This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കന്നടിയന്‍ പോര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കന്നടിയന്‍ പോര്
കേരളത്തിലെ പ്രാചീന ഗാനങ്ങളില്‍ ഒന്ന്. തെക്കന്‍ പാട്ടുകളിലാണ് സാഹിത്യചരിത്രകാരന്മാര് ഇതിനു സ്ഥാനം നല്‍കിയിരിക്കുന്നത്. എ.ഡി. 13-ാം ശ.ത്തില്‍ നടന്ന ഒരു ചരിത്രസംഭവമാണ് ഈ പാട്ടിനാലംബം; കഥാസാരം ഏതാണ്ട് ഇങ്ങനെയാണ്. പാണ്ഡ്യവംശജനായ കുലശേഖരന് 1265ല്‍ വള്ളിയൂര്‍ ആസ്ഥാനമാക്കി രാജ്യം ഭരിച്ചുവന്നു. കന്നടിയന്‍ എന്ന വടുകരാജാവ് അക്കാലത്ത് കാഞ്ചീപുരത്തിനു വടക്ക് നാടു ഭരിച്ചിരുന്നു. കുലശേഖരന്റെ ചിത്രം കണ്ട് കന്നടിയന്െറ മകള്‍ അദ്ദേഹത്തില്‍ മോഹവതിയായി. തന്റെ പുത്രിയെ വിവാഹം കഴിക്കണമെന്ന കന്നടിയന്റെ അപേക്ഷ, അവള് ജാതിയില്‍ താഴ്ന്നവളാണെന്ന കാരണത്താല്‍, കുലശേഖരന് നിരസിച്ചു. യുദ്ധത്തില്‍ പരാജയപ്പെടുത്തിയിട്ടായാലും കുലശേഖരനെക്കൊണ്ട് തന്റെ മകളെ വിവാഹം കഴിപ്പിക്കുമെന്ന് അഭിമാനിയായ കന്നടിയന്‍ ദൃഢപ്രതിജ്ഞയെടുത്തു. ഒരു വലിയ സൈന്യത്തോടുകൂടി കന്നടിയന്‍ വള്ളിയൂര്കോട്ട ആക്രമിച്ചു. യുദ്ധത്തില്‍ പരാജിതനായ കുലശേഖരന് പദ്മനാഭപുരത്തിനു സമീപം കേരളപുരത്തു താമസിച്ചിരുന്ന തിരുവിതാംകോട്ട് രാജാവിനെ അഭയം പ്രാപിച്ചു. തിരുവിതാംകോട്ടില്‍ നിന്നു ലഭിച്ച സൈന്യത്തിന്റെ സഹായത്തോടെ കന്നടിയനോടു വീണ്ടും പൊരുതിയെങ്കിലും കുലശേഖരന് പരാജയപ്പെടുകയാണുണ്ടായത്. ബന്ധനത്തിലായ കുലശേഖരനെ കന്നടിയന്റെ സന്നിധിയിലേക്ക് സേനാനികള്‍ കൊണ്ടുപോകുന്ന വഴിയില്‍ വച്ച് ആ വീരന് വാള്‍കൊണ്ടു വെട്ടി ആത്മഹത്യ ചെയ്തു. കുലശേഖരന്റെ ശവശരീരത്തില്‍ മാലയിട്ട്, കന്നടിയന്റെ മകള്‍ അഗ്നിപ്രവേശം ചെയ്തു. ദുഃഖിതനായ കന്നടിയന്‍ അവിടം വിട്ട് സ്വദേശത്തേക്കു പോകുകയും വള്ളിയൂര്‍ തിരുവിതാംകോടിന് അധീനമാകുകയും ചെയ്തു.
"ആണ്ടവനേ എന്നുടയ അപ്പച്ചിയാരൊന്റു കേളായ് നാനിരുന്തു ചടൈത്തിടിലും നരൈത്ത കൊണ്ടൈ മുടിത്തിടിലും ഊനിരന്തു കളിത്തിടിലുമുയിരളന്തു പോയിടിലും കൊറ്റവനാര്‍ പാണ്ടിമന്നന്‍ കുലശേഖരന് താനൊഴിയ മറ്റൊരുവരെന്നൈ വന്തു മാലയിട നിനൈപ്പതില്ലൈ'.
ഇത്തരത്തിലുള്ള രചനാരീതിയാണ് ഈ പാട്ടിന്റേത്. മരണാനന്തരം കന്നടിയന്റെ മകള്‍ ചെമ്പകക്കുട്ടി എന്ന ദുര്‍ദേവതയായി പുനരുത്ഥാനം ചെയ്തു. തനിക്കും തന്റെ പ്രാണനാഥഌം ഓരോ അമ്പലം തീര്‍ക്കണമെന്ന്, അവര്‍ കന്നടിയനെ സ്വപ്നത്തിലറിയിക്കുകയും കന്നടിയന്‍ അപ്രകാരം രണ്ടു ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തു എന്നാണ് കഥ. വള്ളിയൂരിനടുത്ത് ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മല "വടുകച്ചി മല' എന്ന പേരിലാണറിയപ്പെടുന്നത്.
ദുര്‍ദേവതകളില്‍, വിശ്വാസമര്‍പ്പിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ ചിത്രമാണ് ഈ പാട്ടില്‍ നിന്ന് നമുക്കു ലഭിക്കുന്നത്. വില്പാട്ടുകള്ക്ക് കന്നടിയന്പാട്ട് ഉപയോഗിച്ചുവരുന്നു.
ആ കാലഘട്ടത്തിലെ ആചാരാനുഷ്ഠാനങ്ങള്‍, ആരാധനാക്രമങ്ങള്‍, ദേശചരിത്രം, സമുദായചരിത്രം, ഭാഷാരീതി തുടങ്ങിയ സംഗതികളെക്കുറിച്ച് പല വസ്തുതകളും ഗ്രഹിക്കാന്‍ കന്നടിയന്‍ പോര് സഹായകമാണ്. നോ: തെക്കന്‍ പാട്ടുകള്‍