This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കപ്പാരിഡേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കപ്പാരിഡേസീ
Capparidaceae
ദ്വിബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. "കപാര്' എന്ന അറബിപദത്തില്‍ നിന്നു നിഷ്പന്നമായിട്ടുള്ളതും ഈ കുടുംബത്തിലെ ഒരു ജീനസിനെക്കുറിക്കുന്നതുമായ കപ്പാരിസ് (Capparis) എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് കപ്പാരിഡേസീ എന്ന കുടുംബനാമം ആവിര്‍ഭവിച്ചിട്ടുള്ളത്.
ഏകദേശം 46 ജീനസുകളും 700 സ്പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ ചെടികള്‍ മുഖ്യമായും ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും കണ്ടുവരുന്നു. ഏറ്റവും വലിയ രണ്ടു ജീനസുകളുള്പ്പെടെ മൂന്നു ജീനസുകള്‍ (കപ്പാരിസ്: 350 സ്പീ.; ക്ളിയോം: 200 സ്പീ.; ക്രറ്റീവ: 20 സ്പീ.) ഉഷ്ണമേഖലാപ്രദേശങ്ങളിലാകമാനം കണ്ടുവരുന്നു. ആഫ്രിക്കയില്‍ മാത്രം 15 ജീനസുകള്‍ കാണപ്പെടുന്നു. ആകെയുള്ള സ്പീഷീസുകളുടെ മൂന്നിലൊരുഭാഗം ഇതില്‍പ്പെടുന്നു. 15 സ്പീഷീസുകള്‍ യു.എസ്സില്‍ മാത്രവും മറ്റുള്ളവ യൂറേഷ്യയിലും കണ്ടുവരുന്നു. ക്ലിയോം, ക്ലിയോമെല്ല, പൊളാനീസിയ, ഐസോമെറിസ്, വിസ്ലിസീനിയാ, ഓക്സിസ്റ്റൈലിസ് എന്നീ സ്പീഷീസുകള്‍ ലോകത്തിലെ മിക്ക ഭാഗങ്ങളിലും വിശേഷിച്ച് വരണ്ട പ്രദേശങ്ങളില്‍ വളരുന്നുണ്ട്.
മുഖ്യമായും ഓഷധികളോ കുറ്റിച്ചെടികളോ ആണ് ഈ കുടുംബത്തിലെ ചെടികള്‍. ഇലകള്‍ സരളങ്ങളോ ഹസ്താകാരത്തിലുള്ള സംയുക്തപത്ര(compound leaf)ങ്ങളോ ആയിരിക്കും. ഇവ ഏകാന്തരമായി (alternate) ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണങ്ങള്‍ തീരെച്ചെറുതാണ്. അവ ഗ്രന്ഥികളോടുകൂടിയതോ മുള്ളുകളായി രൂപാന്തരം പ്രാപിച്ചതോ ആണ്.
കുലകളില്‍ റസീം (raceme) രീതിയില്‍ ക്രമീകരിച്ചിട്ടുള്ള അസമമിതങ്ങളായ (assymetric) ദ്വിലിംഗപുഷ്പങ്ങളാണ് സാധാരണയായി ഈ കുടുംബത്തിലെ ചെടികളില്‍ കണ്ടുവരുന്നത്. പൂവില്‍ 48 വിദളങ്ങള്‍ (sepals) കാണുമെങ്കിലും സാധാരണമായി നാലെണ്ണമാണ് ഉണ്ടായിരിക്കുക. ദളങ്ങളുടെ എണ്ണം 48 ആണ്. എങ്കിലും അപൂര്‍വമായി ദളങ്ങളില്ലാത്ത പൂക്കളും കാണപ്പെടുന്നു. ദളങ്ങളുടെ ചുവട്ടിലായി വളയം പോലുള്ളതോ ശല്ക്കസദൃശമോ ആയ ഡിസ്ക് ഉണ്ട്. ചില ചെടികളില്‍ കേസരങ്ങളുടെയും ദളങ്ങളുടെയും ഇടയില്‍ നേര്‍ത്തു നീണ്ട ഒരു തണ്ട് (internode) കാണാറുണ്ട്. ഇതിനെ ആന്‍ഡ്രാഗൈനോഫോര്‍ (androgynophore) എന്നു പറയുന്നു. കേസരങ്ങളുടെ എണ്ണം 6; എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി ചിലപ്പോള്‍ നാലോ, അസംഖ്യമോ കേസരങ്ങള്‍ കണ്ടെന്നു വരാം. പൂഞെട്ടു പോലുള്ള ഒരു തണ്ടിന്റെ (gynophore) അഗ്രത്തിലാണ് മിക്ക പൂക്കളിലും അണ്ഡാശയം കാണപ്പെടുന്നത്. ഇതു മൂലം ജനിപുടം പൂവില്‍ നിന്ന് വെളിയിലേക്കു തള്ളിനില്ക്കുന്നു. അണ്ഡാശയത്തിന് ഒന്നു മുതല്‍ അനേകം വരെ അറകളുണ്ടായിരിക്കും. ഒന്നോ അതിലധികമോ വര്‍ത്തികാഗ്രങ്ങള്‍ കണ്ടെന്നു വരാം. ഫലം സമ്പുടമോ (capsule) ആമ്രകമോ (drupe) ബെറിയോ (berry) സിലിക്കോ (silique) ആകാം. വിത്തിനുള്ളില് വളഞ്ഞ ഭ്രൂണവും മാംസളമായ ബീജാന്നവും (endosperm) ഉണ്ടായിരിക്കും.
പുഷ്പങ്ങളിലെ ഡിസ്ക്കുകളില്‍ സ്രവിപ്പിക്കപ്പെടുന്ന തേന്‍ നുകരാനെത്തുന്ന പ്രാണികള്‍ മൂലം പൂക്കളില്‍ പരപരാഗണമാണ് (cross pollination) സംഭവിക്കുന്നത്. വര്‍ത്തികാഗ്രങ്ങള്‍ പരാഗസ്വീകരണത്തിനു പ്രാപ്തമാകുന്നതിനു മുമ്പു തന്നെ അതേ പുഷ്പത്തിലെ ആന്തറുകള്‍ (anther) പൊട്ടി പരാഗവിതരണം സംഭവിക്കുന്നതുകൊണ്ട് പൂവില്‍ സ്വപരാഗണം ഒഴിവാക്കപ്പെടുന്നു (dichogamy).
കടുകിന്റെ കുടുംബമായ ക്രൂസിഫെറേയുമായി കപ്പാരിഡേസീ കുടുംബത്തിന് വളരെ അടുത്ത ബന്ധമുണ്ട്. നേര്‍ത്തു നീണ്ടു സുവ്യക്തമായ ഗൈനോഫോറുകളുടെ സാന്നിധ്യം, അസമമിത പുഷ്പങ്ങള്‍, പ്രത്യേകരീതിയിലുള്ള കേസരങ്ങള്‍ (nontetradyna-mous),ഒരു ലോക്യൂള്‍ മാത്രമുള്ള അണ്ഡാശയം എന്നീ പ്രത്യേക സ്വഭാവവിശേഷങ്ങളിലൂടെയാണ് ക്രൂസിഫെറേയില് നിന്ന് ഈ കുടുംബത്തെ വേര്‍തിരിച്ചറിയുന്നത്. പരിണാമപരമായി രണ്ടു കുടുംബങ്ങളും പൊതുവായ ഒരു പൂര്വഗാമിയില് നിന്ന് ഉരുത്തിരിഞ്ഞുണ്ടായിട്ടുള്ളതും, ക്രൂസിഫെറേ കുടുംബം കപ്പാരിഡേസീ കുടുംബത്തിലെ ആദിമമായ ഒരു അംഗത്തില്‍ നിന്നു പരിണമിച്ചുണ്ടായിട്ടുള്ളതും ആകാമെന്നുള്ള സസ്യശാസ്ത്രജ്ഞരുടെ വിശ്വാസത്തിന് ഉപോദ്ബലകമായ പല തെളിവുകളുമുണ്ട്.
കപ്പാരിസ് സ്പൈനോസ എന്ന ചെടിയുടെ പൂമൊട്ടുകള്‍ ഉപ്പും വിന്നാഗിരിയും ചേര്‍ത്തുണ്ടാക്കുന്ന അച്ചാറ് "കേപ്പേര്സ്' (Capers) എന്ന പേരില്‍ പ്രസിദ്ധമാണ്. ചിലന്തിച്ചെടി (ക്ലിയോം സ്പൈനോസ), കപ്പാരിസ് ഗൈനാന്ഡ്രാപ്സിസ്, പൊളാനീസിയ എന്നിവ ഉദ്യാനങ്ങളില്‍ നട്ടുവളര്‍ത്തപ്പെടുന്ന അലങ്കാരച്ചെടികളാണ്.