This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടയ്‌ക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:29, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇടയ്‌ക്ക

ഇടയ്‌ക്ക

തികച്ചും കേരളീയമെന്നു പറയാവുന്ന ഒരു ചര്‍മവാദ്യം. ഹൈന്ദവക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളില്‍ ഇടയ്‌ക്കയ്‌ക്ക്‌ വളരെ പ്രധാന്യമുണ്ട്‌. രാവിലെയും വൈകുന്നേരവും ദീപാരാധനയ്‌ക്കുശേഷം അഷ്‌ടപദി പാടുന്നത്‌ ഇടയ്‌ക്ക കൊട്ടിക്കൊണ്ടാണ്‌. അതുകൊണ്ട്‌ ഈ ചടങ്ങിന്‌ "കൊട്ടിപ്പാടിസേവ' എന്നു പറയുന്നു. പഞ്ചവാദ്യത്തിലും ഇടയ്‌ക്ക ഒരംഗമാണ്‌. കൂടിയാട്ടത്തില്‍ നടനത്തിനുള്ള പശ്ചാത്തലസംഗീതോപകരണങ്ങളുടെ കൂട്ടത്തില്‍ ഇത്‌ ഉപയോഗിച്ചുവരുന്നു. ആധുനിക നൃത്തവേദിയിലും കഥകളിയിലും ഇന്ന്‌ ഈ വാദ്യോപകരണം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്‌.

തടികൊണ്ടു നിര്‍മിതമായ ഇടയ്‌ക്കക്കുറ്റിയുടെ മധ്യം ഒതുങ്ങിയതും അഗ്രഭാഗങ്ങള്‍ കപ്പുപോലെ വികസിച്ചതുമാണ്‌. കുറ്റിയുടെ അഗ്രഭാഗത്തുനിന്നും നാല്‌ സെ.മീ. ഉയര്‍ന്നുനില്‌ക്കുന്ന വായ്‌വട്ടം കാളയുടെ അകത്തോലുകൊണ്ട്‌ പൊതിഞ്ഞിരിക്കും. ഈ ആവരണത്തിനുമീതെ വായ്‌വട്ടത്തോടുചേര്‍ന്ന്‌ വൃത്താകൃതിയില്‍ ഒരു ചട്ടം ഘടിപ്പിച്ചിരിക്കും. ഈ ചട്ടവും തോലും ചേര്‍ന്നിരിക്കുന്ന സ്ഥാനത്ത്‌ ദ്വാരങ്ങളുണ്ടാക്കി അതിലൂടെ ചരടുകള്‍ കടത്തി രണ്ടുഭാഗത്ത്‌ അയച്ച്‌ ബന്ധിക്കുന്നു. തുകലിന്റെ അടിയില്‍ വായ്‌വട്ടത്തോടുചേര്‍ന്ന്‌ കുറ്റിയില്‍ വിലങ്ങനെ കമ്പിപോലുള്ള രണ്ടിഴ ഈറപ്പനനാര്‌ ബന്ധിച്ചിട്ടുണ്ട്‌. വാദകന്റെ അരയ്‌ക്കുതാഴെ സ്‌പര്‍ശിക്കത്തക്കവിധത്തില്‍ നീളമുള്ള നൂല്‍ചരടുകൊണ്ട്‌ ബന്ധിച്ച്‌ ഇടയ്‌ക്ക അയാളുടെ ഇടതുതോളില്‍ തൂക്കിയിട്ടിരിക്കും. ഈ നൂല്‍ച്ചരട്‌ വര്‍ണനൂലുകൊണ്ട്‌ നിര്‍മിച്ച പൊടിപ്പും തൊങ്ങലും വച്ച്‌ അലങ്കരിക്കാറുണ്ട്‌. നൂല്‍ച്ചരടുകള്‍ക്കിടയിലൂടെ കൈകടത്തി ഇടയ്‌ക്കയുടെ മധ്യഭാഗത്തുപിടിച്ച്‌ വായ്‌വട്ടത്തില്‍ വരിഞ്ഞുമുറിക്കിയിട്ടുള്ള തോലില്‍ വലതുകരംകൊണ്ട്‌ ഒരുതരം കോലുപയോഗിച്ചു കൊട്ടിയാണ്‌ ശബ്‌ദം പുറപ്പെടുവിക്കുന്നത്‌. വിരല്‍വച്ചത്തില്‍ ക്രമേണ അഗ്രത്തേക്കുമെലിഞ്ഞു വളഞ്ഞ ഒരു കോലാണ്‌ കൊട്ടാനുപയോഗിക്കുന്നത്‌. ഇതിന്‌ ഏകദേശം 30 സെ.മീ. നീളംവരും. കൊട്ടുന്നതോടൊപ്പം കുറ്റിയില്‍ അയച്ചുബന്ധിച്ചിട്ടുള്ള ചരട്‌ ഇടതുകൈകൊണ്ട്‌ അകത്തുകയും അടുപ്പിക്കുകയും ചെയ്യുന്നതോടെ സംഗീതാത്മകമായ സ്വരവിശേഷങ്ങള്‍ ഉതിരുന്നു. ഋഷഭസ്വനം പുറപ്പെടുവിക്കുന്നതിനാണ്‌ ഈറപ്പനനാര്‌ ഘടിപ്പിച്ചിട്ടുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍