This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇതുർബിദെ, അഗസ്റ്റിന് ദെ (1783 - 1824)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇതുര്‍ബിദെ, അഗസ്റ്റിന് ദെ (1783 - 1824)
മെക്സിക്കോയിലെ ചക്രവര്‍ത്തി. 1783 സെപ്. 27-ന് ബാല്യാദോലിധിലെ (ഇപ്പോള്‍ മെറേലിയ) ഒരു അഭിജാത കുടുംബത്തില്‍ ജനിച്ചു. സ്പാനിഷ് അമേരിക്കയിലെ ഉന്നതകുലജാതരുടെ സൈന്യസേവനപാരമ്പര്യമനുസരിച്ച് ഇതുര്‍ബിദെ 1797-ല്‍ സ്വന്തം നഗരത്തിലുള്ള ഒരു സൈന്യത്തില്‍ ചേരുകയും ക്രമേണ അതിന്റെ തലവനായിത്തീരുകയും ചെയ്തു. മെക്സിക്കോയിലെ മിഗല്‍ ഈഥാല്‍ഗൊ ഈ കോസ്റ്റിയ (1753-1811) എന്ന ദേശീയവാദി 1810-ല്‍ തന്റെ വിപ്ലവ സൈന്യത്തില്‍ ഒരു ജോലി ഇദ്ദേഹത്തിനു വാഗ്ദാനം ചെയ്തു. എന്നാല്‍ ഇദ്ദേഹം രാജകീയപക്ഷത്തിലാണ് നിലയുറപ്പിച്ചത്. ഈഥാല്‍ ഗൊവിനുശേഷം വിപ്ലവസൈന്യനേതാവായിത്തീര്‍ന്ന മോറിലോസിനെ ഇതുര്‍ബിദെ മറ്റൊരു ജനറലിന്റെ സഹായത്തോടെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയതോടെ അവിടത്തെ വിപ്ലവപ്രസ്ഥാനം നശിച്ചു. യുദ്ധസേവനങ്ങളെ പുരസ്കരിച്ച് സ്പാനിഷ് രാജാവ് ഗ്വാനാഹ്വട്ടൊ, മീച്ചോവാക്കന്‍ എന്നീ സ്റ്റേറ്റുകളുടെ സൈനിക ഭരണച്ചുമതല ഇതുര്‍ബിദെയ്ക്ക് ഏല്പിച്ചുകൊടുത്തു. പക്ഷേ, ഗുരുതരമായ ക്രമക്കേടുകള്‍മൂലം ആ ഉദ്യോഗത്തില്‍നിന്ന് 1816-ല്‍ അദ്ദേഹം നിഷ്കാസിതനായി.
1820-ല്‍ സ്പെയിന്‍രാജാവ് ഫെര്‍ഡിനന്റ് ഢകക, 1812-ലെ മെക്സിക്കന്‍ ഭരണഘടനയെ അംഗീകരിച്ചുകൊടുക്കാന്‍ ഒരിക്കല്‍കൂടി നിര്‍ബന്ധിതനായി. ആ അവസരത്തില്‍ മെക്സിക്കോയില്‍ വിപ്ലവപ്രസ്ഥാനം സംഘടിപ്പിച്ച യാഥാസ്ഥിതികരുടെ കൂടെയാണ് ഇതുര്‍ബിദെ ബന്ധപ്പെട്ടിരുന്നത്. ഒരു മെക്സിക്കന്‍ സാമ്രാജ്യത്തിനുവേണ്ട പദ്ധതി അദ്ദേഹം 1821 ഫെ. 24-ന് പ്രഖ്യാപനം ചെയ്തു. സാന്റാ അന്ന, നിക്കോളാസ് ബ്രാവൊ, വിസെന്റെ ഫിലിസോള തുടങ്ങിയ സൈന്യനേതാക്കന്മാര്‍ ഇദ്ദേഹത്തിനു പിന്തുണ നല്കി. തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാല്‍ മെക്സിക്കോവിനു സ്വാതന്ത്യ്രം ലഭിക്കുകയും (1821 ആഗ. 24) ഇതുര്‍ബിദെ ചക്രവര്‍ത്തിയാവുകയും ചെയ്തു. പക്ഷേ, തന്റെ ഏകാധിപത്യപ്രവണതകള്‍മൂലം 1823 മാ. 19-ന് സ്ഥാനമൊഴിയേണ്ടതായും യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടതായും വന്നു. മെക്സിക്കന്‍ കോണ്‍ഗ്രസിനു തന്റെ സേവനം നല്കുവാന് തയ്യാറായി, ഇദ്ദേഹം തിരിച്ച് നാട്ടില്‍ എത്തി (1824 ജൂല. 15) എങ്കിലും കോണ്‍ഗ്രസ് അദ്ദേഹത്തിന് നേരത്തെ മരണശിക്ഷ വിധിച്ചിരുന്നു. ആകയാല്‍ നാട്ടിലെത്തിയ ഉടനെ ഇദ്ദേഹം പിടിക്കപ്പെടുകയും വെടിവച്ചുകൊല്ലപ്പെടുകയും ചെയ്തു (1824 ജൂല. 19). മെക്സിക്കന്‍ ചരിത്രത്തില്‍ ഇദ്ദേഹം ഏറ്റവും വലിയ വിവാദപുരുഷനാണ്. ഒരു വിഭാഗക്കാര്‍ ഇദ്ദേഹത്തെ മഹാനായ വീരപുരുഷനായും മറ്റൊരു വിഭാഗക്കാര്‍ വലിയ വഞ്ചകനായിട്ടുമാണ് കരുതുന്നത്.