This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോ-സ്വിസ്‌ പ്രോജക്‌ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:54, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്തോ-സ്വിസ്‌ പ്രോജക്‌ട്‌

Indo-Swiss Project

കന്നുകാലിവികസനം ലക്ഷ്യമാക്കി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശസഹകരണപദ്ധതികളില്‍ ഒന്ന്‌. 1963-ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇന്ത്യാഗവണ്‍മെന്റും പങ്കാളിത്തം വഹിക്കുന്നുണ്ട്‌. ഈ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്‌: (1) ആദായകരമായ പാല്‍ ഉത്‌പാദനത്തിനും മാംസത്തിനും ഉഴവിനും അനുയോജ്യമായ പുതിയ ഇനം സങ്കരവര്‍ഗകന്നുകാലികളുടെ ഉത്‌പാദനം; (2) മലനാട്ടിലെ പ്രകൃതിദത്തവും വിസ്‌തൃതവും ഉപയോഗയോഗ്യവുമായ പുല്‍ മേടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി കന്നുകാലിത്തീറ്റയായ (fodder) പച്ചപ്പുല്ലിന്റെ ഉത്‌പാദനം മെച്ചപ്പെടുത്തുക; നല്ല പോഷകാംശമുള്ള പുല്ലിനങ്ങളുടെ കൃഷി മെച്ചപ്പെടുത്തുക; കന്നുകാലി വളര്‍ത്തലിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷികവൃത്തി ആദായകരമാക്കുക; (4) മലനാട്ടിലെ ക്ഷീരോത്‌പാദനവും വിപണനവും സഹകരണാടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുക.

മേല്‌പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി മേല്‍ ത്തരം കന്നുകാലികളുടെ വര്‍ഗസങ്കലനത്തിനും, മേന്മയുള്ള വളര്‍ത്തുപുല്ലുകളുടെ ഉത്‌പാദനത്തിനും ആവശ്യമായ ഗവേഷണകേന്ദ്രങ്ങള്‍ മാട്ടുപ്പെട്ടിയിലും പീരുമേട്ടിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. യൂറോപ്പിലെ മേല്‍ ത്തരം കന്നുകാലികളില്‍ ഒന്നായ "ബ്രൗണ്‍ സ്വിസ്‌' വര്‍ഗവും കേരളത്തിലെ നാടന്‍ കന്നുകാലികളും തമ്മില്‍ വര്‍ഗസങ്കലനംനടത്തി സ്വിസ്‌ ബ്രൗണ്‍ എന്ന പുതിയ ഇനം സങ്കരവര്‍ഗകന്നുകാലികളെ ഉത്‌പാദിപ്പിക്കുക പ്രധാനലക്ഷ്യമായിരുന്നു. ഈ വര്‍ഗസങ്കലനംവഴി ബ്രൗണ്‍സ്വിസ്‌ ഇനത്തിന്റെ അത്യുത്‌പാദനശേഷിയും നമ്മുടെ നാടന്‍കന്നുകാലികളുടെ രോഗപ്രതിരോധശക്തിയും കാലാവസ്ഥയോട്‌ ഇണങ്ങിച്ചേരാനുള്ള കഴിവും സംയോജിപ്പിച്ച്‌ ഈ പുതിയ ഇനം കന്നുകാലിവര്‍ഗത്തിലേക്ക്‌ പകര്‍ത്താമെന്ന്‌ ഇതിനകം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്‌. കന്നുകാലികളില്‍ കൃത്രിമഗര്‍ഭാധാനം നടത്തുന്നതിനാവശ്യമായ ബീജം ഏറ്റവും ആധുനികമായ ശാസ്‌ത്രീയമാര്‍ഗങ്ങളെ ആധാരമാക്കി ഗാഢശീതീകരണം (deep freezing) വഴി കേടുകൂടാതെ വളരെക്കാലം സംഭരിച്ചുവയ്‌ക്കുന്ന സാങ്കേതികപ്രക്രിയ ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്‌ ഇന്തോ-സ്വിസ്‌ പ്രാജക്‌ടിലാണ്‌. ഇപ്പോള്‍ ഈ പ്രാജക്‌ടിന്റെ ചുമതല കേരള ലൈവ്‌ സ്റ്റോക്ക്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മില്‍ ക്ക്‌ മാര്‍ക്കറ്റിങ്‌ ബോര്‍ഡിനാണ്‌.

(കെ. എസ്‌. സര്‍ദാര്‍സാഹിബ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍