This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടകപ്പാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:25, 3 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുടകപ്പാല

Bitter Oleander

കുടകപ്പാല

അപ്പോസൈനേസീ കുടുംബത്തില്‍ പ്പെട്ട ഒരു ഔഷധസസ്യം. ശാ.നാ. ഹോളറീന ആന്റിഡിസന്ററിക്ക (Holarrhena antidysente-rica). ആന്റിഡിസന്ററിക്ക എന്ന പദം അതിസാരത്തിന്‌ ഫലപ്രദമായ ഔഷധം എന്ന നിലയിലുള്ള ഇതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. കുര്‍ചി എന്ന വ്യാപാരസംജ്ഞയിലറിയപ്പെടുന്ന ഈ സസ്യം സാധാരണയായി പര്‍വതപ്രദേശങ്ങളില്‍ വളരുന്നുവെന്നാണ്‌ "കുടജം' എന്ന സംസ്‌കൃത നാമത്തില്‍ നിന്നു വ്യക്തമാകുന്നുത്‌. റൈറ്റിയ ടിങ്‌ടോറിയ (Wrightia tinctoria)എന്ന ചെടിയും കുടകപ്പാല എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. രണ്ടിനം കുടകപ്പാലയുള്ളതായി ചരകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഗിരിമല്ലിക, മല്ലികാപുഷ്‌പം എന്നീ ഇതരനാമങ്ങള്‍ ഇതിന്റെ പുഷ്‌പങ്ങള്‍ക്ക്‌ മുല്ലപ്പൂവിനോടുള്ള സാദൃശ്യത്തെ കാണിക്കുന്നു. ഇന്ത്യയില്‍ വരണ്ട ഇലപൊഴിയും കാടുകളില്‍ ഏതാണ്ട്‌ 1,200 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ കുടകപ്പാല വളരുന്നു. മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ വനപ്രദേശങ്ങളിലും ബിഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളിലും ഇത്‌ സാധാരണമാണ്‌. സാല്‍ വനങ്ങളിലും ആരവല്ലി പര്‍വതനിരകളിലും ധാരാളമായി കണ്ടുവരുന്നു. വളക്കൂറില്ലാത്ത മണ്ണിലും ഈ സസ്യം സമൃദ്ധമായി വളരുന്നു. പുതുതായി വെട്ടിത്തെളിച്ച പ്രദേശങ്ങളിലും ഇത്‌ തഴച്ചു വളരാറുണ്ട്‌.

ഏകദേശം 10 മീ. ഉയരത്തില്‍ വളരുന്ന ഒരു ചെറുവൃക്ഷമാണിത്‌. ചെടിയുടെ എല്ലാ ഭാഗത്തും പാലുപോലുള്ള വെളുത്ത കറയുണ്ട്‌. 10-30 സെ.മീ. നീളമുള്ള ലഘുപത്രങ്ങള്‍ വിപരീതദിശയില്‍ ക്രമീകരിച്ചിരിക്കുന്നു. ലോലമായ ഇലയില്‍ സിരകള്‍ വ്യക്തമായി കാണാം. പര്‍ണവൃന്തം വളരെച്ചെറുതാണ്‌. വെളുത്ത മൃദുവായ തടിയില്‍ വാര്‍ഷികവലയങ്ങള്‍ കാണാം. ഫെബ്രുവരി-മേയ്‌ മാസങ്ങളാണ്‌ പൂക്കാലമെങ്കിലും ജൂണ്‍, ജൂലായ്‌ മാസങ്ങളിലും ചിലപ്പോള്‍ പൂവണിയാറുണ്ട്‌. ശാഖാഗ്രങ്ങളിലുള്ള വലിയ കുലകളില്‍ (റെസീം) നേരിയ ഗന്ധമുള്ള വെളുത്ത പൂക്കള്‍ കാണുന്നു. അഞ്ച്‌ വിദളങ്ങള്‍ ചേര്‍ന്ന വിദളപുടവും അഞ്ച്‌ ദളങ്ങള്‍ ചേര്‍ന്ന സംയുക്തദളപുടവും കാണാം. വിദളങ്ങള്‍ക്കു ചുവട്ടില്‍ ഉള്‍ഭാഗത്തായി ചെറുഗ്രന്ഥികള്‍ ഉണ്ട്‌. ബാണാകാരവും (Sagilate)അന്തര്‍മുഖസ്‌ഫുടന (introrse dehiscence) സ്വഭാവമുള്ള പരാഗികളോടുകൂടിയ അഞ്ചു ദളലഗ്ന (epi-petalous) കേസരങ്ങളുണ്ട്‌. അണ്ഡാശയം ഊര്‍ധ്വമാണ്‌. വിയുക്താണ്ഡപാണ്ഡാശയത്തില്‍ (apocarpous ovary) നിരവധി അണ്ഡങ്ങള്‍ കാണാം. 20-45 സെ.മീ. നീളവും 6-8 മി.മീ. കനവുമുള്ള നീണ്ടുരുണ്ട കായ്‌കള്‍ക്ക്‌ പുറമേ കറുപ്പുനിറമാണ്‌. വിത്തുകള്‍ ഏകദേശം ഒരു സെ.മീ. നീളമുള്ളതും അഗ്രഭാഗത്ത്‌ തവിട്ടുനിറത്തില്‍ കുടുമപോലെ രോമങ്ങളോടുകൂടിയതുമാണ്‌. പട്ട, വേര്‌, വിത്ത്‌ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. തൊലിയിലും വിത്തിലും "കോണിസൈന്‍' (conessine) എന്ന പദാര്‍ഥം അടങ്ങിയിരിക്കുന്നു. ജലം, ആല്‍ ക്കഹോള്‍, നേര്‍ത്ത അമ്ലങ്ങള്‍ എന്നിവയില്‍ ലയിക്കുന്ന ഈ പാദാര്‍ഥം ഹെയിന്‍സ്‌ (1858) ആണ്‌ ആദ്യമായി പട്ടയില്‍ നിന്ന്‌ വേര്‍തിരിച്ചെടുത്തത്‌. വോര്‍ണിക്‌, കാന്‍ഗ (1886), അയ്യര്‍-സൈമണ്‍സണ്‍ (1925) എന്നിവര്‍ വിത്തില്‍ നിന്ന്‌ ശുദ്ധമായ കോണിസൈന്‍ വേര്‍തിരിച്ചെടുക്കുകയുണ്ടായി. കയ്‌പുള്ളതും വെള്ളപ്പരല്‍ രൂപമുള്ളതുമായ "കുര്‍ച്ചിസി'നും "കുര്‍ച്ചിന്‍' എന്ന മറ്റൊരു ആല്‍ ക്കലോയ്‌ഡും കല്‍ ക്കത്താ സ്‌കൂള്‍ ഒഫ്‌ മെഡിസിനിലെ ഘോഷ്‌, ബോസ്‌ എന്നീ ശാസ്‌ത്രജ്ഞന്മാര്‍ (1932) ശുദ്ധരൂപത്തില്‍ വേര്‍തിരിച്ചെടുക്കുകയുണ്ടായി.

തലശ്ശേരിപ്പട്ട എന്നറിയപ്പെടുന്ന കയ്‌പുള്ളതും ദീപനകരവും പുഷ്‌ടികരവും ജ്വരഹാരിയും കൃമിഘ്‌നവുമായ ഇതിന്റെ പട്ട അതിസാരത്തിനുള്ള ഫലപ്രദമായ മരുന്ന്‌ എന്ന നിലയില്‍ പ്രസിദ്ധമാണ്‌. ഹിന്ദു മെറ്റീരിയാ മെഡിക്കായിലെ ഏറ്റവും പ്രധാനപ്പെട്ട ഔഷധങ്ങളിലൊന്നാണിതെന്ന്‌ ഡൈമോക്ക്‌ അഭിപ്രായപ്പെടുന്നു. കാലപ്പഴക്കം ചെന്ന കഠിനമായ അതിസാരത്തിനും രക്താതിസാരത്തിനും ഇളയ ചെടിയുടെ തൊലിയും വേരും വിത്തും വളരെ വിശേഷപ്പെട്ട ഔഷധമാകുന്നു. ഭാവപ്രകാശം, ധന്വന്തരിനിഘണ്ടു എന്നീ ആയുര്‍വേദ നിഘണ്ടുക്കളില്‍ അര്‍ശസ്സ്‌, രക്തപിത്തം, കുഷ്‌ഠം, ഛര്‍ദി, വയറുവേദന എന്നിവയ്‌ക്കുള്ള ഫലപ്രദമായ ഔഷധമായി ഇതിനെ പരാമര്‍ശിച്ചിട്ടുണ്ട്‌. വേരും പട്ടയും ത്രിദോഷ (വാതം, പിത്തം, കഫം) ഹരങ്ങളാണ്‌. ഇന്ദ്രയവം, കലിംഗം, ഭദ്രയവം എന്നീ പേരുകളിലറിയപ്പെടുന്ന വിത്തുകള്‍ വാജീകരണൗഷധമായും ടോണിക്കായും ഉപയോഗിക്കുന്നു. കന്നുകാലി ചികിത്സയിലും ഇത്‌ പ്രധാനപ്പെട്ട ഒരു മരുന്നാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍