This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌ട്രാ റുസ്‌, ഫിദെൽ (1926-)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:56, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാസ്‌ട്രാ റുസ്‌, ഫിദെൽ (1926-)

Castro Ruz, Fidel

ഫിദെല്‍ കാസ്‌ട്രാറുസ്‌

ക്യൂബന്‍ വിപ്ലവനേതാവും മുന്‍ രാഷ്‌ട്രത്തലവനും. 1959-76വരെ ക്യൂബയുടെ പ്രധാനമന്ത്രിയും തുടര്‍ന്ന്‌ 2008 വരെ പ്രസിഡന്റും ആയിരുന്നു. 1961-ല്‍ രൂപീകൃതമായ ക്യൂബന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന കാസ്‌ട്രാ 2011 വരെ ആ പദവിയില്‍ തുടര്‍ന്നു. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ബാറ്റിസ്റ്റ സ്വേച്ഛാധിപത്യഭരണകൂടത്തിനെതിരെ നടത്തിയ സായുധവിപ്ലവത്തിന്‌ ചെഗുവേരയ്‌ക്കൊപ്പം നേതൃത്വം നല്‌കിയ ഫിദെല്‍ കാസ്‌ട്രാ ക്യൂബയുടെ സോഷ്യലിസ്റ്റു വിപ്ലവത്തിന്റെ ജനപ്രിയനേതാവുമാത്രമായിരുന്നില്ല, സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന്‌ സോഷ്യലിസത്തിന്റെ ആഗോളപ്രതീകം കൂടിയായിരുന്നു.

സ്‌പെയിന്‍കാരനായ ഏന്‍ജെല്‍ കാസ്‌ട്രായുടെയും ക്യൂബക്കാരിയായ ലീനാറുസ്‌ ഗോണ്‍സാലസിന്റെയും പുത്രനായി ക്യൂബയിലെ ഓറിയന്റെ പ്രാവിന്‍സില്‍ ബിറനില്‍ 1926 ആഗ. 13-നു ജനിച്ചു. 1898-ലെ സ്‌പാനിഷ്‌-അമേരിക്കന്‍ യുദ്ധത്തെത്തുടര്‍ന്ന്‌, സ്‌പാനിഷ്‌ സാമ്രാജ്യത്വത്തില്‍ നിന്ന്‌ വേര്‍പെടുത്തിയ ക്യൂബ അമേരിക്കന്‍ നിയന്ത്രണത്തിലായി. 1902-ല്‍ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ക്യൂബയ്‌ക്കുമേലുള്ള അമേരിക്കന്‍ നിയന്ത്രണം തുടര്‍ന്നു. ഈ സമയത്താണ്‌ കാസ്‌ട്രായുടെ പിതാവ്‌ ക്യൂബയിലേക്ക്‌ കുടിയേറിയത്‌. സന്റിയാഗൊ ദെ ക്യൂബായിലെ കത്തോലിക്കാ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹവാനയിലെ ബേലെന്‍ സ്‌കൂളില്‍ നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1945-ല്‍ ഹവാന സര്‍വകലാശാലയില്‍ ചേര്‍ന്ന്‌ നിയമവിദ്യാഭ്യാസം നടത്തി. ഹവാന സര്‍വകലാശാലയില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജനാധിപത്യത്തിനുവേണ്ടി രൂപീകൃതമായ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായ കാസ്‌ട്രാ ഡൊമിനിക്കയിലെ വലതുപക്ഷ സ്വേച്ഛാധിപതിയായ റാഫേല്‍ ത്രുജിലോയ്‌ക്കെതിരെ നടന്ന സായുധ കലാപത്തില്‍ പങ്കെടുത്തു. 1948-ല്‍ ബൊഗോട്ടയിലെ നിരവധി കലാപങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന്‌ അവിടെ വച്ച്‌ ഒരു തത്ത്വശാസ്‌ത്ര വിദ്യാര്‍ഥിനിയായ മിര്‍ട്ട ഡയസ്‌ ബിലാര്‍ട്ടിനെ വിവാഹം ചെയ്‌തു. ഒരു ആണ്‍കുട്ടി ജനിച്ചതിനുശേഷം കാസ്‌ട്രാ-മിര്‍ട്ടാ ദാമ്പത്യം 1954-ല്‍ വേര്‍പെട്ടു. വിദ്യാര്‍ഥികളുടെ വീരപുരുഷനായി അക്കാലത്ത്‌ ഉയര്‍ന്നുവന്ന എഡ്വേര്‍ഡൊ ചിബാസിന്റെ ഒരു അനുയായിയായി ഇദ്ദേഹം മാറി. 1950-ല്‍ നിയമബിരുദം നേടിയശേഷം ഹവാനയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. അഭിഭാഷകവൃത്തിയെക്കാള്‍ രാഷ്‌ട്രീയത്തോടും വിപ്ലവപ്രവര്‍ത്തനത്തോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന കാസ്‌ട്രാ 1952-ലെ തെരെഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ്‌ കക്ഷിസ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും മാ. 10-ന്‌ ബാറ്റിസ്റ്റ അമേരിക്കന്‍ പിന്തുണയില്‍ സൈനിക അട്ടിമറി നടത്തി. പ്രസിഡന്റ്‌ കാര്‍ലോസ്‌ പ്രയോസൊ കറാസിനെ സ്ഥാനഭ്രഷ്‌ടനാക്കിയതിനെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പു റദ്ദു ചെയ്യപ്പെട്ടു. അധികാരം പിടിച്ചെടുത്ത ബാറ്റിസ്റ്റ, നിയന്ത്രിത ജനാധിപത്യത്തിന്റെ പേരില്‍ സ്വേച്ഛാധിപത്യവാഴ്‌ചയ്‌ക്കു തുടക്കം കുറിച്ചു. മിലിറ്ററി കലാപങ്ങളെ വിപ്ലവം മൂലം മാത്രമേ നേരിടാന്‍ കഴിയൂ എന്നു വിശ്വസിച്ച കാസ്‌ട്രാ, സഹോദരന്‍ റൗള്‍ കാസ്‌ട്രായുമായി ചേര്‍ന്ന്‌ ഒരു രഹസ്യസംഘടനയുണ്ടാക്കി. ബാറ്റിസ്റ്റയുടെ ഏറ്റവും വലിയ സൈനികത്താവളമായ "മോണ്‍കാഡ' ആക്രമിച്ചു. 1953 ജൂല. 26-നു നടത്തിയ ഈ സായുധാക്രണം പരാജയപ്പെട്ടുവെങ്കിലും, "ജൂലൈ 26 പ്രസ്ഥാനം' എന്ന പേരില്‍ ആധുനിക ക്യൂബയുടെ ചരിത്രത്തിലെ വഴിത്തിരിവായി മാറി. തുടര്‍ന്ന്‌ നടന്ന കേസിന്റെ വിചാരണവേളയില്‍ കാസ്‌ട്രാ കോടതിയില്‍ നടത്തിയ വാദങ്ങള്‍ "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും' (History will Absolve me) എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു.

""...എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച്‌ സത്യത്തെ അമര്‍ച്ച ചെയ്യാന്‍ ഈ ഭരണകൂടം ശ്രമിക്കുമെന്ന്‌ എനിക്കറിയാം... എന്നാല്‍ , എന്റെ ശബ്‌ദത്തെ ഞെരിച്ചമര്‍ത്താനാവില്ല... നിരുത്തരവാദികളായ ഭീരുക്കള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്ന സത്യത്തെ എന്റെ ജീവന്‍കൊണ്ട്‌ ഞാന്‍ ആളിക്കത്തിക്കും. എന്നെ ശിക്ഷിച്ചോളൂ, ഞാന്‍ ഭയക്കുന്നില്ല. കാരണം, ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും, ഇതായിരുന്നു പില്‌ക്കാലത്ത്‌ വിഖ്യാതമായിത്തീര്‍ന്ന കാസ്‌ട്രായുടെ പ്രസംഗം. കാസ്‌ട്രായെ 15 വര്‍ഷത്തെയും സഹോദരനായ റൗളിനെ 13 വര്‍ഷത്തെയും ജയില്‍ ശിക്ഷയ്‌ക്കു വിധേയരാക്കി. എന്നാല്‍ 1955-ല്‍ ബാറ്റിസ്റ്റഭരണകൂടം നല്‍ കിയ പൊതുമാപ്പു മൂലം പുറത്തു വരാന്‍ കഴിഞ്ഞ കാസ്‌ട്രാ മെക്‌സിക്കോയിലെത്തി "ജൂലൈ 26 പ്രസ്ഥാനം' എന്ന പേരില്‍ വിപ്ലവസംഘടയ്‌ക്കു രൂപംനല്‍ കി. മെക്‌സിക്കോയില്‍ വച്ചാണ്‌ കാസ്‌ട്രാ ചെഗുവേരയുമായി പരിചയപ്പെടുന്നതും ഗറില്ലായുദ്ധമുറ, പ്രവര്‍ത്തനരീതിയായി സ്വീകരിക്കുകയും ചെയ്‌തത്‌. 1956 ന. 26-ന്‌ കാസ്‌ട്രായുടെയും ചെഗുവേരയുടെയും നേതൃത്വത്തില്‍ 82 വിപ്ലവകാരികള്‍ "ഗ്രാന്‍മ' എന്ന ചെറുകപ്പലില്‍ ബാറ്റിസ്റ്റയ്‌ക്കെതിരായ സായുധവിപ്ലവത്തിനായി പുറപ്പെട്ടു. ബാറ്റിസ്റ്റയുടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭൂരിപക്ഷം വിപ്ലവകാരികളും കൊല്ലപ്പെടുകയും കാസ്‌ട്രാ, ചെഗുവേര, റൗള്‍ കാസ്‌ട്രാ തുടങ്ങിയ 20-ഓളംപേര്‍ സിയറ മെയ്‌സ്‌്‌ത്ര പര്‍വതനിരകളിലേക്കു പലായനം ചെയ്യുകയും ചെയ്‌തു. ഇവര്‍ സിയറ മെയ്‌സ്‌ത്ര പ്രവിശ്യയിലെ കര്‍ഷകരുടെ പിന്തുണയില്‍ പുന:സംഘടിക്കുകയും പുതിയ സായുധവിപ്ലവമുന്നണി രൂപീകരിക്കുകയും ചെയ്‌തു. സിയറ മെയ്‌സ്‌ത്ര പര്‍വതനിരകള്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ ഗറില്ലാ യുദ്ധമാരംഭിച്ച "ജൂലൈ 26 പ്രസ്ഥാനം' തുടര്‍ന്ന്‌ ക്യൂബയിലെ ഗ്രാമ-നഗരങ്ങളില്‍ പ്രതിരോധ സംഘങ്ങള്‍ക്കു രൂപംനല്‌കി. ഫ്രാങ്ക്‌പെയ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്ന സംഘടന ജൂലൈ 26 പ്രസ്ഥാനത്തില്‍ ലയിച്ചു. 1957-ല്‍ കാസ്‌ട്രാ പ്രഖ്യാപിച്ച നയപ്രഖ്യാപനത്തില്‍ ബാറ്റിസ്റ്റ റദ്ദുചെയ്‌ത 1940-ലെ ഭരണഘടന പുന:സ്ഥാപിക്കുമെന്നും തെരഞ്ഞെടുപ്പ്‌ നടത്തുമെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു. 1958 ഫെബ്രുവരിയില്‍ ഏകാധിപത്യവാഴ്‌ച അട്ടിമറിക്കുകയും ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കുകയുമാണ്‌ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ചു. 1958 മേയിലെ "ഓപ്പറേഷന്‍ വെ.രാനോ'യിലും ഡിസംബറിലെ "സാന്തക്ലാര യുദ്ധ'ത്തിലും ജൂലൈ 26 പ്രസ്ഥാനം നിര്‍ണായക വിജയങ്ങള്‍ നേടി. സാന്തക്ലാര യുദ്ധത്തിനു നേതൃത്വം നല്‌കിയ ചെഗുവേരയുടെ ഗറില്ലാസേന 1958 ഡി. 31-ന്‌ തലസ്ഥാനം പിടിച്ചെടുത്തു. ബാറ്റിസ്റ്റ പട്ടാളത്തിലെ വലിയൊരു വിഭാഗം വിപ്ലവകാരികള്‍ക്കൊപ്പം ചേര്‍ന്നതോടെ, പരാജയം ഉറപ്പായ ബാറ്റിസ്റ്റ 1959 ജനു. 1-ന്‌ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കു പലായനം ചെയ്‌തു. തുടര്‍ന്ന്‌ അധികാരമേറ്റെടുത്ത പട്ടാളത്തലവന്‍ കാന്റിനോ സന്ധിക്കു തയ്യാറായെങ്കിലും കാസ്‌ട്രാ നിരസിച്ചു. തുടര്‍ന്ന്‌ കാസ്‌ട്രായുടെ നേതൃത്വത്തില്‍ വിപ്ലവസേന ഭരണകൂടം പിടിച്ചെടുക്കുകയും ചെയ്‌തു. 1959 ജനു. 8-ന്‌ ഹവാനയിലെ തെരുവുകളില്‍ ജനങ്ങള്‍ വിപ്ലവത്തിന്റെ വിജയം ആഘോഷിക്കുകയും കാസ്‌ട്രാ സര്‍വസൈന്യാധിപനായി ചുമതലയേല്‌ക്കുകയും ചെയ്‌തു.

1960-ല്‍ യു.എസ്‌. ഏര്‍പ്പെടുത്തിയ വ്യാപാര സാമ്പത്തിക ഉപരോധം 1962 ആയപ്പോഴേക്കും പൂര്‍ണമായും പ്രാബല്യത്തില്‍ വന്നു. എന്നാല്‍ സോവിയറ്റ്‌ യൂണിയന്റെ സഹായത്തോടെ കാസ്‌ട്രാ അധികാരം സുദൃഢമാക്കുകയും വിദേശനിക്ഷേപങ്ങളും അമേരിക്കന്‍ എണ്ണക്കമ്പനികളും പഞ്ചസാരവ്യവസായവും ദേശസാത്‌കരിക്കുകയും ചെയ്‌തു. സോഷ്യലിസ്റ്റ്‌ സാമ്പത്തികനയങ്ങള്‍ ആവിഷ്‌കരിച്ച കാസ്‌ട്രായുടെ ജനപ്രിയ പദ്ധതികള്‍ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ പിന്തുണ ആര്‍ജിച്ചു. മറുവശത്താകട്ടെ, സമ്പന്ന-മധ്യവര്‍ഗ വിഭാഗങ്ങള്‍ കാസ്‌ട്രായില്‍ നിന്നകലുകയും ചെയ്‌തു. സോവിയറ്റ്‌ യൂണിയന്റെ മാതൃക പിന്തുടര്‍ന്ന കാസ്‌ട്രാ ക്രമേണ പത്രസ്വാതന്ത്യ്രത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ഏകകക്ഷി സ്വേച്ഛാധിപത്യം പിന്‍തുടരുകയും ചെയ്‌തു. ഈ കാലയളവില്‍ , അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. കാസ്‌ട്രായ്‌ക്കെതിരെ അനവധി വധശ്രമങ്ങള്‍ നടത്തുകയുണ്ടായി. സ്‌ഫോടകവസ്‌തുക്കള്‍ ഒളിപ്പിച്ച ചുരുട്ടുകള്‍, അണുബാധയുള്ള സ്‌ളബനീ നൂല്‍ വസ്‌ത്രങ്ങള്‍, വാടകക്കൊലയാളികളെ ഉപയോഗിക്കല്‍ എന്നീ കൊലപാതകശ്രമങ്ങളെയൊക്കെ കാസ്‌ട്രാ അദ്‌ഭുതകരമായി അതിജീവിച്ചു. അമേരിക്കയുടെ ഗൂഢനീക്കങ്ങളെയും വധശ്രമങ്ങളെയും അതിജീവിച്ച കാസ്‌ട്രാ ലോകസോഷ്യലിസ്റ്റു പ്രസ്ഥാനത്തിന്റെ ആദര്‍ശമാതൃകയും പ്രതീകവുമായി മാറുകയും ചെയ്‌തു.

മൂന്നാം ലോകരാജ്യങ്ങളുടെ വക്താവായി മാറിയ കാസ്‌ട്രാ, സോവിയറ്റ്‌ യൂണിയന്റെ ഗണ്യമായ സാമ്പത്തിക സഹായം ഉണ്ടായിരുന്നിട്ടും, ഇത്തരം സൈനിക പിന്തുണകളുടെ ചെലവ്‌ ക്യൂബന്‍ സമ്പദ്‌ഘടനയ്‌ക്കുമേല്‍ കനത്ത ബാധ്യതയാണുണ്ടാക്കിയത്‌. 1960-ല്‍ ഏഷ്യനാഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ ജനതകളുടെ ഐക്യദാര്‍ഢ്യപ്രസ്ഥാനത്തിനു രൂപംനല്‌കി. 1967-ല്‍ ഇദ്ദേഹം രൂപീകരിച്ച ലാറ്റിനമേരിക്കന്‍ ഐക്യദാര്‍ഢ്യസംഘടന ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിപ്ലവസംരംഭങ്ങളെ പിന്തുണച്ചു. 1970-കളില്‍ അംഗോള, എത്യോപ്യ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സോവിയറ്റനുകൂല ശക്തികള്‍ക്കു സൈനികസഹായം നല്‌കി. എന്നാല്‍ അമേരിക്ക കാസ്‌ട്രായ്‌ക്കെതിരെ ആസൂത്രണം ചെയ്‌ത പദ്ധതികള്‍, കാസ്‌ട്രായെ കൂടുതല്‍ അരക്ഷിതനാക്കുകയും ഏകാധിപത്യപ്രവണതകള്‍ക്കു കാരണമാവുകയും ചെയ്‌തു. ജൂലൈ 26 പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോയുടെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട കാസ്‌ട്രായ്‌ക്കെതിരെ, ഉദാര ജനാധിപത്യവാദികള്‍ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി വാദിച്ച വിമതരെ അടിച്ചമര്‍ത്തുന്ന നയമാണ്‌ കാസ്‌ട്രാ സ്വീകരിച്ചത്‌. 1989-ല്‍ സോവിയറ്റ്‌ യൂണിയന്റെ പതനവും ശീതയുദ്ധത്തിന്റെ അന്ത്യവും കാസ്‌ട്രായെയും ക്യൂബയെയും ഒറ്റപ്പെടുത്തുകയുമാണുണ്ടായത്‌. എന്നാല്‍ , രാഷ്‌ട്രീയവും സാമ്പത്തികവുമായ ഒറ്റപ്പെടലിനെ അമിതാധികാര പ്രവണതകളിലൂടെയാണ്‌ കാസ്‌ട്രാ നേരിട്ടത്‌. ഇത്‌ ആഗോള ജനാധിപത്യരംഗത്ത്‌ കാസ്‌ട്രായുടെ പ്രതിച്ഛായയ്‌ക്കു മങ്ങലേല്‍ പ്പിക്കുകയും പല കാലങ്ങളില്‍ ക്യൂബയില്‍ നിന്ന്‌ പലായനം ചെയ്‌ത വിമത വിഭാഗങ്ങള്‍ കാസ്‌ട്രായ്‌ക്കെതിരെ പ്രചാരണം സംഘടിപ്പിക്കുകയും ചെയ്‌തു.

1990-കളില്‍ ക്യൂബയുടെ സാമ്പത്തികസ്ഥിതി തകര്‍ച്ചയുടെ വക്കിലെത്തി. ഈ ഘട്ടത്തില്‍ യു.എസ്‌. ഡോളറിന്റെ വിനിമയം നിയമാനുസൃതമാക്കുക, ടൂറിസം പ്രാത്സാഹിപ്പിക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊണ്ടു. 2001-ല്‍ കൊടുങ്കാറ്റുമൂലം ക്യൂബയില്‍ വമ്പിച്ച നാശനഷ്‌ടങ്ങള്‍ ഉണ്ടായപ്പോള്‍ അമേരിക്ക വാഗ്‌ദാനം ചെയ്‌ത സഹായം നിരസിച്ച കാസ്‌ട്രാ, അമേരിക്കയില്‍ നിന്ന്‌ ഭക്ഷ്യധാന്യങ്ങള്‍ വില നല്‌കി വാങ്ങാമെന്ന്‌ നിര്‍ദേശിച്ചു. കാസ്‌ട്രായുടെ നിര്‍ദേശം അംഗീകരിച്ച പ്രസിഡന്റ്‌ ബുഷ്‌ സാമ്പത്തിക വിലക്കില്‍ ഇളവ്‌ വരുത്തി. ഇന്ധനദൗര്‍ലഭ്യത്തെ നേരിടാനായി, ആയിരക്കണക്കിനു ക്യൂബന്‍ഡോക്‌ടര്‍മാരെ വെനിസ്വേലയിലേക്ക്‌ അയയ്‌ക്കുകയും പകരം എണ്ണ സ്വീകരിക്കുകയും ചെയ്‌തു. 1990-കളില്‍ കാസ്‌ട്രായുടെ ആരോഗ്യത്തെക്കുറിച്ച്‌ പല അഭ്യൂഹങ്ങളുമുണ്ടായി. 2006-ല്‍ ഉദരരക്തസ്രാവത്തെത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കുവിധേയനായ കാസ്‌ട്രാ, സഹോദരന്‍ റൗള്‍ കാസ്‌ട്രായെ താത്‌കാലിക നേതാവായി നാമനിര്‍ദേശം ചെയ്‌തു. ഈ ശസ്‌ത്രക്രിയയ്‌ക്കുശേഷം കാസ്‌ട്രായുടെ പൊതുപരിപാടികള്‍ വിരളമായിരുന്നു.

2008 ഫെ. 19-ന്‌ 81-ാം വയസില്‍ , അനാരോഗ്യംമൂലം കാസ്‌ട്രാ ക്യൂബന്‍ പ്രസിഡന്റ്‌ പദവി സഹോദരന്‍ റൗളിനു കൈമാറി. 2011-ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന്‌ രാജിവയ്‌ക്കുകയും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക്‌ റൗള്‍ കാസ്‌ട്രാ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

മൂന്നാം ലോകത്തിലെ നായകന്മാരില്‍ ഒരാളായ ഇദ്ദേഹത്തിന്‌ നിരവധി വിദേശ ബഹുമതികളും ലഭിച്ചിട്ടുണ്ട്‌. ലെനിന്‍ പീസ്‌ പ്രസ്‌ (1961)സ ദിമിത്രാവ്‌ പ്രസ്‌ (ബള്‍ഗേറിയ 1980), ഹീറോ ഒഫ്‌ സോവിയറ്റ്‌ യൂണിയന്‍ (1963), ഓര്‍ഡര്‍ ഒഫ്‌ ലെനിന്‍ (1972), ഓര്‍ഡര്‍ ഒഫ്‌ ഒക്‌ടോബര്‍ റവല്യൂഷന്‍ (1976), സെമാലി ഓര്‍ഡര്‍(ഒന്നാം ക്ലാസ്‌ 1977), ഓര്‍ഡര്‍ ഒഫ്‌ ജെമേക്ക (1977) എന്നിവ ഇതില്‍ ശ്രദ്ധേയങ്ങളാണ്‌. ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ്‌ ടെന്‍ ഇയേഴ്‌സ്‌ ഒഫ്‌ റവല്യൂഷന്‍ (1964), ഹിസ്റ്ററി വില്‍ അബ്‌സോള്‍വ്‌ മി (1968) എന്നിവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍