This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുടംപുളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുടംപുളി
Malabar Tamarind
ക്ലൂസിയേസീ സസ്യകുടുംബത്തില്‍ പ്പെടുന്ന ഒരു വൃക്ഷം. ശാ.നാ.: ഗാര്‍സീനിയ കാംബോജിയ (Garcinia cambogia), ഗാ. ഗമ്മിഗട്ട(G. gummigatta). കൊറുക്കപ്പുളി, പെണംപുളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യയിലെയും ശ്രീലങ്കയിലെയും കാടുകളില്‍ 2,000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇതു വളരുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി വീട്ടുപറമ്പുകളില്‍ നട്ടുവളര്‍ത്താറുണ്ട്. ഉദ്ദേശം 75-80 സെ.മീ. വ്യാസമുള്ള വൃക്ഷം 15-25 മീ. പൊക്കംവയ്‌ക്കാറുണ്ട്. ഫെബ്രുവരി-മാര്‍ച്ച് വരെയാണ് പൂക്കാലം. ജൂലായ്-ആഗസ്റ്റ് മാസത്തില്‍ കായ്‌കള്‍ പാകമാകുന്നു. 5-12 സെ.മീ. നീളവും 2-5 സെ.മീ. വീതിയുമുള്ള ഇലകള്‍ക്ക് കടുംപച്ച നിറവും കട്ടിയും തിളക്കവുമുണ്ട്. ഇലയുടെ അടിവശത്തിന് മഞ്ഞനിറമാണ്. മഞ്ഞകലര്‍ന്ന വെള്ളനിറമുള്ള മാംസളമായ പൂക്കളാണ് ഈ വൃക്ഷത്തിന്റേത്. ആണ്‍പൂക്കള്‍ 4-12 എണ്ണം വീതം 2 സെ.മീ. നീളമുള്ള അംബല്‍ പൂങ്കുലകളില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. പൂവില്‍ 4-5 വിദളങ്ങളും അത്രയും ദളങ്ങളുമുണ്ട്. 10-20 കേസരങ്ങള്‍ ഒന്നുചേര്‍ന്ന് ഗോളാകൃതിയില്‍ കാണപ്പെടുന്നു. താരതമ്യേന വലുതാണ് പെണ്‍പൂക്കള്‍. ഇവ 1-3 വീതം ചേര്‍ന്ന് പൂങ്കുലകളായി കാണപ്പെടുന്നു. പെണ്‍പൂവില്‍ അണ്ഡാശയത്തിനു ചുറ്റുമായി 10-20 വന്ധ്യകേസരങ്ങള്‍ കാണാം. മത്തന്റെ ആകൃതിയില്‍ ഉരുണ്ട് മാംസളമായ ഫലത്തിന് ഇളം മഞ്ഞനിറമാണ്. 8 സെ.മീ. വ്യാസമുള്ള ഫലത്തിനു പുറത്ത് ആഴത്തിലുള്ള 8-10 പൊഴികള്‍ (grooves) കൊണാം. ഉള്ളില്‍ 8-10 വിത്തുകളുണ്ട്. വൃക്ഷത്തിന്റെ പരുപരുത്ത പുറംചട്ടയ്‌ക്ക് കറുപ്പു നിറമാണ്. ഇളം ചാരനിറമുള്ള തടി വണ്ടുകളും മറ്റും വേഗത്തില്‍ തുരന്നു നശിപ്പിക്കുന്നു. കാതല്‍ ഇല്ല. തടിയില്‍ സുഷിരങ്ങള്‍ (pores) ക്രമമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.
കുടംപുളിമരത്തിന്റെ കായുടെ പുറംതോട് ഉണക്കി പുളിരസത്തിനുവേണ്ടി കറികളില്‍ ചേര്‍ക്കുന്നു. വാളന്‍പുളിക്കു പകരമായി ഔഷധമെന്ന നിലയിലും ഇത് ഉപയോഗിക്കാറുണ്ട്. വയറിലെ ക്രമക്കേടുകള്‍ക്കും അര്‍ശസ്സിനും ഇത് ഔഷധമാണ്. അമിതഭാരം കുറയ്‌ക്കുന്നതിനു കുടംപുളി സഹായിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വൃക്ഷത്തിന്റെ തടി തീപ്പെട്ടി നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്.