This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃത്രിമ റബ്ബർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:44, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)


കൃത്രിമ റബ്ബര്‍

സ്വാഭാവിക റബ്ബറിനുപകരം വയ്‌ക്കാവുന്ന ഇലാസ്‌തിക ഗുണങ്ങളുള്ള കൃത്രിമപദാര്‍ഥങ്ങള്‍. 1940-നു ശേഷമാണ്‌ രാസപ്രക്രിയകളിലൂടെ കൃത്രിമറബ്ബര്‍ വിപുലമായി ഉണ്ടാക്കാന്‍ ആരംഭിച്ചത്‌. കഷ്‌ടിച്ച്‌ ഒരു ദശകം കഴിഞ്ഞപ്പോഴേക്ക്‌ വിപണിയിൽ ലഭ്യമായ റബ്ബര്‍-ഉത്‌പന്നങ്ങളിൽ 60 ശതമാനത്തിലേറെ കൃത്രിമ റബ്ബറിന്റേത്‌ ആയിരുന്നു. യുദ്ധകാലത്തെ റബ്ബര്‍ ദൗര്‍ലഭ്യവും സവിശേഷഗുണങ്ങളോടുകൂടിയ റബ്ബര്‍ തരങ്ങളുടെ ആവശ്യവുമാണ്‌ കൃത്രിമ റബ്ബര്‍ നിര്‍മാണത്തിനു പ്രരകമായിത്തീര്‍ന്നത്‌. സ്വാഭാവിക റബ്ബര്‍ ഐസോപ്രീന്‍ (2-മീഥൈൽ 1,3 ബ്യൂട്ടാഡൈഈന്‍) തന്മാത്രകള്‍ ഒരു പ്രത്യേകരീതിയിൽ ക്രമീകരിച്ചിട്ടുള്ള ഒരു പോളിമര്‍ ആണ്‌. 1879-ൽ ഫ്രഞ്ച്‌ രസതന്ത്രജ്ഞനായ ജോര്‍ജ്‌ ബുഷാര്‍നെ പരീക്ഷണശാലയിൽവച്ച്‌ ഐസോപ്രീന്‍ പോളിമറീകരിക്കുന്നതിൽ വിജയിച്ചുവെങ്കിലും വമ്പിച്ച തോതിലുള്ള ഉത്‌പാദനശ്രമങ്ങളൊന്നും തന്നെ വിജയിച്ചില്ല. പറ്റിയ ഒരു ഉത്‌പ്രരകം ഇല്ലാത്തതായിരുന്നു കാരണം. ബ്യൂട്ടെൽ ലീഥിയവും ടൈറ്റാനിയം ക്ലോറൈഡ്‌, ട്ര ഐസോബ്യൂട്ടെൽ അലുമിനിയം മിശ്രിതവും ഉത്‌പ്രരകങ്ങളായി ഉപയോഗിച്ച്‌ 1955-ഓടുകൂടി ഐസോപ്രീൽ പോളിമറീകരണം സാധ്യമായി. രാസപരമായി ഐസോപ്രീനുമായി ബന്ധമുള്ള തന്മാത്രകള്‍ - ഉദാഹരണത്തിന്‌ 1,3 ബ്യൂട്ടാഡൈഈന്‍, ക്ലോറോപ്രീന്‍ (2-ക്ലോറോ-1,3 ബ്യൂട്ടാഡൈഈന്‍), ഐസോബ്യൂട്ടിലീന്‍ (മീഥൈൽ പ്രാപീന്‍) പോളിമറീകരിച്ച്‌ പല വിധത്തിലുള്ള കൃത്രിമ റബ്ബറുകള്‍ പിന്നീട്‌ നിര്‍മിക്കപ്പെട്ടു.

സ്റ്റൈറീന്‍-ബ്യൂട്ടാഡൈഈന്‍ റബ്ബര്‍

1910-ൽ റഷ്യന്‍ ശാസ്‌ത്രജ്ഞനായ സെര്‍ജി വാസിലേവിച്‌ ലെബിഡേവ്‌ ആണ്‌ ബ്യൂട്ടാഡൈഈന്‍ പോളിമറീകരിച്ച്‌ സംശ്ലേഷിത റബ്ബര്‍ ഉത്‌പാദിപ്പിച്ചത്‌. ഇതാണ്‌ കൃത്രിമ റബ്ബര്‍ വ്യവസായത്തിന്‌ അടിത്തറ പാകിയത്‌. ഒന്നാംലോകയുദ്ധകാലത്ത്‌ 2,350 ടണ്‍ മീഥൈൽ റബ്ബര്‍ ഡൈമീഥൈൽ ബ്യൂട്ടാഡൈഈനിന്റെ പോളിമറീകരണം വഴി നിര്‍മിക്കപ്പെട്ടു. തുടര്‍ന്നു നടന്ന പരീക്ഷണങ്ങള്‍വഴി ജര്‍മനിയിൽ 1929-ൽ സ്റ്റൈറീന്‍ ബ്യൂട്ടാഡൈഈന്‍ കോപോളിമര്‍ റബ്ബറുണ്ടാക്കി. വാഹനങ്ങളുടെ ടയര്‍ നിര്‍മിക്കാന്‍ ഈ റബ്ബര്‍ അനുയോജ്യമാണ്‌. ബ്യൂനാ-ട എന്നാണ്‌ ഈ റബ്ബറിന്റെ വ്യാവസായികനാമം. സോഡിയം ആണ്‌ ഉത്‌പ്രരകമായി ഉപയോഗിച്ചിരുന്നത്‌. വിവിധ ബ്യൂനാ റബ്ബറുകള്‍ -1 ബ്യൂനാ-32, ബ്യൂനാ-85, ബ്യൂനാ-115 ജര്‍മനിയിൽത്തന്നെ നിര്‍മിക്കപ്പെട്ടു. ബ്യൂട്ടാഡൈഈന്‍-സ്റ്റൈറീന്‍ പോളിമറിന്‌ അടിസ്ഥാനപരമായ പല വ്യതിയാനങ്ങളും പിന്നീടു വരുത്തുകയുണ്ടായി. അങ്ങനെ മറ്റു നിരവധി സവിശേഷ റബ്ബറുകളും രൂപമെടുത്തു. ഐസോ ബ്യൂട്ടിലീനും അല്‌പം ഐസോപ്രീനും താഴ്‌ന്ന താപനിലയിൽ ഫ്രീഡൽ ക്രാഫ്‌റ്റ്‌ ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തിൽ പോളിമറീകരിച്ചു കിട്ടുന്നതാണ്‌ ബ്യൂട്ടൈൽ റബ്ബര്‍. വള്‍ക്കനൈസ്‌ ചെയ്‌ത ബ്യൂട്ടൈൽ റബ്ബര്‍ പലവിധത്തിലും സ്വാഭാവിക റബ്ബറിനേക്കാള്‍ മേന്മ കൂടിയതാണ്‌.

ബ്യൂട്ടാഡൈഈന്‍ അക്രിലോ നൈട്രൽ സഹപോളിമറുകളാണ്‌ നൈട്രൽ റബറുകള്‍ എന്നറിയപ്പെടുന്നത്‌. ബ്യൂനാ ച, ബ്യൂട്ടാപ്രീന്‍ (Butaprene), കെമിഗം, ഹൈകാര്‍, പാരാക്രിൽ തുടങ്ങിയ വ്യാവസായിക നാമത്തിൽ അറിയപ്പെടുന്നവ നൈട്രൽ റബ്ബറുകളാണ്‌. ഇവയുടെ അനുപാതത്തിൽ വ്യത്യാസം വരുത്തി ഉത്‌പന്നത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കാവുന്നതാണ്‌.

മറ്റൊരുതരം കൃത്രിമ റബ്ബറാണ്‌ തയോക്കോള്‍. സോഡിയം പോളിസള്‍ഫൈഡിന്റെയും എഥലിന്‍ഡൈക്ലോറൈഡുപോലുള്ള കാര്‍ബണിക ക്ലോറൈഡുകളുടെയും പോളിമറീകരണ ഉത്‌പന്നമാണ്‌ തയോക്കോള്‍ റബ്ബറുകള്‍. ഡൈമീഥൈൽ സിലോക്‌സേന്‍ പോളിമറീകരിച്ച ഉത്‌പന്നങ്ങള്‍ സിലിക്കോണ്‍ റബ്ബറുകള്‍ എന്നറിയപ്പെടുന്നു. ഉയര്‍ന്ന താപരോധശക്തിയുള്ളവയും തീരെ ഒട്ടിപ്പിടിക്കാത്തവയുമാണ്‌ ഈ വിലകൂടിയ റബ്ബര്‍. ജെറ്റ്‌ എഞ്ചിനുകളിലും മറ്റ്‌ വിമാനഭാഗങ്ങളിലും ഇവ ഉപയോഗിക്കപ്പെടുന്നു. രാസപരമായി സിലിക്കോണ്‍ റെസീനുകള്‍ക്ക്‌ സമാനമാണ്‌ ഈ റബ്ബറുകള്‍.

അക്രിലിക്‌ എസ്റ്ററുകളുടെയും അക്രിലോ നൈട്രലിന്റെയും പോളിമറീകരണ ഉത്‌പന്നങ്ങളാകുന്നു അക്രിലിക്‌ റബ്ബറുകള്‍. ഹൈകാര്‍ ജഅ, ജഅ 21 ലാക്‌ടോപ്രീന്‍ ഋച, ആച. എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. സാമാന്യം ഉയര്‍ന്ന താപനിലകളിൽപ്പോലും വായുവോ എണ്ണകളോ ഇവയെ കേടാക്കുന്നില്ല എന്ന ഒരു മെച്ചമുണ്ട്‌.

പോളി എസ്റ്റര്‍ റബ്ബറുകള്‍ ആണ്‌ വള്‍കോളിൽ, വള്‍കോപ്രീന്‍ എന്നിവ. ആഡിപിക്‌ അമ്ലവും എഥിലിന്‍ ഗ്ലൈക്കോളുമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. മറ്റു ഗ്ലൈക്കോളുകളും പോളി എസ്റ്റര്‍ റബ്ബറുകളുടെ നിര്‍മാണത്തിന്‌ ഉപയോഗിച്ചുവരുന്നുണ്ട്‌. ഐസോപ്രീനുമായി വളരെ സാമ്യമുള്ള ഒരു തന്മാത്രയാണ്‌ ക്ലോറോപ്രീന്‍ (2, ക്ലോറോബ്യൂട്ടാ 1:3 ഡയീന്‍)

ക്ലോറോപ്രീന്‍ പോളിമറീകരിച്ചു കിട്ടുന്ന റബ്ബറാണ്‌ നിയോപ്രീന്‍. വിവിധതരം നിയോപ്രീന്‍ റബ്ബറുകള്‍ നിര്‍മിക്കപ്പെട്ടു വരുന്നുണ്ട്‌. ഇതിന്‌ ഡ്യൂപ്രീന്‍ (Duyprene) എന്ന പേരുകൂടി ഉണ്ടായിരുന്നു. നിയോപ്രീന്‍ റബ്ബര്‍ ആദ്യമായി നിര്‍മിക്കപ്പെട്ടത്‌ 1932-ൽ ആണ്‌. ചുറ്റുപാടുമുള്ള രാസവസ്‌തുക്കളെയും കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ്‌ സ്വാഭാവിക റബ്ബറിനെക്കാള്‍ കൂടുതലായി നിയോപ്രീനുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍