്‍പ്പം) ആണ്‌. ഇത്‌ ആസ്‌തെക്കുകളുടെയും ആരാധനാമൂര്‍ത്തിയാണ്‌. വിപുലമായൊരു രാജ്യവും കൃഷിപ്രധാനമായ ഒരു വികസ്വരനാഗരികതയും തോല്‍ തെക്കുകള്‍ കെട്ടിപ്പടുത്തിരുന്നു. വടക്കന്‍ മെക്‌സിക്കോയില്‍ നിന്നുള്ള പുതിയ ആക്രമണം മൂലം എ.ഡി. 1168-ഓടുകൂടി തോല്‍ തെക്കു രാജ്യവും സംസ്‌കാരവും നാമാവശേഷമായി. ഈ കാലം മുതല്‍ ആസ്‌തെക്കുകളുടെ ആഗമനം വരെ വിവിധ നഗര-രാഷ്‌ട്രങ്ങളായിരുന്നു മെക്‌സിക്കോതാഴ്‌വര കൈയടക്കിയിരുന്നത്‌. ടൂല ഭരണാധികാരികളുടെ പിന്‍മുറക്കാരാണ്‌ തങ്ങളെന്ന്‌ അവര്‍ അഭിമാനിക്കുകയും ചെയ്‌തിരുന്നു.

ആസ്‌തെക്‌ കുടിയേറ്റം. ഭൂമിയുടെ അടിത്തട്ടിലെ ഏഴുമുഖങ്ങളുള്ള ഗുഹയില്‍ നിന്നും ഉദ്‌ഭവിച്ചതാണ്‌ ആസ്‌തെക്കുകളും മറ്റു ആറ്‌ വര്‍ഗക്കാരുമെന്ന്‌ അവരുടെ ഐതിഹ്യങ്ങള്‍ പറയുന്നു; പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്തവരാണിവരെന്നതിന്‌ ഭാഷാശാസ്‌ത്രപരമായ തെളിവുകളും ഉണ്ട്‌. മെക്‌സിക്കോയുടെ വ.ഭാഗത്തുനിന്ന്‌ തെക്കോട്ടു കുടിയേറിപ്പാര്‍ത്ത അപരിഷ്‌കൃതവര്‍ഗങ്ങളുടെ കൂട്ടത്തില്‍ ആസ്‌തെക്കുകളും ഉള്‍പ്പെട്ടിരുന്നു. ബി.സി. 1168-ഓടുകൂടി ആസ്‌തെലന്‍വിട്ട്‌ ഒരു ചെറിയ വിഭാഗം ആസ്‌തെക്കുകള്‍ തൂലെയില്‍ എത്തിയിരിക്കാനാണ്‌ സാധ്യത. ഈ പര്യടനകാലത്ത്‌ അവര്‍ പരിഷ്‌കൃത ജനതയായിരുന്നുവെന്ന്‌ അനുമാനിക്കാന്‍ ന്യായങ്ങള്‍ കുറവാണ്‌. മെക്‌സിക്കോ താഴ്‌വരയില്‍ താമസമുറപ്പിച്ചിരുന്ന ജനങ്ങളില്‍ നിന്നാണ്‌ അവര്‍ പരിഷ്‌കാരങ്ങളെ സ്വായത്തമാക്കുന്നത്‌. മെക്‌സിക്കോ താഴ്‌വാരത്തിലെത്തിച്ചേര്‍ന്ന ആസ്‌തെക്കുകള്‍ "ചെപുല്‍ തേപെക്കി' എന്ന സ്ഥലത്ത്‌ താമസമാക്കി. ചുറ്റുപാടും ശക്തരായ ശത്രുക്കളുണ്ടായിരുന്നതുമൂലം 1325-ഓടുകൂടി തിക്‌സ്‌കോക്കോയുടെ പ. ഭാഗത്തുള്ള ദ്വീപില്‍ സ്ഥിരവാസമാക്കി. ആ സ്ഥലത്താണ്‌ ഇപ്പോഴത്തെ മെക്‌സിക്കോസിറ്റി (1325) പടുത്തുയര്‍ത്തിയിരിക്കുന്നത്‌. അവിടെയും അവര്‍ക്ക്‌ അസ്‌കപൊത്‌സാല്‍ കൊ(Azcapotzalco) യിലെ തെപ്‌നെക്ക്‌ വര്‍ഗക്കാര്‍ക്ക്‌ കപ്പവും സൈനികസേവനവും നിര്‍ബന്ധിതമായി നല്‌കേണ്ടിവന്നു; എന്നാല്‍ വളരെ താമസിയാതെ അംഗസംഖ്യ വര്‍ധിച്ചുവന്നപ്പോള്‍ അവര്‍ തൊട്ടടുത്ത ത്‌ളാകോപനിലെ വര്‍ഗക്കാരെ കൂട്ടുപിടിച്ച്‌ ശക്തി ആര്‍ജിക്കാന്‍ തുടങ്ങി.



രാജ്യവികസനം. തെനോച്‌തിത്‌ലന്‍ നഗരം കേന്ദ്രമാക്കിക്കൊണ്ട്‌ ഒരു വലിയ രാജ്യം രൂപവത്‌കരിക്കാന്‍ ആസ്‌തെക്കുകള്‍ക്കു കഴിഞ്ഞു. അകാമപിച്‌റ്റ്‌ലി (Acamapichtli) ആയിരുന്നു ആദ്യത്തെ ആസ്‌തെക്ക്‌ രാജാവ്‌. അക്കാലത്ത്‌ ആ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വര്‍ഗങ്ങളുടെ പരസ്‌പരകലഹങ്ങള്‍ ചൂഷണം ചെയ്‌തും ആ കലഹങ്ങളില്‍ കക്ഷിപിടിച്ച്‌ യുദ്ധം ചെയ്‌തുമാണ്‌ ആസ്‌തെക്കുകള്‍ സ്വന്തം രാഷ്‌ട്രീയശക്തിയും സാമ്പത്തികശക്തിയും വര്‍ധിപ്പിച്ചത്‌. അസ്‌കപൊത്‌സാല്‍ കൊയിലെ തെപെനക്കുകളെ ഭിന്നിപ്പിക്കാനും അവരെ കീഴടക്കാനും നാലാമത്തെ ആസ്‌തെക്കു രാജാവായ ഇറ്റ്‌സ്‌കോത്‌ല്‍ (Itzcoatl ഭ. കാ. 1427-40) ന്‌ സാധിച്ചു. മോണ്ടെസൂമ I (ഹ്യുഹ്യുമോക്‌ടെ സുമ) എന്ന അഞ്ചാമത്തെ ആസ്‌തെക്കു രാജാവിന്റെ ഭരണകാലത്ത്‌ (1440-69) അവരുടെ രാജ്യത്തില്‍ ഗെറോറൊ, ഹിഡല്‍ ഗൊ, പ്യൂബ്ല, ഒക്‌സാക എന്നീ മെക്‌സിക്കന്‍ സ്റ്റേറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു. വമ്പിച്ചൊരു ആക്രമണ പരമ്പരയിലൂടെ മെക്‌സിക്കോ ഉള്‍ക്കടലിന്റെ വേരാക്രൂസ്‌ തീരംവരെ മോണ്ടെസൂമ അധികാരമുറപ്പിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി അക്‌സയകത്‌ല്‍ (Axayacatl ഭ.കാ. 146981)ഇതരവര്‍ഗക്കാരുടെ കലാപങ്ങളെ അടിച്ചമര്‍ത്താനാണ്‌ ശ്രമിച്ചത്‌. ത്‌ലാതെലോല്‍ ക്കൊ നഗരം കീഴടക്കിയതാണ്‌ ഈ രാജാവിന്റെ ഏറ്റവും വലിയനേട്ടം. ഏഴാമത്തെ ആസ്‌തെക്ക്‌ രാജാവ്‌ തിസോക്കി (ഭ. കാ. 148186)ന്റെ ഭരണകാലത്തും ആസ്‌തെക്ക്‌ സാമ്രാജ്യത്തിന്‌ ഉലച്ചില്‍ തട്ടിയിരുന്നില്ല. എട്ടാമത്തെ രാജാവായിരുന്ന അഹ്യൂത്‌സോത്‌ല്‍ (Ahuitzotl)-ന്റെ ഭരണകാലത്ത്‌ (1486-1502) സാമ്രാജ്യവിസ്‌തൃതി വര്‍ധിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മോക്‌തെസുമ ഹോക്കോയോത്‌സിന്‍ (മോണ്ടെസുമ II: ഭ. കാ. 150220) തന്റെ രാജ്യത്തിന്റെ രാഷ്‌ട്രീയസ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുകയും സമാധാനം സ്ഥാപിക്കുകയും ചെയ്‌തു. രാജ്യത്തെ പ്രവിശ്യകളായി വിഭജിച്ച്‌, ഓരോ പ്രവിശ്യയും ഓരോ ഗവര്‍ണറുടെ കീഴിലാക്കി. സുശക്തമായ ഒരു ഉദ്യോഗസ്ഥവൃന്ദം രൂപവത്‌കരിച്ചു. നീതിന്യായ കോടതികളും തപാല്‍ സര്‍വീസുകളും ഏര്‍പ്പെടുത്തി. ആസ്‌തെക്കുപ്രതാപം ഉച്ചാവസ്ഥ പ്രാപിച്ച ഘട്ടമായിരുന്നു ഇത്‌.

1517-മുതല്‍ സ്‌പാനിഷ്‌ ആക്രമണകാരികള്‍ ആസ്‌തെക്ക്‌ രാജ്യത്തെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഹെര്‍ണാന്‍ഡോ കോര്‍ട്ടസ്‌ (1485-1547) എന്ന സ്‌പാനിഷ്‌ ആക്രമണകാരി തെനോച്‌തിത്‌ലനില്‍ പ്രവേശിച്ച്‌ യുദ്ധം ആരംഭിച്ചു (1521); ആസ്‌തെക്കുകള്‍ ചെറുത്തുനിന്നെങ്കിലും വിജയിച്ചില്ല. അവരുടെ തലസ്ഥാനം കീഴടക്കപ്പെട്ടു. ആ പുരാതനഗരം സ്‌പാനിഷ്‌ ആക്രമണം മൂലം നശിപ്പിക്കപ്പെടുകയാണുണ്ടായത്‌. അതിന്റെ സ്ഥാനത്ത്‌ ഉയര്‍ന്നുവന്ന നഗരമാണ്‌ ഇന്നത്തെ മെക്‌സിക്കോ സിറ്റി. 200 വര്‍ഷത്തോളം (1321-1521) നിലനിന്ന, 1,94,250 ച.കി.മീ. വിസ്‌തതിയുണ്ടായിരുന്ന ആസ്‌തെക്കുസാമ്രാജ്യം അതോടെ നാമാവശേഷമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍