This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനിഷ്‌ക ദുരന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:16, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കനിഷ്‌ക ദുരന്തം

1985 ജൂണ്‍ 23ന്‌ എയര്‍ ഇന്ത്യയുടെ ബോയിങ്‌ 747 എമ്പറര്‍ കനിഷ്‌ക എന്ന യാത്രാവിമാനത്തിന്‌ സംഭവിച്ച ദുരന്തം. ടൊറന്റോയില്‍ നിന്ന്‌ ബോംബെയിലേക്ക്‌ (മോണ്‍ട്രിയല്‍ലണ്ടന്‍ഡല്‍ഹി വഴി) 182 എന്ന ഫ്‌ളൈറ്റ്‌ നമ്പറോടുകൂടി പറന്ന ഈ വിമാനം അയര്‍ലന്‍ഡിന്‌ തെക്ക്‌ 31,000 അടി ഉയരത്തില്‍ നിന്ന്‌ അത്‌ലാന്തിക്‌ സമുദ്രത്തില്‍ തകര്‍ന്നുവീണു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു. ഇവരില്‍ ഇരുന്നൂറോളം പേരുടെ മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരില്‍ ഭൂരിഭാഗവും കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരായിരുന്നു.

കനിഷ്‌ക ദുരന്തത്തിന്റെ സ്‌മാരകം (അഹകിസ്‌ത)

മോണ്‍ട്രിയലില്‍ നിന്ന്‌ ലണ്ടനിലെ ഹീത്രൂ വിമാനത്താവളം ലക്ഷ്യമാക്കി പറന്ന ഈ വിമാനം ഷാനണ്‍ എയര്‍ ട്രാഫിക്‌ കണ്‍ട്രാള്‍ സെന്ററുമായി പുലര്‍ത്തിയിരുന്ന ബന്ധം പൊടുന്നനെ നിലയ്‌ക്കുകയും വിമാനം അപ്രത്യക്ഷമാവുകയുമാണുണ്ടായത്‌. തുടര്‍ന്ന്‌ ഐറിഷ്‌ നാവികക്കപ്പലുകളും ചരക്ക്‌ കപ്പലുകളും നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളും വിമാനത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങളും സമുദ്രത്തില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തി. അയര്‍ലന്‍ഡിലെ കോര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും കണ്ടെത്തിയ മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും കരയ്‌ക്കെത്തിക്കുകയും ചെയ്‌തു. ഏതാഌം ദിവസങ്ങള്‍ക്കുള്ളില്‍ ഫ്‌ളൈറ്റ്‌ ഡേറ്റാ റിക്കോര്‍ഡറും (Flight data recorder - FDR) കോക്ക്‌പിറ്റ്‌ വോയ്‌സ്‌ റിക്കോര്‍ഡറും (Cockpit voice recorder - CVR) കണ്ടെത്താനായി. ഇവ വിശകലനം ചെയ്‌തതില്‍ നിന്ന്‌ വളരെ പെട്ടെന്നുണ്ടായ തികച്ചും അപ്രതീക്ഷിതമായ ഏതോ കാരണത്താലാണ്‌ വിമാനം തകര്‍ന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു. വിമാനം ബോംബ്‌ വച്ച്‌ തകര്‍ത്തതാവാമെന്ന നിഗമനത്തിലേക്കാണ്‌ ഇത്‌ നയിച്ചത്‌.

കനിഷ്‌ക തകരുന്നതിന്‌ ഉദ്ദേശം ഒരു മണിക്കൂര്‍ മുന്‍പായി ടോക്യോയിലെ നരിറ്റ വിമാനത്താവളത്തിലുണ്ടായ ഒരു സ്‌ഫോടനത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും നാല്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കനേഡിയന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ്‌ നമ്പര്‍ 003ല്‍ നിന്ന്‌ ഇറക്കി എയര്‍ ഇന്ത്യയുടെ ബോംബെ വിമാനമായ ഫ്‌ളൈറ്റ്‌ നമ്പര്‍ 301ല്‍ കയറ്റാന്‍ ലക്ഷ്യമിട്ടിരുന്ന ഒരു സ്യൂട്ട്‌കേസില്‍ നിന്നാണ്‌ അവിടെ സ്‌ഫോടനമുണ്ടായത്‌. ഈ രണ്ട്‌ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ നടന്ന അന്വേഷണം കാനഡ ആസ്ഥാനമായി പ്രവര്‍ത്തിച്ച സിഖ്‌ തീവ്രവാദ സംഘടനകളുടെ നേര്‍ക്കാണ്‌ വിരല്‍ ചൂണ്ടിയത്‌. 1984ല്‍ ഇന്ത്യന്‍ സേന അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിഌം ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും നടന്ന സിഖ്‌ കൂട്ടക്കുരുതിക്കും പ്രതികാരമെന്ന നിലയില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനങ്ങള്‍ തകര്‍ക്കുവാന്‍ സിഖ്‌ തീവ്രവാദസംഘടനകള്‍ ഗൂഢാലോചന നടത്തുന്നതായി കനേഡിയന്‍ സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ, കാനഡ, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ റിപുദമന്‍ സിങ്‌ മാലിക്‌ (Ripudaman Singh Malik), അജൈബ്‌ സിങ്‌ ബാഗ്‌രി (Ajaib Singh Bagri), ഇന്ദര്‍ജിത്‌ സിങ്‌ റെയത്‌ (Inderjeet Singh Reyat), തേല്‍വിന്ദര്‍ സിങ്‌ പരാമര്‍ (Talwinder Singh Paramar) എന്നിവര്‍ക്ക്‌ വിമാനം തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കുള്ളതായി കണ്ടെത്തി. ദുരന്തം നടന്ന്‌ പതിനാറ്‌ വര്‍ഷങ്ങള്‍ക്കുശേഷം 2000ത്തില്‍ മാലികിനെയും ബാഗ്‌രിയെയും കനേഡിയന്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പരാമര്‍ 1992ല്‍ പഞ്ചാബില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നരിറ്റ വിമാനത്താവള സ്‌ഫോടന കേസ്സുമായി ബന്ധപ്പെട്ട്‌ ബ്രിട്ടനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന റെയതിനെ 2001ല്‍ കാനഡയ്‌ക്ക്‌ കൈമാറി. കേസ്‌ വിചാരണ ആരംഭിക്കുന്നതിനു മുന്‍പുതന്നെ റെയത്‌ ബേംബ്‌ നിര്‍മാണത്തില്‍ തനിക്ക്‌ പങ്കുണ്ടായിരുന്നതായി ഏറ്റുപറഞ്ഞു. 2003 ഏപ്രിലില്‍ ആരംഭിച്ച കനിഷ്‌ക സ്‌ഫോടനക്കേസ്‌ വിചാരണ 2005 മാര്‍ച്ചിലാണ്‌ അവസാനിച്ചത്‌. മാലിക്കിന്റെയും ബാഗ്‌രിയുടെയും പേരില്‍ ചുമത്തിയിരുന്ന കുറ്റം തെളിയിക്കപ്പെടാത്തതിനാല്‍ അവരെ വിട്ടയച്ചു. റെയതിന്‌ നാമമാത്രമായ ശിക്ഷ ലഭിക്കുകയുണ്ടായി. ഇത്‌ ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ക്കിടയില്‍ നിരാശയും അമര്‍ഷവും ഉളവാക്കിയിരുന്നു. കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും നീണ്ടുനിന്നതും ചിലവേറിയതുമായ അന്വേഷണവും വിചാരണയുമായിരുന്നു ഈ കേസ്സിലേത്‌. ഇപ്പോഴും (2007) ഒരു പ്രത്യേക കമ്മിറ്റി കനിഷ്‌ക ദുരന്തത്തെക്കുറിച്ചും അതിനു മുന്നോടിയായി ലഭിച്ച തീവ്രവാദ ഭീഷണികളെക്കുറിച്ചും, അവ കൈകാര്യം ചെയ്‌ത രീതിയെക്കുറിച്ചും അന്വേഷണം നടത്തിവരുന്നു.

കനിഷ്‌ക ദുരന്തത്തിനിരയായവര്‍ക്ക്‌ അയര്‍ലന്‍ഡിലെ അഹകിസ്‌തയില്‍ ഒരു സ്‌മാരകം പണിതിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍