This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർട്ടിക് മേഖല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആർട്ടിക് മേഖല
ഉത്തരധ്രുവത്തെ വലയംചെയ്തു കിടക്കുന്ന അതിശൈത്യമേഖല. കാലാവസ്ഥയിലും സസ്യവിതരണത്തിലും സവിശേഷതകളുള്ള ഈ പ്രദേശത്തിന്റെ തെക്കെ അതിര് വ. അക്ഷാ. 66º30' (ആർട്ടിക് വൃത്തം) ആയി ഗണിക്കാറുണ്ട്. സൂര്യന് അസ്തമിക്കാത്ത ഒരു കാലവും സൂര്യപ്രകാശം തീരെ ലഭിക്കാത്ത മറ്റൊരുകാലവും വർഷത്തിലൊരിക്കല്‍ ഉള്ള പ്രദേശമാണ് ആർട്ടിക്മേഖല എന്ന വിവക്ഷയിലാണ് ആർട്ടിക്വൃത്തം അതിരായി സ്വീകരിച്ചിട്ടുള്ളതെങ്കിലും ഭൂമിശാസ്ത്രപരമായി ഇതിന് വലിയ സാംഗത്യമില്ല. ചിലയിടങ്ങളില്‍ ഈ പ്രകൃതി ആർട്ടിക് വൃത്തത്തിന് ഏറെ വടക്കുതന്നെ അവസാനിക്കുകയും മറ്റു ചിലയിടങ്ങളില്‍ ഈ അക്ഷാംശത്തെ അതിക്രമിച്ച് തെക്കോട്ടു വ്യാപിക്കുകയും ചെയ്തുകാണുന്നു. ഗ്രീഷ്മകാലത്തെ മാധ്യതാപനില 10º ഇ-ല്‍ കുറവായ അവസ്ഥയില്‍ വൃക്ഷങ്ങള്‍ക്ക് വളരാനാവില്ല. ഈ വസ്തുതയെ അടിസ്ഥാനമാക്കി വൃക്ഷങ്ങള്‍ കാണപ്പെടുന്ന മേഖലയുടെ വടക്കരിക് ആർട്ടിക് മേഖലയുടെ തെക്കെ അതിരായി ഗണിക്കാവുന്നതാണ്. ഈ അതിര് ഏതെങ്കിലും പ്രത്യേക അക്ഷാംശവുമായി യോജിപ്പിലല്ല. വൃക്ഷരേഖ (Tree line) അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ആർട്ടിക് മേഖലയില്‍ ഉള്‍പ്പെടുന്ന കരപ്രദേശങ്ങള്‍ ഗ്രീന്‍ലന്‍ഡ്, സ്പിറ്റ്സ്ബർഗന്‍, കാനഡ, അലാസ്ക, സൈബീരിയ എന്നിവയുടെ വടക്കരികുകളും സമീപസ്ഥ ദ്വീപുകളും, ഐസ്ലന്ഡിന്റെ ഉത്തരഭാഗം, ലാബ്രഡോർ തീരം, ആർട്ടിക് ദ്വീപുകള്‍ തുടങ്ങിയവയുമാണ്. യൂറോപ്പ് വന്‍കരയിലെ ആർട്ടിക് തീരം ഭൂമിശാസ്ത്രപരമായ വ്യതിരേകങ്ങളെ അടിസ്ഥാനമാക്കി ഉപ-ആർട്ടിക് മേഖലയെന്നു വിളിക്കപ്പെടുന്നു.
ആർട്ടിക് മേഖലയിലേക്ക് ആധുനിക ലോകത്തിന്റെ കാര്യമായ ശ്രദ്ധ പതിഞ്ഞത് 20-ാം ശ.- മുതല്ക്കാണ്. അന്താരാഷ്ട്രഭൂഭൗതിക വർഷത്തെ (1957-58) തുടർന്ന് ആർട്ടിക് പര്യടനങ്ങളിലും ഗവേഷണങ്ങളിലും അഭൂതപൂർവമായ വികാസമുണ്ടായിക്കൊണ്ടിരിക്കുന്നു.
കാനഡ, റഷ്യ, യു.എസ്. എന്നീ രാജ്യങ്ങളുടെ അതിർത്തികള്‍ സംരക്ഷിക്കുന്നതിനും വ്യാപാരറൂട്ടുകള്‍ ബലപ്പെടുത്തുന്നതിനും ആർട്ടിക് മേഖലയില്‍ പല സൈനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മഞ്ഞുറഞ്ഞുകിടക്കുന്ന ഭൂമിയില്‍ ഭവനങ്ങള്‍ നിർമിക്കാനും ആർട്ടിക്കില്‍ മനുഷ്യരാശിയുടെ നിവാസത്തിനു സഹായിക്കുന്ന ജന്തുസസ്യ ജാലങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്താനും എന്‍ജിനീയർമാരും ഗവേഷകരും ഒരുമ്പെട്ടത്. കാലാവസ്ഥയെ സംബന്ധിച്ച പഠനങ്ങള്‍ക്കായി ആർട്ടിക്കില്‍ അനേകം വാനനിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് യൂറോപ്പില്‍നിന്ന് ലോസ് ഏന്‍ജലസിലേക്ക് ദിവസേന വ്യോമസഞ്ചാരം നടക്കുന്നത് ആർട്ടിക് മേഖലയ്ക്കു മുകളിലൂടെയാണ്.
പര്യവേക്ഷണം. ആർട്ടിക് മേഖലയില്‍ ആദ്യമായി(ബി.സി. നാലാം ശ.) പര്യവേക്ഷണ സംരംഭത്തില്‍ ഏർപ്പെട്ടത് ഗ്രീക്കുകാരനായ പിതിയസ് ആയിരുന്നെന്ന് അനുമാനിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ യാത്രാവിവരണം പിന്നീടുള്ള അന്വേഷണ സഞ്ചാരങ്ങള്‍ക്ക് പ്രരകമായി. എ.ഡി. ഒന്‍പതാം ശതകത്തില്‍ ഐസ്ലന്ഡില് എത്തിയ വൈക്കിംഗുകള്‍ ഗ്രീന്‍ലന്‍ഡ്, സ്പിറ്റ്സ് ബർഗന്‍, നൊവായ സെമ്ല്യ എന്നിവിടങ്ങളും വടക്കേ അമേരിക്കയുടെ വടക്കുകിഴക്കു തീരങ്ങളും കണ്ടെത്തിയെങ്കിലും ഇവരുടെ യാത്രാവിവരണങ്ങള്‍ പിന്നീട് ലഭ്യമല്ലാതായി. 16-ാം ശ.-ത്തിലാണ് ബ്രിട്ടിഷ്-ഡച്ച് നാവികർ ആർട്ടിക് പ്രദേശം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 1553-ല്‍ ഹ്യൂ വില്ലബിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട നാവികസംഘത്തില്‍നിന്നും കൊടുങ്കാറ്റില്‍പ്പെട്ട് വേർപെട്ട ചാന്‍സലർ എന്ന നാവികന് ആർച്ച് ആന്‍ജല്‍ തീരത്തെത്തി, കരമാർഗം മോസ്കോയിലേക്കു പോയശേഷം ഇംഗ്ലണ്ടിലേക്കു മടങ്ങി. വളരെ മുമ്പുതന്നെ (1496 മുതല്‍) റഷ്യാക്കാർ പ. യൂറോപ്പുമായുള്ള വ്യാപാരബന്ധങ്ങള്‍ക്ക് ഈ മാർഗം പ്രയോജനപ്പെടുത്തിയിരുന്നതായി തെളിവുണ്ട്.
ഇതിനിടയില്‍ ഡച്ചുകാരനായ ഒലിവർ ബ്രൂണല്‍ ആർച്ച് ആന്‍ജലുമായി വ്യാപാരബന്ധം ഉറപ്പിച്ചുകഴിഞ്ഞിരുന്നു (1565). 1594-ല്‍ വില്യം ബാരെന്റ്സ് നൊവായ സെമ്ല്യയും വടക്കുള്ള ബെയർ ദ്വീപ്, സ്പിറ്റ്സ്ബർഗന്‍ എന്നിവിടങ്ങളും സന്ദർശിച്ചു. 1609-ല്‍ ഹെന്റി ഹഡ്സണ്‍ ഇപ്പോഴത്തെ ബാരെന്റ്സ് കടലിലൂടെ വടക്കോട്ട് യാത്രതിരിച്ചു. അനുയായികളുടെ നിർബന്ധംമൂലം പടിഞ്ഞാറോട്ട് തിരിഞ്ഞ ഹഡ്സണ്‍ വ. അമേരിക്കയുടെ തീരത്ത് ഇപ്പോഴത്തെ ഹഡ്സണ്‍ ഉള്‍ക്കടലിലും ഹഡ്സണ്‍ നദിയിലും പര്യടനം നടത്തി.
ഈ കാലഘട്ടത്തില്‍തന്നെ യൂറാള്‍പ്രദേശത്തെ അധിവസിച്ചിരുന്ന കൊസാക്കുകള്‍ കിഴക്കോട്ടു വ്യാപിക്കുകയും സൈബീരിയയുടെ വടക്കരികിലൂടെ പര്യടനം നടത്തി പസഫിക് തീരത്തെത്തുകയും ചെയ്തു. റഷ്യയിലെ പീറ്റർ ചക്രവർത്തിയുടെ നിർദേശാനുസരണം സൈബീരിയയുടെ ആർട്ടിക്ക് തീരത്തിന്റെ മാപനം നിർവഹിക്കാനുള്ള സംരംഭമുണ്ടായി (1733-42). ഈ യത്നത്തിനു നേതൃത്വം നല്‍കിയത് ഡന്മാർക്കുകാരനായ വൈറ്റസ് ബെറിങ് ആയിരുന്നു. 1728-ല്‍ ബെറിങ് കടലിടുക്കു കണ്ടെത്തി; 1741-ല്‍ റഷ്യന്‍സംഘം അലാസ്കയിലെത്തി. ഈ യാത്രാസംഘത്തിലെ മറ്റു പ്രഗല്ഭരാണ് ചെല്യൂസ്കിന്‍, ലാപ്തേവ് സഹോദരന്മാർ എന്നിവർ. സൈബീരിയന്‍ തീരത്തെ ഏറ്റവും വടക്കുള്ള മുനമ്പ് ചെല്യൂസ്കിന്‍ മുനമ്പ് എന്നറിയപ്പെടുന്നു. 1770-ല്‍ ലാപ്തേവ് ന്യൂ സൈബീരിയന്‍ ദ്വീപുകള്‍ കണ്ടെത്തി. ആർട്ടിക് തീരത്തിന്റെ സർവേ പൂർത്തിയാക്കിയത് (1820-24) ബാരണ്‍ ഫെർഡിനന്‍ഡ് ഫൊണ്‍ റാങ്ഗെന്‍ ആയിരുന്നു. 1576-ല്‍ മാർട്ടിന് ഫ്രാബിഷർ ആർട്ടിക്കിലൂടെ സഞ്ചരിച്ച് ബാഫിന് ദ്വീപിന്റെ തെക്കുകിഴക്ക് തീരത്തെത്തി. 1585-87-ല്‍ പര്യടനം നിർവഹിച്ച ജോണ്‍ ഡേവിഡ് ആണ് ഗ്രീന്‍ലന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആധുനികലോകത്തിന് നല്‍കിയത്. 19-ാം ശ.-ത്തില്‍ ബ്രിട്ടിഷ് ഗവണ്മെന്റ് ആർട്ടിക്കില്‍ ശ്രദ്ധപതിപ്പിച്ചതോടെ കാനഡയുടെ വടക്കുള്ള ആർട്ടിക് ദ്വീപസമൂഹങ്ങള്‍ മിക്കവയും കണ്ടെത്തപ്പെട്ടു. വടക്കുപടിഞ്ഞാറു ദിശയിലൂടെ പൗരസ്ത്യദേശങ്ങളിലേക്ക് ഒരു മാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 1845-ല്‍ ജോണ്‍ ഫ്രാങ്ക്ളിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യത്നം പരാജയപ്പെട്ടു. ഈ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിയവർക്ക് പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. 1850-54 കാലഘട്ടത്തില്‍ പര്യടനം നടത്തിയ മക്ക്ലൂർ ആണ് ആർട്ടിക് സമുദ്രം ആദ്യമായി ചുറ്റിസഞ്ചരിച്ചത്. ബെറിങ് കടലിടുക്കിലൂടെ പസഫിക്കിലെത്തിയ ആദ്യത്തെ സഞ്ചാരി നോർവേക്കാരനായ അമുണ്‍സണ്‍ റോള്‍ഡ് ആയിരുന്നു (1903).
തിമിംഗലവേട്ടക്കാരായ സാഹസികർ മിക്കപ്പോഴും ഭൂമിശാസ്ത്രപരമായ കണ്ടുപിടത്തുങ്ങള്‍ക്ക് കാരണക്കാരായിട്ടുണ്ട്. ഹഡ്സണ്‍ മടക്കയാത്രയില്‍ കണ്ടുപിടിച്ച ജാന്‍മേയന്‍ ദ്വീപിനെ കേന്ദ്രീകരിച്ചാണ് തിമിംഗലവേട്ട അഭിവൃദ്ധിപ്പെട്ടത്. തിമിംഗലവേട്ടക്കാരില്‍ ശ്രദ്ധേയരായ രണ്ടുപേരാണ് വില്യം സ്കോർസ്ബിയും അദ്ദേഹത്തിന്റെ പുത്രനും. ഗ്രീന്‍ലന്‍ഡിന്റെ കിഴക്കെതീരം മുഴുവന്‍ ഭൂപടത്തിലാക്കിയ ഇവർ വ. അക്ഷാ. 81° 30' വരെ പര്യടനം നടത്തുകയുണ്ടായി.
19-ാം ശ.-ത്തിന്റെ ഉത്തരാർധത്തില്‍ ഉത്തരധ്രുവം കണ്ടെത്താനുള്ള കാര്യമായ ശ്രമങ്ങളാരംഭിച്ചു. 1860-ല്‍ യു.എസ് കാരനായ ഐ.ഐ. ഹേയ്സ് ഉത്തരധ്രുവത്തിലേക്ക് പുറപ്പെട്ടുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. പിന്നീടും പല ശ്രമങ്ങള്‍ നടന്നു. ആദ്യമായി ഉത്തരധ്രുവത്തില്‍ ചെന്നെത്തിയത് റോബർട്ട് ഇ.പിയറി ആണ്. 1891-ല്‍ ആരംഭിച്ച യാത്ര 1909-ലാണ് വിജയിച്ചത്. പിയറിയുടെ സഹയാത്രികനായ ഫ്രഡറിക് കുക്ക് 1908-ല്‍ ഉത്തര ധ്രുവത്തിലെത്തിച്ചേർന്നതായി അവകാശപ്പെട്ടുവെങ്കിലും ആ വാദത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. 1897- മുതല്‍ ഉത്തരധ്രുവത്തിനു മുകളില്‍കൂടി വിമാനം പറപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 1926 മേയ് 9-ന് റിച്ചാർഡ് ഇ. ബേർഡ്, ഫ്ളോയിഡ് ബെന്നറ്റ് എന്നിവർ ഉത്തരധ്രുവത്തില്‍ വിമാനം ഇറക്കുകയുണ്ടായി. അന്താരാഷ്ട്ര സഹകരണത്തോടെ ആർട്ടിക് മേഖലയില്‍ ഇപ്പോഴും പര്യവേക്ഷണങ്ങള്‍ തുടർന്നുവരുന്നു.