This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബ്രാള്‍, പെദ്രാ അല്‍വാരിസ്‌ (1460-1520)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:22, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കബ്രാള്‍, പെദ്രാ അല്‍വാരിസ്‌ (1460-1520)

Cabral, Pedro Alvares

പെദ്രാ അൽവാരിസ്‌ കബ്രാള്‍

പോര്‍ച്ചുഗീസ്‌ നാവികന്‍. വാസ്‌കൊ ദ ഗാമയുടെ ആദ്യത്തെ ഇന്ത്യായാത്രയ്‌ക്കുശേഷം പോര്‍ച്ചുഗീസ്‌ രാജാവ്‌ കബ്രാളിന്റെ നേതൃത്വത്തില്‍ 1500 മാ. 9നു 13 കപ്പലുകള്‍ ഇന്ത്യയിലേക്ക്‌ അയച്ചു. വഴിമധ്യേ ഇദ്ദേഹം ബ്രസീല്‍ തീരത്ത്‌ അടുക്കുകയും പ്രസ്‌തുതഭൂഭാഗം പോര്‍ച്ചുഗലിന്റേതായി പ്രഖ്യാപിക്കുകയും ചെയ്‌തു. കബ്രാളിന്റെ തുടര്‍ന്നുള്ള യാത്രയില്‍ ഏഴു കപ്പലുകള്‍ തകര്‍ന്നു; ഇദ്ദേഹം മൊസാംബിക്കില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതനായി. ഈ പ്രദേശത്തെക്കുറിച്ചു ബാഹ്യലോകത്തിന്‌ ആദ്യമായി വിവരങ്ങള്‍ നല്‌കിയതും ഇദ്ദേഹമാണ്‌. 1500 സെപ്‌. 13നു കോഴിക്കോട്ട്‌ എത്തിയ കബ്രാളിനെ കോഴിക്കോട്ട്‌ സാമൂതിരി ഹാര്‍ദമായി സ്വീകരിച്ചു. കോഴിക്കോട്ട്‌ വ്യാപാരം നടത്തുന്ന "മൂറു' (മുസ്‌ലിങ്ങള്‍)കളെ നിഷ്‌കാസനം ചെയ്യുവാന്‍ സാമൂതിരിയോട്‌ ആവശ്യപ്പെടണമെന്ന്‌ പോര്‍ച്ചുഗീസ്‌ രാജാവ്‌ കബ്രാളിന്‌ നിര്‍ദേശം നല്‌കിയിരുന്നു. ഇത്‌ സാമൂതിരി നിരസിച്ചു. വേണ്ടത്ര വിഭവങ്ങള്‍ പോര്‍ച്ചുഗലിന്‌ കിട്ടാത്തതിനെത്തുടര്‍ന്ന്‌ കബ്രാള്‍ ഒരു അറബിക്കപ്പല്‍ പിടിച്ചെടുത്തു. പോര്‍ച്ചുഗീസ്‌ പണ്ടകശാല ആക്രമിച്ചു അറബികള്‍ പകരം വീട്ടി. ഇതിനു പ്രതികാരമായി കബ്രാള്‍ പത്ത്‌ അറബിക്കപ്പലുകള്‍ നശിപ്പിച്ചു.

തുടര്‍ന്ന്‌ കൊച്ചിയിലെത്തിയ കബ്രാളിനെ സാമൂതിരിയുടെ ബദ്ധശത്രുവായ കൊച്ചിരാജാവ്‌ സ്‌നേഹപൂര്‍വം സ്വീകരിക്കുകയും വാണിജ്യസൗകര്യങ്ങള്‍ നല്‌കുകയും ചെയ്‌തു.

1501 ജനു.ല്‍ കബ്രാള്‍ കൊച്ചിയില്‍നിന്നു മടങ്ങാന്‍ തുടങ്ങുമ്പോള്‍ സാമൂതിരിയുടെ നാവികപ്പട പോര്‍ച്ചുഗീസ്‌ കപ്പല്‍ സമൂഹത്തെ നേരിട്ടു. സാമൂതിരിയുടെ കപ്പല്‍പ്പടയുടെ വലുപ്പം കണ്ട്‌ കബ്രാള്‍ കടന്നുകളഞ്ഞു. ഈ ഒളിച്ചോട്ടത്തില്‍ ആള്‍പ്പണമായി പോര്‍ച്ചുഗീസ്‌ കപ്പലുകളിലേക്ക്‌ അയയ്‌ക്കപ്പെട്ടിരുന്ന കൊച്ചിയിലെ നായര്‍ പ്രമാണികളെ മടക്കി അയയ്‌ക്കുന്നതിനുപോലും കബ്രാളിന്‌ അവസരമുണ്ടായില്ല.

പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം പൗരസ്‌ത്യ വ്യാപാരം ലാഭസാധ്യതയുള്ള ഒന്നാണെന്നും അത്‌ മുസ്‌ലിങ്ങളില്‍ നിന്നു പിടി ച്ചെടുക്കുകയെന്നത്‌ ശ്രമസാധ്യമാണെന്നും കബ്രാളിന്റെ യാത്ര പോര്‍ച്ചുഗല്‍ രാജാവിനെ ബോധ്യപ്പെടുത്തി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കബ്രാളിന്റെ ക്രൂരമായ പെരുമാറ്റം സാമൂതിരിയെ നിത്യശത്രുവാക്കി മാറ്റി. എന്നാല്‍ സാമൂതിരിയുമായുള്ള മത്സരം കൊച്ചി രാജാവിനെ പോര്‍ച്ചുഗീസ്‌ പക്ഷപാതിയാക്കിത്തീര്‍ത്തു. കേരള രാജാക്കന്മാരുടെ ഈ കിടമത്സരം ഉപയോഗപ്പെടുത്തി അവരെ നിയന്ത്രിക്കാമെന്ന്‌ പോര്‍ച്ചുഗീസുകാര്‍ക്ക്‌ ബോധ്യമാക്കി ക്കൊടുത്തതും അതനുസരിച്ച്‌ കരുനീക്കങ്ങള്‍ നടത്തിയതും കബ്രാളായിരുന്നു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍