This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരപ്പിഷാരൊടി, ആനായത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:23, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുണാകരപ്പിഷാരൊടി, ആനായത്ത്‌

കോഴിക്കോട്ടു മാനവിക്രമ രാജാക്കന്മാരാല്‍ പുരസ്‌കൃതരായ രണ്ടു സംസ്‌കൃത പണ്ഡിതന്മാര്‍ ഈ പേരില്‍ അറിയപ്പെടുന്നു: കവിചിന്താമണിയുടെ കര്‍ത്താവായ കരുണാകരപ്പിഷാരൊടിയും ഭോജചമ്പൂവ്യാഖ്യയുടെ കര്‍ത്താവായ കരുണാകരപ്പിഷാരൊടിയും. ഇവര്‍ ത-ിരുവേഗപ്പുറ ആനായത്തു കുടുംബത്തിലെ അംഗങ്ങളായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഇവര്‍ രണ്ടുപേരും ഒരാള്‍തന്നെയോ ഒരേ മാനവിക്രമനാല്‍ പുരസ്‌കൃതരായ വ്യത്യസ്‌ത വ്യക്തികള്‍ ആണോ എന്നിപ്രകാരമുള്ള സന്ദേഹങ്ങള്‍ ഇന്നും നിലനില്‌ക്കുന്നുണ്ട്‌.

കവിചിന്താമണിയുടെ കര്‍ത്താവായ കരുണാകരന്‍ ഉദ്ദണ്ഡ ശാസ്‌ത്രികളുടെ (15-ാം ശ.) സമകാലികനാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഒരിക്കല്‍ ഉദ്ദണ്ഡശാസ്‌ത്രികള്‍ മുക്കോല ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍,

"സംഭരിതഭൂരി കൃപമംബ, ശുഭമംഗം
ശുംഭതു ചിരന്തനമിദം തവമദന്തഃ'
 

എന്ന്‌ ഒരു വന്ദനശ്ലോകത്തിന്റെ പൂര്‍വാര്‍ധം ഉണ്ടാക്കിച്ചൊല്ലുകയും അടുത്തുനിന്നിരുന്ന കരുണാകരപ്പിഷാരൊടി,

"ജംഭരിപു കുംഭിവര കുംഭയുഗഡംഭ
സ്‌തംഭി കുചകുംഭ പരിരംഭ പരശംഭു'
 

എന്ന്‌ അത്‌ അനായാസം പൂരിപ്പിക്കുകയും അദ്‌ഭുതസ്‌തിമിതനായ ശാസ്‌ത്രികള്‍ "കോയം കവിമല്ലഃ?' എന്നാരാഞ്ഞപ്പോള്‍ "അയം ദേവ്യാഃകരുണാകരഃ' എന്ന്‌ പിഷാരൊടി മറുപടി നല്‌കുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം. ഇദ്ദേഹം വിക്രമീയ കര്‍ത്താവായ മാനവിക്രമ മഹാരാജാ(ശക്തന്‍)വിന്റെ ഗുരുവായിരുന്നുവെന്ന്‌,

"കരുണാകര സംജ്ഞാം സ്‌താന്‍
പങ്കജാക്ഷാഖ്യയാന്വിതാന്‍
രാമാഭിധാംശ്‌ച വന്ദേ ളഹം
ഗുന്‌ദ്രനേതാന്‍ മഹാമതീന്‍' 	(വിക്രമീയം)
 

എന്ന പ്രസ്‌താവനാപദ്യത്തില്‍ നിന്നു തെളിയുന്നു ആനായത്തു പിഷാരൊടിമാര്‍ പരമ്പരയാ കോഴിക്കോട്ടു രാജകുടുംബത്തിന്റെ ഗുരുസ്ഥാനം വഹിച്ചിരുന്നവരാണ്‌. അതുകൊണ്ടും ഐതിഹ്യാദി മറ്റു തെളിവുകള്‍ കൊണ്ടും മാനവിക്രമ രാജാവിന്റെ ഗുരുവായ ഈ പിഷാരൊടിയും ആനായത്തു കുടുംബത്തിലെ അംഗമായിരുന്നു എന്ന്‌ കരുതാം.

കരുണാകരപ്പിഷാരൊടി ഒരു അഗാധ സംസ്‌കൃത പണ്ഡിതനായിരുന്നു. സുപ്രസിദ്ധ ഛന്ദശ്ശാസ്‌ത്രമായ വൃത്തരത്‌നാകരത്തിന്റെ ടീകയായ കവിചിന്താമണി എന്നൊരു ഗ്രന്ഥം മാത്രമേ ഇദ്ദേഹത്തിന്റേതായി കിട്ടിയിട്ടുള്ളു. തന്റെ പുരസ്‌കര്‍ത്താവായ സാമൂതിരിപ്പാട്‌ നിര്‍ദേശിച്ചതിനാലാണ്‌ താന്‍ ഈ ടീക രചിച്ചതെന്നും അതിന്‌ "കവിചിന്താമണി' എന്നു പേരിട്ടതുപോലും സാമൂതിരിപ്പാടാണെന്നും പ്രസ്‌തുത ഗ്രന്ഥത്തിലെ പ്രാരംഭശ്ലോകങ്ങളില്‍ പിഷാരൊടി വ്യക്തമാക്കിയിട്ടുണ്ട്‌. കവിചിന്താമണി കേരളത്തില്‍ തദ്വിഷയകമായ ഒരു പ്രമാണഗ്രന്ഥമാണ്‌. കൃഷ്‌ണീയം (കൃഷ്‌ണപ്പിഷാരൊടിയുടെ മാനവവേദചമ്പുവ്യാഖ്യ18-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടം) തുടങ്ങിയ പ്രമുഖ വ്യാഖ്യാനകൃതികളില്‍ നിന്ന്‌ ഇതില്‍ ധാരാളം ഉദ്ധരണങ്ങള്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്‌.

ഭോജചമ്പൂ വ്യാഖ്യയുടെ കര്‍ത്താവായ കരുണാകരപ്പിഷാരൊടി കോഴിക്കോട്ടു മാനവിക്രമ രാജാവിന്റെ ഗുരുവായിരുന്നു. മാനവിക്രമന്റെ അഭ്യര്‍ഥന അനു‌സരിച്ചാണ്‌ ചമ്പൂ രാമായണ വ്യാഖ്യ രചിക്കുന്നതെന്ന്‌ ഇദ്ദേഹം പ്രസ്‌തുത ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ലഭ്യമായ തെളിവുകള്‍ വച്ചുകൊണ്ട്‌ ഉള്ളൂര്‍ നിഗമിക്കുന്നത്‌ "കരുണാകരന്‍, കൃഷ്‌ണഗീതാ പ്രണേതാവിന്റെ (19-ാം ശ.) പൂര്‍വഗന്മാരായ രണ്ടു മാനവിക്രമന്മാരില്‍ ഒരാളുടെ ആജ്ഞാനു‌വര്‍ത്തിയായിരുന്നതായി സങ്കല്‌പിക്കാം' (കേരള സാഹിത്യ ചരിത്രം വാല്യം കകക) എന്നാണ്‌. ഈ വ്യാഖ്യ പൂര്‍ണമായി ലഭിച്ചിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍