This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരനല്ലൂർ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:50, 3 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുമാരനല്ലൂര്‍ ക്ഷേത്രം

കുമാരനല്ലൂര്‍ ക്ഷേത്രം

കോട്ടയം ജില്ലയിലെ കുമാരനല്ലൂരില്‍ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം. ഇവിടത്തെ പ്രതിഷ്‌ഠയെപ്പറ്റി ഒരു ഐതിഹ്യമുണ്ട്‌. മധുരക്ഷേത്രത്തിലെ ഒരു ശാന്തിക്കാരനില്‍ ക്ഷേത്രപാലകര്‍ കവര്‍ച്ചക്കുറ്റം ആരോപിച്ചു. എന്നാല്‍ യഥാര്‍ഥ ദേവീഭക്തനും സത്യസന്ധനുമായ ഈ പൂജാരി പലേടത്തും സഞ്ചരിച്ച്‌ കുമരനല്ലൂരില്‍ വന്നെത്തി. ചേരമാന്‍ പെരുമാള്‍ അവിടെ "കുമാര'(സുബ്രഹ്മണ്യന്‍) പ്രതിഷ്‌ഠയ്‌ക്കുവേണ്ടി ഒരു ക്ഷേത്രം നിര്‍മിക്കുന്നുണ്ടായിരുന്നു. മധുരമീനാക്ഷിയെ അവിടെ പ്രതിഷ്‌ഠിക്കണമെന്ന്‌ ഈ ഭക്തന്‍ അപേക്ഷിച്ചു. എന്നാല്‍ ദേവിയുടെ സാന്നിധ്യം അനുഭവപ്പെടാത്തതിനാല്‍ അതിനുളള സാധ്യത വിരളമായിരുന്നു. ക്ഷേത്ര-ഊരാണ്മക്കാര്‍, കുമാരവിഗ്രഹം പ്രതിഷ്‌ഠിക്കാനുള്ള ശ്രമം തുടര്‍ന്നു. എന്നാല്‍ പെട്ടെന്ന്‌ അവിടമാകെ മൂടല്‍മഞ്ഞു വ്യാപിക്കുകയും വിഗ്രഹത്തെ സമീപിക്കാനാവാതെ ക്ഷേത്രപാലകര്‍ വലയുകയും ചെയ്‌തു. ദേവീസാന്നിധ്യം മനസ്സിലാക്കിയ അവര്‍ ഒടുവില്‍ ദേവിയെത്തന്നെ അവിടെ പ്രതിഷ്‌ഠിച്ചു. അവിടെ പ്രതിഷ്‌ഠിക്കാനുദ്ദേശിച്ച കുമാരവിഗ്രഹം പിന്നീട്‌ വൈക്കത്തിനടുത്ത്‌, ഉദയനാപുരത്ത്‌ പ്രതിഷ്‌ഠിക്കപ്പെട്ടു. "കുമാര'പ്രതിഷ്‌ഠ നടന്നില്ലെങ്കിലും അതിനുദ്ദേശിച്ചിരുന്ന സ്ഥലം "കുമാരനല്ലൂര്‍' തന്നെയായി. കുമാരനല്ലൂര്‍ ഭഗവതി കാര്‍ത്യായനി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. വൃശ്ചികത്തിലെ കാര്‍ത്തികനാളില്‍ ഇവിടെ പ്രധാന ഉത്സവം നടക്കുന്നു. നവരാത്രി ഉത്സവവുമുണ്ട്‌. ശില്‌പകലാസമ്പന്നമായ ഈ ക്ഷേത്രത്തില്‍ പ്രാചീന ശിലാരേഖകളും ചുവര്‍ചിത്രങ്ങളും കാണാം. "തിങ്കള്‍ക്കാട്‌' എന്നായിരുന്നു കുമാരനല്ലൂരിന്റെ പഴയ പേര്‌. ഇതിന്റെ സംസ്‌കൃതീകൃത രൂപമാണ്‌ "ഇന്ദുകാനനം'.

മധുരയില്‍നിന്നു വന്ന ഭഗവതീഭക്തനായ ആ ശാന്തിക്കാരന്റെ വംശക്കാരാണ്‌ കുമാരനല്ലൂരിലെ മധുര നമ്പൂതിരി കുടുംബക്കാരെന്നു വിശ്വസിച്ചുപോരുന്നു.

""ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ട്‌
	കാലില്‍ ചിലമ്പു, ചില മുത്തുപടം കഴുത്തില്‍,
	ഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂര്‍-
	കാര്‍ത്യായനീ, ശരണമെന്നിഹ കൈതൊഴുന്നേന്‍''
എന്ന പ്രാര്‍ഥനാശ്ലോകം, സുപ്രസിദ്ധമാണ്‌. 
 
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍