This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു ഖുർദാദ്‌ബെ (? - 912)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:44, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബ്‌നു ഖുർദാദ്‌ബെ (? - 912)

Ibn Khordadbeh

അറബിസഞ്ചാരിയും ചരിത്രകാരനും ഭൂമിശാസ്‌ത്രജ്ഞനും. അബുല്‍കാസിം ഉബൈദുല്ല ഇബ്‌നു ഖുർദാദ്‌ബെ എന്നാണ്‌ മുഴുവന്‍ പേർ. എ.ഡി. 9-ാം ശതകം മുതല്‍ 15-ാം ശതകം വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയെക്കുറിച്ച്‌ വിശദമായി എഴുതിയ അറബി സഞ്ചാരികളില്‍ പ്രഥമഗണനീയന്‍ ഇബ്‌നു ഖുർദാദ്‌ബെയാണ്‌. 844-48 കാലഘട്ടത്തില്‍ ഇദ്ദേഹം എഴുതിയ രാജ്യങ്ങളും മാർഗങ്ങളും എന്ന ഗ്രന്ഥം സാഹിത്യഭംഗി കുറവാണെങ്കിലും വളരെയേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അമൂല്യകൃതിയായി പരിഗണിക്കപ്പെടുന്നു. 885-ല്‍ ഇത്‌ നവീകരിക്കപ്പെട്ടു. പൗരസ്‌ത്യദേശങ്ങളെക്കുറിച്ച്‌ അറബികള്‍ക്കുണ്ടായിരുന്ന അറിവിനെയും ഏഷ്യയും യൂറോപ്പും തമ്മിലുണ്ടായിരുന്ന പരസ്‌പരബന്ധങ്ങളെയും തുറന്നുകാട്ടുന്ന ഈ ഗ്രന്ഥത്തില്‍ അക്കാലത്തെ സഞ്ചാരമാർഗങ്ങള്‍ വിശദമായി കൊടുത്തിട്ടുണ്ട്‌. ഈ ഗ്രന്ഥം പില്‌ക്കാലത്തെ സഞ്ചാരികള്‍ക്കും ഭൂമിശാസ്‌ത്രജ്ഞന്മാർക്കും മാർഗദർശകമായിത്തീർന്നിട്ടുണ്ട്‌.

ഖലീഫമാരുടെ കീഴില്‍ ഉയർന്ന ഔദ്യോഗികപദവി അലങ്കരിച്ചിരുന്നതുകൊണ്ട്‌ വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കളുമായി അടുത്ത ബന്ധം പുലർത്തുവാനും തന്റെ ഗ്രന്ഥരചനയ്‌ക്കാവശ്യമായ വിവരങ്ങള്‍ അവരില്‍നിന്നു ശേഖരിക്കുവാനും ഖുർദാദ്‌ബെക്കു കഴിഞ്ഞു. ഇന്ത്യ, ചൈന, സിലോണ്‍ (ശ്രീലങ്ക) തുടങ്ങി പലരാജ്യങ്ങളില്‍ വ്യാപകമായ പര്യടനങ്ങള്‍ നടത്തിയശേഷമാണ്‌ ഇദ്ദേഹം വസ്‌തുതകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌.

അക്കാലത്ത്‌, ഇന്ത്യയിലെ പ്രമുഖരായ ഭരണാധിപന്മാർ രാഷ്‌ട്രകൂടന്മാരും ഗൂർജര പ്രതീഹാരന്മാരും ബംഗാളിലെ പാലരാജാക്കന്മാരും അസമിലെ കാമരൂപരാജാക്കന്മാരും ആയിരുന്നുവെന്ന്‌ ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ രാജാക്കന്മാർ ആനകളെ പോറ്റിവളർത്തുവാന്‍ വളരെയേറെ താത്‌പര്യം പ്രദർശിപ്പിക്കുകയും അതിനായി ധാരാളം പണം ചെലവുചെയ്യുകയും ചെയ്‌തിരുന്നു. ഇന്ത്യാക്കാർ പ്രധാനമായും ഏഴുജാതിക്കാരാണെന്നും ഇവരില്‍ ഒന്നാമത്തേത്‌ സാഖരിയർ (രാജവംശം) ആണെന്നും അവർക്കു താഴെയായി പുരോഹിതന്മാരായ ബറാഹിമർ (ബ്രാഹ്മണർ), കിസ്‌ത്തരിയർ (ക്ഷത്രിയ), കർഷകരായ സൂദിയർ (ശൂദ്രർ), കമ്മാളന്മാരായ ഫസിയർ (വൈശ്യർ) എന്നിവരും ഇവർക്കു താഴെ സന്താലിയരും രഗ്‌സവർഗക്കാരും ഉണ്ടെന്നും ഇവരെയെല്ലാം പ്രധാനമായി 42 ഇനങ്ങളായി തിരിക്കാവുന്നതാണെന്നും ദൈവത്തെയും ദൈവദൂതന്മാരെയും വിശ്വസിക്കുന്നവരും ദൈവത്തെമാത്രം വിശ്വസിക്കുന്നവരും എല്ലാറ്റിനെയും നിഷേധിക്കുന്നവരും ഇവരിലുണ്ടെന്നും ഇദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ സ്‌പഷ്‌ടമാക്കിയിട്ടുണ്ട്‌.

സിന്ദാനില്‍ (താനയ്‌ക്ക്‌ 80 കി.മീ. വടക്കു സ്ഥിതിചെയ്യുന്ന സന്‍ജാന്‍) നിന്ന്‌ 5 ദിവസത്തെ യാത്രകൊണ്ട്‌ കുരുമുളകും മുളയും സമൃദ്ധമായി വളരുന്ന മെലി(മലബാർ)യില്‍ എത്താമെന്നു ഇബ്‌നു ഖുർദാദ്‌ബെ രേഖപ്പെടുത്തിയിരിക്കുന്നു.

കുരുമുളകിനെക്കുറിച്ച്‌ ഇദ്ദേഹം വിവരിച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌. "കുരുമുളക്‌ മരത്തില്‍ പടർന്നുകയറുന്ന ഒരു സസ്യമാണ്‌. ഇല, വട്ടത്തില്‍ അറ്റം അല്‌പം നീണ്ടിരിക്കുന്നു. ഇതിനു കുലകളുണ്ട്‌. അത്‌ ഏതാണ്ട്‌ ഓക്കുമരത്തിന്റെ കുലകള്‍പോലെ ഇരിക്കും. മഴയുണ്ടാകുന്ന അവസരത്തില്‍ ഇലകള്‍ കുരുമുളക്‌ കുലകളുടെ മേല്‍ ചാഞ്ഞിട്ട്‌ അതിനെ മറച്ചുപിടിച്ചു മഴനനയാതെ നോക്കും. മഴ മാറിയാല്‍ ഇല വീണ്ടും പൂർവസ്ഥാനത്തു വന്നു നില്‍ക്കും. മഴ വരുന്ന അവസരങ്ങളിലെല്ലാം കുലകളെ കാത്തുരക്ഷിക്കും. ഈ കുലകള്‍ പൂർണമായി മൂപ്പെത്തിയാല്‍ പറിച്ചെടുത്ത്‌ ഉണക്കുന്നതാണ്‌ കുരുമുളക്‌'. സമ്പത്സമൃദ്ധമായ കേരളം അന്നു ഭക്ഷ്യസ്വയംപര്യാപ്‌തത നേടിയിരുന്നുവെന്നുമാത്രമല്ല വിദേശരാജ്യങ്ങളിലേക്ക്‌ ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയയ്‌ക്കുകപോലും ചെയ്‌തിരുന്നു എന്നും വളപട്ടണത്തുനിന്ന്‌ സിലോണിലേക്ക്‌ അരി കയറ്റിയയച്ചിരുന്നു എന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിന്റെ ഉന്നതമായ സംസ്‌കാരവും സാന്മാർഗികനിലവാരവും ഇദ്ദേഹത്തിന്റെ പ്രശംസയ്‌ക്കു പാത്രീഭവിച്ചിട്ടുണ്ട്‌. ഇബ്‌നു ഖുർദാദ്‌ബെ 912-ല്‍ അന്തരിച്ചു.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍