This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിത്രൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:28, 4 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Erythrite

രക്തവര്‍ണത്തിലുള്ള ഒരു ആര്‍സനേറ്റ്‌ ധാതു. കോബാള്‍ട്ടിന്റെ ജലയോജിത ആര്‍സനേറ്റ്‌; ഫോര്‍മുല Co3 (AsO4)2 8H2O. ഏകനതാക്ഷപരലുകളായി കാണപ്പെടുന്ന എറിത്രൈറ്റിന്‌, കൂടുതല്‍ ജലാംശം ഉള്‍ക്കൊള്ളുന്നതിനാല്‍ കാഠിന്യം താരതമ്യേന കുറവാണ്‌. കാഠിന്യം 1.5-2.5; ആപേക്ഷിക സാന്ദ്രത 2.9-3.1; ചൂര്‍ണാഭ നിറത്തിനനുസൃതമാണ്‌. സുതാര്യമോ അതാര്യമോ ആയ പരലുകളില്‍ വിദളനം സ്‌പഷ്‌ടമാണ്‌. കോബാള്‍ട്ട്‌ നിക്ഷേപങ്ങളോടനുബന്ധിച്ച്‌ ഒരു പരിവര്‍ത്തിത ധാതുവായാണ്‌ സാധാരണ പ്രകൃതിയില്‍ കാണപ്പെടുന്നത്‌. സവിശേഷമായ ചോരനിറമാണ്‌ എറിത്രൈറ്റ്‌ എന്ന പേരിനു നിദാനം. ഇതിനെ കോബാള്‍ട്ട്‌ ബ്ലൂം എന്നും പറയാറുണ്ട്‌. ഇത്‌ വിവിയനൈറ്റ്‌ ഗ്രൂപ്പില്‍ പ്പെടുന്നു.

ഏകനതാക്ഷ പരലുകള്‍ അപൂര്‍വവും സൂക്ഷ്‌മവും പ്രിസ്‌മാറ്റിക്‌ സ്വഭാവത്തോടു കൂടിയതുമാണ്‌. ശോണലോഹിതം, പീച്ച്‌ പുഷ്‌പ-ചെമപ്പ്‌, പാടലം എന്നീ നിറങ്ങളില്‍ സാധാരണ കാണപ്പെടുന്നു. കോബാള്‍ട്ടിനു പുറമേ നിക്കല്‍ , മഗ്നീഷ്യം, ഇരുമ്പ്‌, കാത്സ്യം, നാകം എന്നീ സദൃശ ധനഅയോണുകളും ജാലിക ഘടനയില്‍ കടന്നുകൂടാം. അപൂര്‍വമായി കോബാള്‍ട്ട്‌ പൂര്‍ണമായും നിക്കലിനാല്‍ പ്രതിസ്ഥാപിതമായി അനബര്‍ജൈറ്റ്‌ എന്ന ധാതു ഉണ്ടാകുന്നു. ഇതുമായി ചേര്‍ന്ന്‌ എറിത്രൈറ്റ്‌ ഒരു പൂര്‍ണ ഘനലായനി ശ്രണി (solid solution series) സൃഷ്‌ടിക്കുന്നു. അനബര്‍ജെറ്റിന്റെ മറ്റൊരു വകഭേദമാണ്‌ കാബ്രറൈറ്റ്‌. നിക്കല്‍ അംശം കൂടുന്നതനുസരിട്ട്‌ ഇളം പച്ച, ധൂസരം, വെളുപ്പ്‌ എന്നിങ്ങനെ നിറം മാറുന്നു. കോബാള്‍ട്ടിനെ പൂര്‍ണമായും നാകം പ്രതിസ്ഥാപിച്ചുണ്ടാകുന്ന ഒരപൂര്‍വ ധാതുവാണ്‌ കോട്ടിറൈറ്റ്‌.

കോബാള്‍ട്ട്‌-നിക്കല്‍ നിക്ഷേപങ്ങളുടെ ഓക്‌സീകൃത മണ്ഡലങ്ങളില്‍ ആരീയ പരലുകളായും സംഗ്രഥനങ്ങളായും മൃണ്‍മയ പിണ്ഡങ്ങളായും കാണപ്പെടുന്ന ഒരു ദ്വിതീയ ധാതുവാണ്‌ എറിത്രൈറ്റ്‌; അതിനാല്‍ കോബാള്‍ട്ട്‌, നിക്കല്‍ , വെള്ളി എന്നിവയുടെ അയിരുകളുടെ സാന്നിധ്യത്തെ ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന സൂചകധാതുവായി അത്‌ വര്‍ത്തിക്കുന്നു. പൂര്‍വജര്‍മനി, ഫ്രാന്‍സ്‌, ചിലി, മൊറോക്കോ എന്നീ രാജ്യങ്ങളിലാണ്‌ എറിത്രൈറ്റ്‌ പ്രധാനമായും കണ്ടുവരുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍