This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുളവാഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:40, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുളവാഴ

Water hyacinth

ഒരു ജലസസ്യം. പോന്റെഡെറിയേസീ സസ്യകുടുംബത്തില്‍ പ്പെട്ട ഇതിന്റെ ശാ.നാ.: ഐക്കോര്‍ണിയ ക്രാസിപ്പെസ്‌ (Eichhorinia crassipies) എന്നാണ്‌. 1779-ല്‍ ജനിച്ച ജെ.എ.എഫ്‌.ഐക്കോണ്‍ എന്ന പ്രഷ്യന്‍ മന്ത്രിയുടെ സ്‌മരണാര്‍ഥമാണ്‌ ഈ ചെടിക്ക്‌ ഐക്കോര്‍ണിയ എന്ന പേര്‌ നല്‌കിയത്‌. ജലപ്പരപ്പില്‍ പൊങ്ങിക്കിടക്കുന്ന ഒരു ചെറുസസ്യമാണിത്‌. ഈ ചെടിയുടെ ജന്മദേശം തെക്കേ അമേരിക്കയാണെന്ന്‌ കരുതുന്നു. ഏതാണ്ട്‌ ആറോളം സ്‌പീഷീസുകള്‍ തെക്കേ അമേരിക്കയിലുണ്ടെങ്കിലും ഐക്കോര്‍ണിയ സ്‌പീഷിയോസ (E.speciosa)എന്ന സ്‌പീഷീസാണ്‌ ധാരാളമായി കാണപ്പെടുന്നത്‌. ഒരു സ്‌പീഷീസ്‌ ആഫ്രിക്കയിലും കണ്ടുവരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മാത്രമാണ്‌ കുളവാഴ ഇന്ത്യയില്‍ എത്തിയത്‌.

കുളവാഴയുടെ ഇല വലുതും കട്ടിയുള്ളതുമാണ്‌. ഏതാണ്ട്‌ വിഷമചതുഷ്‌കോണാകൃതി (rhomboidal)യിലുള്ള ഇലകള്‍ക്ക്‌ മധ്യഭാഗത്തായി ഒരു ഉപസങ്കോചനം (constriction) ഉണ്ട്‌. ഇലകളുടെ പത്രവൃന്തം വീര്‍ത്തിരിക്കും. ഇവയാണ്‌ ചെടിയെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നത്‌. പര്‍വസന്ധികളില്‍ (nodes) നിന്നാണ്‌ വേരുകള്‍ പുറപ്പെടുന്നത്‌. വെള്ളത്തിനടിയിലേക്കു വളരുന്ന ഈ വേരുകള്‍ നീണ്ടരോമങ്ങളുള്ള ബ്രഷുപോലെ തോന്നിക്കുന്നു. പുഷ്‌പിക്കുന്ന സമയമാകുമ്പോള്‍ ഇവ തറയില്‍ ഉറപ്പിക്കാനായുള്ള വേരുകള്‍ പുറപ്പെടുവിക്കാറുണ്ട്‌. ജലത്തിന്‌ ആഴക്കുറവാണെങ്കില്‍ ഈ വേരുകള്‍ അടിയിലുള്ള ചെളിയില്‍ ഇറങ്ങി വളം വലിച്ചെടുക്കും.

പുഷ്‌പങ്ങള്‍ ഒരു പ്രകീലത്തിലോ (spike) പുഷ്‌പഗുച്ഛത്തിലോ (panickle) കാണപ്പെടുന്നു. ഒരു കുലയില്‍ എട്ടോളം പൂക്കള്‍ കാണും. ഒരു പുഷ്‌പത്തില്‍ ആറ്‌ ദളങ്ങള്‍ ഉണ്ടാകും. ഇതില്‍ മുകളറ്റത്തെ ദളം മറ്റുള്ളവയേക്കാള്‍ വലുതായിരിക്കും. ഈ ദളത്തില്‍ ഒരു വലിയ കടുംനീല പൊട്ടും കാണപ്പെടുന്നു. മൂന്നുനീണ്ട കേസരങ്ങളും മൂന്നുചെറിയ കേസരങ്ങളും ഉണ്ട്‌. എല്ലാ കേസരങ്ങളും മുകളറ്റത്തേക്ക്‌ വളഞ്ഞിരിക്കുന്നു. പരിദളപുജ്ഞം (perianth) ചോര്‍പ്പിന്റെ ആകൃതിയിലുള്ളതും ഒരു ചെറിയ നാളിയോടുകൂടിയതുമാണ്‌. അണ്ഡാശയം ആവൃന്തം (sessile)ആണ്‌. ഇതില്‍ മൂന്നു കോശങ്ങള്‍ കാണപ്പെടുന്നു. വര്‍ത്തിക(styleതന്തു രൂപത്തിലുള്ളതാണ്‌. പൂക്കളുടെ നിറം വയലറ്റോ നീലയോ ആയിരിക്കും. പൂക്കളുടെ ഭംഗികാരണം "ജലത്തിലെ ഓര്‍ക്കിഡുകള്‍' എന്നും ഇവയെ വിളിക്കാറുണ്ട്‌. ഭംഗിയേറിയ ഈ പുഷ്‌പങ്ങളാലാണ്‌ ഇവ വിവിധ രാജ്യങ്ങളില്‍ എത്തിപ്പെട്ടത്‌. ഒഴുകി നടക്കുമ്പോള്‍ ഇവ പുഷ്‌പിക്കാറില്ല. എല്ലാ കാലാവസ്ഥകളിലും പുഷ്‌പിക്കാറുള്ള ഈ ചെടികളെ ഉദ്യാനസസ്യമായും ചെറുജലാശയങ്ങള്‍ ഉണ്ടാക്കി വളര്‍ത്താറുണ്ട്‌.

ഒരു അധിനിവേശ സ്‌പീഷീസായ(exotic species)കുളവാഴ ജല ഇക്കോവ്യൂഹങ്ങളിലെ പാരിസ്ഥിതിക സന്തുലനം നഷ്‌ടപ്പെടുത്തുന്നവയാണ്‌. അമിതമായി വളരുന്ന കുളവാഴ ജലഗതാഗതത്തിന്‌ തടസ്സം സൃഷ്‌ടിക്കാറുണ്ട്‌. തെക്കേ അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള സെന്റ്‌ ജോര്‍ജ്‌ നദിയിലൂടെയുള്ള യാത്ര കുളവാഴയുടെ അമിതമായ വളര്‍ച്ച കാരണം ഇടയ്‌ക്കിടെ മുടങ്ങാറുണ്ട്‌. കുളവാഴ വളരുന്ന ജലാശയങ്ങളില്‍ മറ്റു ചെടികളുടെ വളര്‍ച്ചയും നിലച്ചുപോകും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B3%E0%B4%B5%E0%B4%BE%E0%B4%B4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍