This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടകാരിച്ചുണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:53, 31 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ടകാരിച്ചുണ്ട

Dutch egg plant

കണ്ടകാരിച്ചുണ്ട

സൊളാനേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരിനം ചുണ്ട. ശാ.നാ സൊളാനം അക്യൂലിയാറ്റിസിമം (Solanum aculeatissimum). ഈ സസ്യവുമായി രൂപസാദൃശ്യമുള്ള "കണ്ടം കത്തിരി'ച്ചെടി (Solanum xanthocarpum) യും ചില പ്രദേശങ്ങളില്‍ കണ്ടകാരിച്ചുണ്ട എന്ന പേരില്‍ അറിയപ്പെടുന്നു. സൊളാനം സാന്തോകാര്‍പം എന്ന സ്‌പീഷീസിനാണ്‌ സംസ്‌കൃതം, ബംഗാളി എന്നീ ഭാഷകളില്‍ കണ്ടകാരി എന്ന സംജ്‌ഞ നല്‌കിയിട്ടുള്ളത്‌. പേരിന്‍െറ അര്‍ഥം ദ്യോതിപ്പിക്കുന്നതുപോലെ ചെടിയിലാകമാനം ധാരാളം മുള്ളുകളുണ്ട്‌. ബൃഹതി, ദുസ്‌പര്‍ശ, ക്ഷുദ്ര, വ്യാഘ്രി, കണ്ടാലിക, കണ്ടകിനി എന്നീ പേരുകള്‍ കണ്ടകാരിയുടെ പര്യായങ്ങളാണ്‌.

കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വെളിപ്രദേശങ്ങളിലെ ഒരു പാഴ്‌ച്ചെടിയായി ഈ സസ്യം വളരുന്നതു കാണാം. വെള്ളം കെട്ടിനില്‌ക്കാത്ത എല്ലായിനം മണ്ണിലും ഇതു തഴച്ചുവളരുന്നു.

ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെറുകുറ്റിച്ചെടിയാണിത്‌. നിവര്‍ന്നു വളരുന്ന, നീളം കുറഞ്ഞ പ്രധാന കാണ്ഡവും ചുവട്ടില്‍നിന്നു മണ്ണിനു സമാന്തരമായി മണ്ണില്‍ പറ്റിച്ചേര്‍ന്നു വളരുന്ന ശാഖകളും ഉണ്ട്‌. ശാഖകളുടെ പര്‍വസന്ധി (node)കളില്‍ വേരുകള്‍ ഉണ്ടായിരിക്കും. ഏകാന്തരമായി ക്രമീകരിച്ചിട്ടുള്ള ഇടത്തരം വലുപ്പമുള്ള ലഘു പത്രങ്ങളാണ്‌ കണ്ടകാരിച്ചുണ്ടയുടേത്‌. കടുംപച്ചനിറമുള്ള നേര്‍ത്ത ഇലയുടെ മധ്യസിരയിലും പാര്‍ശ്വസിരയിലും നിരവധി മുള്ളുകളുണ്ട്‌. ഇലഞെട്ടിലെ മുള്ളുകളെക്കാള്‍ അല്‌പം നീളക്കുറവുള്ള ഇവയ്‌ക്ക്‌ ശാഖകളിലേതിനെക്കാള്‍ നീളം കൂടുതലാണ്‌. വെള്ളനിറമുള്ള ചെറിയ പൂക്കള്‍ ഒറ്റയ്‌ക്കോ നാലഞ്ചെണ്ണം ചേര്‍ന്ന്‌ കുലകളായോ കാണുന്നു. അഞ്ച്‌ വിദളങ്ങള്‍ ചേര്‍ന്ന സംയുക്ത വിദളപുടവും അഞ്ച്‌ ദളങ്ങള്‍ ചേര്‍ന്ന സംയുക്ത ദളപുടവുമാണ്‌ പൂവിന്‍േറത്‌. അഞ്ച്‌ കേസരങ്ങള്‍ ദളങ്ങളില്‍ സ്ഥിതിചെയ്യുന്നു (epipetalous). പരാഗകോശങ്ങള്‍ (anthers)ക്ക് തന്തുക്കളെക്കാള്‍ നീളം കൂടും. അണ്ഡാശയം ഊര്‍ധ്വമാണ്‌; രണ്ടറകളുള്ള അണ്ഡാശയത്തില്‍ അസംഖ്യം ബീജാണ്ഡങ്ങള്‍ കാണാം. 2.5 സെ.മീ. വ്യാസമുള്ള മിനുത്ത്‌ ഉരുണ്ട ബെറി (berry) യാണ്‌ കായ്‌. ഇളം പച്ചനിറമുള്ള കായ്‌കള്‍ പഴുക്കുന്നതോടെ മനോഹരമായ ഓറഞ്ചുനിറമോ ചെങ്കല്‍നിറമോ ആയിത്തീരും. സംവത്സരം മുഴുവന്‍ എല്ലാ കാലാവസ്ഥയിലും ഇതില്‍ പൂക്കളും കായ്‌കളും ഉണ്ടാകാറുണ്ട്‌. നിറയെ, പഴുത്ത കായ്‌കളേന്തി നില്‌ക്കുന്ന ചെടി കാഴ്‌ചയ്‌ക്ക്‌ ആകര്‍ഷകമാണ്‌. പൂഞെട്ടിലും കായ്‌ഞെട്ടിലും മുള്ളുകളുണ്ട്‌.

കണ്ടകാരിച്ചുണ്ടയ്‌ക്ക്‌ കീടാണുനാശകശക്തിയുണ്ട്‌. സൊളന്‍കാര്‍പൈന്‍, സൊളാകാര്‍പിഡിന്‍ എന്നീ ആല്‍ക്കലോയിഡുകളും കാര്‍പെസ്റ്റിറോള്‍ എന്നൊരു സ്റ്റീറോളും ഇതില്‍നിന്നു വേര്‍തിരിച്ചെടുത്തിട്ടുണ്ട്‌. ഇതിന്റെ വേര്‌, കായ്‌, ഇല എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. പനി, ചുമ, ആസ്‌ത്‌മ എന്നിവയുടെ നിവാരണത്തിന്‌ വേരുപയോഗിക്കാം. സസ്യം സമൂലം പിഴിഞ്ഞ ചാറ്‌ നറുനീണ്ടിച്ചാറും ചേര്‍ത്ത്‌ മൂത്രവര്‍ധകൗഷധമായി ഉപയോഗിക്കുന്നു. സസ്യത്തിന്റെ നീര്‌ കുരുമുളകുചേര്‍ത്ത്‌ കഴിക്കുന്നത്‌ വാതത്തിനുള്ള ഫലപ്രദമായ ഔഷധമാണ്‌. മാംസളമായ ചുണ്ടക്കായുടെ ചാറ്‌ തൊണ്ടവേദന മാറ്റുന്നു. ബ്രാങ്കൈറ്റിസ്‌, പേശിവേദന, പനി തുടങ്ങിയ രോഗങ്ങള്‍ക്കും കായ്‌കള്‍ പ്രതിവിധിയായി ഉപയോഗിക്കുന്നു.

"കണ്ടകാരീഫലം തിക്തം കടുകം ദീപനം ലഘു
രൂക്ഷോഷ്‌ണം ശ്വാസകാസഘ്‌നം ജ്വരാനില
 കഫാപഹം'
 

എന്ന്‌ ഭാവപ്രകാശത്തിലും "രക്തപിത്തേ വൃക്ഷം നല്ലൂകുരയില്‍ കണ്ടകാരിയും' എന്ന്‌ അഷ്‌ടാംഗസാരം ഭാഷയിലും കണ്ടകാരിച്ചുണ്ടയുടെ ഔഷധഗുണത്തെപ്പറ്റി പറഞ്ഞു കാണുന്നു. രാമചന്ദ്രവിലാസം മഹാകാവ്യത്തില്‍ "കണ്ടകാരി' എന്ന്‌ ഈ ചെടിയെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌. "കണ്ടകാരിച്ചുണ്ടയ്‌ക്ക്‌ മുള്ളില്ലാതിരിക്കുക, പൂവ്‌ വെളുത്തതല്ലാതെ കാണുക എന്നാല്‍ അതു നില്‌ക്കുന്ന ദിക്കില്‍ മൂന്നര ആള്‍ക്കു താഴത്തു വെള്ളം കാണും' എന്ന്‌ ബൃഹത്‌സംഹിതയില്‍ പറഞ്ഞിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍